ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ചില കവിതാശകലങ്ങള്‍

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ചില കവിതാശകലങ്ങള്‍

കൂട്ടുകവിത

ചട്ടമ്പിസ്വാമികളും പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരും ചേര്‍ന്ന് ഈരണ്ടു വരി വീതം പൂരിപ്പിച്ച ചില പദ്യങ്ങള്‍

ചട്ടമ്പിസ്വാമികള്‍

പ്രാണന്‍ ഭവാനരിയകണ്മണിയും ഭവാനെ –
ന്നാണുങ്ങളോടു പലരോടുമഹോ കഥിച്ചു,

പെരുന്നെല്ലി

കാണുംധനങ്ങളഖിലം ബത കയ്ക്കലാക്കും
നാണം കുണുങ്ങികളെയെങ്ങനെ വിശ്വസിക്കും!

ചട്ടമ്പിസ്വാമികള്‍

കയ്യുംപിണച്ചു കണവന്നൊടുറങ്ങുമപ്പോള്‍
പയ്യെത്തദീയകരമങ്ങനെ മറ്റിവച്ചു,

പെരുന്നെല്ലി

കയ്യാലതന്നരികില്‍ വന്നൊളിബന്ധുവെക്ക –
ണ്ടയ്യോ! രമിപ്പവരെയെങ്ങനെ വിശ്വസിക്കും !

ചട്ടമ്പിസ്വാമികള്‍

ബഹുഗ്രാവകീര്‍ണ്ണം ബതേദം ഹി റോഡി –
ങ്ങഹസ്സിങ്കലും പോവതത്യന്തകഷ്ടം

പെരുന്നെല്ലി

സഹിക്കാവതോ കൂരിരുട്ടത്തു വെട്ടം
വഹിക്കാതെ പോകുന്ന ദുഃഖം നിനച്ചാല്‍

പെരുന്നെല്ലി

മഹിക്കേവനെന്നാകിലും ജാതനായാല്‍
സഹിക്കാതെയെന്തോന്നു ചെയ്യുന്നിദാനീം

ചട്ടമ്പിസ്വാമികള്‍

വഹിച്ചേ നശിക്കൂ കൃതം കര്‍മമേന്മ
ദഹിക്കും തപസ്സാല്‍ ക്ഷണം തത് കുരുഷ്വ

പെരുന്നെല്ലി

രഹസ്യം തദപ്യാര്യാ! ചൊല്‍കേറെ രമ്യേ
മഹസ്സിങ്കലേതില്‍ മനം ചേര്‍ത്തിടേണ്ടൂ?

ചട്ടമ്പിസ്വാമികള്‍

ബഹിശ്ചോള്ളിലും ഭക്തിയോടെപ്പൊഴും നീ
ഗുഹസ്യാംഘ്രിപദ്മം ഭജിക്കുന്നതേതാന്‍

പെരുന്നെല്ലി

ഗുഹന്‍ താന്‍ കഥംഭൂതനെന്നുള്ളതേതും
മഹാത്മന്‍ ! ന ജാനേ മമ പ്രേമരാശേ!

ചട്ടമ്പിസ്വാമികള്‍

മഹച്ചേദണുത്വം ച സര്‍വം കവിഞ്ഞും
സുഹൃച്ചിത്തപദ്മത്തടങ്ങുന്നതും താന്‍

പെരുന്നെല്ലി

ഇഹ പ്രോക്തമായൊന്നു കേട്ടേനിദാനീ
മഹം തത്കഥം ചെയ്തിടേണ്ടൂ പ്രവീണാ!

ചട്ടമ്പിസ്വാമികള്‍

അഹം വച്മി കേളഞ്ചൃഷീകം ച ജിത്വാ
മുഹുശ്ചാന്തരംഗേ ശുചൗ വേണമോര്‍പ്പാന്‍

കവിതക്കത്ത്

മറ്റൊരിക്കല്‍ ചട്ടമ്പിസ്വാമികള്‍ പെരുന്നെല്ലിക്കയച്ച ഒരു കത്തിലെ മൂന്നു ശ്ലോകങ്ങള്‍:

മാണിക്യമാമലയില്‍ മഞ്ഞുജലക്കുളത്തിന്‍ –
കോണില്‍ക്കുരുത്തുവളരും ചെറുകൈതതന്നില്‍
കാണെക്കൊതിക്ക വിലസുന്ന സുമത്തെ വെല്ലും
കായത്തെയൊന്നു കണികാണ്മതിനെന്നു കിട്ടും!

കപോതമേ ! കല്പകസൂനമേ ! ന –
ല്ലപാരസന്തോഷസമുദ്രമേ ! കേള്‍
കൃപാമൃതച്ചാര്‍ത്തു തുളുമ്പിടും നി –
ന്നപാംഗമോര്‍ത്തിട്ടലിയുന്നു ചിത്തം

ഏറെത്താമസിയാതെ വന്നു തവ മെയ്
കെട്ടിപ്പുണ്‍ന്നെങ്കിലേ നീറീടും
മനമാറുകൊള്ളു സതതം
കൂറുള്ള മാറുള്ള ഹേ

കൊറ്റിനാട്ടു നാരായണ പിള്ള സ്വാമികള്‍ക്കയച്ച രണ്ടു പദ്യങ്ങള്‍

ഓടിച്ചാടിനടന്നുവന്നു മടിയില്‍
ഡിമ്മെന്നിടിക്കുംവിധൗ
കൂടിക്കൂടിവരുന്ന നന്മധുരമാം
ക്ഷീരം നുകര്‍ന്നും മുദാ –
കൂടിത്തള്ളയുമായനാരതമിരു –
ന്നീടും പശുക്കുട്ടി വേര്‍ –
പാടില്‍പ്പെട്ടുഴലുന്നപോലെ വിരഹം
ചേര്‍ക്കുന്നു ദുഃഖാര്‍ണ്ണവേ
ഇന്നുമേട്ടിലെനിക്കുദിച്ചൊരസുഖം
സര്‍വം ഭവദ്ദര്‍ശനം
തന്നാലെന്നിയൊഴിക്കുവാന്‍ പണി തുലോ –
മാകുന്നു വേകുന്നകം
എന്നാലും തവ ദിവ്യരൂപമകമേ
കാണുമ്പൊളല്പം സുഖം
ചേര്‍ന്നാണത്ര ദിനം നയിപ്പതു ഗുരോ
മാം പാഹി നിത്യം മുദാ

ഇവയ്ക്കു ചട്ടമ്പിസ്വാമികളയച്ച മറുപടി

പൊന്നമ്മാ, തങ്കമേയെന്നിരുനയനമണി –
ക്കാതലേ ഭൂതലേയ –
മ്മിന്നിന്‍ കൂട്ടം സ്വരൂപിച്ചൊളിവഴിചിതറും
കോമളംഗാമലാബ്‌ധേ!
കന്നല്‍ക്കും തോലിനല്കും തവ മധുരമൊഴി –
ത്തേനൊഴുക്കിന്മുഖത്തേ –
ക്കെന്നെന്‍ കര്‍ണങ്ങള്‍ രണ്ടും വരുവതിനരുളും
ചന്ദ്രചൂഡന്‍, ന ജാനേ
ശ്രീമാനായും ചിരംജീവികളിലൊരുവനാ
യും ശിവജ്ഞാനിവര്‍ഗ
ക്കോനായും ധീരനായും സുജനഹൃദയമാ –
മാമ്പലിന്നുന്ദുവായും
സീമാതീതാനുകമ്പാമൃതജലനിധിയാ
യും ജനങ്ങള്‍ക്കശേഷം
നേതാവായും ഭവിച്ചിങ്ങുരുതരസുഖിയായ്
വാഴ്ക നീ വാഴ്കയെന്നും

മറ്റു ചില ശ്ലോകങ്ങള്‍

മേലേ മേലേ പയോധൗ തിരനിരയതുപോല്‍
ഗദ്യപദ്യങ്ങളോര്‍ക്കും
കാലേ, കാലേ ഭവിപ്പാന്‍ ജഗമതിലൊളിവായ്
ചിന്നിടും തേന്‍ കുഴമ്പേ!
ബാലേ ! ബാലേ ! മനോജ്ഞേ ! പരിമൃദുലതനോ !
യോഗിമാര്‍ നിത്യമുണ്ണും –
പാലേ ! ലീലേ ! വസിക്കെന്മനസി സുകൃത –
സന്താനവല്ലീ ! സുചില്ലീ !
ചാലേ നാലഞ്ചുലോലപ്രസവശരമെടു –
ത്തംഗജന്മാവടുത്താല്‍
പാലഞ്ചും വാണിമാര്‍ തന്മുലമലമുകളില്‍
ചെന്നൊളിക്കാം കളിക്കാം;
കാലന്‍ കാളുന്ന കാളായസമുസലവുമാ –
യാഞ്ഞടുക്കുന്നതാമ –
ക്കാലം സ്ത്രീതന്റെ കൊങ്കത്തടവുമധരവും
കണ്ടിരിക്കാം, രമിക്കാം
എല്ലാറ്റിന്നുമതീതമെങ്കിലുമേതാണെല്ലാറ്റിനും സൂക്ഷ്മമ –
ങ്ങെല്ലാഭക്തജനാശയത്തിലുമമര്‍ന്നീടാത്തതല്ലാത്തതും
ചൊല്ലല്ലാത്തൊരു ചൊല്ലിനാലെതിനെയാെണല്ലാ മഹാന്മാരുമ
ത്യുല്ലാസത്തൊടുകണ്ടിടുന്നതതുതാന്‍ കല്യാണമെല്ലാം തരും.

ചട്ടമ്പിസ്വാമികളെഴുതിയ ഒരു ഗാനം

പന്തുവാരാളി – ആദി
പല്ലവി

സ്മര രേ! ശ്രീശങ്കരമഖിലസുരേശം (സ്മര രേ)

അനുപല്ലവി

മാ കുരു മാ കുരു മൂഢചാപല്യം ത്യക്ത്വാസംഗം
തത്ത്വാതീതം
(സ്മര രേ)

ചരണം

യമിനാം മനപദ്മവിരാജിതഹംസം
ധൃതചന്ദ്രോത്തംസം – മാനിന്യാ –
ശോഭിതശുഭസവ്യാംഗം
ഭവപാപവിഭംഗം – ഗിരിജാലോലം
സദാനന്ദമീശം – ചിത്പുരുഷഗഗനനടേശം
(സ്മര രേ)

മറ്റൊരു ഗാനം

തിരുപ്പുകള്‍
മലരണികൊണ്ടപ്പെരുക്കിലും
കമലമുകുളകൊങ്കക്കുലുക്കിലും
മധുവിലുപരിയന്‍പുറ്റുരപ്പിലും
മനമിളകാതെ …………………………….
അതിസുകൃതത്തൊണ്ടെടുത്ത യോഗിക –
ളകതളിരില്‍ കണ്ടുറച്ച മാനസ –
തരസുഖനൃത്തം കളിയുമംഘ്രിക –
ളരുളേണം ……….

ചെമ്മീനുപ്പുള്ളികാന്താരി
മുളകുംപുളിയുംസമം
ഇവചേര്‍ത്തുള്ള ചമ്മന്തി
ബ്രാഹ്മണര്‍ക്കും ഭുജിച്ചിടാം.