അദ്ധ്യായം രണ്ട്
ശ്രീ ത്രിപുരസുന്ദരൈ്യ നമഃ
വിധിപോലെ കുളിച്ചു സന്ധ്യാവന്ദനം കഴിച്ചു പൂജാഗൃഹത്തില്‍ പ്രവേശിച്ച് ആചമിച്ചു സാമാന്യജലംകൊണ്ട് തളിച്ചു ദ്വാരദേവതാരാധനം ചെയ്യുക.
സങ്കല്പം : ‘അദ്യ ശ്രീമത് ഭഗവതോ മഹാപുരുഷസ്യ വിഷ്‌ണോരാജ്ഞയാ പ്രവര്‍ത്തമാനസ്യ ബ്രഹ്മണോ ദ്വിതീയേ പരാര്‍ദ്ധേ വിഷ്ണുപദേ ശ്രീ ശ്വേതവാരാഹകല്‌പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതിതമേ യുഗേ യുഗചതുഷ്‌കേ കലിയുഗേ പ്രഥമചരണേ ജംബുദ്വീപേ ഭാരതവര്‍ഷേ ദക്ഷിണാപഥേ മലയക്ഷേത്രേ ബൗദ്ധാവതാരേ അമുകദേശേ ശാലിവാഹനശകേ സന്ധൗ വര്‍ത്തമാനേ ഗോദാവര്യാഃ ദക്ഷിണേ തീരേ വര്‍ത്തമാനവ്യാവഹാരികേ അമുക (ഇന്ന) സംവത്സരേ അമുക (ഇന്ന) അയനേ ഋതൗ, മാസേ, പക്ഷേ, തിഥൗ, വാസരേ, ദിവസനക്ഷത്രേ, അമുകനക്ഷത്രസ്ഥേ, ചന്ദ്രേ, അമുകസ്ഥിതേ സൂര്യേ, അമുകസ്ഥേ ബൃഹസ്പതൗ, അന്യഗ്രഹേഷു യഥായോഗം സ്ഥിതേഷു സല്‍സു ശുഭനാമയോഗേ ശുഭകരണേ ഏവം ഗുണവിശേഷണവിശിഷ്ടായാം തിഥൗ മമ ആത്മനഃ ശ്രുതിസ്മൃതിപുരാണോക്തഫലാവാപ്ത്യര്‍ത്ഥം അസ്മാകം സകുടുംബാനാം സപരിവാരാണാം ക്ഷേമ സ്ഥൈര്യാരോഗൈ്യശ്വര്യാഭിവൃദ്ധ്യര്‍ത്ഥം സമസ്താഭ്യുദയാര്‍ത്ഥം ച ശ്രീകാമേശ്വരീപ്രസാദസിദ്ധ്യര്‍ത്ഥം യഥാപ്രാപ്‌തോപചാരദ്രവൈ്യഃ ശ്രീചക്രപൂജാം കരിഷ്യേ’.
അനന്തരം വലതുഭാഗത്ത് ‘ഐം ഹ്രീം ശ്രീം ഭദ്രകാളൈ്യ നമഃ’ ഇടതുഭാഗത്ത് 3. ‘ഭൈരവായ നമഃ’ മുകള്‍ ഭാഗത്ത് 3. ‘ലംബോദരായ നമഃ’ എന്ന് പിന്നെ ഗൃഹത്തിനുള്ളില്‍ – മുറിയില്‍ കടന്ന് ആഭരണാദികള്‍ ധരിച്ച്, സുഗന്ധദ്രവ്യങ്ങളണിഞ്ഞ് ഇല്ലെങ്കില്‍ സങ്കല്പിച്ച് മനോഹരവും മൃദുവും ആയിരിക്കുന്ന ആസനത്തില്‍ ‘സൌഃ’ എന്നു പന്ത്രണ്ടുവട്ടം അഭിമന്ത്രിച്ച് മൂലമന്ത്രം കൊണ്ട് പ്രോക്ഷിച്ച് ‘ഐം ഹ്രീം ശ്രീം ആധാരശക്തി കമലാസനായ നമഃ’ എന്നു പൂജിച്ചു കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കുക. ഇരിക്കുന്നതിന്റെ വലതുഭാഗത്ത് പൂജാദ്രവ്യങ്ങള്‍ (പുഷ്പാദികള്‍) ഇടത്തുഭാഗത്തു വാസനയുള്ള വെള്ളം നിറച്ച ജലപാത്രം ഇവ വെയ്ക്കുക. ഇതിന്റെ ഇടത്തായി കൈ നനക്കുക മുതലായതിനു മറ്റൊരു പാത്രത്തിലും ജലം ഉണ്ടായിരിക്കണം. പത്മചക്രത്തിന്റെ ചുറ്റും നെയ്യൊഴിച്ചു കത്തിച്ചിട്ടുള്ളതായ വിളക്കുകള്‍ വെയ്ക്കുക. (എണ്ണ, വെളിച്ചെണ്ണ ഇവയുമാകാം.)
‘ശാലിഭിഃ കര്‍ണ്ണികാമദ്ധ്യ-
മാപുര്യോപരിതണ്ഡുലൈഃ
അലംകൃത്യപുനസ്‌തേഷു
ദര്‍ഭാനാസ്തീര്യമന്ത്രവിത്
കൂര്‍ച്ചമക്ഷതസംയുക്തം
ന്യസേത്തേഷാമഥോപരി’
അര്‍ത്ഥം: പത്മമദ്ധ്യത്തില്‍ – ബിന്ദുവില്‍ – കുറെ നെല്ലിട്ട് അതിന്റെ മുകളില്‍ ഉണക്കലരിയിട്ടു പതുക്കെ പരത്തി അതിന്റെ മുകളില്‍ ദര്‍ഭ നിരത്തി അക്ഷതമഞ്ഞളും ദര്‍ഭ കൊണ്ടുള്ള ഒരു കൂര്‍ച്ചവും വെയ്ക്കണം. ടി ആസനത്തിലിരുന്ന് ഇടത്തും വലത്തും തൊഴുത് ഗുരുവന്ദനവും ഗണപതിവന്ദനവും ഭൂതശുദ്ധിയും ക്രമേണ ചെയ്ത്, പിന്നീട് കരന്യാസം, താളത്രയം, മേല്‍ക്കുമേല്‍ അസ്ത്രമന്ത്രം കൊണ്ട് ദിഗ്ബന്ധം ഇവ ചെയ്ത്, പിന്നെ ഋഷി, ഛന്ദസ്, ദേവത ഇവ മൂന്നും ശിരസ്സിലും വദനത്തിലും ഹൃദയത്തിലും ക്രമേണ ന്യസിച്ചു മൂലമന്ത്രം കൊണ്ടു പ്രാണായാമം ചെയ്ത് അംഗന്യാസകരന്യാസവും യഥാശക്തി മൂലമന്ത്രജപവും കഴിച്ച് അനന്തരം കലശപൂജ. തന്റെ ഇടതുഭാഗത്ത് മത്സ്യമുദ്രപിടിച്ചു ചന്ദനവെള്ളത്തില്‍ മുക്കി, ബിന്ദുവും അതിന്റെ പുറമേ ത്രികോണവും അതിനു പുറമേ വൃത്തവും അതിനുപുറമേ ചതുരശ്രവും ആ മത്സ്യമുദ്ര കൊണ്ട് വരയ്ക്കാം. അതില്‍ ചന്ദനം, പുഷ്പം, ഉണക്കലരി ഇവ ഒന്നിച്ചെടുത്തു ‘ദേവ്യംഭഃ കലശാധാരായ നമഃ’ എന്നര്‍ച്ചിച്ച് അതിന്റെ മുകളില്‍ കലശപാത്രം അസ്ത്രമന്ത്രം കൊണ്ട് പ്രക്ഷാളനം ചെയ്തു സ്ഥാപിച്ചിട്ട് ‘ഐം ഹ്രീം ശ്രീം ഹ്രാം ഹൃദയായ നമഃ’ എന്നു ജപിച്ച് അങ്കുശമുദ്ര പിടിച്ച് സൂര്യമണ്ഡലത്തിങ്കല്‍ നിന്നു തീര്‍ത്ഥമാവാഹിച്ചു ‘കലശസ്യമുഖേ ശംഭുഃ കണ്‌ഠേവിഷ്ണുഃ സമാശ്രിതഃ മൂലേ തത്രസ്ഥിതോ ബ്രഹ്മാ മദ്ധ്യേ മാതൃഗണാഃ സ്മൃതാഃ കുക്ഷൗതു സാഗരാഃ സര്‍വ്വേസപ്തദ്വീപാ വസുന്ധരാ, ഋഗ്വേദോfഥ യജുര്‍വ്വേദഃ സാമവേദോപ്യഥര്‍വ്വണഃ അംഗൈശ്ചസഹിതാഃ സര്‍വ്വേ കലശാംബുസമാശ്രിതാഃ ഗംഗേ ച യമുനേ സിന്ധോ ഗോദാവരി സരസ്വതി കാവേരി നര്‍മ്മദേ കൃഷ്‌ണേ ജലേfസ്മിന്‍ സന്നിധിം കുരു.’ ആയാന്തു ശ്രീദേവി പൂജാര്‍ത്ഥം ദുരിതക്ഷയകാരകാഃ ഓം കലശദേവതാംഭസേ നമഃ ഓം ബ്രഹ്മാണ്‌ഡോദരീതീര്‍ത്ഥാനി കരേ സ്പൃഷ്ടാനി തേ രവേ തേന സത്യേന മേ ദേവതീര്‍ത്ഥം ദേഹി ദിവാകര, ‘ആവാഹയാമി ത്വാം ദേവീ പൂജാര്‍ത്ഥമിഹ സുന്ദരീ, ഏഹി ഗംഗേ നമസ്തുഭ്യം സര്‍വതീര്‍ത്ഥസമന്വിതേ’ എന്നു തൊട്ടു ജപിച്ചു ഗന്ധാക്ഷതപുഷ്പങ്ങള്‍ നിക്ഷേപിച്ചു ചന്ദനാര്‍ദ്രകുസുമങ്ങളെക്കൊണ്ട് പാത്രം അലങ്കരിച്ചു മൂലമന്ത്രം ഏഴുരു ജപിച്ചു ധേനുയോനിമുദ്രകള്‍ കാണിക്കുക. ഇങ്ങനെ കലശപൂജ. അഥ ശംഖപൂജാ തന്റെ മുമ്പില്‍ ഇടത്തു മാറി മൂലമന്ത്രം ഏഴോ മൂന്നോ ഉരു ജപത്തോടൂകൂടി ശുദ്ധജലംകൊണ്ട് ബിന്ദുത്രികോണഷഡ്‌കോണവൃത്തചതുരശ്രമണ്ഡലം മത്സ്യമുദ്ര പിടിച്ചു വരയ്ക്കുക. ബിന്ദുവില്‍ മൂലമന്ത്രം കൊണ്ടും ത്രികോണകോണങ്ങളില്‍ മൂലമന്ത്രത്തിലുള്ള ഓരോരോ കൂടങ്ങളെക്കൊണ്ടും ഷഡ്‌കോണുകളില്‍ മൂലമന്ത്രത്തിലുള്ള ഓരോ കൂടങ്ങളെക്കൊണ്ട് ഹൃദയാദിയായിട്ടും അര്‍ച്ചിക്കണം. പിന്നെ, ആ മണ്ഡലത്തില്‍ ‘ഐം ഹ്രീം ശ്രീം അസ്ത്രായ ഫട്’ എന്നു ശംഖുകാലു കഴുകി വെച്ച് അതിന്മേല്‍ ‘ഐം ഹ്രീം ശ്രീം അം അഗ്നിമണ്ഡലായ ധര്‍മ്മപ്രദദശകലാത്മനേ അര്‍ഘ്യപാത്രാധാരായ നമ:’ എന്നര്‍ച്ചിച്ച് അതിനെ അഗ്നിമണ്ഡലമായി ഭാവിച്ച് അഗ്നിയുടെ വലത്തു കലകളേയും അതില്‍ ഓരോന്നായി മുമ്മൂന്നു പ്രാവശ്യം പൂജിക്കണം. [‘ഐം ഹ്രീം ശ്രീം യം ധൂമ്രാര്‍ച്ചിഷേ നമഃ 3 രം ഊഷ്മായൈ നമഃ 3 ലം ജ്വലിണ്യെ നമഃ 3 വം ജ്വാലിണ്യെ നമഃ 3 ശം വിഷ്ണുലിംഗിനൈ്യ നമഃ 3 ഷം സുശ്രിയൈ നമഃ 3 സം സുരൂപായൈ നമഃ 3 ഹം കപിലായൈ നമഃ 3 ളം ഹവ്യവാഹായൈ നമഃ 3 ക്ഷം കവ്യവഹായൈ നമഃ’] ഇതിവഹ്നേര്‍ദ്ദശകലാ
പിന്നീട് ‘ഐം ഹ്രീം ശ്രീം അസ്ത്രായ ഫട്’ എന്നു ശംഖു കഴുകി ‘ഐം ഹ്രീം ശ്രീം ഉം സൂര്യമണ്ഡലായ അര്‍ത്ഥപ്രദദ്വാദശകലാത്മനേfര്‍ഘ്യപാത്രായ നമഃ’ എന്നു ശംഖുകാലില്‍ പ്രതിഷ്ഠിച്ചിട്ടു സൂര്യമണ്ഡലമായി ഭാവിച്ച് അതില്‍ സൂര്യന്റെ തപിന്യാദികളായ പന്ത്രണ്ടു കലകളേയും മുമ്മൂന്നു പ്രാവശ്യം പൂജിക്കണം. (3 കം ഭം തപിനൈ്യ നമഃ 3 ഖം ബം താപിനൈ്യ നമഃ 3 ഗം ഫം ധൂമ്രായൈ നമഃ 3 ഘം പം മരീചൈ്യ നമഃ 3 ങ്ങം നം ജ്വാലിനൈ്യ നമഃ 3 ചം ധം രുചൈ്യ നമഃ 3 ഛം ദം സുഷുമ്‌നായൈ നമഃ 3 ജം ഥം ഭോഗദായൈ നമഃ 3 ഝം തം വിശ്വാധാരിണൈ്യ നമഃ 3 ഞം ണം ബോധിനൈ്യ നമഃ 3 ടം ഢം ധാരിണൈ്യ നമഃ 3 ഠം ഡം ക്ഷമായൈ നമഃ) ഇങ്ങനെ സൂര്യദ്വാദശകലാ.
പിന്നെ ഐം ഹ്രീം ശ്രീം മം സോമമണ്ഡലായ കാമപ്രദഷോഡശകലാത്മനേ അര്‍ഘ്യാ മൃതായ നമഃ എന്നു ശുദ്ധജലം ശംഖില്‍ നിറയ്ക്കുക. അതില്‍ പതിനാറു ചന്ദ്രകലകളേയും പ്രത്യേകം പ്രത്യേകം മുമ്മൂന്നുവട്ടം പൂജിക്കണം. (‘അമൃതായൈ നമഃ മാനദായൈ നമഃ പൂഷായൈ നമഃ തുഷ്‌ടൈ നമഃ പുഷ്‌ടൈ നമഃ രതൈ്യ നമഃ ധൃതൈ്യ നമഃ ശശിനൈ്യ നമഃ ചന്ദ്രികായൈ നമഃ കാന്തൈ്യ നമഃ ജോല്‍സ്‌നൈ്യ നമഃ ശ്രിയൈ നമഃ പ്രീതൈ്യ നമഃ അംഗദായൈ നമഃ പൂര്‍ണ്ണാമൃതായൈ നമഃ.’ ഈ ചന്ദ്രകലകളില്‍ ഓരോന്നിന്റെയും ആദ്യം ‘ഐം ഹ്രീം ശ്രീം’ എന്നിവയും ‘അം ആം’ ഇത്യാദി ഓരോ സ്വരങ്ങളും ചേര്‍ക്കണം.) പിന്നെ മൂലമന്ത്രഷഡംഗങ്ങളെക്കൊണ്ടും പൂജിക്കണം. അതുകഴിഞ്ഞ് ‘3 കവചായ ഹും’ എന്ന് അവഗുണ്ഠനം ചെയ്യണം. ‘അസ്ത്രായ ഫട്’ എന്നു സംരക്ഷിക്കണം. ശാലിനിമുദ്രകൊണ്ട് അരിച്ച് നേത്രമന്ത്രം കൊണ്ടു നോക്കണം. ധേനുമുദ്രയും യോനിമുദ്രയും കാണിക്കണം. അനന്തരം മൂലമന്ത്രം ഏഴുരു ജപിച്ചിട്ട് ആ ജലം കൊണ്ട് തന്നെയും പൂജാഗൃഹത്തിലുള്ള സര്‍വവസ്തുക്കളേയും പ്രോക്ഷിക്കണം. പിന്നീട് ശംഖതീര്‍ത്ഥജലം കുറച്ചു കലശത്തിലേക്ക് പകരണം. ഇങ്ങനെ ശംഖപൂജ. അഥാത്മപൂജാഃ ഗന്ധപുഷ്പാക്ഷതങ്ങളെടുത്തു ‘ശ്രീം ഹ്രീം ക്ലീം പരമാത്മനേ നമഃ’ എന്ന് ആത്മപൂജ ചെയ്ക. അനന്തരം പീഠപൂജ; പൂജാവിധിയില്‍ പറഞ്ഞിട്ടുള്ള ‘അമൃതാം ഭോനിധയേ നമഃ’ എന്നു തുടങ്ങി ‘മഹാമായാ യവനികായൈ നമഃ’ എന്നവസാനിക്കുന്നതുവരെയും, ‘വിഭൂതൈ്യ നമഃ’ എന്നു തുടങ്ങി ‘ഋദ്ധൈ്യ നമഃ’ എന്നുവരെയും ഉള്ള ഒമ്പതു പീഠശക്തികളേയും ‘ഓഡ്യാണപീഠായ നമഃ’ എന്നു ബിന്ദുവില്‍ പീഠത്തേയും പീഠപൂജാഘട്ടത്തില്‍ പൂജിച്ചുകൊള്ളണം. പിന്നെ ആവാഹനം. ഋഷി ഛന്ദോദേവതകളെ ന്യസിച്ച് അംഗന്യാസകരന്യാസം ചെയ്തു ധ്യാനം നിരൂപിച്ചു കഴിയുന്ന ജപവും അനുഷ്ഠിച്ച് അതിന്റെ ഒടുവില്‍
‘മഹാപദ്മ വനാന്തസ്ഥേ കാരണാനന്ദവിഗ്രഹേ;
സര്‍വ്വഭൂതഹിതേ മാതരേഹ്യേഹി പരമേശ്വരീ;
ദേവേശീ ഭക്തസുലഭേ സര്‍വാവരണസംയുതേ;
യാവത്ത്വാം പൂജയിഷ്യാമി താവത്ത്വം സുസ്ഥിരാഭവ’,
‘സൗഃ ഹ്രീം ഭഗവതി ആഗഛാഗഛ മമ ഹൃദയേ സാന്നിധ്യം കുരു കുരു മമ പ്രസന്നം കുരു കുരു സ്വാഹാ’ (ഇവിടെ മമ ഹൃദയേ എന്നതു ശരീരത്തില്‍ പൂജിക്കുമ്പോള്‍ വേണ്ടതാകുന്നു. ബാഹ്യപൂജയില്‍ ഈ ചക്രത്തിലുള്ള ബിന്ദുമദ്ധ്യത്തില്‍ (‘അസ്മിംശ്ചക്രേ ബിന്ദുമദ്ധ്യേ’) എന്നു സംസ്‌കൃതത്തില്‍ ഉച്ചരിച്ചിട്ടു ‘സാന്നിദ്ധ്യം കുരു കുരു’ എന്നു തുടങ്ങി ചേര്‍ത്തുകൊള്ളുക) എന്നു ജപിച്ചു ബിന്ദു മദ്ധ്യത്തില്‍ ത്രിഖണ്ഡമുദ്രയില്‍ എടുത്തിട്ടുള്ള ഗന്ധപുഷ്പാക്ഷതങ്ങളെ ഇടത്തെ മൂക്കിലെ ശ്വാസത്തോടു ചേര്‍ത്തുവയ്ക്കുക. പിന്നെ അവിടെ ആവാഹനാദി ദശമുദ്രകളെ കാണിക്കണം. അതിന്റെശേഷം പ്രാണപ്രതിഷ്ഠ ‘ഐം ഹ്രീം ശ്രീം ആംഹ്രീം ക്രോം യം രം ലം വം ശം ഷം സം ഹോം ഹം സോ ലളിതാ ഹഃ സഃ ലതഃ ലളിതായാഃ സര്‍വേന്ദ്രിയാണി വാക്പാണിപായൂപസ്ഥത്വങ്മനശ്ചക്ഷുഃ ശ്രോത്രജിഹ്വാഘ്രാണ പ്രാണാ ഇഹാഗത്യ സുഖം ചിരം തിഷ്ഠന്തു സ്വാഹാ ക്രോം ഹ്രീം ആം ശ്രീം ഹ്രിം ഐം ശ്രീലളിതാമഹാത്രിപുരസുന്ദര്യാഃ പ്രാണാന്‍ പ്രതിഷ്ഠാപയാമി സ്വാഹാ’ ഈ പ്രാണപ്രതിഷ്ഠാമന്ത്രം ബിന്ദുവില്‍ തൊട്ടു ജപിക്കണം. പിന്നീട് പഞ്ചോപചാരം ചെയ്ത് മൂലമന്ത്രം യഥാശക്തി ജപിച്ചു യോനിമുദ്ര കാണിച്ചു തന്റെ പേരോടുകൂടി മൂലമന്ത്രം കൊണ്ടു പ്രാണായാമം ചെയ്ത്, ദേവതയിങ്കല്‍ ഐക്യം ഭാവിച്ചു മൂലമന്ത്രാവാസാനത്തില്‍ ‘ത്രിപുരസുന്ദരീദേവൈ്യ നമഃ’ എന്നു ജപിച്ചു വ്യാപകം കാണിച്ചു ‘പുണ്യപുരുഷോഹം’ എന്നു സ്വാത്മഭാവന ചെയ്തു സ്വദേഹം തേജോമയം ദേവതാരൂപമായി ഭാവിച്ച്, അനന്തരം സംക്ഷോഭണാദി നവമുദ്രകള്‍ കാണിച്ച് അക്ഷരന്യാസം ചെയ്ക. ഇതിനുള്ള ക്രമം രാജരാജേശ്വരീകല്പം, പൂജാസമുച്ചയം മുതലായവയില്‍ കാണാം. (അഥവാ ‘അസ്യമാതൃകാന്യാസസ്യ ബ്രഹ്മാ ഋഷിഃ ഗായത്രീ ഛന്ദഃ മാതൃകാ സരസ്വതീ ദേവതാ ഹലോ ബീജാനി സ്വരാഃ ശക്തയഃ ബിന്ദവഃ കീലകം ന്യാസേ വിനിയോഗഃ ഓം ബ്രഹ്മണേ ഋഷയേ നമഃ’ (എന്ന്) ശിരസ്സില്‍, ഗായത്രൈ്യ ഛന്ദസേ നമഃ, മുഖത്ത്, മാതൃകാസരസൈ്വതൈ്യ ദേവതായൈനമഃ, ഹൃദയത്തിങ്കല്‍, ഹല്‍ ബീജേഭ്യോ നമഃ, ഗുഹ്യത്തിങ്കല്‍, സ്വരശക്തിഭ്യോ നമഃ പാദങ്ങളില്‍, ബിന്ദുകീലകായ നമഃ, സര്‍വാംഗങ്ങളില്‍ പിന്നെ ‘ഓം അം ആം ഇം ഈം ഉം ഊം ഋം ഋൗം ം ം ഏം ഐം ഓം ഔം അം അഃ ഏതാന്‍ ഷോഡശവര്‍ണ്ണാന്‍ കണ്ഠസ്ഥാനേ ഷോഡശദളപത്മേ ന്യസാമി എന്നു കണ്ഠത്തില്‍, കം ഖം ഗം ഘം ങം ചം ഛം ജം ഝം ഞം ടം ഠം, ഏതാന്‍ ദ്വാദശവര്‍ണ്ണാന്‍ ഹൃദയസ്ഥാനേ ദ്വാദശ ദളപത്മേ ന്യസാമി’ എന്നു ഹൃദയത്തില്‍, ‘ഡം ഢം ണം തം ഥം ദം ധം നം പം ഫം, ഏതാന്‍ ദശവര്‍ണ്ണാന്‍ നാഭിസ്ഥാനേ ദശദളപത്മേ ന്യസാമി’ എന്നു നാഭിയിങ്കല്‍ ‘ബം ഭം മം യം രം ലം, ഏതാന്‍ ഷഡ്വര്‍ണ്ണാന്‍ ലിംഗസ്ഥാനേ ഷഡ്ദളപദ്‌മേ ന്യസാമി’ എന്നു ഗുഹ്യത്തിങ്കല്‍, ‘വം ശം ഷം സം, ഏതാംശ്ചതുര്‍വര്‍ണ്ണാനാധാരസ്ഥാനേ ചതുര്‍ദ്ദലപത്മേ ന്യസാമി’, എന്നു മൂലാധാരത്തിങ്കല്‍, ‘ഹം ക്ഷം, ഏതദ്വര്‍ണ്ണദ്വയം ഭ്രൂമദ്ധ്യേ ദ്വിദല പത്മേ ന്യസാമി’ എന്നു ഭ്രൂമദ്ധ്യത്തില്‍, ഇപ്രകാരം ന്യസിക്കുക)
പിന്നെ ‘ശിരസി, മൂലാധാരേ, ഹൃദയേ, ദക്ഷനേത്രേ, വാമനേത്രേ, ഭ്രൂമദ്ധ്യേ, ദക്ഷശ്രോത്രേ, വാമശ്രോത്രേ, മുഖേ, ദക്ഷഭുജേ, വാമഭുജേ, പൃഷ്‌ഠേ, ദക്ഷജാനുനി, വാമജാനുനി, നാഭൗ’ ഈ പതിനഞ്ചു സ്ഥാനങ്ങളിലും പഞ്ചദശാക്ഷരീമന്ത്രത്തിന്റെ ഓരോ അക്ഷരത്തെ ബിന്ദുയുക്തമായി ന്യസിക്കണം. അതിനുശേഷം മൂലാധാരഹൃദയഭ്രൂമദ്ധ്യങ്ങളില്‍ മന്ത്രത്തിന്റെ ഓരോ ഖണ്ഡം ന്യസിക്കണം. മൂലമന്ത്രം മൂര്‍ദ്ധാവിങ്കല്‍ ന്യസിക്കണം. പിന്നെ രണ്ടു കൈകളുടെയും മൂല, മദ്ധ്യ, മണിബന്ധങ്ങളില്‍ ഓരോ ഖണ്ഡത്തെ ന്യസിക്കണം. മൂലമന്ത്രം രണ്ടു കൈയില്‍ ന്യസിക്കണം. മദ്ധ്യമാദിക കനിഷ്ടാന്തം, അംഗുഷ്ടാദിതര്‍ജ്ജന്യന്തം ഇങ്ങനെ കരന്യാസം മൂലമന്ത്രഖണ്ഡങ്ങളെക്കൊണ്ടു ചെയ്യണം. പിന്നീടു മൂലമന്ത്രസ്വാംഗങ്ങളായ ഋഷി, ഛന്ദസ്സ്, ദേവതാ, ബീജം, ശക്തി, കീലകം, ന്യാസം ഇതുകളെ ചെയ്തു ‘സകുങ്കുമ വിലേപനേ’ – ത്യാദി ധ്യാനിച്ച് ഉപചാരങ്ങള്‍ യഥാശക്തി ചെയ്തു കൊള്ളണം. ചെയ്‌തേതീരൂ എന്നുള്ള ഉപചാരങ്ങളെ താഴെ പറയുന്നു.
മൂലമന്ത്രത്തോടുകൂടി ‘ശ്രീ മഹാത്രിപുരസുന്ദരൈ്യ ധ്യാനം കല്പയാമി നമഃ ആവാഹനം കല്പയാമി നമഃ ആസനം കല്പയാമി നമഃ പാദ്യം കല്പയാമി നമഃ’, എന്നു പാദത്തിലും ‘അര്‍ഘ്യം കല്പയാമി നമഃ’ എന്നു ശിരസ്സിലും, ‘ആചമനം കല്പയാമി നമഃ’ എന്നു മുഖത്തിങ്കലും, ‘മധുപര്‍ക്കം കല്പയാമി നമഃ’ എന്നു വക്ത്രത്തിലും സങ്കല്പിച്ചു പത്മത്തിന്റെ മുമ്പില്‍ വച്ചിട്ടുള്ള ശുദ്ധമായ പാത്രത്തില്‍ ശംഖജലം ഓരോ ഉപചാരത്തിന്റെ അന്തത്തിലും വീഴ്ത്തുക. പിന്നെ ‘ഗന്ധോദകസ്‌നാനം കല്പയാമി നമഃ, വാസസീ പരിധാനം കല്പയാമി നമഃ, ഉപവീതം കല്പയാമി നമഃ, ഹാരാദ്യാഭരണം കല്പയാമി നമഃ, പുനരാചമനം കല്പയാമി നമഃ’ ഇത്രയും തീരുന്നതു വരെ മുന്‍പറഞ്ഞ പാത്രത്തില്‍ ജലം വീഴ്ത്തണം. ഇതുകളുടെ എല്ലാത്തിന്റെയും മുന്‍പില്‍ മൂലമന്ത്രത്തോടുകൂടി ‘മഹാത്രിപുരസുന്ദരൈ്യ’ എന്നു ചേര്‍ത്തു കൊള്ളണം. പിന്നെ ഗന്ധപുഷ്പധൂപദീപനൈവേദ്യം, നൈവേദ്യവിവരം:- സാമാന്യജലം കൊണ്ട് ദേവ്യഗ്രഭാഗത്തു ചതുരശ്രമണ്ഡലം വരച്ച് അതില്‍ നൈവേദ്യം സ്ഥാപിച്ചു മൂലമന്ത്രം കൊണ്ടു മൂന്നുവട്ടം പ്രോക്ഷിച്ചു വം ബീജം കൊണ്ടു ധേനുമുദ്ര കാട്ടി അമൃതീകരിച്ചു മൂലം സപ്തവാരം അഭിമന്ത്രിച്ചു നിവേദിക്കുക. 3 അമൃതോപസ്തരണമസി എന്ന് ആപോശനം നല്‍കി, ‘ഹേമപാത്രഗതം ദേവി! പരമാന്നം സുസംസ്‌കൃതം പഞ്ചധാ ഷഡ്രസോപേതം ഗൃഹാണപരമേശ്വരീ’ എന്നു പ്രാര്‍ത്ഥിച്ച്, 3 ഐം പ്രാണായ സ്വാഹാ, 3 ക്ലീം അപാനായ സ്വാഹാ 3 സൌഃ വ്യാനായ സ്വാഹാ, 3 ഐം ക്ലീം ഉദാനായ സ്വാഹാ, 3 ഐം ക്ലീം സൌഃ സമാനായ സ്വാഹാ എന്നു പ്രാണാഹുതി മുദ്രകള്‍ കാണിക്കുക. പിന്നീട് 3 ഐം ആദികൂടം ആത്മതത്വവ്യാപിനീ ലളിതാ തൃപ്യതു; 3 ക്ലീം മദ്ധ്യകൂടം വിദ്യാതത്വവ്യാപിനീ ലളിതാ തൃപ്യതു, 3 സൌഃ അന്ത്യകുടം ശിവതത്വ വ്യാപിനീ ലളിതാ തൃപ്യതു 3 സമസ്തകൂടമുച്ചരിച്ചു സര്‍വ്വതത്വവ്യാപിനീ ലളിതാ തൃപ്യതു’ എന്നു കണ്ണടച്ചു ‘ദേവീം ഭുക്തവതീം’ ദേവിയെ ഭുക്തയായി ഭാവിച്ചിട്ട് ‘അമൃതാപിധാനമസി’ എന്ന് ഉത്തരാപോശനം നല്‍കി കരപ്രക്ഷാളനഗണ്ഡൂഷപാദ്യാദികള്‍ അര്‍പ്പിച്ചു പാത്രം നിരൃതികോണില്‍ മാറ്റിവെച്ച് 3 ‘അസ്ത്രായ ഫട്’ സ്ഥലം ശോധിച്ചു വീണ്ടും മുമ്പോല്‍ ആചമനം കഴിച്ച് താംബൂലം നിവേദിച്ചു പുനഃകര്‍പ്പൂരനീരാജനാദി ചെയ്ത്, കര്‍പ്പൂരാരാധനമന്ത്രം:- ‘ഓം ശ്രീം, ഹ്രീം, ഗ്‌ളൂം, ബ്‌ളൂം, സ്‌ളൂം, മ്‌ളൂം, ന്‌ളൂം, ഹ്രീം, ശ്രീം പ്രജ്വാല്യമഹാദീപതേജോവതി, അമോഘ പ്രഭാമാലിനീ വിച്ചേ ക്ലീം നമഃ’ (ഇപ്രകാരം ജപിച്ചിട്ട് മൂന്നുവട്ടം കര്‍പ്പൂരത്തട്ടുഴിഞ്ഞു താഴെ വയ്ക്കണം.) പിന്നീട്
‘ശിവേ ശിവസുശീതളാമൃതതരംഗഗന്ധോല്ലസ-
ന്നവാവരണദേവതേ! നവനവാമൃതസ്യന്ദിനീ!
ഗുരുക്രമപുരസ്‌കൃതേ! ഗുണശരീരനിത്യോജ്ജ്വലേ!
ഷഡംഗപരിവാരിതേ! കലിത ഏഷ പുഷ്പാഞ്ജലി:’
എന്നു ചൊല്ലി പുഷ്പമെടുത്തു കര്‍പ്പൂരദീപത്തെ ചുറ്റി ഉഴിഞ്ഞു പുഷ്പാഞ്ജലി ചെയ്ക. പിന്നീട് പ്രദക്ഷിണാദി. ‘3 സാധുവാfസാധുവാ കര്‍മ്മയദ്യദാചരിതം മയാ; തല്‍ സര്‍വ്വം കൃപയാ ദേവി ഗൃഹാണാരാധനം മമ’ എന്നു ദേവീവാമഹസ്തത്തിങ്കല്‍ പൂജ സമര്‍പ്പിച്ചു ശംഖെടുത്തു ദേവിയുടെ ഉപരിഭാഗത്തു മൂന്നു വട്ടം ചുറ്റിച്ച് ആ ജലം ഹസ്തത്തിങ്കലാക്കി സാമയികാത്മാദി പ്രോക്ഷിച്ചു മൂലം കൊണ്ട് ശംഖു കഴുകി വെയ്ക്കുക. പിന്നീട് തീര്‍ത്ഥനിര്‍മ്മാല്യങ്ങളെടുത്തു
‘ജ്ഞാനതോfജ്ഞാനതോ വാപി-
യന്മയാചരിതം ശിവേ!
തത്തല്‍കൃത്യമിതി ജ്ഞാത്വാ
ക്ഷമസ്വ പരമേശ്വരീ!
ആവാഹനം ന ജാനാമി
ന ജാനാമി വിസര്‍ജ്ജനം
പൂജാവിധിം ന ജാനാമി
ക്ഷമസ്വ പരമേശ്വരീ!’
എന്നു പ്രാര്‍ത്ഥിച്ചു ശ്രീദേവ്യംഗത്തില്‍ സര്‍വ്വാവരണദേവതകളുടെയും വിലയം ഭാവിച്ചു ഖേചരി ബന്ധിച്ചുദ്വസിച്ചു തേജോരൂപയായി തീര്‍ന്ന ശ്രീദേവിയെ മുന്‍പോലെ ഹൃദയകുഹരം നയിച്ചു തത്വ ച മൂര്‍ത്താം ത്രിതാരാസഹിതയായിട്ടു പഞ്ചോപചാരം കൊണ്ടു പൂജിച്ചു പിന്നീട് ആത്മാഭിന്ന സംവിദ്രൂപയായി ഭാവിക്കണം. ഇങ്ങനെ വിസര്‍ജ്ജനം കഴിച്ചു ശാന്തിസ്‌തോത്രം ജപിക്കുക. (ത്രിതാരിയെന്നത് വാങ്മായാകമലാ ബീജങ്ങളാണെന്ന് ‘ത്രി താരീ ച വാങ്മായാ കമലാ ഇതി കല്പസൂത്രേ’ എന്നു സേതുബന്ധവചനം കൊണ്ടുകാണാം.)
കുറിപ്പുകള്‍
1. ശ്രീ എന്ന പദത്തിനു ലക്ഷ്മി, സരസ്വതി, പാര്‍വതി എന്നു മൂന്ന് അര്‍ത്ഥവും ഉണ്ട്. എങ്കിലും ഇവിടെ പാര്‍വതി (കാളി) എന്ന അര്‍ഥത്തിലാണു പ്രയോഗം. ശ്രീയെ-പാര്‍വതിയെ ഉദ്ദേശിച്ചു നിര്‍മ്മിക്കുന്ന ചക്രമാണു ശ്രീചക്രം. ചക്രമെന്നു പറയാന്‍ കാരണം ചക്രത്തിന്റെ സങ്കല്പത്തില്‍ ആരക്കാലുകളോടെ അതു നിര്‍മ്മിക്കുന്നതാണ്. ശ്രീചക്രത്തെ ആസ്പദമാക്കിയുള്ള പൂജയാണു ശ്രീചക്രപൂജ. ശ്രീചക്രം നിര്‍മ്മിച്ച് അതിനെ ആസ്പദമാക്കി നടത്തുന്ന കാളീപൂജ എന്നര്‍ത്ഥം. കല്പ പദത്തിന് ഇവിടെ വിധി എന്നാണര്‍ത്ഥം. ശ്രീചക്രപൂജയുടെ വിധി എന്നത്രേ ചുരുക്കത്തില്‍ ശ്രീചക്രപൂജാകല്പം എന്നാലര്‍ഥം.
ശിവന്റെ ശക്തിയാണല്ലോ പാര്‍വതി അഥവാ കാളി. ശക്തിപൂജ തന്ത്രസമ്പ്രദായത്തിന്റെ ഭാഗമാണ്. ശ്രീചക്രപൂജയുടെ വിശദാംശങ്ങള്‍ അതുകൊണ്ട് തന്ത്രഗ്രന്ഥങ്ങളിലാണ് കാണാനുള്ളത്. ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥമെഴുതുന്നതിനു വിശേഷിച്ചുകാരണം ഉണ്ട്. യാഗപരമായ വൈദികപാരമ്പര്യത്തില്‍നിന്നു വ്യത്യസ്തമായ ഒരു ക്രമമാണു ശ്രീചക്രപൂജയുടേത്. യാഗത്തിന്റെ ഭാഗമായ ദാനത്തിന്റെയും തീര്‍ഥാടനത്തിന്റെയും മറുപുറവുമാണ് ശ്രീചക്രപൂജ. നൂറുയാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരക്കോടി തീര്‍ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്രദര്‍ശനം കൊണ്ടു കിട്ടുമെന്നാണ് ‘തന്ത്രസാര’ത്തില്‍ പറഞ്ഞിട്ടുള്ളത്. യജ്ഞത്തിന്റെയും ദാനത്തിന്റെയും തീര്‍ഥത്തിന്റെയും പേരിലുള്ള വരേണ്യന്മാരുടെ മുതലെടുപ്പിനെ എതിര്‍ക്കുന്നതിനു പറ്റിയ ഒരു പൂജാസമ്പ്രദായമായതിനാല്‍ സ്വാമികള്‍ ഇതിനെ ആദരിച്ചതില്‍ അദ്ഭുതമില്ല.
2. ഇതു തികച്ചും സാങ്കേതികമായ ഒരു കൃതിയാകയാല്‍ സാധാരണ ഭാഷയല്ല ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. സാങ്കേതികപദങ്ങളുടെ അര്‍ഥം സ്വാമികള്‍തന്നെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.