ആ കൂടിക്കാഴ്ച

January 31, 2011 ജീവചരിത്രം,രസകരങ്ങളായ സംഭവങ്ങള്‍

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

തീര്‍ത്ഥപാദപരമഹംസരായി അദ്ധ്യാത്മികമേഖലയില്‍ ഉയര്‍ന്ന, തീര്‍ത്ഥന്‍ എന്ന ഓമനപ്പേരിലും അറിയപ്പെട്ട, ചട്ടമ്പിസ്വാമിതിരുവടികളുടെ കനിഷ്ഠശിഷ്യന്‍റെ ബാല്യകാലസംഭവമാണ് ഇവിടെ വിവരിക്കുന്നത്.

14-15 വയസ്സുള്ളപ്പോള്‍ നാണുക്കുട്ടന്‍ എന്ന പേരിലാണ് തീര്‍ത്ഥന്‍ വ്യവഹരിക്കപ്പെട്ടത്. ചെറുപ്പത്തിലെ പാണ്ഡ്യത്യത്തില്‍ മതിപ്പും സത്സംഗത്തില്‍ മനസ്സും തത്വജിജ്ഞാസയില്‍ അമ്ലാനമായതാത്പര്യവും പെരുമാറ്റത്തില്‍ വിനയസമ്പന്നതയും ഒത്തിണങ്ങിയ നാണുക്കുട്ടന് പറവൂര്‍ ടൗണിലുള്ള പല പ്രശസ്ത വ്യക്തികളുമായും പരിചയമുണ്ടായിരുന്നു. അവരിലൊരാളാണ് ശ്രീ.വേലുപ്പിള്ള. ഇദ്ദേഹമാകട്ടെ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ തികഞ്ഞ ഒരു ആരാധകനായിരുന്നു.

സ്വാമി തിരുവടികളുടേയും ശ്രീ നാരായണഗുരുവിന്‍റേയും മാഹാത്മ്യാതിശയങ്ങള്‍ ഇവര്‍ക്ക് പലപ്പോഴും സംഭാഷണവിഷയമാകാറുണ്ട്. ഒരിക്കല്‍ അങ്ങനെ ദീര്‍ഘനേരം സംസാരിച്ച് അര്‍ദ്ധരാത്രിയായി. വേലുപ്പിള്ള കിടക്കാന്‍ വീട്ടിനകത്തേക്കുപോയി. നാണുക്കുട്ടന്‍, അത്തരം അവസരങ്ങളില്‍ ചെയ്യാറുള്ളതുപോലെ, വരാന്തയില്‍ സോഫയില്‍ കിടന്നു കണ്ണടച്ചു. ഏതാണ്ട് ഉറക്കമായി.

അപ്പോള്‍ കുട്ടന്‍റെ കണ്ണില്‍ ഒരു വെളിച്ചം അടിച്ചതായിതോന്നി. പെട്ടെന്ന് കണ്ണുതുറന്നുനോക്കി.

ഒരു റാന്തല്‍വിളക്കുമായി ഒരാള്‍ മുന്നില്‍, ശുഭ്രമായ ഒരു മല്‍മല്‍ വസ്ത്രം ഉടുത്തും മറ്റൊന്നു പുതച്ചും, താടിമീശവളര്‍ത്തിയും, പരന്നനെറ്റിതടത്തില്‍ മുഴുവനും ഭസ്മം പൂശിയും ഒരാള്‍ പിന്നില്‍. മധ്യവയസ്കന്‍,അരോഗദൃഢഗാത്രന്‍, തേജോമയമായദൃഷ്ടിപാതത്തിലൂടെകാരുണ്യാമൃതം തന്നിലേക്കൊഴുക്കികൊണ്ടുനില്‍ക്കുന്നു.അങ്ങനെയൊരുകാഴ്ച കുട്ടനു കാണുമാറായി.

കുട്ടന്‍ പെട്ടെന്നു ഞെട്ടിയെണീറ്റു. വിളക്കിനും പിന്നാലെ കാണപ്പെട്ട, ഒരു മഹാപുരുഷനെന്നു തോന്നിക്കുന്ന സ്വാമിതിരുവടികളെ സാഷ്ടാംഗം വീണു നമസ്കരിച്ചു. ആ മഹാത്മാവ് അപരിചിതനായ ബാലനെ തന്‍റെ പവിത്ര പാണികള്‍കൊണ്ട് പിടിച്ച് എഴുന്നേല്‍പിച്ചു. പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു-

“അപ്പനേ നീ അറിയുമോ?”

“അറിയും” എന്നായി മറുപടി.

“നീ എന്നെ കണ്ടിട്ടുണ്ടോ?”

“ഇല്ല, കണ്ടിട്ടില്ല”

“കാണാതെ എന്നെ നിനക്കെങ്ങനെ അറിയാം?”

“കേട്ടറിയാം”

“എന്നാല്‍ ഞാന്‍ ആരാണെന്ന് പറയൂ”

“ചട്ടമ്പിസ്വാമികള്‍”

“ഞാനാണ് ചട്ടമ്പിസ്വാമി എന്ന് നിന്നോടാരു പറഞ്ഞു”

“ആരും പറഞ്ഞില്ല, കണ്ടപ്പോള്‍ അദ്ദേഹമാണെന്ന് എനിക്കുതോന്നി.”

“കണ്ടിട്ടില്ലാത്ത ആളെക്കാണുമ്പോള്‍ അത് ഇന്നാരാണെന്ന് എപ്പോഴും തോന്നാറുണ്ടോ?”

“അങ്ങനെ തോന്നാറില്ല, കേട്ടുപരിചയമുള്ളതുകൊണ്ട് അങ്ങുന്ന് ചട്ടമ്പിസ്വാമികളാണെന്ന് എനിക്കു തോന്നി എന്നേയുള്ളൂ.”

“എന്നെപ്പറ്റി കേട്ടിട്ടുള്ളത് എന്തൊക്കെയാണ്?”

ലജ്ജയുണ്ടെങ്കിലും ധൈര്യം അവലംബിച്ചുകൊണ്ട് കുട്ടന്‍ പറഞ്ഞു-

“ഒരു പണ്ഡിതനാണെന്നും കുടലു വെളിയിലിറക്കി കഴുകുമെന്നും ചേകോന്മാരെ തൊട്ടുണ്ണുമെന്നുംമൊക്കെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്.”

കുട്ടന്‍റെ ഈ വാക്കുകേട്ടപ്പോള്‍ പൊട്ടിചിരിച്ചുകൊണ്ട് സ്വാമിതിരുവടികള്‍

“അപ്പനേ ഞാന്‍ കുടലിറക്കാറില്ല. കുടലിറക്കിയാല്‍ ചത്തുപോകില്ലേ? ഞാന്‍ ചേകോന്മാരെ തൊടാതെ തന്നെയാണ് അവരുടെ ചോറുവാങ്ങി ഉണ്ണുന്നത്. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യരല്ലേ? ശുചിത്വമുണ്ടെങ്കില്‍ ആര്‍ക്ക് ആരുടെ ചോറ് ഉണ്ണാന്‍ പാടില്ലാ?”

ഈ സംഭാഷണങ്ങള്‍ കേട്ട് വേലുപ്പിള്ളയും മറ്റുള്ളവരും ഉണര്‍ന്നെണീറ്റ്‍വന്നു. പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളെ നമസ്കരിച്ചു. മറ്റുപചാരങ്ങള്‍കൊണ്ട് പൂജിച്ചു.

സ്വാമിതിരുവടികള്‍ സരസമായും സാരവത്തായും ഓരോന്ന് പറഞ്ഞുകൊണ്ട് അന്നത്തെ രാത്രിശേഷം ഉറങ്ങാതെ കഴിച്ചു. കുട്ടനും വേലുപ്പിള്ളയും അവയെല്ലാം കേട്ട് നിവൃതരായി.

ഭാവിയില്‍ മഹാപുരുഷന്മാരാകാന്‍ പോകുന്ന പലരുടേയും ബാല്യകാലജീവിതം ഇപ്രകാരം ചില അത്ഭുത സംഭവങ്ങള്‍കൊണ്ട് സങ്കുലമായിരിക്കും ഈ നാണുക്കുട്ടനെയാണ് പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ പിറ്റേദിവസം ബാലാസുബ്രമഹ്ണ്യമന്ത്രം നല്കി അനുഗ്രഹിച്ചതും തന്‍റെ കനിഷ്ഠ സംന്യാസിശിഷ്യനാക്കി സ്വീകരിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *

16 − 5 =