Nijanandavilasam - Sree Chattampi Swamikal

മായാലക്ഷണ നിരൂപണ പ്രകരണം (4)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ നിജാനന്ദവിലാസത്തില്‍ നിന്ന്

ശിഷ്യന്‍ : സ്വാമിന്‍, അഖണ്ഡമായ വിരാഡഹന്തയും അതില്‍ പ്രതിബിംബിച്ച ഒരു വിരാള്‍ചൈതന്യവും തന്നെ ജീവന്മാരുടെ മൂന്നവസ്ഥകള്‍ക്കും ആധാരം എന്നു ബോധിച്ചു. എന്നാല്‍ പ്രളയാവസ്ഥയില്‍ മാത്രം ഈ ജീവന്മാര്‍ക്ക് ആധാരമായ ഈ വിരാഡഹന്തയും അതില്‍ പ്രതിബിംബിച്ച ചൈതന്യവും അതിന്നാധാരമായ അവ്യക്തത്തോടുകൂടി അതുമാത്രമായി പരമാത്മവസ്തുവില്‍ ഒടുങ്ങി നില്‌ക്കേ, പ്രപഞ്ചമശേഷവും ആധാരംകൂടാതെ ആധേയങ്ങളായവകളും അതു മാത്രമായി ഒടുങ്ങി നിന്നുവെന്നും, പ്രളയത്തിനു മുന്‍പെട്ട അവസ്ഥയില്‍ ജഗദാധാരമായ അഖണ്ഡവിരാഡഹന്തയും അതില്‍ പ്രതിബിംബിച്ച വിരാള്‍ ചൈതന്യവും അതിന്നാധാരമായ അവ്യക്തവും ഒടുങ്ങാതിരിക്കെ ഈ ജീവന്മാര്‍ മാത്രം സുഷുപ്തിയാകുന്ന ദൈനന്ദിനപ്രളയത്തെ പ്രാപിച്ചുവെന്നും അരുളിച്ചെയ്തതായി കാണുന്നു. അതെങ്ങനെ ചേരും?

ആചാര്യന്‍: ആധാരമായ കാരണം നശിക്കുമ്പോള്‍ കാര്യവും നശിക്കുന്നതുപോലെ, കാരണം നശിക്കാതിരിക്കെ തന്നെ കാര്യം നശിച്ചുപോകുന്നതും അനുഭവത്തില്‍ കണ്ടിരിക്കുന്നു. അതു വിരോധമല്ല. മൃത്ത്, അതിന്‍ കാര്യമായ ഘടം ഇവയെ നോക്കിയാല്‍ അറിയാവുന്നതാണ്.

ശി: ജീവേശഭേദത്തോടുകൂടിയ ജഡാജഡമായ ഈ ജഗത്ത് സങ്കോചവികാസത്തോടുകൂടിയിരിക്കയാല്‍ കാര്യവസ്തുവാകാം. ഇതിനു കാരണമെന്ത്?

ആചാ: അവ്യക്തമായ മായതന്നെ കാരണമാകും. ആ മായയും ഈശന്റെ ദൃഷ്ടിയില്‍ സ്വരൂപജ്ഞാനമായും, ജീവദൃഷ്ടിയില്‍ അജ്ഞാനമായും ഭവിച്ച് ഇരിക്കും. ആകയാല്‍ സൃഷ്ടി മുതല്‍ പ്രളയം വരെയുള്ള സമഷ്ടിജഗത്തിനു കാരണം മായയും ബന്ധം മുതല്‍ മോക്ഷം വരെയുള്ള ജാഗ്രദാദി ജീവസൃഷ്ടജഗത്തിന്നു കാരണം അജ്ഞാനവും ആകും.

ശി: എന്നാല്‍ അവ്യക്തമായ ഒരു മായാതത്ത്വം തന്നെ ഈശദൃഷ്ടിയില്‍ സ്വരൂപജ്ഞാനമായും, ജീവദൃഷ്ടിയില്‍ അജ്ഞാനമായും ഭവിക്കുന്നതെങ്ങനെ?

ആചാ: ഒരു സ്ഥാണു തന്നെ ഒരുവന്റെ നോട്ടത്തില്‍ വൃക്ഷമായും മറ്റൊരുവന്റെ നോട്ടത്തില്‍ ചോരനായും കാണപ്പെടുന്നതുപോലെയാകും.

ശി: പ്രപഞ്ചത്തിനു കാരണം ഏതൊന്നാണ് എന്ന് ശങ്കിച്ചതിനു മായ എന്നും, ആ മായയാകട്ടെ ഈശജീവന്മാരുടെ ദൃഷ്ടിഭേദത്താല്‍ സ്വരൂപജ്ഞാനമായും അജ്ഞാനമായും ഭവിക്കാമെന്നും അരുളിയപ്രകാരം ബോധിച്ചു. എന്നാല്‍ ഈശസൃഷ്ടമായും ജീവസൃഷ്ടമായും രണ്ടു വിധ സൃഷ്ടി പറയപ്പെട്ടതില്‍ ഈശന്റെ സൃഷ്ടി മാത്രം ശാസ്ത്രങ്ങളില്‍ പ്രസിദ്ധമായി കാണപ്പെടുന്നു. ജീവസൃഷ്ടി എങ്ങിനെ ചേരും? അവറ്റിന്‍ ഫലങ്ങളുടെ ഭേദം ഏതവസ്ഥയോട് കൂടിയതായിരിക്കും.?

ആചാ: അവ്യക്തം മുതല്‍ സ്ഥൂലം വരെ ജഡാജഡങ്ങളായി കാണപ്പെടുന്ന ഈ പ്രപഞ്ചം തന്നെയാണ് ഈശസൃഷ്ടമെന്നത്. ഇതു ജീവന്മാരുടെ നിമിത്തം സുഖമായ ഫലത്തെ കൊടുക്കുന്നതാകും. ആത്മാനാത്മവിചാരണ കൂടാതെ അഭിമാനംകൊണ്ട് അവറ്റിന്‍ ലാഭാലാഭങ്ങളെപ്പറ്റി കാമക്രോധലോഭമോഹമദമാത്സര്യാദികളെ ബഹിര്‍മുഖമായും അന്തര്‍മുഖമായും കല്പിച്ച്- ആ അന്തര്‍മുഖ വാസനയെ സ്വപ്നമെന്നും ബഹിര്‍മുഖവാസനയെ ജാഗ്രത്ത് എന്നും-ഈ രണ്ടു വാസനയും മാറി, തനതധിഷ്ഠാനമാത്രമായിരുന്ന ജ്ഞാനസ്വരൂപാത്മാവിങ്കല്‍ ബഹിര്‍മുഖമായി വൃത്തി ഉദിക്കുമ്പോള്‍ വാസനകളുടെ ബീജാകാരമായ തമോവൃത്തി, അവിടെ തന്നാല്‍ കല്പിക്കപ്പെട്ട ആ തമസ്സ് ജഡമായതുകൊണ്ട് അതിനെയും പിരിച്ചറിയുന്നതിനു ശക്തിയില്ലാതെ, സ്വപ്രകാശമായ ആത്മാവും ജഡമായ വാസനാബീജരൂപതമസ്സും ഏകവസ്തുവായി കുറിക്കപ്പെട്ടു. ആ ഭ്രാന്തിക്കുറിപ്പിനാല്‍ അധിഷ്ഠാനമായ തന്നില്‍ അറിയായ്മ എന്ന അജ്ഞാനം കല്പിക്കപ്പെട്ട്, അതിന് സുഷുപ്ത്യവസ്ഥയെന്നും, ഈ അവസ്ഥാഭേദങ്ങളെയും കാമാദികളെയും സൃഷ്ടിച്ച് അവറ്റിന്‍ ഫലമായി ദുഃഖത്തെത്തന്നെ ജീവന്‍ അനുഭവിക്കും. അപ്രകാരമേ ശ്രുതിയില്‍ രണ്ടു വക സൃഷ്ടിയും പറയപ്പെട്ടിരിക്കുന്നു.

ശി: ഒരു ജീവന്‍ തന്നെ തന്നാല്‍ കല്പിക്കപ്പെട്ട അജ്ഞാനംകൊണ്ട് അജ്ഞനായും ആ കല്പനാധിഷ്ഠാനമായ വിജ്ഞനായും ഭവിക്കുമെന്നുള്ളത് എങ്ങനെ ഒക്കും?

ആചാ: ഒരുവന്‍ തന്നാല്‍ കല്പിക്കപ്പെട്ട സ്വപ്നത്തില്‍ അവനെ മറന്ന്, കളവുപോയ വസ്തുക്കളിരിക്കുന്നേടം അറിയാതെ അന്വേഷിക്കുന്നവനായും, അപ്രകാരം തന്നെ തന്റെ സര്‍വ്വജ്ഞശക്തിയാല്‍ ആ വസ്തുക്കളിരിക്കുന്നേടം അറിഞ്ഞു വരുത്തിക്കൊടുക്കുന്ന യോഗിയായും തീരുന്നതുപോലെയാകും.

ശി: സ്വാമിന്‍, അരുളിയ പ്രകാരം ബോധിച്ചു. ഇനി ഈ ഈശജീവന്മാരുടെ നോട്ടത്തില്‍ക്കണ്ട, ജ്ഞാനാജ്ഞാനഭേദങ്ങളോടുകൂടിയ, ജഗത്കാരണമായയുടെ ലക്ഷണത്തെയും അതിന്റെ കാര്യമായ ജഡാജഡരൂപമായ പ്രപഞ്ചത്തിന്റെ ലക്ഷണത്തെയും അരുളേണമേ!

ആചാ: മായയുടെ ലക്ഷണമാകുന്നത്: അവിവേകദശയില്‍ കാണപ്പെടും പ്രപഞ്ചത്തെ കാര്യവസ്തുവായി നിര്‍ണ്ണയിച്ചതുകൊണ്ട് അനുമാനത്താല്‍ ഇതിനു ഒരു കാരണം ഇരിക്കാമെന്ന് നിര്‍ണ്ണയിക്കപ്പെടുമ്പോള്‍, അതിനെ അനുസരിച്ച് ശാസ്ത്രപ്രമാണവും അപ്രകാരം നിര്‍ണ്ണയിച്ച ആ കാരണത്തെ മായയെന്നു പറയും. അപ്രകാരം രണ്ടു പ്രമാണങ്ങളാലും മായയുണ്ടെന്നു നിശ്ചയിക്കപ്പെട്ടതിനാല്‍ സദ്രൂപമായും, അങ്ങിനെതന്നെ ആ നിശ്ചയത്തിന്‍ പ്രകാരം കാരണമായി പ്രകാശിച്ചുവരുന്നതുകൊണ്ടു ചിദ്രൂപമായും, സുഷുപ്തിമൂര്‍ച്ഛാദ്യവസരങ്ങളില്‍ കാര്യദൃഷ്ടികൂടാതെ കാരണമായയില്‍ ലയിക്കുമ്പോള്‍ ദുഃഖം കാണപ്പെടാത്തതിനാല്‍ ആനന്ദരൂപമായും ഇരിക്കാം. വിവേകദശയിലോ, ശ്രുതിയുക്ത്യനുഭവങ്ങളാല്‍ ശോധിക്കുമ്പോള്‍ ആ മായയുടെ സ്ഥിതിജഗത്കാരണമായി സിദ്ധിക്കാത്തതിനാല്‍ അത് അസത്താണ്. അവിടെ ഇല്ലാത്തതുകൊണ്ട്, അസത്തായതിനാല്‍, ഇല്ലാത്തതു പ്രകാശിക്കുകയുമില്ല. ആകയാല്‍ പ്രകാശമറ്റത് ജഡമാകയാല്‍, അതു ജഡവുമാണ്, സുഷുപ്തി, മൂര്‍ച്ഛ ഇവകള്‍ വിടുമ്പോള്‍ ഞാന്‍ സുഖമായുറങ്ങി, ഞാന്‍ ദുഃഖമറിയാതെ മൂര്‍ച്ഛിച്ചിരുന്നു എന്നുള്ള അനുഭവം അഹമര്‍ത്ഥത്തെ ചേര്‍ന്നതായി കാണപ്പെടുകയാല്‍ ആ അഹമര്‍ത്ഥം ശ്രുതിയുക്ത്യനുഭവങ്ങളാല്‍, ചിദ്രൂപാത്മാവായി കാണപ്പെടുകയാല്‍, ദുഃഖാന്തഭാവാഭാവവും ആത്മസ്വരൂപവുമായ ആനന്ദവും മായയുടേതാകയില്ല. മേലും അസത്തായും ജഡമായും നിര്‍ണ്ണയിക്കപ്പെടുകില്‍ ആ വസ്തു ആനന്ദരൂപമാകുന്നതെങ്ങനെ? നീ അസത്ത്, നീ ജഡന്‍ എന്ന് അന്നാമങ്ങളെ മുഖത്തിന്‍ നേരെ പ്രയോഗിക്കുമ്പോള്‍ ആ പ്രയോഗത്തെ വലിയ കുറ്റമായിട്ടു ധരിച്ച്, അഹംകാരാദികള്‍ മുറ്റി, പ്രയോഗിക്കുന്നവന്‍, ആ പ്രയോഗത്തിനു പ്രത്യക്ഷമായിട്ടിരിക്കുന്നവന്‍, ഈ രണ്ടു പേരും ദുഃഖത്തെത്തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അപ്രകാരം ആനന്ദമില്ലാത്തത് ദുഃഖരൂപമാകയാല്‍ ദുഃഖമെന്നും ആകാം. ഇങ്ങനെയാകുമ്പോള്‍ വിവേകാവിവേകദശകളെ പറ്റി, സച്ചിദാനന്ദയായും അനൃതജഡദുഃഖയായും ജഗദ്കാരണമായ ആ മായ കാണപ്പെടുകയാല്‍ സതി എന്നും, അസതി എന്നും, ഈ രണ്ടു സ്വഭാവത്തോടുകൂടിയതെന്നും, നിശ്ചയിക്കപ്പെതടത്തക്കതല്ലാത്ത വിലക്ഷണലക്ഷണത്തോടുകൂടിയതെന്നും കാണപ്പെടും.

ശി: അവിവേകവിവേകദശകള്‍ ഹേതുവായിട്ട് അനൃതജഡ ദുഃഖമാ(നാ)യും സച്ചിദാനന്ദനായും കാണപ്പെടുന്ന ആത്മാവു മാത്രം നിശ്ചയമായിട്ടു സച്ചിദാനന്ദലക്ഷണത്തോടുകൂടിയവനെന്നു പറയപ്പെടുവാനെന്ത്? അവനും ഈ ദോഷം വിടാത്തതായി ഭവിക്കുമല്ലോ?

ആചാ: പാലൂറിപ്പെരുകുന്ന മുലക്കാമ്പില്‍ ഒരു ശിശുവിനാല്‍ പാനംചെയ്യപ്പെടും രക്തത്തിന്റെ രുചികൊണ്ടു പാലിന്റെ രുചിയും അപ്രകാരമാകണമെന്നില്ല. ജഗദുദ്പത്തിസ്ഥാനമായും ലയസ്ഥാനമായും ഉള്ള ഒരു വസ്തുവിന്റെ അവസ്ഥയെ നിദാനിക്കുന്നതിലേക്കു വന്ന ശ്രുതിയുക്ത്യനുഭവങ്ങളുടെ അഭിപ്രായം, ആയത് അധികാരികളുടെ അധികാരഭേദത്തെ അനുസരിച്ചിരുന്നാലും, ഉത്തമാധികാരിയെ സംബന്ധിച്ചു വന്ന യഥാര്‍ത്ഥമായ ഉത്തമപ്രമാണവും അതിന്റെ ലക്ഷ്യമായ പരമാര്‍ത്ഥവസ്തുവിന്റെ സ്വഭാവവും ഒരു കാലത്തും ഭേദിക്കയില്ല. സുഷുപ്തി, പ്രളയം ഈ രണ്ടവസ്ഥയേയും ശ്രുതിയുക്ത്യനുഭവങ്ങളാല്‍ ശോധന ചെയ്യുന്ന അവസരത്തില്‍ അധികാരിഭേദംകൊണ്ട് വസ്തുനിര്‍ണ്ണയം ഭേദിച്ചു കാണപ്പെടുന്നതിനെ പര്യാലോചിച്ചാല്‍, ഭിന്നഭിന്നങ്ങളായ വ്യാധികളും അവകള്‍ക്ക് ശരിയായ പലപല ഔഷധങ്ങളും അവയുടെ ഫലങ്ങളും ശാസ്ത്രയുക്തി അനുഭവങ്ങളാല്‍ ഉണ്ടായാലും ആ വ്യാധികളെ നീക്കുന്ന ആ ഉപായങ്ങള്‍, നീക്കുവാന്‍ കഴിയാത്ത മരണമെന്ന മഹാവ്യാധിയെ മാറ്റുന്നതിന് ഉപായങ്ങളായി ഭവിക്കാത്തതുപോലെയും, ആ മരണമെന്ന വ്യാധി നീങ്ങുന്നതിനുപായമായിട്ട്, ഏറ്റവും മഹാനായ മാര്‍ക്കണ്‌ഡേയന്‍ എന്ന മുനിക്ക് മൃത്യുഞ്ജയന്‍ എന്ന പരമശിവനെപ്പോലെയും, മറ്റുള്ള അധികാരികളും ആ അധികാരകളെ ചേര്‍ന്ന പ്രമാണങ്ങളും അവറ്റിന്‍ ഫലങ്ങളും ഉത്തമാധികാരിയും അവനെ സംബന്ധിച്ച പ്രമാണവും തത്ഫലവുമായി പ്രകാശിക്കും. ആകയാല്‍ സത്ത്, അസത്ത്, സദസത്ത് എന്ന് ലക്ഷണം പറയത്തക്കതല്ലാത്ത വിലക്ഷണത്വം മായയ്ക്കു മാത്രമല്ലാതെ ആത്മാവിനു ചേരുകയില്ല. സത്തെന്നും അസത്തെന്നും സദസത്തെന്നും നിശ്ചയിക്കത്തക്കതല്ലാത്തതു എന്നതു ആത്മാവിനെ സംബന്ധിക്കുമ്പോള്‍ ആ ഉപാധിയില്ലാത്ത സ്വയം വസ്തുവെന്നും, ഉപാധിയിനാലാകട്ടെ സ്വയമായാകട്ടെ, യാതൊരു സ്വരൂപവുമില്ലാത്തിനാല്‍ മായയെ സംബന്ധിക്കുമ്പോള്‍ സ്വരൂപമില്ലാത്ത അവസ്തുവെന്നും നിര്‍ണ്ണയിക്കപ്പെടും.

ശി: വസ്തുത്വമേ മായയ്ക്കില്ലെങ്കില്‍ അതിനെ ജഗത്കാരണമെന്നും പറയാന്‍ പാടില്ലാത്ത വിലക്ഷണവസ്തുവെന്നും ശ്രുതിയില്‍ എന്തിനായിട്ടു പറയപ്പെട്ടു?

ആചാ: ശ്രുതി എല്ലായിടത്തും അര്‍ത്ഥത്തോടുകൂടിയതായിട്ടു തന്നെ കാണപ്പെട്ടരിക്കേ, അര്‍ത്ഥമെന്നതു വസ്തുവാകയാല്‍, ആ വചനം മാത്രം എങ്ങിനെ അര്‍ത്ഥത്തോടു കൂടാത്തതായിരിക്കാം?

ശി: ഇരിക്കില്‍ അതു ശ്രുതിക്കു ദോഷമല്ലയോ?

ആചാ: ആ വചനങ്ങളുടെ അര്‍ത്ഥം തന്നെ ഉത്തരവുമാകും. ‘മായാ എന്നാല്‍, യാ =യാതൊന്ന്, മാ=ഇല്ലാത്തതോ, സാ = അത് മായയാകും.

ശി: എന്നാല്‍ ഒരു വിധത്തിലും സ്വരൂപസിദ്ധിയില്ലാത്ത അവസ്തുവെ ജഗത്കാരണമായി പറഞ്ഞത് എന്തു നിമിത്തം?

ആചാ: സ്വരൂപമില്ലാത്ത കാരണം പോല കാര്യവും സ്വരൂപമില്ലാത്തതാകുന്നു എന്നറിയുന്നതിലേക്കു തന്നെയാണ്.

ശി: ഇങ്ങനെയാണെങ്കില്‍ കര്‍ത്താ, കര്‍മ്മം, ക്രിയ, ഇവറ്റാല്‍ അലങ്കരിക്കപ്പെട്ട വിചിത്രങ്ങളായ ബഹുവിധനാമരൂപങ്ങളോടു കൂടിയ ഇഹപരമെന്ന അണ്ഡപിണ്ഡചരാചരമാകുന്ന ജഗത്ത് കാരണമായ മായയോടും അവസ്തുവെന്നാകില്‍, വന്ധ്യാപുത്രന്‍- വിസ്താരമായാകട്ടെ ചുരുക്കമായാകട്ടെ ശുഭാശുഭങ്ങള്‍ക്കു ആദരവായ ഗുണങ്ങളാല്‍ വചനിക്കുന്നതിനു വിഷയമായിട്ടു- എപ്രകാരം ഇല്ലയോ അപ്രകാരമേ, ഈ പ്രപഞ്ചവും ശ്രുതിക്കു വിഷയമാകത്തക്കതാകയില്ല. വാക്കാലും മനസ്സാലും പ്രാപിച്ചുകൂടാത്തതെന്നുള്ള പ്രമാണത്താല്‍ പരമാത്മവസ്തുവും ആ ശ്രുതിക്കു വിഷയമാകത്തക്കതല്ല. ഇങ്ങനെ രണ്ടും നിര്‍വിഷയപ്പെടുമ്പോള്‍ ശ്രുതി ഏതിനെയാണ് വിസ്തരിച്ചു പറഞ്ഞത് അതിന് ഉത്തമപ്രമാണമെന്ന് പേരുള്ളതെങ്ങനെ?

ആചാ: പ്രപഞ്ചവും പരമാത്മവസ്തുവും നിര്‍വിഷയമായിരിക്കഹേതുവായിട്ടുതന്നെയാണ് ശ്രുതി, വിസ്തരിച്ചു പറയുന്നതായും ഉത്തമപ്രമാണമായും ഭവിച്ചത്. ശ്രുതി എന്നത് ഉപദേശരൂപമാകയാല്‍ ആ ഉപദേശം അതീന്ദ്രിയമായ വസ്തുവിനെത്തന്നെ കുറിക്കുന്നതായിരിക്കും. പ്രത്യക്ഷമായിരിക്കുന്ന ഘടത്തെ കണ്ടവന്ന് ആ ഘടോപദേശം ലോകത്തു കണ്ടില്ല. അറിയാത്ത അര്‍ത്ഥത്തെ അറിയുംവണ്ണം ബോധിപ്പിക്കുന്നതത്രേ ഉപദേശത്തിനുള്ള മാഹാത്മ്യം. ആ ഉപദേശത്താല്‍ വ്യവഹാരദശയില്‍ അതീന്ദ്രിയങ്ങളായ പുണ്യപാപങ്ങളും, അവറ്റിന്‍ ഫലങ്ങളും, പരമാര്‍ത്ഥദശയില്‍ സച്ചിദാനന്ദമായ പരമാത്മാവും, ഉപദേശിക്കപ്പെടും;.

ശി: എന്നാല്‍ വ്യവഹാരപരമാര്‍ത്ഥഭേദങ്ങളാല്‍ ഉപദേശിക്കപ്പെടുന്ന അര്‍ത്ഥങ്ങള്‍ രണ്ടു വകയായിരിക്കയാല്‍ അവ പ്രപഞ്ചവും പരമാത്മാവും ആയിരിക്കാം. പുണ്യപാപസംബന്ധം ജഗത്തിനു ചേരത്തക്കതായിരിക്കുന്നതിനാല്‍ ഇങ്ങനെ ശ്രുതിയില്‍ത്തന്നെ പുണ്യപാപങ്ങളെ മുന്നിട്ട് പ്രപഞ്ചം ഉപദേശിക്കപ്പെട്ടിരിക്കേ അതിനെ അവസ്തുവെന്നു എങ്ങിനെ പറയാം? മേലും പരമാത്മാവ് വാങ്മനസ്സുകള്‍ക്ക് വിഷയമായിട്ടില്ലാത്തതുകൊണ്ട് പ്രയോജനമറ്റതാകുമല്ലോ? വിഷയപ്രയോജനങ്ങള്‍ വിട്ടുനീങ്ങിയിടത്ത് ശാസ്ത്രപ്രവൃത്തി എങ്ങിനെ ചേരും?

ആചാ: വ്യവഹാരം എന്നത് ശാസ്ത്രപ്രമാണപ്പടി കല്പിക്കപ്പെട്ട്, സ്വപ്നത്തില്‍ ഒരു രാജകുമാരന് ആ അവസ്ഥയില്‍ രാജനീതി ചെയ്യുന്നതിനു ഉപകാരമായി അവനറിയാന്‍ പാടില്ലാത്ത നീതികളെ അവന്റെ മനോരാജിയെ അനുസരിച്ച് ഉപദേശിപ്പതു പോലെ, ഭ്രാന്തിയാല്‍ കല്പിക്കപ്പെട്ട വ്യവഹാരമെന്ന പ്രപഞ്ചത്തില്‍ ഇഹപരങ്ങളെ പരിപാലനം ചെയ്യാന്‍ ഇച്ഛിച്ച അവന്റെ ഇച്ഛയെ അനുസരിച്ച് ഉപദേശിച്ചതാകും.

ശി: ശാസ്ത്രങ്ങളില്‍ പ്രമാണജ്ഞാനമെന്നും ഭ്രാന്തിജ്ഞാനമെന്നും രണ്ടു വകയായി ചൊല്ലപ്പെട്ടു. അവയില്‍ ഘടജ്ഞാനം പ്രമാണജ്ഞാനമെന്നും, ശൂക്തിരജതജ്ഞാനം ഭ്രാന്തിജ്ഞാനമെന്നും, ഘടത്വത്തെ പ്രകാരമായവച്ഛേദമുടയ ഘടത്തില്‍ ആ ഘടത്വത്തെത്തന്നെ പ്രകാരമായുടയ ആ ഘടത്തിന്റെ ജ്ഞാനം പ്രമാണജ്ഞാനലക്ഷണമെന്നും, (ഘടത്വമുള്ള ഘടത്തില്‍ ഘടമെന്ന ജ്ഞാനം യഥാര്‍ത്ഥ ജ്ഞാനം) രജതത്ത്വത്തെ പ്രകാരമായുടയതായില്ലാത്ത അതിന്റെ ഭാവത്തെ ഉടയ ശുക്തിയില്‍ രജതത്വത്തെ പ്രകാരമായുടയ രജതജ്ഞാനം ഭ്രാന്തിജ്ഞാനലക്ഷണമെന്നും കാണപ്പെടുന്നു. (രജതത്ത്വം വിശേഷണമായില്ലാത്ത ശുക്തിയില്‍ രജതത്ത്വത്തെ വിശേഷമാക്കിയുള്ള രജതജ്ഞാനം – തദഭാവവതി തദ് പ്രകാരകം ജ്ഞാനം ഭ്രാന്തിജ്ഞാനം) അതിനിതു വിരോധപ്പെടുമല്ലോ?

ആചാ: വിരോധപ്പെടുകയില്ല. ആ ശാസ്ത്രങ്ങളില്‍ പറഞ്ഞ പ്രമാണങ്ങളുടെ ലക്ഷണം മാറിക്കൂടാ എന്നല്ലാതെ ആ പ്രമാണങ്ങളാല്‍ കുറിക്കപ്പെട്ട വസ്തുക്കള്‍ ഭേദിച്ചിരുന്നുകൂടാ എന്നില്ല. പ്രമാണങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അവറ്റിന്‍ വിഷയങ്ങളായ വസ്തുക്കള്‍ ഭേദിക്കപ്പെടാതിരുന്നാലും പ്രമാണങ്ങളുടെ വിവേകദശയില്‍ ആ വസ്തുക്കള്‍ ഭേദിക്കപ്പെട്ടാല്‍ അതു പ്രമാണങ്ങളിന്‍ കുറ്റമാകയില്ല. മൃത്ഘടം എന്ന സ്ഥലത്ത് മൃത് എന്നും ഘടം എന്നും രണ്ടു പേരുകളുണ്ടാകും. അവയില്‍ ഘടം എന്ന ജ്ഞാനം പ്രമാണജ്ഞാനമായിരുന്നാലും ആ ഘടത്തെ മൃത്തായിട്ടു വിവേകിച്ചറിയുമ്പോള്‍ മുന്‍പറഞ്ഞ ഘടജ്ഞാനം ഭ്രാന്തിജ്ഞാനം തന്നെയാകും. അതെങ്ങിനെയെന്നാല്‍, ഏതെങ്കിലും ഒരു പേരുള്ളതായിട്ട് പ്രമാണജ്ഞാനത്തിനു വിഷയപ്പെടണമെന്നുവരുകില്‍ ആ പൊരുള്‍ സ്വരൂപലക്ഷണത്തോടുകൂടിയതായിരിക്കണം. മൃത്തിന്‍സ്വരൂപത്തിന് അന്യമായി ഘടത്തിന് സ്വരൂപം കാണപ്പെടാത്തതിനാല്‍ത്തന്നെയാണ്. അപ്രകാരമേ ഇത് ഘടം എന്നതില്‍ ഇദന്തയെ പ്രകാരമായുടയ ഇത് എന്ന ഒരര്‍ത്ഥത്തേയും ഘടത്വത്തെ പ്രകാരമായുടയ ഘടമെന്ന ഒരര്‍ത്ഥത്തെയും പകുത്തു നോക്കിയാല്‍ ഘടത്വത്തെ പ്രകാരമായുടയതായില്ലാത്ത ഘടത്വാഭാവത്തെ ഉടയ ഇതെന്ന ജ്ഞാനത്തില്‍ ഘടത്വത്തെ പ്രകാരമുടയഘടമെന്ന ജ്ഞാനം പ്രമാണജ്ഞാനതിന്റെ ലക്ഷണമാകയില്ല. അപ്രകാരമേ ജഡാജഡമായ ഏതു പ്രപഞ്ച വ്യവഹാരജ്ഞാനവും ഇതെന്ന ജ്ഞാനത്തെ സംബന്ധിച്ചു തന്നെ കാണപ്പെടുകയാല്‍ വ്യവഹാരജ്ഞാനമശേഷവും ഭ്രാന്തിജ്ഞാനം തന്നെയാകും. ആയാലും ആ അവസ്ഥയില്‍ സാമാന്യാധികാരികള്‍ക്കു വ്യവഹാരോപയോഗമായി അവരുടെ വിവേകത്തെ അനുസരിച്ച് ആ ജ്ഞാനം പ്രമാണജ്ഞാനമെന്നു പറയപ്പെടും. പരമാത്മാ വാംഗ്മനസ്സുകള്‍ക്കു എത്താത്തതുകൊണ്ട് വിഷയപ്രയോജനങ്ങളില്ലാത്തതായി ശ്രുതി എങ്ങിനെ പ്രവര്‍ത്തിക്കാമെന്നതു ശരിയെന്നാലും, ജഡാജഡങ്ങളായ ഈ പ്രപഞ്ചം പോലെ വിഷയമായില്ലെങ്കിലും ഈ പ്രപഞ്ചങ്ങളെല്ലാം ദൃശ്യമായിട്ടു തന്നെ ഏവന്നു വിഷയമാകുന്നുവോ അവനീ പ്രപഞ്ചത്തിനു വിഷയമാകയില്ല എന്നു മാത്രമല്ലാതെ അവന്‍ സ്വപ്രകാശനായതുകൊണ്ട് വിഷയവിഷയീഭാവമില്ലാത്ത തനിക്കു താന്‍ അപ്രകാരം തന്നെ വിഷയമായിരിക്കും. ശ്രുതികളുടെ ഉപാധികളെ നീക്കി അവനെ കരതലാമലകം പോലെ അധികാരിക്കു താനായി പ്രകാശിപ്പിക്കയാലും, ആ വിധം താനായ ആത്മലാഭത്തെക്കൂടാതെ മറ്റൊന്നും പ്രയോജനമെന്നു ലാഭമായിട്ടു ഇല്ലാത്തതിനാലും, താന്‍തന്നെ തനിക്കു പ്രയോജനമായിരിക്കകൊണ്ട് അപ്രകാരമേ ശ്രുതിയും ആത്മലാഭത്തെ പെരുമയോടുകൂടിയതായി ചൊല്ലുകയാലും, വിഷയ പ്രയോജനങ്ങളും ഉണ്ട്. ശ്രുതിയുടെ പ്രവൃത്തി ചേരുകയും ചെയ്യും.

(ശിഷ്യന്‍ സ്വയംസിദ്ധമായി ആനന്ദനിധിയായി സദോദിതാര്‍ക്കനായി നിന്നു തന്നെ അറിയാതെ ഉഴലുന്ന ജീവന്മാരെ മായയെന്നറിഞ്ഞ്, തന്നെത്താനെന്നു ദര്‍ശിപ്പിക്കുന്ന കേവലം വസ്തുതന്ത്രമായ വേദമഹിമാവെ ആരറിയുന്നു, ആരോതുന്നു എന്നു ആനന്ദനടനം ചെയ്ത് മായാവിലക്ഷണസ്വരൂപിയായി പ്രകാശിച്ചു.)