തുംഗാനുഭാവനഗജാരമണന്‍, ധരിത്രീ-
രംഗാവനായ നിഗമം സകലാര്‍ഹമാക്കാന്‍
നങ്കാഖ്യമാതൃ ജഠരാദവതാരമാര്‍ന്ന
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം
ശ്ലോകം നാലില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ ശിവാവതാരമാണെന്നു പറയുന്നു.
തുംഗാനുഭാവന്‍ = മഹാനുഭാവന്‍.
അഗജാരമണന്‍ = അഗജയുടെ (ശ്രീപാര്‍വതിയുടെ) രമണന്‍ (ഭര്‍ത്താവ്) – ശ്രീ പരമേശ്വരന്‍.
അഗജ = അഗത്തിന് (പര്‍വതത്തിന്) ജനിച്ചവള്‍ – ശ്രീ പാര്‍വതി.
ധരിത്രീ രംഗാവനായ = ധരിത്രീരംഗത്തിന്‍റെ (ഭൂമിയുടെ) അവനത്തിന് (രക്ഷയ്ക്ക്) ആയിക്കൊണ്ട്.
നിഗമം = വേദം.
സകലാര്‍ഹമാക്കാന്‍ = എല്ലാ ആളുകള്‍ക്കും അര്‍ഹതയുള്ളതാക്കിത്തീര്‍ക്കാന്‍
നങ്കാഖ്യമാതൃജഠരാദ് = നങ്ക അഥവ നങ്ങമ്മപ്പിള്ള എന്ന മാതാവിന്‍റെ വയറ്റില്‍ നിന്നും.
അവതാരമാര്‍ന്ന = അവതരിച്ച.
ലോകക്ഷേമത്തിനുവേണ്ടി വേദം സാര്‍വജനിനമാക്കിത്തീര്‍ക്കാന്‍ ശ്രീ പരമേശ്വരന്‍ നങ്ങമ്മപിള്ളയുടെ ഗര്‍ഭത്തില്‍ അവതരിച്ചതാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ എന്നാണ് കവി അഭിപ്രായപ്പെടുന്നത്. നങ്ക അഥവാ നങ്ങമ്മപിള്ളയെന്നത് സ്വാമികളുടെ മാതാവിന്‍റെ പേരാണ്.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]