പൂര്‍വ്വപീഠിക – ക്രിസ്തുമതഛേദനം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അല്ലയോ മഹാജനങ്ങളെ! എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്ത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു. ക്രിസ്തുമതസ്ഥരായ പാതിരിമാര്‍ മുതലായ ഓരോരോ കുക്ഷിംഭരികള്‍ നമ്മുടെ ഹിന്ദുമതത്തേയും ഈശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായം കൂടാതെ ദുഷിച്ചും അജ്ഞാനകുഠാരം, ത്രിമൂര്‍ത്തിലക്ഷണം, കുരുട്ടുവഴി, മറുജന്മം, സല്‍ഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം, ‘പുല്ലേലി കുംചു’ മുതലായ ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധം ചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയര്‍ ചാന്നാര്‍ പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുത്തി നരകത്തിനു പാത്രീഭവിപ്പിക്കുന്നതിനെ നാം കണ്ടും കേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാന്‍ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരിക്കുന്നത് അല്പവും ഉചിതമല്ലെന്നു മാത്രമല്ല, ഈ ഉദാസീനതയില്‍ വെച്ച് ഹിന്ദുക്കളില്‍ ഇതുവരെ അഞ്ചിലൊരു ഭാഗത്തോളം ജനങ്ങള്‍ ഈ അപകടത്തിലകപ്പെട്ടുപോകുന്നതിനും, മേലും ഈ കഷ്ടത പ്രചാരപ്പെടുത്തുന്നതിനും അതുനിമിത്തം നമുക്കും നമ്മുടെ സന്തതികള്‍ക്കും ഐഹികാമുത്രികങ്ങളായ അനേകഫലങ്ങള്‍ക്ക് തടസ്ഥം സംഭവിക്കുന്നതിനും സംഗതിയായി തീര്‍ന്നിരിക്കുന്നു. ഈ സ്ഥിതിക്ക് നമ്മുടെ ഹിന്ദുക്കളിലുള്ള പണ്ഡിതന്മാര്‍ എല്ലാപേരും സ്വകാര്യത്തില്‍ത്തന്നെ വ്യഗ്രിച്ച് കാലക്ഷേപം ചെയ്യാതെ അനിര്‍വാച്യമഹിയുടെയും അത്യന്തപുണ്യത്തിന്റെയും ശൃംഗാടകമായിരിക്കുന്ന ഈ പരോപകാരത്തില്‍ക്കൂടി സ്വല്‍പം ദൃഷ്ടിവച്ചിരുന്നുവെങ്കില്‍ ഈ ജനോപദ്രവം എത്രയോ എളുപ്പത്തില്‍ ദൂരീഭവിക്കുന്നതിനും അതുനിമിത്തം അനേകജീവന്മാര്‍ ഈലോകപരലോകങ്ങളില്‍ സുഖിക്കുന്നതിനും സംഗതിയാകുമെന്നുള്ളത് ഞാന്‍ പറയണമെന്നില്ലല്ലൊ, ഭോ! ഭോ! മഹാന്മാരെ, ഇതിനേക്കാള്‍ മഹത്തരമായി വേറെ യാതൊരു പുണ്യവുമില്ലെന്നാണ് എന്റെ ഉത്തമവിശ്വാസം. എന്തെന്നാല്‍ വ്രതം, ദാനം, ജപം, യജനം, അദ്ധ്യയനം മുതലായ പുണ്യങ്ങള്‍ താന്താങ്ങളുടെ സുഖത്തിനുമാത്രമെന്നല്ലാതെ അന്യന്മാര്‍ക്ക് അത്രതന്നെ ഫലപ്രദമാണെന്ന് വിചാരിക്കുന്നുണ്ടോ? ‘അങ്ങനെയല്ലാ’ ഈ പുണ്യം തനിക്കും തന്റെ സന്താനങ്ങള്‍ക്കും അന്യന്മാര്‍ക്കും വിശിഷ്യാ ക്രിസ്തുമതക്കൊടുംകുഴിയില്‍പ്പെട്ട് കഷ്ടപ്പെടുന്ന പെരുമ്പാപികള്‍ക്കുപോലും സംബന്ധിക്കുന്നതാകുന്നു. വിശേഷിച്ച് മലയാളികളായ ഹിന്ദുക്കള്‍ ഈ സംഗതിയെ അശേഷം ആലോചിക്കാതെ, അവരുടെ പാട് അവര്‍ക്ക്, നമ്മുടെ കാര്യം നമുക്ക്, എന്നിങ്ങനെ വിചാരിച്ച് ജീവകാരുണ്യം കൂടാതെ അടങ്ങിയിരിക്കുന്നത് ഈശ്വരകോപത്തിന് മുഖ്യമായ കാരണമല്ലയോ? ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങള്‍ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്തിക്കുതക്കവണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ച് ഈ ക്രിസ്തുമതദുരാചാരങ്ങളെ നിവൃത്തിപ്പിക്കുവാന്‍ തുനിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അശേഷം ധനപുഷ്ടിയും മറ്റുമുണ്ടായിട്ടല്ല എന്റെ ഈ ഉപക്രമം. പിന്നെയോ, അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയേയും ഉത്സാഹിനം പുരുഷസിംഹമുപൈതി ലക്ഷ്മീഃ എന്ന സജ്ജനവചനത്തെയും അനുസരിച്ച് ഈ കാര്യത്തില്‍ എന്നാല്‍ കഴിയുന്നതും ഉത്സാഹിപ്പാന്‍ തയ്യാറായതാണ്. ആ ഉത്സാഹത്തിന്റെ പൂര്‍വ്വപീഠികയായിട്ടാണ് ഞാന്‍ ക്രിസ്തുമതച്ഛേദനമെന്ന ഈ പുസ്തകത്തെ എഴുതി ഇപ്രകാരം പ്രസിദ്ധം ചെയ്യുമാറാക്കിയത്. ഈ ഉപന്യാസത്തില്‍ യുക്തിന്യായങ്ങള്‍ക്കോ മറ്റോ വല്ല ഭംഗവും വന്നിട്ടുണ്ടെങ്കില്‍ അതിനെ പരിഷ്‌കരിക്കുന്നതു തന്നെ മഹാന്മാരായ നിങ്ങളുടെ അനുഗ്രഹമെന്നു വിശ്വസിച്ച് ഈ പുസ്തകത്തെ നിങ്ങളുടെ ദിവ്യസന്നിധിയില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.

– ഷണ്മുഖദാസന്‍