കേരളത്തിലെ ദേശനാമങ്ങള്‍

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘കേരളത്തിലെ ദേശനാമങ്ങള്‍’ എന്ന കൃതിയില്‍ നിന്ന്

വിദേശീയരുടെ ആഗമനത്താല്‍ ഭാരതത്തിലെ മിക്കദേശങ്ങളിലേയും നാമങ്ങളെ മാറ്റി പുതിയ പേരുകള്‍ കൊടുത്തിണ്ടുന്നെന്നു കാണാവുന്നതാണ്. ഇതുപോലെ ഭാരതഖണ്ഡത്തിന്റെ തെക്കേ അറ്റ ത്തുള്ള മലയാളദേശത്തിലും എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നു നോക്കാം:-

പരദേശികളുടെ വരവു ഹേതുവായിട്ടു നാമങ്ങള്‍ പലവിധ ത്തിലും ഭേദപ്പെട്ടിട്ടുണ്ടെന്നുള്ളതിനു സാധാരണനടപ്പുള്ളവയില്‍ നിന്നും ഒരു ഉദാഹരണം കാണിക്കാം. ഇവിടെ കിഴക്കെന്നും, മേക്കെന്നുമാണല്ലോ പൂര്‍വപശ്ചിമദിക്കുകള്‍ക്കു പറഞ്ഞുവരുന്നത്. കിഴക്കു. മേക്ക് ഈ വാക്കുകള്‍ തമിഴു ഭാഷയില്‍ പെട്ടതാണ്. കിഴക്കെന്നുള്ളത്, കീഴ് എന്നുള്ളതില്‍ നിന്നും മേക്കുമേല്‍ എന്നുള്ളതില്‍ നിന്നും ഉണ്ടായവയാകുന്നു. പര്‍വതത്തിന് കിഴക്കായി സ്ഥിതിചെയ്യുന്ന പാണ്ടിദേശത്തു സമുദ്രം കിടക്കുന്നതും സൂര്യന്‍ ഉദിക്കുന്നതുമായ ഭാഗം കിഴക്കും പര്‍വതഭാഗമായ മേല്‍ഭാഗം മേക്കുമാണ്. ഈ മുറയ്ക്കു മലയാളദേശത്തു പര്‍വതങ്ങളുടെ ഭാഗം മേല്‍ഭാഗവും സമുദ്രം കിടക്കുന്ന താഴ്ന്നഭാഗം കീഴ്ഭാഗവുമാണ്. നാം ഇപ്പോള്‍ പറഞ്ഞുവരുന്ന കിഴക്ക് എന്നുള്ള ഭാഗം നമുക്കു മേക്കും മേക്കെന്നുള്ള ഭാഗം നമുക്കു കിഴക്കുമാണ്. എന്നാല്‍ നാം പറഞ്ഞും ധരിച്ചും വരുന്നതു മേക്കിനെ കിഴക്കെന്നും, കിഴക്കിനെ മേക്കെന്നും വിപരീതമാക്കിയാണ്. ഇതു പാണ്ടിക്കാരോടു നമുക്കുള്ള അധിസംസര്‍ഗ്ഗം ഹേതുവായിട്ടു വന്നു പോയതായിരിക്കണം. (ഈ അഭിപ്രായത്തോട് കാള്‍ഡ്വല്‍തന്നെ യോജിക്കുന്നുണ്ട്. സ:പ: )ഇവിടെ പണ്ടുപണ്ടേ നടപ്പുളള പേര് ഉഞ്ഞാറ്, പടിഞ്ഞാറ് എന്നാകുന്നു. ഉഞ്ഞാറ് = ഉയര്‍ + ഞാര്‍; ഉയര്‍ = ഉയരുന്ന സ്ഥലം; ഞാര്‍ = ഞായര്‍ സൂര്യന്‍. അതായതു സൂര്യന്‍ ഉദിച്ചുയരുന്ന ദിക്കെന്നും; പടിഞ്ഞാറ് = ഞായര്‍ പടിയുന്ന സൂര്യന്‍ പടിയുന്ന; താഴുന്ന സ്ഥലം എന്നും; സൂര്യന്‍ അസ്തമിക്കുന്ന എടമെന്നും താല്‍പര്യം.

‘ഉഞ്ഞാറ്റുവരയെ നീങ്കി ഉയിരിളം പതിമേനി”എന്ന തമിഴു പാടലില്‍ പടിഞ്ഞാറ് എന്നുള്ളത് പ്രസിദ്ധമാണല്ലോ.

മറ്റുരാജ്യങ്ങളിലെന്നപോലെ മലയാളത്തും ഒരു ദേശീയഭാഷയുണ്ട്. തമിഴിന്റെ വകഭേദമായ ഒരു ഭാഷയാണ് ഇവിടുത്തെ മലയാളഭാഷ. ഈ നാട്ടിലുള്ള മിക്ക നാമങ്ങളും ഈ ഭാഷയില്‍ത്തന്നെ ആയിരിക്കണം. അജ്ഞതയാലോ മറ്റോ പല നാമങ്ങളേയും ഇപ്പോള്‍ സംസ്‌കൃതഭാഷാപദങ്ങളും കലര്‍ത്തി ദുര്‍വ്യാഖ്യാനങ്ങള്‍ ചെയ്തിട്ടുള്ളതായി കാണാം. സ്ഥലനാമങ്ങളുടെ ഉത്ഭവം മൂന്നുവിധത്തില്‍ സംഭവിക്കാവുന്നതാണ്. ആദ്യമായി ഭൂമിയുടെ കിടപ്പും ഗുണവും അനുസരിച്ചും, രണ്ടാമതു പ്രഭുക്കളുടെ സ്ഥാനമാനങ്ങളെ ആശ്രയിച്ചും, മൂന്നാമതു ക്ഷേത്രദേവനാമങ്ങളെ ആശ്രയിച്ചും ആകുന്നു. ഇതില്‍ രണ്ടാമത്തെ രീതിയനുസരിച്ച് അന്യദേശപ്രഭുക്കന്മാരുടെ നാമങ്ങള്‍കൂടി പലസ്ഥലങ്ങളിലുമിപ്പോള്‍ നടപ്പിലായിട്ടുണ്ട്.

ഒരു വാക്കിനു പല അര്‍ത്ഥങ്ങളും കാണുന്നതുകൊണ്ട് ഒരു സ്ഥലത്തിന്റെ നാമം ശരിയാണോ എന്നു നിശ്ചയിക്കുന്നതിന് ആ സ്ഥലത്തെ പരിശോധിക്കേണ്ടി വന്നേക്കും. അതുകൊണ്ട് ഇവിടെ എഴുതാന്‍ തുടങ്ങുന്ന സ്ഥലങ്ങള്‍ക്ക് വല്ല വ്യത്യാസവും വന്നാല്‍ ക്ഷന്തവ്യമാണ്. കൂടാതെ ഈ പേരുകള്‍ ഉണ്ടായിട്ടുള്ളതു വളരെകാലത്തിനുമുമ്പാണ്. കാലംകൊണ്ടു ഭൂസ്ഥിതിക്കു വ്യത്യാസം വരാവുന്നതിനാല്‍ ഇപ്പോളുള്ള പരിശോധനകൊണ്ടു വലിയ പ്രയോജമനില്ല. ചില ദേശനാമങ്ങളെ അടിയില്‍ കുറിക്കുന്നു.

കന്യാകുമാരി – ദുര്‍ഗ്ഗാക്ഷേത്രംകൊണ്ടുണ്ടായ പേര്‍. കുമാരി എന്ന വാക്കിന് സപ്തനദികളില്‍ ഒന്നെന്നുള്ള അര്‍ത്ഥവും കൂടി കാണുന്നു.

മരുത്വാന്‍മല – അധികം കാറ്റുള്ള മല. ശിവസിന്ധുപുരം എന്നുള്ളതു ഉച്ചാരണദാര്‍ഢ്യത്താല്‍ ലോപിച്ച് ചിവേന്തരം എന്നായി. ഇതിനെ സംസ്‌കൃതപണ്ഡിതന്മാര്‍ ശുചീന്ദ്രം’എന്നാക്കി, ഇന്ദ്രന്‍ ശുചിയായ ഇടം എന്നും മറ്റും തെറ്റായി വ്യാഖ്യാനിക്കുന്നു.

തിരുവന്തപുരത്തിന് തെക്കു ‘തേരോ, ചെവന്തരമോ തേജാഞ്ചി കോപുരമോ’ ഇപ്രകാരം സ്ത്രീകള്‍ താരാട്ട് ചൊല്ലാറുണ്ട്. മലനല്ലൂര്‍ – മലൈനങ്കൂര്‍ – മലങ്കുര്‍.

ഇരണിയല്‍ – സമുദ്രത്തിന് സമീപമായി സ്ഥിതിചെയ്യുന്നതും ചതുപ്പുനിലം ഉള്ളതുമായ പ്രദേശം. ഒരു കാലത്തു ഇവിടെ വല്ല കോട്ടയും സ്ഥിതിചെയ്തിരുന്നാലും ഈ പേര്‍ പറയാവുന്നതാണ്.

കല്‍ക്കുളം – കല്‍പ്രദേശം.

വിളവങ്കോട് – വിളൈവന്‍ കോട്; വിളനിലവും വലിയ കുന്നുമുള്ള പ്രദേശം.

തിരുവട്ടാര്‍ – ഈ സ്ഥലത്തെ ചുറ്റി നദിയൊഴുകുന്നുണ്ട്. തിരുവെന്നത് ശ്രീ എന്ന അര്‍ത്ഥത്തില്‍ ക്ഷേത്രത്തെക്കുറിക്കുന്നു.

നെയ്യാറ്റിന്‍കര – പുഴയുടെ കര. ഈ പുഴയ്ക്കു നെയ്യാറ് എന്നു പേര്‍. അതിലെ ജലത്തെ സംബന്ധിച്ചു വന്നതായിരിക്കാം.

തിരുവനന്തപുരം – ക്ഷേത്രംമൂലംവന്നപേര്‍.

നെടുമങ്ങാട് – നെടുവന്‍ കാട്.

ചിറയിന്‍കീഴ് – ചിറയുടെ കീഴ്ഭാഗം.

കോവളം – കോ = രാജാവ്, അളം = പ്രദേശം, കോവളം എന്ന പേരു ഉച്ചാരണദാര്‍ഢ്യത്താല്‍ ഭേദപ്പെട്ട് കൊല്ലം ആയിരിക്കണം.

പുനലൂര്‍ – പുനല്‍ + ഊര്‍; പുനല്‍ = നദി; ഊര്‍ = ദിക്ക്

കരുനാഗപ്പള്ളി – കരൈനാഗപ്പള്ളി. കര നായന്മാരുടെ ദിക്ക്.

കാര്‍ത്തികപ്പള്ളി – കാര്‍ത്തികേയന്റെ ക്ഷേത്രം.

മാവേലിക്കര – മാ + വേലൈ + കര = മാവേലിക്കര = മഹാസമുദ്രക്കര. ഒരു കാലത്തു സമുദ്രം ആ നാട്ടിന് സമീപം കിടന്നിരിക്കണം. വേലൈ + ഏറ്റം = വേലിയേറ്റം. ഇത്യാദികളിലെ അര്‍ത്ഥം സ്പഷ്ടമാണല്ലോ.

ചേര്‍ത്തല – ചേര്‍ത്തല = ചെളിക്കര. ഇപ്പോള്‍ സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന താഴ്ന്ന നാടുകളെല്ലാം കടല്‍ വെയ്പാണെന്നു കാണാവുന്നതാണ്.

ഏറ്റുമാനൂര്‍ – ഏറ്റുമാല്‍ + ഊര്‍ = ഏറ്റുമാല്‍ = വൃഷഭവാഹനനായ ശിവന്‍.

ഹരിപ്പാട് – അരുവിപ്പാട് = ചെറുതോട് ഉള്ള പ്രദേശം.

ആലുവാ – ആലപ്പുഴ – ആലങ്ങാട് ആലം = വെള്ളം. വളരെ വെള്ളം പരക്കുന്നിടം എന്നു അര്‍ത്ഥം.

കടുത്തുരുത്തി = കടല്‍തുരുത്ത്

കഠിനംകുളം – കടല്‍ + നന്‍ + കുളം = കടല്‍ നങ്കുളം = കടനംകുളം = കഠിനങ്കുളം.

കോഴിത്തോട്ടം – കോഴി = ഉറവുള്ള പ്രദേശം.

കൊടുങ്ങല്ലൂര്‍ – കൊടും കോലൂര്‍ ദണ്ഡനം ചെയ്യുന്ന സ്ഥലം. പണ്ടു കുറ്റവാളികളെ കൊണ്ടുപോയി ശിക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തിയിരുന്ന സ്ഥലം.

എറണാകുളം = ഇറൈ + നായര്‍ + കുളം. ഇറൈനായര്‍കുളം; ഇറനായര്‍കുളം = ഇറണാകുളം = എറണാകുളം.

കോടനാട് – കോട് + നാട് = കുന്നുള്ള പ്രദേശം.

താഴെ കാണിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെ നാമങ്ങള്‍ക്ക് ഇന്നത്തെ കാഴ്ചയില്‍ വല്ല വ്യത്യാസവും കാണുന്നതായാല്‍തന്നെയും പിശകായി വിചാരിക്കാവുന്നതല്ല. എന്തെന്നാല്‍ ഭൂമിക്കു പ്രകൃത്യാ ഉണ്ടാകുന്ന മാറ്റം തന്നെ പ്രധാന കാരണം. മനുഷ്യപ്രയത്‌നത്താലും ചില മാറ്റങ്ങള്‍ വരുത്താവുന്നതാണല്ലോ. ഉദാഹരണമായി കൊച്ചി എന്ന പദത്തെത്തന്നെ എടുക്കുക. ഇതിന്റെ ശരിയായ അര്‍ത്ഥം നിരൂപിക്കയാണെങ്കില്‍ കൊച്ചി എന്ന പേരു തുറമുഖത്തിനു മാത്രമേ യോജിക്കുകയുള്ളൂ. എന്നാല്‍, ഒരു രാജ്യം മുഴുവനും ഇപ്പോള്‍ നാം ഈ പേരു കൊണ്ടറിയുന്നു. കൂടാതെ മരുഭൂമിയായി കിടന്നിരുന്ന സ്ഥലങ്ങളെ കൃഷിചെയ്യത്തക്ക സ്ഥിതിയിലാക്കിയും പാഴുവൃക്ഷങ്ങളെ നശിപ്പിച്ചു പകരം ഉപയോഗപ്രദമായ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചും പല മാറ്റങ്ങള്‍ ചെയ്തുവരുന്നുണ്ടല്ലോ. അതുകൊണ്ടു ഇവിടെ പറയാന്‍പോകുന്ന പേരുകള്‍ ഉണ്ടായത് അന്നത്തെ കാലസ്ഥിതി അനുസരിച്ചായിരിക്കുമെന്നു കരുതേണ്ടതാണ്.

കാഞ്ഞൂര് = വള്ളിച്ചെടികള്‍ ഉണ്ടാകുന്ന സ്ഥലം.

കുമ്പളഞ്ഞി = ചെറുചെടികള്‍ വളരുന്ന പ്രദേശം.

തോപ്പുംപടി = വൃക്ഷക്കൂട്ടമുള്ള സ്ഥലത്തിന്റെ സമീപപ്രദേശം.

ഞാറയ്ക്കല്‍ = ഞാറ എന്ന ഫലവൃക്ഷം വളരുന്ന സ്ഥലം.

വെള്ളാങ്ങല്ലൂര്‍ = നല്ല വെളിപ്രദേശം.

ചാലക്കുടി = താണസ്ഥലത്തു കുടികള്‍ ഉള്ള ദേശം.

കവല = വഴികള്‍ തമ്മില്‍ ചേരുന്ന സ്ഥലം.

കുരിയാര്‍കുട്ടി = ചെറിയ ആറ് (പുഴ) ഉള്ള ദിക്ക്.

അടൂര്‍ = താണപ്രദേശം.

പുതുക്കാട് = പുതുതായി ഉണ്ടായ കാട്.
പാലപ്പിള്ളി = കള്ളിച്ചെടി, പാലമരം മുതലായവ ഉണ്ടാകുന്ന സ്ഥലത്തേയും കടല്‍ക്കരയേയും ഈ പേര്‍ വിളിക്കാം.

പറപ്പൂക്കര = (പരപ്പ് + ഊര്‍ + കര) പരന്ന കര പ്രദേശം.

കൊടകര = കുന്നുപ്രദേശം, കോട് = കുന്നു

പതിയാരം = ആഞ്ഞിലി, ചന്ദനം മുതലായ വൃക്ഷങ്ങള്‍ വളരുന്ന സ്ഥലം.

ചെറുതുരുത്തി = ചെറിയ ദ്വീപ്.

അഴീക്കോട് = സമുദ്രക്കര. അഴി (ആഴി) = സമുദ്രം. കര = കര.

കോട്ടപ്പുറം = കോട്ടയുടെ സമീപപ്രദേശം.

ചേലക്കര = ചേലമരം ഉണ്ടാകുന്ന സ്ഥലം.

അണ്ടിക്കടവ് = അടുത്ത കടവ് എന്നര്‍ത്ഥമുള്ള അണ്ടൈക്കടവ് എന്നുള്ളതായിരിക്കണം ശരിയായ പദം എന്നു തോന്നുന്നു.

അയ്യമ്പിള്ളി. പ്രഭുവിന്റെ പേരോ ദേവന്റെ പേരോ ആയിരിക്കും ഈ നാമത്തിന്റെ അടിസ്ഥാനം.

കോടശ്ശേരി = കുന്നും മലയും ഉള്ള പ്രദേശം.

അതിരപ്പള്ളി = അതൃത്തിസ്ഥലം.

എല്‍ത്തുരുത്തി = മൈതാനം പോലെ കിടക്കുന്ന ദ്വീപ്.

മുണ്ടൂര്‍ = കായലിന്നു സമീപമുള്ള ചെറിയ ഊര്‍ (ദിക്ക്)

വരൈയിന്‍ തീരപ്പള്ളി = വരന്തിരപ്പള്ളി = മലയുടെ തീര പ്രദേശം.

വരൈ = മല. തീരം = അരിക്, പള്ളി = ദേശം, ഊര്.

കുറിപ്പ്

ഈ ലേഖനം പഴയ ‘സദ്ഗുരു’ മാസികയുടെ ചില ലക്കങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഒറ്റവായനയ്ക്കു തന്നെഇതു പൂര്‍ണ്ണമല്ല എന്നു വ്യക്തമാവും. സ്ഥലങ്ങള്‍ക്കു പേരുണ്ടാകുന്ന പ്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ചും ഇവിടെ കൊടുത്തിട്ടുള്ളതില്‍ കൂടുതല്‍ സ്ഥനാമങ്ങളുടെ വ്യൂല്‍പത്തിയും സ്വാമികള്‍ പല ലേഖനങ്ങളായി പ്രതിപാദിച്ചിട്ടുണ്ടെന്നു ‘സദ്ഗുരു’ മാസികയില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും. പല ലേഖനങ്ങളും സ്വാമികള്‍ ‘അഗസ്ത്യന്‍’ എന്ന തൂലികാനാമം വെച്ചാണ് എഴുതിയത്. ‘കൊച്ചിയിലെ ചില സ്ഥലനാമങ്ങള്‍’ എന്ന പേരില്‍ ‘സദ്ഗുരു’വില്‍ വന്ന ഒരു ലേഖനവും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.