ക്രിസ്തുമതഛേദനം കൃത്യനിമിത്തം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം രണ്ട്

അല്ലയോ ക്രിസ്തീയപ്രസംഗികളെ!

യഹോവാ, ചിദചിദ്രൂപമായ ഈ ലോകത്തെ സൃഷ്ടിച്ചുവല്ലോ. കാര്യം കാരണത്തോടുകൂടിയത് എന്നല്ലയോ ന്യായം. ആ സ്ഥിതിക്ക് ഈ ലോകം കാര്യമാകയാല്‍ ഇതിനും നിമിത്തകാരണമായ പ്രയോജനം അപേക്ഷ്യമാകുന്നു. എന്തെന്നാല്‍ ആരെങ്കിലും എന്തെങ്കിലും ഒരു കാര്യത്തെ ഒരു നിമിത്തവും കൂടാതെ ചെയ്കയില്ല. ‘പ്രയോജനമനുദ്ദിശ്യ ന മന്ദോfപി പ്രവര്‍ത്തതേ’-പ്രയോജനത്തെ അപേക്ഷിക്കാതെ മന്ദനായുള്ളവന്‍പോലും ഒന്നുംതന്നെ പ്രവര്‍ത്തിക്കുകയില്ലാ. എന്നാല്‍ ആ പ്രയോജനം സ്വാര്‍ത്ഥമോ പരാര്‍ത്ഥമോ എന്നു നോക്കുമ്പോള്‍ (യശായാ 43 അ. 7-വാ) ഞാന്‍ അവനെ എന്റെ മഹത്വത്തിനായിട്ടു സൃഷ്ടിച്ചു എന്നു നിങ്ങളുടെ ബൈബിള്‍ പ്രമാണത്തില്‍ പറഞ്ഞിരിക്കകൊണ്ട് യഹോവായുടെ ഈ ലോകസൃഷ്ടി സ്വാര്‍ത്ഥമായിട്ടുതന്നെയെന്ന് തീര്‍ച്ചയാകുന്നു. അത്രയുമല്ല. സൃഷ്ടിക്കു മുമ്പേ ജീവന്മാരില്ലായിരുന്നു എന്നുള്ളത് നിങ്ങളുടെ മതത്തിന്റെ പരമസിദ്ധാന്തമാകയാല്‍ അന്യന്മാര്‍ നിമിത്തമെന്ന് കാണിക്കുന്നതിനു വഴിയും കാണുന്നില്ല. 1പാരിശേഷ്യയുക്തിയാല്‍ യഹോവാ തന്റെ നിമിത്തമായിട്ടുതന്നെ ലോകത്തെ സൃഷ്ടിച്ചു എന്നു സ്പഷ്ടമാകുന്നു.

യഹോവാ ആദ്യം ശുദ്ധജ്ഞാനമില്ലാതെ അജ്ഞാനബന്ധമുള്ളവരായിട്ടുതന്നെ രണ്ടു മനുഷ്യരെ സൃഷ്ടിക്കുകയും അവരുടെ സമീപത്തില്‍ ഉപയോഗമില്ലാത്ത ഒരു വൃക്ഷത്തെ വച്ചുണ്ടാക്കുകയും അതിന്റെ കനിയെ തിന്നുപോകരുതെന്ന ന്യായം കൂടാതെ ഒരു കല്പന അവര്‍ക്കു കൊടുക്കുകയും പിശാചിനെ നശിപ്പിച്ചുകളയുകയോ വിലക്കി നിറുത്തുകയോ ചെയ്യാതെ ഭൂമിയില്‍ ജീവന്മാരെ പരീക്ഷിക്കുന്നതിനായി ഏര്‍പ്പെടുത്തി വിടുകയും ആ ആദിമനുഷ്യര്‍ ബുദ്ധിമോഹത്താലും വിഷയേച്ഛയാലും പിശാചിന്റെ ദുര്‍ബ്ബോധനയാലും കല്പനയെ ലംഘിച്ചു പാപികളായിപ്പോകയും ചെയ്തു.

അനന്തരം വേറെ യാതൊരു മാര്‍ഗ്ഗവും നോക്കാതെ ആ പാപികളുടെ സന്താനരൂപമായിട്ടുതന്നെ പിന്നെയും സൃഷ്ടിക്കപ്പെട്ടതുകൊണ്ട് എല്ലാ ജീവന്മാരും പാപികളായിത്തീര്‍ന്നു. പാപികളുണ്ടായതുകൊണ്ട് അനുഗ്രഹവും അപേക്ഷിതമായി. അങ്ങനെ പാപികളുണ്ടായതിനു ഹേതുവാകയാല്‍ ഈ സൃഷ്ടി അനുഗ്രഹത്തിനു നിമിത്തമായും ഭവിച്ചു. പാപികള്‍ക്കു പരീക്ഷാരൂപമായിട്ട് മുക്ത്യുപായങ്ങള്‍ അറിയിക്കപ്പെട്ടു. ആ ഉപായങ്ങളോടു ചേര്‍ന്നവരെ ദേവനെ അനുസരിക്കുകയെന്ന ഗുണമുള്ള ശുദ്ധന്മാരെന്നും അല്ലാത്തവരെ ദൈവവിരോധഗുണമുള്ള അശുദ്ധന്മാരെന്നും അറിയുന്നതിനും ശുദ്ധന്മാര്‍ക്ക് പരലോകകാര്യങ്ങളെ ഉണര്‍ത്തുന്നതിനുമാണ് 2അഴിവോടുകൂടിയ ഭൂമിയില്‍ പാപികള്‍ക്ക് അധിവാസം നിയമിക്കപ്പെട്ടത്. അതുകൊണ്ട് ഈ വിധമുള്ള സ്ഥിതി (രക്ഷയും സ്ഥിതിയുടെ അനന്തരം സംഹാരവും അനുഗ്രഹനിമിത്തങ്ങളാകും.) മുക്തിയില്‍ ഇരിക്കുന്ന ശുദ്ധന്മാരെ ദേവോപചാരവൃത്തിയില്‍നിന്നും മാറിക്കളയാതിരിക്കത്തക്കവണ്ണം ദണ്ഡഭയം കൊടുക്കുന്നതിനാണ് അശുദ്ധന്മാരെ അഴിച്ചുവിടാതെ ദണ്ഡിപ്പിക്കുന്നതായ നിഗ്രഹം. അതുകൊണ്ട് നിഗ്രഹം, അനുഗ്രഹം നിലനില്‍ക്കുന്നതിലേക്കു നിമിത്തമാകും. ഇപ്രകാരം സൃഷ്ടിസ്ഥിതിസംഹാരം. നിഗ്രഹങ്ങള്‍ കൊണ്ട് നിറവേറ്റപ്പെട്ട അനുഗ്രഹമാണ് പ്രധാനകൃത്യം. ആ അനുഗ്രഹമേ ദേവോപചാരത്തിനു നിമിത്തമാകൂ. അതുകൊണ്ടു ദേവമഹിമ പ്രകാശിക്കും. ആകപ്പാടെ എല്ലാ കാര്യങ്ങള്‍കൊണ്ടും സംഭവിക്കുന്ന പരമപ്രയോജനം യഹോവയുടെ ആനന്ദാനുഭവംതന്നെ. ഇപ്രകാരം അനുഭവത്തെക്കൊണ്ടുനോക്കുമ്പോള്‍ സൃഷ്ടിയുടെ സ്വാര്‍ത്ഥകത്വം സ്പഷ്ടതയെത്തന്നെ പ്രാപിക്കുന്നു.

ജീവന്മാര്‍ തന്റെ മഹിമയെ അറിഞ്ഞു ഭയപ്പെട്ട് തന്നെ സ്തുതിച്ചു വണങ്ങുന്നതിനും തന്നിമിത്തം തന്റെ മഹിമ സംപ്രകാശിക്കുന്നതിനും വേണ്ടിയാണ് യഹോവാ ലോകത്തെ സൃഷ്ടിച്ചത്. ആകയാല്‍ സൃഷ്ടികാലത്തിനുമുമ്പ് തന്റെ മഹിമ പ്രകാശിക്കാതെയും അതു തനിക്ക് ഒരു കുറവായിട്ടുംതന്നെയിരുന്നു എന്നും, ആ കുറവിനെ നീക്കുന്നതിലേക്ക് കാംക്ഷിച്ചാണ് സൃഷ്ടിപ്പാന്‍ തുടങ്ങിയതെന്നും നിശ്ചയമാകുന്നു.

അതല്ല, തന്റെ മഹിമ മുമ്പേതന്നെ കുറവുകൂടാതെ സ്വയംപ്രകാശിച്ചിരുന്നു എങ്കില്‍ ആ മഹിമയെ വീണ്ടും പ്രകാശിപ്പിക്കുന്നതിനുവേണ്ടി ചെയ്യുന്ന പ്രവൃത്തി നിഷ്ഫലമാകുന്നു. ആ മഹിമയെ ജീവന്മാരില്‍ പ്രകാശിപ്പിക്കുന്നതിലേക്ക് പ്രവേശിച്ചിരുന്നു എങ്കില്‍ അതും തന്റെ നിമിത്തമാകയാല്‍ മുന്‍പറയപ്പെട്ട ദോഷം പറ്റും.

ജീവന്മാര്‍നിമിത്തം തന്നെ ജീവന്മാരില്‍ പ്രകാശിപ്പിപ്പാന്‍ തുടങ്ങി എങ്കില്‍ സൃഷ്ടിക്കുമുമ്പേ ജീവന്മാരില്ലാതിരുന്നതുകൊണ്ട് അതും വിരുദ്ധംതന്നെ.

തന്നാല്‍ സൃഷ്ടിക്കപ്പെടുവാന്‍പോകുന്ന ജീവന്മാരില്‍ തന്റെ മഹിമയെ പ്രകാശിപ്പിക്കണമെന്നായിരുന്നു എങ്കില്‍ സൃഷ്ടിപ്പ് പ്രകാശിപ്പിന്നും, പ്രകാശിപ്പു സൃഷ്ടിപ്പിന്നും, നിമിത്തമെന്നു വരികയാല്‍ 3അന്യോന്യാശ്രയമെന്ന ദോഷത്തിനു സംഗതിയാകും.

മുമ്പിനാലെ പ്രകാശിച്ചുതന്നെയിരുന്നു എങ്കിലും, തന്നെയനുഭവിക്കുന്നതിലേക്ക് ആരുമില്ലാതെയിരുന്നതുകൊണ്ട് ഉപയോഗപ്പെടാതെ വൃഥാ കിടന്ന ആ മഹിമയെ അനുഭവിപ്പിക്കുന്നതിനുവേണ്ടിയാണ് ജീവന്മാരെ സൃഷ്ടിച്ചതെങ്കില്‍ തന്റെ മഹിമയക്കു താന്‍തന്നെ ഭോക്താവായിരിക്കെ മേല്‍പ്രകാരം വൃഥാ കിടന്നു എന്നുള്ളത് യുക്തമാകുന്നില്ല. ജീവന്മാരില്ലാതിരുന്നതുകൊണ്ട് താന്‍ തന്റെ മഹിമയെ അവരെ അനുഭവിപ്പിക്കുകയും വേണ്ട. വേണമെങ്കില്‍ അനുഭവിപ്പിക്കണമെന്നുള്ളത് സൃഷ്ടിക്കണമെന്നുള്ളതിന്നും നിമിത്തം എന്നുവരികയാല്‍ ഇവിടെയും അന്യോന്യാശ്രയമെന്ന ദോഷം അനുവര്‍ത്തിക്കും. ആകയാല്‍ ഏതുപ്രകാരം പറഞ്ഞാലും മഹിമ പ്രകാശിക്കാതെ ഇരുന്നത് എങ്ങനെയും യഹോവയ്ക്ക് ഒരു കുറച്ചില്‍ തന്നെയായിരുന്നു. അല്ലെങ്കില്‍ പ്രകാശിപ്പിക്കുന്നതിലേക്കുവേണ്ടി പ്രയത്‌നിക്കണമെന്നില്ലായിരുന്നു. ആ കുറച്ചില്‍ മുമ്പില്ലാതിരുന്ന ജീവന്മാരെ അല്ലാ മുമ്പേ ഉണ്ടായിരുന്ന യഹോവയെത്തന്നെ സംബന്ധിക്കും. ആകയാല്‍ യഹോവ തന്റെ മഹിമ പ്രകാശിക്കാതിരുന്നതിനെപ്പറ്റി കുറവുള്ളവനായിത്തീര്‍ന്നു എന്നു വന്നുപോയതിനാല്‍ കുറവോടുകൂടിയവനെന്നും അപ്പോള്‍ അതിന് എതിരായി നിറവില്ലാത്തവനെന്നും ആ കുറച്ചില്‍കൊണ്ടും അതിനെ നിവര്‍ത്തിപ്പിക്കണമെന്നും പ്രയത്‌നിക്കകൊണ്ടും, വ്യാകുലപ്പെട്ടിരുന്നവനാകയാല്‍ പരമാനന്ദം ഇല്ലാത്തവനെന്നും തനിക്ക് ആനന്ദപ്രാപ്തിക്കുവേണ്ടി സൃഷ്ടിപ്പാന്‍തുടങ്ങി എന്നു കാണുന്നതുകൊണ്ട് സുഖത്തെ ചെയ്യുന്നവയെക്കുറിച്ച് കാമവും ദുഃഖത്തെ ചെയ്യുന്നവയെക്കുറിച്ച് ക്രോധവും ആ രണ്ടിന്റെയും മൂലമായ മോഹവും ഉള്ളവനെന്നും അനാദിയായിട്ട് ഈ കുറവിനെ നീക്കുന്നതിലേക്ക് ഉപായം അറിയാതിരുന്നതുകൊണ്ട് അനാദിജ്ഞാനം ഇല്ലാത്തവനെന്നും അനാദിയായിട്ടു കൃത്യം ചെയ്യാത്തതുകൊണ്ട് 4അനാദികര്‍തൃത്വം ഇല്ലാത്തവനെന്നും അനാദിയേ കര്‍തൃത്വം ഇല്ലാതിരുന്ന് ചില കാലങ്ങള്‍ക്കു മുമ്പെ കര്‍തൃത്വത്തെ പ്രാപിച്ച് കൃത്യം തുടങ്ങിയതുകൊണ്ട് യഹോവ പ്രാപിച്ച കര്‍തൃത്വം മുമ്പേ ഇല്ലാതിരുന്നു. പിന്നീടുണ്ടായതായ കാര്യലക്ഷണത്തോടുകൂടിയതാകകൊണ്ടും അതിനു വേറെയൊരു കര്‍ത്താവ് അപേക്ഷിക്കപ്പെടുകയാലും അതു നിമിത്തം യഹോവാ അതിനെ വേറൊരു കര്‍ത്താവിങ്കല്‍നിന്നു സമ്പാദിച്ചതാണെന്നും തെളിവാകകൊണ്ടും സ്വതന്ത്രത്വം ഇല്ലാത്തവനെന്നും അനാദിയായിട്ടല്ലാതെ ഇടയില്‍ കുറവോടു കൂടിയ 5കിഞ്ചില്‍ കര്‍തൃത്വത്തെ പ്രാപിച്ചു സ്വഭാവം വേര്‍പെടുകയാല്‍ അവികാരിത്വം6 ഇല്ലാത്തവനെന്നും വികാരത്തോടുകൂടിയതുകൊണ്ടും കുറവുള്ളതുകൊണ്ടും അനാദിനിത്യവ്യാപകത്വമില്ലാത്തവനെന്നും തന്റെ സുഖത്തിനായിട്ടു താന്‍തന്നെ പാപം വിളയുന്നതിലേക്ക് ഹേതു ഉണ്ടാക്കി പല ജീവന്മാരെയും നിത്യകാല ദണ്ഡിപ്പാറാക്കിയതുകൊണ്ട് ന്യായവും, കൃപയും, നന്മയും ഇല്ലാത്തവനെന്നും ജീവന്മാരില്‍തന്നെ നിത്യവും ഉപചരിക്കത്തക്കവര്‍ ഇന്നാരെല്ലാമാകുന്നുവെന്നുള്ളതിനെ ജ്ഞാനംകൊണ്ട് അറിയാതെ അവരെ പാപികളാക്കി ഭൂമിയിലിരുത്തി വിധികളെ കൊടുത്ത് പരീക്ഷിച്ചിട്ടു മാത്രം അറിയുന്നതുകൊണ്ട് സര്‍വ്വജ്ഞത്വം ഇല്ലാത്തവനെന്നും ജീവന്മാര്‍ക്കു പാപവും ദുഃഖവും വരുത്താതെ അവരെക്കൊണ്ടുതന്നെ ഉപചരിപ്പിക്കയും തനിക്കു സുഖത്തെ ഉണ്ടാക്കുകയും ചെയ്യുവാന്‍ കഴിയാതിരുന്നതുകൊണ്ട് സര്‍വ്വശക്തിയില്ലാത്തവനെന്നും തെളിവാകുന്നു. പിന്നെയും പാപം ഉണ്ടാകുമെന്നുള്ളതിനെ മുന്‍പേകൂട്ടിയറിയാത്തതുകൊണ്ട് പൂര്‍ണ്ണജ്ഞാനം ഇല്ലാത്തവനെന്നും അറിഞ്ഞിട്ടും അതിനെ തടുപ്പാന്‍ കഴിയാതെ ഒഴിഞ്ഞു എന്നുവരുകില്‍ പൂര്‍ണ്ണശക്തിയില്ലാത്തവനെന്നുംകൂടി സ്പഷ്ടമാകും. ജീവന്മാരുടെ സുഖാനുഭവത്തിനു പുണ്യവും ദുഃഖാനുഭവത്തിനു പാപവും നിയതകാരണമെന്നറിഞ്ഞതുകൊണ്ടു സുഖത്തെ ജനിപ്പിക്കുന്നതിലേക്കാണ് പാപത്തെയുണ്ടാക്കിയതെന്നുവരികില്‍ പാപം ഇല്ലാത്ത ദേവദൂതന്മാര്‍ക്കും സുഖം ഉണ്ടാക്കിയിരിക്കയാല്‍ അവിടെ സുഖാനുഭവത്തിന് പാപം കാരണമാകാത്തതുകൊണ്ട് ആയതു തീരെ യോജിക്കുന്നില്ല. ഇപ്രകാരം കുറവ്, വ്യാകുലത, കാമം, ക്രോധം, ആദിജ്ഞാനം, മോഹം, ആദികൃത്യം, പരതന്ത്രത്വം, വികാരത്വം, അവ്യാപകത്വം, അന്യായം, അതികഠിനത, ദുഷ്ടത, കിഞ്ചിജ്ഞത്വം, കിഞ്ചിച്ഛക്തി മുതലായ ദോഷങ്ങള്‍ ഉള്ളവനാകയാല്‍ യഹോവ ഈശ്വരത്വം ഉള്ളവനല്ല. പാപിഷ്ഠന്‍ എന്നുതന്നെ ന്യായംകൊണ്ടു സിദ്ധിക്കുന്നു. ഈ ദോഷങ്ങളെല്ലാം അഹന്ത, കര്‍മ്മം, മായ എന്ന പാശങ്ങളാലുണ്ടാകുന്നവയാകുന്നു എന്നു ദൈവശാസ്ത്രം ഘോഷിക്കുന്നതുകൊണ്ട് യഹോവയാകട്ടെ പാശബദ്ധന്‍തന്നെയാണ്. ആകയാല്‍ അനാദിയായിട്ട് അഹന്താപാശത്താല്‍ ബന്ധിക്കപ്പെട്ട് തന്റെ പരിപാകയിച്ഛാശക്തിക്കു വ്യക്തി ഇല്ലാത്തതുകൊണ്ട് പരതന്ത്രനായിരുന്ന യഹോവ അനാദിനിത്യവ്യാപകസ്വതന്ത്ര സര്‍വ്വജ്ഞനായും അനാദിസിദ്ധബദ്ധാത്മനിമിത്തം അനാദികൃത്യകര്‍ത്താവായും രക്ഷിതാവായും ഇരിക്കുന്ന പരമശിവന്റെ ദിവ്യപ്രസാദരൂപസത്യസങ്കല്പകാരണത്താല്‍ തന്റെ പൂര്‍വ്വകാലീന കര്‍മ്മാനുസരണമായിട്ടു നിര്‍മ്മിക്കപ്പെട്ട മായാകാര്യമായ ശരീരവും കാരണവും എടുത്ത് കിഞ്ചിജ്ഞത്വം അല്പകൃത്യം മുതലായ നിയതഭുവനത്തിലിരുന്ന് നിയതഭോഗങ്ങളെ അനുഭവിച്ചു തന്റെ അധികാരാവസാനത്തില്‍ മരിച്ചുപോകുന്ന ഒരു പശുവാകുന്നു എന്നു ‘ശൈവസിദ്ധാന്തം.’

ഇനി ചില ക്രിസ്ത്യന്മാര്‍ ഇന്ന കാലത്തില്‍ ഇന്നസ്ഥലത്ത് ഇന്നപ്രകാരം ഒരു നിമിത്തവും കൂടാതെ സൃഷ്ടികൃത്യം ചെയ്യണമെന്ന ഒരു സങ്കല്പം യഹോവായുടെ ഹൃദയത്തില്‍ അനാദിയായിട്ട് അടങ്ങിക്കിടക്കുന്നു എന്നും ആ അനാദിസിദ്ധസങ്കല്പപ്രകാരം നിയതകാലത്തില്‍ വേറെ ഒരു നിമിത്തവും കൂടാതെ യഹോവാ സൃഷ്ടിച്ചു എന്നും പറയുന്നു. ആ വചനം ബൈബിളില്‍ ഇല്ലാത്തതുകൊണ്ടും തനിക്കുവേണ്ടി സൃഷ്ടിച്ചു എന്നറിയിക്കുന്ന മേപ്പടി പ്രമാണങ്ങളെക്കൊണ്ട് തടുക്കപ്പെടുകയാലും അപ്രമാണമാകുന്നു.

മേലും ഇന്നകാലത്തില്‍ ഇന്ന സ്ഥലത്തില്‍ ഇന്നപ്രകാരം സൃഷ്ടിചെയ്യണമെന്ന സങ്കല്പം യഹോവായുടെ ഹൃദയത്തില്‍ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നുവരികില്‍ അപ്രകാരംതന്നെ ഇന്നകാലത്ത് ഇന്നയിന്നപ്രകാരം സ്ഥിതിസംഹാര, നിഗ്രഹങ്ങള്‍ എന്ന കൃത്യങ്ങളെയും ചെയ്യേണ്ടതാണെന്നുള്ള സങ്കല്പവും കൂടി സര്‍വ്വജ്ഞനായ യഹോവായുടെ ഹൃദയത്തില്‍ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നു പറയേണ്ടിവരും. ആകയാല്‍ സൃഷ്ടികൃത്യത്തിനു വേറെ ഒരു നിമിത്തവും അപേക്ഷിക്കപ്പെടാത്തതുപോലെ തന്നെ, മറ്റുള്ള കൃത്യങ്ങള്‍ക്കും വേറെ യാതൊരു നിമിത്തവും അപേക്ഷിക്കപ്പെടുകയില്ല. ആയതുകൊണ്ട് യഹോവാ ജീവന്മാരുടെ പാപപുണ്യങ്ങളായ നിമിത്തകാരണങ്ങളെ ആവശ്യപ്പെടുകയില്ലെന്നും 7അനാദിസിദ്ധസങ്കല്പപ്രകാരം അവരവര്‍ക്കു നരകമുക്തികളെ കൊടുക്കുമെന്നും ആ സ്ഥിതിക്കു ജീവന്മാര്‍ മോക്ഷസിദ്ധിക്കായിട്ട് യാതൊരുകാര്യത്തെയും നിരൂപിക്കയും ചെയ്കയും വേണ്ടെന്നും അങ്ങനെ വേണ്ടെന്നിരിക്കുമ്പോള്‍ ജീവന്മാര്‍ മോക്ഷത്തിലേക്കുവേണ്ടി വിശ്വാസത്തെയും പ്രയത്‌നത്തെയും കൈക്കൊണ്ടു ചെയ്യണമെന്നു നിയമിക്കുന്ന ബൈബിള്‍ വെറുതെയുള്ളതാണെന്നും ആ ബൈബിളിനെ കല്‍പിച്ച യഹോവാ അറിവില്ലാത്തവനെന്നും വന്നുപോകും. അതിനാല്‍ അനാദിസിദ്ധസങ്കല്പനിമിത്തസ്വീകാരം സാധുവാകുന്നതല്ല.

ഇനി ദേവന്റെ കൃത്യനിമിത്തം എന്താകുന്നു എന്നു വിചാരിക്കുന്നത് ജീവന്മാര്‍ക്കു തക്കതല്ല എന്നും ദേവന്‍ തന്റെ ഇച്ഛാപ്രകാരം ചെയ്യുന്നതല്ലാതെ ജീവന്മാരുടെ യുക്തിക്ക് ചേരത്തക്കവണ്ണം ചെയ്യുന്നവനല്ല എന്നും ചിലരു പറയുന്നുണ്ട്. ആ വാക്കുകൊണ്ട് 8അനിഷ്ടപ്രസംഗം ഉണ്ടാകും. എന്തെന്നാല്‍ സകലമതവാദികളും അവനവന്റെ മതശാസ്ത്രത്തെത്തന്നെ ദൈവവാക്യം എന്നു ഘോഷിക്കുമാറെയുള്ളൂ. അവയില്‍ അസത്തുക്കളായ മതശാസ്ത്രങ്ങളെ ദേവവാക്യങ്ങളല്ലായെന്നു ശോധനചെയ്തു തള്ളുന്നതിലേക്ക് അതാതു ശാസ്ത്രങ്ങളിലുള്ള തെറ്റുകള്‍ കാണിച്ച് ആക്ഷേപം ചെയ്യുമ്പോള്‍ ദേവനിര്‍മ്മിതശാസ്ത്രമാണെന്നും ആയതു കിഞ്ചിജ്ഞന്മാരായിരിക്കുന്ന ജീവന്മാരുടെ യുക്തിക്ക് അനുസാരിയായിരിക്കയില്ലെന്നും ദേവന്‍ സ്വേച്ഛപ്രകാരം ചെയ്യുമെന്നും അവകളെക്കുറിച്ച് ജീവന്മാര്‍ വിചാരിച്ചുകൂടായെന്നും അതാത് മതക്കാരാല്‍ സമാധാനംപറയപ്പെടും. ആ സ്ഥിതിക്ക് സകല മതങ്ങളും സത്യമായിട്ടുള്ളവതന്നെ എന്ന് വന്നുപോകയും അപ്പോള്‍ ക്രിസ്തുമതം ഒന്നുമാത്രമേ സത്യമായിട്ടുള്ളു എന്ന വാദം ദൂരെ തെറിച്ചുപോകയും ചെയ്യുമല്ലോ.

അല്ലാതെയും, തനിക്കുവേണ്ടി സൃഷ്ടിച്ചു എന്നു യഹോവയാല്‍ ബൈബിളില്‍ പറയപ്പെട്ടതുകൊണ്ടും അറിവിന്നു വിഷയമാകാത്തതു പ്രമാണത്തില്‍ പറയപ്പെടുകയില്ലാത്തതുകൊണ്ടും, സൃഷ്ടിയുടെ നിമിത്തം 9അവജ്ഞേയമായിട്ടുള്ളതാകയാല്‍ (അറിയാന്‍ കഴിയുന്നതാകയാല്‍) അതിന്റെ ബോധം ജീവന്മാര്‍ക്ക് അനര്‍ഹമെന്നു പറയുന്നത് ബൈബിളിനു വിരുദ്ധമാകുന്നു. ഇനിയും ദൈവകൃത്യനിമിത്തം അവാച്യമായിട്ടുള്ളതെന്നു പറയുന്നുവെങ്കില്‍ ഭവബന്ധത്തോടു (സംസാരബന്ധം) കൂടിയ ജീവന്മാര്‍ക്ക് അഗ്രാഹ്യവും അതിനാല്‍ ശ്രുതിയില്‍ (വേദത്തില്‍) പറയപ്പെടാത്തതും ആയ പരമരഹസ്യമല്ലല്ലോ അവാച്യം. ഇവിടെ അങ്ങിനെയല്ലല്ലോ. കൃത്യനിമിത്തം ദേവമഹിമ പ്രകാശമെന്ന് യഹോവാ പറഞ്ഞിരിക്കുന്നല്ലോ. എന്നിട്ടും അതിനെ അവാച്യമെന്നു പറയുന്നത് ‘അമ്മ മച്ചി’ എന്നു പുത്രന്മാര്‍ പറയുന്നതുപോലെതന്നെ വിചാരിക്കാം.

ഇങ്ങനെ ദൈവകൃത്യനിമിത്തത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു സാധിച്ചിരിക്കുന്നു.

കുറിപ്പുകള്‍

1. യഹോവായാണ് ലോകത്തെ സൃഷ്ടിച്ചത് എന്നും, സൃഷ്ടിക്കുവേണ്ട എല്ലാകാര്യങ്ങളും യഹോവതന്നെയാണ് ചെയ്തതെന്നും, യഹോവയ്ക്കുമുമ്പ് അന്യന്മാരാരും സൃഷ്ടിനടത്തിയിട്ടില്ല എന്നും ബൈബിള്‍ പറയുന്നു. ആകയാല്‍ ആ സൃഷ്ടിജാലങ്ങളില്‍വരുന്ന ഗുണദോഷങ്ങളുടെ ഉത്തരവാദിത്വവും യഹോവയ്ക്കുതന്നെയാണ്. പാപവൃത്തികളുടെ കാരണക്കാരന്‍ യഹോവയാണെന്നുവരുന്നു. എല്ലാം യഹോവതന്നെയാണ് ചെയ്തതെന്നും, മറ്റാരും ഒന്നുംതന്നെ ചെയ്തിട്ടില്ല എന്നും തെളിയുന്നതാണ് പാരിശേഷ്യയുക്തി.

2. അഴിവ് = പ്രളയം അഥവാ സമ്പൂര്‍ണ്ണമായ മാറ്റം

3. അന്യോന്യാശ്രയമെന്ന ദോഷം. കുടമുണ്ടാക്കുന്നതിനു കളിമണ്ണാണ് ആശ്രയം. അതിനാല്‍ കുടം കളിമണ്ണിനെ ആശ്രയിക്കുന്നു. കളിമണ്ണില്ലായിരുന്നുവെങ്കില്‍ കുടം ഉണ്ടാകുമായിരുന്നില്ല. ഇവിടെ കുടത്തിനു കള്ളിമണ്ണിനോടുമാത്രമേ ആശ്രയമുള്ളൂ. അല്ലാതെ മറിച്ചല്ല. ബൈബിള്‍ പ്രകാരം ആദിമ മനുഷ്യന്റെ സൃഷ്ടിക്കു കാരണം, ആശ്രയം യഹോവയാണ്. അപ്പോള്‍ യഹോവ തന്റെ മഹിമയ്ക്കുവേണ്ടി തന്റെ സൃഷ്ടിയായ മനുഷ്യനെ ആശ്രയിക്കുക എന്നത് അന്യോന്യാശ്രയദോഷമാണ്. ഇങ്ങനെ ആശ്രയിക്കുന്നതു യുക്തിക്കു നിരക്കാത്തതാണ്.

4. സത്യംജ്ഞാനമനന്തം ബ്രഹ്മ, എന്നാണ് ആപ്തവാക്യം. ബ്രഹ്മം സര്‍വ്വത്ര, സര്‍വ്വദാപരിപൂര്‍ണ്ണമാണ് എന്ന ഉപനിഷത്ത് സങ്കല്പിക്കുന്നു. എന്നുവച്ചാല്‍ പ്രാപഞ്ചികമായ ന്യൂനതകളൊന്നും ബ്രഹ്മത്തിനില്ലെന്നര്‍ത്ഥം. ചട്ടമ്പിസ്വാമികള്‍ ഇവിടെ ഉദ്ദേശിക്കുന്നത് ബൈബിളിലെ സൃഷ്ടിസങ്കല്പമനുസരിച്ച് യഹോവയ്ക്കു പ്രാപഞ്ചികമായ ന്യൂനതകളെല്ലാം ഉണ്ടെന്നാണ്. കാമം, ക്രോധം, മോഹം, കര്‍മ്മദോഷം തുടങ്ങിയ അനേകം ദോഷങ്ങള്‍ക്കു അദ്ദേഹം വിധേയനാണെന്നു ഈ വാക്യത്തിലൂടെ സ്വാമിജി നിരീക്ഷിക്കുന്നു. കാരണം, സാധാരണ മനുഷ്യനെപ്പോലെ യഹോവ കോപിക്കുകയും ദുഃഖിക്കുകയും മനുഷ്യനെ ശിക്ഷിക്കുകയും ഒക്കെ ചെയ്യുന്നു. ഇത് ദൈവം സ്‌നേഹമാണെന്നും സത്യമാണെന്നുമുള്ള പൊതുസങ്കല്പത്തിനു വിരുദ്ധമാണ്. യഹോവ തന്റെ മഹിമയെ പ്രചരിപ്പിക്കണമെന്നു തോന്നിയപ്പോഴാണ് അതിനുവേണ്ടി മനുഷ്യനെ സൃഷ്ടിച്ചത്. സൃഷ്ടിയുടെ ആരംഭത്തില്‍തന്നെ ഭാവികാര്യങ്ങളെല്ലാം അറിഞ്ഞ് വേണ്ടതെല്ലാം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സൃഷ്ടിക്കുശേഷം ചില കുഴപ്പങ്ങള്‍ കണ്ടപ്പോള്‍ മനുഷ്യനെ ശപിച്ചു. ഇത് അനാദികര്‍തൃത്വം ഇല്ലാത്തതുകൊണ്ടാണ്.

5. കിഞ്ചില്‍ കര്‍തൃത്വം = അപൂര്‍ണ്ണമായ കര്‍തൃത്വം

6. അവികാരിത്വം ഇല്ലായ്മ = യഹോവയ്ക്കു അനേകം ന്യൂനതകളുണ്ടെന്നു കണ്ടെത്തിയ ശേഷം സ്വാമികള്‍ ഓരോ ന്യൂനതയും എടുത്തു വിശദീകരിക്കുന്നു. അവയിലൊന്നാണ് അവികാരിത്വം ഇല്ലായ്മ. വികാരമുള്ള അവസ്ഥയാണിത്. വികാരം മാറ്റമാണ്. മാറുന്ന വസ്തു അനന്തമായി മാറിക്കൊണ്ടേയിരിക്കും. ഇതിന്റെ അര്‍ത്ഥം യഹോവ മാറിമാറി യഹോവയല്ലാതായിത്തീരുമെന്നാണ്.

7. അനാദികാലത്ത്, അതായത് സൃഷ്ടികര്‍മ്മം തുടങ്ങുന്നതിനുമുമ്പുതന്നെ സൃഷ്ടി എപ്രകാരമായിരിക്കണമെന്നും, ഭാവിയില്‍ കാര്യങ്ങള്‍ എപ്രകാരമായിരിക്കണമെന്നുമുള്ള സങ്കല്പം യഹോവയുടെ മനസ്സില്‍ ഉണ്ടായിരുന്നു എന്ന് ചില ക്രിസ്ത്യന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെയാണ് അനാദിസിദ്ധസങ്കല്പം എന്നു പറയുന്നത്. ഇതുണ്ടായിരുന്നെങ്കില്‍ സൃഷ്ടിക്കുശേഷം മനുഷ്യര്‍ക്കു പുതിയ വിശ്വാസവ്യവസ്ഥകള്‍ ഉണ്ടാക്കേണ്ടിവരുമായിരുന്നില്ല. അതിനാല്‍ അനാദിസിദ്ധസങ്കല്പം ഇല്ലായിരുന്നു എന്നു വരുന്നു.

8. അനിഷ്ടപ്രസംഗം = ഉദ്ദേശിച്ചതിന്, അഥവാ നേരത്തെ പ്രസ്താവിച്ചതിന് വിപരീതമായ പ്രസ്താവന.

9. അവജ്ഞേയം = അറിയേണ്ടത്.