വേദാധികാരനിരൂപണം

ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം ഒന്‍പത്

വേദാദ്ധ്യയനത്തിന് അധികാരി ആര്? ഈ ചോദ്യം ബ്രാഹ്മണേതരന്മാര്‍ ചോദിച്ചുതുടങ്ങിയിട്ടു കാലം ഏറെയായി. വിജ്ഞാനമണ്ഡലം ബ്രാഹ്മണനു അധീനമായിരുന്ന പുരാതനകാലത്ത് ചില പഴുതുകളിലൂടെ ക്ഷത്രിയനും ശൂദ്രനും ആ രംഗത്തു കടന്നു ഭാരതഭൂമിയുടെ ആദിമവിദ്യയായ വേദങ്ങളിലെ കലാഭംഗിയും ഉല്‍കൃഷ്ടാനുഭൂതികളും ആസ്വദിക്കയുണ്ടായിട്ടുണ്ട്. അബ്രാഹ്മണന് അതു പാടില്ലെന്നുള്ള വിരോധകല്പനയുടെ മറവില്‍നിന്നുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തിട്ടുള്ളത്. പ്രബലമായ ഈ നിരോധനത്തെ ഉല്ലംഘിച്ച ചുരുക്കം ചിലരില്‍ തുഞ്ചത്ത് ഗുരുപാദര്‍ സാഹസികനായ ഒരു വിപ്ലവകാരിയാണ്. ആ സാഹിത്യാചാര്യനു കൈവന്ന ആത്മബോധത്തിന്റെ ഓളങ്ങള്‍ മലയാളക്കരയില്‍ ഇന്നും അലയടിച്ചുകൊണ്ടുതന്നെയിരിക്കുന്നു. ആ വിപ്ലവവാസനയുടെ ദീപ്തിമത്തായ സ്ഫുരണം ചട്ടമ്പിസ്വാമികളില്‍ ബാല്യകാലത്തുതന്നെ കണ്ടുതുടങ്ങി. വ്യാകരണപഠനത്തിനുപോലും ശൂദ്രന് അദ്ധ്യയനാവകാശം ഇല്ലെന്നുള്ള നിലയ്ക്ക് അന്നും ഉലച്ചില്‍ തട്ടിയിരുന്നില്ല. അതുകൊണ്ട് യാഥാസ്ഥിതികതയെ തകര്‍ക്കാന്‍ ഉല്‍ക്കടമായ ഒരഭിനിവേശവും അടക്കാനാവാത്ത ആന്തരികപ്രചോദനവും സ്വാമികള്‍ക്കുണ്ടായി.

വേദം അഭ്യസിക്കുവാന്‍ എല്ലാവര്‍ക്കുമുള്ള അവകാശത്തെ സ്ഥാപിക്കുകയാണ് സ്വാമികളുടെ യത്‌നം. അനേകവര്‍ഷങ്ങള്‍ ഈവിധ വിചിന്തനത്തിനും പൗരാണികസംസ്‌കാരപഠനത്തിനും അവിടന്നു വിനിയോഗിച്ചിട്ടുണ്ട്. ‘വേദാധികാരനിരൂപണം’ എന്ന ഗ്രന്ഥം രണ്ടുമൂന്നു വാല്യങ്ങളിലായി പ്രസിദ്ധം ചെയ്യത്തക്ക ഒരു ബൃഹല്‍കായ നിബന്ധമാണെന്നു രചനാവസ്ഥയില്‍ തനിക്കു തോന്നിയിട്ടുണ്ടെന്ന് ശ്രീ. നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ ആ ഗ്രന്ഥത്തിന്റെ ഭൂമികയില്‍ അഭിപ്രായപ്പെട്ടുകാണുന്നു. എന്നാല്‍ പെന്‍സില്‍കൊണ്ട് അവിടന്ന് എഴുതിയ ഗ്രന്ഥത്തിന്റെ ഏതാണ്ട് ഒരംശം മാത്രമേ നമുക്കു പുസ്തകരൂപത്തില്‍ ലഭിച്ചിട്ടുള്ളൂ; ബാക്കി ഭാഗങ്ങള്‍ ഭാഗ്യവിപര്യയംകൊണ്ടു നഷ്ടപ്പെട്ടുപോയി. ‘വേദാധികാരനിരൂപണ’ത്തില്‍ വേദസ്വരൂപവും അധികാരനിരൂപണവും ഉള്‍ക്കൊള്ളുന്നു. വേദങ്ങള്‍ അപൗരുഷേയമല്ലെന്നു സ്ഥാപി ച്ചുകൊണ്ട് അവിടന്നു പ്രസ്താവിക്കുന്നു:

‘ആദിവിവേകികള്‍ ശ്രമപ്പെട്ടു കണ്ടറിഞ്ഞു പറഞ്ഞ വിഷയങ്ങളില്‍ നിരാക്ഷേപകരങ്ങളായ ഭാഗങ്ങള്‍ അംഗീകരിക്കയും ഗൗരവബുദ്ധ്യാ സ്വീകരിക്കുകയും ചെയ്യേണ്ടതു നമ്മുടെ സ്ഥിതിക്കടുത്ത കാര്യംതന്നെ. ഭഗവല്‍പ്രോക്തമല്ലെന്നുള്ളതുകൊണ്ടു മാത്രം ആക്ഷേപകരമായിത്തീരുന്നതുമല്ല. അതിലുള്ള ഗുണങ്ങളെ ആദരിച്ചനുഷ്ഠിക്കുന്നതുതന്നെ നമുക്കു സുലഭമായും പ്രയോജനകരമായും ഇരിക്കുമെന്നതില്‍ സന്ദേഹമില്ല.’

ഗ്രന്ഥത്തിലെ പ്രധാനമായ ചര്‍ച്ചാവിഷയം വേദാദ്ധ്യയനത്തില്‍ പല ഭാഗക്കാരുടേയും അധികാരത്തെപ്പറ്റിയുള്ള താരമത്യപഠനമാകുന്നു. ബ്രാഹ്മണനു വേദം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാം; ക്ഷത്രിയനും വൈശ്യനും പഠിക്കുകമാത്രമേ ആകാവൂ, അദ്ധ്യാപനം പാടില്ല; ശൂദ്രനാകട്ടെ ഒന്നിനുംതന്നെ അധികാരമില്ല. ഇതാണല്ലോ വിശ്വാസപരമ്പരയാല്‍ സ്ഥാപിതമായ മതം. പൂര്‍വ്വാചാരസമ്മാനിതമായ ഈ തീര്‍പ്പിനെ ഉന്മൂലനം ചെയ്യുകയാണു സ്വാമികള്‍ ചെയ്യുന്നത്. പ്രമാണത്തെ പൊക്കിപ്പിടിച്ചുകൊണ്ടു യുക്തിപൂര്‍വ്വമുള്ള വിചാരത്താല്‍ അവിടന്നു സമര്‍ത്ഥിക്കുന്നതു വേദത്തില്‍ ക്ഷത്രിയന് അദ്ധ്യാപനവും ശൂദ്രനു അദ്ധ്യയനവും പാടില്ലെന്നു നിഷേധം ഇല്ലെന്നാണ്. വേദാന്തസൂത്രകാരനായ ബാദരായണനും ഭാഷ്യകാരനായ ആചാര്യസ്വാമികളും പൂര്‍വ്വവിശ്വാസത്തെ ബലപ്പെടുത്തുന്ന രീതിയിലേ പ്രതിപാദിച്ചിട്ടുള്ളൂ. ഉപനിഷത്ഭാഗങ്ങളെക്കൊണ്ടുതന്നെ വളരെ ആഴത്തില്‍ വേരോടിയ സിദ്ധാന്തങ്ങളെ തകര്‍ത്ത് ആ ആചാര്യന്മാരുടെ വായ് മൂടുകയാണു സ്വാമികള്‍ ചെയ്യുന്നത്.

വേദാധികാരവിചാരത്തില്‍ ക്ഷത്രിയന് അദ്ധ്യാപനാധികാരമുണ്ടെന്നു സ്ഥിപിക്കുവാനാണ് സ്വാമികള്‍ ആദ്യമായി മുതിരുക. ബൃഹദാരണ്യകോപനിഷത്ത് രണ്ടാം അദ്ധ്യായത്തില്‍ ഗാര്‍ഗ്ഗ്യന്‍ എന്ന ഒരു ബ്രാഹ്മണന്‍ അജാതശത്രു എന്ന രാജാവിനെ ആചാര്യനായി വരിച്ച് ബ്രഹ്മവിദ്യയെ അഭ്യസിച്ചതും, ഛാന്ദോഗ്യോപനിഷത്ത് അഞ്ചാം അദ്ധ്യായത്തില്‍ ആരുണിപുത്രനായ ശ്വേതകേതു എന്ന ബ്രാഹ്മണ ഋഷിക്ക് പ്രവാഹണന്‍ എന്ന രാജാവ് ബ്രഹ്മജ്ഞാനോപദേശം ചെയ്തതും, ജനകമഹാരാജാവിന്റെ അടുക്കല്‍ ചെന്നു ശ്രീ ശുക്രബ്രഹ്മര്‍ഷി ഉപദേശം സ്വീകരിച്ചതും മറ്റും ഉദാഹരണമായി കാണിച്ചു ക്ഷത്രിയന്റെ ബ്രഹ്മസാമ്രാജ്യധുരന്ധരത അവിടന്നു നിസ്സംശയം ഉറപ്പിക്കുന്നു. ഈ ഉദാഹരണങ്ങള്‍കൊണ്ടു ക്ഷത്രിയന്‍ അദ്ധ്യാപനം ചെയ്യുന്നതിന് അര്‍ഹനല്ലെന്ന അഭിപ്രായം തെറ്റും ത്യാജ്യകോടിയില്‍ തള്ളേണ്ടതും ആണെന്നാണ് അവിടന്നു വിളിച്ചുപറയുന്നത്.

ഉപരിചിന്തനം ശൂദ്രനു വേദാദ്ധ്യയനത്തിനുള്ള അര്‍ഹതയെപ്പറ്റിയാണ്. ഛാന്ദോഗ്യോപനിഷത്ത് നാലാമദ്ധ്യായപ്രാരംഭത്തിലുള്ള ജാനശ്രുത്യുപാഖ്യാനംകൊണ്ടു ശൂദ്രനും വേദാഭ്യാസം ചെയ്തിട്ടുള്ളതിനു പ്രമാണങ്ങള്‍ ഉണ്ടെന്നു സ്വാമികള്‍ വാദിക്കുന്നു. നോക്കുക:

‘ജാനശ്രുതി എന്ന ശൂദ്രന്‍ രൈക്വന്‍ എന്ന ഒരു ബ്രാഹ്മണന്റെ അടുക്കല്‍ ചെന്നു വളരെ ദ്രവ്യം കൊടുത്തു ബ്രഹ്മവിദ്യയ്ക്കു യാചിച്ചപ്പോള്‍ ആ രൈക്വന്‍, ‘ശൂദ്രനായ നിനക്ക് അത് ഉപദേശിക്കത്തക്കതല്ല; നിന്റെ ദ്രവ്യം നീതന്നെ എടുത്തോ’ എന്നുത്തരം പറഞ്ഞതുകേട്ട് അയാള്‍ വളരെ വ്യസനിച്ചു പിന്നെയും വളരെ ദ്രവ്യത്തോടുകൂടി ഒരു യുവതിയായ (പുത്രിയെ) സ്ത്രീയേയും കൊടുത്തതില്‍ ആ രൈക്വന്‍, ‘അല്ലയോ ശൂദ്ര! നീ നിന്റെ പുത്രി മുതലായ കാഴ്ചദ്രവ്യങ്ങള്‍വഴിയായി വിദ്യോപദേശമപേക്ഷിക്കുന്നു; അങ്ങനെയാകട്ടെ,’ എന്നുപറഞ്ഞു അയാള്‍ക്കു ബ്രഹ്മവിദ്യയെ ഉപദേശം ചെയ്തു എന്ന് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു.’

ആദ്യം സ്വല്പ വിഭവവുമായിച്ചെന്ന ജാനശ്രുതിയെ രൈക്വന്‍ ഉപേക്ഷിച്ചു. എന്നാല്‍ വളരെ വിഭവങ്ങളും ഗ്രാമവും തന്റെ സുന്ദരിയായ മകളേയും ജാനശ്രുതി സമ്മാനിച്ചപ്പോള്‍ രൈക്വന്‍ പ്രസാദിച്ചു വിദ്യോപദേശം ചെയ്യുന്നു. ഈ സംഗതിയെ സ്വാമികള്‍ കളിയാക്കിയിരിക്കുന്നതു താഴെ ഉദ്ധരിച്ചിരിക്കുന്ന ഭാഗത്തില്‍നിന്ന് കാണാം:

‘ജാനശ്രുതിക്ക് അപ്പോള്‍ ഉണ്ടായിരുന്ന ശ്രദ്ധ മതിയാകായ്കയാല്‍ ആയതിനെ വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നു എങ്കില്‍ വളരെക്കാലം താമസിപ്പിക്കയും ശുശ്രൂഷിപ്പിക്കുകയും മറ്റും ചെയ്തു സൂക്ഷിച്ചു കണ്ടറിഞ്ഞു പറഞ്ഞുകൊടുക്കേണ്ടതായിരുന്നു. പരീക്ഷിക്കാനാണെങ്കിലും അപ്രകാരംതന്നെ. ‘ദ്വാദശാബ്ദം തു ശുശ്രൂഷാം’ എന്നല്ലയോ പ്രമാണം പറയുന്നത്. ഇവിടെ അതും അനുഷ്ഠിക്കപ്പെട്ടില്ല; നേരേമറിച്ച്, ‘ഇയം ജായാ, അയം ഗ്രാമഃ’ എന്നിരിക്കയാല്‍ ‘ഗുരവോ ബഹവഃ സന്തി ശിഷ്യവിത്താപഹാരകാഃ’ എന്നപോലെ പരീക്ഷിപ്പാന്‍ നോക്കിയതു കൂടുതല്‍ ദക്ഷിണയെ കരുതിയാണെന്നു തോന്നുന്നു. വേറെവിധം പറയുന്നതിനു യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല.’

ശൂദ്രന്‍ വിദ്യയ്ക്ക് അനര്‍ഹനാണെന്നുള്ളതിനു ദൃഷ്ടാന്തമായി ബ്രാഹ്മണര്‍ പണ്ടേ പറയാറുള്ള ജാബാലന്റെ കഥയെയാണ് അടുത്തതായി അവിടന്നു പരിശോധിക്കുന്നത്. ജാബാലനായ സത്യകാമന്‍ അമ്മയോടു പറഞ്ഞു: ‘എനിക്കു വേദാദ്ധ്യയനം ചെയ്യണം; എന്റെ ഗോത്രം ഏതാണ്?’ അമ്മ മറുപടി പറഞ്ഞു: ‘എനിക്ക് അതറിഞ്ഞുകൂടാ, അപ്പനേ, ഏതു ഗോത്രക്കാരനാണു നീയെന്ന്. വാല്യക്കാരിയായി യൗവനത്തില്‍ വളരെ ഞാന്‍ അലഞ്ഞു നടക്കുമ്പോള്‍ നീയും ഉണ്ടായി. എനിക്കു അറിഞ്ഞുകൂടാ ഏതു ഗോത്രമാണു നിന്റേതെന്ന് എന്റെ പേര്‍ ജബാല എന്നാണ്; നിന്റെ പേര്‍ സത്യകാമനെന്നും. അതുകൊണ്ടു നീ ജാബാലനായ സത്യകാമന്‍ എന്നുപറയണം.’

‘ജാബാലന്‍ ഗൗതമന്റെ അടുക്കല്‍ അദ്ധ്യയനത്തിനുചെന്നു. ഗൗതമന് അവന്റെ പേരില്‍ ശൂദ്രശങ്കയുണ്ടായി. ജാബാലനെക്കൊണ്ടു താന്‍ ശൂദ്രനല്ലെന്നു സത്യം ചെയ്യിച്ച ശേഷമേ പഠിപ്പിച്ചുകൊടുത്തുള്ളു.’

സ്വാമികള്‍ ഈ കഥാസാരത്തിന്റെ പൊള്ള വെളിക്കാക്കുന്നതു നോക്കുക:

‘ശൂദ്രന്‍ വിദ്യയ്ക്ക് അനര്‍ഹനെന്നും അതിനാല്‍ അവനെ യാതൊന്നും പഠിപ്പിച്ചുപോകരുതെന്നും മുമ്പിനാലെതന്നെ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ജാബാലന്‍ ചെന്നത് അഭ്യസിപ്പാനുമായിരുന്നു. അപ്പോള്‍ ഗൗതമന്‍ ജാബാലനെക്കൊണ്ടു ശൂദ്രനല്ലെന്നു സത്യം ചെയ്യിച്ചതിനാല്‍ ഗൗതമനു ജാബാലനെക്കുറിച്ചു ശൂദ്രശങ്കയുണ്ടായിരുന്നെന്നും തന്നിമിത്തം ഇവന്‍ തന്നെ കബളിപ്പിച്ചു വിദ്യാമോഷണത്തിനായി വന്നിരിക്കയാണെന്നുള്ള സംശയം അദ്ദേഹത്തിന്റെ ഉള്ളില്‍ ജനിച്ചിരുന്നു എന്നും നിശ്ചയം തന്നെ. പിന്നെ ശൂദ്രന്‍ അനൃതവാക്കാണെന്ന പ്രമാണവുമുണ്ട്. ഇങ്ങനെ അവിശ്വാസിയെന്നു തെളിയുന്ന ജാബാലന്റെ വാക്കിനെ ഗൗതമന്‍ വിശ്വസിക്കുകയും സന്ദേഹത്തില്‍നിന്നു വേര്‍പെടുകയും ചെയ്യുകയില്ല. ഗൗതമനു ജാബാലന്റെ ജാതിനിര്‍ണ്ണയം ചെയ്‌തേ കഴിയൂ എന്നു നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ ജാബാലനുമായി നല്ല അടുത്തുപരിചയമുള്ളവരായ ബ്രാഹ്മണരോടാരോടെങ്കിലും അദ്ദേഹം പരമാര്‍ത്ഥം ചോദിച്ചറിയുമായിരുന്നു. അപ്രകാരം ചെയ്തതായി കാണുന്നുമില്ല. ഉപനയിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. ഇതെല്ലാംകൊണ്ടു ഗൗതമന് മനപ്പൂര്‍വ്വമായി പഠിച്ചാല്‍ അവനും ദോഷമുണ്ടെന്നോ ശൂദ്രനല്ലെന്നു വരികിലേ പഠിപ്പിക്കാവൂ എന്നോ ഉള്ള അഭിപ്രായം ഉണ്ടായിരുന്നില്ലെന്നും ആരായാലും ഏതു ജാതിയായാലും ശരി, ശ്രദ്ധയുള്ളവരെ പഠിപ്പിക്കണമെന്നുള്ള അഭിപ്രായമേ ഉണ്ടായിരുന്നുള്ളൂ എന്നും സ്പഷ്ടമാകുന്നു.’

‘ഉപനയനാദിപൂര്‍വ്വം കര്‍മ്മകാണ്ഡത്തില്‍ പ്രവൃത്തരായ ശേഷമേ ജ്ഞാനകാണ്‌ഡോക്തമായ വിധിയെ കൈക്കൊള്ളാവൂ എന്നു നിയമമില്ലെങ്കിലും സാധനചതുടഷ്ടയസമ്പത്തി സിദ്ധിച്ചാല്‍ ക്രമത്തെ ഗണ്യമാക്കാതെ ജ്ഞാനമാര്‍ഗ്ഗം സ്വീകരിക്കുന്നതില്‍ ഏവരും അര്‍ഹന്മാരാണെന്നും പ്രഥമ സൂത്രത്തിന്റെ ഭാഷ്യത്തില്‍ ആചാര്യസ്വാമികള്‍ പറഞ്ഞിരിക്കുന്നതിനെ’ ആധാരമാക്കിക്കൊണ്ടു ബ്രാഹ്മണമേന്മയെ സ്ഥാപിപ്പാന്‍ ആചാര്യസ്വാമികള്‍ പൂര്‍വ്വാപരവിരുദ്ധമായി വ്യാഖ്യാനിക്കുന്നതിനെ നല്ല കൂര്‍ത്ത യുക്തിശസ്ത്രങ്ങള്‍കൊണ്ടു സ്വാമികള്‍ പിളര്‍ക്കുന്നുണ്ട്.

ഐതരേയബ്രാഹ്മണത്തിലും കൗഷീതകബ്രാഹ്മണത്തിലും കവഷന്‍ എന്ന വേടന്‍ വേദാദ്ധ്യയനം ചെയ്തു എന്നു മാത്രമല്ല, ഋഷിയുമായി യാഗാദിക്രതുക്കളില്‍ ബ്രാഹ്മണരോടു കൂടിച്ചേര്‍ന്നു ബഹുമാന്യനായി വാണിരുന്നു എന്നും സൂക്തദ്രഷ്ടാവായി കീര്‍ത്തിമാനായി എന്നും ഉള്ള കഥാഭാഗത്തെ അവിടന്നു സൂക്ഷ്മമായി പരിശോധിക്കുന്നു. അനന്തരം മനുസ്മൃതി മുതലായ സ്മൃതിഗ്രന്ഥങ്ങളെ ആശ്രയിച്ചു ശൂദ്രനും വേദാദ്ധ്യയനത്തിന് അധികാരമുണ്ടെന്നു സ്ഥാപിക്കുകയാണ് സ്വാമികള്‍ ചെയ്യുന്നത്. ജ്ഞാനസമ്പാദനം ശൂദ്രനു പാടില്ലെന്നു പറയുന്ന യാതൊരു ഭാഗവും സ്മൃതികളില്‍ ഒന്നിലും ഇല്ലെന്ന് അവിടന്ന് പ്രഖ്യാപിക്കുമ്പോള്‍ അതിവിദഗ്ദ്ധനായ ഒരു തത്ത്വശാസ്ത്രജ്ഞന്റെ നിപുണഹസ്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതു നമുക്കു കാണാം. ആപസ്തംബസ്മൃതി, മനുസ്മൃതി, ജാബാലസ്മൃതി, വ്യാസസ്മൃതി, പരാശരസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി, മീമാംസാശാസ്ത്രം എന്നീ ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ ശോധനയ്ക്കു വിഷയമാക്കുന്നുണ്ട്. ശൂദ്രന്‍ വേദാഭ്യാസം ചെയ്തുകൂടാ എന്ന സങ്കേതത്തെ യുക്തിപൂര്‍വ്വം എതിര്‍ത്ത് മോക്ഷസാധനമായ ജ്ഞാനത്തിനു ശൂദ്രനും അധികാരിയാണെന്നു വ്യവസ്ഥാപിക്കുന്ന സ്വാമികള്‍ ഒരു സാംസ്‌കാരിക വിപ്ലവത്തിന്റെ കവാടോല്‍ഘാടനമാണു നിര്‍വ്വഹിക്കുന്നത്. സ്ത്രീകള്‍ക്കും വേദാധ്യയനം ആകാമെന്ന് ആനുഷങ്ഗികമായി അവിടന്നു പ്രസ്താവിക്കുന്നുണ്ട്. വേദാധികാരനിരൂപണം ഇപ്രകാരം ഉപസംഹരിക്കുന്നു:

‘ഈ ലോകത്തില്‍ ജീവിക്കാന്‍ ഭക്ഷണം ആവശ്യമെങ്കില്‍ ഈ ലോകത്തുമാത്രമല്ല, ഏതു ലോകത്തും ജീവിക്കുന്നതിനു ജ്ഞാനമത്യാവശ്യമായിരിക്കയാല്‍ ആ ജ്ഞാനത്തെ ശൂദ്രന്‍ പ്രാപിച്ചുകൂടാ എന്നു നിഷേധിക്കുന്നതിനെമാത്രം ഗൗനിക്കുന്നതിന് ആവശ്യം എന്താണുള്ളത്? തങ്ങളെപ്പോലെ ശൂദ്രരും പഠിച്ചുപോയാല്‍ തങ്ങള്‍ക്കു മഹിമ കുറഞ്ഞുപോകുമല്ലോ എന്ന അസൂയയാലും തങ്ങള്‍ മൂലമായിട്ടേ എല്ലാവരും ജ്ഞാനം സമ്പാദിക്കാവൂ എന്നായാല്‍ തങ്ങള്‍ക്കു ലാഭപ്രദമായിരിക്കുമെന്ന ദുരാശയാലും തങ്ങള്‍ വലിക്കുന്ന വഴിക്കെല്ലാം എല്ലാവരും വരണമെന്ന ഉദ്ദേശത്താലും ഇങ്ങനെയുള്ള സങ്കേതത്തെ ആരുതന്നെ ഏതുകാലത്തേര്‍പ്പെടുത്തിയതായാലും അതിനെ ആദരിക്കേണ്ടതില്ല. ക്രിസ്ത്യമഹമ്മദീയാദി സകലരും അവരവരുടെ പ്രമാണങ്ങളെ എല്ലാവര്‍ക്കും പഠിക്കാമെന്നുവച്ചിരിക്കുന്നു. നമ്മുടെ വേദത്തെമാത്രം ശൂദ്രര്‍ പഠിച്ചാല്‍ അതിന്റെ മഹിമ കുറഞ്ഞുപോകുമെന്ന് എന്തിനായിട്ടു കരുതണം? എല്ലാവരുടെ സ്വഭാവത്തെയും പരിശുദ്ധമാക്കേണ്ടതായ വേദത്തിനുപോലും ശൂദ്രരുടെ അദ്ധ്യയനത്താല്‍ മഹിമ കുറഞ്ഞുപോകുമെങ്കില്‍ ആ മഹിമ എത്രത്തോളം നിലനില്‍ക്കും? ജനങ്ങളെ എങ്ങനെ പരിശുദ്ധമാക്കും? അഗ്നിയെ പരിശുദ്ധമാക്കത്തക്ക വസ്തു ലോകത്തിലുണ്ടോ? ആകയാല്‍ ആരഭ്യസിച്ചാലും വേദത്തിന്റെ മഹിമയ്ക്കു യാതൊരു കുറവും ഉണ്ടാകയില്ല. അല്ലാതെയും, ശൂദ്രാദികളുടെ സ്ഥിതി ഒരുകാലത്തു താഴ്ന്ന നിലയിലായിരുന്നാലും മറ്റൊരുകാലത്തു നന്നായിവന്നുകൂടെന്നില്ല. ആകയാല്‍ ഇഷ്ടവും സദാചാരവും ഉള്ളവരെല്ലാവരും ജ്ഞാനസമ്പാദനത്തിനു പാത്രങ്ങള്‍തന്നെ. വിശക്കുന്നവന് അന്നംകൊടുക്കാത്തവനെ ദയയില്ലാത്തവനെന്നു നിന്ദിക്കുമെങ്കില്‍ അന്നത്തെക്കാളും ആവശ്യമായ ജ്ഞാനം ആഗ്രഹിക്കുന്നവരില്‍ ‘മനസ്സിരങ്ങായ്ക’യെ എന്തെന്നു പറയാം? അഭ്യാസത്താല്‍ കഠോരകൃത്യങ്ങളും സാത്മ്യമായി വരും എന്നതിനു കശാപ്പുകാരന്റെ ഹൃദയവും നയവും ദൃഷ്ടാന്തമല്ലയോ? മര്‍ക്കടമുഷ്ടിപിടിക്കാതെ ഇച്ഛിക്കുന്ന എല്ലാവര്‍ക്കും ജ്ഞാനത്തെ പ്രദാനം ചെയ്യുന്നതുതന്നെ പരമധര്‍മ്മമെന്നും പരമകരുണയെന്നും ഉറച്ച് അപ്രകാരം അനുഷ്ഠിക്കേണ്ടതാണ്.’

‘ഈ ഗ്രന്ഥം ഒരാവൃത്തി വായിക്കുമ്പോള്‍ സാഹിത്യാചാര്യനായ ശ്രീ. എന്‍. ഗോപാലപിള്ളയുടെ താഴെക്കാണുന്ന അഭിപ്രായത്തോടു യോജിക്കാത്തവര്‍ കാണുകയില്ല.

‘ശ്രുതികളിലും സ്മൃതികളിലും ഉള്ള അനേകം ദൃഷ്ടാന്തങ്ങള്‍ കൊണ്ടും ശ്രുതിവ്യാഖ്യവ്യാഖ്യാനങ്ങളുടെ അകൃത്രിമത്വം കൊണ്ടും മര്‍മ്മഭേദിയായ യുക്തിയുടെ ശക്തികൊണ്ടും സര്‍വ്വോപരി അഗാധാവഗാഹിയായ പ്രതിഭയുടെ പ്രഭകൊണ്ടും അത്യാകര്‍ഷകമാണ് ഈ ഗ്രന്ഥം.’

വേദാധികാരനിരൂപണത്തെത്തുടര്‍ന്ന് അദൈ്വതചിന്താപദ്ധതി, അദൈ്വതപഞ്ജരം, പരമഭട്ടാരദര്‍ശനം, ബ്രഹ്മതത്ത്വനിര്‍ഭാസം, ചിദാകാശലയം, വേദാന്തസാരം (അദൈ്വതചിന്താപദ്ധതി ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ പ്രസാധനം ചെയ്തിട്ടുണ്ട്. അദൈ്വതപഞ്ജരം, ബ്രഹ്മതത്ത്വനിര്‍ഭാസം, വേദാന്തസാരം എന്നീ ലഘുഗ്രന്ഥങ്ങള്‍ എല്ലാം ഒരു വിഷയത്തെ അധികരിച്ചുള്ളവയാണ്. അദൈ്വതസിദ്ധാന്തത്തിന്റെ ഒരു സാമാന്യസ്വരൂപം നിര്‍ണ്ണയിക്കുകയാണ് ദീര്‍ഘങ്ങളായ ഈ ഉപന്യാസങ്ങളുടെ ഉദ്ദേശ്യം. സ്വാമികളുടെ ധാരണയില്‍ അടങ്ങിയ വിജ്ഞാനവിഭവങ്ങള്‍ ശ്രോതാവിന്റെ മാനസികനിലയനുസരിച്ചു പലപ്പോഴായി പകര്‍ന്നുകൊടുത്തിട്ടുള്ളതിനെ സമാഹരിച്ചെടുത്തതാണ് മേല്‍പ്പറഞ്ഞ ഗ്രന്ഥങ്ങള്‍, രചനാസംവിധാനം മാത്രമല്ല; ഉള്ളടക്കവും, വാചകങ്ങളും മിക്കവാറും ഒരുപോലെ തന്നെ കാണുന്നു. ഇവ ഒരു ഗ്രന്ഥത്തിന്റെ പല പ്രതികള്‍ എന്നു പറയുന്നതില്‍ തെറ്റില്ല. ‘അദൈ്വതപഞ്ജരം’ എന്ന ഒരു പ്രാചീനതാളിയോലഗ്രന്ഥത്തെ സ്വാമികള്‍ ഈദൃശഗ്രന്ഥരചനയ്ക്ക് ഉപജീവിച്ചിട്ടുണ്ടെന്നും പരിശോധനയില്‍ മനസ്സിലാകുന്നു.) എന്നിങ്ങനെ അദൈ്വതതത്ത്വത്തെ പ്രതിപാദിക്കുന്ന ചില പ്രബന്ധങ്ങള്‍ സ്വാമികള്‍ രചിച്ചിട്ടുണ്ട്. പൂര്‍വ്വാചാര്യന്മാര്‍ എത്തിച്ചേര്‍ന്നിട്ടുള്ള വമ്പിച്ച പരിണാമങ്ങള്‍ക്കും വിജ്ഞേയങ്ങളായ വേദാന്തരഹസ്യങ്ങള്‍ക്കും ഭാഷ്യം ചമയ്ക്കുകയാണ് ഈ ഗ്രന്ഥങ്ങളില്‍ അവിടന്നു ചെയ്യുന്നത്. ശങ്കരാദൈ്വതത്തിലൂടെ കടന്നുചെന്ന് അദൈ്വതസിദ്ധാന്തത്തിന്റെ മറുതല എത്തിപ്പിടിക്കാനാണ് സ്വാമികളുടെ യത്‌നം. അദ്ധ്യാരോപാപവാദം, തത്ത്വമസി മഹാവാക്യോപദേശം, ചതുര്‍വേദ മഹാവാക്യങ്ങള്‍, ശ്രുതിസാരമഹാവാക്യങ്ങള്‍ എന്നീ വേദാന്തപരമായ പ്രമേയങ്ങളാണ് ഈ ഗ്രന്ഥങ്ങളില്‍ ചര്‍ച്ചാവിഷയം. വിപുലവും ഗഹനവുമായ ആ വിജ്ഞാനമണ്ഡലത്തില്‍ പ്രവേശിക്കുവാനുള്ള പ്രേരണ ഈ നിബന്ധങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. കഠിനമായ ചില പ്രശ്‌നങ്ങളെ അവിടന്നു സമീപിക്കുന്ന രീതി കണ്ടാല്‍ പരുത്ത പാറപ്പുറം മാര്‍ദ്ദവമേറിയ മാന്തളിരായി മാറുന്നത് നമുക്കു കാണാം. (അദൈ്വതചിന്താപദ്ധതിയിലും ഇതേ പ്രകരണം ഉള്‍ക്കൊള്ളുന്നു.) ‘പ്രപഞ്ചസ്വരൂപം ബ്രഹ്മ’ എന്ന ശ്രുതിസാരമഹാവാക്യത്തെ അവിടന്നു വ്യാഖ്യാനിക്കുന്നതു നോക്കുക:

‘പ്രപഞ്ചസ്വരൂപം ബ്രഹ്മ’ എന്ന വാക്യത്തിന്റെ അര്‍ത്ഥം പ്രപഞ്ചംതന്നെ ബ്രഹ്മമായിരിക്കുന്നു എന്നാണ്. എങ്ങനെയെന്നാല്‍ ബ്രഹ്മത്തെകൂടാതെ പ്രപഞ്ചമില്ല. സമുദ്രത്തില്‍ തരംഗാദികളെന്നപോലെ ബ്രഹ്മത്തില്‍ പ്രപഞ്ചം വൃത്തിപക്ഷമായിരിക്കുന്നോ, പാല്‍ തൈരാകുന്നതുപോലെ പരിണാമപക്ഷമായിരിക്കുന്നോ, പിതാവില്‍നിന്നു പുത്രനെന്നപോലെ ആരംഭപക്ഷമായിരിക്കുന്നോ, ബ്രഹ്മസ്വരൂപത്തെപ്പോലെ നിത്യപക്ഷമായിരിക്കുന്നോ രജ്ജുവില്‍ സര്‍പ്പംപോലെ പ്രപഞ്ചം വിവര്‍ത്തപക്ഷമായിരിക്കുന്നോ-എന്നിങ്ങനെ നോക്കിയാല്‍ വിവര്‍ത്തപക്ഷമാണു മുഖ്യം; മറ്റു നാലുപക്ഷങ്ങളും ചേരുകയില്ല. അതായതു സമുദ്രത്തില്‍ ഉണ്ടായ തരംഗാദികള്‍ സമുദ്രത്തില്‍ തന്നെ ലയിക്കുന്നതുപോലെ ബ്രഹ്മത്തില്‍ കല്പിതമായ പ്രപഞ്ചം ബ്രഹ്മത്തില്‍ ലയമാകാത്തതിനാല്‍ വൃത്തിപക്ഷം പാടില്ല. പാല്‍ തൈരായിട്ടും ആ തൈര്‍ മറുപടി (പഴയതുപോലെ) പാലാകാത്തതുപോലെ ബ്രഹ്മം പ്രപഞ്ചമായിട്ടും പ്രപഞ്ചം മറുപടി ബ്രഹ്മമാകാത്തതിനാല്‍ പരിണാമപക്ഷവും പാടില്ല. പിതാവില്‍നിന്നുണ്ടായ പുത്രനും ആ പിതാവും പ്രത്യേകം പ്രത്യേകം ആയിരിക്കും. ബ്രഹ്മത്തില്‍ ആരോപിതമായ പ്രപഞ്ചം ബ്രഹ്മത്തില്‍നിന്നു വേറായിട്ട് അല്പവും ഇല്ലാതിരിക്കെ ആരംഭപക്ഷവും പാടില്ല. പ്രപഞ്ചം ഒന്നുകണ്ടാല്‍ മറ്റൊന്നു കാണാതെ അസ്ഥിരമായി പോകുന്നതിനാല്‍ ബ്രഹ്മസ്വരൂപത്തെപ്പോലെ നിത്യപക്ഷം പാടില്ല. ആകയാല്‍ വിവര്‍ത്തപക്ഷമേ സംഘടിക്കയുള്ളു. വിവര്‍ത്തപക്ഷം മാത്രം എങ്ങനെ സംഘടിക്കുമെന്നാല്‍ രജ്ജുവാകട്ടെ യാതൊരു വികാരവും ഇല്ലാതിരിക്കവെ അതില്‍ വിവര്‍ത്തമായിട്ടുണ്ടായ സര്‍പ്പം സകല വ്യവഹാരത്തിനും അവസരമായതുപോലെ ബ്രഹ്മവും നിര്‍വ്വികാരമായിരിക്കവെ അതില്‍ വിവര്‍ത്തമായി കാണപ്പെട്ട പ്രപഞ്ചവും നാമരൂപകല്പനയായ സകല വ്യവഹാരങ്ങള്‍ക്കും അവസരംകൊടുത്തു. അങ്ങനെയാണെങ്കില്‍ ഈ നാലു പക്ഷങ്ങളും വേദത്തില്‍ എന്തിനായിട്ടു പറഞ്ഞുവെന്നാല്‍, വിവര്‍ത്തപക്ഷത്തില്‍ത്തന്നെ ഈ നാലുപക്ഷങ്ങളും പറയുന്നതല്ലാതെ വേറെ അല്ല. അതായത്, രജ്ജുവിനെ കണ്ടയുടന്‍ ഇത് എന്നു തോന്നിയ സാമാന്യജ്ഞാനം വൃത്തിപക്ഷമാകുന്നു. പിന്നെ പാമ്പായിത്തോന്നിയത് പരിണാമപക്ഷം. ചലനത്വം കണ്ടത് ആരംഭപക്ഷം. പാമ്പെന്നു നിശ്ചയിച്ചത് നിത്യപക്ഷം. ഇങ്ങനെ നാലുപക്ഷങ്ങളും വിവര്‍ത്തപക്ഷപ്രയോജനമായി പറഞ്ഞുവെന്നല്ലാതെ യഥാര്‍ത്ഥമായി പറഞ്ഞതല്ല. ആകയാല്‍ നിഷ്പ്രപഞ്ചസ്വരൂപമായ ബ്രഹ്മത്തില്‍ പ്രപഞ്ചം വിവര്‍ത്തമെന്നല്ലാതെ ബ്രഹ്മത്തില്‍ യഥാര്‍ത്ഥമായി പ്രപഞ്ചമില്ല. അതിനാലത്രേ ബ്രഹ്മം പ്രപഞ്ചരൂപമായി പ്രകാശിക്കുന്നു എന്നു പറഞ്ഞത്.’

ഈ ഘട്ടത്തില്‍ സ്വാമികളുടെ വേദാന്തചിന്താരീതിയെപ്പറ്റി ഒരു ലഘുവിചാരം ആവശ്യമായിരിക്കുന്നു. ഒരു നദി അതിന്റെ തീരപ്രദേശങ്ങളിലെ രാസഗുണങ്ങള്‍ ജലത്തില്‍ കലര്‍ത്തുന്നതുപോലെ തൈക്കാട്ടയ്യാവില്‍ തുടങ്ങി സ്വാമിനാഥദേശികര്‍വഴി സുബ്ബാജടാപാഠിയിലൂടെ ഒഴുകിയ അവിടത്തെ വിജ്ഞാനപ്രവാഹം തനി ദ്രാവിഡസംസ്‌കാരത്തിന്റെ പ്രതീകമായ തമിഴ് സിദ്ധാന്തങ്ങളിലെ മൗലികതത്ത്വങ്ങളെയാണ് ആദ്യകാലം ആവിഷ്‌കരിച്ചത്. ശൈവമതപക്ഷപാതികളായ ഈ ആചാര്യന്മാരുമായുള്ള സഹവാസം സ്വാമികളേയും ആ മതതത്ത്വങ്ങളിലേക്കു വശീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉപരിവിദ്യാഭ്യാസത്തിനുശേഷം വേദങ്ങളിലും ഉപനിഷത്തുകളിലും നിഗൂഹനം ചെയ്തിരുന്ന അദൈ്വതതത്ത്വം അത്യാകര്‍ഷകമായി അവിടത്തേക്കു തോന്നി. തമിഴ് സിദ്ധാന്തസമ്പ്രദായത്തിന്റെ പശ്ചാത്തലത്തില്‍ ശങ്കരാദൈ്വതത്തെ പ്രതിഷ്ഠിക്കുകയെന്ന വിശേഷമാര്‍ഗ്ഗമാണ് അവിടന്നവലംബിച്ചത്. ഭാരതീയരുടെ താത്ത്വികദര്‍ശനങ്ങള്‍ക്കു മകുടം ചാര്‍ത്തുന്ന അദൈ്വതം വിശ്വവിശാലതയില്‍ വ്യാപിച്ചു ലോകത്തിന്റെ ചിന്താമണ്ഡലത്തെ ഒന്നാകെ ആകര്‍ഷിച്ചിട്ടുള്ള ഒരു വിചാരസംഹിതയാണ്. പാലില്‍ വെണ്ണയെന്നതുപോലെ വേദഗ്രന്ഥങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ഈ തത്ത്വത്തെ പ്രസ്ഥാനത്രയം മഥനം ചെയ്തു നമ്മെ വിശദമായി മനസ്സിലാക്കിയതു ശ്രീ. ശങ്കരാചാര്യസ്വാമികളായിരുന്നു. ആ മതാചാര്യനുശേഷം കേരളത്തില്‍ എഴുത്തച്ഛന്‍ അദൈ്വതത്തിന്റെ മാഹാത്മ്യത്തെ വാഴ്ത്തിപ്പാടിയിട്ടുണ്ടെങ്കിലും മങ്ങലേറ്റുകിടന്ന ആ രത്‌നത്തിനു തിളക്കം ചേര്‍ത്തു കാന്തിയും മൂല്യവും വര്‍ദ്ധിപ്പിച്ചതു സ്വാമികളും ശ്രീനാരായണഗുരുസ്വാമികളുമാണ്.

അദൈ്വതസമ്പ്രദായത്തിനു പ്രത്യേകമായ ചില പ്രവണതകള്‍ ഉണ്ട്. കാലദേശനിമിത്തങ്ങള്‍ക്കതീതമായ പരമാത്മാവിന്റെ യാഥാര്‍ത്ഥ്യമാണ് ഒന്ന്. രണ്ടാമത്തേത് ഇക്കാണുന്നതെല്ലാം മിഥ്യയാണ്, മായാകല്പിതമാണ് സത്യമായിട്ടുള്ളത് ബ്രഹ്മം മാത്രമേയുള്ളു എന്നതാണ്. ജീവന്‍ ബ്രഹ്മസ്വരൂപനാണെങ്കിലും മായ നിമിത്തം വിഷയസുഖമനുഭവിച്ചു സംതൃപ്തി കൊതിക്കുന്നു. ബ്രഹ്മനിഷ്ഠനായ ഗുരുവിനെ പ്രാപിച്ചു തത്ത്വമസ്യാദി മഹാവാക്യങ്ങള്‍ ഉപദേശരൂപേണ ഗ്രഹിക്കുന്ന ശിഷ്യന്‍ ആത്മവിദ്യയ്ക്ക് അധികാരിയാണെങ്കില്‍ ഉടന്‍തന്നെ ‘അഹംബ്രഹ്മാസ്മി’ എന്ന ബോധമുണ്ടായി ജീവന്മുക്തനാകുകയും ചെയ്യുന്നു. വഴിയില്‍ക്കിടക്കുന്ന കയര്‍ കണ്ടു പാമ്പാണെന്നു ഭ്രമിക്കുന്ന ഒരാള്‍ക്കു കയറിന്റെ സ്വരൂപജ്ഞാനം ഉണ്ടാകുമ്പോള്‍ ആ ഭ്രമം നശിക്കുന്നതുപോലെ ബ്രഹ്മത്തില്‍ ആരോപിക്കപ്പെട്ട മിഥ്യാപ്രപഞ്ചം ബ്രഹ്മത്തെപ്പറ്റി പരിപൂര്‍ണ്ണ ബോധമുണ്ടാകുമ്പോള്‍ നിശ്ശേഷം വിട്ടുമാറുന്നു. അതിനാല്‍ മോക്ഷസാധനം ജ്ഞാനമാണ്. ഇതാണ് അദൈ്വതതത്ത്വത്തിന്റെ പൊരുള്‍.

മഹാന്മാരായ ശൈവാചാര്യന്മാര്‍കൂടി വളര്‍ത്തിക്കൊണ്ടുവന്ന യോഗജ്ഞാനശാസ്ത്രങ്ങളുടെ കമനീയമായ കേദാരമാണ് ശൈവസിദ്ധാന്തം. പേരിലും അഭ്യാസക്രമത്തിലും വ്യത്യാസങ്ങള്‍ ഉണ്ടെന്നല്ലാതെ അദൈ്വതതത്ത്വംതന്നെയാണു സിദ്ധാന്തസമ്പ്രദായത്തിന്റെയും ജീവന്‍. ഒരു കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രൂപങ്ങള്‍ കണ്ണാടിയില്‍നിന്ന് ഭിന്നങ്ങളാണെങ്കിലും അവയ്ക്കാധാരമായ കണ്ണാടിക്കു കോട്ടംതട്ടാത്തതുപോലെ അഖണ്ഡപരിപൂര്‍ണ്ണജ്ഞാനാത്മകമായ ശിവസ്വരൂപം ഏകവും പരിവര്‍ത്തനത്തിന് അതീതവുമാണ്. അഗ്നിയില്‍ ഉഷ്ണം എന്നപോലെ ശിവസ്വരൂപാന്തര്‍ഗ്ഗതമായ ശക്തി ഈശ്വരസ്വരൂപമായും ജീവസ്വരൂപമായും പ്രപഞ്ചസ്വരൂപമായും തോന്നിക്കുന്നു. തത്ത്വങ്ങളെല്ലാംതന്നെ ശിവസ്വരൂപത്തില്‍ പ്രതിഫലിച്ചു പ്രകാശിക്കുകയാണു ചെയ്യുന്നത്. ദീക്ഷാപൂര്‍വ്വമുള്ള തത്ത്വോപദേശം നല്‍കി അനുഭൂതിമാനായ ഗുരു പരിപൂര്‍ണ്ണജ്ഞാനാത്മകമായ ശിവാദൈ്വതാനുഭൂതിയില്‍ ശിഷ്യനെ എത്തിക്കുന്നു. ഇതാണു സിദ്ധാന്തസമ്പ്രദായത്തിന്റെ സാമാന്യരൂപം.

വേദാന്തത്തിന്റെ മിഴിവും സിദ്ധാന്തത്തിന്റെ അഴകും സമജ്ഞസമായി അനുരഞ്ജനം ചെയ്ത് ‘ജ്ഞാനം സന്യാസലക്ഷണം’ എന്ന തത്ത്വത്തിലൂടെ ഒരു പുതിയ യോഗജ്ഞാനസമ്പ്രദായം കരുപ്പിടിപ്പിച്ചു മലയാളികളുടെ ആദ്ധ്യാത്മികനിലവാരം ഉയര്‍ത്തുന്നതിനായിരുന്നു സ്വാമികള്‍ ശ്രമിച്ചത്. സര്‍വ്വജ്ഞനും സ്വതന്ത്രചിന്തകനുമായ സ്വാമികളെപ്പറ്റി ശ്രീനാരായണഗുരുസ്വാമികള്‍ പറഞ്ഞു: ‘വ്യാസനും ശങ്കരനുംകൂടിച്ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി. മൂലവും ഭാഷ്യവും കൂടിച്ചേര്‍ന്നതാണല്ലോ വ്യാഖ്യാനം.’

* * * * *

സംയമിയായ സ്വാമികള്‍ക്കുപോലും സങ്കടത്തിനു കാരണമായ ഒരു സംഭവം ഇതിനിടെയുണ്ടായി. അതു തന്റെ പ്രിയശിഷ്യനായ ശ്രീ നീലകണ്ഠതീര്‍ത്ഥപാദരുടെ സമാധിയായിരുന്നു. മാവേലിക്കര ഒരു സംഗീതമേളയില്‍ ഉത്സാഹഭരിതനായി കഴിയുമ്പോഴാണ് ഈ ദാരുണമായ വാര്‍ത്ത അവിടന്നു ശ്രവിച്ചത്. ഉടന്‍തന്നെ മറ്റൊരു മേളയ്ക്കു കൂടേണ്ടിയിരിക്കുന്നു എന്ന പ്രസ്താവത്തോടുകൂടി അവിടന്നു കരുനാഗപ്പള്ളിക്കു തിരിച്ചു. പത്മാസനസ്ഥനായ ശിഷ്യോത്തമവിഗ്രഹം കണ്ടപ്പോള്‍ അവിടന്നു നിര്‍വ്വികാരനായി ശിഷ്യന്റെ ശിരസ്സില്‍ തലോടിക്കൊണ്ട് ഇങ്ങനെ അരുളിച്ചെയ്തു:

‘ബ്രഹ്മാവ് സൃഷ്ടിച്ചുവച്ച ഒരു മഹാലോകം ഒന്നാകെ തകര്‍ന്നുപോയി.’ സ്വഗതമായി അവിടന്നു പറഞ്ഞു: ‘ഇതിനുമുമ്പ് അവന്‍ എന്റെ മുമ്പില്‍ നില്ക്കുകയും ഞാന്‍ ഇരിക്കുകയുമാണു പതിവ്. ഇന്നു ഞാന്‍ നില്‍ക്കുകയും അവന്‍ ഇരിക്കുകയും എന്നൊരു വിശേഷമുണ്ടായി.’ ഭോഗഭോഗ്യപ്രപഞ്ചത്തിന്നതീതമായ ശാശ്വതശാന്തിസ്ഥാനം പ്രാപിച്ച ശിഷ്യനെപ്പറ്റി അവിടന്ന് തീര്‍ത്ഥപാദര്‍ക്ക് അയച്ച കത്തില്‍ ഇങ്ങനെയെഴുതി:

‘ഒരു കട്ടിലില്‍ ചാരിയിരുത്തിയിരിക്കവേ ഞാനും അഞ്ചുമണിസമയത്തു വന്നെത്തി, അളവറ്റതായ സന്തോഷത്തെ അനുഭവിച്ചിതാ – അവസാനദേഹം അവസാനിച്ചതാണല്ലോ. അത് ഒരു ജീവനും ഒരു പ്രാവശ്യമല്ലാതെ പിന്നെ ഒരിക്കല്‍ക്കൂടിയില്ലാത്തതായ നിത്യാനന്ദാവസ്ഥയാകയാല്‍ ഇവിടെയുള്ള സുകൃതികളായ ഓമനസഹോദരങ്ങളുടെ ഭാഗ്യത്തെക്കുറിച്ചും സന്തോഷിക്കുന്നു. ഇതിനായിട്ടുതന്നെയാണു ഞാനിവിടെ താമസിച്ചുപോയതും.

‘മാംസളമല്ലാത്ത നീണ്ട മുഖം, വിസ്തൃതവും ഭസ്മശോഭിതവുമായ ഫാലപ്രദേശം, തേജോവിശേഷംപൂണ്ട നയനങ്ങള്‍, ധീരമായ വീക്ഷകള്‍, പുറകോട്ടു കണ്ഠാവധി ഉതിര്‍ന്ന അഗ്രം ചുരുണ്ടുകിടക്കുന്ന കേശരോമങ്ങള്‍, ഉദരപര്യന്തം നീണ്ടുകിടക്കുന്ന ശ്മശ്രുക്കള്‍, വിസ്തൃതമായ സ്‌കന്ധങ്ങള്‍, ഒതുങ്ങിയ അരക്കെട്ട്, ദീര്‍ഘങ്ങളായ പാണിപാദതലങ്ങള്‍’, എന്നിങ്ങനെ പ്രത്യംഗം മനോഹരമായ ആ ഗാത്രം മണ്‍മറഞ്ഞെങ്കിലും ഉത്ഥാനശാലിയായ ചിന്തകന്‍, സംസ്‌കാരസമ്പന്നനായ പണ്ഡിതന്‍, വശ്യവാക്കായ കവി എന്നീ നിലകളില്‍ വിശ്രുതനായ ആ യോഗിവര്യന്‍ – ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ – മലയാളികളുടെ മനോമണ്ഡലത്തില്‍ എന്നും പച്ചപിടിച്ചു നില്‍ക്കുമെന്നുള്ളതിനു സംശയമില്ല.