ഇഷ്ടര്‍ക്കു കര്‍മ്മഫല ദുഷ്കൃതിനീതികാട്ടാന്‍
പട്ടിക്കുസദ്യ പരിചോടു നടത്തിനന്നായ്
വൃഷ്ടിക്കു കര്‍മ്മഗുണ തത്ത്വമുദാഹരിച്ച
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം.
ഇഷ്ടര്‍ക്കു് = തന്നോടു് ഇഷ്ടമുള്ളവര്‍ക്കു്. തന്റെ ഭക്തജനങ്ങള്‍ക്കു്.
കര്‍മ്മഫലദുഷ്കൃതി = പ്രവൃത്തിദോഷം.
ജീവിതകാലത്തു് അഹങ്കാരംകൊണ്ടു് അവനവന്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളുടെ ഫലം അനന്തരജന്‍മത്തില്‍ എങ്ങനെ അനുഭവിക്കുന്നുവെന്നു് ഇഷ്ട ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനാണത്രേ അദ്ദേഹം സുപ്രസിദ്ധമായ പട്ടിസദ്യ നടത്തിയതു്. തിരുവനന്തപുരത്തു് തമ്പാനൂരുള്ള കല്ലുവീട്ടില്‍ വച്ചാണു് സ്വാമികള്‍ പട്ടിസദ്യ നടത്തിയതെന്നു് പറയപ്പെടുന്നു. സദ്യ കഴിഞ്ഞു് മടങ്ങിയ പട്ടികളെ ഓരോന്നിനേയും ചൂണ്ടി ഇവന്‍ കഴിഞ്ഞ ജന്മത്തില്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്നു, പലരേയും ഇടിച്ചിട്ടുണ്ടു്; ഇവന്‍ കൈക്കൂലിപ്പാവിയായിരുന്നു എന്നും മറ്റും ഗൃഹനായകനോടു പറഞ്ഞുവത്രേ. ഇജ്ജന്മത്തിലെ ആ പട്ടികള്‍ മുജ്ജന്മത്തിലെ ദുഷ്ടന്‍മാരായ ഉദ്യോഗസ്ഥ ശ്രേഷ്ഠന്‍മാരായിരുന്നുവെന്നാണു് സ്വാമികള്‍ സൂചിപ്പിച്ചതു്. ജീവിച്ചിരിക്കുമ്പോള്‍ സത്കര്‍മ്മം ചെയ്താലേ അനന്തരജന്‍മത്തില്‍ ഉത്കൃഷ്ടജന്മം കിട്ടുകയുള്ളു. ദുഷ്ടകര്‍മ്മം ചെയ്താല്‍ അപകൃഷ്ടജന്മമേ ലഭിക്കുകയുള്ളു. ഈ കര്‍മ്മനീതി പട്ടിസദ്യയിലൂടെ വെളിപ്പെടുത്തി വ്യക്തികള്‍ക്കു് കര്‍മ്മഗുണതത്വം ഉദാഹരിക്കുകയായിരുന്നു സ്വാമികള്‍ .
വ്യഷ്ടിക്കു് = വ്യക്തിക്കു്.
കര്‍മ്മഗുണതത്വം = സ്വകര്‍മ്മങ്ങള്‍ ഉണ്ടാക്കുന്ന നന്‍മതിന്‍മകളുടെ നിജസ്ഥിതി.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]