അദ്വൈതചിന്തയുടെ പദ്ധതി ബദ്ധമോദം
ശുദ്ധീകരിച്ചു സുജനാഗമനാര്‍ഹമാക്കി
ശുദ്ധാദിഭാഷയുടെ ജാതകവും കുറിച്ച
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം
അദ്വൈതചിന്തയുടെ പദ്ധതി = അദ്വൈതചിന്തയുടെ മാര്‍ഗ്ഗം.
അദ്വൈതചിന്ത = പരമാത്മാവും ജീവാത്മാവും ഒന്നാണെന്നുള്ള ചിന്ത.
പദ്ധതി = മാര്‍ഗ്ഗം.
ബദ്ധമോദം = സന്തോഷത്തോടുകൂടി.
അദ്വൈതപദ്ധതി ശുദ്ധവും സുഗമവുമാക്കിത്തീര്‍ക്കുന്നതുകൊണ്ട് സന്തോഷമുണ്ടാകാമല്ലോ.
സുജനാഗമാനാര്‍ഹം = സുജനങ്ങള്‍ക്ക് ഗമിക്കത്തക്കത്.
ശുദ്ധാദിഭാഷ = ശുദ്ധമായ ആദിഭാഷ.
ആദിഭാഷ തമിഴായിരുന്നുവെന്നാണ് സ്വാമികളുടെ അഭിപ്രായം.
ജാതകം കുറിച്ച = (ആദിഭാഷയുടെ) ഉല്പത്തി മുതലായവയെക്കുറിച്ച് എഴുതിയ.
ലോകത്ത് ആദ്യമുണ്ടായ ഭാഷ തമിഴാണെന്നും, മറ്റു ഭാഷകളെല്ലാം അതിന്റെ അപഭ്രംശരൂപങ്ങളാണെന്നും ആദിഭാഷയെന്ന ഗ്രന്ഥത്തില്‍ സ്വാമികള്‍ സ്ഥാപിച്ചിട്ടുണ്ട്. ജാതകംകുറിച്ച എന്ന പ്രയോഗംകൊണ്ട് ഇക്കാര്യമാണ് കവി അര്‍ത്ഥമാക്കുന്നത്. അദ്വൈതചിന്ത സാമാന്യജനങ്ങള്‍ക്ക് സുഗമമാക്കിത്തീര്‍ക്കാന്‍ സ്വാമികള്‍ അദ്വൈതചിന്താപദ്ധതി എന്ന ഗ്രന്ഥമെഴുതി. ആദിഭാഷ തമിഴാണെന്ന് തെളിയിക്കാന്‍ ആദിഭാഷ എന്ന ഗ്രന്ഥം രചിച്ചു. ഇവയിലാദ്യത്തേത് വേദാന്തഗ്രന്ഥവും രണ്ടാമത്തേത് ഭാഷാ ശാസ്ത്രഗ്രന്ഥവുമാണ്. ആദി ഭാഷ തമിഴിലാണ് രചിച്ചത്. ആ രണ്ടു ഗ്രന്ഥവും ഇവിടെ സ്മരിക്കപ്പെടുന്നു.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]