
കാഷായമില്ലിഹ, കമണ്ഡലുവില്ല, മറ്റു-
വേഷാദിയാല്‍ പ്രകടമാം യമിഭാവമില്ല
ആര്‍ഷാദിയാണു മുനിഭൂഷണമെന്നുകാട്ടും
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം
കാഷായമില്ല = കാഷായവസ്ത്രം അണിഞ്ഞിട്ടില്ല.
കമണ്ഡലുവില്ല = ജലപാത്രവുമില്ല. കമണ്ഡലു = സന്യാസിമാരുടെ ജലപാത്രം.
മറ്റു വേഷാദിയാല്‍ പ്രകടമാം = മറ്റു വേഷാദികള്‍കൊണ്ടു പ്രകടമാക്കപ്പെടുന്ന.
യമിഭാവമില്ല = യമിയുടെ ഭാവവുമില്ല. യമി = ഇന്ദ്രിയ നിഗ്രഹം സാധിച്ചവന്‍ (സംന്യാസി)
ആര്‍ഷാദിയാണ് = ആര്‍ഷം, ദൈവം, പൗരുഷം മുതലായവയാണ്.
മുനിഭൂഷണം = മുനിമാര്‍ക്ക് ഭൂഷണമായിട്ടുള്ളത്.
എന്നു കാട്ടും = എന്നു കാണിച്ചു തരുന്ന.
ആര്‍ഷം, ദൈവം, പൗരുഷം എന്ന് തത്വജ്ഞാനം മൂന്നുതരത്തിലുണ്ട്.’തത്വജ്ഞാനം ത്രിവിധം ഭേദാദ്ദൈവാര്‍ഷ പൗരുഷത്വസ്യ’ എന്ന് അദ്വൈതാമൃത മഞ്ജരി. ദേവന്‍മാരുടെ അനുഗ്രഹം മൂലം ലഭിക്കുന്ന തത്വജ്ഞാനമാണ് ദൈവം. ഗുരുനാഥന്മാരില്‍ നിന്നും, ശാസ്ത്രാഭ്യാസനത്തില്‍ നിന്നും ലഭിക്കുന്ന തത്വജ്ഞാനം പൗരുഷം. യോഗീശ്വരന്മാരുടെ സമാധിയില്‍ നിന്നുണ്ടാകുന്ന ബുദ്ധിയുടെ ചൈതന്യ വിശേഷത്താല്‍ സിദ്ധിക്കുന്ന തത്വജ്ഞാനം ആര്‍ഷവും. ഇതിന് പ്രാതിഭം എന്നും പേരുണ്ട്. പ്രാതിഭജ്ഞാനം സര്‍വജ്ഞതയ്ക്ക് കാരണമാകും. ‘പ്രതിഭത്വാദ് സര്‍വം’ എന്ന് പതഞ്ജലി എടുത്തു പറയുന്നത് അതുകൊണ്ടാണ്. മിക്ക സന്യാസിമാര്‍ക്കും പൗരുഷജ്ഞാനമാണുണ്ടാകുക. ചട്ടമ്പി സ്വാമികള്‍ക്കുണ്ടായിരുന്നത് ആര്‍ഷജ്ഞാനമാണ്. തന്മൂലമാണ് അദ്ദേഹം സര്‍വ്വജ്ഞനായിത്തീര്‍ന്നതും. ‘സര്‍വജ്ഞഃ’എന്നു ശ്രീ നാരായണഗുരു വിശേഷിപ്പിച്ചിരിക്കുന്നത് ഓര്‍ക്കുക.
കായത്തില്‍ കാഷായവും, കയ്യില്‍ കമണ്ഡലുവുമായി യമിഭാവത്തില്‍ നടക്കുന്നതല്ല സംന്യാസമെന്നും ആര്‍ഷാദികളായ തത്വജ്ഞാനലബ്ദിയാണ് സംന്യാസിക്കുണ്ടായിരിക്കേണ്ടതെന്നും സ്വാമികള്‍ തെളിയിച്ചു. ബാഹ്യമായ സംന്യാസവേഷമല്ല, ആന്തരമായ തത്വജ്ഞാനമായിരുന്നു സ്വാമികളുടെ സംന്യാസിത്വത്തിന്‍റെ അടിത്തറയെന്നു സാരം.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.] ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal