Nijanandavilasam - Sree Chattampi Swamikal

ബ്രഹ്മേശജീവജഗദ്വിശേഷണ നിരൂപണ പ്രകരണം (3)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ നിജാനന്ദവിലാസത്തില്‍ നിന്ന്

ആചാര്യന്‍ ശിഷ്യനെ മൂര്‍ദ്ധാവില്‍ ചുംബിച്ച് ആലിംഗനം ചെയ്ത്, നിജാനന്ദോത്സാഹപരവശനായി അരുളിച്ചെയ്തു!

അഖണ്ഡ പരിപൂര്‍ണ്ണാത്മാനന്ദ സുധാസമുദ്രത്തില്‍ ഇല്ലാതെ  അടങ്ങിയ പ്രപഞ്ചകോലാഹലത്തോടുകൂടിയ, നിര്‍ഭവമാകുന്ന മാഹാത്മ്യത്തെ അടഞ്ഞ പുരുഷധൗരേയ! (പുരുഷശ്രേഷ്ഠന്‍) നീ കൃത്യകൃത്യനായി ഭവിച്ചു. ഈ മഹാഭാഗ്യോദയം മറ്റൊരുത്തര്‍ക്കും ദുര്‍ലഭംതന്നെയാണ്.

ഇപ്രകാരം പുകഴ്ന്നു ബഹിര്‍മുഖനാക്കിച്ചെയ്തപ്പോള്‍ ഏറിയ വണക്കത്തോടെ അഞ്ജലി ചെയ്ത് വാ പൊത്തി വിലക്കി നിന്ന ആ ശിഷ്യനെ നോക്കി ആചാര്യന്‍:

സംശയമെന്യേ ഉള്ളപ്രകാരം പ്രത്യഗഭിന്നബ്രഹ്മാനുഭൂതിയെ പ്രാപിച്ചിരിക്കിലും യുക്തിവിശേഷങ്ങളാല്‍ ആ അനുഭതിയെ ഉല്ലസിച്ച് അനുഭവിപ്പാന്‍ വിചാരിക്കുന്നതിന് ഇച്ഛയുണ്ടായിരുന്നാല്‍ വിചാരിക്കാം.

ശി: മേലായ പ്രിയത്തോടുകൂടിയ ഭക്തിസഹിതം ഇപ്രകാരമുള്ള മാഹാത്മ്യത്തെ ചേര്‍ന്ന ബ്രഹ്മാനുഭവത്തെ അടയുന്ന മാര്‍ഗ്ഗം ജ്ഞാനരൂപമായ ഒന്നു തന്നെയാകുന്നു. എങ്കിലും ജ്ഞാനസാധനമായ അനുസന്ധാനവും അതിനെ ചേര്‍ന്ന മനനവിശേഷവും ബഹുഭേദങ്ങളായിരിക്കുന്നതിനാല്‍ അതിനെ ഏകദേശമെങ്കിലും വിസ്തരിച്ചു ഉപദേശിക്കേണമേ!

ആചാ: ബ്രഹ്മം, ഈശന്‍, ജീവന്‍, പ്രപഞ്ചം എന്നിങ്ങനെ നാലുവിധമായിട്ട് ശാസ്ത്രങ്ങളില്‍ പറയപ്പെടും. അവയില്‍ ബ്രഹ്മമെന്നതു നിത്യനിര്‍വികാരാസംഗോദാസീന അഖണ്ഡപരിപൂര്‍ണ്ണ സച്ചിദാനന്ദസ്വഭാവമായി പ്രകാശിക്കുന്ന നിര്‍ഗുണ ചൈതന്യമാകും. ഈശന്‍ എന്നതു സര്‍വജ്ഞസര്‍വ്വസമ്പൂര്‍ണ്ണസര്‍വ്വകല്യാണഗുണാധാര സര്‍വകര്‍ത്താവായ സോപാധികചൈതന്യമാകും. ജീവന്‍ എന്നതു പുണ്യപാപകര്‍മ്മവാസനാ മിശ്രകിഞ്ചിജ്ഞത്വാദിഗുണാധാര പരതന്ത്രസോപാധിക ചൈതന്യമാകും. പ്രപഞ്ചം എന്നത് വിചിത്രതരാനേക നാമരൂപഭേദഭിന്ന ജഡാജഡ ഗുണാധാരദൃശ്യവസ്തുവാകും. ഈ ദൃശ്യമായ നാമരൂപപ്രപഞ്ചം ദൃശ്യമായ സ്ഥൂലപഞ്ചഭൂത പാഞ്ചഭൗതിക ഭേദക്കുറിപ്പിനെ ചേര്‍ന്നിരിക്കുമ്പോള്‍ ആ ഭാഗത്തെ ജഡമെന്നും, സൂക്ഷ്മപഞ്ചഭൂത പാഞ്ചഭൗതികഭേദലക്ഷണത്തെ ചേര്‍ന്നിരുന്നാല്‍ ആ ഭാഗത്തെ അജഡമെന്നും, ഈ ജഡാജഡമായ ഇരു വകുപ്പും ഉദിക്കത്തക്ക സ്ഥാനമായും ഒടുങ്ങത്തക്ക സ്ഥാനമായും ഒടുങ്ങുമ്പോള്‍ (അസ്തമിക്കുമ്പോള്‍) പ്രപഞ്ചം, ജീവന്‍, ഈശന്‍, ബ്രഹ്മം എന്നുള്ള ജ്ഞാനോദയം കൂടാതെ മഹാശൂന്യംപോലെയുള്ള നിരാകാരലക്ഷണത്തെ ചേര്‍ന്നതാകുമ്പോള്‍, ആ ഭാഗത്തെ മായ എന്നും പറയപ്പെടുന്നു. ഈ മായയില്‍ നിര്‍ഗുണ ബ്രഹ്മചൈതന്യം പ്രതിബിംബിക്കെ മഹാശൂന്യംപോലയുള്ള സര്‍വവ്യാപകനിരാകാരമായി മറഞ്ഞിരുന്ന ആ മായ ചൈതന്യപ്രകാശ ബലം കൊണ്ട് തനതു ലക്ഷണത്തോടുകൂടിയതായി പ്രകാശിക്കും.

നിത്യകല്യാണഗുണശീലരായ ഉത്തമനായകനായകികള്‍ ഏകാന്തത്തില്‍ സന്ധിക്കേ ആ രണ്ടു പേരുടെ ഹൃദയവും പ്രിയമാത്രമായി തടിച്ചു ബിന്ദുമാത്രമായി ഉരുകി നില്പതുപോലെ, സൃഷ്ടിയാകുന്ന ആദ്യപരിപാലനം, അരശാക്ഷി(രാജനേത്രം)യായ നായകന്റെ സൗന്ദര്യവടിവിന്‍മയമായ രതീവിലാസം പ്രിയമായി തടിച്ച സംസ്‌കാരമായ ബിന്ദുവായുരുകി നില്‍ക്കേ, തുരുത്തിയിലടപ്പെട്ട കാറ്റ് അതിനകത്തുപ്രവേശിക്കുന്ന ചലനമറ്റ ആകാശം പോലെ ചലനം കൂടാതെ നിരാകാരമായി അഭേദമായി കാണപ്പെട്ടു എങ്കിലും, തുരിത്തിയിലെ വീക്കത്താല്‍ (ഹംബുതന്‍)ആകാശത്തിനു വേറായിട്ടു ചലനധര്‍മ്മത്തോടു കൂടിയ കാറ്റിന്‍ ഭേദം അനുഭവിക്കപ്പെടുന്നതുപോലെ, ആ പ്രകൃതിപുരുഷസന്നിധാനത്തില്‍ ജനിച്ച ആ സംസ്‌കാരം പ്രകൃതിപുരുഷന്മാരെ അഭേദമായി കലര്‍ന്നു നില്ക്കുമ്പോഴും അതില്‍ പ്രതിബിംബിച്ചു പ്രകാശിച്ച ചൈതന്യപ്രകാശബലത്താല്‍ പാണി പാദ മസ്തക ഊരു മുതലായ പരിണാമഭേദത്തിനു കാരണമായ ഗര്‍ഭക്കുറിയായി അനുഭവിക്കുന്നതുപോലെ, പ്രപഞ്ചമാതാവായ പ്രകൃതിയുടെ ഉദരത്തില്‍ എണ്ണത്തിലടങ്ങാത്ത അനേക പാണി പാദ മസ്തക ഊരു മുതലായ പരിണാമഭേദത്തിനു കാരണമായിരുന്ന പ്രപഞ്ചാകാരം ഗര്‍ഭക്കുറിയായിട്ടു പ്രകാശിച്ചിരിക്കും

ഈ വിധ പ്രപഞ്ചാകാരഗര്‍ഭമായി ഭവിച്ച സംസ്‌കാരമായ ബിന്ദു, ഒരു കുക്കുടത്തിന്റെ വിന്ദു ഗര്‍ഭമായി ധരിക്കപ്പെടുമ്പോള്‍ തന്നുള്ളിലുണ്ടായ ജന്തുവിന്റെ ശരീരമായും അതിന്നാവരണമായ അണ്ഡമായും ഭവിച്ചിരിക്കും പോലെ, വിരാള്‍ പുരുഷശരീരമായും അതിന്നാവരണമായ ബ്രഹ്മാണ്ഡമായും ഭവിച്ചിരിക്കും, ആ ബ്രഹ്മാണ്ഡ ശരീരത്തില്‍ പ്രതിഫലിച്ച ചൈതന്യം പ്രപഞ്ചത്തില്‍ ഫലഭോഗദശയെ പ്രദാനം ചെയ്യത്തക്ക വിചിത്രതരങ്ങളായ കര്‍മ്മവാസനയെ മുന്നിട്ട് പ്രപഞ്ചരൂപമായ വിരാള്‍ ശരീരത്തെ കരണങ്ങളില്‍ വികാരത്തോടുദിപ്പിച്ച്, അങ്ങിനെ ഉദിപ്പിച്ച പ്രപഞ്ചരൂപമായ വിരാള്‍ ശരീരം വിരിഞ്ഞ് അനേക അവയവാവയവിയോടുകൂടിയ കാരണവികാസോദയത്തെ പ്രാപിച്ച അവന്റെ കേശമായിട്ട് ആകാശവും, പാദമായി ഭൂമിയും, ശ്രോത്രമായി അഷ്ടദിക്കുകളും, നേത്രമായി സൂര്യനും, വാക്കായിട്ട് വൈഖരി ശബ്ദങ്ങളും, രസനയായി അഗ്നിയും, ഉദരമായി സമുദ്രങ്ങളും, അസ്ഥികളായി പര്‍വതങ്ങളും, നാഡികളായി നദികളും, രോമങ്ങളായി വൃക്ഷങ്ങളും, മുഖബാഹൂരുചരണങ്ങളായിട്ട് ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രവര്‍ണ്ണഭേദങ്ങളും, കടിതലത്തിനു കീഴ് ചരണം വരെ അതല വിതല സുതല രസാതല തലാതല മഹാതല പാതാളം എന്നിങ്ങനെ ഏഴു ലോകവും, കടിതലത്തിനു മേല്‌പോട്ട് ശിരസ്സു വരെ ഭൂര്‍ ഭൂവ സ്വര്‍ മഹര്‍ ജന സ്തപ സത്യ എന്നിങ്ങനെ ഏഴു ലോകവും, വീണാദണ്ഡമായി മഹാമേരുവും, മനസ്സായി ചന്ദ്രനും, മറ്റുള്ള കരണേന്ദ്രിയങ്ങളായിട്ട് ശാസ്ത്രങ്ങളില്‍ പറയപ്പെട്ട തത്ത്വങ്ങളും, അവന്റെ ശരീരത്തില്‍ നിന്ന് ഭിന്നഭിന്നമായി വികസിച്ചിരിക്കും.

ആ വിധമായ മഹാവ്യാപകത്തെ ചേര്‍ന്ന വിചിത്രമായ വിരാള്‍ ശരീരത്തിന്റെ സംബന്ധത്തെ പ്രാപിച്ചില്ലെങ്കില്‍ വിചിത്രങ്ങളായ വിഷയങ്ങള്‍ നിറഞ്ഞിരുന്നിട്ടും അവയെ ഗ്രഹിക്കുന്നതിനു സാധനങ്ങള്‍ പോലെയുള്ള, ഭൂതവികാരങ്ങളാല്‍ ചെയ്യപ്പെട്ട, ദേവതിര്യങ് മനുഷ്യാദി രൂപങ്ങളോടുകൂടിയ പുത്രികാദികള്‍, നിറഞ്ഞ ആ വിഷയങ്ങളെ തങ്ങള്‍ക്കു സുഖിക്കുന്നതിനായിട്ടു എങ്ങിനെ ശക്തിയറ്റവയാകുമോ അപ്രകാരം തന്നെ, നിറഞ്ഞ ഭോഗങ്ങളെ സുഖിക്കുന്നതിന് ശക്തിയില്ലാതെ നില്ക്കുന്നതായി ഭവിച്ച്, ആ വിധ പ്രപഞ്ചരൂപമായ വിരാള്‍ ശരീരത്തിന്, ഭോഗകാരണമായ കര്‍മ്മങ്ങള്‍ തനതു കാര്യങ്ങളായ ഫലങ്ങളെ കൊടുക്കുന്നതിനു പക്വത്തെ പ്രാപിച്ചിരിക്കയാല്‍ ആ കാര്യഫലദാതാവായ മായാപ്രതിബിംബ ഈശ്വരന്‍ അതിനെ കണ്ട് വിചിത്രങ്ങളായ പ്രപഞ്ചങ്ങളെത്തന്നെ ശരീരമായെടുത്തുണ്ടായ ഈ വിരാള്‍ ശരീരം കൈക്കൊണ്ടിട്ടും പ്രയോജനമറ്റതായിട്ടിരിക്കുന്നു, ഇതു പ്രയോജനപ്പെടുമാറ് ചെയ്യിക്കേണ്ടത് സര്‍വശക്തിയോടുകൂടിയ നമ്മെ ഒഴിച്ച് മറ്റൊന്നിനാല്‍ കഴിയാത്തതുതന്നെയാണ്, പ്രകൃതികള്‍ക്കു (പ്രജകള്‍ക്ക്) രാജാവെന്നപോലെ ഈ പ്രപഞ്ചരൂപമായ വിരാള്‍ ശരീരത്തിനു നാം തന്നെ നാഥനാകണം, എന്നാലോചിക്കേ ആ ആലോചനയില്‍ സംസ്‌കാരമുദിച്ച് ആ അഹന്തയില്‍ മായോപാധിയോടുകൂടിയ നിരഹങ്കാര സര്‍വവ്യാപക സാക്ഷിചൈതന്യമാകുന്ന ആ ഈശ്വരന്‍ പ്രതിബിംബിച്ച്, ആ അഹന്തയോടു താദാത്മ്യപ്പെട്ട്, ആ വിരാള്‍ ശരീരമായ പ്രപഞ്ചത്തെ അനുപ്രവേശിച്ച് വ്യാപിച്ചു നില്‍ക്കേ, ആ അഹന്താപ്രതിബിംബചൈതന്യസംബന്ധബലത്താല്‍ പ്രപഞ്ചവിലക്ഷണമുള്ള വിരാള്‍ ശരീരം ഞാനെന്നുദിച്ചു പ്രകാശിക്കും.

ആ അഹന്താചൈതന്യമായ വിരാള്‍ ശരീരി, ആ പ്രപഞ്ചരൂപമായ വിരാള്‍ ശരീരം ഏകമായി കാണപ്പെട്ടിരുന്നപ്പോഴും ചക്ഷുസ്സില്‍ വ്യാപിച്ച അഹന്താചൈതന്യത്തിന്‍ ബലത്താല്‍ ഞാന്‍ നോക്കി എന്നും അപ്രകാരമേ മറ്റുള്ള ഇന്ദ്രിയങ്ങളില്‍ തനതു വ്യാപക സംബന്ധത്തെ പറ്റി കേട്ടു, സ്പര്‍ശിച്ചു എന്നും ഭിന്നഭിന്നജ്ഞാനം ജനിച്ച്, ഒരോരോ ഗോളകോപാധി കൊണ്ട് അവറ്റില്‍ വ്യാപിച്ച അഹന്താചൈതന്യം അവിടെ അന്യശക്തി തിരോധാനപ്പെട്ട്, അ ശക്തിയെ ഇഴുന്നിരിക്കല്‍ (കീഴടക്കിയിരിക്കല്‍) പോലെ, സമഷ്ടിപ്രപഞ്ചമായ വിരാള്‍ ശരീരത്തിന്റെ അവയവ ഭേദങ്ങളായി ഉദിച്ച വൃഷ്ടികളായ ജാതിവര്‍ണ്ണാശ്രമധര്‍മ്മ നീതിയോടു കൂടിയ ശരീരങ്ങളുടെ താദാത്മ്യസംബന്ധത്താല്‍ അവിടെയവിടെ ഉദിച്ച ഖണ്ഡങ്ങളായ ശക്തികൊണ്ട് അതാതു സ്ഥലത്ത് അഖണ്ഡശക്തി മറഞ്ഞ്, അതാതു ഉപാധിമയമായി ഭിന്നപ്പെടുകയാല്‍ ആ വിധ ഭിന്ന ഉപാധികളോടുകൂടിയ അഹന്താപാശങ്ങളില്‍ പ്രതിബിംബിച്ച ആ അഖണ്ഡചൈതന്യം തന്നെ അതാതു ഉപാധികളുടെ ഖണ്ഡശക്തികളാല്‍ ഖണ്ഡംപോലെ പ്രകാശിച്ചു നില്ക്കും.

ആ ഉപാധികള്‍ ഖണ്ഡങ്ങളായതുകൊണ്ട് തങ്ങളുടെ ഖണ്ഡശക്തികളാല്‍ തിരോധാനപ്പെട്ട ആ അഖണ്ഡശക്തി (വല്ലഭം) ആ ജീവന്മാര്‍ക്കു തിരോധാനപ്പെട്ട് കിഞ്ചിജ്ഞരെന്നപോലെ ഭവിച്ചതിനും, ഖണ്ഡാഖണ്ഡങ്ങളായ ഇന്ദ്രിയങ്ങളില്‍ അഭിമാനത്തോടുകൂടിയ അഹന്താപാശചൈതന്യംഅതേതു സ്ഥലത്തില്‍ (അവിടെയവിടെ) ഖണ്ഡവല്ലഭത്തോടു കൂടിയതായിട്ടിരിക്കിലും സ്ഥൂലസൂക്ഷ്മകാരണങ്ങളെയും അതാതവസ്ഥകളെയും സ്വയം അഹന്താമാത്രമായ ഉപാധിയോടുകൂടിയ ചൈതന്യം വ്യാപിച്ച്, ആ സകല വല്ലഭങ്ങളോടും കൂടിയ അഖണ്ഡശക്തിമത്തായി കാണപ്പെടുന്നതുപോലെ, ഭിന്നഭിന്ന ജീവരാശികളുടെ വ്യഷ്ട്യുപാധികളെ അവയവങ്ങളാക്കിക്കൊണ്ടിരിക്കുന്ന സമഷ്ടിപ്രപഞ്ചമായിരിക്കുന്ന വിരാള്‍ ശരീരത്തെ അഹന്താമാത്രമായ ഉപാധിയോടുകൂടിയ ചൈതന്യം വ്യാപിച്ച് ഞാനെന്ന് പ്രകാശിപ്പതുകൊണ്ട്, ആ അഹന്തയും അതില്‍ പ്രതിബിംബിച്ച ചൈതന്യവും അഖണ്ഡശക്തിയോടുകൂടിയതായി ഭവിച്ച്, ശ്രുതി ചൊല്ലിയ പ്രകാരം ഈ വിധമായ പ്രപഞ്ചം ഇപ്രകാരം ഉദിപ്പതെ സൃഷ്ടിയെന്നും, പ്രളയം വരെ അഴിയാതെ കാക്കപ്പെടുന്നതെ സ്ഥിതിയെന്നും, പറയപ്പെടുന്നു.

ഒരു തടാകത്തില്‍ നിറഞ്ഞ ജലം ഉഷ്ണകാലത്തില്‍ ശോഷിക്കപ്പെടുന്നതുപോലെ, കല്പാന്തത്തില്‍ പ്രപഞ്ചങ്ങളുടെ ചേര്‍പ്പാകുന്ന വിരാള്‍ശരീരവും വാസനാമാത്രശേഷിതമായി അഴിഞ്ഞ് ആ അവ്യക്തത്തില്‍ അതുമാത്രമായി ഒടുങ്ങിനില്‍ക്കേ ആ അവസ്ഥയില്‍ അഖണ്ഡമായ വിരാഡഹന്തയില്‍ ഖണ്ഡങ്ങളായ ജീവാഹന്തകളും വാസനാമാത്രശേഷിതങ്ങളായി അടങ്ങി ആ വിരാടഹന്തയും അവ്യക്തത്തില്‍ അഭേദമായി ലയിക്കേ അവ്യക്തവും തനതധിഷ്ഠാനബ്രഹ്മചൈതന്യത്തിനു വേറായിട്ടു തോന്നാതെ അധിഷ്ഠാന ബ്രഹ്മചൈതന്യമാത്രമായി മഹാശൂന്യംപോലെ അടവുറ്റിരിക്കും. ആ അവസ്ഥയാകുന്നു മഹാപ്രളയമെന്നു പറയപ്പെടുന്നത്.

ഈവിധ പ്രളയത്തില്‍ നിന്നും, മുന്‍പോലെ അവ്യക്തത്തില്‍ നിന്നും (മുതല്‍) വ്യക്തമായ പ്രപഞ്ചരൂപ വിരാള്‍ ശരീരം വരെ ഉദിക്കെ ഖണ്ഡങ്ങളായ ജീവാഹന്തകളും അഖണ്ഡമായ വിരാഡഹന്തയും ഉദിച്ചു നില്‍ക്കയാല്‍, ജീവാഹന്തകള്‍ ഭിന്നഭിന്നങ്ങളാകയാല്‍ അതതില്‍ ജാഗ്രദവസ്ഥ ഭോഗസമാപ്തിയെ പ്രാപിക്കുമ്പോള്‍ അവയുടെ അഹന്തകളില്‍ സ്വപ്‌നോപഭോഗത്തിനു തക്കവയായ സ്വപ്നപ്രപഞ്ചങ്ങള്‍ വാസനകളെത്തന്നെ രൂപങ്ങളാക്കിക്കൊണ്ടു സ്ഫുരിച്ചു നില്‍ക്കും. അവയെ സ്ഥൂലസശരീരാഭിമാനം നീങ്ങിയ ആ ജീവന്മാര്‍ തങ്ങളുടെഅഹന്താസംബന്ധത്താല്‍ അഹങ്കരിച്ച് ആ ഉപാധിമയങ്ങളായി ഭവിച്ചു നില്‍ക്കും. ആ അവസ്ഥയില്‍ ആ വിരാഡഹന്തയും ഒവ്വോരു (ഒക്കുന്നവിധത്തില്‍) വിരാഡൈശ്വര്യംപോലുള്ള അനേക വിരാഡൈശ്വര്യങ്ങളായ ഖണ്ഡജീവോപാധികളാകുന്ന അഹന്തകളുടെ വാസനകളാല്‍ ഭിന്നഭിന്നങ്ങളായുദിച്ച്, സ്വാപ്നികപ്രപഞ്ചങ്ങളെ വ്യാപിച്ച്, അവയെ സമഷ്ടിസൂക്ഷ്മശരീരമായി കൊണ്ട് പ്രകാശിച്ചു നില്ക്കും. അപ്രകാരം തന്നെ ആ ജീവന്മാര്‍ ആ സ്വപ്നഭോഗങ്ങള്‍ നീങ്ങുമ്പോള്‍ തങ്ങള്‍ക്കു ആധാരമായ അഖണ്ഡവിരാഡഹന്തയെ തങ്ങള്‍ക്കു ആധാരമായ ഉപാധിയായിട്ടു അറിയാത്തതുകൊണ്ട്, അതിനെയും സ്ഥൂലസൂക്ഷ്മങ്ങളായ തങ്ങളുടെ ഉപാധികള്‍ തോന്നാതെ തിരോധാനപ്പെട്ടതുകൊണ്ട്, അവറ്റെയും അവലംബിയാതെ നിരാധാരമായി ലയിച്ച്, ശൂന്യം പോലുള്ള സുഷുപ്തിയെ വിവേകജ്ഞാനം കൂടാതെ ചേര്‍ന്നുപോകും. ആ അവസ്ഥയില്‍ അഖണ്ഡ വിരാഡഹന്താചൈതന്യം തനതുപാധിയായ അഖണ്ഡാഹന്തയ്ക്കു വിഷയങ്ങളാകുന്ന, വ്യഷ്ടിസമഷ്ടികളാകുന്ന, ജീവന്മാരുടെ സ്ഥൂലസൂക്ഷ്‌മോപാധികള്‍ പ്രത്യക്ഷപ്പെടാത്തതുകൊണ്ട്, തന്നില്‍ വികസിച്ചു തോന്നുന്ന ജ്ഞാനജ്ഞേയമാകുന്ന രണ്ടു ശക്തികളെ വിട്ട് ജ്ഞാതൃമാത്രമായി ശേഷിച്ച്, ആ ജീവന്മാരുടെ സുഷുപ്ത്യുപാധികളായ വ്യഷ്ടികാരണശരീരങ്ങളെ അഖണ്ഡമായി അഭേദമായി വ്യാപിച്ചു പ്രകാശിക്കും. ഇങ്ങനെ സുഷുപ്തിമാത്രമായി ലയിച്ച ജീവന്മാര്‍ തങ്ങളുടെ കര്‍മ്മങ്ങളാല്‍ കൊടുക്കപ്പെട്ട ജാഗ്രദ്‌ഭോഗങ്ങളെ ഭുജിക്കും നിമിത്തം അഹന്തകളോടുംകൂടി ഉണരുകയാല്‍ മുമ്പിലെപ്പോലെ വിഷയങ്ങളുടെ പ്രത്യക്ഷം ഉദിച്ച്, അവയില്‍ ഞാന്‍, എന്റേത് എന്ന അഭിമാനവും ജനിച്ച്, ഇവകളുടെ തോന്നലറ്റ മുന്നവസ്ഥയെ പ്രത്യക്ഷപ്പെട്ടറിഞ്ഞും അവിടെ ഈ വികാരമില്ലാത്ത നിര്‍വികാരമായ തനതു സ്ഫൂര്‍ത്തിജ്ഞാനത്തെ അവലംബിക്കാന്‍ ശക്തിയില്ലാതെ തങ്ങളുടെ അധിഷ്ഠാനസ്ഫൂര്‍ത്തികളായ സ്വരൂപപ്രകാശത്തില്‍ അറിയായ്മയേയും ആരോപിച്ച അഹന്താസംബന്ധത്താല്‍ ആ ജീവന്മാര്‍ കിഞ്ചിജ്ഞന്മാരായി ഭവിക്കും. ആ അവസ്ഥയില്‍ അഖണ്ഡാഹന്താപ്രതിബിംബ വിരാള്‍ചൈതന്യം, ഈശന്റെ അനുപ്രവേശസമയത്തില്‍ മഹാശൂന്യംപോലുള്ള നിരാകാര അഖണ്ഡ അവ്യക്ത തത്ത്വത്തില്‍ അശരീരിയായി അനഹംകാരിയായി അതീന്ദ്രിയനായി സ്വയം പ്രജ്ഞാനഘനനായ സര്‍വ്വസാക്ഷിയായി പ്രകാശിക്കും. ആ അവ്യക്തതത്ത്വോപാധിയോടുകൂടിയ സര്‍വ്വജ്ഞ ഈശചൈതന്യത്തിന്റെ മഹാവിവേകസംസ്‌കാരത്തോടും ഈശനാല്‍ അവ്യക്തത്തില്‍ ഉദിപ്പിക്കപ്പെട്ട ആ വിവേകാനുഗ്രഹത്തെ സിദ്ധിച്ചിരിക്കകൊണ്ട് ജീവന്മാരപ്പോലെ കിഞ്ചിജ്ഞനായി ഭവിക്കാതെ, ആ ജീവന്മാരെ അവരാല്‍ അറിയപ്പെടാത്ത ശക്തിയോടു കൂടിയവനായിട്ട് അവരവരുടെ കര്‍മ്മവാസനാപ്രകാരം ഫലദാതാവായി സര്‍വ്വജ്ഞശക്തിയോടുകൂടി പ്രവേശിക്കുന്ന പ്രേരകമായി പ്രകാശിച്ചു നില്‍ക്കും. സുഷുപ്ത്യവസ്ഥയില്‍ ആ അഹന്താചൈതന്യത്തിനു അന്തര്യാമി എന്നും, ആ ജീവന്മാര്‍ക്കു ആ ഉപാധികളിന്‍ സംബന്ധത്താല്‍ പ്രാജ്ഞന്‍ എന്നും നാമമാകും. അപ്രകാരം തന്നെ സമഷ്ടിസ്വാപ്നികസൂക്ഷ്മശരീരവ്യാപകാനുഭൂതിയെ പറ്റി ആ അവസ്ഥയില്‍ ആ അഖണ്ഡ അഹന്താപ്രതിബിംബ വിരാള്‍ ചൈതന്യത്തിന് ഹിരണ്യഗര്‍ഭന്‍ എന്നും, ആ ജീവന്മാര്‍ക്ക് ആ ഉപാധിസംബന്ധത്താല്‍ ‘തൈജസന്‍’ എന്നും നാമമാകും. സമഷ്ടി സ്ഥൂലശരീരത്തെ വ്യാപിച്ചതുകൊണ്ട് ആ അവസ്ഥയില്‍ ആ വിരാട് ചൈതന്യത്തിന് ‘വിരാട്’ എന്നും ആ ജീവന്മാര്‍ക്ക് ഉപാധിസംബന്ധത്താല്‍ ‘വിശ്വന്‍’ എന്നും നാമമാകും. ഇപ്രകാരം മൂന്നവസ്ഥകള്‍ക്കും മുത്തൊഴിലുകള്‍ക്കും ഉള്ളിലായി തോന്നി മറയുന്ന സ്ഥൂലം മുതല്‍ അവ്യക്തം വരെയുള്ള പ്രപഞ്ചത്തെ അഹന്ത മുതലായ ഉപാധിസാധനം കൂടാതെ കരതലാമലകംപോലെ സാക്ഷിയായി നിന്ന് പ്രളയാന്തം അറിയുകയാല്‍ ആ അവസ്ഥയില്‍ അഖണ്ഡചൈതന്യത്തിന് സര്‍വജ്ഞ ഈശനെന്നും നാമമാകും.

ഈ വിധമായി ശാസ്ത്രങ്ങളാല്‍ സങ്കേതികപ്പെട്ട ബ്രഹ്മേശജീവജഗത്തെന്ന യാവും (എല്ലാം) നീയാകുന്നു. അതിനെ പറഞ്ഞ വണ്ണം ശോധിച്ച് അഭയബ്രഹ്മപ്രാപ്തി അടഞ്ഞാലും.

(ഇപ്രകാരം കടാക്ഷിക്കേ, ശിഷ്യന്‍ അപ്രകാരം തന്നെ തന്റെ ചിദേകരസ അപാരമഹിമയെ കണ്ട് മനസ്സു നശിച്ചു നിന്നു.)