ഗുരു തന്‍റെ യോഗസിദ്ധികള്‍ കാട്ടി ശിഷ്യനെ അത്ഭുതപ്പെടുത്തുകയോ വശീകരിക്കുകയോ ചെയ്യരുതെന്ന്. അതു പാപമാണ്. ശിഷ്യഹൃദയത്തെ ദുര്‍ബലപ്പെടുത്താനേ അതു സഹായിക്കുകയുള്ളൂ. ചില സന്യാസിമാര്‍ അങ്ങനെ ചില അദ്ഭുതങ്ങള്‍ കാണിക്കാറുണ്ട്. അത് തന്നോടും അന്യരോടും കാണിക്കുന്ന ഹിംസയാണ്.

സിദ്ധികള്‍ കാട്ടി ഗുരു ശിഷ്യനെ അത്ഭുതപ്പെടുത്തരുത് – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 23

യോഗത്വശക്തിയതുകൊണ്ടു ഭുജിഷ്യചിത്തം
വേഗം വശിപ്പതുചിതജ്ഞനുചേര്‍ന്നതല്ല
ആഗസ്സതാത്മപരഹിംസനമെന്നുരച്ച-
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം.

യോഗത്വശക്തി = യോഗശക്തി

ഭുജിഷ്യചിത്തം = ശിഷ്യരുടെ മനസ്സ്

ഭുജിഷ്യര്‍ = ശിഷ്യന്മാര്‍

വശിപ്പത് = വശീകരിക്കുന്നത്

ഉചിതജ്ഞനു് = തപശക്തിയുടെ ഔചിത്യം അറിയാവുന്നവനു്

ആഗസ്സതു് = അതു് (യോഗശക്തികൊണ്ട് ശിഷ്യരുടെ മനസ്സിനെ വശപ്പെടുത്തുന്നത്)പാവവുമാണ്.

ആഗസ്സ് = പാപം

ആത്മപരഹിംസനം = തന്നോടും അന്യരോടും ചെയ്യുന്ന ഹിംസ.

എന്നുരച്ച = എന്നുപറഞ്ഞ.

കോടനാട്ടുവനങ്ങളില്‍ സ്വാമികള്‍ വിശ്രമിക്കുന്ന കാലത്തുനടന്ന ഒരു സംഭവമാണിവിടെ പരാമര്‍ശിക്കുന്നത്. തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ ചട്ടമ്പിസ്വാമികളോടൊത്ത് യോഗസാധനകള്‍ ശീലിച്ചു താമസിക്കുന്നു. യോഗസാധനകളുടെ ശക്തിവിശേഷാതിശയങ്ങളെക്കുറിച്ച് സ്വാമികള്‍ തീര്‍ത്ഥപാദരോടു സംസാരിക്കുകയായിരുന്നു. എന്നിട്ടു പറഞ്ഞു, ഗുരു തന്‍റെ യോഗസിദ്ധികള്‍ കാട്ടി ശിഷ്യനെ അത്ഭുതപ്പെടുത്തുകയോ വശീകരിക്കുകയോ ചെയ്യരുതെന്ന്. അതു പാപമാണ്. ശിഷ്യഹൃദയത്തെ ദുര്‍ബലപ്പെടുത്താനേ അതു സഹായിക്കുകയുള്ളൂ. ചില സന്യാസിമാര്‍ അങ്ങനെ ചില അദ്ഭുതങ്ങള്‍ കാണിക്കാറുണ്ട്. അത് തന്നോടും അന്യരോടും കാണിക്കുന്ന ഹിംസയാണ്. ഇത്രയും പറഞ്ഞിട്ട്, അടുത്തൊരു മരത്തില്‍ പടര്‍ന്നു കിടന്ന വല്ലിയെ താഴേക്കിറങ്ങാന്‍ അദ്ദേഹം കൈവിരല്‍കൊണ്ട് ആഗ്യം കാട്ടി. അതുടനെ ചുറ്റഴിഞ്ഞ് താഴെ ഇറങ്ങി. വീണ്ടും ആഗ്യം കാട്ടിയപ്പോള്‍ അതു പഴയപോലെ മരത്തില്‍ ചുറ്റിക്കയറി. യോഗശക്തികൊണ്ടാണ് സ്വാമികള്‍ ഈ അത്ഭുതം കാണിച്ചത്. പക്ഷേ വള്ളിയുടെ ഇലകളെല്ലാം വാടിയിരുന്നു.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]