Nijanandavilasam - Sree Chattampi Swamikal

അവസ്ഥാത്രയ ശോധനാസമ്പ്രദായ പ്രകരണം (1)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ നിജാനന്ദവിലാസത്തില്‍ നിന്ന്

ശിഷ്യന്‍: സര്‍വ്വജ്ഞകരുണാമൂര്‍ത്തിയായും പരമഗുരുവായും പ്രകാശിക്കുന്ന പ്രാണനാഥ! അടിയന് പരമഗതി അടയാനുള്ള മാര്‍ഗ്ഗത്തെ ലളിതമായി മനസ്സിന് ധരിക്കത്തക്കവിധത്തില്‍ ഉപദേശിച്ചരുളേണമേ!

ആചാര്യന്‍: ജീവന്‍ ദേഹേന്ദ്രിയാന്തഃകരണങ്ങളേയും അവയില്‍ അവസ്ഥാത്രയങ്ങളേയും അവറ്റില്‍ പ്രതിബിംബിച്ച ചൈതന്യത്തേയും ഇവറ്റിന്നധിഷ്ഠനമായ അസംഗോദാസീന നിത്യശുദ്ധമുക്ത പരിപൂര്‍ണ്ണ കൂടസ്ഥ ബ്രഹ്മചൈതന്യത്തെയും വിവേകാഭാവഹേതുവായിട്ട്, സ്വയം വെണ്‍മയായ സ്ഫടികം ജവാകുസുമസന്നിധിവശാല്‍ രക്തസ്ഫടികമെന്ന് കാണപ്പെടുംപോലെ, ഞാന്‍ എന്റേത് എന്ന് തിരിച്ച് വിപരീതമായി കണ്ടുകൊള്ളുന്നതിനെ തള്ളി ഉള്ളപ്രകരാം പരമാത്മാവായി തന്നെ ദര്‍ശിച്ചാല്‍, അതു തന്നെയാകുന്നു പരമഗതി.

ശിഷ്യന്‍: സ്വാമിന്‍, വെണ്‍മയായ ഒരു വസ്ത്രത്തില്‍ നിജമായിട്ട് കറുപ്പ് മുതലായ ഭേദമാകുന്ന അഴുക്ക് പറ്റിയാല്‍ അതിനെ മറ്റൊരു ക്രിയാതന്ത്രത്താല്‍ എടുത്തു മാറ്റാം. സ്ഫടികത്തില്‍ ഇല്ലാതെ തോന്നി അഭേദമായി കലര്‍ന്നു നിന്ന രക്തവര്‍ണ്ണമെന്നതുപോലെ ഛേദിക്കാന്‍ പാടില്ലാതെ ഇരിക്കുന്നതിനെ എങ്ങനെ പിരിച്ചുകൂടും?

ആചാര്യന്‍: അപ്രകാരം ഇല്ലാതിരുന്നാലും ദേഹേന്ദ്രിയാന്തഃകരണത്തെചിദാഭാസകൂടസ്ഥ മുതലായവറ്റിന്‍ വിവേകാനുഭൂതിയാല്‍ പിരിച്ചെടുക്കാം.

ശിഷ്യന്‍: ആ വിവേകാനുഭൂതി എപ്രകാരമുള്ളതാകുന്നു?

ആചാര്യന്‍: ദേഹം, ഇന്ദ്രിയം, അന്തഃകരണം, ജാഗ്രത്ത് സ്വപ്നം സുഷുപ്തി ഇവയില്‍ വിഷയമായ ഭാവാഭാവരൂപമായിരിക്കുന്ന ജഗത്ത്, സര്‍വ്വവും ജഡമാകുന്നു. അവറ്റെ പ്രകാശിപ്പിക്കുന്ന ചിത്ത് ചിദാഭാസനാകുന്നു. അതിനും അധിഷ്ഠാനമായിരിക്കുന്ന ചിത്ത് കൂടസ്ഥ നിത്യബോധമായ പരമാത്മാവാണ്. അവയില്‍ പിരിച്ചെടുത്തുകൂടാത്ത വിധത്തില്‍ കലര്‍ന്നു തോന്നുന്ന ആ തത്ത്വങ്ങളെ പിരിച്ചുനോക്കുന്ന വിചാരം:

ജാഗ്രത്തില്‍ പിരിച്ചു കാണിക്കുന്നു

ഉണങ്ങിയ ഒരു ചാമ്പല്‍ക്കുന്നില്‍ ജലകണസംബന്ധം ഉണ്ടാകുമ്പോള്‍ ആ ചാമ്പലില്‍ എങ്ങിനെ ജലവ്യാപകം (ഈര്‍പ്പം) കാണപ്പെടുന്നുവോ അപ്രകാരം, ജ്ഞാനേന്ദ്രിയ കര്‍മ്മേന്ദ്രിയങ്ങളേടുകൂടിയ ഈ സ്ഥൂലദേഹം ജാഗ്രദവസ്ഥയില്‍ ഭാവാഭാവരൂപമായ ഘടപടാദി പ്രത്യക്ഷജഗത്തായി കാണപ്പെടുമ്പോള്‍, നിര്‍വാതദീപം പോലെ കരണേന്ദ്രിയങ്ങളെ വിക്ഷേപിക്കാതെ ഒരേ നിലയില്‍ നിറുത്തി ശിവപെരുമാന്റെ കരുണയോടുകൂടിയ, പരമഗുരുപ്രസാദത്തോടുകൂടിയ, വിവേകാനുഭൂതിയാല്‍ നോക്കുകില്‍, സപ്തധാതുസമൂഹമായ ദേഹം, രണ്ടുവകയോടുകൂടിയ ഇന്ദ്രിയം, അവറ്റിന്‍ വിഷയമായ ജഗത്ത്, ഇവകളെ അതാതു നാമരൂപങ്ങളോട് ഭിന്നഭിന്നമായി തോന്നിപ്പിച്ച് അവയെ ഉള്ളും വെളിയും വ്യാപിച്ചു പ്രകാശിപ്പിക്കുന്ന തന്നെ ആത്മാവായും അവകളെ ദൃശ്യമായ അനാത്മാവായും അനുഭവിപ്പാറാകും.

ജലസംബന്ധമുള്ള ചാമ്പല്‍ക്കൂട്ടം ഉണങ്ങിയാല്‍ അതില്‍ ജലസ്വഭാവം കാണപ്പെടാതെ ജലാവ്യാപകാഭാവം അനുഭവിക്കപ്പെടും. അപ്പോള്‍ ആ ചാമ്പല്‍ക്കൂട്ടത്തിനും ജലത്തിനും ഉള്ള ഭേദം എപ്രകാരം ഗ്രഹിക്കപ്പെടുന്നുവോ അതുപോലെ, സ്ഥൂലദേഹത്തെ വിട്ട് ജാഗ്രദാദി വ്യവഹാരത്തില്‍ നിന്നു നീങ്ങി ആ ആത്മചൈതന്യം സ്വപ്നദേഹത്തില്‍ പ്രവേശിക്കുമ്പോള്‍, ഇത് സ്ഥൂലദേഹം, ഇത് രണ്ടു വകയോടുകൂടിയ ഇന്ദ്രിയം ഇത് ഭാവാഭാവരൂപമായ ഘടപടാദി ജഗത്ത് എന്നുള്ള ജ്ഞാനം എന്നിങ്ങനെ ഇവകളെ കണ്ട് അനുഭവിക്കുമ്പോള്‍ ദേഹാദികളില്‍ നിന്നു ആത്മചൈതന്യം വേറാകുന്നുവെന്നു പിരിച്ചനുഭവിക്കപ്പെടും.

സ്വപ്നത്തില്‍ പിരിച്ചു കാണിക്കുന്നു

സ്വപ്നാവസ്ഥയില്‍ സൂക്ഷമശരീരത്തില്‍ ഇരുന്നും കൊണ്ട് ആ ആത്മചൈതന്യം പ്രകാശിക്കുമ്പോഴും, അപ്രകാരം തന്നാല്‍ കല്പിക്കപ്പെട്ട തന്റെ ദേഹാദി സകല ജഗത്തിലും വ്യാപിച്ചു പ്രകാശിക്കുമ്പോഴും, മേഘമണ്ഡലം, നക്ഷത്രമണ്ഡലം, ചന്ദ്രമണ്ഡലം ഇവകളില്‍ വ്യാപിച്ചു ഇവയെ പ്രകാശിപ്പിക്കുന്ന ചന്ദ്രജ്യോതിസ്സ് ചെറുത്, വലുത്, വട്ടം മുലായ ആകൃതികളോടുകൂടിയ ആ മേഘാദികളില്‍ നിന്നും അന്യമാകുന്നുവെന്നു അനുഭവിക്കപ്പെടുന്നതുപോലെ, സ്വപ്നത്തില്‍ കണ്ട തന്റെ ദേഹാദി സകല ജഗത്തും സ്വാത്മചൈതന്യവ്യാപകത്തില്‍ ദൃശ്യമായി കാണപ്പെടുകയാല്‍ അവകള്‍ അനാത്മാവെന്നും അവകളില്‍ വ്യാപിച്ചു കണ്ടു തന്നെ അനാത്മവിലക്ഷണ സ്വപ്നദ്രഷ്ടാവായ ആത്മാവെന്നും വിവേകത്താല്‍ നിദാനിച്ചു നോക്കുമ്പോള്‍ അപ്രകാരം തന്നെ അനുഭവത്തില്‍ വരും.

അല്ലാെതയും ഈ ആത്മചൈതന്യവ്യാപകം അവിദ്യയായും സുഷുപ്തിയായും ഇരിക്കുന്ന കാരണശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ മുന്‍പറയപ്പെട്ട സൂക്ഷ്മശരീരവും അതിന്റെ വ്യവഹാരത്തില്‍ കണ്ട സ്വപ്നപ്രഞ്ചവും ഈ ആത്മചൈതന്യവ്യാപകത്തെ വിട്ടു നീങ്ങിയതുകൊണ്ടു താന്താങ്ങളെ ഉള്ള പ്രകാരം ജഡങ്ങളായിട്ട് കല്പിച്ച് കാണത്തക്കവണ്ണം ഭവിക്കും. അതുകൊണ്ടും അവകളില്‍ നിന്നും ആത്മാവു അന്യനാകുന്നുവെന്നുള്ള അനുഭവം വരാം.

സുഷുപ്തിയില്‍ പിരിച്ചു കാണിക്കുന്നു

സുഷുപ്തിയില്‍ അവിദ്യയാകുന്ന കാരണശരീരത്തില്‍ ആത്മചൈതന്യവ്യാപകം പ്രാപിച്ച സമയത്ത് താന്‍ അന്യമാകുന്നു എന്നുള്ള ഭേദകല്‍പന വിട്ട് അഭേദമായിട്ടുപോലും കല്പിച്ചതായി കാണപ്പെടാതെ ശൂന്യം പോലെ പ്രകാശിച്ചുകൊണ്ടിരിക്കും. തദ്ദശയിലും അവന്റെ വിലക്ഷണതയെ കണ്ടനുഭവിയ്ക്കണം.

ശിഷ്യന്‍: ജാഗ്രത്ത്, സ്വപ്നം ഈ രണ്ടവസ്ഥകളിലും സ്ഥൂലസൂക്ഷമങ്ങളാകുന്ന രണ്ടു ശരീരങ്ങളോടും കൂടി സകലജഗത്തും ദൃശ്യമായി കാണപ്പെട്ടതുകൊണ്ട് ഇതു ആത്മവസ്തു, ഇതു അനാത്മവസ്തു എന്നിങ്ങനെ വിവേകിച്ച് അറിയാല്‍ കഴിയും. സുഷുപ്ത്യവസ്ഥയില്‍ ദൃശ്യം, ദ്രഷ്ടാ, ദര്‍ശനം എന്നുള്ള ഭേദം അനുഭവിക്കപ്പെടാത്ത സ്ഥിതിക്കു ആത്മാനാത്മവിവേകാനുഭൂതി എങ്ങനെ ഘടിയ്ക്കും?

ആചാര്യന്‍: ദൃഷ്ടിയില്‍ കാണപ്പെട്ട ഒരു രജ്ജുവെ ഇതെന്ന് സാമാന്യജ്ഞാനത്താല്‍ കുറിക്കുമ്പോള്‍ അതീന്നു വേറായി കല്പന ഹേതുവായിട്ട് തോന്നിയ സര്‍പ്പം ബുദ്ധിവഴിയായി അനുഭവിയ്ക്കപ്പെടുമ്പോള്‍ ഏറിയ ഭയത്തോടുകൂടി ആ കയറ്റിന്മേല്‍ വീണു മൂര്‍ച്ഛ അടഞ്ഞിട്ടും, അപ്പോള്‍ കണ്ണുവഴിയായി കയറ്റിനെപ്പറ്റി ബുദ്ധിയിലുദിച്ച ഇതെന്ന സാമാന്യജ്ഞാനവും ഭ്രാന്തി നിമത്തം രജ്ജുവില്‍ കല്പിക്കപ്പെട്ട ബുദ്ധിയില്‍ വഴിയെ സര്‍പ്പമായി പ്രകാശിച്ച സര്‍പ്പജ്ഞാനവും തമ്മില്‍ ഐക്യപ്പെട്ടു. അപ്പോള്‍ അവ വേറെ ആകുന്നുവെന്നുള്ള വിവേകത്തിനു അവസരമില്ലാതിരുന്നു. എങ്കിലും മൂര്‍ച്ഛ തെളിയുമ്പോള്‍ ഇത്, സര്‍പ്പം എന്ന രണ്ടു ജ്ഞാനവും പ്രത്യക്ഷത്തെ മുന്നിട്ടു മുമ്പിലത്തെപ്പോലെ ബുദ്ധിയിന്‍ വഴിയിലൂടെ രജ്ജുവില്‍ ഉദിക്കയാല്‍ ആ ഉദിച്ച അവസ്ഥയെക്കൊണ്ടു വിവേകിക്കില്‍ ഭേദഭാവന അറും. മൂര്‍ച്ഛയുടെ മുമ്പും പിമ്പും ആയി ഉദിച്ച രണ്ടു ജ്ഞാനത്തില്‍, ഇതെന്ന ജ്ഞാനാനുഭവം വസ്തുതന്ത്രമായ കയറ്റിനെ ചേര്‍ന്ന വിവേകജ്ഞാനമെന്നും, സര്‍പ്പജ്ഞാനം കര്‍ത്തൃതന്ത്രമായ ആരോപിതസര്‍പ്പവിഷയവിവേകജ്ഞാനമെന്നും വിവേകാനുഭൂതി ഉണ്ടാകുമാറുപോലെ, സുഷുപ്തിയില്‍ കാരണശരീരത്തോട് ഐക്യപ്പെട്ട് ഭേദാഭേദകല്പന കൂടാതെ ശുന്യം പോലെ കാണപ്പെട്ട ജ്ഞാനസ്വരൂപമായ ആത്മവ്യാപകം ഉണരുമ്പോള്‍, ഞാന്‍ ഒന്നുമറിയാതെ സുഖമായി ഉറങ്ങിയെന്നുള്ള അനുഭവം ആകട്ടെ, ആ ആത്മാവ് സുഷുപ്തിയില്‍ സ്ഥിതിചെയ്യുമ്പോള്‍ അന്യനാലുണ്ടായ ചില വാക്കുകള്‍ നിമിത്തം ഉണരുന്ന സ്വഭാവമാകട്ടെ, ഇവറ്റെ ശോധിച്ചാല്‍ ആ അവസ്ഥയെ ചേര്‍ന്ന ആത്മവിവേകം ഉദിക്കാവുന്നതാണ്. അതായത് ഉറങ്ങുമ്പോള്‍ ചില ചൊല്ലുകള്‍ കേള്‍ക്കപ്പെടാതെയും ചിലതു കേള്‍ക്കപ്പെട്ടും, അപ്പോള്‍ കരണേന്ദ്രിയങ്ങളെ ഒഴിഞ്ഞു ശൂന്യം പോലെയിരുന്ന ആ ആത്മവ്യാപകം യാതൊരു കല്പനയോടും അഭിമുഖപ്പെടാതെ തെളിവായി ഉദിച്ച്, അനന്തരം മറ്റൊരു ചൊല്ലാല്‍ അതിന്റെ പൊരുളോടുകൂടിയ കല്പനയോടു കൂടുന്ന ആ അവസ്ഥയെ വിവേകത്താല്‍അനുഭവിച്ചു നോക്കുകില്‍ ശൂന്യത്താല്‍ തന്നെ അസത്തുപോലെ കണ്ടുകൊണ്ടുള്ള കുറിപ്പും, ശൂന്യത്തിനു വേറായി കല്പനയോടെതിരിടാതെ ചില ശബ്ദവിശേഷങ്ങളാല്‍ കരണേന്ദ്രിയങ്ങളുടെ സംബന്ധം കൂടാതെ സാമാന്യമായി ഉള്ളില്‍ ഒരു ഉണര്‍വ്വു മാത്രമായി ഉദിച്ചു പ്രകാശിച്ച കുറിപ്പും അനന്തരം ചില ശബ്ദങ്ങളാല്‍ ഉണ്ടായ അതിന്റെ അര്‍ത്ഥമായ കല്പനയോടുംകൂടി പ്രകാശിച്ച കുറിപ്പും നിദാനമായ വിവേകത്തോടുകൂടി അനുഭവിച്ചുനോക്കിയാല്‍ ശൂന്യം പോലുള്ള അസത്സ്വഭാവമാകട്ടെ സാമാന്യമായ ഉണര്‍വ്വിന്റെ കുറിപ്പാകട്ടെ, കല്പനയോടുകൂടിപ്രകാശിച്ചതാകട്ടെ, ഇവറ്റിനും, ഇവകളെ ദൃശ്യമായ അനാത്മവസ്തുക്കളായി പ്രകാശിപ്പിക്കുന്ന ദ്രഷ്ടാവായ ജ്ഞാനസ്വരൂപമായ തനിക്കും തമ്മിലുള്ള ഭേദജ്ഞാനാനുഭൂതി ഉണ്ടാകും.

ആകയാല്‍ ആകാശത്തൊരിടത്തില്‍ പതിവായിരിക്കുന്ന ചന്ദ്രമണ്ഡലം ദൃഷ്ടിചലനഭേദത്തോടുകൂടി നോക്കപ്പെടുമ്പോള്‍ ആ സ്ഥലത്ത് ചന്ദ്രമണ്ഡലം ഇല്ലാത്തതുപോലെയും ഒരു നാലു കോലിനകലമായി രണ്ടു മണ്ഡലമായിട്ട് ഉദിച്ചു പ്രകാശിക്കുന്നതു പോലെയും അവയിലും ദൃഷ്ടിയുടെ ചലനഭേദത്താല്‍ ഒരു മണ്ഡലം കണ്ടും കാണാതെയായും മറ്റൊരു മണ്ഡലം നല്ലപോലെ വട്ടം തികഞ്ഞു പ്രകാശിച്ചും കാണപ്പെടുമ്പോള്‍ അവന്റെ സ്ഥാനത്ത് അവന്റെ ശൂന്യവും മറ്റൊരു സ്ഥലത്ത് മണ്ഡലത്തിന്റെ കുറിപ്പു കൂടാതെയുള്ള അവന്റെ ഉദയവും വേറൊരു സ്ഥലത്ത് മണ്ഡലം തികഞ്ഞ വിശേഷമായ ഉദയവും ഒരു ദൃഷ്ടിയില്‍ കാണപ്പെടുന്നതുപോലെ, കരണേന്ദ്രിയങ്ങള്‍ അടങ്ങി ആത്മാ മാത്രമായി ശേഷിച്ച സ്ഥലത്ത് ശൂന്യം പോലെയുള്ള അവന്റെ അഭാവവും അതില്‍ നിന്ന് ഭേദമായി വിശേഷം കൂടാതെ ഉണര്‍വ്വ് മാത്രമായ സാമാന്യ ഉദയവും സങ്കല്പത്തോടുകൂടിയ വിശേഷ ഉദയവും ഏതു ആത്മചൈതന്യവ്യാപകത്തില്‍ ഭേദിച്ച് കാണപ്പെടുന്നുവോ, ആ ആത്മചൈതന്യ വ്യാപകത്തെ വേറായിട്ടു കണ്ട് അതിനെ വസ്തുതന്ത്രമായ അഹംപദാര്‍ത്ഥമായിട്ട് നിര്‍ണ്ണയമായനുഭവിച്ച്, അവനു ദൃശ്യമായിത്തോന്നിയ ശൂന്യസാമാന്യവിശേഷക്കുറിപ്പുകളെ കര്‍തൃതന്ത്രമായ കല്പിതവസ്തുവായിട്ടും തെളിഞ്ഞ് ആ കല്പിതങ്ങളും ഭേദമായി അനുഭവിക്കപ്പെടും. വിവേകത്താല്‍ ബാധിക്കപ്പെടും, രണ്ടു കാലത്തും തന്റെ അധിഷ്ഠാനത്തിന്നു വേറായിരിക്കയില്ലെന്ന് മതിച്ച രജ്ജുവില്‍ തോന്നിയ സര്‍പ്പത്തെ രജ്ജുസത്തയാല്‍ വ്യാപിക്കേ, ആ സത്തയാല്‍ സര്‍പ്പസത്ത കാലത്രയത്തിലും വേറായില്ലാതെ വിട്ടുനീങ്ങി രജ്ജുവിന്റെ വ്യപകസന്മാത്രമായിപ്രകാശിക്കുന്നതുപോലെ ജ്ഞാനസ്വരൂപമായ ആത്മാവിന്റെ സത്തയാല്‍ ഈ ശൂന്യം, സാമാന്യം, സങ്കല്പമായ വിശേഷം അപ്രകാരം സ്വപ്നജഗത്ത്, സ്ഥൂലദേഹത്തോടുകൂടിയ ജാഗ്രത്പ്രപഞ്ചം, ഇവറ്റെ വ്യാപിക്കുന്നതിന് സാധനമായ ഇന്ദ്രിയകരണങ്ങള്‍, ഇതുകളെ എല്ലാവറ്റെയും അനുഭവിച്ച പ്രകാരം ഓര്‍മ്മയാല്‍ ഒരു കാലത്ത് അഭിമുഖപ്പെടുകില്‍ അക്കാലത്ത് ആദ്യമന്തമറ്റ ആത്മപ്രകാശസമുദ്രത്തില്‍ നാമരൂപങ്ങളായ അല, കുമിള, നുര മുതലായ ഈ പ്രപഞ്ചമശേഷവും ഇതിങ്കല്‍ അടങ്ങുന്നതായി അനുഭവത്തിനു വരും. ആകയാല്‍ കാറ്റ് ശമിച്ച വ്യാപകസമുദ്രത്തിലുണ്ടായ അലനുരകുമിളകള്‍ അതാതു സ്ഥാനത്തില്‍ ജലമാത്രമായി അടങ്ങി വ്യാപക സമുദ്രമായി കാണുന്നതുപോലെ, അനേക നാമരൂപവിചിത്രങ്ങളായി ദൃശ്യഭേദത്തോടുകൂടിയ എനേക ബ്രഹ്മാണ്ഡമണ്ഡലങ്ങളായി ഭവിച്ച സ്ഥൂലസൂക്ഷ്മകാരണങ്ങളെന്ന ജഡപ്രപഞ്ചങ്ങള്‍ വാസനയെന്ന കല്പനയാകുന്ന ചലനവായൂ അടങ്ങവേ അവകള്‍ തത്തത്സ്ഥാനത്തില്‍ തന്നെ ആധാരവൃത്തിജ്ഞാനസമുദ്രമാത്രമായിട്ട് അടങ്ങിക്കാണും. ആവിധ വൃത്തിസമുദ്രത്തെ ഉറ്റു നോക്കുമ്പോള്‍ ആദിമദ്ധാന്തശൂന്യമായി സ്ഥൂലസൂക്ഷ്മകാരണാദി ഭേദം കൂടാതെ ഏകാകാരമായി, ജ്ഞാനാനന്ദഘനമായി, അനുഭവത്തിന്നു വരും. ആ അനുഭവവും കരതലാമലകം പോലെ തന്റെ ജ്ഞാന പ്രകാശത്തില്‍ ദൃശ്യമായി ഗ്രഹിക്കപ്പെടുകയാലും ദൃശ്യമശേഷവും അനാത്മാവാകയാലും അതു അഹംപദാര്‍ത്ഥെല്ലെന്നും, അതിനെ വ്യാപിച്ചു പ്രകാശിക്കുന്ന സ്വരൂപജ്ഞാനവഹ്നിയില്‍ ദൃശ്യമായ വൃത്തിക്കുസുമം ഭവിപ്പാന്‍ കാരണമില്ലയെന്നും നിഷേധിക്കുമ്പോള്‍ അതും അധിഷ്ഠാനാത്മസ്വരൂപ ഭാനമാത്രമായി നീങ്ങിപ്പോകും. ഈ ആത്മസ്വഭാവത്തെ അഹംകാരവൃത്തി സംബന്ധം കൂടാതെ താനായി പ്രകാശിക്കുന്ന പ്രകാരം അനുഭവിച്ചാലും.

ശിഷ്യന്‍ അപ്രകാരമേ സ്ഥൂലസൂക്ഷ്മകാരണങ്ങളായി തോന്നിയ ബ്രഹ്മാണ്ഡമണ്ഡലങ്ങളെ സ്വാനുഭവത്തില്‍ കണ്ട പ്രകാരം, ബഹിരിന്ദ്രിയങ്ങളാല്‍ വ്യാപിക്കപ്പെട്ട പദാര്‍ത്ഥങ്ങളെ ബഹിരിന്ദ്രിയ വ്യാപാരോപയോഗിയായ വിഷയാധാര അഖണ്ഡവൃത്തിയിലും, അന്തരിന്ദ്രിയങ്ങളാല്‍ വ്യാപിച്ചു പ്രകാശിക്കപ്പെട്ട സൂക്ഷ്മപ്രപഞ്ചങ്ങളെ സൂക്ഷ്മവിഷയഗ്രഹണോപയോഗിയായ വിഷയാധാര അഖണ്ഡവൃത്തിയിലും, കാരണപ്രപഞ്ചത്തെ, അതിനെ വ്യാപിച്ച് പ്രകാശിപ്പിക്കുന്ന കാരണപ്രപഞ്ചവിഷയഗ്രഹണസാമഗ്രിയായ വിഷയാധാര അഖണ്ഡവൃത്തിയിലുമായിട്ട് ലയിപ്പിച്ച്, മുമ്പില്‍ വിക്ഷേപവൃത്തിയാല്‍ തോന്നിയ സ്ഥൂലസൂക്ഷ്മപഞ്ചഭൂതങ്ങളുടെ വികാരങ്ങളായ സ്ഥൂലസൂക്ഷ്മശരീരങ്ങളോടും കൂടിയ പ്രപഞ്ചാഭാവമാകട്ടെ, അവിദ്യയാല്‍ തോന്നിയ ഭാവാഭാവപ്രകാശക ആത്മപ്രകാശത്തെ മറയ്ക്കുന്ന കാരണ പ്രപഞ്ചാഭാവമാകട്ടെ, ഇവറ്റെ തനിക്കഭേദമായി കാണിച്ച അഖണ്ഡപരിപൂര്‍ണ്ണവൃത്തി മാത്രമായിട്ട് തനതനുഭവത്തില്‍ വന്ന സമയത്ത് അതിനെയും, ആചാര്യരുടെ ഉപദേശപ്രകാരം അതിസൂക്ഷ്മമായ തനത് ത്രിപുടിശൂന്യ സ്വരൂപജ്ഞാനത്തെ ആ വൃത്തിയില്‍ ഉള്ളും വെളിയും ഇടവിടാതെ നിറഞ്ഞു പ്രകാശിക്കുന്ന ഭാനന്റെ വൃത്തിസംബന്ധം കൂടാതെ താനായി അനുഭവിക്കേ, മുന്‍പറയപ്പെട്ട വൃത്തിയും കാലത്രയത്തിലും ഇല്ലാത്തതായി നീങ്ങി ഭാവാഭാവാത്മകവൃത്തികളില്ലാത്ത സ്വപ്രകാശമായ തനതാത്മസ്വഭാവത്തെ സ്വാനുഭവത്തിനാല്‍ അടഞ്ഞ്, സ്വാത്മാനന്ദസമുദ്രത്തില്‍ മുഴുകി, വാസനാത്രയമറ്റവനായി ഭവിച്ചു.