പിള്ളത്താലോലിപ്പ് – ചട്ടമ്പി സ്വാമികള്‍ MP3

പിള്ളത്താലോലിപ്പ് (താരാട്ട് പാട്ട്)
ശ്രീ വിദ്യാധിരാജ വിരചിതം

“അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍” തന്റെ മക്കളെ ഉറക്കാന്‍ പാടുന്ന പാട്ടാണല്ലോ ‘താരാട്ട്’ എന്നുപറയുന്നത്. കുരുന്ന് ഹൃദയത്തിലേക്ക് കടന്നുചെന്ന് അവിടെ ശീതളിമപകര്‍ന്ന് ആത്മവിസ്മൃതിയിലേക്ക് അതിനെ നയിക്കുവാന്‍ താരാട്ടിന് മാത്രമേ കഴിയൂ. കുഞ്ഞിനെ മയക്കിയുറക്കുന്ന താരാട്ടുപാട്ടിന്റെ മഹിമ അമേയമാണ്.

“താലോലിപ്പ്” എന്നുകേള്‍ക്കുമ്പോള്‍ താരാട്ടിന്റെ എല്ലാ സവിശേഷതകളും ഒപ്പം വാത്സല്യപെരുമയുടെ ഒരു അഭൗമ മഹിമയും കൂടി നമ്മുടെ മനസ്സില്‍ ഉദിക്കുന്നു.

കാമനകളില്ലാത്ത കുരുന്നു ഹൃദയങ്ങളില്‍ സദ്‍വാസനകളുടേയും ഈശ്വരമഹിമയുടേയും വിത്തുവിതയ്ക്കുന്നതിന് പറ്റിയ ശൈശവം മനുഷ്യന് ഈശ്വരന്‍ കനിഞ്ഞുനല്‍കിയ പരമപരിശുദ്ധമായ ഒരവസ്ഥയാണ്. അന്ന് മനസ്സില്‍ പതിയുന്നതേതും കാലാന്തരത്തില്‍  ജീവിതത്തില്‍ വേരുറച്ച് വളര്‍ന്ന് പന്തലിച്ച് പുഷ്പിക്കുകയും ഫലപ്രദമാകുകയും ചെയ്യും. ‘കിളിയേ, കുട്ടി, എന്‍മകനേ, കുഞ്ഞേ… ” എന്നെല്ലാമുള്ള  വാത്സല്യമസൃണങ്ങളായ സംബോധനകളും “ബ്രഹ്മമേ” എന്ന് തുടങ്ങുന്നതത്തോപദേശങ്ങളും കുഞ്ഞുമനസ്സുകളില്‍ ശുഭവാസനകളെ ആവോളം നിറയ്ക്കുന്നു. അമ്പത്തിരണ്ട് ഈരടികളിലായി, ഇതില്‍ പ്രത്യക്ഷമായ ഈശ്വരമഹിമയും  ജീവകാരുണ്യവും അദ്വൈതചിന്തയും മറ്റ് സാരോപദേശങ്ങളും  ലളിതമായി പ്രദിപാദിക്കുന്നു.

ഡൗണ്‍ലോഡ്‌ ചെയ്യൂ

[audio:http://audio.sreyas.in/chattampiswami/pillathalolippu.mp3]

ബ്രഹ്മമേ, സത്യം കിളിയേ,- കുട്ടീ,
എന്‍മകനേ, നിന്‍ പിതാവും;

നന്മുല നിത്യം നിനക്കു – നല്‍കും
അമ്മയും, ആ സ്വാമി തന്നെ,

നിന്‍ മുതലും അവന്‍ തന്നെ – അപ്പാ
ഞങ്ങള്‍ക്കവന്‍ തന്നെ രക്ഷ.

ഇമ്മഹി വാമ്പും, മറ്റെല്ല‍ാം – അവന്‍-
നിര്‍മ്മിച്ച തമ്പുരാനല്ലോ.

എന്നോമനേ, അവന്‍തന്നെ – നിന്നെ-
തന്നതെനിക്കെന്നരുമേ,

വന്ദിച്ചികൊള്‍കിലവനെ – മുത്തേ,
വന്നിടും വേണ്ടുന്ന ഭാഗ്യം.

തങ്കമ്മേ, എന്റെ കിടാവേ, – തത്തേ,
സങ്കടവന്‍കടല്‍ താണ്ടാന്‍;

ശങ്കരന്‍ തന്‍ കൃപാതോണി – എന്നു-
നിന്‍ കരളില്‍ നീ ധരിക്ക.

ആയതില്ലതായാലാരാ – യാലും
മായാസമുദ്രത്തില്‍ മുങ്ങി;

നായിനെപ്പോലെ അലയും – അഹോ!
പേയിനെപോലെ തിരിയും.

തേനേ, കുയിലേ, എന്‍കുട്ടീ, – ദൈവം
താനെ പ്രസാദിക്കും നിന്നില്‍.

ഞാനതിനുള്ള വഴിയേ – ചൊല്ല‍ാം
ദീനനായ് നീ കരയല്ലെ.

മുട്ടുകുത്തും പ്രായം വിട്ടാല്‍ – പിന്നെ
ദുഷ്ടക്കൂട്ടത്തില്‍ കൂടാതെ

കഷ്ടപ്രവൃത്തി ചെയ്യാതെ – സത്യം-
വിട്ടുനടക്കാതെ തെല്ലും.

കൊല്ലാതെറുമ്പിനെക്കൂടി – കുഞ്ഞ്
തല്ലാതെ പട്ടിയെക്കൂടി.

എല്ലാറ്റിലും ബ്രഹ്മമുണ്ട് – അവ-
നല്ലയോ, ദ്രോഹങ്ങള്‍ പാര്‍ത്താല്‍.

മറ്റൊരു പ്രാണിക്കു ദുഃഖം – തെല്ലും-
പറ്റാതവണ്ണം നടന്നാല്‍,

കുറ്റം നിനക്കില്ലതാനും – കുഞ്ഞേ,
തെറ്റെന്ന് ദൈവം തുണയ്ക്കും.

ധര്‍മ്മശാസ്ത്രത്തിന്റെ സാരം – എല്ല‍ാം
ഇമ്മൊഴി തന്നിലൊടുങ്ങി.

പൊന്മകനേ, വിസ്തരിപ്പാന്‍ – ഇപ്പോള്‍
അമ്മയ്ക്കിടയില്ല തെല്ലും.

തത്ത്വമെല്ല‍ാം അറിയേണം – എന്നാല്‍
നിത്യം നീ വിദ്യ പഠിക്ക.

തത്ര സകലം ഗ്രഹിക്ക‍ാം – തങ്കം,
വിദ്യയാല്‍, ആയതുകാലം.

അപ്പാ, നീ വിദ്യപഠിച്ചി –ല്ലെങ്കില്‍
കുപ്പയ്ക്കു തുല്യം നീ കുഞ്ഞേ,

കുപ്പായം തൊപ്പിയും ഒന്നും – അല്ല
ഇപ്പാരില്‍ ഭൂഷണം; “വിദ്യ”

ഇന്നി ഉറങ്ങുക ഉണ്ണീ, – വേഗം
ഉണ്ണീ, കരയാതെ ഇന്ന്.

നിന്നെ നിധിയായിതന്ന – ദൈവം-
തന്നെ, ഭജിക്കുവാന്‍ വൈകി.

അപ്പാ, നീ വേഗം ഉറങ്ങി – എന്നാല്‍-
അപ്പവും പാലും പഴവും;

അപ്പരമാത്മാവ‍ാം ദൈവം – തവ
സ്വപ്നത്തില്‍ നല്‍കും നിനക്ക്.

പേശേ, അരുമേ, എന്‍കുഞ്ഞേ, – ഇത്
ആശപ്പെടുത്തുകയല്ല.

ഈശന്റെ കാരുണ്യമുണ്ട‍ാം – നമ്മില്‍
ആശുകിടന്നുറങ്ങുണ്ണീ,

“പൂരണാനന്ദമേ, ദേവാ –ജഗത്-
ക്കാരണാ, ഉണ്ണിക്കുള്ളിഷ്ടം.

പൂരിച്ചുകൊള്ളണെ സ്വാമീ – ഇനി
പാരാതുറങ്ങ് – ഉറങ്ങുണ്ണീ,

ആശ്ചര്യമേറും കഥയെ – ചൊല്ല‍ാം
ആയതു കേട്ടുറങ്ങുണ്ണീ,

ആനന്ദമുണ്ട‍ാം അതിനെ – കേട്ടാല്‍
ആര്‍ക്കും അതിനില്ല വാദം.

ഓമനേ, എന്റെ അരുമേ, – മഹാ-
കേമനായുണ്ടൊരു ദൈവം;

സോമ സൂര്യാദിയ‍ാം ലോകം – എല്ല‍ാം
ആ മഹാന്‍ സൃഷ്ടിച്ചതല്ലോ.

എന്നിലും നിന്നിലും ഉണ്ട് – അവന്‍
മന്നിലും വിണ്ണിലും ഉണ്ട്.

എന്നല്ല, എങ്ങും നിറഞ്ഞോന്‍ – അവന്‍
എന്നാലും കാണില്ല ആരും.

ആരെയും കാണുമവന്‍ എ – ന്നുണ്ണീ,
നേരാണിതെന്നുടെ കുഞ്ഞാ.

പാരം പ്രസാദം അവന്നു – വന്നാല്‍
പാരാതെ മോക്ഷം ലഭിക്കും.

ചെല്ലമേ, തങ്കമേ, ഉണ്ണീ, – അവന്‍
എല്ലാറ്റിലും വലിയോനും;

എല്ലാറ്റിലും ചെറിയോനും – ഉണ്ണീ,
അല്ലയോ വ്സ്മയം പാര്‍ത്താല്‍

കാതുകൂടാതവന്‍ കേള്‍ക്കും – ഉണ്ണീ-
കണ്ണുകൂടാതവന്‍ കാണും;

കാലുകൂടാതവന്‍ ഉണ്ണീ, – ഏക-
കാലത്തില്‍ എങ്ങുമേ എത്തും.

നാസിക കൂടാതെ ഉണ്ണീ, – അവന്‍
വാസനയൊക്കെ ഗ്രഹിക്കും;

നാവുകൂടാതെ വചിക്കും – അവ-
ന്നാ – വതില്ലാത്തതി – ല്ലൊന്നും.

കൈകള്‍ കൂടാതവന്‍ ചെയ്യും – ഉണ്ണീ,
കൈകാര്യം വേണ്ടുന്നതൊക്കെ.

കൈതൊഴാറായി അവനെ – വൈകി
കൈതവം അല്ലുറങ്ങുണ്ണീ,

കണ്ണടച്ചീടുകിലുണ്ണീ, – അവന്‍
വെണ്ണയും പാലും പഴവും;

തിണ്ണം നിനക്കുതന്നീടും – തിന്നാന്‍-
ഉണ്ണീ, ഉറങ്ങുറങ്ങുണ്ണീ,

അമ്മയും പ്രാര്‍ത്ഥിച്ചുകൊള്ള‍ാം – അതി-
നെന്‍മകനേ, നീ ഉറങ്ങ്.

“ബ്രഹ്മമേ, ഉണ്ണിക്കു നല്‍കീ – ടിഷ്ടം”
എന്‍മൊഴികേട്ടുറങ്ങുണ്ണീ.

-ശുഭം-