ധാതുനിരൂപണം -ആദിഭാഷ (8)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ആദിഭാഷ – ഭാഷാപഠനം’എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം എട്ട്

ലട്, ലിട്, ലുട്, ലൃട്, ലേട്, ലോട്, ലങ്, ലിങ്, ലുങ്, ലൃങ് ഇങ്ങനെ ലകാരങ്ങള്‍ പത്താകുന്നു. ഇതുകളില്‍ ലേട് വേദത്തില്‍ മാത്രമേയുള്ളു ലൗകികത്തിലില്ല. തിപ്തസ്ഝിസിപ്ഥസ്ഥമിബ്വസ്മസ്താതാംഝഥാസാഥാംധ്വമിഡ്വഹിമഹിങ് (3-4-78).

ഏ.വ. ദ്വി.വ. ബ.വ

പ്രഥമപുരുഷന്‍ തിപ് തസ് ഝി

മധ്യമപുരുഷന്‍ സിപ് ഥസ് ഥ

ഉത്തമപുരുഷന്‍ മിപ് വസ് മസ്

അത്മനേപദം

പ്രഥമപുരുഷന്‍ ത ആതാം ഝ

മധ്യമപുരുഷന്‍ ഥാസ് ആഥാം ധ്വം

ഉത്തമപുരുഷന്‍ ഇട് വഹി മഹിങ്

ലട് മുതലായ പത്തു ലകാരങ്ങള്‍ക്കും മേല്പറഞ്ഞവ ആദേശങ്ങളായി ഭവിക്കും. ഇവയില്‍ ആദ്യം പറഞ്ഞവ ഒമ്പതും പരസ്‌മൈപദങ്ങളും രണ്ടാമതു പറഞ്ഞവ ഒമ്പതും ആത്മനേപദങ്ങളുമാകുന്നു.

വര്‍ത്തമാനേ ലട് (3-2-123) വര്‍ത്തമാന ക്രിയാവൃത്തിയായിരിക്കുന്ന അതായതു നടപ്പുകാലത്തുള്ള ക്രിയയെപ്പറയുന്ന ധാതുവിനു ലട് വരും എന്നര്‍ത്ഥം. ‘ഭൂസത്തായാം’ ഇതില്‍ ഭൂ എന്നത് ധാതുവാണ്. അത് സത്തായാം – സത്തയില്‍ (ഉണ്ടെന്നുള്ള അര്‍ത്ഥത്തില്‍) വരും.

ലട് എന്നത് വര്‍ത്തമാനകാലത്തെക്കുറിക്കുന്ന പ്രത്യയമാകയാല്‍ ഭൂ+ലട് എന്നു വന്നു. വിഭാഗിക്കുമ്പോള്‍ ഭു+ല്+അ+ട് എന്നായി. ഇവയില്‍ അ, ട് എന്നുള്ളവ ഇത്തുകളായി ലോപിച്ചുപോകയാല്‍ ഭു+ല് എന്നിരിക്കുന്നു. അപ്പോള്‍ തിപ് തസ് ഝി എന്നു തുടങ്ങിയ സൂത്രത്താല്‍ ല് എന്നതിന് (ഒരാള്‍ ചെയ്യുന്ന പ്രവൃത്തിയെക്കുറിക്കുമ്പോള്‍) തിപ് എന്നത് ആദേശമായി വന്നു ഭൂ+തിപ് എന്നിരിക്കെ പ് എന്നത് ഇത്താകയാല്‍ ലോപിച്ചുപോയതിന്റെ ശേഷം ഭൂ+തി എന്നായിത്തീര്‍ന്നു. ആ അവസരത്തില്‍ കര്‍ത്തരിശപ് (3-1-68) എന്ന സൂത്രത്താല്‍ മദ്ധ്യഭാഗത്തില്‍ ശപ് എന്നു വന്നു. ഭൂ+ശപ്+തി=ഭൂ+ശ്+അ+പ്+തി എന്നിരിക്കെ ശ്, പ് എന്നുള്ള രണ്ടും ഇത്തുകളായി ലോപിച്ചശേഷം ഭൂ+അ+തി=ഭ്+ഉ+അ+തി എന്നായിത്തീര്‍ന്നു. അപ്പോള്‍ സാര്‍വ്വധാതുകാര്‍ധധാതുകയോഃ (7-2-84) ഈ സൂത്രത്താല്‍ ഉ എന്നതിന് ഓകാരം ആദേശമായി വന്നു ഭ്+ഓ+അ+തി എന്നിരിക്കെ ഏചോയവായാവഃ എന്ന സൂത്രത്താല്‍ ഓ എന്നതിന് അവ് എന്ന് ആദേശം വന്ന് ഭ്+അവ്+അ+തി=ഭവതി എന്ന രൂപം സിദ്ധിക്കും.

ഭൂ+ല്=രണ്ടുപേര്‍ ചെയ്യുന്ന പ്രവൃത്തിയെക്കുറിക്കുമ്പോള്‍ ല് എന്നതിന് തസ് എന്ന ഒരാദേശം വന്നു ഭൂ+തസ് എന്നും കര്‍ത്തരിശപ് എന്ന സൂത്രത്താല്‍ ഭൂ+ശപ്+തസ്=ഭൂ+ശ്+അ+പ്+തസ് എന്നും വന്നതിനുശേഷം ഭൂ+അ+തസ് എന്നും പിന്നീട് ഭോ+അ+തസ് എന്നും അതിന്റെ പിറകെ ഭവ്+അ+തസ് എന്നും വന്നു ഭവതസ് എന്നായിട്ട് രുത്വവിസര്‍ഗ്ഗങ്ങള്‍ ചേരുമ്പോള്‍ ഭവതഃ എന്നു സിദ്ധിക്കും.

രണ്ടിലധികം പേര്‍ ചെയ്യുന്ന പ്രവൃത്തിയെക്കുറിക്കുമ്പോള്‍ ല് എന്നതിന് ഝി എന്നൊരു ആദേശം വന്നു ഭൂ+ഝി എന്നാകും. പിന്നെ ഭൂ+ശപ്+ഝി എന്നും അതില്‍ പിന്നെ ഭൂ+അ+ഝി എന്നും ഭോ+അ+ഝി എന്നും ഭവ്+അ+ഝി എന്നും, ഭവ്+അ+ഝ്+ഇ എന്നും ഇരിക്കവേ ഝോന്തഃ (7-1-3) എന്ന സൂത്രത്താല്‍ ഝ് എന്നതിനു അന്ത് എന്നൊരാദേശം വന്നു ഭവ്+അ+അന്ത്+ഇ എന്നായി. അതോഗുണേ (6-1-97) എന്ന സൂത്രത്താല്‍ അ അ എന്ന രണ്ടക്ഷരങ്ങള്‍ക്കും ഒരു അകാരം ആദേശമായി വന്നു ഭവ്+അ+ന്തി=ഭവന്തി എന്നു രൂപം സിദ്ധിക്കും.

മദ്ധ്യമപുരുഷനില്‍, ത്വം, യുവാം, യൂയം (നീ – നിങ്ങള്‍ രണ്ടുപേര്‍ – നിങ്ങള്‍ ബഹുക്കള്‍) ഇതില്‍ ഒരാള്‍ ചെയ്യുന്നതിനെ കുറിക്കുമ്പോള്‍ ല് എന്നതിനു ‘സിപ്’ വന്നു, പ് എന്നതു ലോപിച്ചു ഭൂ+അ+സി എന്നും ഭവ്+അ+സി എന്നും സിദ്ധിച്ചു.

മദ്ധ്യമപുരുഷനില്‍, രണ്ടുപേര്‍ ചെയ്യുന്നതിനെ കുറിക്കുമ്പോള്‍ ‘ഥസ്’ എന്ന ആദേശം വന്നു ഭൂ+ഥസ്, മുമ്പു വിവരിച്ചതുപോലെ ഭവ+ഥസ്=ഭവഥസ്=ഭവഥഃ എന്നായി, മദ്ധ്യമപുരുഷനില്‍ രണ്ടിലധികം പേര്‍ ചെയ്യുന്നതിനെ കാട്ടുമ്പോള്‍ ‘ഥ’ എന്ന ആദേശം വന്നു ഭൂ+ഥ, മുന്‍പോലെ ഭവഥ എന്നു സിദ്ധമായി.

ഉത്തമപുരുഷനില്‍, അഹം, ആവാം, വയം (ഞാന്‍, ഞങ്ങള്‍ രണ്ടാള്‍, ഞങ്ങള്‍ ബഹുക്കള്‍), ഇതില്‍ ഒരാള്‍ ചെയ്യുന്നതിനെക്കുറിക്കുമ്പോള്‍ ല് എന്നതിന് ‘മിപ്’ വരും. പ് എന്നത് ഇത്താകയാല്‍ ലോപിച്ചു മി ശേഷിക്കും. ഭൂ+മി മുന്‍പറഞ്ഞതുപോലെ ഭവ്+അ+മി എന്നിരിക്കുമ്പോള്‍ അതോദീര്‍ഘോയഞി (7-2-101) എന്ന സൂത്രത്താല്‍ അകാരത്തിനു ദീര്‍ഘം വന്നു ഭവ്+ആ+മി=ഭവാമി എന്നു സിദ്ധിക്കും.

ഉത്തമപുരുഷനില്‍ രണ്ടുപേര്‍ ചെയ്യുന്നതിനെക്കുറിക്കുമ്പോള്‍ ല് എന്നതിന് ‘വസ്’ എന്ന ആദേശം വന്ന് ഭൂ+വസ് എന്നായി. മുന്‍പോലെ ഭവ്+അ+വസ് എന്നായി അകാരത്തിനു ദീര്‍ഘം വന്നു ഭവ്+ആ+വസ്=ഭവാവസ്. രുത്വവിസര്‍ഗ്ഗങ്ങള്‍ വന്ന് ഭവാവഃ എന്നു സിദ്ധിക്കും.

ഉത്തമപുരുഷനില്‍ മൂന്നുപേര്‍ ചെയ്യുന്നതിനെ കുറിക്കുമ്പോള്‍ ല് എന്നതിന് മസ് എന്നു ഒരാദേശം വന്നു ഭൂ+മസ് എന്നായി. മുമ്പു പറഞ്ഞതുപോലെ ഭവ്+അ+മസ്, പിന്നെ ഭവ്+ആ+മസ്, രുത്വവിസര്‍ഗ്ഗങ്ങള്‍ വന്നു ഭവാമഃ എന്നാകും.

പ്രത്യക്ഷമില്ലാത്തതും തലേദിവസം രാത്രി പതിനഞ്ചു നാഴിക മുതല്‍ നാളതു രാത്രിയില്‍ പതിനഞ്ചുനാഴികവരെയുള്ള അറുപതു നാഴിക മുമ്പു നടന്നതുമായ ഒരു ഭൂതകാലത്തിലുള്ള ക്രിയയെ കുറിക്കുന്നതിന് ലിട് ഉപയോഗപ്പെടുന്നതിനാല്‍ പരസ്‌മൈപദാനാം ണലതൂസുസ്ഥലഥുസണല്വമാഃ (3-4-82) ലിട്ടിന്റെ (പരസ്‌മൈപദത്തില്‍) ആദേശങ്ങളായിട്ടു തിപ് മുതലായ ഒമ്പതു പ്രത്യയങ്ങള്‍ക്ക് ക്രമേണ ആദേശങ്ങളായിട്ടു ണല്, അതുസ്, ഉസ്, ഥല്, അഥുസ്, അ, ണല്, വ, മ ഇവ വന്നുചേരും എന്ന സൂത്രത്താല്‍ ഭൂ+ലിട് എന്നിരിക്കെ വിഭാഗിക്കുമ്പോള്‍ ഭൂ+ല്+ഇ+ട് എന്നായി. ഇ, ട് എന്നിവ ഇത്തുകളായാല്‍ ലോപിച്ചിട്ട് ഭൂ+ല് എന്നിരിക്കുമ്പോള്‍ ല് എന്നതിന് തി ആദേശം വരികയും ഭൂ+തി എന്നാകയും തി എന്നതിന് ണല് ആദേശം വരികയും ഭൂ+ണല്=ഭൂ+ണ്+അല് എന്നാകയും ചെയ്യും. ഇവയില്‍ ണ് ല് ഇവ രണ്ടും ഇത്സംജ്ഞകളാകയാല്‍ ലോപിച്ചുപോകുമ്പോള്‍ ഭൂ+അ എന്നാകും. അപ്പോള്‍ ഭുവോവുഗ് ലുങിലിടോഃ (6-4-88) എന്ന സൂത്രത്താല്‍ ഭൂ എന്നതിന് വ് എന്ന് അവസാനത്തില്‍ ചേര്‍ന്നു ഭൂ+വ്+അ എന്നിരിക്കുമ്പോള്‍ ലിടി ധാതോരനഭ്യാസസ്യ (6-1-8) എന്ന സൂത്രത്താല്‍ ഭൂവ് എന്നതു ഇരട്ടിച്ചു ഭൂവ് ഭൂവ്+അ എന്നാകും. ഹലാദിഃ ശേഷഃ (7-4-60) എന്ന സൂത്രത്താല്‍ ആദ്യത്തെ ഭൂവ് എന്നതിലിരിക്കുന്ന വ് എന്നതു ലോപിക്കുമ്പോള്‍ ഭൂ+ഭുവ്+അ എന്നും ഹ്രസ്വഃ (7-4-59) എന്ന സൂത്രത്താല്‍ ആദ്യത്തെ ഭൂ എന്നതിന്റെ ഉകാരത്തിനു ഹ്രസ്വഭാവം വന്നു (കുറുകി) ഭൂ+ഭൂവ്+അ=ഭ+ഉ+ഭുവ്+അ എന്നും ഭവതേരഃ (7-4-60) എന്ന സൂത്രത്താല്‍ ഹ്രസ്വമായിത്തീര്‍ന്ന ഉകാരത്തിനു ‘അ’ എന്ന ആദേശം വന്നു ഭ്+അ+ഭുവ്+അ എന്നും അഭ്യാസേ ചര്‍ച്ച (8-4-54) എന്ന സൂത്രത്താല്‍ ഭ് എന്നതിന് ബ് എന്ന് ആദേശം വന്നു ബ്+അ+ഭൂവ്+അ=ബഭൂവ എന്നു സിദ്ധിക്കും.

ദ്വിവചനത്തിലെ തസ് എന്നതിന് അതുസ് എന്ന് ആദേശം വന്നു ഭൂ+അതുസ് എന്നിരിക്കെ മുന്‍ വിവരിച്ച പ്രകാരം ബബൂവ്+അതുസ്, രുത്വവിസര്‍ഗ്ഗങ്ങള്‍ വന്നു ബഭൂവതുഃ എന്നു സിദ്ധിക്കും.

ബഹുവചനത്തിലെ ഝി എന്നതിന് ഉസ് എന്ന ആദേശം വന്ന് ഭൂ+ഉസ് എന്നിരിക്കെ മുമ്പറഞ്ഞവിധം ബഭൂവ്+ഉസ്=ബഭൂവുഃ എന്നു സിദ്ധിക്കും.

മദ്ധ്യമപുരുഷന്റെ ഏകവചനത്തില്‍ സി എന്നതിന് ഥല് എന്നു ആദേശം വന്ന് ഭൂ+ഥല് എന്നിരിക്കെ ല് എന്നത് ഇത്താകയാല്‍ ലോപിച്ചശേഷം ഭൂ+ഥ, മുന്‍പ്രക്രിയപോലെ ബഭൂവ്+ഥ എന്നിരിക്കെ ആര്‍ധധാതുകസ്യേഡ്വലാദേഃ (7-2-35) ഈ സൂത്രത്താല്‍ ഥ എന്നതു മുമ്പായിട്ട് ഇ എന്ന ആഗമം ചേര്‍ന്ന് ബഭൂവ്+ഇ+ഥ=ബഭൂവിഥ എന്നു സിദ്ധിക്കും.

മദ്ധ്യമപുരുഷദ്വിവചനത്തില്‍ ഥസ് എന്നതിന് അഥുസ് എന്ന ആദേശം വന്ന് ഭൂ+അഥുസ്=ബഭൂവ്+അഥുസ്=ബഭുവഥുഃ എന്നു സിദ്ധിക്കും.

ടി ബഹുവചനത്തില്‍ ഥ എന്നതിന് അ എന്ന് ആദേശം വന്ന് ഭൂ+അ=ബഭൂവ്+അ=ബഭൂവ എന്നു സിദ്ധിക്കും.

ഉത്തമപുരുഷൈകവചനത്തില്‍ മി എന്നതിനു (ണല്) അകാരം ആദേശമായിവന്ന് ബഭൂവ്+അ=ബഭൂവ എന്നാകും.

ടി ദ്വിവചനത്തില്‍ വസ് എന്നതിനു വ എന്ന ആദേശം വന്ന് ബഭൂവ്+വ എന്നിരിക്കെ ആര്‍ധധാതുകസ്യേഡ്വലാദേഃ എന്ന സൂത്രത്താല്‍ ഇ എന്ന ആഗമം ചേര്‍ന്നു ബഭൂവിവ എന്നായി.

ടി ബഹുവചനത്തില്‍ മസ് എന്നതിന് മ എന്ന ആദേശം വന്ന് ബഭൂവ്+മ എന്നിരിക്കെ ഇഡാഗമം വന്ന് ബഭൂവിമ എന്നാകും.

അനദ്യതനേ ലൂട് (3-3-15) അനദ്യതനമായിരിക്കുന്ന ഭവിഷ്യദര്‍ത്ഥത്തില്‍ വര്‍ത്തിക്കുന്ന ധാതുവില്‍നിന്ന് ലൂട് വരും. അതായത് തലേദിവസം പതിനഞ്ചു നാഴിക ഇരുട്ടിയതിനു മേല്‍ നാളതു പതിനഞ്ചു നാഴിക ഇരുളുന്നതുവരെയുള്ള അറുപതു നാഴികക്കുശേഷം നടക്കുന്ന ഭവിഷ്യത് (വരാന്‍ പോകുന്ന) കാലത്തെ കാട്ടുന്നതിന് ലുട് വരും. ഭൂ+ലുട്=ഭൂ+ല്+ഉ+ട് എന്നിരിക്കെ ഉ, ട് ഇതുകള്‍ ഇത്താകയാല്‍ ലോപിച്ചു പോയതിനുശേഷം ഭൂ+ല് എന്നിരിക്കുമ്പോള്‍ ല് എന്നതിനു തി എന്ന ആദേശം വന്ന് ഭൂ+തി എന്നായി. അപ്പോള്‍ സ്യതാസീലൃലുടോഃ (3-1-33) എന്ന സൂത്രത്താല്‍ താസ് എന്നതു നടുവില്‍ വന്ന് ഭൂ+താസ്+തി എന്നിരിക്കെ ആര്‍ധധാതുകസ്യേഡ്വലാദേഃ എന്ന സൂത്രത്താല്‍ താസ് എന്നതിന് മുന്‍ഭാഗത്തു ഇ ചേര്‍ത്തു ഭൂ+ഇ+താസ്+തി=ഭ്+ഊ+ഇ+താസ്+തി എന്നും സാര്‍വധാതുകാര്‍ധധാതുകയോഃ എന്ന സൂത്രത്താല്‍ ഊകാരത്തിനു ഗുണം വന്ന് ഒ എന്നായിട്ടു ഭ്+ഓ+ഇ+താസ്+തി എന്നും അവാദേശം വന്ന് ഭ്+അവ്+ഇ+താസ്+തി=ഭവിതാസ്+തി എന്നും ലുടഃ പ്രഥമസ്യഡാരൗരസഃ (2-4-85) എന്ന സൂത്രത്താല്‍ തി എന്നതിനു ഡാ എന്നു വന്നു ഭവിതാസ്+ഡ എന്നും ഡാ എന്നതു ഇത്തായി ലോപിച്ച് ആ എന്നതു ആദേശമായി വന്ന് ഭവിതാസ്+ആ=ഭവിത്+ആസ്+ആ എന്നും ടേഃ (6-4-143) എന്ന സൂത്രത്താല്‍ ആസ് എന്നതിനു ലോപം വന്ന് ഭവിത്+ആ=ഭവിതാ എന്നും രൂപം സിദ്ധിച്ചു.

ദ്വിവചനത്തില്‍ ല് എന്നതിന് തസ് ആദേശമായി വന്ന് ഭൂ+തസ് എന്നിരിക്കെ മുന്‍പ്രക്രിയപോലെ ഭവിതാസ്+തസ് എന്നും തസ് എന്നതിനു രൗ എന്നത് ആദേശം വന്ന് ഭവിതാസ്+രൗ എന്നും രിച(7-4-51) എന്ന സൂത്രത്താല്‍ സ് എന്നതിനു ലോപം വന്ന് ഭവിതാ+രൗ=ഭവിതാരൗ എന്നും സിദ്ധിക്കും.

ബഹുവചനത്തില്‍ ല് എന്നതിനു ഝി വന്ന് ഭൂ+ഝി എന്നിരിക്കെ മുന്‍പ്രക്രിയപോലെ ഭവിതാസ്+ഝി എന്നും ഝി എന്നതിനു രസ് എന്നത് ആദേശമായി വന്നു ഭവിതാസ്+രസ് എന്നും സ് എന്നതിനു ലോപം വന്ന് ഭവിതാ+രസ്, രുത്വവിസര്‍ഗ്ഗങ്ങള്‍ വന്ന് ഭവിതാരഃ എന്നും സിദ്ധിക്കും.

മദ്ധ്യമപുരുഷൈകവചനത്തില്‍ സി എന്ന് ആദേശം വന്ന് ഭൂ+സി എന്നും മുന്‍പറഞ്ഞ പ്രകാരം ഭവിതാസ്+സി എന്നും താസസ്‌ത്യോര്‍ലോപഃ (7-4-50) എന്ന സൂത്രത്താല്‍ സ് എന്നതിനു ലോപം വന്ന് ഭവിതാസി എന്നും സിദ്ധം.

മദ്ധ്യമപുരുഷദ്വിവചനത്തില്‍ ഥസ് ആദേശം വന്ന് ഭൂ+ഥസ് എന്നിരിക്കെ മുന്‍പ്രകാരം ഭവിതാസ്+ഥസ് രുത്വവിസര്‍ഗ്ഗങ്ങള്‍ വന്ന് ഭവിതാസ്ഥഃ എന്നു സിദ്ധിക്കും.

ടി ബഹുവചനത്തില്‍ ഥ ആദേശം വന്ന് ഭവിതാസ്+ഥ=ഭവിതാസ്ഥ എന്ന രൂപം സിദ്ധിക്കും.

ഉത്തമപുരുഷൈകവചനത്തില്‍ ല് എന്നതിന് മി എന്ന ആദേശം വന്ന് ഭവിതാസ്+മി=ഭവിതാസ്മി.
ടി ദ്വിവചനത്തില്‍ വസ് ആദേശം വന്ന് ഭവിതാസ്+വസ്, രുത്വ വിസര്‍ഗ്ഗങ്ങള്‍ വന്ന് ഭവിതാസ്വഃ.
ബഹുവചനത്തില്‍ മസ് ആദേശം വന്ന് ഭവിതാസ്മഃ എന്നു സിദ്ധിക്കും.

ലൃട് ശേഷേ ച (3-3-13) ഭവിഷ്യദര്‍ത്ഥത്തില്‍ വര്‍ത്തിക്കുന്ന ധാതുവിന് ലൃട്ടില്‍ പറഞ്ഞ വിശേഷമല്ലാതെ സാമാന്യമായിവരുന്ന കാലത്തെയും കുറിക്കുന്നതിനു ലൃട്ടു വരും. ഭൂ+ലൃട് എന്നിരിക്കെ ഋ, ട് ഇവ ഇത്തുകളാകയാല്‍ ലോപിച്ച് ഭൂ+ല് എന്നും ല് എന്നതിനു തി എന്ന ആദേശം വന്ന് ഭൂ+തി എന്നും സ്യതാസീലൃലുടോഃ എന്ന സൂത്രത്താല്‍ നടുവില്‍ സ്യ എന്നു വന്നു ഭൂ+സ്യ+തി എന്നും ആര്‍ധധാതുകസ്യേഡ്വലാദേഃ എന്ന സൂത്രത്താല്‍ സ്യ എന്നതിനുമുമ്പിലായി ഇ എന്ന ആഗമം വന്ന് ഭൂ+ഇ+സ്യ+തി = ഭ്+ഊ+ഇ+സ്യ+തി എന്നും ഊ എന്നതിനു ഓകാരം വന്ന് ഭ്+ഓ+ഇ+സ്യ+തി എന്നും ഓകാരത്തിനു അവ് എന്ന് ആദേശം വന്ന് ഭ്+അവ്+ഇ+സ്യ+തി=ഭ്+അവ്+ഇ+സ്+യ+തി എന്നും ആദേശപ്രത്യയയോഃ എന്ന സൂത്രത്താല്‍ സ് എന്നതിന് ഷ് എന്ന ആദേശം വന്ന് ഭ്+അവ്+ഇ+ഷ്+യ+തി=ഭവിഷ്യതി എന്നു രൂപം സിദ്ധിച്ചു.

ദ്വിവചനത്തില്‍ ല് എന്നതിനു തസ് ആദേശം വന്ന് മുന്‍പ്രക്രിയപോലെ ഭവിഷ്യ+തസ്=ഭവിഷ്യതഃ എന്നായി. ബഹുവചനത്തില്‍ ല് എന്നതിന് ഝി വന്ന് മുന്‍പ്രകാരം ഭവിഷ്യ+ഝി എന്നിരിക്കെ ഝി എന്നതിനു അന്തി എന്ന ആദേശം വന്ന് ഭവിഷ്യ+അന്തി=ഭവിഷ്+യ്+അ+അന്തി എന്നിരിക്കുമ്പോള്‍ രണ്ടകാരങ്ങള്‍ക്ക് ഒരകാരം വന്ന് ഭവിഷ്+യ്+അന്തി=ഭവിഷ്യന്തി എന്നു സിദ്ധിച്ചു.

മദ്ധ്യമപുരുഷൈകവചനത്തില്‍ സി എന്നത് ആദേശമായി വന്ന് ഭവിഷ്യസി എന്നും.
മദ്ധ്യമപുരുഷദ്വിവചനത്തില്‍ ഥസ് എന്നതു വന്ന് ഭവിഷ്യ+ഥസ്=ഭവിഷ്യഥഃ എന്നും
ടി ബഹുവചനത്തില്‍ ഥ എന്നത് ആദേശം വന്ന് ഭവിഷ്യഥ എന്നും

ഉത്തമപുരുഷൈകവചനത്തില്‍ മി എന്നു ആദേശം വന്ന് ഭവിഷ്യ+മി=ഭവിഷ്+യ്+അ+മി എന്നും അകാരത്തിനു ദീര്‍ഘംവന്ന് ഭവിഷ്+യ്+ആ+മി=ഭവിഷ്യാമി എന്നും

ഉത്തമപുരുഷദ്വിവചനത്തില്‍ വസ് ആദേശം വന്ന് മുന്‍പറഞ്ഞ പ്രകാരം ഭവിഷ്യ+വസ്=ഭവിഷ്യാവഃ എന്നും ടി ബഹുവചനത്തില്‍ മസ് എന്നതുവന്ന് ഭവിഷ്യാമഃ എന്നും രൂപങ്ങള്‍ സിദ്ധിച്ചു.

ലോട് ച (3-3-162) വിധി മുതലായ അര്‍ത്ഥതലങ്ങളിലുള്ള ധാതുക്കള്‍ക്ക് അതായത് മേല്‍വിവരിക്കാന്‍ പോകുന്ന വിധി മുതലായ അര്‍ത്ഥങ്ങളും ആശീര്‍വ്വാദങ്ങളും ചെയ്യുമ്പോള്‍ വരുന്ന കാലത്തെ കുറിക്കുന്നതിനു ലോട് വരും. ആശിഷിലിങ്‌ലോടൗ (3-3-173) ആശിസ്സില്‍ ലിങ്ങും ലോട്ടും വരും. ഭൂ+ലോട് എന്നിരിക്കെ അതായത് ഭൂ+ല്+ഓ+ട് എന്നിരിക്കുമ്പോള്‍ ഓ, ട് എന്നിവ ഇത്തുക്കളാകയാല്‍ ലോപിച്ചുപോയി ശേഷിച്ച (ല്) ഭൂധാതുവിന്റെ പിമ്പുവന്നു ഭൂ+ല് എന്നായി. പ്രഥമ പുരുഷൈകവചന പ്രത്യയമായ തി എന്നതു ല് എന്നതിന്റെ ആദേശമായിട്ടു വന്നു ഭൂ+തി എന്നിരിക്കെ ലട്ടില്‍ പറഞ്ഞതുപോലെ ഭവ+ത്+ഇ എന്നും വിശേഷിച്ച് ഏരുഃ (3-4-56) എന്ന സൂത്രത്താല്‍ ഇ എന്നതിന് ഉ എന്നു വന്നു ഭവത്+ഉ=ഭവതു എന്നും.

ആശീര്‍വ്വാദത്തെക്കാണിക്കുമ്പോള്‍ തുഹ്യോസ്താതങ്ങാശിഷ്യന്യതരസ്യാം (7-1-35) എന്ന സൂത്രത്താല്‍ തു എന്നതിന് താത് എന്നു വരുംപടി ഭൂ+താത് മുന്‍പ്രകാരം ഭവ+താല്‍+ഭവതാത് എന്നും

ദ്വിവചനത്തില്‍ തസ് ആദേശം വന്ന് ഭൂ+തസ് എന്നിരിക്കെ തസ്ഥസ്ഥമിപാം താന്തന്താമഃ (3-4-101) എന്ന സൂത്രത്താല്‍ തസ് എന്നതിന് താം എന്ന ആദേശം വന്ന് ഭവ+താം=ഭവതാം എന്നും

ബഹുവചനത്തില്‍ ഝി എന്ന ആദേശം വന്ന് ഭവ+ഝി എന്നിരിക്കെ ഝി എന്നതിന് അന്തി ആദേശം വന്ന് ഭവ+അന്തി എന്നും അതായത് ഭവ+അ+ന്ത്+ഇ, ഏരുഃ എന്ന സൂത്രത്താല്‍ ഇ എന്നതിനു ഉ ആദേശം വന്നു ഭവ+അന്ത്+ഉ എന്നും രണ്ടകാരത്തിനും കൂടി ഒരകാരം വന്ന് ഭവ്+അന്ത്+ഉ=ഭവന്തു എന്നും

മദ്ധ്യമപുരുഷനിലെ ഏകവചനത്തില്‍ ല് എന്നതിന് സി ആദേശം വന്ന് ഭവ+സി എന്നിരിക്കെ സേര്‍ഹ്യപിച്ച (3-4-8) എന്ന സൂത്രത്താല്‍ സി എന്നതിന് ഹി വന്നു ഭവ+ഹി എന്നും അതോ ഹേഃ എന്ന സൂത്രത്താല്‍ ഹി എന്നതിന് ലോപം വന്ന് ഭവ എന്നും ഇവിടെയും ആശീര്‍വ്വാദത്തില്‍ മുമ്പു വന്നപോലെ ഭവതാത് എന്നും.

മധ്യമപുരുഷദ്വിവചനത്തില്‍ ഥസ് ആദേശം വന്ന് ഭവ+ഥസ് എന്നിരിക്കെ തസ്ഥസ്ഥമിപാംതാന്തന്താമഃ എന്ന സൂത്രത്താല്‍ ഥസ് എന്നതിന് തം എന്ന ആദേശം വന്ന് ഭവ+തം=ഭവതം എന്നും

ടി ബഹുവചനത്തില്‍ മുന്‍പ്രകാരം ഥ എന്നതിന് ത എന്നു വന്നു ഭവ+ത=ഭവത എന്നും.

ഉത്തമപുരുഷൈകവചനത്തില്‍ ‘ല്’ എന്നതിന് ‘മി’ എന്ന് ആദേശം വന്ന് ഭവ+നി എന്നിരിക്കെ മേര്‍നിഃ (3-4-89) എന്ന സൂത്രത്താല്‍ ‘മി’ എന്നതിന് നി എന്ന ആദേശം വന്ന് ഭവ+നി എന്നും ആഡുത്തമസ്യപിച്ച (3-4-92) എന്ന സൂത്രത്താല്‍ നി എന്നതിനു മുന്‍ഭാഗത്തായി ആ എന്ന ആഗമം വന്ന് ഭവ+ആ+നി=ഭവ്+അ+ആ+നി എന്നും അ ആ ഇവക്കു രണ്ടിനുംകൂടി ആ എന്നു ഒരക്ഷരം ആദേശമായി വന്ന് ഭവ്+ആ+നി=ഭവാനി എന്നും

ഉത്തമപുരുഷദ്വിവചനത്തില്‍ ല് എന്നതിന് വസ് എന്ന ആദേശം വന്ന് ഭവ+വസ് എന്നും വസ് എന്നതിന് ആകാരം മുമ്പില്‍ ചേര്‍ന്നു ഭവ+ആ+വസ്, ഭവാവസ് എന്നും നിത്യംങിതഃ (3-3-99) എന്ന സൂത്രത്താല്‍ സ് എന്നതിനു ലോപം വന്ന് ഭവാവ എന്നും

ടി ബഹുവചനത്തില്‍ മസ് എന്ന ആദേശം വന്ന് ഭവാമസ് എന്നിരിക്കെ മുന്‍ പറഞ്ഞതുപോലെ സ് എന്നതിനു ലോപം വന്ന് ഭവാമ എന്നും രൂപം സിദ്ധിച്ചു.

അനദ്യതനേ ലങ് (3-2-111) അനദ്യതന ഭൂതാര്‍ത്ഥവൃത്തിയായിരിക്കുന്ന ധാതുവിന്, അതായതു മുന്‍പറയപ്പെട്ട അറുപതുനാഴികകളില്‍ നടക്കാത്ത (അക്കിനുമുമ്പു നടന്ന) ഭൂതകാലത്തെക്കുറിക്കുന്നതിനായി ‘ലങ്’ ഉപയോഗപ്പെടും. ഭു+ലങ്=ഭു+ല്+അങ് എന്നിരിക്കെ അ, ങ് ഇവ രണ്ടും ഇത്തുകളാകയാല്‍ ലോപിച്ചുപോയി ലുങ്‌ലങ് ലൃങ്ക്ഷ്വഡുദാത്തഃ (6-4-71) എന്ന സൂത്രത്താല്‍ ഭൂ എന്നതിനു മുമ്പായി അ എന്നതുചേര്‍ന്ന് അ+ഭൂ+ല് എന്നിരിക്കേ ല് എന്നതിന് തി എന്ന ആദേശം വന്ന് അഭൂ+തി എന്നായി. അപ്പോള്‍ മുന്‍പറയപ്പെട്ടവിധം ഭൂ എന്നത് ഭവ എന്നായി അഭവ+തി=അഭവ+ത്+ഇ എന്നിരിക്കുമ്പോള്‍ ഇതശ്ച (3-4-100) എന്ന സൂത്രത്താല്‍ ഇ എന്നതിന് ലോപം വന്ന് അഭവ+ത്=അഭവത് എന്നു സിദ്ധിച്ചു.

പ്രഥമപുരുഷദ്വിവചനത്തില്‍ ല് എന്നതിനു തസ് എന്ന ആദേശം വന്ന് മുന്‍പറയപ്പെട്ടമട്ടില്‍ അഭവ+തസ് എന്നിരിക്കുമ്പോള്‍ തസ്ഥസ്ഥമിപാം താന്തന്താമഃ എന്ന സൂത്രത്താല്‍ തസ് എന്നതിന് താം എന്ന ആദേശം വന്ന് അഭവ+താം=അഭവതാം എന്ന രൂപം സിദ്ധിച്ചു.

ബഹുവചനത്തില്‍ ല് എന്നതിന് ഝി എന്ന ആദേശം വന്ന് അഭവ+ഝി എന്നിരിക്കെ ഝിയ്ക്ക് അന്തി ആദേശം വന്ന് അഭവ+അന്തി=അഭവ+അന്‍+ത്+ഇ എന്നും ഇതശ്ച എന്ന സൂത്രത്താല്‍ ഇകാരത്തിനും സംയോഗാന്തസ്യ ലോപഃ (8-2-23) എന്ന സൂത്രത്താല്‍ ത് എന്നതിനും ലോപം വന്ന് അഭവ+അന്‍=അഭവ്+അ+അന്‍ എന്നും രണ്ടകാരങ്ങള്‍ക്കും കൂടി ഒരു അകാരം വന്ന് അഭവ്+അന്‍=അഭവന്‍ എന്നും സിദ്ധമായി.

മദ്ധ്യമപുരുഷൈകവചനത്തില്‍ ല് എന്നതിന് സി എന്ന് ആദേശം വന്ന് അഭവ+സി=അഭവ+സ്+ഇ എന്നും ഇ എന്നതിന് ലോപം വന്ന് അഭവ+സ് എന്നും രുത്വവിസര്‍ഗ്ഗങ്ങള്‍ വന്ന് അഭവഃ എന്നും രൂപം സിദ്ധമായി.

മദ്ധ്യമപുരുഷദ്വിവചനത്തില്‍ ഥസ് ആദേശം വന്ന് അഭവ+ഥസ് എന്നും തസ്ഥസ്ഥമിപാംതാന്തന്താമഃ എന്ന സൂത്രത്താല്‍ ഥസ് എന്നതിന് തം ആദേശമായി വന്ന് അഭവ+തം=അഭവത എന്നും സിദ്ധമായി. മദ്ധ്യമപുരുഷ ബഹുവചനത്തില്‍ ‘ഘം’ എന്നതിന് ‘ത’ ആദേശം വന്ന് അവേത എന്നും രൂപം സിദ്ധിച്ചു.

ഉത്തമപുരുഷൈകവചനത്തില്‍ ല് എന്നതിന് മി എന്ന ആദേശം വന്ന് അഭവ+മി എന്നിരിക്കെ തസ്ഥസ്ഥമിപാം താന്തന്താമഃ എന്ന സൂത്രത്താല്‍ മി എന്നതിന് അമ് ആദേശം വന്ന് അഭവ+അമ്=അഭവ്+അ+അമ് എന്നും രണ്ടു അകാരങ്ങള്‍ക്കും കൂടി ഒരു അകാരം വന്ന് അഭവ്+അമ്=അഭവം എന്നും സിദ്ധിച്ചു.

ഉത്തമപുരുഷദ്വിവചനത്തില്‍ ല് എന്നതിന് വസ് വന്ന് അഭവ+വസ്=അഭവ്+അ+വസ് എന്നിരിക്കെ അതോദീര്‍ഘോയഞി എന്ന സൂത്രത്താല്‍ അ എന്നത് ആ എന്നു ദീര്‍ഘമായി വന്നു അഭവ്+ആ+വസ് എന്നും നിത്യംങിതഃ എന്ന സൂത്രത്താല്‍ സ് എന്നതിനു ലോപം വന്ന് അഭവ്+ആ+വ=അഭവാവ എന്നും സിദ്ധിച്ചു.

ടി ബഹുവചനത്തില്‍ മസ് ആദേശമായി വന്ന് മുമ്പുപറഞ്ഞതുപോലെ ദീര്‍ഘവും സകാരലോപവും വന്ന് അഭവ്+ആ+മ=അഭവാമ എന്ന രൂപം സിദ്ധിച്ചു.

വിധിനിമന്ത്രണാമന്ത്രണാധീഷ്ഠസംപ്രശ്‌നപ്രാര്‍ത്ഥനേഷുലിങ് (3-3-161). വിധി=പ്രേരണം അതായത് ഉത്തരം കൊടുക്കുന്നത് അല്ലെങ്കില്‍ കടമപ്പെടുത്തുന്നത്, നിമന്ത്രണം = നിയോഗകരണം അതായതു വൈദിക കര്‍മ്മങ്ങളില്‍ ക്ഷണിക്കുന്നത്, ആമന്ത്രണം=കാമചാരാനുജ്ഞ അതായതു ഇഷ്ടം ചെയ്തുകൊള്ളുന്നതിനു അനുവാദം കൊടുക്കുക. അധീഷ്ഠം=സത്കാരപൂര്‍വ്വകമായിരിക്കുന്ന വ്യാപാരം. അതായതു മഹാന്മാരുടെ അടുത്തു വേണ്ടതുപോലെ ഉപചരിക്ക, സംപ്രശ്‌നം=വിതര്‍ക്കം അതായത് ചെയ്യണമോ ചെയ്യേണ്ടയോ എന്നു മുന്‍കൂട്ടി വിചാരിക്കുക, പ്രാര്‍ത്ഥനം=അപേക്ഷിക്കുക, ഈ അര്‍ത്ഥങ്ങള്‍ ദ്യോത്യങ്ങളായോ വാച്യങ്ങളായോ ഇരിക്കുമ്പോള്‍ ലിങ് ഉപയോഗപ്പെടും.

ഭൂ+ലിങ് എന്നിരിക്കെ ഭൂ+ല്+ഇങ് എന്നു വിഭാഗിച്ചതിനുശേഷം ഇങ് ഇത്താകയാല്‍ ലോപിച്ചുപോയി ഭൂ+ല് എന്നു മാത്രമുണ്ട്. ല് എന്നതിന് തി എന്ന ആദേശം വന്ന് ലട്ടില്‍ പറയപ്പെട്ടതുപോലെ ഭവ+തി എന്നാക്കിയപ്പോള്‍ യാസുട്പരസ്‌മൈപദേഷൂദാത്തോങിച്ച (3-4-103) എന്ന സൂത്രത്താല്‍ തി എന്നതിന്റെ ആദ്യാവയവമായിട്ട് യാസ് എന്ന ഒരു ആഗമം വന്നു ഭവ+യാസ്+തി എന്നും സുട്തിഥോഃ (3-4-10) എന്ന സൂത്രത്താല്‍ യാസ് എന്നതിന്റെയും തി എന്നതിന്റെയും നടുവിലായിട്ട് സ് എന്നൊരു ആഗമം വന്നു ഭവ+യാസ്+സ്+തി എന്നും ലിങസ്സലോപോനന്ത്യസ്യ (7-2-79) എന്ന സൂത്രത്താല്‍ സ് രണ്ടുകള്‍ക്കും ലോപം വന്നു ഭവ+യാ+തി എന്നും അതോയേയഃ (7-2-80) എന്ന സൂത്രത്താല്‍ യാ എന്നതിന് ഇയ് എന്നൊരു ആദേശം വന്നു ഭവ+ഇയ്+തി=ഭവ്+അ+ഇയ്+തി എന്നും ആദ്ഗുണഃ എന്ന സൂത്രത്താല്‍ അ, ഇ എന്നിവ രണ്ടിനും കൂടി ഏകാരം ഏകാദേശമായി വന്ന് ഭവ്+ഏയ്+തി=ഭവേയ്+തി എന്നും ലോപോവ്യോര്‍വലി (6-1-76) എന്ന സൂത്രത്താല്‍ യ് എന്നതിനു ലോപം വന്ന് ഭവേ+തി=ഭവേ+ത്+ഇ എന്നും ഇതശ്ച എന്ന സൂത്രത്താല്‍ ഇ എന്നതിനു ലോപം വന്ന് ഭവേ+ത്=ഭവേത് എന്നും സിദ്ധിച്ചു.

പ്രഥമപുരുഷദ്വിവചനത്തില്‍ ല് എന്നതിന് തസ് ആദേശം വന്ന് ഭൂ+തസ് എന്നും തസ്ഥസ്ഥമിപാംതാന്തന്താമഃ എന്ന സൂത്രത്താല്‍ തസ് എന്നതിനു താം എന്ന ആദേശം വന്ന് ഭൂ+താം എന്നും മുന്‍പ്രകരണത്തില്‍ പ്രക്രിയചെയ്തതുപോലെ ഭവേ+താം എന്നും യ് എന്നതിനു ലോപം വന്ന് ഭവേ+താം=ഭവേതാം എന്നും സിദ്ധിച്ചു.

പ്രഥമപുരുഷ ബഹുവചനത്തില്‍ ഝി എന്ന ആദേശം വച്ച് ഭൂ+ഝി എന്നും ഝേര്‍ജുസ് (3-4-100) എന്ന സൂത്രത്താല്‍ ഝി എന്നതിന് ഉസ് (ജ്) എന്നതിന് ചുടൂ (1-3-7) എന്ന സൂത്രം കൊണ്ട് ലോപം വന്നു.) ആദേശം വന്നു ഭൂ+ഉസ് എന്നും മുന്‍പോലെ ഭവേ+ഉസ് എന്നും രുത്വ വിസര്‍ഗ്ഗങ്ങള്‍ വന്ന് ഭവേയുഃ എന്നും സിദ്ധിച്ചു.

മദ്ധ്യമപുരുഷൈകവചനത്തില്‍ സി ആദേശം വന്ന് ഭൂ+സി എന്നും മുന്‍പോലെ ഭവേയ്+സി എന്നും യ് എന്നതിനു ലോപം വന്ന് ഭവേ+സി എന്നും സി പ്രത്യയത്തിലുള്ള ഇകാരം ലോപിച്ചു ഭവേ+സ് എന്നും രുത്വവിസര്‍ഗ്ഗങ്ങള്‍ വന്ന് ഭവേഃ എന്നും രൂപം സിദ്ധിച്ചു.

മദ്ധ്യമപുരുഷദ്വിവചനത്തില്‍ തസ്ഥസ്ഥമിപാം താന്തന്താമഃ എന്ന സൂത്രത്താല്‍ തസ് എന്നതിനു തം ആദേശമായി വന്നു ഭൂ+തം എന്നും മുന്‍പോലെ ഭവേ+തം ഭവേതം എന്നും സിദ്ധിച്ചു.

ബഹുവചനത്തില്‍ തസ്ഥസ്ഥമിപാംതാന്തന്താമഃ എന്ന സൂത്രത്താല്‍ ഥ എന്നതിനു ത എന്നത് ആദേശമായി വന്നു മുന്‍പ്രകാരം ഭവേ+ത=ഭവേത എന്നു സിദ്ധിച്ചു.

ഉത്തമപുരുഷൈകവചനത്തില്‍ മി ആദേശം വന്ന് തസ്ഥസ്ഥമിപാംതാന്തന്താമഃ എന്ന സൂത്രത്താല്‍ മി എന്നതിന് അമ് ആദേശം വന്ന് ഭൂ+അമ് എന്നിരിക്കെ മുന്‍ പ്രക്രിയപോലെ ഭവേ+അമ്+ഭവേയം എന്നു സിദ്ധിച്ചു.

ഉത്തമപുരുഷദ്വിവചനത്തില്‍ വസ് ആദേശം വന്ന് മുന്‍പറഞ്ഞതുപോലെ ഭവേ+വസ് എന്നിരിക്കെ നിത്യംങിതഃ എന്ന സൂത്രത്താല്‍ സ് എന്നതിന് ലോപം വന്ന് ഭവേ+വ+ഭവേവ എന്നു സിദ്ധമായി.

ഉത്തമപുരുഷബഹുവചനത്തില്‍ മസ് ആദേശം വന്ന് മുന്‍പോലെ ഭവേ+മസ് എന്നിരിക്കെ സ് എന്നതുലോപിച്ച് ഭവേ+മ+ഭവേമ എന്ന രൂപം സിദ്ധിച്ചു.

ലിങ് ആശിഷി (3-4-116), കിദാശിഷി (3-4-104) ഈ സൂത്രങ്ങളാല്‍ ആശിഷ്‌ലിങില്‍ മുന്‍പറഞ്ഞ ലിപികളില്‍ ചിലവ വരികയില്ല. എങ്ങനെയെന്നാല്‍ ആശീര്‍വാദത്തെ കാട്ടുമ്പോള്‍ ഭൂ+ലിങ് എന്നിരിക്കെ ഇങ് ഇത്താകയാല്‍ ലോപിച്ചുപോയിട്ട് ശേഷിച്ചതായ ല് എന്നതുചേരുമ്പോള്‍ ഭൂ+ല് എന്നും അതിന് ആദേശമായി തി എന്ന പ്രത്യയം വന്നു ഭൂ+തി എന്നും യാസുട്പരസ്‌മൈപദേഷൂദാത്തോ ങിച്ച എന്ന സൂത്രത്താല്‍ യാസ് എന്ന ആഗമം തി എന്നതിനു മുന്‍പായി വന്നു ഭൂ+യാസ്+തി എന്നും സുട്തിഥോഃ എന്ന സൂത്രത്താല്‍ യാസ് എന്നതിനും തി എന്നതിനും ഇടയ്ക്കായിട്ട് സ് എന്ന ആഗമം വന്നു ഭൂ+യാസ്+സ്+തി എന്നും ഭൂയാസ്+സ്+ത്+ഇ എന്നിടത്തു ‘ഇതശ്ച’ എന്ന സൂത്രത്താല്‍ ഇകാരം ലോപിച്ച് ഭൂയാസ്+സ്+ത് എന്നും സ്‌കോഃ സംയോഗാദ്യോരന്തേച (8-2-29) എന്ന സൂത്രത്താല്‍ യാസ് എന്നതിലെ സ് എന്നുള്ളതും മറ്റേ സ് എന്നുള്ളതും ലോപിച്ച് ഭൂ+യാ+ത്=ഭൂയാത് എന്നും സിദ്ധം.

പ്രഥമപുരുഷദ്വിവചനത്തില്‍ തസ് ആദേശം വന്ന് മുന്‍ പ്രസ്താവിച്ചതുപോലെ ഭൂ+യാസ്+സ്+തസ് മുതലായവ ചേര്‍ന്ന ശേഷം ആദ്യത്തെ സ് എന്നതിനു ലോപം വന്ന് ഭൂയാ+സ്+തസ് എന്നിരിക്കെ തസ്ഥസ്ഥമിപാംതാന്തന്താമഃ എന്ന സൂത്രത്താല്‍ തസ് എന്നതിന് താം ആദേശം വന്ന് ഭൂയാസ്+താം=ഭൂയാസ്താം എന്ന രൂപം സിദ്ധിച്ചു.

ടി ബഹുവചനത്തില്‍ ഝേര്‍ജുസ് എന്ന സൂത്രത്താല്‍ ഝി എന്നതിന് ഉസ് ആദേശം വന്ന് ഭൂ+ഉസ് എന്നിരിക്കെ യാസ് എന്നത് ഉസ് എന്നതിനു മുന്‍പായി വന്നു ഭൂ+യാസ്+ഉസ്=ഭൂയാസുസ് എന്നും രുത്വ വിസര്‍ഗ്ഗങ്ങള്‍ വന്ന് ഭൂയാസുഃ എന്നും സിദ്ധിച്ചു.

മധ്യമപുരുഷൈകവചനത്തില്‍ സി ആദേശം വന്ന് ഭൂ+സി എന്നും മുന്‍ പ്രക്രിയപോലെ ഭൂയാസ്+സി=ഭൂയാസ്+സ്+ഇ എന്നിരിക്കുമ്പോള്‍ ഇ എന്നതിനു ലോപം വന്ന് ഭൂയാസ്+സ് എന്നും ആദ്യത്തെ സ് എന്നതിനു ലോപം വന്ന് ഭൂയാ+സ് എന്നും രുത്വ വിസര്‍ഗ്ഗങ്ങള്‍ വന്ന് ഭൂയാഃ എന്നും സിദ്ധിച്ചു.

മധ്യമപുരുഷദ്വിവചനത്തില്‍ ഥസ് ആദേശം വന്ന് തസ്ഥസ്ഥമിപാം താന്തന്താമഃ എന്ന സൂത്രത്താല്‍ ഥസ് എന്നതിന് താം ആദേശമായി വന്ന് ഭൂ+തം എന്നും പ്രഥമപുരുഷ ദ്വിവചനത്തിലെ പ്രക്രിയപോലെ ഭൂയാസ്+തം=ഭൂയാസ്തം എന്നും സിദ്ധിച്ചു. ബഹുവചനത്തില്‍ ഥ ആദേശമായി വന്ന് തസ്ഥസ്ഥമിപാം താന്തന്താമഃ എന്ന സൂത്രത്താല്‍ ഥ എന്നതിന് ത ആദേശമായി വന്ന് ഭൂയാസ്+ത=ഭൂയാസ്ത എന്നും സിദ്ധിച്ചു.

ഉത്തമപുരുഷൈകവചനത്തില്‍ മി ആദേശം വന്ന് മി എന്നതിന് അമ് ആദേശം വന്ന് പ്രഥമപുരുഷ ബഹുവചനത്തിലെ പോലെ ഭൂയാസ്+അമ്=ഭൂയാസം എന്നു സിദ്ധമായി.

ഉത്തമപുരുഷ ദ്വിവചനത്തില്‍ വസ് ആദേശം വന്ന് ഏകവചനത്തില്‍പോലെ ഭൂയാസ്+വസ് എന്നിരിക്കെ നിത്യംങിതഃ എന്ന സൂത്രത്താല്‍ വസ് എന്നതിലെ സകാരം ലോപിച്ച് ഭൂയാസ്+വ=ഭൂയാസ്വ എന്നും രൂപം സിദ്ധിച്ചു.

ടി ബഹുവചനത്തിന് മുമ്പ് ആദേശം വന്ന് ഭൂയാസ്+മസ് എന്നിരിക്കെ സകാരം ലോപിച്ച് ഭൂയാസ്+മ=ഭൂയാസ്മ എന്ന രൂപം സിദ്ധമായി.

ലുങ് (3-2-11) ഭൂതാര്‍ത്ഥ വൃത്തിയായിരിക്കുന്ന ധാതുവിന് അതായത് ലിട്, ലങ്, ഇതുകളില്‍ പറയപ്പെട്ട വിശേഷങ്ങള്‍ ഇല്ലാതെ ഇരിക്കുന്ന കാലത്തെ മാത്രം കുറിക്കുന്നിടത്തു ലുങ് വരും.

ഭൂ+ലുങ് എന്നിരിക്കെ ഉങ് ഇത്താകയാല്‍ ലോപിച്ചുപോയി ശേഷം ഭൂ+ല് എന്നിരിക്കെ ലുങ്‌ലങ്‌ലൃങ് ക്ഷ്വഡുദാത്തഃ എന്ന സൂത്രത്താല്‍ ഭൂ+ല് എന്നതിനു മുമ്പായി അ ചേര്‍ന്നു അഭൂ+ല് എന്നു ച്‌ലിലുങി എന്ന സൂത്രത്താല്‍ ഭൂ എന്നതിനും ല് എന്നതിനും ഇടയ്ക്കു ച്‌ലി വന്നു അഭൂ+ച്‌ലി+ല് എന്നും ച്‌ലേഃ സിച് (3-1-44) എന്ന സൂത്രത്താല്‍ ച്‌ലി എന്നതിനു ആദേശമായി സ് വന്ന് അഭൂ+സ്+തി എന്നും ഗാതിസ്ഥാഘൂപാഭൂഭ്യഃ സിചഃ പരസ്‌മൈപദേഷു (2-4-77) എന്ന സൂത്രത്താല്‍ സ് എന്നതിനു ലോപം വന്ന് അഭൂ+തി=അഭൂ+ത്+ഇ എന്നും ഇതശ്ച എന്ന സൂത്രത്താല്‍ ഇ എന്നതിനു ലോപം വന്ന് അഭു+ത്=അഭൂത് എന്നും സിദ്ധിച്ചു.

പ്രഥമപുരുഷദ്വിവചനത്തില്‍ തസ് ആദേശം വന്ന് തസ് എന്നതിനു താം ആദേശം വന്ന് മുന്‍ പ്രക്രിയപോലെ അഭൂ+താം=അഭൂതാം എന്നായി.

ബഹുവചനത്തില്‍ ഝി ആദേശം വന്ന് ഝിയ്ക്ക് അന്തി എന്ന ആദേശം വന്ന് മുന്‍പോലെ അഭൂ+അന്തി എന്നും ഭൂവോവുഗ്‌ലുങ്‌ലിടോഃ എന്ന സൂത്രത്താല്‍ ഭൂ എന്നതിനു പിന്‍പായി വ് എന്ന ആഗമം ചേര്‍ന്ന് അഭൂ+വ്+അന്തി=അഭൂവ്+അന്‍+ത്+ഇ എന്നും ത്, ഇ ഈ രണ്ടുകള്‍ക്കും ലങ് പ്രക്രിയയില്‍ വിവരിച്ച വിധത്തില്‍ ലോപം വന്ന് അഭൂവ്+അന്‍=അഭൂവന്‍ എന്നും സിദ്ധിച്ചു.

മദ്ധ്യമപുരുഷൈകവചനത്തില്‍ സി ആദേശം വന്ന് മുന്‍പറഞ്ഞപ്രകാരം അഭു+സ്+ഇ എന്നിരിക്കെ ഇകാരത്തിനു ലോപവും രുത്വവിസര്‍ഗങ്ങളും വന്ന് അഭൂഃ എന്നു സിദ്ധിച്ചു.

മദ്ധ്യമപുരുഷ ദ്വിവചനത്തില്‍ ഥസ് ആദേശം വന്ന് ഥസ് എന്നതിന് തം ആദേശം വന്ന് അഭൂ+തം=അഭൂതം എന്നു സിദ്ധിച്ചു.

ബഹുവചനത്തില്‍ ഥ എന്ന ആദേശം വന്ന് അതിനു ത ആദേശം വന്ന് അഭൂ+ത=അഭുത എന്നു രൂപം സിദ്ധിച്ചു.

ഉത്തമ പുരുഷൈകവചനത്തില്‍ മി ആദേശം വന്ന് അതിന് അമ് ആദേശം വന്ന് അഭൂ+അമ് എന്നിരിക്കെ ഭൂ+അയ് എന്നതിന് വ് എന്ന ആഗമം ചേര്‍ത്ത് അഭൂ+വ്+അമ്=അഭൂവം എന്നു സിദ്ധിച്ചു.

ഉത്തമപുരുഷ ദ്വിവചനത്തില്‍ വസ് ആദേശം വന്ന് ആഭൂ+വസ് എന്നിരിക്കെ സ് എന്നതിന് ലോപം വന്ന് അഭൂ+വ=അഭൂവ എന്ന രൂപം സിദ്ധിച്ചു.

ഉത്തമപുരുഷ ബഹുവചനത്തില്‍ മസ് ആദേശം വന്ന് അഭൂ+മസ് എന്നിരിക്കെ സ എന്നതിന് ലോപം വന്ന് അഭൂ+മ=അഭൂമ എന്ന രൂപം സിദ്ധിച്ചു.

ലിങ് നിമിത്തേ ലൃങ് ക്രിയാതിപത്തൗ (3-3-139) ലിങ് നിമിത്തം, ഹേതുമത്ഭാവാദി (അതു ഭവിക്കുമെങ്കില്‍ ഇതുഭവിക്കും എന്നുള്ള) ഭവിഷ്യദര്‍ത്ഥങ്ങളില്‍ ലൃങ്‌വരും. ക്രിയ ഉണ്ടാകാതെ ഇരിക്കുമ്പോള്‍ അതായത് കാരണകാര്യങ്ങള്‍ രണ്ടും ഇല്ലാത്തിടത്തില്‍ അക്കാരണമിരുന്നെങ്കില്‍ ഇക്കാര്യമുണ്ടായേനെ (ഉണ്ടാകുമായിരുന്നു) എന്നു ചൊല്ലുന്നതിന് ലൃങ് ഉപയോഗപ്പെടും. ഭൂ+ലൃങ് എന്നിരിക്കുമ്പോള്‍ ലൃങ് അടയാളമായിമാത്രമിരിക്കയാല്‍ ഇത്ത് എന്നുള്ള നാമത്തിന് അര്‍ഹമായി ലോപിച്ചുപോയി ശേഷം ല് എന്നുമാത്രം ഇരിക്കുന്നു. ഭൂ+ല് എന്നിരിക്കെ ഭൂ എന്നതിന്റെ മുമ്പായി അകാരം വന്നു അഭൂ+ല് എന്നും ല് എന്നതിനു തി ആദേശം വന്ന് അഭൂ+തി എന്നും സ്യതാസീലൃലുടോഃ എന്ന സൂത്രത്താല്‍ ഭൂ എന്നതിനും തി എന്നതിനും മധ്യത്തില്‍ സ്യ ആഗമം വന്ന് അഭൂ+സ്യ+തി എന്നും ആര്‍ധധാതുകസ്യേഡ്വലാദേഃ എന്ന സൂത്രത്താല്‍ സ്യ എന്നതിനു മുമ്പായി ഇ എന്ന ആഗമം വന്നു അഭൂ+ഇ+സ്യ+തി=അഭ്+ഊ+ഇ+സ്യ+തി എന്നും ഊ എന്നതിനു ഓ ആദേശം വന്ന് അഭൂ+ഓ+ഇ+സ്യ+തി എന്നും ഓ എന്നതിന് അവ് എന്ന ആദേശം വന്ന് അഭ്+അവ്+ഇ+സ്യ+തി എന്നും സ്യ എന്നതിലെ സകാരത്തിനു ഷകാരം വന്ന് അഭ്+അവ്+ഇ+ഷ്യ+തി എന്നും തി എന്ന പ്രത്യയത്തിലുള്ള ഇകാരത്തിനു ലോപം വന്ന് അഭ്+അവ്+ഇ+ഷ്യ+ത്=അഭവിഷ്യത് എന്നും രൂപം സിദ്ധിച്ചു.

പ്രഥമപുരുഷദ്വിവചനത്തില്‍ തസ് ആദേശം വന്ന് തസ് എന്നതിന് താം ആദേശം വന്ന് മുന്‍പറഞ്ഞ വിധത്തില്‍ അഭവിഷ്യതാം എന്നു സിദ്ധിച്ചു.

ബഹുവചനത്തില്‍ ഝി ആദേശം വന്ന് ഝി എന്നതിനു അന്തി എന്ന ആദേശം വന്നു മുന്‍പ്രകാരം അഭവിഷ്യ+അന്തി=അഭവിഷ്+യ്+അ+അന്തി എന്നും അ, അ ഇവ രണ്ടിനും കൂടി ആദേശമായി ഒരു അകാരം വന്ന് അഭവിഷ്+യ്+അന്തി=അഭവിഷ്+യ്+അന്‍+ത്+യ് എന്നും ത് ഇ ഇവ രണ്ടിനും ലോപം വന്നു അഭവിഷ്+യ്+അന്‍=അഭവിഷ്യന്‍ എന്നും രൂപം സിദ്ധിച്ചു.

മദ്ധ്യമപുരുഷൈകവചനത്തില്‍ സി എന്ന ആദേശം വന്ന് അഭവിഷ്യ+സി=അഭവിഷ്യ+സ്+ഇ എന്നിരിക്കെ ഇ എന്നതിന് ലോപം വന്ന് അഭവിഷ്യ+സ് എന്നും രുത്വ വിസര്‍ഗ്ഗങ്ങള്‍ വന്ന് അഭവിഷ്യഃ എന്നും രൂപം ഉണ്ടായി.

മദ്ധ്യമപുരുഷ ദ്വിവചനത്തില്‍ ഥസ് ആദേശവും അതിനു തം ആദേശവും വന്ന് അഭവിഷ്യ+തം=അഭവിഷ്യതം എന്ന രൂപം സിദ്ധിച്ചു.

ബഹുവചനത്തില്‍ ല് എന്നതിന് ഥ എന്നും ഥ എന്നതിന് ത എന്നും ആദേശങ്ങള്‍ വന്ന് അഭവിഷ്യ+ത=അഭവിഷ്യത എന്ന രൂപം സിദ്ധിച്ചു.

ഉത്തമപുരുഷൈകവചനത്തില്‍ ല് എന്നതിന് മി എന്നും മി എന്നതിന് അമ് എന്നും ആദേശങ്ങള്‍ വന്ന് അഭവിഷ്യ+അമ്=അഭവിഷ്+യ്+അ+അം എന്നിരിക്കെ അ, അ എന്നുള്ള രണ്ടിനും കൂടി ഒരു അകാരം ആദേശമായി വന്ന് അഭവിഷ്+യ്+അമ്=അഭവിഷ്യം എന്ന രൂപം സിദ്ധിച്ചു.

ഉത്തമപുരുഷദ്വിവചനത്തില്‍ ല് എന്നതിന് വസ് ആദേശം വന്ന് അഭവിഷ്യ+വസ് എന്നിരിക്കെ അഭവിഷ്യ എന്നതിലെ അന്ത്യമായ അകാരത്തിന് അതോദീര്‍ഘോയഞി എന്ന സൂത്രത്താല്‍ ദീര്‍ഘം വന്ന് അഭവിഷ്യാ+വസ് എന്നും നിത്യംങിത എന്ന സൂത്രത്താല്‍ സകാരലോപം വന്ന് അഭവിഷ്യാ+വ=അഭവിഷ്യാവ എന്നും രൂപം സിദ്ധമായി.

ഉത്തമപുരുഷ ബഹുവചനത്തില്‍ ല് എന്നതിന് മസ് ആദേശം വന്ന് മുന്‍ ക്രിയയനുസരിച്ച് ദീര്‍ഘവും സകാരലോപവും വന്ന് അഭവിഷ്യാമ എന്നു സിദ്ധമായി.