ശിഷ്യന്‍ ആചാര്യരെ വന്ദിച്ച് വണക്കത്തോടുകൂടി ചോദിച്ചു.
ഇപ്രകാരം ഭാവാഭാവവൃത്തിസംബന്ധം കൂടാതെ, സ്വപ്രകാശപരമാത്മാ ആവിര്‍ഭാവതിരോഭാവം കൂടാതെ ഏകമായി എക്കാലത്തും എങ്ങും പ്രകാശിക്കയാല്‍, അദ്ധ്യാരോപ അപവാദങ്ങള്‍ക്കു ആദരവായി നിന്ന പ്രപഞ്ചാദ്ധ്യാസം ആഭാസമായിട്ടെങ്കിലും വരാന്‍ കാരണമെന്ത്? ഞാന്‍ ഒന്നുമറിയാതെ സുഖമായി ഉറങ്ങി എന്നതിനെ പരിശോധിക്കുന്ന വിധം എങ്ങനെ? ഇവറ്റെ അരുളിച്ചെയ്യേണമേ!
ആചാര്യന്‍ : ഞാന്‍ എന്നും, സുഖം എന്നും, ഒന്നും അറിയാതെ ഉറങ്ങി എന്നും കാണപ്പെട്ടതില്‍, ഇതു സര്‍പ്പമെന്നതില്‍ പ്രത്യക്ഷമായി അനുഭിവിക്കപ്പെട്ട രജ്ജുവില്‍ ഇതെന്ന ജ്ഞാനം സാമാന്യജ്ഞാനമായിരുന്നു എങ്കിലും സര്‍പ്പാനുഭവജ്ഞാനമാകുന്നതു പോലെ, ഞാനെന്ന ജ്ഞാനം സാമാന്യജ്ഞാനമായിരുന്നുവെങ്കിലും ബ്രഹ്മാനുഭവജ്ഞാനമാകും. കയറ്റില്‍ സര്‍പ്പമെന്ന ജ്ഞാനം വിശേഷജ്ഞാനമായിരുന്നാലും വിവേകാനുഭൂതിയാല്‍ ബാധിക്കപ്പെടുകകൊണ്ട് അപ്രമാണജ്ഞാനമാകുന്നതുപോലെ, ഒന്നുമറിയാതെ ഉറങ്ങി എന്ന ജ്ഞാനം വിശേഷജ്ഞാനമായിരിക്കിലും അപ്രമാണജ്ഞാനാനുഭവമാകും.
ശി: അതെങ്ങനെ?
ആചാ: ജന്മാന്തരത്തില്‍ ശൂദ്രനായിരുന്ന ഒരുവന്‍ മറ്റൊരു ജന്മത്തില്‍ ബ്രാഹ്മണനായിരിക്കുമ്പോള്‍, ശിഖായജ്ഞോപവീതത്തോടു കൂടിയ തന്റെ ദേഹത്തെ കണ്ട് അതിനെ മറന്ന് തന്നെ ബ്രാഹ്മണനെന്നു നിര്‍ണ്ണയമായി സ്വീകരിച്ചതുപോലെ ജാഗ്രദവസ്ഥയില്‍ രക്തമൂത്രമാംസാദികളാലൂണ്ടായി സ്ഥുലശരീരത്തെ ഞാനെന്നഭിമാനിച്ച അവസ്ഥ വിട്ട് സ്വപ്നാവസ്ഥയെ പ്രവേശിക്കയാല്‍ മനോമാത്രത്താല്‍ കല്പിക്കപ്പെട്ട ഞാന്‍ എന്ന ബിന്ദുവില്‍ വാസനയാല്‍ തോന്നിയ ശരീരം കാണപ്പെട്ട്, അതിനത്തന്നെ ഞാനെന്ന് അനുഭവിച്ച്, അനന്തരം ആ അവസ്ഥ വിട്ട് സുഷുപ്തിയില്‍ പ്രവേശിച്ച് അവിടെ ഇന്ദ്രിയ വാസന മനോവാസന ഈ രണ്ടും അഹംകാരമാകുന്ന ബിന്ദുവില്‍ നിന്ന് വേര്‍പെട്ടതിനാല്‍ സ്ഥൂലസൂക്ഷ്മക്കുറിപ്പാകുന്ന വിശേഷാഭാവവും കാരണസംബന്ധാഭാവവും നിമിത്തം അവിദ്യാന്ധകാരത്താല്‍ വിഴുങ്ങപ്പെട്ട്, ക്ഷണമാത്രത്തില്‍ അതും ലയിച്ച്, ഇന്ധനമില്ലാത്ത അഗ്നികണം പോലെ അഹംകാരപ്രതിബിംബിതജീവജ്ഞാനവും തനത് ബിംബമായ കൂടസ്ഥചൈതന്യത്തില്‍ അതുമാത്രമായടങ്ങിയിരുന്ന്, അനന്തരം കര്‍മ്മവാസനാവശത്താല്‍ നിരാകാരമായ വൃത്തി ഉദിച്ച്, അതില്‍ കൂടസ്ഥന്‍ ജീവരൂപപ്രതിബിംബമായി തോന്നി, ആ വൃത്തിയില്‍ പ്രതിബിംബപ്രകാശത്താല്‍ ആ അഹംകാരമെന്ന ബിന്ദു പൂര്‍വ്വം പോലെ അഹം എന്നു പ്രതിഫലിച്ച്, ആ അഹങ്കാരവൃത്തിയില്‍ നിരാകാരവൃത്തിയിങ്കല്‍ മുന്‍ പ്രതിബിംബിച്ച ചൈതന്യം തന്നെ പ്രതിബിംബിച്ച്, ആ ആത്മപ്രകാശത്തോടുകൂടിയ അഹങ്കാരവും അക്ഷണത്തില്‍ തനിക്കു വിഷയഗ്രഹണസാമഗ്രിയായുള്ള ദേഹേന്ദ്രിയാദികളുടെ വാസന തന്നിലുദിക്കാത്തതുകൊണ്ട് അഹം അഹം എന്നു താന്‍ പ്രകാശിച്ചിടും.
അവിടെ നിര്‍വികാസ വിശേഷ കൂടസ്ഥനായ തന്റെ ബിബചൈതന്യം തനിക്കാശ്രയമായി പ്രകാശിച്ചുകൊണ്ടിരുന്നിട്ടും വിവേകാഭാവം നമിത്തം അതിനെയും, ഈ അഹംകാര വൃത്തിക്ക് സാക്ഷിയായി കുറിച്ചറിയുന്നതിന് സാമര്‍ത്ഥ്യമില്ലാതെ, ഈ അഹംകാരവൃത്തിയില്‍ പ്രതിബിംബിച്ച് പ്രകാശിക്കുന്ന തന്നെയും, അഹംകാരവൃത്തിക്ക് ചിജ്ജഡവിവേകമില്ലായ്കയാല്‍ ഇതു അഹംകാരം, താന്‍ അഹംകാരി എന്നറിയുന്നതിന് വല്ലഭമില്ലാതെ നിര്‍വിഷയമായിരുന്ന നിര്‍വൃത്തിക നിരാകാര കൂടസ്ഥ ചൈതന്യമാകട്ടെ, നിരാകാരശുദ്ധസത്ത്വവൃത്തിപ്രതിബിംബിത വിശേഷകൂടസ്ഥ ചൈതന്യമാകട്ടെ, അഹംകാരവൃത്തിപ്രതിബിംബിത അഹങ്കാരിചൈതന്യമാകട്ടെ ഇമ്മൂന്നും അഹംകാരവൃത്തിയില്‍ വിഷയവാസന ഉദിക്കായ്കയാല്‍ നിര്‍വിഷയമായ അഹംകാരം ഇരുന്നിട്ടും ഇല്ലാത്തതുപോലെ ഇതെന്നു നിര്‍ണ്ണയിപ്പാന്‍ പാടില്ലാത്തതിനാല്‍ നിരാലംബമായി വാടി മയങ്ങി, ആ സമയത്ത് തന്നിലടങ്ങിയ തമോഗുണം ആ അഹംകാരവൃത്തിയില്‍ പ്രകാശിച്ചിരിക്കുന്ന അഹംകാരചൈതന്യത്തെയും അതിനു ബിംബസ്ഥാനമായിരിക്കുന്ന കൂടസ്ഥചൈതന്യത്തെയും ജ്ഞാനമായി സിദ്ധിക്കാത്ത വിധത്തില്‍ ലയരൂപമായിരുന്നു മയക്കി, ആ അവസ്ഥയില്‍ ലയരൂപമായ തമോഗുണത്താലുണ്ടായ അഹംകാരത്തിന്റെ ഘോരമായ മയക്കത്തിന് അഹംകാരത്തില്‍ പ്രതിബിംബിച്ച അഹംകാരചൈതന്യവും പ്രാപിച്ചതുപോല ഭവിച്ച് പ്രകാശിക്കേ, ആ അഹംകാരവൃത്തിക്കുള്ളടങ്ങിയ രജോഗുണം തനതു ശക്തിയാല്‍ അതിസൂക്ഷ്മമായ വാസനാരൂപമായ സ്ഥൂലസൂക്ഷ്മകരുവികാരങ്ങളാകട്ടെ, അവയുടെ വിഷയങ്ങളാകട്ടെ, അവയുടെ സ്ഫൂര്‍ത്തിയെ പ്രജ്ഞാമാത്രമായി ഉദിപ്പിച്ച അക്ഷണത്തില്‍ ആ അഹംകാരവൃത്തിക്കുള്ളടങ്ങിയ സത്ത്വഗുണം അഹംകാരവൃത്തിക്കു വിവേകലേശം പോലും ഇല്ലാത്തതിനാല്‍ രജോഗുണത്താല്‍ തോന്നിയ അതിസൂക്ഷ്മങ്ങളായ ആ വിഷയങ്ങളെ അതിസൂക്ഷ്മങ്ങളായി കാണിച്ച അവകളെത്തന്നെ അതു അവലംബനമായിട്ട് അഭിമാനിച്ചിരിക്കെ, ആ അനുഭൂതിയില്‍ ആ വിധ അവലംബനത്തോടുകൂടിയ അഹംകാരം ആ സത്ത്വഗുണത്തിന്‍ സഹായത്താല്‍ അതിസൂക്ഷ്മമായി വാസനാരൂപ ഭോഗഭോഗ്യഭോക്തൃ ത്രിപുടിയെ കൊടുക്കുന്ന കരുവികരണങ്ങളോടും കൂടി, അതില്‍ നിന്ന് മുമ്പുള്ള അനുഭവത്തേയും വര്‍ത്തമാനത്തിന്റെ അനുഭവത്തെയും ഭേദമായി കണ്ട്, ഈ വര്‍ത്തമാനാനുഭവത്തിന്റെ തോറ്റമില്ലായ്മ തന്നെ ഭൂതകാലാനുഭവത്തില്‍ ജ്ഞാനത്തിന്റെ അഭാവമായി കല്പിക്കപ്പെട്ട ആ കല്പനയാല്‍ കൂടസ്ഥപരമാത്മചൈതന്യമായ തനതധിഷ്ഠാനചൈതന്യം തന്നെ, ഒരു സ്ഥാണു ചോരനായി തോന്നുന്നതുപോലെ, അജ്ഞാനമായി തോന്നി, അപ്രകാരം തന്നെ തന്റെ സ്വരൂപം സഹജമായി മറപ്പെട്ട് സ്ഥൂലസൂക്ഷ്‌മോപാധികളില്‍ ആത്മബുദ്ധി തടിച്ച്, ആ അനാത്മവസ്തുവില്‍ തടിച്ച ആത്മബുദ്ധിയാല്‍ ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്ന മൂന്നവസ്ഥകളിലും ആവരണം, വിക്ഷേപം എന്ന രണ്ടു ശക്തികളാല്‍ സ്വരൂപജ്ഞാനപ്രകാശവിവേകജ്ഞാനം കൂടാതെ ഭ്രാന്തനെപ്പോലെ ചുഴലുന്നു.
ഇതിനെ വിവേകിച്ച് ശോധിച്ചു തള്ളുന്നതിനുള്ള വിവരം:
സ്ഥൂലവ്യാപകമായ അഹന്തയെ സ്ഥൂലത്തീന്നു വേറായിട്ടും, അപ്രകാരം സ്ഥൂലത്തീന്നു വേറായി സൂക്ഷ്മത്തെ വ്യാപിച്ചതായി ഇരിക്കുന്ന ആ അഹന്തയെത്തന്നെ സൂക്ഷ്മത്തിനു വേറാക്കി അതിനെത്തന്നെ ആ സൂക്ഷ്മത്തിന്നു കാരണമായും, സ്ഥൂലസൂക്ഷ്മബീജമായ ആ കാരണത്തെ വ്യാപിച്ച അഹന്തയെ ആ കാരണത്തീന്നു വേറായും, അഹംപദാര്‍ത്ഥമെന്നു കാണണം. അപ്രകാരം കാണുകില്‍ ആ ആവരണവിക്ഷേപ ശക്തികളും അവറ്റാല്‍ തോന്നിയ മൂന്നവസ്ഥകളും തന്നില്‍ നിന്നു വേറായിട്ടു തോന്നി അനാത്മവസ്തുക്കളായി നിഷേധിക്കപ്പെടും. ശ്രോത്രത്തിനാല്‍ രൂപം കാണാന്‍ കഴിയാത്തതുപോലെ ആവരണ വിക്ഷേപങ്ങള്‍ വിട്ടു നീങ്ങിയ ആത്മാ ദ്രഷ്ടാ മാത്രമായി നില്‍ക്കയാല്‍, മുന്‍ പറയപ്പെട്ട അനാത്മവസ്തുക്കള്‍ തോന്നാതെ നിരാധാരമായി നശിച്ചു പോകും. അക്കാലത്ത് ദൈ്വതവസ്തുക്കളില്ലായ്കയാല്‍ അഹം പദാര്‍ത്ഥമായി അനുഭവത്തിനു വരും.
ആ അനുഭൂതിയില്‍ സ്ഥൂല സൂക്ഷ്മ കാരണമായ സകല പ്രപഞ്ചവും കൂടസ്ഥ പരമാത്മ സ്വരൂപ ചൈതന്യവും വ്യാപക ചൈതന്യമാത്രമായിട്ട്, ജലബുദ്ബുദതരംഗാദികളോടു കൂടിയ ഒരു വിസ്താരമായ തടാകത്തില്‍ സഹജമായി ഇടവിടാതെ നിറഞ്ഞ വ്യാപകാകാശം മറഞ്ഞു കാണുകിലും തടാകത്തെ പ്രതിബിംബിച്ച ആകാശം നോക്കപ്പെടുമ്പോള്‍ ജലവികാരമായ ഫേനബുദ്ബുദതരംഗാദികളും അതുകള്‍ക്ക് ആധാരമായ ജലവും ബിംബകാരണത്തെ മറയ്ക്കുന്നതിന് വല്ലഭമില്ലാതെ, അനുഭൂതിയില്‍ കാണപ്പെടാതെ, പ്രതിബിംബാകാശ സത്തയെ, തനിക്കു വേറായിട്ടു കാണിക്കാതെ, ബിംബാകാശസത്ത തന്നെ എങ്ങിനെ അനുഭവിക്കപ്പെടുന്നോ അങ്ങിനെ തന്നെ, അനുഭവിക്കപ്പെടുന്നതാണ്. ഇങ്ങനെ അനുഭവം വരുകില്‍ അദ്ധ്യാസത്തിന്റെ വിവരവും സുഷുപ്തിയില്‍ ആത്മാനാത്മവിവേകമുദിക്കുന്ന വിധവും ലളിതമായി അറിയാറാകും.
ശി: അഹന്ത മൂന്നുവിധ ഉപാധികളെ വ്യാപിച്ച വിധത്തെയും, അതിനെ അവകളില്‍ നിന്നും അപ്പുറപ്പെടുത്തുന്ന മാതിരിയേയും, വിവരമായി വിസ്തരിച്ചറിയത്തക്കവണ്ണം ഉപദേശിച്ചരുളേണമേ!
ആചാ: സുഷുപ്തിയില്‍ നിന്നും ഉദിച്ച അഹന്ത തനതു സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളില്‍, തമോഗുണത്താല്‍ അഹം പൊരുളിനെ അജ്ഞാനമായിക്കൊണ്ട് രജോഗുണത്താല്‍ അതിസൂക്ഷ്മമായിട്ട് വാസനാമയങ്ങളായ കരുവികരണങ്ങളെ കല്പിച്ച് സത്ത്വഗുണത്താല്‍ അവയെ അവലംബിച്ച്, ആ അവലംബപ്രകാരം അതില്‍പ്രതിഫലിച്ച അഹംകാരിചൈതന്യവും അപ്രകാരം തന്നെ പ്രകാശിച്ചതെന്ന് മുമ്പേതന്നെ നിരൂപിക്കപ്പെട്ടിരിക്കുന്നതിനെ ഇനിയും വിചാരിക്കാം: അതായത്, തമോഗുണമെന്നത് തന്നില്‍ പ്രതിബിംബിച്ച ചൈതന്യത്തെ തെളിവായി കാണിക്കാതെ മറഞ്ഞതുപോലെ കാണിക്കുന്ന വല്ലഭത്തോടുകൂടിയതാകുന്നു. രജോഗുണം തന്നില്‍ പ്രതിബിംബിച്ച ചൈതന്യത്തെ മറയാതെയും ചൈതന്യമായി കാണിക്കാതെയും നാനാരൂപങ്ങളായി തോന്നിച്ച് പ്രകാശിപ്പിക്കും. സത്ത്വഗുണം മുന്‍ രണ്ടു ഗുണങ്ങള്‍ക്കും ഉള്‍പ്പെട്ടുപോയതിനാല്‍ നാമരൂപവിഷയാകാര പ്രതിഫലനങ്ങളെയും ജഡം പോലെയുള്ള തമഃപ്രതിഫലനത്തെയും അഹംവൃത്തിയില്‍ പ്രതിഫലിച്ച ചൈതന്യത്തിനു തന്നില്‍ പ്രതിഫലിച്ച ചൈതന്യസത്താബലത്താല്‍ വെവ്വേറെയായി നല്ലപോലെ കാണിച്ച് അപ്രകാരം പ്രകാശിപ്പിക്കും. അഹന്ത, സത്ത്വത്തിന്‍ ബലത്താല്‍ തന്നില്‍ പ്രതിബിംബിച്ച ചൈതന്യപ്രകാശം കൊണ്ടു അവറ്റെ വെവ്വേറെയായി കാണിക്കിലും, തനതു സ്വഭാവമായ സ്വന്തസ്ഥിതി (തന്മ) എന്ന താദാത്മ്യസംബന്ധത്താല്‍ അവയില്‍ താദാത്മ്യപ്പെട്ടു നില്ക്കും.
ഈ മൂന്നു ഗുണങ്ങളാല്‍ കല്പ്പിക്കപ്പെടുന്ന വിഷയങ്ങളെയും അവകളെ അഹന്ത താദാത്മ്യപ്പെടുത്തും മാതിരിയേയും പറയാം: മൂന്നാമത്തെ അവസ്ഥയില്‍ നിന്നും അഹന്ത ഉദിച്ച്, അതില്‍ പ്രതിബിംബിച്ച ചൈതന്യപ്രകാശത്താല്‍ തന്നുള്ളടങ്ങിയ സത്ത്വ ഗുണത്തിന്റെ ബലത്താല്‍ അഹന്തയ്ക്കു വര്‍ത്തമാനത്തില്‍ അഹമര്‍ത്ഥജ്ഞാനവും, ഭൂതകാലത്തില്‍ അഹമര്‍ത്ഥജ്ഞാനാഭാവവും അതു തന്നെ അജ്ഞാനവും ആയി ഭേദിച്ച് കാണപ്പെടും. അങ്ങനെ തന്റെ സ്ഫൂര്‍ത്തിക്കഭേദമായി സത്ത്വഗുണത്താല്‍ കാണിക്കപ്പെട്ട തന്റെ സ്ഫൂര്‍ത്ത്യഭാവജ്ഞാനരൂപമായ അജ്ഞാനത്തെ തന്റെ സ്വഭാവമായ തനതാത്മത്വത്താല്‍ സംബന്ധിച്ച് താദാത്മ്യപ്പെട്ട്, തദ്ദശയില്‍ തന്റെ അഭാവത്തെ താദാത്മ്യമായി പ്രാപിച്ച്, തന്നില്‍ പ്രതിബിംബിച്ച ചൈതന്യവും, അഹംകാരം നീങ്ങിയ തനതു സ്ഫൂര്‍ത്തിക്കു മുമ്പായ തനതു താദാത്മ്യത്തിനു അവലംബമായുള്ള തനതു അധിഷ്ഠാനവൃത്തിയില്‍ പ്രതിബിംബിച്ച ചൈതന്യം അവിടെ പ്രകാശിച്ചു നില്‍ക്കയാല്‍ ആ താദാത്മദശയിലുദിച്ച ലയരൂപതമോഗുണത്തിന്റെ ആധിക്യത്താല്‍ അധിഷ്ഠാനവൃത്തി പ്രതിബിംബിതചൈതന്യവും, അതിനെ താദാത്മ്യമായടഞ്ഞ് അവിടുന്ന് ആ വൃത്തിപ്രതിബിംബിതചൈതന്യവും, അഹന്താവൃത്തിക്കു തദ്ദശയില്‍ സത്ത്വത്തിന്റെ സഹായം തമസ്സാല്‍ ബാധിക്കപ്പെട്ട ആ തമോഗുണത്തില്‍ പ്രതിബിംബിച്ച ചൈതന്യം പ്രകാശരൂപമായിരിക്കിലും അതും, ആ ഉപാധിബലത്താല്‍ ജഡം പോലെ തന്നെ പ്രകാശിക്കും. അങ്ങിനെ പ്രകാശിക്കേ, ആ ഉപാധിയെയും അതിന്റെ മയമായ തന്നെയും തന്നാല്‍ തനത് അഭാവമായി കല്പിക്കപ്പെട്ട തനതധിഷ്ഠാനവൃത്തിയേയും അഭേദമായിക്കൊണ്ട്, ഇതധിഷ്ഠാനം, ഇതു ലയരൂപതമോഗുണം എന്നു പിരിച്ചറിയുന്നതിനുള്ള വിവേകമില്ലാതെ ലയരൂപതമോഗുണത്തില്‍ മയക്കത്താല്‍ മയങ്ങി നില്‍ക്കും. ഇതാകുന്നു അഹന്ത താദാത്മ്യപ്പെടുന്ന വിധം. ഇനി ഇതിനെ അപ്പുറപ്പെടുത്തുന്ന വിവരം പറയാം:
നീ ഉണര്‍ന്നിരിക്കുമ്പോള്‍ സുഷുപ്തിദശയെ പ്രാപിക്കാതെ പ്രാപിച്ച്, അനന്തരം അതില്‍ നിന്നും അഹന്തയും ഉദിപ്പിച്ച്, എങ്ങനെ ഘടപടാദികളെ ഇന്ദ്രിയ സത്തയാല്‍ വ്യപിച്ചനുഭവിക്കുമ്പോള്‍ ഘടപടാദി നാമരൂപങ്ങളോടുകൂടി അനുഭവിക്കപ്പെടുന്നതുപോലെ തന്നെ അവറ്റിന്‍ നാലു പാര്‍ശ്വങ്ങളിലും നാമരൂപങ്ങളില്ലാതെ നിരാകാരമായൊരു വ്യാപകചൈതന്യം നിര്‍വിഷയമായനുഭവിക്കപ്പെട്ട് അതില്‍ ഘടപടാദി നാമരൂപങ്ങള്‍ കാണപ്പെടാത്തതുകൊണ്ട് ഘടപടാദ്യഭാവം കല്പിക്കപ്പെട്ട്, ആ വ്യാപകചൈതന്യാനുഭവം തന്നെ കല്പ്പിക്കപ്പെട്ട ആ അഭാവവൃത്തിയില്‍ പ്രതിബിംബിച്ച് ആ അഭാവവൃത്തിയെ അഭാവമായി പ്രകാശിപ്പിച്ച് കാണപ്പെടുന്നുവോ അങ്ങനെ തന്നെ, ആ അഹംകാരവൃത്തിപ്രതിബിംബിത ചൈതന്യപ്രകാശബലത്താല്‍ ആ അഹന്താവൃത്തി സ്ഫുരിച്ചു പ്രകാശിപ്പിക്കേ അതിനെ പ്രകാശിപ്പിക്കുന്ന ചൈതന്യം അതിങ്കല്‍ ഉള്ളടങ്ങിയതാകാതെ ആ അഹങ്കാരം ഘടപടാദികളെപ്പോലെ ജഡമായും ഖണ്ഡമായും ഉള്ള വിധത്തോടുകൂടിയതാകയാല്‍, ഖണ്ഡമായ ജഡത്തെ പ്രകാശിപ്പിക്കുന്ന ചൈതന്യം അഖണ്ഡമാകയാല്‍ ആ അഖണ്ഡചൈതന്യം അഹന്തയുടെ ഉല്പത്തിക്കു മുമ്പും ഉല്പത്തിക്കു പിമ്പും ഉല്പത്തി ദശയിലും ആയ സകല പാര്‍ശ്വങ്ങളിലും അറിഞ്ഞ് വ്യാപിച്ചനുഭവിപ്പതിനാല്‍ അപ്രകാരം വ്യാപിച്ചനുഭവിക്കേ ഈ അഹന്ത ഉദിച്ചതുകൊണ്ട് ഈ അഹന്തയുടെ അനുഭവവും ഈ അഹന്ത ഉദിക്കാത്തതുകൊണ്ട് മുന്‍ സ്ഥലത്തു ഇതിന്റെ അഭാവാനുഭവവും കാണപ്പെടും.
ഘടാഭാവം കല്പിക്കപ്പെടണമെങ്കില്‍ ഘടത്തില്‍ കല്പിക്കപ്പെടുകയില്ല; ഘടത്തിനും ഘടാഭാവത്തിനും ആധാരമായ പൃഥ്വിയില്‍ തന്നെ കല്പിക്കപ്പെടണം; ഇപ്രകാരമാകില്‍, ഉദിച്ച സ്ഥാനത്തു ഈ അഹന്തയുടെ ഇരിപ്പും ഉദയത്തിനു മുമ്പായ സ്ഥാനത്തു ഈ അഹന്തയുടെ അഭാവവും കല്പിക്കപ്പെടണമെങ്കില്‍ ഒരാധാരത്തെപ്പറ്റി കല്പിക്കണം; അല്ലാതെ നിരാധാരമായി കല്പിക്കപ്പെടുകയില്ല; എന്നിങ്ങനെ അനുഭവദൃഷ്ടിയിനാല്‍ ആലോചിച്ച്, ആ അഹന്താസ്ഫൂര്‍ത്തിയെയും, മുമ്പിലെ ദശയില്‍ ആ അഹന്ത അഭാവമായി കാണപ്പെടുകയാല്‍ അതിന്റെ അഭാവത്തേയും അനുഭവദൃഷ്ടിയിനാല്‍ നിദാനിച്ച്, ആ അഹന്തയുടെ ഇരിപ്പും അതിന്റെ അഭാവവും ഏതൊരാധാരത്തില്‍ കല്പിക്കപ്പെട്ടു തോന്നുന്നുവെന്ന് നോക്കുകില്‍ ഈ രണ്ടും തങ്ങള്‍ക്കാധാരമായ ഭാവാഭാവത്തോന്നലറ്റ ശൂന്യത്തെ കാരണമായിട്ടു കാണിച്ചുകൊണ്ടു നില്‍ക്കും. അങ്ങിനെ, ഭാവാഭാവത്തോന്നലറ്റ ശൂന്യാനുഭവത്താല്‍ വ്യാപിക്കപ്പെടുകില്‍, ആ ശൂന്യവും തന്നെ പ്രകാശിപ്പിക്കുന്ന അധിഷ്ഠാന പ്രകാശസത്തയെത്തന്നെ തനിക്കാധാരമായി കാണിച്ചുകൊണ്ടു നില്‍ക്കുമെന്നല്ലാതെ നിരാധാരമായിരിക്കുകയില്ല. അങ്ങനെ ഭാവാഭാവത്തോന്നലറ്റ ശൂന്യാനുഭവമാകട്ടെ, അഹംകാരാഭാവത്തോന്നലിന്റെ അനുഭവമാകട്ടെ, അഹങ്കാരത്തോന്നലിന്റെ അനുഭവമാകട്ടെ ഈ മൂന്നും മുന്‍ പറഞ്ഞ പ്രകാരം ഭിന്നഭിന്ന പ്രകാരമായിട്ട്, അണു, മേരു ഇവ പോലെ, ദൃശ്യത്തിന്റെ ഭേദത്തെ പ്രാപിച്ച ജാഗ്രദവസ്ഥയില്‍ ഭാവാഭാവദൃശ്യത്തോന്നല്‍ താനായി കാണപ്പെടാതെ തനിക്കന്യമായി കാണപ്പെടുന്നതു പോലെ, സുഷുപ്തിക്കു പോകുമ്പോഴും അതില്‍ നിന്നുണരുമ്പോഴും ദൃശ്യരൂപത്തെ പ്രാപിച്ച അഹന്ത, തദഭാവം, ഈ രണ്ടു തോന്നലുമില്ലാത്ത ശൂന്യം, ഈ മൂന്നും താനായി കാണപ്പെടാതെ തനിക്കന്യമായി അനുഭവിക്കപ്പെടും. എന്നാല്‍ ഈ മൂന്നു തോന്നലും അഹംകാരത്തിന്‍ ഗുണവികാരമെന്നല്ലാതെ, ഈ മൂന്നിനെയും പ്രകാശിപ്പിച്ച ആത്മ ചൈതന്യത്തിന്റെ വികാരമെന്നു വരുകയില്ല. ഇതിനെ അനുഭവത്തില്‍ പറയാം:
അഹംകാരം മൂന്നു ഗുണത്തോടു കൂടിയതാകയാല്‍ ആ മൂന്നു ഗുണത്തെയും പിരിച്ചുനോക്കിയാല്‍ ആ അഹംകാരം സ്വരൂപമറ്റ് ആത്മചൈതന്യമാത്രമായ അഹംപദത്തിന്റെ പരമാര്‍ത്ഥപ്പൊരുളായി ശേഷിക്കും. അത് എങ്ങിനെയെന്നാല്‍, തോന്നിയതിനെ തോന്നാത്തവിധത്തില്‍ ചെയ്ക, ഇല്ലാത്തതിനെ ഉള്ളതുപോലെ തോന്നിക്ക, തോന്നിയതിനേ പരിപാലിക്ക, ഈ മൂന്നിനെയും വെണ്മ, ചെമപ്പ്, കറുപ്പ് ഈ മൂന്നിനെയും, ഒരു മൃത്ഘടത്തിന്‍ ഗുണങ്ങളായി കണ്ട് അവയെ ബുദ്ധികൊണ്ട് പിരിച്ചെടുത്താല്‍ ഗുണങ്ങള്‍ക്കാധാരമായ ഘടവും നശിച്ച് അതില്‍ ആധേയങ്ങളായിരുന്ന ഗുണങ്ങളും നിരാധാരമായഴിഞ്ഞ്, അഗ്ഗുണങ്ങളായും മൃത്ഘടമായും പ്രകാശിച്ച പ്രകാശമാത്രമായി ശേഷിച്ച് അനുഭവത്തിനു വരും. അതുപോലെ ഈ ഗുണങ്ങള്‍ക്കാധാരമായിരുന്ന അഹംകാരവുമഴിഞ്ഞ്, അതില്‍ ആധേയങ്ങളായിരുന്ന ആ ഗുണങ്ങളും ആധാരം കൂടാതെ നശിച്ച്, ആധാരാധേയങ്ങളായിരുന്ന അഹംകാരം, അവറ്റിന്‍ ഗുണം , ഇവകളായി പ്രകാശിച്ച പ്രകാശം, താനേയായിട്ട് ശേഷിച്ച്, ഭാനമാത്രമായി അനുഭവത്തില്‍ വരും.
(ശിഷ്യന്‍ അപ്രകാരമേ ആ അഹങ്കാരത്തിന്‍ വ്യാപാരഭേദത്താല്‍ പ്രകാശിക്കപ്പെട്ട ആ മൂന്നു ഗുണങ്ങളെയും ഒരു കയറ്റിനു ചേര്‍ന്ന പിരികളെ പിരിച്ചെടുക്കുന്നതുപോലെ, മൂന്നു തൊഴിലുകളെയും അതില്‍ നിന്നു നീക്കവേ നിര്‍വ്യാപാരമായതിനാല്‍ ഗുണങ്ങളും തനിയെ ഒഴിഞ്ഞ്, അഹങ്കാരമായി തോന്നല്‍, ഇല്ലാതെ മറയല്‍, അപ്രകാരമായി പ്രകാശിക്കല്‍ ഈ മൂന്നു സ്വഭാവവുമില്ലാതെയായിട്ട്, അഹന്ത നശിച്ച് അപ്രകാരമേ ആധാരം കൂടാതെ ഗുണങ്ങളും നഷ്ടമായി അഹങ്കാരവും ഗുണങ്ങളുമില്ലാത്ത ഭാനാമാത്രമായ അനുഭൂതി പുരാതനമായ തനതു സ്വരൂപമായിരുന്നിട്ടും നൂതനം പോലെ നിരഹങ്കാരമെന്ന ഉപശാന്തിപദവിയില്‍ മുഴുകി നിന്ന് വിജ്ഞാപിക്കുന്നു.)
പ്രാണാനാഥനായ പരമഗുരോ! നല്ലതുപോലെ അറിഞ്ഞ്, ഒരുവന്റെ നാമത്തേയും ലക്ഷണത്തേയും മറ്റൊരുവന്‍ വേഷമായി പൂണ്ടു മോഹിപ്പിക്കല്‍ പോലെ, അഹം എന്ന നാമവും അഹം എന്ന പ്രകാശിക്കലുമായ വേഷമാത്രത്താല്‍ ഈ അഹന്ത ആത്മവസ്തുവെന്നപോലെ മോഹിപ്പിച്ചു. ഇപ്പോള്‍ വിവേകിച്ച് അനുഭവമായി നോക്കുകില്‍ ഒരു വൃക്ഷത്തില്‍ തോന്നിയ ബ്രഹ്മരക്ഷസ്സുപോലെ മിഥ്യയായിപ്പോയി. അപ്രകാരമേ അഹന്തയുടെ തിരോധാനത്താല്‍ അഖണ്ഡാത്മജ്ഞാനനിരോധനമായ അജ്ഞാനവും അഹന്തയായി പ്രകാശിച്ച വിപരീതജ്ഞാനവും ഈ രണ്ടു വിധമായും കൂടെ തോന്നായ്കയായ ശൂന്യജ്ഞാനവും, ഇല്ലാതവയായ ഈ ത്രിഗുണങ്ങളുടെ സാമ്യവൈഷമ്യങ്ങളാല്‍ തോന്നിയതെന്നും, ഇവയും മിഥ്യയത്രേയാകുന്നുവെന്നും, അറിഞ്ഞു എങ്കിലും ഇല്ലാത്ത ഈ അഹന്ത ഉള്ളതുപോലെ തോന്നി, ഇല്ലാത്ത ഗുണങ്ങളാല്‍ സ്ഥൂലസൂക്ഷ്മങ്ങളായ വിഷയങ്ങളെ കല്പിച്ച് അവറ്റെ സ്വന്തമായി കാണിക്കുന്ന സ്വഭാവമെങ്ങനെ?
ആചാ: സുഷുപ്തിയില്‍ നിന്നും ത്രിഗുണങ്ങളാലുദിച്ച അഹന്ത താന്‍ മാത്രമായി തനിച്ചു നില്‍ക്കുമ്പോള്‍ ആത്മാ അദൃശ്യനാകയാല്‍ അതിനെ താദാമ്യപ്പെടുത്തുന്നതിനു ഉപകാരപ്പെടാതെ വാടിനില്‌ക്കേ, രജോഗുണം മുമ്പ് അഹങ്കാരത്തെ തോന്നിപ്പിച്ചതുപോലെ, അതിസൂക്ഷ്മമായ വാസനയിനാല്‍ ആ അഹന്തയില്‍ ശബ്ദഗ്രഹണ സാമര്‍ത്ഥ്യത്തോടുകൂടിയ ശ്രോത്രമെന്നു ഒരു പ്രജ്ഞയായി കല്പനപ്പെട്ട്, അതിനെ ആ അഹന്ത രജോഗുണത്തിന്റെ മുമ്പിലത്തെ സ്ഥൂലവാസന സംബന്ധത്തെ താദാത്മ്യപ്പെട്ടു ശഷ്‌കുലി (പപ്പടം) പോലയുള്ള രക്തമാംസാംദികളാലുണ്ടായ ചെവിയെ അഭിമാനിച്ച്, അതിന്റെ മദ്ധ്യത്തില്‍ ശ്രവണവല്ലഭത്തോടുകൂടിയ ശ്രോത്രേന്ദ്രിയമായി ഭവിച്ച്, അതില്‍ പ്രതിബിംബിച്ച ചൈതന്യപ്രകാശം അതിനു ശ്രവണശക്തിയായി പ്രകാശിച്ചു നിന്നു. അപ്രകാരം തന്നെ, രജോഗുണം അഹന്തയ്ക്കു അതിസൂക്ഷ്മമായ വാസനാവിശേഷത്താല്‍ രൂപഗ്രഹണ സാമര്‍ത്ഥ്യമുള്ള ദൃഷ്ടിയാകെ കല്പിക്കപ്പെട്ട്, അതിനെ രജോഗുണത്തിന്‍ പൂര്‍വ്വവാസനാരൂപമായ സ്ഥൂലമാകുന്ന രക്തമാംസാദിവികാരമായുള്ള ബുദ്ബുദതുല്യമായ നേത്രങ്ങളെ അഭിമാനിച്ച്, ഞാന്‍ കാണുന്നു എന്നിങ്ങനെ പ്രകാശിക്കെ അതില്‍ പ്രതിബിംബിച്ച ആത്മചൈതന്യപ്രകാശവും അതിനു ദര്‍ശന വല്ലഭമായി പ്രകാശിച്ചു നിന്നു. ഇങ്ങനെ തന്നെ രണ്ടു വക സൃഷ്ടികളായ ഇന്ദ്രിയങ്ങളും രജോഗുണത്തിന്‍ അതിസൂക്ഷ്മവാസനയാല്‍ അഹന്തയുദിച്ച് അവയെ പൂര്‍വ്വം പോലെ ആ അഹന്ത താദാത്മ്യപ്പെടുകയാല്‍ അതതില്‍ പ്രതിബിംബിച്ച ആത്മചൈതന്യപ്രകാശവും അതതിനു അതാതു വല്ലഭമായി പ്രകാശിച്ചു നിന്നു. അപ്രകാരമേ രജോഗുണത്തിന്‍ സ്ഥൂലവാസനയെ മുന്നിട്ട് ഇന്ദ്രിയഗോളകങ്ങളില്‍ താദാത്മ്യത്തോടുകൂടിയ അഹന്തയ്ക്കു രജോഗുണത്തിന്‍ സൂക്ഷ്മവാസനാ വിശേഷത്താല്‍ അഹന്തയില്‍ രജോഗുണം ശബ്ദസ്പര്‍ശരൂപരസഗന്ധാദികളായി കല്പിക്കപ്പെട്ടു. അവ സ്ഥൂലമായി ഗോളകദ്വാരാബഹിര്‍മുഖമായി വിഷയീകരിക്കപ്പെട്ടു. അവറ്റെ ആ അഹന്ത ഇന്ദ്രിയഗോളകങ്ങളോടുകൂടിയ സ്ഥൂലദേഹത്തില്‍ വ്യാപിച്ച്, അതിനെ ഞാന്‍ എന്നഭിമാനിച്ചതുകൊണ്ട് പുറമേയായി തോന്നിയ ആ വിഷയങ്ങളെ താന്‍ വ്യാപിച്ചിരുന്ന്, അവയില്‍ ശരീരേന്ദ്രിയഗോളകക്കുറിപ്പ് കാണപ്പെടാത്തതിനാല്‍ എന്റെ വിഷയമെന്നു താദാത്മ്യപ്പെട്ട്, അവയില്‍ പ്രതിബിംബിച്ച ആത്മചൈതന്യപ്രകാശവും അവയ്ക്കു ആവക ശക്തികളായി പ്രകാശിച്ചു നിന്നു. അപ്രകാരമേ, സ്വപ്നാവസ്ഥയിലെന്നും അറിയേണ്ടതാണ്.
ശി: അയ്യാ! ജ്ഞാനേന്ദ്രിയങ്ങള്‍ സത്ത്വഗുണത്തിന്‍ വികാരങ്ങളാകുന്നുവെന്നും, കര്‍മ്മേന്ദ്രിയങ്ങള്‍ രജോഗുണവികാരങ്ങളാകുന്നുവെന്നും ശാസ്ത്രങ്ങളില്‍ കാണപ്പെട്ടിരിക്കെ; ഈ രണ്ടു വക ഇന്ദ്രിയങ്ങളേയും രജോഗുണവാസനാവികാരങ്ങളെന്നു അരുളിച്ചെയ്തത് എങ്ങനെയാണ്?
ആചാ: രണ്ടു വക ഇന്ദ്രിയങ്ങളിലും ത്രിഗുണങ്ങള്‍ ഇരിക്കുന്നുണ്ട്. എങ്കിലും രണ്ടു വക ഇന്ദ്രിയങ്ങളായി കല്പിക്കപ്പെട്ട സൃഷ്ടികള്‍ മാത്രം രജോഗുണത്തിന്‍ വാസനാമയങ്ങളാകും. തോന്നിയവകളെ അതാതു ധര്‍മ്മങ്ങളോടുകൂടി വെവ്വേറെ പ്രകാശിപ്പിക്കല്‍ സത്ത്വഗുണത്തിന്റെ വാസനാമയമാകും. അതു പ്രധാനമായതുകൊണ്ട്, അവയെ സത്ത്വത്തിന്റ വികാരങ്ങളായി പറയപ്പെടും. ആ ഇന്ദ്രിയങ്ങള്‍ക്കു ഒവ്വോരു കാലത്തില്‍ തങ്ങള്‍ തങ്ങളുടെ വ്യാപാരസ്ഫൂര്‍ത്തി തിരോധാനപ്പെടും വണ്ണം അനുഭവത്തിനു വരുകയാല്‍ നിരന്തരമായില്ലാത്തതുകൊണ്ട് അതു അപ്രധാനമായാലും അവകളില്‍ തമോഗുണവും ഉള്ളതു തന്നെയാകും.
ഇങ്ങനെയാകില്‍, അഹന്തയുടെ മൂന്നു ഗുണങ്ങളെ പിരിച്ചതുപോലെ, അഹന്തയിലുദിച്ച മൂന്നു ഗുണങ്ങളുടെ വെവ്വേറെയായ സൂക്ഷ്മവാസനകളെയും പിരിക്കില്‍, ബീജശക്തിയില്‍ പൃഥ്വിജലാംശങ്ങളെ ബുദ്ധികൊണ്ടു പിരിച്ചു നോക്കുമ്പോള്‍ ബീജം, വൃക്ഷം എന്ന വികാരം നശിച്ച്, ബീജമായും വൃക്ഷമായും പ്രകാശിച്ച ബീജശക്തിയായ ആത്മചൈതന്യ പ്രകാശമാത്രമായി ശോഭിക്കുന്നതുപോലെ, ആ ഗുണങ്ങളാകട്ടെ, അവറ്റിന്‍ വാസനകളാകട്ടെ, വാസനാമയങ്ങളായ സ്ഥൂലസൂക്ഷ്മ വകുപ്പോടുകൂടിയ ദേഹേന്ദ്രിയാദി വിഷയങ്ങളാകട്ടെ, ഇവ സര്‍വ്വവും അഭാവമായി, ഇവകളെല്ലാമായി പ്രകാശിച്ച ആത്മചൈതന്യപ്രകാശമാത്രമായി അനുഭവിക്കപ്പെടും.
ശി: അപ്രകാരമേ, വിഷയങ്ങളെ ഇന്ദ്രിയങ്ങളിലടക്കി, ആ ബഹിരിന്ദ്രിയങ്ങളുടെ ശക്തികളെ അവറ്റെ വ്യാപിച്ച അഹന്തയോടും ഗുണങ്ങളുടെ സൂക്ഷ്മവാസനാമാത്രമായടക്കി, ആ വാസനകളെയും അവയ്ക്കു ആധാരമായ ഗുണങ്ങളില്‍ ചലനവിശേഷങ്ങളിലടക്കി, ആ ചലനങ്ങളെയും തങ്ങള്‍ക്കു ആധാരമായ ആ ഗുണങ്ങളിലടക്കി നില്‌ക്കേ, നിരാകാരമായി യാതൊരു, തോന്നിമറവറ്റ സഹജമായ ദൃഗനുഭവത്തെ, ഭൂമിയിങ്കലിരുന്ന് സൂര്യമണ്ഡലത്തെ വ്യാപിച്ച് പ്രകാശിക്കുന്ന ദൃഗനുഭൂതിയാല്‍ ഊര്‍ദ്ധ്വഭാഗത്തിലുള്ള സൂര്യമണ്ഡലവും അധോഭാഗത്തിലുള്ള ദൃഷ്ടിഗോളകവും ഗ്രഹിക്കപ്പെടാതെയിരുന്നാല്‍ ആ അനുഭൂതി എപ്രകാരം ഗ്രഹിക്കപ്പെടുന്നോ അപ്രകാരം, പ്രാപിച്ച ആ അനുഭൂതിയില്‍ നിന്നും, വെണ്മ ചേര്‍ന്ന ഒരു ഭിത്തിയില്‍ മറ്റൊരു നിറത്തെ ഇട്ടാല്‍ ആ നിറം മാറി ഈ നിറമായിട്ടു വരുന്നതുപോലെ, ദൃശ്യമായ മുമ്പറഞ്ഞവയും, അതേതു സ്വഭാവത്തോടും കല്പനപ്രകാരം കണ്ട നാമരൂപത്തോടും കൂടിയ പ്രകാശമാകുന്ന ഭിത്തിയില്‍ തനതനുഭവമായി കണ്ട പഞ്ചവര്‍ണ്ണങ്ങളും, നെടിയത്-കുറിയത്, ചെറുത്- വലുത്, നീളം-ഘനം, ഇവകള്‍ കൂടാതെ, പ്രത്യക്ഷപ്പെടാതെ താനായി പ്രകാശിപ്പിക്കും. ജ്ഞാനാനുഭവം എന്ന ആത്മാനുഭൂതിയാകുന്ന നിറത്താല്‍ അഴുത്തി (അമര്‍ത്തി) വ്യാപിച്ചു നോക്കിയാല്‍ ആ നാമരൂപങ്ങള്‍ വിട്ടൊഴിഞ്ഞ് ഭാനമാത്രമായി, അഖണ്ഡമായി പ്രകാശിച്ച പ്രകാരം അനുഭവിച്ച്, അങ്ങിനെ അഖണ്ഡപ്രകാശാനുഭൂതി മാത്രമായ തന്നില്‍ കാലത്രയത്തിലും, ശുക്തിയില്‍ രജതമെന്നപോലെ, പ്രപഞ്ചംയാവും (അല്പവും) ഇല്ലായെന്നു തെളിഞ്ഞ്, നിര്‍ഭയമാകുന്ന പരമാനന്ദസമുദ്രത്തില്‍ മുഴുകി.