ചെളിയില്‍ കുരുത്ത ചെന്താമരപ്പൂവ് സുഗന്ധവാഹിയായി വിടര്‍ന്നുല്ലസിക്കുന്നതുപോലെ ദാരിദ്ര്യത്തില്‍ ജനിച്ച സ്വാമികള്‍ സദ്യോ മുക്തിയുടെ പൂങ്കുലയായി പരിലസിച്ചു എന്നു സാരം.

പങ്കേരുഹപ്പടി – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം-5

പങ്കത്തില്‍നിന്നതിസുഗന്ധമിയന്നുപൊങ്ങും
പങ്കേരുഹപ്പടി, ദരിദ്രതയിങ്കല്‍ നിന്നും
സദ്യോവിമുക്തിയുടെ പൂങ്കുലയായ് വിടര്‍ന്ന
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം

പങ്കത്തില്‍ നിന്ന് = ചെളിയില്‍ നിന്നും.

അതിസുഗന്ധമിയന്നുപൊങ്ങും = അത്യന്തം സുഗന്ധത്തോടുകൂടി ഉയര്‍ന്നുവരുന്ന.

പങ്കേരുഹപ്പടി = ചെന്താമരപ്പൂ എന്നപോലെ.

സദ്യോവിമുക്തി = പെട്ടെന്നുള്ള മോക്ഷസിദ്ധി.

ചെളിയില്‍ കുരുത്ത ചെന്താമരപ്പൂവ് സുഗന്ധവാഹിയായി വിടര്‍ന്നുല്ലസിക്കുന്നതുപോലെ ദാരിദ്ര്യത്തില്‍ ജനിച്ച സ്വാമികള്‍ സദ്യോ മുക്തിയുടെ പൂങ്കുലയായി പരിലസിച്ചു എന്നു സാരം.

ക്രമമുക്തിയെന്നും, സദ്യോമുക്തിയെന്നും മുക്തി രണ്ടു തരത്തിലുണ്ട്. യമം, നിയമം, ആസനം, പ്രാണായാമം തുടങ്ങിയ അനുഷ്ഠാനങ്ങള്‍, തപസ്സ് എന്നിവയിലൂടെ പല ജന്മങ്ങള്‍കൊണ്ട് നേടുന്ന മുക്തിക്കാണ് ക്രമമുക്തിയെന്നു പറയുന്നത്. ഒരു ജവിതംകൊണ്ടുതന്നെ അനായാസമായി ജീവന്മുക്തനാകുന്ന അവസ്ഥ സദ്യോമുക്തിയും.

ശ്രീ ചട്ടമ്പിസ്വാമികളുടെ സമാധിയെക്കുറിച്ച് ശ്രീ നാരായണഗുരു രചിച്ച അനുസ്മരണ ശ്ലോകദ്വയത്തില്‍ ശുകവര്‍ത്മനാ എന്ന പദപ്രയോഗത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]