വേദാന്ത ദാന്തവനകേസരി, തത്വചിന്താ-
ഭേദാരവിന്ദഗതരാജിത രാജഹംസം,
ആദേയസര്‍വമത സാരദ പാരിജാതം,
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം.
വേദാന്തദാന്തവനകേസരി=വേദാന്തമാകുന്ന ദാന്തവനത്തിലെ കേസരി.
ദാന്ത=ഇണങ്ങിയ.
കേസരി=സിംഹം.
വേദാന്തമാകുന്ന ഇണങ്ങിയ വനത്തിലെ സിംഹമെന്നര്‍ത്ഥം. സിംഹം വനരാജനാണ്. സ്വാമികള്‍ വേദാന്തവനത്തിനു രാജനാണെന്നു ധ്വനിപ്പിക്കപ്പെട്ടിരിക്കുന്നു. വേദാന്തം അവിടുത്തേയ്ക്ക് ഇണങ്ങിയ വിഷയവുമാണല്ലോ. വേദാന്തത്തെ വനമായി രൂപണം ചെയ്തിരിക്കുന്നു.
തത്വചിന്താഭേദാരവിന്ദഗത രാജിതരാജഹംസം = തത്വചിന്താഭേദങ്ങളാകുന്ന അരവിന്ദങ്ങളില്‍ (താമരപ്പൂക്കളില്‍ ) ഗതനായിരുന്ന (ഗമിച്ചിരുന്ന) രാജഹംസം.
ഹംസം താമരപ്പൂക്കളില്‍ഗമിച്ച് അതിന്റെ സാരസര്‍വസ്വമായ മധുനുകര്‍ന്നുല്ലസിക്കുന്നു.അതുപോലെ തത്വചിന്താഭേദങ്ങളാകുന്ന താമരപ്പൂക്കളില്‍ ഗമിച്ച് സ്വാമികള്‍ അവയുടെ സാരം ഗ്രഹിച്ചു രസിച്ചു എന്നര്‍ത്ഥം. സാംഖ്യം, ബൗദ്ധം, വൈശേഷികം, വേദാന്തം എന്നീ ഹിന്ദു മത തത്വചിന്തകളിലും, ക്രിസ്തുമതം, മുഹമ്മദുമതം തുടങ്ങിയ ഇതര മതതത്വശാസ്ത്രങ്ങളിലും നിഷ്ണാതനായിരുന്നല്ലോ സ്വാമികള്‍ .
ആദേയസര്‍വമതസാരദ പാരിജാതം=ആദേയമായ (സ്വീകരിക്കപ്പെടത്തക്കതായ) സര്‍വ്വമതങ്ങളുടെയും, സാരാംശങ്ങളെ ദാനം ചെയ്യുന്ന പാരിജാതം (കല്പവൃക്ഷം).
കല്പവൃക്ഷത്തോട് എന്തു ചോദിച്ചാലും ഉടനെ ലഭിക്കും. അതുപോലെ ഏതു മതത്തിന്റെ സാരാംശങ്ങളെക്കുറിച്ചു ചോദിച്ചാലും സ്വാമികളില്‍നിന്നും ഉടനെ ഉത്തരം കിട്ടുമെന്നു ധ്വനി. ക്രിസ്തുമതസാരാദികളായ ഗ്രന്ഥങ്ങളെക്കുറിച്ച് ഇവിടെ സ്മരിക്കാം.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]