
വിദ്യാവിഭൂതി, വിവിധ ശ്രുതിസാരശാസ്ത്ര
വിദ്യാദികള്‍ക്കു വരമാം വിളഭൂമിയായി
വിദ്യോതമാന യശസാ പരിദീപ്തനായ
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം
വിദ്യാവിഭൂതി = സര്‍വ വിദ്യകളിലുമുള്ള ഐശ്വര്യം.
‘ഐശ്വര്യ’മെന്നതിന് ‘ഈശ്വരസ്വഭാവം’ എന്നാണ് ഇവിടെ അര്‍ത്ഥം. ‘ഈശ ഐശ്വര്യേ’ എന്നു ധാധുപാഠം. ഈശിത്വം നേടിയവരില്‍ വരന്‍ എന്നും ഈശ്വര ശബ്ദത്തിന് അര്‍ത്ഥം പറയാം. എന്തിനേയും തന്നിലേയ്ക്ക് നിയന്ത്രിച്ചു നിര്‍ത്താനുള്ള ശക്തിക്കാണ് ഈശിത്വം എന്നുപറയുന്നത്. സര്‍വ വിദ്യകളേയും തന്നില്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവ് ശ്രീ ചട്ടമ്പിസ്വാമികള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് ‘വിദ്യാവിഭൂതി’എന്ന പ്രയോഗംകൊണ്ട് കവി ഇവിടെ സൂചിപ്പിക്കുന്നത്.
വിവിധശ്രുതിസാരം = പലതരത്തിലുള്ള വേദങ്ങള്‍ – ചതുര്‍വേദങ്ങള്‍.
ശാസ്ത്രവിദ്യ = ശാസ്ത്രജ്ഞാനം.
വിളഭൂമി = വിള നിലം. സര്‍വവേദങ്ങളിലും സര്‍വശാസ്ത്രങ്ങളിലും അസാധാരണ വൈദുഷ്യമുള്ള ആളായിരുന്നു സ്വാമികള്‍ എന്നു സാരം.
വിദ്യോതമാനയശസാ = പ്രകാശപൂര്‍ണ്ണമായ യശ്ശസ്സോടുകൂടി.
പരിദീപ്തനായ = തിളങ്ങുന്നവനായ.
സര്‍വവിദ്യകളിലും സര്‍വവേദങ്ങളിലും സര്‍വശാസ്ത്രങ്ങളിലും നിഷ്ണാതനും യശസ്വിയുമായ ശ്രീവിദ്യാധിരാജ ഭഗവാന് സുപ്രഭാതം നേരുന്നു എന്നു ചുരുക്കം.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal