പ്രമാണാന്തരവിചാരം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘വേദാധികാര നിരൂപണം’എന്ന കൃതിയില്‍ നിന്ന്
അദ്ധ്യായം നാല്

‘അധീയീരംസ്ത്രയോ വര്‍ണ്ണാഃ
സ്വകര്‍മ്മസ്ഥാ ദ്വിജാതയഃ;
പ്രബ്രൂയാദ് ബ്രാഹ്മണസ്‌ത്വേഷാം
നേതരാവിതി നിശ്ചയഃ
സര്‍വ്വേഷാം ബ്രാഹ്മണോ വിദ്യാ-
ദ്വൃത്ത്യുപായാന്‍ യഥാവിധി;
പ്രബ്രൂയാദിതരേഭ്യശ്ച
സ്വയം ചൈവ തയാ ഭവേത്’ (മനു 10-1-2)

അവരവര്‍ക്കു തക്കതായ പ്രവൃത്തികള്‍ ഉള്ള ദ്വിജന്മാരായ മൂന്നു വര്‍ണ്ണക്കാരും പഠിക്കട്ടെ. പഠിപ്പിക്കുന്നതു ബ്രാഹ്മണനല്ലാതെ ഇതരന്മാര്‍ ചെയ്യേണ്ടതല്ലാ എന്നത് നിശ്ചയം. സകലര്‍ക്കും ക്രമപ്രകാരമുള്ള ജീവനോപായങ്ങളെ ബ്രാഹ്മണന്‍ കല്പിക്കട്ടെ. ബ്രാഹ്മണന്‍ ഇതരന്മാര്‍ക്കു കല്പിച്ചു താനും അനുഷ്ഠിക്കട്ടെ-എന്നു പറയുന്നതല്ലാതെ ശൂദ്രന്‍ വേദാധ്യയനം ചെയ്തുകൂടാ എന്നു സ്പഷ്ടമായി നിഷേധിക്കുന്നില്ല. ഇതിനെ അല്പംകൂടി വിവരിക്കാം. ഒരുവന്‍ തനിക്കു വേണ്ടതായ സകല കാര്യങ്ങളേയും അന്യസഹായം കൂടാതെ സ്വയം സാധിച്ചുകൊള്ളുകയെന്നത് അസാധ്യമാകയാല്‍ ആദിയില്‍ തന്നെ പ്രവൃത്തികളുടെ വ്യവസ്ഥ ഏര്‍പ്പെടുന്നതു സഹജം, റോമദേശത്തില്‍ രാജാവ്, പാതിരിമാര്‍, പെട്രീഷര്‍, പ്ലേവിയര്‍ എന്നും, ഇംഗ്ലണ്ടില്‍ രാജകുലം, പാതിരികള്‍, ലാര്‍ഡ്‌സ്, കാമണ്‍സ് എന്നും ഏര്‍പ്പെട്ടതുപോലെ, അതിനും എത്രയോ മുന്‍കാലം മുതല്‌ക്കേ ഇവിടെയും ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രര്‍ എന്ന വകുപ്പുകള്‍ ഏര്‍പ്പെട്ട് അവരവരുടെ പ്രവൃത്തികള്‍ക്കു നിര്‍ണ്ണയങ്ങളും ഉണ്ടായി. ബ്രഹ്മജ്ഞാനത്തെ ഇതരന്മാര്‍ക്കു ഉപദേശിക്കല്‍ ബ്രാഹ്മണനും, രാജ്യസംരക്ഷണം ക്ഷത്രിയനും, ധാന്യക്കച്ചവടം മുതലായവ വൈശ്യനും, അടിമപ്രവൃത്തി ശൂദ്രനും ആദികാലത്തില്‍ ഏര്‍പ്പെട്ടു. ഇത്രത്തോളം, മാത്രമല്ലാതെ ഒരുവന്‍ തന്റെ പ്രവൃത്തിയെ നിറവേറ്റിക്കൊണ്ടു ജ്ഞാനത്തേയും കൂടി സമ്പാദിപ്പാന്‍ പ്രയത്‌നിക്കുന്നപക്ഷം അതില്‍ ദോഷമുണ്ടെന്നു മനു പറയുന്നില്ല. മറ്റുള്ള സ്മൃതികളില്‍ അപ്രകാരം നിഷേധമിരിക്കുന്നതായി കാണുന്നുമില്ല. ഒരുവേള ഇരുന്നാലും അവ മേല്‍കാണിച്ച ശ്രുതിപ്രമാണങ്ങളാല്‍ ബാധിതമാണ്.

‘യദദൃഷ്ടം ഹി വേദേഷു
തദ്ദ്രഷ്ടവ്യം സ്മൃതൗ കില;
ഉഭാഭ്യാം യദദൃഷ്ടം ഹി
തല്‍ പുരാണേഷു പഠ്യതേ.
ശ്രുതിസ്മൃതി പുരാണേഷു
വിരുദ്ധേഷു പരസ്പരം;
പൂര്‍വ്വം പൂര്‍വ്വം ബലീയഃ സ്യാ-
ദിതി ന്യായവിദോ വിദുഃ’

വേദത്തില്‍ കാണാത്ത വിഷയങ്ങളെ സ്മൃതിയില്‍ നിന്നും ഗ്രഹിച്ചുകൊള്ളാം. ഈ രണ്ടിലും ഇല്ലാത്തവ പുരാണങ്ങളില്‍നിന്നു ഗ്രഹിക്കാം. എന്നാല്‍ ശ്രുതി സ്മൃതി പുരാണങ്ങളില്‍ പരസ്പരം വിരുദ്ധമായി കാണുമ്പോള്‍ പുരാണത്തേക്കാള്‍ സ്മൃതിയും, സ്മൃതിയേക്കാള്‍ വേദവും ബലീയസ്സമാകുന്നു – എന്ന് ആപസ്തംബ സ്മൃതിയും.

‘ശ്രുതിസ്മൃതിവിരോധേഷു
ശ്രുതിരേവ ഗരീയസി;
അവിരോധേ സദാ കാര്യം
സ്മാര്‍ത്തം വൈദികവത് സദാ’

ശ്രുതിക്കും സ്മൃതിക്കും വിരോധമിരിക്കുന്ന സ്ഥലങ്ങളില്‍ ശ്രുതിതന്നെ പ്രബലപ്രമാണമാകും. അവയ്ക്ക് ഭിന്നിപ്പില്ലാത്ത പക്ഷത്തില്‍ ശ്രുതിയെപ്പോലെതന്നെ സ്മൃതിയും അംഗീകാര്യമാകും-എന്നു ജാബാലസ്മൃതിയും-,

‘ശ്രുതിസ്മൃതി പുരാണാനാം
വിരോധോ യത്ര ദൃശ്യതേ;
തത്ര ശ്രൗതം പ്രമാണം തു
തയോര്‍ദ്ദൈ്വധേ സ്മൃതിര്‍വ്വരാ’

വേദത്തിനു വിരോധമായ സ്മൃതിവാക്യംവകയല്ല. ഈ രണ്ടിനും വിരോധമായ പുരാണവചനവും വകയല്ല-എന്ന് വ്യാസസ്മൃതിയും പ്രമാണങ്ങളാണ്. വേദവിരുദ്ധമായ സ്മൃതിവാക്യം ആവശ്യമില്ല; പ്രമാണമാകയുമില്ല; അത് ആദരിക്കത്തക്കതുമല്ല; എന്നു മുമ്പേ മീമാംസാശാസ്ത്രത്തില്‍നിന്നെടുത്തു കാണിച്ചിട്ടുമുണ്ട്. ഇനിയും ഇപ്രകാരം അനേക ഗ്രന്ഥങ്ങളിലുണ്ട്. ഈ പ്രമാണങ്ങളെക്കൊണ്ടു വേദങ്ങളാല്‍ ആദരിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍ക്കു സ്മൃതികളാല്‍ യാതൊരു ‘ബാധ’വും നേരിടത്തക്കതല്ല. പുരാണങ്ങളില്‍ ഏതു കാര്യത്തിനു വേണമെങ്കിലും പ്രമാണം കിട്ടും. ആകയാല്‍ അവ വേദവിരുദ്ധമാകുന്നു എന്നു തള്ളിക്കളയേണ്ടതല്ലാതെ അവയുടെ ദോഷങ്ങളെക്കുറിച്ചു പ്രസ്താവിച്ചിട്ടു കാര്യമില്ല.

ഇനി ശൂദ്രന്‍ വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ളവര്‍ സാധാരണമായി പറയുന്ന ഒരു പ്രമാണത്തെക്കുറിച്ച് അല്പം വിചാരിക്കേണ്ടിയിരിക്കുന്നു. അതായത് ‘ന സ്ത്രീശൂദ്രൗ വേദമധീയാതാം’ എന്ന വാക്യമാകുന്നു. ഈ വാക്യം വേദവുമല്ല, സ്മൃതിയുമല്ല; കേവലം സൂത്രമാകുന്നു. ശ്രുതിസ്മൃതി പുരാണേതിഹാസാചാരങ്ങള്‍ എന്നുള്ള പ്രമാണങ്ങളില്‍ ഒന്നായിട്ട് ഇതിനെ എവിടെയും സ്വീകരിച്ചു പഠിക്കുന്നുമില്ല. ആകയാല്‍ ഇതിനെ ഒരു പ്രമാണമായിട്ടു സ്വീകരിക്കണമെന്നില്ല. വിരോധമില്ലാത്ത ഈ വാക്യത്തെക്കുറിച്ച് ആക്ഷേപിക്കണമെന്നുമില്ല. ഇതിന്റെ അര്‍ത്ഥം എന്തെന്നാല്‍ സ്ത്രീകളും ശൂദ്രരും വേദം പഠിച്ചേകഴിയൂ എന്നില്ല; എന്നല്ലാതെ പഠിച്ചേ കൂടാ എന്നല്ല. എന്നാല്‍ ഇതിനെ വ്യാഖ്യാനിച്ചവര്‍ പഠിച്ചേകൂടാ എന്നര്‍ത്ഥം പറഞ്ഞിരിക്കുന്നല്ലോ എന്നാണെങ്കില്‍, ഇതിലേക്ക് അവരെ കുറ്റം പറവാന്‍ പാടില്ല. ഇങ്ങനെയുള്ള ഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനം ചെയ്യുന്നവര്‍ തല്ക്കാലത്തില്‍ നടന്നുവരുന്ന ആചാരഗൗരവത്തിനു യാതൊരു ന്യൂനതയും നേരിടാതിരിക്കുന്നതിലേക്കു വേണ്ടി സ്പഷ്ടമായ വാക്യങ്ങള്‍ക്കെല്ലാം കൃത്രിമമായി അര്‍ത്ഥകല്പനം ചെയ്യുന്നതു ലോകപ്രസിദ്ധമാകുന്നു. സംശയമുള്ളപക്ഷം ഇതിലേക്കും ഒന്നു രണ്ടു നിദര്‍ശനങ്ങളെ കാണിക്കാം.

‘അതഃപരം ഗൃഹസ്ഥസ്യ
ധര്‍മ്മാചാരം കലൗ യുഗേ;
ധര്‍മ്മം സാധാരണം ശക്യം
ചാതുര്‍വര്‍ണ്ണ്യാശ്രമാഗതം.
സംപ്രവക്ഷ്യാമ്യഹം പൂര്‍വ്വം
പരാശരവചോ യഥാ’

എന്നു പരാശരസ്മൃതിയില്‍ ആദ്യം അവതാരകമായി യുഗാന്തരധര്‍മ്മങ്ങളെക്കുറിച്ച് അല്പം പറഞ്ഞശേഷം ഇനി കലിയുഗധര്‍മ്മങ്ങളെപ്പറ്റി പറയാം എന്നുപക്രമിച്ചിട്ട്,

‘നഷ്‌ടേ മൃതേ പ്രവ്രജിതേ
ക്ലീബേ ച പതിതേ പതൗ;
പഞ്ചസ്വാപല്‍സു നാരീണാം
പതിരന്യോ വിധീയതേ’-

ഭര്‍ത്താവു ദേശാന്തരഗതനായി പോയാലും, മരിച്ചാലും, സന്യസിച്ചാലും, നപുംസകനായാലും, പതിതനായാലും അവന്റെ ഭാര്യ വേറൊരുത്തനെ വിവാഹം ചെയ്തുകൊള്ളാം – എന്നു വിധിച്ചിരിക്കുന്ന വാക്യത്തെ, അതിനു വ്യാഖ്യാനം ചെയ്ത മാധവാചാര്യര്‍, യുഗാന്തരവിഷയമെന്നു മറവുവച്ചിരിക്കുന്നു, യാജ്ഞവല്‍ക്യസ്മൃതിയില്‍-

‘സകൃത് പ്രതീയതേ കന്യാ-
ഹരംസ്താം ചൗരദണ്ഡഭാക്;
ദത്താമപി ഹരേല്‍ പൂര്‍വ്വാ-
ച്ഛ്‌റേയാംശ്ചേദ്വര ആവ്രജേത്.**
അക്ഷതാ വാ ക്ഷതാ വാപി
പുനര്‍ഭൂഃ സംസ്‌കൃതാ പുനഃ’-

‘കന്യകാദാനം ചെയ്യപ്പെട്ട ശേഷവും ഒരുത്തി തന്റെ ഭര്‍ത്താവിനേക്കാള്‍ ശ്രേഷ്ഠനായ ഭര്‍ത്താവിനെ കിട്ടുന്ന പക്ഷം ആദ്യഭര്‍ത്താവിനെ ത്യജിച്ചിട്ടു പുതിയ ഭര്‍ത്താവിനെ വിവാഹം ചെയ്തുകൊള്ളാം’ – എന്ന് ഒരു ശ്ലോകത്തിലും – ‘അപ്രകാരം വിവാഹം ചെയ്തുകൊണ്ടവള്‍ക്ക് പുനര്‍ഭൂ എന്നു പേരാകുന്നു, ആ പുനര്‍ഭൂ ഋതുവായവളായാലും ശരി, ഇല്ലെങ്കിലും ശരി’ – എന്നു പിന്നത്തെ ശ്ലോകത്തിലും പറഞ്ഞിരിക്കവെ, അതിനു വ്യാഖ്യാനം ചെയ്ത വിജ്ഞാനേശ്വരര്‍ പിന്നത്തെ ശ്ലോകത്തെ കാണാത്തഭാവം നടിച്ച് മുമ്പിലെ ശ്ലോകം അമ്മിക്കല്ലില്‍ ചവിട്ടാത്ത കന്യകപരമാകുന്നു എന്നു മൂടിവെച്ചുകളഞ്ഞു. മനുസ്മൃതി.

‘ത്രിംശദ്വര്‍ഷോ വഹേല്‍ കന്യാം
ഹൃദ്യാം ദ്വാദശവാര്‍ഷികീം
ത്ര്യഷ്ടവര്‍ഷോഽഷ്ടവര്‍ഷാം വാ
ധര്‍മ്മേ സീദതി സത്വരഃ’

സ്ത്രീകള്‍ക്കു പന്ത്രണ്ടാമതു വയസ്സില്‍ വിവാഹം ഉത്തമപക്ഷമെന്നും എട്ടാമതു വയസ്സില്‍ ഗൗണപക്ഷമെന്നും പറഞ്ഞിരിക്കെ, അതിനെ വ്യാഖ്യാനിച്ച കുല്ലൂകഭട്ടന്‍, ആ ശ്ലോകത്തില്‍ പുരുഷനു വിവാഹകാലം പറഞ്ഞതല്ലാതെ സ്ത്രീകള്‍ക്കല്ലെന്നു മറച്ചുവച്ചു. ഇനിയും ഇപ്രകാരം അനേകദൃഷ്ടാന്തങ്ങളുണ്ട്. കഠിന വിഷയങ്ങള്‍ക്കു വ്യാഖ്യാനം വേണമെന്നല്ലാതെ സ്പഷ്ടമായ വിഷയങ്ങള്‍ക്കു കൃത്രിമാര്‍ത്ഥം ഉണ്ടാക്കുന്നതിനല്ലാ വ്യാഖ്യാനം.

‘ന സ്ത്രീ ശൂദ്രൗ വേദമധീയാതാം’ എന്നതിന് ഇപ്പോള്‍ ഇവിടെ പറയുന്ന അര്‍ത്ഥമാണു ശരിയെന്ന് എങ്ങിനെ പറയാമെന്നാല്‍ ‘അധീയാതാം’ എന്ന ക്രിയ ലിങര്‍ത്ഥമാകുന്നു. ലിങിന്നു വിധിനിമന്ത്രണാമന്ത്രണസംഭാവനൗചിത്യാദി പല അര്‍ത്ഥങ്ങളുണ്ട്. ഇവയില്‍, ‘പാടില്ലാ’ എന്നുള്ള വിധ്യര്‍ത്ഥത്തേയൊ ‘വേണമെന്നില്ല’ എന്നുള്ള ഔചിത്യാര്‍ത്ഥത്തെയൊ സ്വീകരിക്കേണ്ടത് എന്നത്രേ പ്രകൃതത്തില്‍ സന്ദേഹം. ഗുരുതരപ്രമാണങ്ങള്‍ക്കു വിരുദ്ധമല്ലാത്തതേതോ അതിനെ സ്വീകരിക്കയെന്നാണു പ്രസിദ്ധനയം. ആകയാല്‍ ഇവയില്‍ ഏതാണ് അപ്രകാരമുള്ള പ്രമാണങ്ങള്‍ക്കൊത്തിരിക്കുന്നത്, ഏതാണു വിരോധിച്ചിരിക്കുന്നത് എന്നു നോക്കാം. ബൃഹദാരണ്യകോപനിഷത്തു മൂന്നാമതും, ആറാമതും ബ്രാഹ്മണത്തില്‍ പറയുന്ന ഉപാഖ്യാനത്തില്‍ ‘ഗാര്‍ഗ്ഗി’ എന്ന സ്ത്രീ വേദാദ്യഭ്യാസം ചെയ്തു, എന്നു മാത്രമല്ലാ വേദാര്‍ത്ഥങ്ങളെക്കുറിച്ചു യാജ്ഞവല്‍ക്യരോട് ചര്‍ച്ചചെയ്തതായും കാണുന്നു.

1. അഥ വാചക്‌നവ്യുവാച ബ്രാഹ്മണാ ഭഗവന്തോ ഹന്താഹമിമം ദ്വൗ പ്രശ്‌നൗ പ്രക്ഷ്യാമി. തൗ ചേന്മേ വക്ഷ്യതി നവൈ ജാതു യുഷ്മാകമിമം കശ്ചിത് ബ്രഹ്മോദ്യം ജേതേതി, പൃഛ ഗാര്‍ഗ്ഗീതി

2. സാ ഹോവാചാfഹം വൈ ത്വാ യാജ്ഞാവല്ക്യ യഥാ കാശ്യോ വാ വൈദേഹോ വോഗ്രപുത്ര ഉജ്ജ്യം ധനുരധിജ്യം കൃത്വാ ദ്വൗ ബാണവന്തൗ സപത്‌നാതവ്യാധിനൗ ഹസ്‌തേ കൃത്വോപോത്തിഷ്‌ഠേദേവമേവാഹം ത്വാ ദ്വാഭ്യാം പ്രശ്‌നാഭ്യാമുപോദസ്ഥാം തൗ മേ ബ്രൂഹീതീ പൃഛ ഗാര്‍ഗ്ഗീതി.

3. ‘സാ ഹോവാച യദൂര്‍ദ്ധ്വം യാജ്ഞവല്ക്യദിവോ യദവാക് പൃഥിവ്യാ യദന്തരാ ദ്യാവാപൃഥിവീ ഇമേയദ്ഭൂതം ച ഭവച്ച ഭവിഷ്യച്ചേത്യാചക്ഷതേ കസ്മിംശ്ച തദോതം ച പ്രോതം ചേതി…’

ആറാമതു ബ്രാഹ്മണത്തിലെ പ്രശ്‌നപ്രതിവചനാനന്തരം അതില്‍നിന്ന് ഉപരമിച്ചിരുന്ന വചക്‌നുവാത്മജയായ ഗാര്‍ഗ്ഗി ഇങ്ങനെ പറഞ്ഞു: 1. ‘അല്ലയോ പൂജാര്‍ഹരായ മഹര്‍ഷിമാരേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. നിങ്ങളുടെ അനുമതിയുള്ളപക്ഷം ഈ യാജ്ഞവല്ക്യനോട് ഞാന്‍ രണ്ടു ചോദ്യം ചോദിക്കാം. അതിനുത്തരം പറയുന്നതായാല്‍ നിങ്ങളാരും ബ്രഹ്മവാദിയായ ഇദ്ദേഹത്തെ ജയിക്കില്ല.’ ഇതിനുശേഷം ‘ഗാര്‍ഗ്ഗി, ചോദിച്ചുകൊള്‍ക’ എന്നവര്‍ അനുവദിച്ചു. 2.ഉടനെ യാജ്ഞവല്‍ക്യരോടായി ഗാര്‍ഗ്ഗി ഇങ്ങനെ പറഞ്ഞു: ‘കാശ്യനോ വൈദേഹനോ ആയിരിക്കുന്ന ശൂരനായ രാജാവ് (കെട്ടുവിട്ടിരുന്ന) വില്ലിനെ കുലച്ച് – പൂട്ടി – ശത്രുസംഹാരകങ്ങളായ അസ്ത്രങ്ങളെ സംഘടിപ്പിച്ചു സന്നദ്ധനാകുന്നപോലെ ഞാന്‍ രണ്ടു പ്രശ്‌നങ്ങള്‍ ചെയ്‌വാന്‍ ഒരുങ്ങിയിരിക്കുന്നു. അതിനു സമാധാനം പറയണം.’ അപ്പോള്‍ ‘ഗാര്‍ഗ്ഗി, ചോദിച്ചുകൊള്‍ക’ എന്നു യാജ്ഞവല്‍ക്യന്‍ പറഞ്ഞു. 3. ഗാര്‍ഗ്ഗി ചോദിക്കുന്നു: ‘ദ്യുസംജ്ഞമായ അണ്ഡകപാലത്തിന്റെ ഉപരിഭാഗത്ത് എന്ത്? അതിന്റെ അധോഭാഗത്ത് എന്തിരിക്കുന്നു? ദ്യുലോക പൃഥ്വീവീലോകങ്ങളെ ഇടമുറിക്കുന്നതായി എന്തൊന്നിരിക്കുന്നു? ഭൂതവര്‍ത്തമാനഭാവികാലങ്ങളിലും ഉള്ളതായി പറയപ്പെടുന്ന ഈ ദൈ്വതജാതം ഏതാധാരത്തില്‍ സ്ഥിതിചെയ്യുന്നു എന്നു കേള്‍ക്കട്ടെ…’

ആശ്വലന്‍, ആര്‍ത്തഭാഗന്‍, ഭുജ്യു, ഉഷസ്തന്‍, കഹോളന്‍ മുതലായ മഹര്‍ഷിമാര്‍ക്കുപോലും വാദത്തില്‍ പരാജിതനാക്കാന്‍ കഴിയാത്ത യാജ്ഞവല്‍ക്യ മഹര്‍ഷിയോട് ഒരു സ്ത്രീ ശാസ്ത്രവാദം നടത്തിയ കഥ വേദശിരസ്സായി പരിണമിച്ചതോര്‍ത്താല്‍ സ്ത്രീകള്‍ക്കു വേദാധികാരമുണ്ടെന്നു കാണിക്കാന്‍ വല്ല തെളിവും ആവശ്യമുണ്ടോ?

ബൃഹദാരണ്യകോപനിഷത്തു നാലാമതധ്യായം അഞ്ചാമതു ബ്രാഹ്മണത്തില്‍ യാജ്ഞവല്‍ക്യരുടെ ഭാര്യയായ ‘മൈത്രേയി’ എന്നവള്‍ ഐഹികസുഖങ്ങളെല്ലാം ത്യജിച്ചു ജീവാത്മപരമാത്മസ്വരൂപങ്ങളെക്കുറിച്ചു വിചാരിച്ചു മോക്ഷപദവിയെ പ്രാപിച്ചതായി പറഞ്ഞിരിക്കുന്നു.

‘അഥ ഹ യാജ്ഞവല്‍ക്യസ്യ ദ്വേ ഭാര്യേ ബഭൂവതുഃ മൈത്രേയീ ച കാത്യായനീ ച. തയോര്‍ഹ മൈത്രേയീ ബ്രഹ്മവാദിനീ ബഭൂവ.’

‘മൈത്രേയി എന്നും കാത്യായനിയെന്നും പേരായി യാജ്ഞവല്‍ക്യര്‍ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നതില്‍ മൈത്രേയി ബ്രഹ്മവിചാരശീലയായിരുന്നു’ എന്നു തുടങ്ങിയിട്ട് അടുത്ത വാക്യത്തില്‍, യാജ്ഞവല്‍ക്യന്‍ തന്റെ സ്വത്ത് അവര്‍ക്കായി വീതിച്ചുകൊടുത്തുകൊണ്ട് സന്യസിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍, ധനസംപൂര്‍ണ്ണമായ ഈ ഭൂമി മുഴുവന്‍ കിട്ടിയെന്നിരുന്നാലും, അതിനാല്‍ താന്‍ മുക്തയാകുമോ എന്ന് അവര്‍ ചോദിച്ചതിന് ‘നേതി നേതി ഹോവാച യാജ്ഞവല്‍ക്യഃ’ ഇല്ലേ ഇല്ല എന്നും, ‘അമൃതത്വസ്യ തൂനാഽശാസ്തിവിത്തേന’ – ‘ധനംകൊണ്ടു മോക്ഷം കിട്ടുമെന്നുള്ള വല്ല ശങ്കയ്ക്കുപോലും വകയില്ല’ എന്നും ആയിരുന്നു മറുപടി.

‘സാ ഹോവാച മൈത്രേയീ യേനാഽഹം നാമൃതാസ്യാം കിമഹംതേന കുര്യാം യദേവ ഭഗവാന്‍ വേദ തദേവ മേ ബ്രൂഹീതി.’

4. അപ്പോള്‍ മൈത്രേയി: – ‘മോക്ഷത്തിനുപകരിക്കയില്ലെന്നിരിക്കുന്ന സ്ഥിതിക്ക് അതു (ധനം) കൊണ്ട് ഒരു കാര്യവുമില്ല; ആകയാല്‍ ബ്രഹ്മസാക്ഷാല്‍ക്കാരവിഷയമായി പൂജ്യനായ അങ്ങറിയുന്നതിനെ എനിക്കു പറഞ്ഞുതരണം’ എന്നപേക്ഷിച്ചു. ‘ആത്മാ വാ അരേ ദ്രഷ്ടവ്യ… ഏതാവദരേ ഖല്വമൃതത്വം’ എന്നും മറ്റുമുള്ള ബ്രഹ്മതത്ത്വം യാജ്ഞവല്‍ക്യന്‍ അനുപദം ഉപദേശിക്കയും ചെയ്തു. ഇവിടെ മൈത്രേയീവാക്യവും വേദത്തിലുള്‍പ്പെടുകയാല്‍ സ്ത്രീകള്‍ക്കുള്ള വേദാധികാരം ദണ്ഡവാരിതമാകയില്ല എന്നു സിദ്ധിച്ചു.

യാഗാദികളില്‍ സ്ത്രീകളും അവര്‍ക്കുള്ളതായ വേദമന്ത്രങ്ങളെ ഉച്ചരിച്ചുവരുന്നതിനു പ്രത്യേക ദൃഷ്ടാന്തമൊന്നും ആവശ്യമില്ല. ശതപഥബ്രാഹ്മണം ‘ദര്‍ശപൂര്‍ണ്ണമാസ’ പ്രകരണത്തില്‍ പറഞ്ഞ ‘ഹവിഷ്‌കൃതാഹ്വാന’ സമയത്തില്‍ ബ്രാഹ്മണക്ഷത്രിയര്‍ ഇന്നിന്ന മന്ത്രത്തെ ജപിക്കണമെന്നു വിധിച്ചതുപോലെ ശൂദ്രനും ‘ആയാ വേദി’ എന്ന വേദവാക്യത്തെ ഉച്ചരിക്കണമെന്നു പറഞ്ഞിരിക്കുന്നു. അതേ പ്രമാണത്തില്‍ ഇതരകര്‍മ്മങ്ങളെക്കുറിച്ചു പറയുമ്പോള്‍ ‘അഷ്ടീവദഘ്‌നം ശൂദ്രസ്യ’ എന്നും ‘മസ്തു ശൂദ്രസ്യ’ എന്നും ശൂദ്രന്‍ ഉച്ചരിക്കേണ്ടതായ മന്ത്രങ്ങളെ പറഞ്ഞിരിക്കുന്നു. ‘വര്‍ഷാസു രഥകാര ആദധീത’ എന്നു തച്ചന്‍ (പണിക്കന്‍) അഗ്ന്യാധാനം ചെയ്‌വാന്‍ പറഞ്ഞിരിക്കുന്നു. ശുക്ലയജൂസ്സ് 28-ാം അധ്യായപ്രാരംഭത്തില്‍:-

”യഥേമാം വാചം കല്യാണീ മാവദാനി ജനേഭ്യഃ, ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായ പ്രിയോദേവാനാം ദക്ഷിണായൈ ദാതുരിഹ ഭൂയാസമയജേകാമഃ സമൃയ്യതാമുപമാദോ നമതു.”

‘ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രര്‍ ബന്ധു ശത്രു എന്നീ ജനങ്ങള്‍ക്ക് ഈ മംഗളകരമായ വാക്കിനെ പറയുന്നതിനാല്‍ ഈ ലോകത്തില്‍ ദേവകള്‍ക്കു പ്രിയനായി ദക്ഷിണയ്ക്കായിട്ടു കൊടുക്കുന്നവനാകുമാറാക; എന്റെ ഈ അപേക്ഷ സഫലമാകത്തക്കതാകട്ടെ എന്നു ദേവതകളുടെ പ്രീതിസംപാദനാര്‍ത്ഥം ശൂദ്രനുള്‍പ്പെട്ട സകല ജാതിക്കാര്‍ക്കും നന്മയരുളുന്ന വേദത്തെ ഉപദേശിക്കുന്നവനാക എന്നു പറഞ്ഞിരിക്കുന്നു.

‘യസ്മിന്‍ ദേശേ യ ആചാരഃ
പാരംപര്യക്രമാഗതഃ
ശ്രുതിസ്മൃത്യവിരോധേന
സ സദാചാര ഉച്യതേ.’

ഒരു ദേശത്തു ശ്രുതിസ്മൃതികള്‍ക്കു വിരോധം കൂടാതെ നടന്നുവരുന്ന വഴക്കം സദാചാരമെന്നു പറയുന്നു- എന്ന് ആപസ്തംബസ്മൃതിയില്‍ പറഞ്ഞിരിക്കുന്നതിനാലും, വേദാധ്യയനത്തെ ഇഷ്ടമുള്ള സകലരും ചെയ്തുവന്നു. വേദവിരുദ്ധമല്ലാതെ അതിനാല്‍ ആദരിക്കപ്പെട്ടിരിക്കയാലും, ശ്രുതിസ്മൃതി പുരാണേതിഹാസാചാരം പ്രമാണങ്ങളില്‍വച്ചു സകല ഗൗരവപ്രമാണങ്ങള്‍ക്കും ഈ അഭിപ്രായം ശരിയായിരിക്കയാലും, വിവാദവാക്യത്തിനു ‘പാടില്ല’ എന്ന അര്‍ത്ഥം പറയുന്നപക്ഷം ശാബ്ദപ്രമാണങ്ങളില്‍ സര്‍വ്വോല്‍കൃഷ്ടമായ വേദത്തെ ആക്ഷേപിക്കുന്നതായി വരികയാലും ‘കൂടിയേകഴിയൂ എന്നില്ല’ എന്ന അര്‍ത്ഥം ശരിയാകുമെന്നല്ലാതെ പാടില്ല എന്നുള്ള അര്‍ത്ഥം ഒക്കുകയില്ലെന്നു സ്പഷ്ടമാകുന്നു. ഇതുവരെ സാധകബാധകമായുള്ള പ്രമാണങ്ങളെ പരിശോധിച്ചു.

ഇനി യുക്തിയെപ്പറ്റി വിചാരിക്കാം.