സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ

സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ
സദ്ഗുരുഃ ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്നി
പരിപൂര്‍ണ്ണ കലാനിധിഃ

ലീലയാ കാലമധികം
നീത്വാഽന്തേ സ മഹാപ്രഭുഃ
നിസ്സ്വം വപുഃ സമുത്സൃജ്യ
സ്വം ബ്രഹ്മ വപുരാസ്ഥിതഃ

തന്റെ സദ്ഗുരുവിന്റെ മഹാസമാധി പ്രകീര്‍ത്തിച്ച് ശ്രീനാരായണഗുരു എഴുതിയ ശ്ലോകമാണിത്. ശ്രീമദ് ചട്ടമ്പിസ്വാമികളുടെ പ്രശിഷ്യനായ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ ഈ ശ്ലോകങ്ങള്‍ക്ക് എഴുതിയ വ്യാഖ്യാനം ഇത്തരുണത്തില്‍ സ്മരണീയമാണ്, താഴെ കൊടുക്കുന്നു.

സര്‍വജ്ഞനും ഋഷിയുമായ സദ്ഗുരു ശുകമാര്‍ഗ്ഗത്തിലൂടെ ഉയര്‍ന്നു പരമവ്യോമത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി സര്‍വത്ര പ്രകാശിക്കുന്നു. ആ മഹാപ്രഭു (പ്രപഞ്ചത്തിന്റെ ഉല്പത്തി സ്ഥിതി നാശങ്ങള്‍ക്കു കാരണഭൂതമായ ബ്രഹ്മം) മായാമയമായ ദേഹത്തെ വെറും ലീലയാ സ്വീകരിച്ച് അധികംനാള്‍ വിനോദിച്ചശേഷം തന്റേതല്ലാത്ത ആ ദേഹമുപേക്ഷിച്ച് സ്വന്തരൂപമായ ബ്രഹ്മഭാവത്തെ കൈക്കൊണ്ടു.

“ലോകവത്തു ലീലാകൈവല്യം” എന്ന ബ്രഹ്മസൂത്രത്തിന്റെ ചുരുക്കം ഈ ശ്ലോകത്തില്‍ അടക്കിയിട്ടുണ്ട്. ആപ്തകാമനും പരിപൂര്‍ണ്ണനുമായ പരമേശ്വരന് ജീവഭാവം കൈക്കൊള്ളേണ്ടതായ യാതൊരു കാരണവുമില്ല.അതിനാല്‍ ആ ജീവഭാവം ലീലാമാത്രം ആയിയിരുന്നെന്നു കരുതാം. സര്‍വ്വസമ്പദ്‌ സമൃദ്ധിയോടുകൂടിയ ഒരു പ്രഭു സ്വസ്ഥനായിരിക്കേണ്ടവനാണെങ്കിലും വിനോദമായി ചിലപ്പോഴെല്ലാം ഭൃത്യന്റെയും ജോലിചെയ്യുന്നതായി കാണാറുണ്ടല്ലോ.അപ്പോഴും അദ്ദേഹം ആ പ്രഭു തന്നെയാണ്. അതുപോലെ ഈശ്വരന്‍ ലീലയാ ജീവഭാവമെടുക്കുമ്പോഴും താന്‍ ഈശ്വരനായിത്തന്നെയാണ് നിലകൊള്ളുന്നത് എന്ന വേദാന്തതത്വം ഈ ശ്ലോകത്തില്‍ നമുക്ക് നല്ലതുപോലെ കാണാം.

ബ്രഹ്മസ്വരൂപനായ ജഗദീശ്വരന്‍ ചട്ടമ്പിസ്വാമികളുടെ വേഷമെടുത്ത് വിനോദിച്ചതിനുശേഷം വീണ്ടും സ്വസ്വരൂപത്തിലെത്തിയെന്നു പറയുമ്പോള്‍ സ്വാമിപാദങ്ങള്‍ ഒരവതാരപുരുഷന്‍തന്നെയാണല്ലോ. ബ്രാഹ്മണ്യപ്രാബല്യത്തില്‍ നിഷ്പ്രഭരായി വെറും അടിമകളായി എട്ടും പൊട്ടും തിരിയാതെ കഴിഞ്ഞുകൂടിയ കേരളത്തിലെ അബ്രാഹ്മണരെ ഉദ്ധരിക്കുന്നതിന് അന്ന് ഒരവതാരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നു. അത് നിര്‍വ്വഹിക്കുന്നതിന് ഭഗവാന്‍ ശ്രീ വിദ്യാധിരാജ സ്വാമികളായും ഭഗവദ്വിഭൂതികള്‍ ശ്രീ സ്വാമികളുടെ ശിഷ്യന്മാരായും അവതരിച്ച് ഇവിടെ പ്രവൃത്തിപരവും നിവൃത്തിപരവുമായ ധര്‍മ്മമാര്‍ഗ്ഗങ്ങള്‍ തെളിയിച്ച് സ്വധാമത്തില്‍ വിലയം പ്രാപിച്ചുവെന്നു ഭക്തന്മാര്‍ക്കു വിശ്വസിക്കാവുന്നതാണ്.

അനേകകാലമാര്‍ജ്ജിച്ച പുണ്യസഞ്ചയംകൊണ്ടുമാത്രമേ ശ്രീ വിദ്യാധിരാജ തൃപ്പാദങ്ങളെപ്പോലെയൊരു മഹാപുരുഷനെ ഒരു നാട്ടുകാര്‍ക്കു ലഭിക്കുകയുള്ളു. അദ്ദേഹം നമ്മുടെ പുണ്യപരിപാകത്താല്‍ നമുക്കുവേണ്ട സന്മാര്‍ഗ്ഗങ്ങളെല്ലാം കാണിച്ചുതന്നിട്ട് സച്ചിദാനന്ദരൂപമായ ബ്രഹ്മഭാവത്തില്‍ ഇന്നും വിളങ്ങുകയാണ്. അവിടുന്നു കാണിച്ച ആ മാര്‍ഗ്ഗത്തിലൂടെ നമുക്ക് അദ്ദേഹത്തെ പിന്തുടരാം. അദ്ദേഹത്തെക്കുറിച്ചുള്ള ദിവ്യവും ഭവ്യവും മധുരവുമായ ആ സ്മരണകള്‍ നമ്മുടെ ഹൃദയത്തെ എക്കാലവും കുളിര്‍പ്പിക്കട്ടെ.