
പേരേറിടുന്ന ഗുരുവായറിയുന്ന ശ്രീമ-
ന്നാരായണന്നുമിഹസദ്ഗുരുദേവനായി
പാരത്ര്യമാര്‍ഗ്ഗമതു പാരിനുകാട്ടിടുന്ന
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം.
പേരേറിടുന്ന = പ്രസിദ്ധനായ.
ഗുരുവായറിയുന്ന ശ്രീമന്നാരായണന്നും = ശ്രീ നാരായണഗുരുവിനുപോലും.
സദ്ഗുരുദേവനായി = ബ്രഹ്മവിദ്യാഗുരുവായി.
സദ്ഗുരു എന്നാല്‍ സദ്രൂപത്തിലിരിക്കുന്ന ഗുരു എന്നര്‍ത്ഥം. ‘ ബ്രഹ്മവിദ് ബ്രഹ്മമൈവ ഭഗവതി ‘ എന്ന പ്രമാണമനുസരിച്ചു് ബ്രഹ്മജ്ഞാനി ബ്രഹ്മം തന്നെയാണു്. അങ്ങനെ ബ്രഹ്മരൂപത്തില്‍ അഥവാ സദ്രൂപത്തിലിരിക്കുന്ന ഗുരുവാണു് സദ്ഗുരു. ശ്രീ നാരായണഗുരുതന്നെ, ചട്ടമ്പിസ്വാമികള്‍ തന്റെ സദ്ഗുരുവാണെന്നു് പറഞ്ഞിട്ടുണ്ടു്. ഇത്തരം സദ്ഗുരുക്കന്മാരില്‍ നിന്നും പ്രസരിക്കുന്ന ആദ്ധ്യാത്മികശക്തിക്കു് ശിഷ്യന്റെ മായാമോഹങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടു്. മായാമോഹങ്ങളകറ്റി ശ്രീ നാരായണഗുരുവിനു് മോക്ഷോപദേശം നല്‍കിയ സദ്ഗുരുവാണല്ലോ ചട്ടമ്പിസ്വാമികള്‍ . ശ്രീ നാരായണഗുരുവിന്റെ ചില ജീവചരിത്രകാരന്‍മാര്‍ ഈ പരമസത്യത്തെ അന്യഥാകരിക്കാന്‍ ശ്രമിച്ചു കാണുന്നുണ്ടു്.അതു ശരിയല്ല.
പാരത്ര്യമാര്‍ഗ്ഗം = പരലോകത്തുലഭിക്കുന്ന ഭാഗ്യത്തിനുള്ളവഴി.
പാരിനു് = ലോകത്തിനു്.
പരലോക ഭാഗ്യം കിട്ടാനുള്ള വഴികളാണല്ലോ സ്വാമികള്‍ ലോകത്തിനുനല്‍കിയതു്.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. – www.chattampiswami.com ]
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal