പട്ടിസദ്യ

ശ്രീ എന്‍ . ഗോപിനാഥന്‍നായരുടെ ‘രസകരങ്ങളായ സംഭവങ്ങള്‍ ‘ എന്ന പുസ്തകത്തില്‍ നിന്ന്.

ഉയര്‍ന്ന ഔദ്യോഗിക സ്ഥാനങ്ങളും അധികാരാവകാശങ്ങളും സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കാനുള്ളതല്ലെന്നും സമൂഹനന്മയ്ക്കുവേണ്ടി ഉപയോഗിക്കാനുള്ളതാണെന്നും ഒരു ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ക്ക് ഒരു അവസരം ലഭിക്കുകയുണ്ടായി.

സ്വാമി തിരുവടികളെ ഒരു ഉന്നതനായ സര്‍ക്കാരുദ്യോഗസ്ഥന്‍ തന്‍റെ ഭവനത്തില്‍ ഊണിനു ക്ഷണിച്ചു. സ്വാമികളോടുള്ള ബഹുമാനത്തേക്കാള്‍ തന്‍റെ പ്രതാപം പ്രകടിപ്പിക്കാനുള്ള അവസരമായിട്ടാണ് അയാള്‍ അതിനെ കരുതിയത്. സ്വാമി തിരുവടികളും അതൊരു തക്ക സന്ദര്‍ഭമായി കണക്കാക്കി ക്ഷണം സ്വീകരിച്ചു. തന്നോടൊപ്പം മറ്റു ചിലരും കൂടി ഉണ്ടായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

നിശ്ചിത ദിവസം സ്വാമി തിരുവടികള്‍ അവിടെ എത്തി. അനുചരന്മാരാരേയും കാണാത്തതില്‍ ആ ഉദ്യോഗസ്ഥന് അസംതൃപ്തി. അയാള്‍ അന്വേഷിച്ചു. അവരൊക്കെ പുറത്തു നില്‍ക്കുകയാണെന്നും  സമയമാകുമ്പോള്‍ എത്തിക്കോളുമെന്നും  സ്വാമി തിരുവടികള്‍ പറഞ്ഞു.

വിശാലമായ മുറിയില്‍ ഇലകള്‍ നിരന്നു. വിഭവങ്ങള്‍ പകര്‍ന്നു. അതാവരുന്നു കുറേ പട്ടികള്‍ ! അവ വരിവരിയായി വന്ന് തികഞ്ഞ അച്ചടക്കത്തോടെ സ്വാമിതിരുവടികള്‍ക്കൊപ്പം ഇലകളുടെ പിന്നില്‍ ഇരുന്നു. ആതിഥേയന്‍ അത്ഭുതസ്തബ്ദനായി നോക്കിനിന്നു. സ്വാമി തിരുവടികളുടെ നിര്‍ദ്ദേശപ്രകാരം ചോറുവിളമ്പി. അനുസരണയോടെ അവ ആഹാരം കഴിച്ചു പുറത്തേക്ക് പോയി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥനോട് സ്വാമി തിരുവടികള്‍ പറഞ്ഞു.

“വിഷമിക്കാനൊന്നുമില്ല, ഇവരൊക്കെ കഴിഞ്ഞജന്മം  സര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. സമൂഹദ്രോഹം ധാരാളം ചെയ്തിട്ടുണ്ട്. അതിന്‍റെ ഫലമാണ് ഈ ജന്മം ഇങ്ങനെ അനുഭവിച്ചുതീര്‍ക്കുന്നത്.”

അന്യരുടെ നന്മയില്‍ അല്പം പോലും താത്പര്യം കാട്ടാതിരുന്ന ആ ഉദ്യോഗസ്ഥന്‍റെ മനസാക്ഷിയെ തട്ടിയുണര്‍ത്താന്‍ പോന്നതായിരുന്നു ആ സംഭവം.

സ്വാമി തിരുവടികളുടെ ജീവിതത്തില്‍ ഇത്തരം പട്ടിസദ്യകള്‍ പലസന്ദര്‍ഭങ്ങളിലും പലവീടുകളിലും വച്ച് ഉണ്ടായിട്ടുള്ളതായി കേട്ടറിവുകള്‍ ധാരാളമുണ്ട്. ഫലിതം പ്രായോഗികമായും എന്നാല്‍ വേദനിപ്പിക്കാതെയും  പ്രദര്‍ശിപ്പിക്കുന്നതില്‍ സ്വാമികള്‍ക്ക് അന്യാദൃശമായ ഒരു നൈപുണ്യം ഉണ്ട്. അതിന് ദൃഷ്ടാന്തമാണ് ഇത്തരം സംഭവങ്ങള്‍. മാത്രമല്ല സര്‍വ്വ ഭൂതങ്ങളേയും സമഭാവനയോടെ വീക്ഷിക്കണമെന്ന്  എപ്പോഴും ഉപദേശിക്കാറുള്ള സ്വാമിതിരുവടികള്‍ തന്‍റെ ആ ആശയത്തിന്, സ്വന്തം ജീവിതരംഗത്തില്‍ നാടകീയമായ രൂപം നല്കി, ഇതെല്ലാം സാധ്യകോടിയില്‍ പെട്ടെതാണെന്നു ലോകത്തിന് കാണിച്ചുകൊടുക്കുന്നതിലും വിജയിച്ചു എന്നുവേണം പറയാന്‍.