
ഭോഗം വിടര്‍ത്തിയതിരൂക്ഷ വിഷം വമിച്ച-
ഭോഗീന്ദ്രനെക്കരതലത്തിലണച്ചുമന്ദം
യോഗത്തിനാല്‍ മറുകരയ്ക്കു കടത്തിവിട്ട
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം.
ഭോഗം വിടര്‍ത്തി = പത്തി വിടര്‍ത്തി.
ഭോഗം = പത്തി.
അതിരൂക്ഷവിഷംവമിച്ച = മാരകമായ വിഷം പ്രവഹിപ്പിച്ച.
ഭോഗീന്ദ്രനെ = സര്‍പ്പത്തെ.
കരതലത്തിലണച്ചു് = കയ്യിലെടുത്തു്.
മന്ദം = സാവധാനം.
യോഗത്തിനാല്‍ = ഭാഗ്യംകൊണ്ടു്.
മറുകരയ്ക്കു കടത്തിവിട്ട = മറ്റൊരുസ്ഥലത്തേയ്ക്കു് കൊണ്ടുചെന്നാക്കിയ.
വിഷം വമിക്കുന്ന പാമ്പിനെ തല്ലിക്കൊല്ലുകയാണു് പതിവു്. പക്ഷേ സര്‍പ്പത്തിന്റെ ഭാഗ്യംകൊണ്ടു് സ്വാമികള്‍ അതിനെ തൃക്കയ്യിലെടുത്തു. തന്‍മൂലം സര്‍പ്പത്തിനു ചാകാതെ മറ്റൊരിടത്തെത്തി രക്ഷപ്പെടാന്‍ കഴിഞ്ഞു. ‘ഭോഗം’ എന്ന പദത്തിനു് വിഷയസുഖങ്ങളെന്നും, ഭോഗീന്ദ്രനെന്ന പദത്തിനു് ലൗകിക സുഖാനുഭവങ്ങളില്‍ മുഴുകിക്കഴിയുന്നവനെന്നും, യോഗത്തിനാല്‍ എന്ന പദത്തിനു് യോഗശക്തികൊണ്ടു് എന്നും കൂടി അര്‍ത്ഥമുണ്ടു്, അതിനാല്‍ ലൗകികഭോഗങ്ങളില്‍ മുഴുകിക്കഴിഞ്ഞ ആളുകളെ സ്വാമികള്‍ തന്റെ യോഗശക്തികൊണ്ടു് മറുകരയ്ക്കു (മോക്ഷ മാര്‍ഗ്ഗത്തിലേയ്ക്കു്) നയിച്ചു എന്നൊരു അര്‍ത്ഥാരോപം കൂടി ഇവിടെ ധ്വനിക്കുന്നു.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal