മലയാളത്തിലെ ചില സ്ഥാനനാമങ്ങള്‍

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘മലയാളത്തിലെ ചില സ്ഥാനനാമങ്ങള്‍‍’ എന്ന കൃതിയില്‍ നിന്ന്

മലയാളദേശത്തു നടപ്പുള്ള സ്ഥാനപ്പേരുകളെ പരിശോധിക്കുകയാണെങ്കില്‍, അവ, പ്രഭുത്വംകൊണ്ടും പ്രവൃത്തികൊണ്ടും ഇങ്ങനെ രണ്ടു പ്രധാനകാരണങ്ങളാല്‍ ഉത്ഭവിച്ചുട്ടുള്ളവയാണെന്നു പ്രത്യക്ഷപ്പെടും. ‘മലൈനാട്ടുമാടമ്പി മാക്കിരുഹനാകത്താര്‍മാനം മുട്ടെത്താനമുള്ള മാത്തൂയരല്ലൊ”എന്ന് ഒരു പ്രാചീനവട്ടെഴുത്തുഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. ഇക്കാലത്ത് ഒരാള്‍ക്കു തന്നെ രണ്ടോ മൂന്നോ സ്ഥാനങ്ങ (ബഹുമതിക)ള്‍ ലഭിക്കാറണ്ടല്ലോ. അതുപോലെ, പ്രാചീനകാലത്തെ മലയാളിപ്രഭുക്കന്മാര്‍ക്കും വളരെ സ്ഥാനമാനങ്ങളുണ്ടായിരുന്നു എന്നു മേലെഴുതിയ മൊഴിയില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ പൂര്‍വ്വകാലത്ത് ഓരോരുത്തര്‍ സ്ഥാനപ്പേരുകള്‍ സമ്പാദിച്ചത്, ഇന്നു ചിലരെന്നപോലെ അധികൃതന്മാരുടെ സേവകൊണ്ടും സ്വസഹോദരങ്ങള്‍ ‘കുടിക്കക്കഞ്ഞിയില്ലാതേയും ഉടുക്കത്തുണിയില്ലാതേയും’ കഷ്ടപ്പെടുന്നതു’കണ്ടിട്ടും ദയതോന്നാതെ അധികാരികളുടെ വല്ല സ്ഥാപനങ്ങള്‍ക്കും ധനസഹായം ചെയ്തിട്ടും അല്ലായിരുന്നു, താഴെ വിവരിക്കാന്‍ പോകുന്ന സ്ഥാനപ്പേരുകള്‍ അവയെ ഉപയോഗിക്കുന്നതിന് അനര്‍ഹന്മാരായ പലരുടേയും നാമങ്ങളോടു കൂട്ടിച്ചേര്‍ത്തിരിക്കുന്നതു വാക്കുകളുടെ അര്‍ത്ഥം വിവരിക്കുമ്പോള്‍ കാണാവുന്നതാകുന്നു. ആയത് അങ്ങനെതന്നെ ഇരുന്നുകൊള്ളട്ടെ എന്നു സമാധാനിക്കാനെ തരമുള്ളല്ലൊ.

നായന്‍, നായനാര്‍, നായന്മാര്‍ എന്നീ വാക്കുകള്‍ക്ക് ഏകദേശം ഒരേ അര്‍ത്ഥംതന്നെ. നായന്‍, നായനാര്‍ ഇപ്പദങ്ങള്‍ക്കു രാജാവ്, യജമാനന്‍, ഈശ്വരന്‍, അതിവിശിഷ്ടന്‍ എന്നും; നായന്മാര്‍ എന്നുള്ള തിനു പ്രധാനകന്മാര്‍ അല്ലെങ്കില്‍ മുഖ്യന്മാര്‍, ദാനശീലന്മാര്‍, അതിവിശിഷടന്മാര്‍ എന്നും അര്‍ത്ഥമാകുന്നു. നായന്‍ എന്നതിന്റെ ബഹുവചനം നായര്‍. ഇങ്ങനെയുള്ള ശരിയായ അര്‍ത്ഥത്തെ വിസ്മരിച്ച് ‘മംഗളമാല’ എന്നൊരു ചെറുപുസ്തകത്തില്‍, നായാട്ടു ശാസ്ത്രത്തെക്കുറിച്ചു പറഞ്ഞശേഷം സ്വകപോലകല്പിതമായ നായര്‍ശബ്ദവ്യുല്‍പാദനക്രമത്തിനു തല്‍കര്‍ത്താവിനെ പ്രേരിപ്പിച്ച ചേതോവികാരമെന്തോ?

ഇറൈ, കോ, അടി, പാട് മുതലായ പദങ്ങള്‍ പ്രഭു എന്ന അര്‍ത്ഥത്തെക്കുറിക്കുന്നവയും ബഹുമാനസൂചകമായി ഉപയോഗിക്കുന്നവയുമാണ്. ഇറൈ + അടി = ഇറയടി = ഏറാടി. ‘ഏറിനെ മേയ്ക്കുന്നവന്‍ ഏറാടി; (ഏറ് = കന്ന്. അതിനെ ആട്ടുന്നവന്‍ ഏറാടി) എന്നാണു ഡിപ്യൂട്ടി കലക്റ്റര്‍ ആയിരുന്ന മിസ്റ്റര്‍ കരുണാകരമേനോന്‍ അവര്‍കളുടെ അഭിപ്രായം. ഇതു വകവെച്ചുകൊടുക്കുന്നതായാല്‍ എടയന്മാരും ഈ സ്ഥാനത്തിന് അവകാശികളാണല്ലോ. മേനോന്റെ അഭിപ്രായം, ഏറ് എന്ന ശബ്ദം കേട്ടു പരിഭ്രമിച്ചുണ്ടായ പ്രമാദമാണെന്നു പറയാനേ ന്യായം കാണുന്നുള്ളൂ.

നെടും + കോ + അടി = നെടുങ്കോവടി = നെടുങ്കോടി = നെടുങ്ങോടി. മഹാപ്രഭു എന്നര്‍ത്ഥം. ഇളം+ കോ + അടി = ഇളങ്കോവടി, ഇളയ പ്രഭു. അടി + അടി = അടിയടി = അടിയോടി. വല്ലോന്‍ + അടി = വല്ലോനടി = വള്ളോനടി = വള്ളോടി. വല്ലോന്‍ = പ്രഭു.

പൂശാ (യാ)രി + അടി = പൂശാരടി = പിഷാരടി = പിഷാരൊടി = പിഷാരോടി. പൂശാരി = പൂജചെയ്യുന്നവന്‍. ഇപ്പോള്‍ കെട്ടിച്ചമച്ചിട്ടുള്ള അര്‍ത്ഥം സംസ്‌കരണാവസ്ഥയില്‍ ഓടിയതുകൊണ്ട് പിഷാരോടി എന്നാണു. ഇപ്പോള്‍ ഇവര്‍ക്കു പൂജക്കധികാരമില്ലായിരിക്കാം. ഓരോ കാലത്തു പ്രബലന്മാര്‍ ദുര്‍ബ്ബലന്മാരെ തരംതാഴ്ത്തിവരാറുള്ള നയം അനുസരിച്ചു പറ്റിപ്പോയതായിരിക്കണം. പിഷാരോടിമാരുടെ ശവസംസ്‌കാരം യോഗികളുടെ ദേഹം സംസ്‌കരിക്കുമ്പോലാണ് ഇന്നും നടത്തിവരുന്നത് എന്ന സംഗതിയും ഓര്‍ക്കേണ്ടതാണ്.

അമ്പലത്തില്‍ പ്രവൃത്തിചെയ്തു നിത്യവൃത്തികഴിക്കുന്നതിനാല്‍ അമ്പലവാസി. ശാന്തിക്കാരന്‍ ഇതില്‍ പെടാത്തതുകൊണ്ട് മുന്‍കാലത്തു ശാന്തി നടത്തിവന്നതു വയറുപ്പഴപ്പിനുവേണ്ടി അല്ലായിരുന്നു എന്നൂഹിക്കാം. മൂത്തത് അമ്പലവാസിയില്‍ പ്രധാനി എന്നു പേരുകൊണ്ടു തന്നെ നിശ്ചയിക്കാം. അമ്പലത്തില്‍ പൂവുകൊടുക്കുന്നതുകൊണ്ട് പുഷ്പകന്‍; ഇത് ആര്യന്മാരുടെ സമ്മാനമായിരിക്കണം. ക്ഷേത്രം അടിച്ചുവാരുക മുതലായവ ചെയ്യുന്നതിനാല്‍ വാരിയന്‍. ബഹുവചനം വാരിയര്‍ (Warrior – വാറിയര്‍) എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്നുമാണ് വാരിയര്‍ എന്ന പദം ഉണ്ടായതെന്ന് ഒരു വിദ്വാന്‍ സമദര്‍ശിയില്‍ തട്ടിവീക്കിയിരിക്കുന്നു. ഈ വാക്കിനുതന്നെ ഇതുപോലെ വിസ്മയകരമായ പല ഉല്‍പത്തികളും ഓരോരുത്തര്‍ അവരവരുടെ സരസ്വതിപ്രസാദംപോലെ കണ്ടുപിടിച്ചിട്ടുണ്ട്. പൂവ് കൊരുക്കുകയൊ, കുരുക്കുകൊ ചെയ്ത് അമ്പലത്തില്‍ കൊടുത്തു വന്നതുകൊണ്ട് കുരുക്കള്‍ എന്ന നാമം ഉണ്ടായി. ഇതു സാധാരണയായി കൊല്ലത്തിനു തെക്കെ ഉപയോഗിച്ചുവരുന്നുള്ളൂ എന്നു തോന്നുന്നു.

മാരായന്‍ = മാരാന്‍. ബഹുവചനം മാരാര്‍. മഹാപ്രഭു എന്നര്‍ത്ഥം ഇപ്പോള്‍ ഈ പേരിന് അര്‍ഹതയുള്ളവര്‍ വളരെ ചുരുക്കംപേരെ കാണുകയുള്ളൂ. അധികംപേരുടേയും അവസ്ഥ കൊട്ടിന്മേല്‍ കലാശിച്ചിരിക്കുന്നു. ഇതിന്റെ ഉത്ഭവത്തെപ്പറ്റി ഒരു വിദ്വാന്‍ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരുത്തന് ഒരു സ്ത്രീയോട് അധികം അനുരാഗമുണ്ടായെന്നും ഇതറിഞ്ഞ മറ്റൊരാള്‍ അയാളെ മഹാരാഗന്‍ എന്നു വിളിച്ചു എന്നും അത് ഒടുവില്‍ മാരാന്‍ എന്നായി പരിണമിച്ചു എന്നും ആകുന്നു. ഒരാളുടെ അനുരാഗത്തിനു മറ്റു മാരന്മാര്‍ എന്തു പിഴച്ചു എന്നറിയുന്നില്ല. ഇതെല്ലാം അത്ഭുതസംഭവങ്ങളോടുകൂട്ടിച്ചേര്‍ത്ത് ഇതിന്റെ സ്രഷ്ടാക്കള്‍ ആശ്വാസപ്പെടട്ടെ.

പണിക്കന്‍ എന്ന സ്ഥാനം വിഷവൈദ്യന്‍, ക്ഷുരകന്‍, ചാരായം വില്ക്കുന്നവന്‍ എന്നീ തൊഴിലുകാര്‍ക്കും, സംഘത്തിന്റേയും മറ്റും ആശായ്മസ്ഥാനം വഹിക്കുന്നവര്‍ക്കും ഉപയോഗിക്കാനുള്ളതാണ്. ബഹുവചനം പണിക്കര്‍.

എം + പിരാന്‍ = എമ്പിരാന്‍ (എബ്രാന്‍) = ഞങ്ങളുടെ തലവന്‍. ഞങ്ങളുടെ ദേവന്‍. എം = എങ്ങളുടെ (ഞങ്ങളുടെ). പിരാന്‍ = രക്ഷിതാവ് (തലവന്‍, ദേവന്‍). ഹേ ബ്രാഹ്മണ! എന്നു വളിക്കാന്‍ തുടങ്ങിയത് (എന്തു കാരണവശാല്‍ എന്നറിഞ്ഞില്ല) ഹേബ്ര എന്നു വിളിച്ചു നിര്‍ത്തിപ്പോയെന്നും, പിന്നീട് ആയതു എമ്പ്രാനായിത്തീര്‍ന്നുവെന്നുമാണ് കേരളമാഹാത്മ്യം പറയുന്നത്. ഇതുപോലുള്ള അവസരോചിതമായ സൃഷ്ടികള്‍ അതില്‍ വേണ്ടുവോളം കാണാവുന്നതാണ്. ഏബ്രഹാം എന്ന പദത്തില്‍നിന്നുമുണ്ടായി എന്നു പറയാത്തതു ഭാഗ്യം!

തം + പിരാന്‍ = തമ്പിരാന്‍ (തമ്പുരാന്‍ = തങ്ങളുടെ) ഈശ്വരന്‍, കല്പിക്കുന്നവന്‍, ദൈവഭക്തസംഘത്തലവന്‍. തം + പിരാട്ടി = തമ്പിരാട്ടി (തമ്പിരാട്ടി) = (തങ്ങളുടെ) പ്രഭ്വി. തമ്പിരാന്‍, തമ്പുരാന്‍, തമ്പ്രാന്‍ ഇങ്ങനെ മാറി ഒടുവില്‍ തമ്പാന്‍ എന്നായിത്തീര്‍ന്നു. ഇതുപോലെ തന്നെ തമ്പാട്ടി എന്നുള്ളതും.

നം + പിരാന്‍ = നമ്പിരാന്‍ = നമ്മളുടെ രക്ഷിതാവ് (തലവന്‍, ദേവന്‍)

ചാമന്തന്‍ (സാമന്തന്‍) = മന്ത്രി, രാജാവ്, സ്‌നേഹിതന്‍, സേനാധിപതി.

തിരു, ആര്‍, മെയ് എന്നിവയും ബഹുമാനസൂചകപദങ്ങളാകുന്നു. തിരു + മെയ് + പാട് = തിരുമെയ്പാട്. ഇത് ഇപ്പോള്‍ തിരുമുല്പാട് എന്നായിത്തീര്‍ന്നിരിക്കുന്നു.

കോഴിക്കോട് സാമൂതിരിയുടെ കുടുംബത്തില്‍ ചിലര്‍ മൂന്നാര്‍പ്പാടു, ഏറാല്‍പാട്, എടത്രാല്‍പാട്, നെടുത്രാല്‍പാട് എന്നീ സ്ഥാനങ്ങള്‍ ഉപയോഗിക്കുന്നതായി മലബാര്‍ ഗസറ്റിയറില്‍ പറഞ്ഞരിക്കുന്നു. മുന്‍ + ആര്‍ + പാട് = മുന്നാര്‍പാട് = മൂന്നാര്‍പ്പാട്. മുന്‍= മേലെ (മൂത്തയാള്‍). എട + തിരു + ആള്‍ + പാട്= എടതിര്വാള്‍പാട് = എടതിറാല്‍പാട് = എടത്രാള്‍പാട്. എട = ഇടയ്ക്കുള്ള (മദ്ധ്യം). ബാക്കി പദങ്ങളെല്ലാം ബഹുമാനസൂചകങ്ങള്‍. നെടു +തിരു + ആള്‍ + പാട് =നെടുതിര്വാള്‍പാട് = നെടുതിറാല്‍പാട് = നെടുത്രാള്‍പാട്. നെടു = വലിയ.

ആഴുവാന്‍ + ചേരി = ആഴുവാഞ്ചേരി = ദേശാധിപന്‍, തമ്പ്, നമ്പു് എമ്പു, നമ്പി മുതലായവ പ്രഭു എന്ന അര്‍ത്ഥത്തെ കുറിക്കുന്നു.

തമ്പു + ആത്തന്‍ = തമ്പ്വാത്തന്‍ = തമ്പ്വാത്തര്‍ = തമ്പ്വാത്തര് = തമ്പ്വാതിരി = തമ്പാരി = തമ്പൂരി = താമൂരി = സാമൂരി = സാമൂതിരി ഇങ്ങനെ പരിണമിച്ചു. ആത്തന്‍ = പെരിയവന്‍, അച്ഛന്‍. ബഹുവചനം ആത്തര്‍. ‘ര്‍’ എന്ന രേഫത്തെ ‘രി’ എന്നപോലെ ശബ്ദിക്കും. തലയാര്‍ എന്നതിനെ തലയാരി എന്നു പറയാറുണ്ട്. ഇപ്പോഴും തമിഴ്‌നാടുകളില്‍ ഇങ്ങനെ നടപ്പുള്ളതായി അറിയുന്നു. ഇവിടെ ഇപ്രകാരം നടപ്പുണ്ടായിരുന്നത് കേരളോല്പത്തിയില്‍ കാണാം. തലൈ + ആത്തര്‍ = തലെയാത്തര്‍ = തലയാത്തര് = തലയാതരി എന്നും അനന്തരം തളിയാതിരി എന്നും ആയി.

നമ്പൂ + ആത്തന്‍ = നമ്പ്വാത്തന്‍ = നമ്പ്വാത്തര്‍ =നമ്പ്വാത്തര് = നമ്പ്വാത്തരി = നമ്പ്വാതിരി = നമ്പൂതിരി = നമ്പൂരി.

നമ്പി + ആത്തന്‍ = നമ്പിയാത്തന്‍ = നമ്പിയാത്തര്‍ = നമ്പിയാത്തര് = നമ്പ്വാത്തര് = നമ്പിയാതിരി = നമ്പ്യാതി.

പോര് + അളം + ആതിരി = പോരളമാതിരി = പോരളാതിരി = പോറളാതിരി. പടത്തലവന്‍ എന്നര്‍ത്ഥം.

നമ്പി + അച്ഛന്‍ = നമ്പിഅച്ഛന്‍ = നമ്പിഅശ്ശന്‍ = നമ്പീശന്‍.

നമ്പി + അടി = നമ്പിയടി = നമ്പിടി. അടി എന്നതു ബഹുമാനസൂചകപദം.

നമ്പി + ആര്‍ = നമ്പിയാര്‍.

ഉണ്ണി + ആത്തന്‍ = ഉണ്ണിയാത്തന്‍ = ഉണ്ണിയാത്തര്‍ = ഉണ്ണിയാത്തര് = ഉണ്ണിയാതിരി = ഉണ്ണിയിത്തിരി = ഉണ്ണിത്തിരി = ഉണുത്തിരി.

കോ + എമ്പ് + താന്‍ = കോയമ്പുതാന്‍ = കോമ്പിത്താന്‍.

ഉണ്ണി + നമ്പി = ഉണ്ണിനമ്പി. ഇപ്പോള്‍ ഊണുനമ്പിയായിത്തീര്‍ന്നിട്ടുണ്ട്.

തിരുവിതാംകൂറിലെ ചില പുരാതന നായര്‍കുടുംബക്കാര്‍ക്കു ‘പാനുപിള്ള എന്നൊരു സ്ഥാനമുണ്ട്. രാജാവ്, പ്രഭു എന്നാണതിന്റെ അര്‍ത്ഥം ഇപ്പോഴുള്ള എഴുത്തുകുത്തുകളില്‍ പാനപ്പിള്ള (നു എന്നതിനു പകരം ന) എന്നാണ് എഴുതിവരുന്നത്.

തമ്പി, തങ്കച്ചി എന്നീ പദങ്ങള്‍ അനുജനും അനുജത്തിക്കും ഉപയോഗിച്ചു വരുന്നതുകൂടാതെ, സ്ഥാനനാമങ്ങളായും സ്വീകരിച്ചിട്ടുണ്ട്. പുരാതനകാലം മുതല്‍ പാരമ്പര്യമായി സ്ഥാനമാനമുള്ള പ്രഭുക്കന്മാരെക്കൂടാതെ, രാജാക്കന്മാരാല്‍ സമ്മാനിതരായ സ്ഥാനികളും ധാരാളമുണ്ട്. ഇതിലേയ്ക്ക് ഒരു ഐതിഹ്യം ഇവിടെ കാണിക്കാം: ഒരിക്കല്‍ അയോദ്ധ്യയില്‍ ക്ഷാമം പിടിപെട്ടതിനാല്‍ നിത്യവൃത്തിക്കു ഗത്യന്തരമില്ലാതെ മാതാപിതാക്കന്മാര്‍ അവരുടെ യൌവനദശയെ പ്രാപിച്ച ഒരു പുത്രിയേയും പുത്രനേയും കൊണ്ടു ശുചീന്ദ്രത്തു വന്നുചേരാന്‍ സംഗതിയായി. അക്കാലത്ത് അവിടെ എഴുന്നള്ളിത്താമസിച്ചിരുന്ന മഹാരാജാവ് യാദൃച്ഛികമായി ആ യുവതിയെക്കാണുകയും, ആ സ്ത്രീയുടെ രൂപലാവണ്യത്താല്‍ ആകൃഷ്ടനായിത്തീരുകയാല്‍, പട്ടമഹിഷിയായി സ്വീകരിക്കുകയും ചെയ്തു. ഈ യുവതിയില്‍, മഹാരാജാവിന് രണ്ടാണും ഒരു പെണ്ണും ഇങ്ങനെ മൂന്നു സന്താനങ്ങള്‍ ജനിച്ചു. പുത്രിയെ തങ്ക എന്നു പേരുവിളിക്കുകയും അതു കാലാന്തരത്തില്‍ തങ്കച്ചി എന്നാക്കിത്തീര്‍ക്കുകയും ചെയ്തു. പുത്രന്മാരുടെ നാമത്തോടു തമ്പി എന്ന സ്ഥാനം ചേര്‍ക്കപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്തു രാജ്യവാഴ്ചകിട്ടുന്നതിനു തമ്പിമാര്‍ ചെയ്ത കൃത്രിമങ്ങളും മറ്റും ചരിത്രപ്രസിദ്ധമാണല്ലൊ. പുതിയതായി പുറപ്പെട്ട കുഞ്ചുതമ്പിമാര്‍ എന്ന ആഖ്യായികയിലും ഇവരുടെ പരാക്രമങ്ങളും മറ്റും പ്രത്യക്ഷപ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂര്‍ പുരാതനവസ്തു പരിശോധനഗ്രന്ഥാവലിയില്‍ കാണുന്ന ചില നാമങ്ങള്‍ താഴെ ചേര്‍ക്കുന്നു:-

നായതൊങ്കപള്ളവരായന്‍ രാജാവിന്റെ കീഴിലുള്ള ഒരു പ്രഭു തിരുവല്ലാക്ഷേത്രത്തിലെ അഗ്രശാലസംബന്ധമായ ഭൂമികളെ ഭരിച്ചു വന്നിരുന്നു. കന്യാകുമാരിയിലെ ഒരു ശിലാലിഖിതത്തില്‍ പള്ളവരായന്‍ എന്ന സ്ഥാനമുള്ള അനേകം പേരെ കാണാം. പെരുമാള്‍ = മഹാപ്രഭു. നമ്പിരാട്ടിയാര്‍ = രാജ്ഞിമാര്‍. ദേവിയാര്‍ = രാജപത്‌നിമാര്‍. മേല്‍ എമ്പെരുമാക്കള്‍; വടക്കുംകൂര്‍ രാജാവിനു കീഴ്മലൈയുടയാന്‍ എന്ന സ്ഥാനമുണ്ട്. (കീഴ്മലയുടെ ഉടമസ്ഥന്‍); നമ്പു നാരായണന്‍, നായത്തിയാര്‍, അച്ചി; ഇത് അച്ഛന്‍ എന്നതിന്റെ സ്ത്രീരൂപവും അമ്മ എന്ന് അര്‍ത്ഥവുമാകുന്നു. നമ്പിളരാമന്‍, നങ്കയാര്‍, നമ്പിരാട്ടിയാര്‍, നമ്പുകാളിയാര്‍, നയന്തൊങ്കപലവരൈയാര്‍, നാരായണമംഗലത്തു അച്ചുതന്‍ മേതുപ്പിരാന്‍ മുതലായവ.

നായ്ച്ചിയാര്‍ (നൈത്യാര്‍) യജമാനസ്ത്രീ. പുല്ലിംഗം നായന്‍. തിരുവന്തപുരത്തെ മുക്കുവര്‍ . നായര്‍ സ്ത്രീകളെ നാച്ചിയാര്‍ എന്നു വിളിക്കാറുണ്ട്. കൊച്ചിമഹാരാവിന്റെ പട്ടമിഹിഷിക്ക്, നൈത്യാര്‍ സ്ഥാനമുണ്ടല്ലൊ.

പോറ്റി = രക്ഷിതാവ്. തിരുവന്തപുരത്തും മറ്റും വലിയ കാരണവനെ പോറ്റി അമ്മാമന്‍ എന്നു വിളിക്കാറുണ്ട്.

താന്‍, താങ്കള്‍ (തങ്ങള്‍) എന്നിവ ബഹുമാനസൂചകപദങ്ങളാണ്. വലിയ + താന്‍ = വലിയത്താന്‍ = വല്യത്താന്‍. ഉണ്ണി + താന്‍ = ഉണ്ണിത്താന്‍. മാടപ്പാട്ട്, മാടമ്പ്, മാടത്താനം, മുഴിയമ്പി, ആറമ്പി, ചെല്ലമ്പി, വട്ടമ്പി, മാടമ്പി, ചെല്ലട്ടന്‍, തലച്ചണ്ണോര്‍, തലപ്പണ്ണോര്‍, കോമ്പിത്താന്‍, ചെമ്പിരാന്‍ മുതലായവ മിക്കവാറും ഉപയോഗിക്കാറില്ലെന്നു തന്നെ പറയാം.

പ്രാചീനവട്ടെഴുത്തുഗ്രന്ഥത്തില്‍നിന്നു ചിലത്.

ആള്‍പടക്കാലമാടപ്പെരുന്തലൈവര്‍, കൊട്ടൂലണിവേന്തര്‍, മേയ്തയ്മ്മ, മുഴുക്കയ്മ, കോയ്ക്കയ്മ കോയിക്കപ്പെരുങ്കൈമാകൈമ്മപ്പളുവെണ്ണൂറ് നമ്പുകൊണ്ടതാനിനാലായിരം, എമ്പുകൊണ്ടതാനി എണ്ണായിരം, നമ്പുകൊണ്ടതാനിമല്ലച്ചേരിപ്പിരാന്‍, നാരങ്ങൊളിപ്പിരാന്‍, ചെങ്ങാലിവട്ടത്തറപ്പിരാന്‍ മാമാത്തന്‍ചേരി അരുമ്പിരാന്‍, മാമത്തഞ്ചേരി വട്ടപ്പുതൂര്‍ പെരുംപിരാന്‍ മുതലായവ.

പാണ്ടിയില്‍ നമ്പൂരിയാര്‍ എന്നസ്ഥാനം വഹിക്കുന്ന തമിഴ് ബ്രാഹ്മണരുണ്ടെന്ന് മധുരമാനുവലില്‍ പറഞ്ഞിരിക്കുന്നു. അതേ ഗ്രന്ഥത്തില്‍ത്തന്നെ ഒരാള്‍ പലപ്പോഴായി മൂന്നു സ്ഥാനങ്ങളാല്‍ അറിയപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞിട്ടുണ്ട്. വെള്ളാളന്മാരെ ‘പിളള’ എന്ന സ്ഥാനപ്പേരുചേര്‍ത്തുവിളിക്കയാണു പതിവ്. മുമ്പു ബ്രാഹ്മണര്‍മാത്രമേ ഈ സ്ഥാനം ഉപയോഗിച്ചിരുന്നുള്ളൂ. ഇത് വിഘ്‌നേശ്വരന്റെ (ഗണപതിയുടെ പിള്ളയാരുടെ) പേരില്‍നിന്നുണ്ടായതാണെന്നു പറഞ്ഞുവരുന്നു.. 1515-ാം വര്‍ഷത്തില്‍ നരാശപിള്ള എന്നൊരാള്‍ നാലു കൊല്ലം നാടുവാണിരുന്നതായി പറയപ്പെട്ടിരിക്കുന്നു. ഇയ്യാള്‍ പിള്ള എന്നുപയോഗിച്ചിരിക്കുന്നതു നേരംപോക്കായിത്തോന്നി. എന്തെന്നാല്‍ ഒരു പ്രമാണത്തില്‍ അയ്യര്‍ എന്നും വേറൊന്നില്‍ നായകന്‍ എന്നും ഉപയോഗിച്ചിരുന്നു. ഈയാളുടെ പൂര്‍വ്വന്മാര്‍ തഞ്ചാവൂരിലെ പിള്ളസ്ഥാനികളായിരുന്നു എന്നറിഞ്ഞപ്പോള്‍ സംശയമെല്ലാം തീര്‍ന്നു. ഈയാളും പക്ഷേ ബ്രാഹ്മണനായിരിക്കണം. നായക എന്ന സ്ഥാനം ബ്രാഹ്മണരില്‍ ഒരിനക്കാര്‍ ഇന്നും വഹിച്ചുവരുന്നു.

‘പിള്ള എന്ന സ്ഥാനം ബഹുമാനസൂചകമായി നായന്മാര്‍ മാത്രമല്ല ഉപയോഗിച്ചുവന്നിരുന്നത്. ക്യാനഡയിലെ ഒരു ചെമ്പുപ്പട്ടയത്തില്‍ ഒരു ബ്രാഹ്മണനെ’പിള്ള’എന്ന പദം ചേര്‍ത്തു വിളിച്ചിരി ക്കുന്നു. ചേരമാന്‍പെരുമാള്‍ രാജാവിനാല്‍ പണിയിക്കപ്പെട്ട പഴയ ഗ്രാമത്തില്‍ വസിക്കും യജൂര്‍വേദിയും ശ്രീവത്സഗോത്രത്തില്‍പ്പെട്ടവനും ബ്രാഹ്മണനും ആയ ഗോപാലപിളളയുടെ മകന്‍ നാരയണപിള്ള’.

(Indian Antiquary Vol. XXXI)

ഇതുപോലുള്ള സ്ഥാനമാനങ്ങളെല്ലാം മലയാളത്തിനു ധാരാളം നടപ്പുണ്ട്. ഇന്നും നടന്നുവരുന്നുണ്ടെന്നുതന്നെ പറയാം.

മന്നന്‍ + അടി + ആര്‍ = മന്നനടിയാര്‍ = മന്നാടിയാര്‍ = രാജാവ്, പ്രഭു.

തിരു + കോ + എമ്പി = തിരുകോഎമ്പി = തിരുക്കോമ്പി = തിരുക്കമ്പി = തൃക്കമ്പി= തിക്കമ്പി. പ്രഭു എന്നു താല്പര്യം.

വാക്കുകള്‍ക്കു കാലക്രമം കൊണ്ടു വ്യത്യാസം വരുന്നതു സാധാരണമാണ്. ഉദാഹരണമായി നാം പതിവായി ഉപയോഗിച്ചുവരുന്ന വാക്കുകളെത്തന്നെ നോക്കുക. ഉച്ചാരണദാര്‍ഢ്യത്താല്‍ വന്നു പോയ ന്യൂനത: മൂത്തതു, മൂസ്സ്; മകന്‍, മഹന്‍; അപ്പന്‍, അഫന്‍; അമ്മ, അംബ; ഉടപ്പുറപ്പ്, ഓപ്പ; ചെറുക്കന്‍, ചെക്കന്‍; വരാന്ത, വ്രാന്ത; ഇത്യാദി. എളുപ്പത്തിന്നുവേണ്ടി വാക്കുകളെ ചുരുക്കിയതിനാല്‍ വന്ന ന്യൂനത: നാരായണന്‍, നാണു; വേലായുധന്‍, വേലു; ഗോവിന്ദന്‍, കോന്തന്‍, കോന്തു; പരമീശ്വരന്‍, പരമന്‍, പരമു; പാറുക്കുട്ടി ജേഷ്ഠത്തി, പാറുക്കുട്ടിചേടത്തി ക്രമേണ പാറുട്ടിച്ചിയാകയും പിന്നീട് പാട്ടിച്ചി ആയും കലാശിക്കുന്നു.

കുറു + എമ്പി + അത്തന്‍ (ആത്തന്‍) = കുരുഎമ്പിയാത്തന്‍. മുമ്പുകാണിച്ചപോലെ കുറുമ്പിയാത്തിരി ആയും ഒടുവില്‍ കുറുമ്പിയാതിരി എന്നും പരിണമിക്കുന്നു. ചെറിയ (ഇളയ) പ്രഭു എന്നര്‍ത്ഥം.

കോന്‍ + ആത്തന്‍ (അത്തന്‍) കോനാത്തന്‍. ക്രമേണ കോനാത്തിരി, കോനാതിരി ഇങ്ങനെ ആയിത്തീര്‍ന്നു. കോന്‍ = പ്രഭു, രാജാവ്.

മേനവന്‍, മേനോന്‍ = മേന്മയുള്ളവന്‍, പ്രധാനി, മേലന്വേഷണം ചെയ്യുന്നവന്‍.

മേല്‍ + നോക്കി = മേല്‍നോക്കി = മേനോക്കി. പ്രധാനി, മന്ത്രി, മേല്‍നോട്ടം നടത്തുന്നവന്‍

പണ്ടാരത്തില്‍ (പണ്ടാരത്തില്ലം) = ധനികന്റെ ഇല്ലം.

പണ്ടാരത്തില്‍ എന്ന സ്ഥാനപ്പേരു ചിലര്‍ ഉപയോഗിച്ചുവരുന്നുണ്ട്. ധനികന്‍ എന്ന അര്‍ത്ഥത്തിലായിരിക്കണം ഈ പേരിന്റെ ഉല്പത്തി.

പണ്ടാല = ഖജാനാ. ശേഖരിപ്പ്. സ്രാപ്പുവേല നോക്കിവന്ന കാരണത്താന്‍ ഈ നാമം ഉണ്ടായി എന്നു വരാം.

പയ്യന്നൂര്‍ഗ്രാമനമ്പൂരിമാര്‍ മരുമക്കത്തായികള്‍ ഉണ്ട്. ഇവര്‍ അമ്മാവന്‍ (അമ്മോന്‍) എന്ന സ്ഥാനപ്പേര്‍ ഉപയോഗിച്ചുവരുന്നു.

ശാസ്ത്രനമ്പൂതിരിമാരെ പയ്യന്നൂര്‍ മുതലായ സ്ഥലങ്ങളില്‍ നമ്പിടി എന്നു പറയാറുണ്ട്. കവളപ്പാറനായര്‍ക്കു വടക്കുംനമ്പിടി എന്ന സ്ഥാനപ്പേരുള്ളതായി കൊച്ചിസ്റ്റേറ്റ് മാനുവലില്‍ കാണാവുന്നതാണ്.

വൈദ്യം പഠിച്ച നമ്പൂരിയെ മൂസ്സ്, നമ്പി. ഈ നാമങ്ങളിലും അറിയുന്നുണ്ടല്ലൊ.

അകത്തെ പുതുവാള്‍ അല്ലെങ്കില്‍ പൊതുവാന്മാര്‍ എന്ന മൂത്തത ന്മാരും മൂസ്സ്, നമ്പി ശര്‍മ്മാ മുതലായ സ്ഥാനങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

ഗ്രാമണിനമ്പൂരിമാരില്‍ പ്രഭുത്വമുള്ളവരെ ആഢ്യന്മാരെന്നും തങ്ങന്മാരെന്നും വിളിച്ചുവരുന്നു. ഇവര്‍ ക്ഷത്രിയധര്‍മ്മം അനുസരിച്ചുവരുന്നതായി അറിയുന്നു.

ഇളയത് = അനുജന്‍. ചില നായന്മാരുടെ പൌരോഹിത്യം ഇവര്‍ക്കുണ്ട്. ചിലദിക്കില്‍ ഇവരെ നമ്പ്യാതി എന്നും വിളിച്ചുവരുന്നു. നെടിയിരിപ്പുനാട്ടില്‍ നമ്പൂരിമാരില്‍ ചിലരെ ഇളയത് എന്നും ചില സാമന്തന്മാരെ തിരുമുല്‍പ്പാട് എന്നും വിളിച്ചുവരാറുണ്ട്.

നമ്പി, മൂസ്സ് എന്നീ നാമങ്ങള്‍ ബ്രാഹ്മണര്‍ മുതല്‍ ആറൊ ഏഴോ സമുദായങ്ങളുടെ ഇടയില്‍ ഉപയോഗിച്ചുവരുന്നുണ്ട്. നമ്പി = മഹാപുരുഷന്‍, ആത്മജ്ഞാനി, മൂത്തത്, മൂസ്സത്, മൂസ്സ് ഇങ്ങനെ ഭേദപ്പെട്ടുപോയതാണ്. ജ്യേഷ്ഠന്‍, ബഹുമാന്യന്‍ ഇപ്രകാരം അര്‍ത്ഥം. ജനങ്ങള്‍ ഏകസമുദായമായിരുന്ന പുരാതനകാലത്തു ഈ നാമങ്ങള്‍ ആളിന്റെ യോഗ്യത അടിസ്ഥാനമാക്കി ഉപയോഗിച്ചുവന്നിരിക്കണം. ജനങ്ങള്‍ പലകാരണങ്ങളാലും വിവിധസമുദായങ്ങളായി പിരിഞ്ഞ ശേഷം മേല്‍പറഞ്ഞ സ്ഥാനങ്ങള്‍ പാരമ്പര്യമായി ഉപയോഗിച്ചുവന്നതിനാലായിരിക്കണം. ആറോ ഏഴോ സമുദായക്കാര്‍ ഒരേപേരു വഹിക്കുന്നതായി കാണാന്‍ സംഗതിയായത്. മക്കത്തായം സ്വീകരിച്ച അവിശിഷ്ടലക്ഷണങ്ങള്‍ കാണാനുണ്ട്.

കടുപ്പട്ടന്‍ =കാവല്‍ശത്രു, ശത്രുക്കളില്‍ നിന്ന് ആപത്തുണ്ടാകാതെ കാത്തുരക്ഷിക്കുന്നവന്‍. പരദേശബ്രാഹ്മണരില്‍ ചിലര്‍ ദുഷ്ട ഭക്ഷണം കഴിക്കയാല്‍ അവരെ ഭ്രഷ്ട്കല്പിച്ചുനിര്‍ത്തിയതിനാലാണ് ഈ പേരുണ്ടായതെന്നു ചില വിദ്വാന്മാര്‍ അഭിപ്രായപ്പെടുന്നു.

വെളുത്തടവന്‍ = ആട (വസ്ത്രം) വെളുപ്പിക്കുന്നവന്‍.

വിളക്കത്തലവന്‍ = (തല) ക്ഷൌരംചെയ്യുന്നവന്‍. ഈ രണ്ടു നാമത്തോടും ചിലര്‍ നായര്‍ശബ്ദത്തെ ചേര്‍ത്തുപറയാറുണ്ട്. നായന്മാരുടെ ആവശ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഇങ്ങനെ പറഞ്ഞുവന്നതാണ്. നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം മുമ്പുവിവരിച്ചിട്ടുണ്ടല്ലൊ.

ചാക്കൈ + ആര്‍ = ചാക്കൈയാര്‍ = ചാക്ക്യാര്‍ = രാജാവിനു സഹായഞ്ചെയ്യുന്നവരില്‍ ഒരുവന്‍. കൂത്തുപറയുമ്പോള്‍ ഉദ്യേഗസ്ഥന്മാരുടെ അനീതിയേയും മറ്റും കുറിച്ചു സന്ദര്‍ഭോചിതമായി പ്രസ്താവിക്കാറുണ്ടല്ലൊ. കൂടാതെ രാജാവിന്റെ നര്‍മ്മ സചിവസ്ഥാനവുമുണ്ടായിരിക്കണം. ചാക്യാര്‍ക്കൂത്തു ക്ഷേത്രവുമായി ബന്ധം ഉണ്ടായകാലത്തിനുമുമ്പ് പൊതുസ്ഥലങ്ങളില്‍ വെച്ചു നടത്തിവന്നിരിക്കണം. ഈ വാക്കിനെ സംസ്‌കൃത ശബ്ദമാക്കി ശ്ലാഘ്യാര്‍ എന്നു പറഞ്ഞുവരുന്നു.

നങ്ങ + ആര്‍ = നങ്ങആര്‍ = നങ്ങയാര്‍ = നങ്ങിയാര്‍ = സാമര്‍ത്ഥ്യമുള്ള സ്ത്രീ, പാടുന്ന സ്ത്രീ.

പൊതുവാള്‍ = ചില ക്രിയാതികള്‍ക്കു പലര്‍ക്കുംകൂടി പൊതുവായ ആള്‍. തീയാട്ടുണ്ണി = ക്ഷേത്രങ്ങളുടെ മുമ്പില്‍ തീയ്കൂട്ടി അതില്‍ ചില ക്രിയകളെല്ലാം (തീയാട്ട) കഴിക്കുന്നതുകൊണ്ടുണ്ടായ പേര്‍.

കുറിപ്പ്

പഴയ സദ്ഗുരു മാസികയില്‍ ചട്ടമ്പിസ്വാമികള്‍ അഗസ്ത്യന്‍ എന്ന പേരു വച്ച് എഴുതിയ ലേഖനങ്ങളില്‍ രണ്ടെണ്ണമാണ് ഇവിടെ എടുത്തു ചേര്‍ത്തിട്ടുള്ളത്.