ചിത്താദികള്‍ക്കുമറിയാനരുതാത്തതാകും
ചിത്തായ നിത്യവിയദുജ്ജ്വലഫാലഭൂവില്‍
പ്രത്യക്ഷമാം ദ്യുമണിതന്‍ മണിബിംബമായ
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം.
ചിത്താദികള്‍ക്കും = മനസ്സു്, വാക്കു്, പ്രവൃത്തി എന്നിത്യാദികള്‍ക്കുപോലും.
അറിവാന്‍ കഴിയാത്തതാകും = അറിയാന്‍ കഴിയാത്തതായ.
മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ, അറിയാന്‍ കഴിയാത്തതായ.
ചിത്തായ നിത്യവിയദുജ്ജ്വല ഫാലഭൂവില്‍ = ചിത്താകുന്ന (ജ്ഞാനമാകുന്ന) നിത്യവിയത്തിന്റെ (നിത്യാകാശത്തിന്റെ) ഉജ്ജ്വലമായ (ജ്വലിക്കുന്ന) ഫാലഭൂവില്‍ (നെറ്റിത്തടത്തില്‍ ) -ജ്ഞാനാകാശത്തില്‍ .
പ്രത്യക്ഷമാം = പ്രത്യക്ഷമയിക്കാണുന്ന.
ദ്യുമണിതന്‍ മണിബിംബം = സൂര്യബിംബം.
ദ്യുമണി = സൂര്യന്‍ .
മണിബിംബം = മനോഹരമായ ബിംബം.
ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ പൂര്‍ണ്ണമായി അറിയാന്‍ കഴിയാത്ത ജ്ഞാനമാകുന്ന ആകാശദേശത്തു് പ്രത്യക്ഷമായിക്കാണുന്ന സൂര്യബിംബംമാണു് സ്വാമികള്‍ എന്നുസാരം. സൂര്യന്‍ എന്ന പരാമര്‍ശംകൊണ്ടു് സ്വാമി തിരുവടികളുടെ പാണ്ഡിത്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. – www.chattampiswami.com ]