രാജീവ് ഇരിങ്ങാലക്കുട
പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട കേരളം പിന്നീട് അറുപത്തിനാല് ഗ്രാമങ്ങളായി വിഭജിക്കപ്പെട്ടുവെന്നാണല്ലൊ ഐതിഹ്യം. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നീണ്ടുകിടക്കുന്ന ഈ ഗ്രാമങ്ങളില്‍ 32 എണ്ണം തുളുനാട്ടിലും 32 എണ്ണം മലനാട്ടിലുമായിരുന്നു. ശുചീന്ദ്രം മുതല്‍ തളിപ്പറമ്പുവരെയുള്ള മലനാട്ടിലെ 32 ഗ്രാമങ്ങളില്‍ പ്രസിദ്ധമായിരുന്നു സംഗമഗ്രാമം. വെള്ളാങ്ങല്ലൂരിന് തെക്കോട്ടും കുറുമാലിക്ക് വടക്കോട്ടും കാക്കതുരുത്തിപ്പുഴയ്ക്ക് കിഴക്കോട്ടും ചാലക്കുടിപ്പുഴയ്ക്ക് പടിഞ്ഞാറോട്ടുമായുള്ള അതിരുകളോടെ സംഗമഗ്രാമം സ്ഥിതിചെയ്തിരുന്നുവെന്നാണ് സാമാന്യധാരണ.
ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗ്രാമങ്ങളുണ്ടായതെന്നും 7നും 12നും ഇടയിലുള്ള നൂറ്റാണ്ടുകള്‍ക്കിടയിലാണ് ക്ഷേത്രങ്ങളുടെ ആവിര്ഭാവമെന്നുമാണ് പൊതുവെ ചരിത്രകാരന്മാരുടെ നിഗമനം. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമം, ദേശം, ഗൃഹം എന്നിങ്ങനെയായിരുന്നു അക്കാലത്തുണ്ടായ ഭരണപരമായ വിഭജനമെന്ന് ഡോ.കേശവന് വെളുത്താട്ടിനെ പോലുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം. ഇങ്ങനെ ചരിത്രവും ഐതിഹ്യവും എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന സന്ദര്‍ഭത്തിലാണ് ചട്ടമ്പിസ്വാമികളുടെ ഏറെക്കാലം മറഞ്ഞുകിടന്നിരുന്ന ഒരു ചരിത്രകൃതി പ്രകാശിതമായത്. കൈകൊണ്ട് തൊടാന്‍ പോലും കൊള്ളാത്തവയാണ് കേരളോല്പത്തി പോലുള്ള കൃതികളിലെ കഥകളെന്ന വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ നിഗമനങ്ങളെ ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഈയടുത്ത് പ്രസിദ്ധീകൃതമായ സ്വാമികളുടെ ‘കേരളചരിത്രവും തച്ചുടയ കയ്മകളും’ എന്ന ഗ്രന്ഥം. തുടര്‍ച്ചയായ കയ്മളുടെ പത്രാധിപത്യത്തിന് കീഴില്‍ 1921മുതല്‍ (കൊല്ലവര്‍ഷം1096മേടം) പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘സദ്ഗുരു’ മാസികയില്‍ ‘അഗസ്ത്യന്’ എന്ന തൂലികാനാമത്തില്‍ ചട്ടമ്പിസ്വാമികള്‍ എഴുതിയ ലേഖനങ്ങള്‍ കണ്ടെത്തി സമാഹരിച്ച് പന്മന ആശ്രമത്തില്‍ നിന്നും പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം.
സംഗമഗ്രാമം ഉടലെടുക്കുന്നതിനുമുമ്പ് ഇന്ന് കൂടല്‍മാണിക്യം ക്ഷേത്രം ഇരുന്നിരുന്ന സ്ഥലം ഒരു ജൈന വിഹാര കേന്ദ്രമായിരുന്നുവെന്നും ശ്രീശങ്കരാചാര്യരുടെ കാലത്തുണ്ടായ സനാതനധര്‍മ്മനവോത്ഥാനവേളയില്‍ അവ വൈഷ്ണവവല്‍ക്കരിക്കപ്പെട്ടതാണെന്നുമാണ് പരക്കെ പ്രചരിച്ചത്. എന്നാല്‍ ഈ നിഗമനത്തെ പാടേ നിഷേധിക്കുന്നതാണ് ചട്ടമ്പി സ്വാമികളുടെ പ്രസ്തുത ഗ്രന്ഥം. കേരളത്തിലെ ജൈനമതകേന്ദ്രങ്ങളെക്കുറിച്ച് എഴുതിയ ചട്ടമ്പിസ്വാമികള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തെക്കുറിച്ച് അവയില്‍ പരാമര്‍ശിച്ചിട്ടേയില്ല. ‘മാണിക്കന്’ ശിവനാണെന്നും ക്ഷേത്രം ശിവക്ഷേത്രമായിരുന്നുവെന്നുമാണ് സ്വാമികളുടെ നിലപാട്.
ദ്രാവിഡവംശരായ നാഗന്മാരുടെ കാവുകളായിരുന്നു ഇവിടുത്തെ ആദ്യകാല ആരാധനാസങ്കേതങ്ങള്‍. നാഗാരാധകന്മാരായിരുന്ന നാഗന്മാരില്നിന്നുമാണ് നായര്‍ എന്ന വംശം ഉണ്ടായതെന്ന ചട്ടമ്പിസ്വാമികളുടെ നിഗമനത്തെ ‘കേരളം’ എന്ന കാവ്യകൃതിയില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും അംഗീകരിക്കുന്നുണ്ട്. ആയുധവിദ്യാചാര്യന്മാരായിരുന്ന നായന്മാരില് കാലക്രമേണ 18 ഉപവിഭാഗങ്ങളുണ്ടായി. എങ്കിലും ഇവരില്‍ ബ്രഹ്മതേജസ്സും ക്ഷാത്രബലവും കൂടിച്ചേര്‍ന്നിരുന്ന കാലം ഗ്രാമസമൂഹങ്ങളുടെ സുവര്‍ണ്ണകാലമായിരുന്നു. ഓരോ ഗ്രാമത്തിനും ഓരോ തമ്പുരാക്കന്മാരുമുണ്ടായിരുന്നു. ശുകപുരം, പന്നിയൂര്‍, പെരുമനം തുടങ്ങിയ പ്രബലരായ ഗ്രാമക്കാര്‍ക്ക് അവരവരുടേതായ ഓരോ തമ്പുരാനുണ്ടായിരുന്നു. ശുകപുരത്തിന് ആഴ്വഞ്ചേരി തമ്പ്രാക്കളുണ്ടായിരുന്നു. സംഗമഗ്രാമത്തിന് തച്ചുടയ കയ്മളും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ അധികാരിയായി അവരോധിക്കപ്പെടുന്ന വ്യക്തിക്ക് മാണിക്കന് കേരളന്‍ തച്ചുടയ കയ്മള്‍ എന്ന സ്ഥാനപ്പേരാണ് നല്‍കിയിരുന്നത്. കൊ.വ 517 മുതലാണ് കായംങ്കുളം രാജാവ് തച്ചുടയ കയ്മളെ അപരോധിച്ചുപോന്നത്. കായംകുളം തിരുവിതാംകൂറിന്റെ അധീനതയിലായ (കൊ.വ. 924-25) കാലത്തു മുതല്‍ തച്ചുടയ കയ്മളെ അവരോധിക്കാനുള്ള അവകാശം തിരുവിതാംകൂറിന് ലഭിച്ചു. കൊച്ചി മഹാരാജാവ് തിരുവിതാംകൂര്‍ മഹാരാജാവിന് 941 കന്നി 24ന് അയച്ച കത്തില്‍ പറയുന്നു, “ഇരിങ്ങാലക്കുട തച്ചുടയ കയ്മളുടെ സ്ഥാനം പണ്ടേ ഉള്ളതുകൊണ്ട് കീഴുമാര്യാദപോലെ നടത്തിച്ചുകൊള്ളണം”. എന്നിരുന്നാലും 983 മുതല്‍ രാജാധികാരങ്ങള്‍ നഷ്ടപ്പെടുന്നതുവരെ തച്ചുടയ കയ്മളുടെ അവരോധത്തെചൊല്ലി കൊച്ചിയും തിരുവിതാംകൂറുമായി കേസ്സും വഴക്കുമായിരുന്നു. ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ട് അവരോധാവകാശം തിരുവിതാംകൂറിനാണെന്ന് വിധിച്ചു. അന്നുമുതല്‍ കൊച്ചീരാജ്യവും ക്ഷേത്രയോഗക്കാരായ നമ്പൂതിരിമാരില്‍ പലരും തിരുവിതാംകൂറുമായി ശത്രുതയിലുമായി.
കൊച്ചി രാജ്യത്തുള്ള ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിനുമേലുള്ള അധികാരം ഏവരും ആഗ്രഹിക്കാന്‍ പ്രധാന കാരണം, അതിന്റെ സമ്പദ് സമൃദ്ധിതന്നെ. അവസാനത്തെ തച്ചുടയ കയ്മള്‍ തയ്യാറാക്കിയ 1964-ലെ കണക്കുപ്രകാരം ക്ഷേത്രത്തിന് 8,122 ഏക്കര്‍ ഭൂമിയും 55,578 പറനെല്ലും ഉണ്ടായിരുന്നു. വര്‍ത്തമാനകാല സ്ഥിതിയോ? വര്‍ത്തമാനകാലം ദുസ്സഹമാകുമ്പോള്‍ മനുഷ്യമനസ്സ് ഭൂതകാല മഹാത്മ്യത്തിലേക്ക് തിരിയുമെന്ന മനശാസ്ത്രാപഗ്രഥനം ഇവിടെ പ്രസക്തമാകുന്നു. സംഗമഗ്രാമമായി അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടയുടെ ചിരന്തനമായ പ്രസക്തിയെക്കുറിച്ച് പി.ഭാസ്ക്കരനുണ്ണി എഴുതുന്നു, “സാമൂഹ്യവീക്ഷണത്തിന്റെ ചില്ലുകളിലൂടെ നോക്കുമ്പോള്‍ ഇവിടെ തെളിഞ്ഞു കാണുന്നത് നാലു വര്‍ണ്ണമല്ല, നാലായിരം വര്‍ണ്ണങ്ങളാണ്.”
നമ്പൂതിരി സ്വന്തം ആഢ്യത്വവും ജാതിപ്രഭുത്വവും കുലമേന്മയും ചാരിത്രശുദ്ധിയും രാജാവിനും ഉപരിയായി ഒരു ശൂദ്രന് – നായര്‍ക്ക് – കയ്മളവരോധത്തിലൂടെ അടിയറവച്ചു എന്നറിയുന്നതിനേക്കാള്‍ ആശ്ചര്യകരമായ ഒരു സംഭവം എന്റെ സങ്കീര്‍ണ്ണമായ ഗവേഷണ സഞ്ചാരത്തില്‍, 19-ാം നൂറ്റാണ്ടില്‍ വേറെ ഉണ്ടായിട്ടില്ല. മറ്റെല്ലാം കാലാവൈഭവത്തിന്റെയും യുഗപ്രഭാവന്മാരായ മഹാത്മക്കളുടെയും ജനങ്ങളുടെയും അമേയമായ കര്‍മ്മശക്തിയില്‍ നിന്ന് തേജോമയമായി ഉരുത്തിരിയുമ്പോള്‍, ഇതാവട്ടെ ഏതോ ഗര്‍വു നിറഞ്ഞ പൂര്‍വകാലത്തിന്റെ അഗ്നിഗോളമായി ജ്വലിച്ചുനിന്നിരുന്നത്. “(പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പുറം 833) ഇതുകൊണ്ടുതന്നെയായിരിക്കും അവധൂതനും അതിവര്ണ്ണാശ്രമിയുമെല്ലാമായിരുന്ന ചട്ടമ്പിസ്വാമികളും കേരളചരിത്രത്തില്‍ തച്ചുടയകയ്മകളുടെ സവിശേഷസ്ഥാനത്തെക്കുറിച്ച് ചിലതെല്ലാം കുത്തിക്കുറിക്കാനിടയായത് മറ്റൊന്നും കൊണ്ടല്ല
ദ്രാവിഡ ദേശത്തെ (ഇന്നത്തെ തമിഴ്നാട്) കൂടല്‍ ഗ്രാമത്തില്‍നിന്നും വന്നവര്‍ തങ്ങളുടെ ഉപാസനാദേവനായ ശിവനെ (മാണിക്കനെ) വെച്ചാരാധിച്ച സ്ഥലമാണ് കൂടല്‍മാണിക്യം എന്നാണ് സ്വാമികളുടെ കണ്ടെത്തല്‍ . ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ഉടലെടുത്ത സംഗമഗ്രാമം സമ്പന്നമായിരുന്നുവെന്നതില് സംശയമില്ല. ഐതിഹ്യപ്രകാരം പരശുരാമന്റെ നിര്‍ദ്ദേശപ്രകാരം ഗോദാവരീതീരത്ത് നിന്നും ആനയിക്കപ്പെട്ട തരണനെല്ലൂരിന്റെ ആസ്ഥാനവും സംഗമഗ്രാമത്തിലാണല്ലോ. തന്ത്രശാസ്ത്രവിശാരദരായ തരണനെല്ലൂരുണ്ടായിട്ടുകൂടി സംഗമഗ്രാമത്തിന്റെ ഉപാസനാമൂര്‍ത്തിയായ ശ്രീകൂടല്മാണിക്യത്തിന്റെ കോയ്മ തച്ചുടയകയ്മള്ക്കാണ് ലഭിച്ചത്. തരണനെല്ലൂരിലുള്ള ഒരു നമ്പൂതിരിക്ക് തിരുവിതാംകൂറില്‍ ഒരു പോറ്റികുടുംമ്പത്തിലെ സ്ത്രീക്കുണ്ടായ ബന്ധത്തില്‍നിന്നുമാണ് ശബരിമല തന്ത്രികള്‍ കൂടിയായ താഴമണ്ണുണ്ടായതെന്ന് ചട്ടമ്പിസ്വാമികള്‍ (പ്രാചീനമലയാളം രണ്ടാംഭാഗം) അഭിപ്രായപ്പെട്ടിരിക്കുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രം താഴമണ്ണിനല്ല, തരണനെല്ലൂരിനാണെന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവിളംമ്പരം പ്രഖ്യാപിച്ചപ്പോള്‍ അതിന് മൗനാനുവാദം നല്കാന് നിര്‍ബന്ധിതനായ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിയായ നെടുമ്പിള്ളി തരണനെല്ലൂരിന് സംഗമഗ്രാമം ഉള്‍പ്പെടുന്ന കൊച്ചീരാജ്യത്ത് ഭ്രഷ്ട് കല്പ്പിക്കാനുള്ള ശ്രമം വരെയുണ്ടായി. തിരുവിതാംകൂറില്‍ 1936- ല്‍ ക്ഷേത്രപ്രവേശന വിളംമ്പരം പുറപ്പെടുവിച്ചപ്പോള്‍ കൊച്ചിയില്‍ അങ്ങനെയൊരു തീരുമാനത്തിന് 1947 -വരെ കാത്തിരിക്കേണ്ടിവന്നുവെന്നതും ആലോചനാമൃതമാണ്.
ശ്രീശങ്കരശിഷ്യരാല് സ്ഥാപിതമായ നാല് മഠങ്ങളിലേക്ക്, പില്ക്കാലത്ത് കൂടിചേര്‍ന്ന മുഞ്ചിറമഠത്തിലേക്ക് സന്ന്യസിച്ചിരുന്നത് പ്രധാനമായും സംഗമഗ്രാമത്തില്നിന്നുള്ള നമ്പൂതിരിമാരായിരുന്നു. ‘കാമ്യനാം കര്മ്മണ്യാസം സന്ന്യാസം’ എന്ന സനാതനധര്മ്മാശയത്തോട് എന്നും വൈമുഖ്യം പുലര്‍ത്തിപോന്ന സമൂഹത്തിന് കര്മ്മത്യാഗികളെ ആദരിക്കാന്‍ കഴിയില്ലല്ലൊ. മുഞ്ചിറ മഠത്തിലേക്ക് സംഗമഗ്രാമത്തില്‍ നിന്നും സന്ന്യാസിമാരായി ആരുമില്ലെന്നുള്ളതാണ് വര്‍ത്തമാനകാല അവസ്ഥ. ചട്ടമ്പിസ്വാമികളേയും അദ്ദേഹത്തിന്റെ സന്ന്യാസിശിഷ്യരേയും ആദരിച്ചിരുന്ന വ്യക്തിയായിരുന്നു പ്രധാനമായും കയ്മള്‍. അദ്ദേഹം സന്ന്യാസവൃത്തിയില്നിന്നും വ്യതിചലിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരായി നീങ്ങാന്‍ യോഗക്കാരെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന പ്രചരണം. എന്നാല്‍ കര്‍മ്മികളും കര്‍മ്മത്യാഗികളും തമ്മിലുള്ള ആശയപരമായ അഭിപ്രായ വിത്യാസത്തിനുപരിയായി ജാതീയമായ വിഭാഗീയതയാണ് സാംസ്ക്കാരികമായും സാമ്പത്തികമായും സമുന്നതനിലയിലായിരുന്ന സംഗമഗ്രാമത്തേയും ശ്രീകൂടല്‍ മാണിക്യം ക്ഷേത്രത്തേയും തകര്‍ത്തത്. പ്രശസ്തമായ തൃക്കണാമതിലകത്തിന്റെ അവസ്ഥയിലേക്കാണ് സംഗമഗ്രാമവും നയിക്കപ്പെട്ടത്.
സുപ്രസിദ്ധമായ തൃക്കണാമതിലകം ശിവക്ഷേത്രത്തിന്റെ കീഴേടമായിരുന്നു കൂടല്‍മാണിക്യം ക്ഷേത്രം. (തൃശ്ശൂര്‍ ജില്ല ഗസറ്റിയര്‍, (1962) പുറം 79). ഇരിങ്ങാലക്കുടയില്‍ നിന്നും 16 മൈല്‍ മാറിയാണ് തൃക്കണാമതിലകം സ്ഥിതിചെയ്തിരുന്നത്. ഏഴ് ചുറ്റുമതിലും ഏഴ് ഗോപുരങ്ങളുമുള്ള സപ്തപ്രാകാരപ്രകാരം പണിതുയര്‍ത്തിയ അപൂര്‍വ്വക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു തൃക്കാണാമതിലകം മഹാശിവക്ഷേത്രം. എ.ഡി. 1341- ലെ വെള്ളപ്പൊക്കത്തില്‍ കൂടല്‍മാണിക്യക്ഷേത്രത്തിന് വടക്കുകൂടിയൊഴുകിയിരുന്ന കരുവന്നൂര്‍പ്പുഴ രാപ്പാളില്‍ വെച്ച് ഗതിമാറി മണലിപ്പുഴയോട് ചേരുകയും പടിഞ്ഞാറ് ഭാഗത്തുകൂടിയൊഴുകിയിരുന്ന ചാലക്കുടിപ്പുഴ കൂടപ്പുഴവെച്ച് ഗതിമാറി മൂഴിക്കുളത്തുവെച്ച് പെരിയാറില്‍ ചേരുകയും ചെയ്തപ്പോള്‍ പുഴയില്ലാതായി നികന്ന പ്രദേശം സ്വന്തമാക്കുന്നതിനായി തൃക്കാണാമതിലകം ഊരാളരും സംഗമഗ്രാമക്കാരുമായി തര്‍ക്കമുണ്ടായി. തൃക്കാണാമതിലകം ക്ഷേത്രത്തിന്റെ ഏഴാമത്തെ ചുറ്റുമതിലിന്നു കിഴക്കുഭാഗത്ത് പുഴ കരയായി മാറിയ സ്ഥലം തൃക്കണാമതിലകത്തോടു ചേര്‍ക്കാന്‍ ക്ഷേത്ര ഊരാളന്മാരായ തെക്കേടത്ത്, വടക്കേടത്ത് നായര്‍ വീട്ടുകാര്‍ ശ്രമിച്ചു. അതിനെ സംഗമഗ്രാമക്കാരായ യജുര്‍വേദികള്‍ എതിര്‍ത്തു. മതിലുപണിയാന്‍ തോടുകീറിയപ്പോള് അതിലിറങ്ങിയിരുന്നു സംഗമഗ്രാമത്തിലെ യോഗക്കാര് എതിര്‍ത്തു. അതിനെയും വകവെക്കാതെ മതിലുകെട്ടല്‍ തുടര്‍ന്നപ്പോള്‍ സംഗമഗ്രാമക്കാര് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍വെച്ച് ഒരു യജ്ഞം തുടങ്ങി. എ.ഡി. 1641-ല്‍ നടന്ന ഈ സംഭവം ‘പട്ടിണിവ്രതം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പട്ടിണിവ്രതം നടക്കുന്നതിനിടയില്‍ സാമൂതിരി രാജാവും ഡച്ചുകാരുമായുള്ള യുദ്ധത്തില്‍ തൃക്കണാമതിലകം ശിവക്ഷേത്രം തകരുകയും അവിടെയുണ്ടായിരുന്ന കൂറ്റന്‍ ശിവലിംഗവും മുഖമണ്ഡപത്തിന്റെ തൂണും മറ്റും കടപുഴക്കിയെടുത്ത് കൊച്ചിക്കായാലില് കൊണ്ടിടുകയും ചെയ്തുവത്രേ? അന്നേദിവസം പട്ടിണിവ്രതത്തിന്റെ ഭാഗമായി നമ്പൂതിരിമാര്‍ ഉണ്ണാതിരുന്ന് കുടുക്കനീര്‍ വീഴ്ത്തുമ്പോള്‍ ‘തൃക്കണാമതിലകം ക്ഷേത്രം’ നശിച്ചുവോ?” എന്ന് ഉറക്കെ ചോദിക്കുകയും ‘നശിച്ചു’ എന്നുകേട്ടപ്പോള്‍ കുടുക്കനീര്‍ വീഴ്ത്താന്‍ രണ്ടാമതെടുത്ത വെള്ളം സന്തോഷത്തോടെ മന്ത്രംചൊല്ലി കുടിക്കുകയും പ്രാണഹൂതി ചെയ്ത് ഊണ് കഴിക്കുകയും ചെയ്തുവത്രേ. ഒരു മഹാക്ഷേത്രം നശിപ്പിക്കാനായി യജ്ഞം ചെയ്തവരെന്ന നിലയ്ക്ക് പിന്നീട് സംഗമഗ്രാമത്തിലെ ബ്രാഹ്മണര്‍ക്ക് മറ്റ് ഗ്രാമക്കാര്‍ പതിത്വം കല്പിക്കുകയുണ്ടായി.
ബ്രാഹ്മണരും ക്ഷത്രിയരും പരസ്പരം സംരക്ഷിക്കാന്‍ കടപ്പെട്ടവരും അവരിലൂടെ വേദോക്തധര്മ്മം പ്രചരിക്കപ്പെടേണ്ടതുമാണെന്നാണ് ധര്‍മ്മസംഹിതകള്‍ അനുശാസിക്കുന്നത്. എന്നാല്‍ ബ്രഹ്മസ്വവും ദേവസ്വവും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഗ്രാമസമൂഹത്തെ തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നതിന്റെ ഉത്തമോദാഹരമാണ് തൃക്കണാമതിലകത്തിന്റെ തകര്‍ച്ച. ഇതേകാരണം തന്നെയാണ് പ്രതാപത്തിലിരുന്ന സംഗമഗ്രാമത്തിന്റെ തകര്‍ച്ചക്കും ഇടയാക്കിയത്. ഈ ഗ്രാമത്തിന്റെ മാത്രമല്ല കേരളചരിത്രത്തില്‍ തന്നെ സവിശേഷസ്ഥാനം വഹിച്ചിരുന്ന മാണിക്യന് കേരളന്‍ തച്ചുടയ കയ്മളുടെ സ്ഥാനഭ്രംശംത്തിനും പ്രധാന കാരണം ഇതു തന്നെയായിരുന്നു.
കേരളത്തിലെ ആരാധനാലയങ്ങളുടെ ആദ്യകാല ഉടമസ്ഥന്മാര് അബ്രാഹ്മണന്മാരായിരുന്നുവെന്നും ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ അകക്കോയ്മയായിരുന്ന തച്ചുടയ കയ്മളെന്നുമാണ് ‘കേരളചരിത്രവും തച്ചുടയ കയ്മളും’ എന്ന ഗ്രന്ഥത്തിലൂടെ ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കുന്നത്. ‘കൂടല്‍’ എന്ന സ്ഥലത്തെ ദേവനാണ് കൂടല്‍മാണിക്യം. ‘കൂടല്‍’ എന്ന ദ്രാവിഡപദത്തിന്റെ അര്‍ത്ഥം കൂടിചേരുന്ന സ്ഥലം. മാണിക്ക്യനെന്നത് തമിഴില്‍ ശിവനെന്നാണ് അര്‍ത്ഥം. കൂടല്‍ മാണിക്യം ദേവന് പിന്നീട് സംഗമേശന് എന്ന നാമം നല്‍കിയത് ആര്യബ്രാഹ്മണന്മാരായ സംസ്കൃതവ്യുല്പന്നന്മാരായിരിക്കുമെന്നാണ് സ്വാമികളുടെ കണ്ടെത്തല്‍ .
പരശുരാമന് ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയെന്നാണ് പഴമക്കാരുടെ വിശ്വാസം. ക്ഷത്രിയകുലാന്തകനായ പരശുരാമന് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത് ഭൂമിയില്‍ ക്ഷത്രിയോത്തമനായ ഭരതനെ പ്രതിഷ്ഠിക്കുന്നതെങ്ങനെയെന്നാണ് ഐതീഹ്യവാഹകന്മാരായ പ്രാകൃത ചരിത്രകാരന്മാരോട് സ്വാമികള്‍ ചോദിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇരിഞ്ഞാലക്കുടയിലല്ല, ഇരിങ്ങാലക്കുടയിലാണെന്നും സ്വാമികള്‍ സ്ഥാപിക്കുന്നു. ഇരിങ്ങാലക്കുട എന്നപദം ദ്രാവിഡാര്ത്ഥത്തില് വ്യവഛേദിച്ചാല്‍ ‘വലിയ കുന്നുള്ള പ്രദേശം’ എന്നാകുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ സ്ഥാപകനായാണ് തച്ചുടയ കയ്മകള ചട്ടമ്പിസ്വാമികള്‍ കാണുന്നത്. അല്ലാത്തപക്ഷം ബ്രാഹ്മണമതം പ്രബലമായിരുന്ന കാലത്ത് ഒരു നായര്‍ കുടുംബജാതനെ ഇത്ര ഉന്നപദവിയിലാക്കി അവര്‍ പൂജിക്കുമായിരുന്നില്ല. നായരെ വെറും ശൂദ്രരരായി കണ്ട ബ്രാഹ്മണ യഥാസ്ഥിതികത്വം പടച്ചുവിട്ട കള്ളകഥകളെ ഇതര ഗ്രന്ഥങ്ങളിലെന്ന പോലെ തച്ചുടയ കയ്മളുടെ ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിലും ചട്ടമ്പി സ്വാമികള്‍ ചോദ്യം ചെയ്യുന്നു.
സമൂഹത്തെ അടിമത്വത്തിലേക്കും അരാജകത്വത്തിലേക്കും നയിച്ച ചരിത്രവികൃതികളെ തിരുത്താന്‍ ശ്രമിച്ച യഥാര്‍ത്ഥ വിപ്ലവകാരിയായിരുന്നു ചട്ടമ്പിസ്വാമികളെന്ന് ‘കേരളചരിത്രവും തച്ചുടയ കയ്മളും’ എന്ന കൃതി സശ്രദ്ധം വായിക്കുന്ന ഏതൊരു സത്യാന്വേഷകനും തിരിച്ചറിയാന്‍ കഴിയും. സ്വാമികള്‍ക്ക് സംഗ്രമഗ്രാമവുമായുള്ള ബന്ധം തച്ചുടയ കയ്മളിലൂടെയായിരുന്നുവല്ലൊ. സ്വാമികളുടെ ആശയപ്രപഞ്ചം അക്ഷരങ്ങളിലേക്ക് ആവാഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യഥാര്‍ത്ഥത്തില്‍ ‘സദ്ഗുരു’ എന്ന മാസിക തച്ചുടയ കയ്മള്‍ ഇരിങ്ങാലക്കുടയില്നിന്നും ആരംഭിച്ചത്. നരവംശചരിത്രവും രാജ്യചരിത്രവുമെല്ലാം സ്വാമികളുടെ ചിന്തയ്ക്ക് ചിന്തേരിട്ടിരുന്നുവന്നതിന്റെ തെളിവാണ് ‘സദ്ഗുരു’വിന്റെ താളുകള്‍. ആ താളുകളിലൂടെ തീര്‍ത്ഥാടനം നടത്തിയതിന്റെ ഗുണപരമായ ഫലം സംഗമഗ്രാമത്തിന്റെ ചരിത്രം അന്വേഷിച്ചിറങ്ങുന്ന ഭാവിതലമുറയ്ക്ക് സഹായകരമായിത്തീരും.