ചിന്‍മുദ്രയും വിവേകാനന്ദനും -ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-18

October 15, 2012 ലേഖനങ്ങള്‍,ശ്രീ വിദ്യാധിരാജ സുപ്രഭാതം

വന്ദിച്ചണഞ്ഞമുനിനായകനാം വിവേകാ-
നന്ദന്നു സംശയ നിവൃത്തിവരുത്തുവാനായ്
ചിന്‍മുദ്രകാട്ടി വഴിപോല്‍ വിശദീകരിച്ച
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം.

ചിന്‍മുദ്ര പിടിക്കുമ്പോള്‍ അതു് ആത്മസാക്ഷാത്കാരത്തിനു് എങ്ങനെ പ്രയോജകീഭവിക്കുന്നു എന്നൊരു സംശയം ശ്രീ വിവേകാനന്ദസ്വാമികള്‍ക്കുണ്ടായിരുന്നു. കണ്ണില്‍ക്കണ്ട സര്‍വസന്യാസി ശ്രേഷ്ഠന്‍മാരോടും അദ്ദേഹം അതിനെപ്പറ്റി ചര്‍ച്ച ചെയ്തിട്ടുമുണ്ടു്. തൃപ്തികരമായ സമാധാനം ആരില്‍നിന്നും കിട്ടിയില്ല. വിവേകാനന്ദന്‍ കേരളത്തില്‍ വന്നു് എറണാകുളത്തു് ചന്തുലാലിന്റെ (കൊച്ചിയിലെ ഏ. എസ്. പി.) വീട്ടില്‍ വിശ്രമിക്കുന്ന കാലത്തു് ശ്രീ ചട്ടമ്പിസ്വാമികളുമായി പരിചയിക്കാനിടയായി. ചിന്‍മുദ്രയെപ്പറ്റിയുള്ള ചോദ്യം അപ്പൊഴും ആവര്‍ത്തിക്കപ്പെട്ടു. സ്വാമികള്‍ , അന്നുവരെ പ്രകാശിതമായിട്ടില്ലാത്ത ഏതോ ഉപനിഷത്തില്‍ നിന്നും ചില ശ്ലോകങ്ങളുദ്ധരിച്ചു് വ്യാഖ്യാനിച്ചു കേള്‍പ്പിച്ചു. അതിന്റെ പശ്ചാത്തലത്തില്‍ വിവേകാനന്ദനെക്കൊണ്ടു് ചിന്മുദ്ര പിടിപ്പിച്ചു. അപ്പൊഴാണു് അതിന്റെ അനുഭൂതി വിവേകാനന്ദനു ബോദ്ധ്യമായതും, അദ്ദേഹത്തിന്റെ സംശയങ്ങള്‍ മാറിയതും. ഈ സംഭവം നടക്കുന്നതു് 1892- ല്‍ ആണു്. അതായതു് ചട്ടമ്പിസ്വാമികളുടെ സമാധിയ്ക്കു് മുപ്പത്തിരണ്ടു് (32) കൊല്ലം മുമ്പു്.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]

Leave a Reply

Your email address will not be published. Required fields are marked *

fourteen − four =