ഇടറുന്ന കാലുകള്‍ ഉറയ്ക്കുന്നു

February 7, 2011 ജീവചരിത്രം,രസകരങ്ങളായ സംഭവങ്ങള്‍

ഒരിക്കല്‍ ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍ തൃപ്പൂണിത്തുറയില്‍ നിന്നും യാത്ര തിരിച്ചു – ഇടപ്പള്ളിയിലേക്ക്. പാലാരിവട്ടത്തിലൂടെയാണ് ഗമനം. വാരുണീസേവയാല്‍ വാസരേശന്‍ പതിച്ചപ്പോള്‍ നേരം ഇരുട്ടി.

സമസ്ത ലൗകിക ഭാവങ്ങളും ഇറക്കിവച്ചിട്ടുള്ള സ്വാമികളുടെ കൈയ്യില്‍ ഒരു നല്ല ചകലാസ്സുണ്ടായിരുന്നു. അപ്രകാശിതങ്ങളായ കുറെ അപൂര്‍വ്വഗ്രന്ഥങ്ങളുമുണ്ടായിരുന്നു. അവിചാരിതമായി കുറച്ചു പണവും.

പാലാരിവട്ടത്തെത്തിയപ്പോള്‍ ഇരുളിന്‍റെ മറവില്‍ ചില സാമൂഹികദ്രോഹികള്‍ അടുത്തെത്തി. സ്വാമികളെ വളഞ്ഞു. പൂന്താനത്തെ ചില കള്ളന്മാര്‍ വളഞ്ഞില്ലേ? അതുപോലെ.

വന്നവരുടെ ഉന്നം നല്ല പന്തിയല്ല എന്ന് സ്വാമികള്‍ക്ക് ആദ്യമേ തന്നെ തോന്നി. “ചങ്കുഅണ്ണന്‍” (കള്ള്) അവരെ നല്ലപോലെ അനുഗ്രഹിച്ചിട്ടുണ്ടായിരുന്നു. അവര്‍ സ്വാമികളെ പിടികൂടി. ചിലര്‍ ഭേദ്യം ചെയ്യാന്‍ തുടങ്ങി. മറ്റു ചിലര്‍ കയ്യിലുള്ള വകകള്‍ തട്ടിയെടുക്കാന്‍ വട്ടംകൂട്ടി.

അവരുടെ പിടിയില്‍ നിന്ന് വിട്ട് സ്വാമികള്‍ റോഡിന്‍റെ നടുവില്‍ ഇരുപ്പുറപ്പിച്ചു. സ്വാമികളോട് ഒരുകൈ നോക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ചിലര്‍ അടിക്കാന്‍ കൈയ്യോങ്ങി. ചിലര്‍ ഇടിക്കാനും. അങ്ങനെ മദ്യലഹരിയില്‍ ഇടറുന്ന കാലുകളോടെ ഒരു ആക്രമ രംഗം അവര്‍ ഒരുക്കി.

സ്വാമി തിരുവടികള്‍ ഉടനെ ഒരു ‘നോക്കുമര്‍മം’ പ്രയോഗിച്ചു. അക്രമികള്‍ സ്തംഭിച്ചുനിന്നു! ‘ചിത്രാര്‍പ്പിതാരംഭ ഇവാവതവസ്ഥേ’ എന്ന് കാളിദാസന്‍ പറഞ്ഞപോലെ. അടിക്കാന്‍ ഓങ്ങിയവര്‍ കൈകളുയര്‍ത്തിയ മട്ടില്‍ അതേപോലെ നില്പായി. ഇടിക്കാന്‍ പുറപ്പെട്ടവന്‍ കൈകള്‍ ചുരുട്ടിയ നിലയിലും.

ചിത്രകലാചതുരനായ സ്വാമിതിരുവടികള്‍ ജീവനുള്ള മനുഷ്യരെക്കൊണ്ട് പാലാരിവട്ടത്തുള്ള ഒരുറോഡിന്‍റെ മദ്ധ്യത്തില്‍ അന്നുരാത്രി അങ്ങനെയൊരു നിശ്ചലദൃശ്യം സംവിധാനം ചെയ്തു. “നാളെ പത്തുമണിക്കു കാണാം” എന്നും പറഞ്ഞ് സ്വാമികള്‍ സ്ഥലംവിട്ടു. കുറച്ചുദൂരം ചെന്നപ്പോള്‍ ഒരു പരിചയക്കാരനെ കണ്ടുമുട്ടി. അയാളുടെ ഗൃഹത്തില്‍ അന്നുരാത്രി കഴിച്ചു കൂട്ടുകയും ചെയ്തു.

നേരം പുലര്‍ന്നു. അക്രമികളോടുള്ള രോഷംകൊണ്ടോ എന്നു തോന്നുമാറ് രക്തമുഖനായി സൂര്യന്‍ കിഴക്കു പ്രത്യക്ഷപ്പെട്ടു. സംഗതികളുടെ പരിണാമം കണ്ടറിഞ്ഞപ്പോള്‍ മുഖം തെളിഞ്ഞു. ഇളം വെയിലിന്‍റെ രൂപത്തില്‍ ദേവന്‍റെ ചിരിയുടെ പ്രകാശം ഭൂമിയിലെങ്ങും പരന്നു. ക്രമേണ നേരം പത്തുമണിയായി.

വഴിപോക്കര്‍ പലരും സംഭവസ്ഥലത്തുകൂടി. രംഗം കണ്ടു. കണ്ടവര്‍ പറഞ്ഞ് മറ്റുപലരും അറിഞ്ഞു. “ഏതു ദുഷ്കര്‍മ്മത്തിന്‍റെ ഫലമോ?” ചിലര്‍ പുലമ്പി. റോഡിന്‍റെ നടുവില്‍ തൂണുപോലെ നിന്നിരുന്ന കഥാപാത്രങ്ങളെ ചിലര്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു. കാലുകള്‍ മണ്ണില്‍ നട്ടതുപോയെ ഇരിക്കുന്നു. ഇടറിയ കാലുകള്‍ അങ്ങനെ ഉറച്ചിരിക്കുകയാണ്. ഇനി എന്തുചെയ്യാം?

പത്തുമണി വെയിലത്ത് അവരുടെ മണ്ടവിയര്‍ത്തൊലിച്ചു തുടങ്ങി. തന്‍റെ തൂവെള്ള താടി തടവിക്കൊണ്ട് ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ പറഞ്ഞതുപോലെ അവിടെ എത്തി. തന്‍റെ സിദ്ധി പാശക്കെട്ടഴിച്ച് സ്വാമികള്‍ അവരെയെല്ലാം സങ്കല്പപാത്രത്താല്‍ മോചിപ്പിച്ചു പറഞ്ഞയച്ചു.

മേലാലും ആളുകള്‍ക്ക് ആ വഴി നിര്‍ബാധം നടക്കേണ്ടയോ? അങ്ങനെ ലോകരക്ഷയ്ക്കും സ്വദേഹരക്ഷക്കുംവേണ്ടി സ്വാമി തിരുവടികള്‍ ഒരു പൊടിക്കൈ കാണിച്ചു! മര്‍മ്മശാസ്ത്രത്തില്‍ തനിക്കുണ്ടായിരുന്ന അനല്പമായ പാണ്ഡ്യത്യം സ്വാമിതിരുവടികള്‍ പരസ്യമായി അന്നു പ്രയോഗിച്ചു- ആര്‍ക്കും ഒരപകടവും സംഭവിക്കാതെ.

Leave a Reply

Your email address will not be published. Required fields are marked *

3 × one =