ശ്രീ ചക്രവിധി – ശ്രീചക്രപൂജാകല്പം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ശ്രീചക്രപൂജാകല്പം’എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം ഒന്ന്

ഓം തത് സത്
ശിവമയം

അവതാരിക: ഇവിടെ ആദ്യമായിട്ട് ഇതിലേക്കുള്ള ഒന്നാമത്തെ പ്രധാനരേഖയേയും ആ രേഖയുടെ ആകപ്പാടെയുള്ള നീളത്തേയും ഭൂപുരത്തേയും ത്രിവലയത്തേയും പറയുന്നു.

മൂലം:

ഷണ്ണവത്യംഗുലായാമം
സൂത്രം പ്രാക് പ്രത്യഗായതം
ചതുര്‍ഭിരംഗുലൈശ്ശിഷ്‌ടൈ-
സ്സംവൃതാനി ച ഭൂപുരം.

അന്വയം : പ്രാക് പ്രത്യക് ആയതം ഷണ്ണവത്യംഗുലായാമം സൂത്രം (ഭവതി) ചതുര്‍ഭി: അംഗുലൈ : ശിഷ്‌ടൈ : ഭൂപുരം ച സംവൃതാനി ച (ഭവതി)

അന്വയാര്‍ത്ഥം : പ്രാക് പ്രത്യക്ക് ആയതമായി ഷണ്ണവത്യംഗുലായാമമായിരിക്കുന്ന സൂത്രം (ഭവിക്കുന്നു) ചതുര്‍ക്കളായി അംഗുലങ്ങളായിരിക്കുന്ന ശിഷ്ടങ്ങള്‍ കൊണ്ട് ഭൂപുരവും സംവൃതങ്ങളും (ഭവിക്കുന്നു).

പരിഭാഷ : പ്രാക് = കിഴക്ക്, പ്രത്യക്ക് = പടിഞ്ഞാറ്, ആയതം = നീളമുള്ളത്, ഷണ്ണവത്യംഗുലായാമം = ഷണ്ണവത്യംഗുലംകൊണ്ടുള്ള ആയാമത്തോടുകൂടിയത് ഷണ്ണവത്യംഗുലം = തൊണ്ണൂറ്റാറംഗുലം, അംഗുലങ്ങള്‍ = വിരലുകള്‍ എന്നാണ് അര്‍ത്ഥമെങ്കിലും ഇവിടെ രണ്ടു വിരലിട കണക്കാക്കി ഗ്രഹിച്ചുകൊള്‍ക, ആയാമം = അളവ് (ചാണ്‍ വിരല്‍ മുതലായവകൊണ്ടുള്ള അളവ് എന്നര്‍ത്ഥം), സൂത്രം = ചരട് (രേഖയെന്നര്‍ത്ഥം), ചതുര്‍ക്കള്‍ = നാലുകള്‍, അംഗുലങ്ങള്‍ = ഇരുവിരല്‍ കണക്കുകള്‍, ശിഷ്ടങ്ങള്‍ = ശേഷിക്കപ്പെട്ടവ, ശേഷിക്കുക = മിച്ചമാകുക, ആദ്യമായിട്ട് പറയപ്പെട്ട ഒന്നാമത്തെ രേഖയ്ക്കുള്ള തൊണ്ണൂറ്റാറംഗുലം നീളത്തിന്റെ ഒത്ത നടുക്കുനിന്നും നവരേഖകളെ അടയ്ക്കുന്നതിലേക്കുവേണ്ടി എടുക്കപ്പെട്ട നാല്പത്തെട്ട് അംഗുലങ്ങളെ ഒഴിച്ച് അവയുടെ മുന്‍(മേല്‍)വശത്ത് കിടപ്പുള്ള ഇരുപത്തിനാല് അംഗുലങ്ങളും പിന്‍ (കീഴ്) വശത്ത് കിടപ്പുള്ള ഇരുപത്തി നാലംഗുലങ്ങളും ടി മദ്ധ്യത്തെ നാല്പത്തെട്ട് അംഗുലങ്ങളുടെ ശിഷ്ടങ്ങളാകുന്നു. ഉഭയഭാഗത്തുള്ള ഈ ശിഷ്ടങ്ങളെ ഇതിലെ ഉപയോഗത്തിനുവേണ്ടി, നാലംഗുലശിഷ്ടങ്ങള്‍, ഒമ്പതംഗുലശിഷ്ടങ്ങള്‍, പതിനൊന്നംഗുലശിഷ്ടങ്ങള്‍ ഇങ്ങനെ മൂന്നു വക ശിഷ്ടങ്ങളാക്കിയിട്ടുണ്ട്. ആദ്യം ഭൂപുരത്തിനും സംവൃതങ്ങള്‍ക്കുമായിട്ട് ഇവിടെ എടുക്കപ്പെട്ടിട്ടുള്ളത് ഒന്നാമത് പറയപ്പെട്ട നാലംഗുലശിഷ്ടങ്ങളാകുന്നു. ഇവയെയാണ് ഇവിടെ ഇപ്പോള്‍ ശിഷ്ടങ്ങള്‍ എന്നു പറഞ്ഞത്. എന്നാല്‍ ഇതിലേക്ക് ആദ്യം കിഴക്കുപടിഞ്ഞാറ് നടുവേ ഒരു രേഖയെ പറഞ്ഞതുപോലെ, അക്കണക്കിന് തെക്കുവടക്കായി കുറുകെ ഒരു രേഖയും കൂടിയിട്ടു ഭൂപുരം, ത്രിവലയം മുതലായവയ്ക്ക് നാലു പുറത്തുനിന്നും എടുത്ത് ഒത്ത ചതുരശ്രവും ആ ചതുരശ്രത്തിനകത്ത് ഒത്ത വട്ടവുമായിട്ട് രചിക്കാന്‍ പറയാതെ ഒരു രേഖയേയും ഒരു വശത്തേക്ക് വേണ്ടവയേയും മാത്രം പറഞ്ഞത് എന്താണെന്നാല്‍ – ഇതൊരു ചക്രമാകയാല്‍ നീളം വീതി എന്നുള്ള ഭേദം കൂടാതെ ഒത്തവട്ടമായിട്ടും അതിനോടുചേര്‍ന്ന് വെളിയിലെ ഭൂപുരവും അപ്രകാരം തന്നെ ഒത്ത ചതുരശ്രമായിട്ടുമാണല്ലോ ഇരിക്കുക. ആ സ്ഥിതിക്ക് ഒരു രേഖയേയും ഒരു ഭാഗത്തേക്കുവേണ്ടവയേയും പറഞ്ഞാല്‍ മറ്റേ മൂന്നു ഭാഗത്തേയ്ക്കും കൂടി ഇപ്രകാരം തന്നെയാണ് വേണ്ടതെന്നു പ്രത്യേകം പറയാതെ തന്നെ അറിയാന്‍ ന്യായമുള്ളതുകൊണ്ടും വിശേഷമായിട്ടുവല്ലതും കൂടുതല്‍ വേണമെന്നുള്ള പക്ഷം പ്രത്യേകം എടുത്തുപറയുമെന്നുള്ളതിനാലുമത്രേ.

ഇനി ഭൂപുരം എന്നത് നാലു മുക്കുകളും മൂന്നു വരികളും നാലു ഭാഗങ്ങളുടെയും മദ്ധ്യങ്ങളില്‍ ഓരോ വാതിലും ഉള്ളതായ വെളിയിലത്തെ നാലുവശത്തും ചതുരത്തിലുള്ള കോട്ടപോലെ അതിരായുള്ള ഒരു ചതുരശ്രമാകുന്നു. സംവൃതങ്ങള്‍ = സംവരണം ചെയ്യപ്പെട്ടവ. സംവരണം ചെയ്ക = ചുറ്റിക്കിടക്കുക (മൂന്നു വൃത്തരേഖകളെന്നര്‍ത്ഥം)

അവതാരിക :- ഇനി ഷോഡശദലങ്ങളേയും അഷ്ടദലങ്ങളേയും ഇതുകള്‍ക്കായിട്ട് ആദ്യരേഖയില്‍ നിന്ന് എടുക്കേണ്ടവയായ അംഗുലക്കണക്കുകളേയും പറയുന്നു.

മൂലം :

അന്തര്‍ന്നവാംഗുലം ജ്ഞേയം
മദ്ധ്യേ പത്രന്തു ഷോഡശം
ഏകാദശാംഗുലം ജ്ഞേയ-
മഷ്ടപത്രം സമാലിഖേത്.

അന്വയം : അന്തഃജ്ഞേയം നവാംഗുലം തു മദ്ധ്യേ ഷോഡശപത്രം ജ്ഞേയം ഏകാദശാംഗുലം അഷ്ടപത്രം സമാലിഖേത്.

അന്വയാര്‍ത്ഥം : അകത്തു ജ്ഞേയമായിരിക്കുന്ന നവാംഗുലത്തെ മദ്ധ്യത്തിങ്കല്‍ ഷോഡശമായിരിക്കുന്ന പത്രമായിട്ടും ജ്ഞേയമായിരിക്കുന്ന ഏകാദശാംഗുലത്തെ അഷ്ടപത്രമായിട്ടും സമാലേഖിക്കണം.

പരിഭാഷ : അകം = മുമ്പില്‍ പറയപ്പെട്ട ചതുഷ്‌കോണമായ ഭൂപുരത്തിന്റേയും ത്രിവലയങ്ങളുടേയും ഉള്ള് എന്നര്‍ത്ഥം. ജ്ഞേയം = അറിയപ്പെടുവാന്‍ യോഗ്യം, നവാംഗുലം = ഒമ്പതംഗുലസ്ഥലം, മദ്ധ്യം = നടുവ്, ഷോഡശം = പതിനാറ്, പത്രം = പത്രങ്ങളോടുകൂടിയത് (ദലങ്ങളുള്ളതെന്നര്‍ത്ഥം), ഏകാദശാംഗുലം = ഏകാദശമായിരിക്കുന്ന അംഗുലങ്ങളോടുകൂടിയത്, ഏകാദശം = പതിനൊന്ന്, അംഗുലങ്ങള്‍ = അംഗുലസ്ഥലങ്ങള്‍, അഷ്ടപത്രം = അഷ്ടങ്ങളായിരിക്കുന്ന പത്രങ്ങളോടുകൂടിയത്, അഷ്ടങ്ങള്‍ = എട്ടുകള്‍ (എട്ടുദലങ്ങളുള്ളതെന്നര്‍ത്ഥം) സമാലേഖിക്കുക = വരയ്ക്കുക.

അവതാരിക : ഇനി മേല്‍പറഞ്ഞ അഷ്ടദലങ്ങള്‍ക്ക് ആധാരമായുള്ള വൃത്തത്തേയും ആ വൃത്തത്തിന്റെ ഉള്ളിലെ നവരേഖകളേയും അവയ്ക്കുള്ള സ്ഥാനക്കണക്കുകളേയും പറയുന്നു.

മൂലം :

ദേവി സ്തുതോ മേ ഗംഗാവല്ലീസ്തുതേതി
പ്രചക്ഷതേ തത്ര തേ ഇഷ്ട ഏവമാദ്യ-
മംഗുലീമാനാന്തരേ നവരേഖാ വിലേഖനീയാ
വൃത്തമദ്ധ്യേ, ഇത്യര്‍ത്ഥഃ

അന്വയം : ദേവി-ചാസ്തു-തോ-മേ-ഗം-ഗാ-വല്ലീസ്തുതേ-തി പ്രചക്ഷതേ-ആദ്യം തത്ര തേ വൃത്തമദ്ധ്യേ ഇഷ്ട (തത:) ഏവം അംഗുലീമാനാന്തരേ നവരേഖാ വിലേഖനീയാ ഇത്യര്‍ത്ഥഃ

അന്വയാര്‍ത്ഥം: ദേവിയേയും-സ്തു-തോ-മേ-ഗം-ഗാ-വ-ല്ലീ-സ്തു-തേ-തി- ഇവയേയും വചിക്കുന്നു-ആദ്യമായിട്ട് അവിടെ വൃത്തമദ്ധ്യത്തിങ്കലേ ഇഷ്ടയാകുന്നു (അനന്തരം) ഇപ്രകാരം അംഗുലീമാനാന്തരത്തിങ്കല്‍ നവരേഖകള്‍ വിലേഖനീയകളാകുന്നു-എന്നര്‍ത്ഥമാകുന്നു.

പരിഭാഷ : ദേവീ എന്നത് ദേ എന്ന അക്ഷരവും വീ എന്ന അക്ഷരവും ആകുന്നു. – ഈ ദേവീസ്തുതോ – മുതലായ അക്ഷരങ്ങള്‍ ഇവിടെ സംഖ്യാര്‍ത്ഥങ്ങളാകുന്നു. എങ്ങനെയെന്നാല്‍-ദേയ്ക്ക് 8 (എട്ട്) എന്ന സംഖ്യയും – വീയ്ക്ക് 4 (നാല്) എന്ന സംഖ്യയും അര്‍ത്ഥങ്ങളാകുന്നു. ഇനി 100-10-1 ഇത്യാദി സുന്നകണക്കിലെ സ്ഥാനക്രമത്തിന് ‘ദേവീ’ എന്നതിലെ ആദ്യക്ഷരമായ ‘ദേ’ എന്നതിന്റെ അര്‍ത്ഥമായ 8 (എട്ടി)-നെ 1 (ഒന്ന്)ന്റെ സ്ഥാനത്തിലും രണ്ടാമത്തെ അക്ഷരമായ വീ എന്നതിന്റെ അര്‍ത്ഥമായ 4 (നാല്)-നെ 10 (പത്ത്)-ന്റെ സ്ഥാനത്തിലും വയ്ക്കുമ്പോള്‍ – 48 (നാല്പത്തെട്ട്) എന്ന സംഖ്യയാകും. അപ്പോള്‍ ദേവീ എന്നതിന്റെ അര്‍ത്ഥമായി. ഇനി ‘സ്തു’ എന്നതിന് 6 (ആറ്), ‘തോ’ എന്നതിന് 6 (ആറ്), ‘മേ’ എന്നതിന് 5 (അഞ്ച്), ‘ഗം’ എന്നതിന് 3 (മൂന്ന്), ‘ഗ’ എന്നതിന് 3 (മൂന്ന്), ‘വ’ എന്നതിന് 4 (നാല്), ‘ല്ലീ’ എന്നതിന് 3 (മൂന്ന്), ‘സ്തു’ എന്നതിന് 6 (ആറ്), ‘തേ’ എന്നതിന് 6 (ആറ്), ‘തി’ എന്നതിന് 6 (ആറ്) ഇങ്ങനെയാണ് അര്‍ത്ഥം.

വചിക്കുക = പറയുക, ആദ്യം = ഒന്നാമത്, ഇനി അവിടെ എന്നത് ആ വൃത്തമദ്ധ്യത്തിങ്കല്‍ എന്നു ചൂണ്ടിക്കാണിക്കുന്നതാകുന്നു. എന്നാല്‍ അഷ്ടദലങ്ങളെ പറഞ്ഞതില്‍ പിന്നെ ഇപ്രകാരം ഒരു വൃത്തം പറയപ്പെട്ടുകാണുന്നില്ലല്ലോ എന്നാണെങ്കില്‍ അതിലേക്ക് ഇങ്ങനെയാകുന്നു സമാധാനം. മുമ്പില്‍ പറയപ്പെട്ട അഷ്ടദലങ്ങള്‍ വൃത്തമാര്‍ഗ്ഗത്തൂടെ ആണല്ലോ അടയ്ക്കപ്പെട്ടിരിക്കുന്നത്; ആ സ്ഥിതിയ്ക്ക് അവയുടെ (ആ അഷ്ടദലങ്ങളുടെ) മൂലങ്ങള്‍ അവസാനിച്ച സ്ഥാനവും ഒരു വൃത്താകാരമായിട്ടല്ലേ ഇരിക്കുവാന്‍ പാടുള്ളൂ; ആ അതിനെ ഉദ്ദേശിച്ചാണ് അവിടെ എന്ന് അതായത്, നവരേഖകള്‍ വരയ്ക്കുന്നതിനു മുമ്പില്‍ രചിതമായിരിക്കുന്ന വൃത്തമദ്ധ്യത്തിങ്കല്‍ എന്നു ചൂണ്ടിപ്പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഇനി പറയുന്നവയെല്ലാം ആ വൃത്തത്തിന്റെ ഉള്ളിലേക്കുള്ളവയാണെന്നു പ്രത്യേകം പറയാതെതന്നെ നിശ്ചയിച്ചുകൊള്ളുന്നതിലേക്ക് ന്യായം സിദ്ധിച്ചുപോയിരിക്കുന്നു.

ഇനി ‘അവ’ എന്നത് ‘ദേവീ’ എന്ന അക്ഷരങ്ങളുടെ അര്‍ത്ഥങ്ങളായ 8-4 ഈ രണ്ടു സംഖ്യകളെ കുറിക്കുന്നതാകുന്നു. ഈ അവ എന്ന അര്‍ത്ഥത്തിന്റെ വാക്കായ ‘തേ’ എന്നതിനെ തദ് ശബ്ദം സ്ത്രീലിംഗം പ്രഥമാദ്വിവചനമെന്നും സംഖ്യാശബ്ദത്തിനെ ആകാരാന്തം സ്ത്രീലിംഗം പ്രഥമാദ്വിവചനമെന്നും അതിനാല്‍ തേ സംഖ്യേ = ആ രണ്ടു സംഖ്യകള്‍ എന്നാകുന്നുവെന്നും ഓര്‍ത്തുകൊണ്ടാല്‍ എളുപ്പമായി. വൃത്തമദ്ധ്യം = വൃത്തത്തിന്റെ മദ്ധ്യം, വൃത്തം = വലയം, മദ്ധ്യം = നടുവ് ഇനി ‘ഇഷ്ട’ എന്നത് ഇഷ്ടസംഖ്യ അതായത് കണക്കുശാസ്ത്രത്തിലെ സംഖ്യേയമെന്നുള്ളത് എങ്ങനെയോ അതുപോലെ ഇവിടെ മൊത്തമായിട്ട് ഒരു തുക നിശ്ചയിച്ച് അതിനെ പല ചെറിയ സംഖ്യകള്‍കൊണ്ട് പങ്കിട്ട് എടുത്തു പ്രയോജനപ്പെടുത്തുന്ന സമ്പ്രദായം തന്നെ. ഈ ശ്രീചക്രത്തിനു പറയപ്പെട്ട കിഴക്കുപടിഞ്ഞാറായി നടുവേയുള്ള ആദ്യത്തെ സൂത്രത്തി (രേഖ) ന്റെ ആകപ്പാടെയുള്ള നീളത്തിലേക്ക് നിശ്ചയിക്കപ്പെട്ട 96 (തൊണ്ണൂറ്റാറ്) അംഗുലമെന്ന കണക്ക് ഇഷ്ടസംഖ്യ (സംഖ്യേയം) ആകുന്നു. അതിനെ പലതരത്തില്‍ ഖണ്ഡം ഖണ്ഡമായി ഭാഗിക്കുന്നതിലേക്ക് വിധിക്കപ്പെട്ട 4 (നാല്) 9 (ഒന്‍പത്) 11 (പതിനൊന്ന്) മുതലായ ചില്ലറ കണക്കുകള്‍ ആ സംഖ്യേയത്തിന്റെ സംഖ്യകളാകുന്നു; ആ സംഖ്യകളെ അനുസരിച്ച് ഭൂപുരം, ത്രിവലയങ്ങള്‍ – ഷോഡശദലങ്ങള്‍ – അഷ്ടദലങ്ങള്‍ ഇവയ്ക്കായിട്ട് മുന്‍പറഞ്ഞ ആദ്യസൂത്രത്തിന്റെ രണ്ടു തലയ്ക്കല്‍നിന്നും എടുത്തുപോയ 48 (നാല്പത്തെട്ട്) അംഗുലം സ്ഥലം നീക്കി നടുക്ക് മിച്ചം 48 (നാല്പത്തെട്ട്) അംഗുലം സ്ഥലം കിടപ്പുണ്ടല്ലോ. ആ അതു തന്നെയാണ് ഈ പറയപ്പെട്ട വൃത്തമദ്ധ്യത്തിങ്കലേ ഇഷ്ടസംഖ്യ. ടി 96 (തൊണ്ണൂറ്റാറ്) അംഗുലം നീളമുള്ളതായ ആദ്യത്തെ ഇഷ്ടസംഖ്യാസൂത്രത്തിന്റെ നടുഭാഗമായ അര്‍ദ്ധാംശവും ടി വൃത്തരേഖയ്ക്കുള്ളില്‍ ഒത്ത നടുക്കുകൂടി നടുവേ മേലേ അറ്റത്തും, താഴെ അറ്റത്തും തൊട്ടുകിടക്കുന്നതായി കാണപ്പെടുന്നതും അതുതന്നെയാണ്. ഇഷ്ട = ഇച്ഛിക്കപ്പെട്ടത്. ഇനിമേല്‍ കാണിച്ചപ്രകാരം വൃത്തമദ്ധ്യത്തിലേക്ക് പറയപ്പെട്ട കണക്കുകളില്‍ ആദ്യത്തെ ‘ദേവീ’ എന്നുള്ള ആകെത്തുക ടി വൃത്തമദ്ധ്യത്തിലെ ഇഷ്ടസംഖ്യയായ സംഖ്യേയമായിരുന്നതുകൊണ്ടും മറ്റുള്ള സ്തു-തോ-മേ മുതലായവ ടി സംഖ്യേയത്തെ അംശിക്കാനുള്ള സംഖ്യകളായിരുന്നതുകൊണ്ടുമാണ്. സ്തു-തോ-മേ-മുതലായ അക്ഷരങ്ങള്‍ക്കുള്ള ചെറിയ സംഖ്യകളെ പ്രത്യേകം പ്രത്യേകമായിട്ട് പറഞ്ഞുവെച്ചതുപോലെ ‘ദേവീ’ എന്നതിലെ ‘ദേ’ യ്ക്കും ‘വീ’ യ്ക്കുമുള്ള ചെറിയ ചെറിയ സംഖ്യകളേയുംകൂടി പ്രത്യേകം പ്രത്യേകം പറയാതെ കൂട്ടിച്ചേര്‍ത്ത് 48 (നാല്പത്തിയെട്ട്) എന്നാക്കി ചെയ്തത് – ഇനി ഇപ്രകാരം (ഏവം) എന്നതിനെ ടി സ്തു-തോ-മേ- മുതലായ അക്ഷരങ്ങള്‍ക്കുള്ള സംഖ്യകളുടെ ക്രമം (മുറ) അനുസരിച്ച് എന്നര്‍ത്ഥം. അംഗുലീമാനാന്തരം = അംഗുലീമാനത്തിന്റെ അന്തരം, അംഗുലീമാനം = അംഗുലികളുടെ മാനം, അംഗുലികള്‍ = വിരലുകള്‍, മാനം = അളവ്, അന്തരം = ഇട (അവസാനിച്ച സ്ഥാനം), നവരേഖകള്‍ = ഒമ്പതുരേഖകള്‍, വിലേഖനീയകള്‍ = വിലേഖനം ചെയ്യത്തക്കവ, വിലേഖനം ചെയ്ക = വരയ്ക്കുക.

അവതാരിക : ഇനി മേല്‍പറയപ്പെട്ട നവരേഖകളില്‍ ദീര്‍ഘം കുറയ്‌ക്കേണ്ടവയായ രേഖകളേയും കണക്കുകളേയും പറയുന്നു.

മൂലം :

ആദ്യേ ദ്വിതീയേfഷ്ടമകേ
നവമേ ച യഥാക്രമം
മാര്‍ജ്ജയേല്‍ ഗുണഭാഗാംശാന്‍
വൃത്താദേകത്ര ചാന്യത:
ചതുര്‍ത്ഥഷഷ്ഠയോ: പാര്‍ശ്വേ
തോയാംശം പരിമാര്‍ജ്ജയേത്
പഞ്ചമസ്യ ധിയാംശന്തു-
മാര്‍ജ്ജയേച്ചാന്യപാര്‍ശ്വത:

അന്വയം : വൃത്താല്‍ ആദ്യേ ച ദ്വിതീയേ ച അഷ്ടമകേ ച നവമേ ച ഗുണഭാഗാംശാന്‍ യഥാക്രമം ഏകത്രമാര്‍ജ്ജയേല്‍.

അന്യത: ച (മാര്‍ജ്ജയേല്‍) ചതുര്‍ത്ഥഷഷ്ഠയോ: പാര്‍ശ്വേ തോയാംശം പരിമാര്‍ജ്ജയേല്‍ അന്യപാര്‍ശ്വത: ച.

അന്വയാര്‍ത്ഥം : വൃത്തത്തിങ്കല്‍ നിന്ന് ആദ്യത്തിലേയും ദ്വിതീയത്തിലേയും അഷ്ടമകത്തിലേയും നവമത്തിലേയും ഗുണഭാഗാംശങ്ങളെ ക്രമപ്രകാരം ഒരു സ്ഥലത്ത് മാര്‍ജ്ജിക്കണം; മറ്റേ സ്ഥാനത്തുനിന്നും (മാര്‍ജ്ജിക്കണം) ചതുര്‍ത്ഥഷഷ്ഠങ്ങളുടെ പാര്‍ശ്വത്തിങ്കലെ തോയാംശത്തെ പരിമാര്‍ജ്ജിക്കണം. പഞ്ചമത്തിന്റെ (പാര്‍ശ്വത്തിലെ) ധിയാംശത്തെ മാര്‍ജ്ജിക്കണം. അന്യപാര്‍ശ്വത്തില്‍ നിന്നും (വേണം)

പരിഭാഷ: വൃത്ത = വലയം, ആദ്യം = ആദ്യത്തേത്, അതായത് വൃത്തത്തിന്റെ ഉള്ളില്‍ കുറുകേ വരയ്ക്കപ്പെട്ടിട്ടുള്ള ഒമ്പതുരേഖകളില്‍ ഒന്നാമത്തെ രേഖ, ദ്വിതീയം = രണ്ടാമത്തെ രേഖ, അഷ്ടമകം = എട്ടാമത്തെ രേഖ, നവമം = ഒമ്പതാമത്തെ രേഖ, ഗുണഭാഗാംശങ്ങള്‍ = ഗുണഭാഗങ്ങളാകുന്ന അംശങ്ങള്‍, ഗുണഭാഗങ്ങള്‍ = ‘ഗു’ എന്നതും ‘ണ’ എന്നതും ‘ഭാ’ എന്നതും ‘ഗ’ എന്നതും. ഗു = 3 (മൂന്ന്) എന്ന സംഖ്യ, ‘ണ’ = 5 (അഞ്ച്) എന്ന സംഖ്യ, ഭാ = 4 (നാല്) എന്ന സംഖ്യ, ഗാ = 3 (മൂന്ന്) എന്ന സംഖ്യ, അംശങ്ങള്‍ = ഭാഗങ്ങള്‍, ക്രമപ്രകാരം എന്നതിന് ആദ്യരേഖയുടെ രണ്ടുതലയ്ക്കലും നിന്ന് അയ്യഞ്ച് അംഗുലങ്ങളും, എട്ടാമത്തെ രേഖയുടെ രണ്ടു തലയ്ക്കലും നിന്ന് മുമ്മൂന്ന് അംഗുലങ്ങളും, രണ്ടാമത്തെ രേഖയുടെ രണ്ട് തലയ്ക്കലും നിന്ന് നന്നാല് അംഗുലങ്ങളും ഒമ്പതാമത്തെരേഖയുടെ രണ്ടുതലയ്ക്കലും നിന്ന് മുമ്മൂന്ന് അംഗുലങ്ങളും എന്ന് അര്‍ത്ഥമാകുന്നു. മാര്‍ജ്ജിക്കുക = മാച്ചുകളയുക, ചതുര്‍ത്ഥഷഷ്ഠങ്ങള്‍ = ചതുര്‍ത്ഥവും ഷഷ്ഠവും, ചതുര്‍ത്ഥം = 4-ാമത്തെ രേഖ, ഷഷ്ടം = 6-ാമത്തെ രേഖ, പാര്‍ശ്വം = ഭാഗം (വശം), തോയാംശം = തോയമാകുന്ന അംശം, തോയം = തോ എന്നതും യ എന്നതും, തോ = 6 (ആറ്) എന്ന സംഖ്യ, യം = 1 (ഒന്ന്) എന്ന സംഖ്യ ഇവയേയും മുന്‍പറഞ്ഞ പ്രകാരം സുന്നകണക്ക് മുറയ്ക്കുചേര്‍ത്ത് 16 (പതിനാറ്) എന്നാക്കിക്കൊള്ളണം. പരിമാര്‍ജ്ജിക്കുക= മാച്ചുകളയുക, പഞ്ചമം = അഞ്ചാമത്തെ രേഖ (പാര്‍ശ്വം = ഭാഗം), ധീയാംശം = ധീയാകുന്ന അംശം, ധിയ = ‘ധീ’ എന്നതും ‘യ’ എന്നതും ‘ധി’ യ്ക്ക് 9 (ഒമ്പത്) എന്ന സംഖ്യ ‘യ’ യ്ക്ക് 1 (ഒന്ന്) എന്ന സംഖ്യ, ഇതുകളേയും സുന്നക്കണക്കുപ്രകാരം ചേര്‍ത്ത് 19 (പത്തൊന്‍പത്) എന്നാക്കിക്കൊള്ളണം. മാര്‍ജ്ജിക്കുക = മാച്ചുകളയുക, അന്യപാര്‍ശ്വം = മറുഭാഗം. ഇവിടെ അതാതിനെ പറഞ്ഞ കണക്കിന്‍പ്രകാരം നാലാമത്തേയും, ആറാമത്തേയും, അഞ്ചാമത്തേയും രേഖയുടെ ഓരോരോ തലയ്ക്കല്‍ നിന്നും മാച്ചുകളയണമെന്നു മുമ്പില്‍ പറഞ്ഞല്ലോ. ആ കണക്കിന്‍ പ്രകാരം തന്നെ ടി രേഖകളുടെ മറ്റേ തലങ്ങളില്‍ നിന്നും കൂടി മാച്ചുകളയേണ്ടതാണെന്നു താല്പര്യം.

അവതാരിക : ഇനി മേല്‍പറഞ്ഞ നവരേഖകളെ ത്രികോണപ്പെടുത്തുന്നതിലേയ്ക്കുള്ള സൂത്രദ്വയങ്ങളേയും ആ സൂത്രദ്വയങ്ങളുടെ ആരംഭാവസാനസ്ഥാനങ്ങളെയും വകഭേദങ്ങളെയും പറയുന്നു.

മൂലം :

തൃതീയാന്താദ്ദ്വിതീയാന്താ-
ച്ചതുര്‍ത്ഥാന്താച്ച പഞ്ചമാല്‍
പ്രഥമാന്താല്‍ സൂത്രയുഗം
വൃത്തതോ നവമാദികം
സപ്തമാഷ്ടമയോരന്താ-
ത്തഥാ ഷഷ്ഠനവാന്തയോ:
വൃത്താദിസൂത്രയുഗള
ക്രമാല്‍ സൂത്രദ്വയം ദ്വിധാ.

ഈ രണ്ടു ശ്ലോകങ്ങള്‍ക്കും അന്വയം ആവശ്യമില്ല. ശ്ലോകപ്രകാരം അന്വയാര്‍ത്ഥവും പരിഭാഷയും സ്വീകരിച്ചാല്‍ മതി.

അന്വയാര്‍ത്ഥം : തൃതീയാന്തത്തിങ്കല്‍ നിന്നും, ദ്വിതീയാന്തത്തിങ്കല്‍ നിന്നും, ചതുര്‍ത്ഥാന്തത്തിങ്കല്‍ നിന്നും, പഞ്ചമാന്തത്തിങ്കല്‍ നിന്നും, പ്രഥമാന്തത്തിങ്കല്‍ നിന്നും വൃത്തത്തേക്കാള്‍ നവമാദികമായിരിക്കുന്ന സൂത്രയുഗമാകുന്നു. സപ്തമാഷ്ടമങ്ങളുടെ അന്തത്തില്‍ നിന്നും അപ്രകാരം ഷഷ്ഠനവാന്തങ്ങളിലും (നിന്ന്) വൃത്താദിസൂത്രയുഗളമാകുന്നക്രമം ഹേതുവായിട്ട് സൂത്രദ്വയം ദ്വിവിധമാകുന്നു.

പരിഭാഷ : തൃതീയാന്തം = തൃതീയയുടെ അന്തം, തൃതീയ = മൂന്നാമത്തെ രേഖ, അന്തം = അവസാനം, ദ്വിതീയാന്തം = ദ്വിതീയയുടെ അന്തം, ദ്വിതീയ = രണ്ടാമത്തെ രേഖ, അന്തം = അവസാനം, ചതുര്‍ത്ഥാന്തം = ചതുര്‍ത്ഥയുടെ അന്തം, ചതുര്‍ത്ഥ = നാലാമത്തെ രേഖ, അന്തം = അവസാനം, പഞ്ചമം = അഞ്ചാമത്തെ രേഖ, പ്രഥമാന്തം = പ്രഥമയുടെ അന്തം, പ്രഥമ = ഒന്നാമത്തെ രേഖ, അന്തം = അറുതി, വൃത്തം = വലയം, നവമാദികം = നവമാദിയോടുകൂടിയത്, നവമാദി = നവമം ആദിയായിട്ടുള്ളത്, നവമം = ഒമ്പതാമത്തെ രേഖ, ആദിശബ്ദംകൊണ്ട് എട്ടാമത്തെയും, ഏഴാമത്തെയും, ആറാമത്തെയും രേഖകളെന്നര്‍ത്ഥം. സൂത്രയുഗം = സൂത്രങ്ങളുടെ യുഗങ്ങളോടുകൂടിയത്, സൂത്രങ്ങള്‍ = രേഖകള്‍, യുഗങ്ങള്‍ = ഇരട്ടകള്‍ (ഇണകള്‍), സപ്തമാഷ്ടമങ്ങള്‍ = സപ്തമവും അഷ്ടമവും, സപ്തമം = ഏഴാമത്തെ രേഖ, അഷ്ടമം = എട്ടാമത്തെ രേഖ, അന്തം = അവസാനം, ഷഷ്ഠ നവാന്തങ്ങള്‍ = ഷഷ്ഠനവങ്ങളുടെ അന്തങ്ങള്‍, ഷഷ്ഠനവങ്ങള്‍ = ഷഷ്ഠവും നവവും, ഷഷ്ഠം = ആറാമത്തെ രേഖ, നവം = ഒമ്പതാമത്തെ രേഖ, അന്തം = അറുതി, വൃത്താദിസൂത്രയുഗളം = വൃത്താദിയോടുകൂടിയിരിക്കുന്ന സൂത്രയുഗളങ്ങളോടുകൂടിയത്. വൃത്താദി = വൃത്തം ആദിയായിട്ടുള്ളത്, വൃത്തം = വലയം, ആദിശബ്ദം കൊണ്ട് ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും രേഖകളെന്നര്‍ത്ഥമാകുന്നു. സൂത്രയുഗളം = സൂത്രങ്ങളുടെ യുഗളങ്ങളോടുകൂടിയത്, സൂത്രങ്ങള്‍ = രേഖകള്‍, യുഗളങ്ങള്‍ = ഇരട്ടകള്‍ (ഇണകള്‍), ക്രമം = മുറ, സൂത്രദ്വയം = രണ്ടുവിധമെന്നത്, എങ്ങനെയെന്നാല്‍ = ഇപ്രകാരം രണ്ടുരേഖകള്‍, ഇവയില്‍ താഴത്തെ രേഖയുടെ രണ്ടറ്റത്ത് (തലയ്ക്കല്‍) നിന്നും വേറെ രണ്ടു രേഖകള്‍ പുറപ്പെട്ട് ഏങ്കോണിച്ചു മേല്‌പോട്ട് ചെന്നു കുറുക്കെ കിടക്കുന്ന മേലത്തേ വരയുടെ മദ്ധ്യത്തില്‍ ഒന്നിച്ചു ചേര്‍ന്ന് ഇങ്ങനെ കൊള്ളുന്നതായിട്ടുള്ളത് ഒരു വിധം, ഇനി മറ്റൊരുവിധം എങ്ങനെയെന്നാല്‍ മുമ്പില്‍ മേലോട്ടായിട്ടുകാണിച്ചതനെ നേരെമറിച്ച് കീഴ്‌പോട്ട് ഇപ്രകാരമാകുന്നതു തന്നെ. സൂത്രയുഗം, സൂത്രയുഗളം, സൂത്രദ്വയം ഇതിനെ ഇങ്ങനെയെല്ലാം പറയാം.

അവതാരിക: ഇനി ഈ ചക്രത്തിന്റെ പര്‍വ്വാദി സന്ധിവിശേഷങ്ങളുടെ സംഖ്യകളേയും ദേവതയേയും മാഹാത്മ്യത്തേയും പറയുന്നു.

മൂലം :

ഹര്‍മ്മ്യപര്‍വ്വസമോപേതം
ഭദ്രസന്ധി സമന്വിതം
യച്ചക്രം ലളിതായാസ്ത-
ന്മംഗളം നേതരത് ഭവേല്‍.

അന്വയം : ലളിതായാഃ ഹര്‍മ്മ്യപര്‍വ്വസമോപേതം ഭദ്രസന്ധിസമന്വിതം യത്ചക്രം (ഭവതി) തത് മംഗളം ഭവേല്‍. ഇതരത് ന (ഭവേല്‍).

അന്വയാര്‍ത്ഥം : ലളിതയുടെ ഹര്‍മ്മ്യപര്‍വ്വസമോപേതമായി ഭദ്രസന്ധിസമന്വിതമായിരിക്കുന്ന യാതൊരു ചക്രം (ഭവിക്കുന്നു) അതു മംഗളമായി ഭവിക്കും. ഇതരം ഭവിക്കുകയില്ല.

പരിഭാഷ : ലളിതാ = ലളിതാദേവീ, ഹര്‍മ്മ്യപര്‍വ്വസമോപേതം = ഹര്‍മ്മ്യപര്‍വങ്ങളോട് സമോപേതം, ഹര്‍മ്മ്യപര്‍വ്വങ്ങള്‍ = ഹര്‍മ്മ്യമാകുന്ന പര്‍വ്വങ്ങള്‍, ഹര്‍മ്മ്യം = ‘ഹ’ എന്ന അക്ഷരവും ‘മ്യ’ എന്ന അക്ഷരവും, ‘ഹ’ എന്നതിന് 8 (എട്ട്) എന്ന സംഖ്യയും ‘മ്യ’ എന്നതിന് 1 (ഒന്ന്) എന്ന സംഖ്യയും അര്‍ത്ഥങ്ങളാകുന്നു. ഈ എട്ട്, ഒന്ന് എന്ന സംഖ്യകളെ മുന്‍പറഞ്ഞ സുന്നക്കണക്കിന്റെ സ്ഥാനനിയമപ്രകാരം മുന്നും പിന്നുമാക്കി സ്ഥാനം മാറ്റിവയ്ക്കുമ്പോള്‍ 18 (പതിനെട്ട്) എന്ന സംഖ്യയാകും. ഇതാണ് ഹര്‍മ്മ്യശബ്ദത്തിന്റെ അര്‍ത്ഥം. ഇനി പര്‍വമെന്നത് കണക്കുശാസ്ത്രപ്രകാരം ഗുണനചിഹ്നമെന്നു നാമമുള്ള X ഈ ദ്വിരേഖാ സന്ധിയില്‍കൂടി ഇടത്തുനിന്നും വലത്തോട്ടേയ്ക്ക് കുറുക്കെ മറ്റൊരു രേഖയിട്ടാല്‍ ഇങ്ങനെയാകും. ഈ ത്രികോണസന്ധിയെത്തന്നെയാണ് ഇവിടെ പര്‍വമെന്നു പറഞ്ഞിട്ടുള്ളത്. സമോപേതം = കൂടിയിരിക്കുന്നത് (ചേര്‍ന്നിരിക്കുന്നത്), ഭദ്രസന്ധിസമന്വിതം = ഭദ്രസന്ധികളോടു സമന്വിതം, ഭദ്രസന്ധികള്‍ = ഭദ്രയാകുന്ന സന്ധികള്‍, ഭദ്ര = ‘ഭ’ എന്നതും ‘ദ്ര’ എന്നതും ‘ഭ’ യ്ക്കു 4 (നാല്), ‘ദ്ര’ യ്ക്കു 2 (രണ്ട്) മുന്‍ സുന്നക്കണക്കിന്‍പ്രകാരം ചേര്‍ക്കുമ്പോള്‍ 24 (ഇരുപത്തിനാല്) എന്നാകും. സന്ധി എന്നതു മുന്‍ കാണിച്ച X ഈ ഗുണനചിഹ്നം തന്നെയാണ്. അത് = ഈ ശ്രീചക്രം, മംഗളം = മംഗളത്തോടുകൂടിയത്, ഇതരം = മറ്റൊന്ന്.

അവതാരിക : ഇനി ഈ ശ്രീചക്രനിര്‍മ്മാണ സങ്കേതശ്ലോകങ്ങളുടെ സംഖ്യകളേയും ഗുരുവന്ദനരൂപമായ ഗുരുപാരമ്പര്യക്രമത്തേയും പറഞ്ഞവസാനിപ്പിക്കുന്നു.

മൂലം :

ലളിതാചക്രനിര്‍മ്മാണേ
സംകേതശ്ലോകഷഡ്ക്കവിത് കാശ്മീര-
സമ്പ്രദായീ പാരമ്പര്യക്രമാന്വിതഃ സ്യാത്

അന്വയം: ലളിതാചക്രമിര്‍മ്മാണ സംകേതശ്ലോകഷഡ്ക്കവിത് കാശ്മീരസമ്പ്രദായീ പാരമ്പര്യക്രമാന്വിതഃ സ്യാല്‍.

അന്വയാര്‍ത്ഥം: ലളിതാചക്രനിര്‍മ്മാണത്തിങ്കലെ സംകേതശ്ലോകഷഡ്ക്കവിത്തായിരിക്കുന്നവന്‍ കാശ്മീരസമ്പ്രദായിയായിരിക്കുന്ന പാരമ്പര്യക്രമാന്വിതനായി ഭവിക്കും.

പരിഭാഷ: ലളിതാചക്രനിര്‍മ്മാണം = ലളിതയുടെ ചക്രനിര്‍മ്മാണം, ലളിതാ = ലളിതാദേവി, ചക്രനിര്‍മ്മാണം = ചക്രത്തിന്റെ നിര്‍മ്മാണം, നിര്‍മ്മാണം = ഉണ്ടാക്കല്‍ (വരയ്ക്കുക എന്നര്‍ത്ഥം), സംകേതശ്ലോകഷഡ്ക്കവിത്ത് = സംകേതശ്ലോകഷഡ്ക്കത്തെ വേദിച്ചവന്‍, സംകേതശ്ലോകഷഡ്ക്കം = സംകേതശ്ലോകങ്ങളുടെ ഷഡ്കം, സംകേതശ്ലോകങ്ങള്‍ = സംകേതപ്രകാരമുള്ള ശ്ലോകങ്ങള്‍, സംകേതം = മതം, ശ്ലോകങ്ങള്‍ = പദ്യങ്ങള്‍, വേദിക്ക = അറിയുക, കാശ്മീരസമ്പ്രദായി = കാശ്മീരസമ്പ്രദായത്തോടുകൂടിയവന്‍, കാശ്മീരസമ്പ്രദായം = കാശ്മീരന്മാരുടെ സമ്പ്രദായം, കാശ്മീരന്മാര്‍ = കാശ്മീരദേശത്തുളളവര്‍ (ഭക്തന്മാര്‍), സമ്പ്രദായം = ക്രമം (നടപടി), പാരമ്പര്യക്രമാന്വിതന്‍ = പാരമ്പര്യക്രമത്തോട് അന്വിതന്‍, പാരമ്പര്യക്രമം = പരമ്പരയായി നടന്നുവരുന്ന ക്രമം, അന്വിതന്‍ = കൂടിയവന്‍.

ഇപ്പറഞ്ഞ പ്രമാണപ്രകാരം ഈ ചക്രത്തില്‍ വെളിയില്‍ (പുറത്ത്) നിന്നും അകത്തോട്ട് പ്രധാന സ്ഥാനമായ ഒത്ത മദ്ധ്യംവരെ നോക്കുന്നതായാല്‍ ആദ്യം വെളിയില്‍ ചതുരശ്രമായ ഭൂപുരവും, രണ്ടാമത് അതിനുള്ളില്‍ ചുറ്റി മൂന്നു വലയ (വട്ടാര) ങ്ങളും, മൂന്നാമത് അതിനുള്ളില്‍ ചുറ്റി ഒരു വലയവും, നാലാമത് അതിനുള്ളില്‍ ചുറ്റി പതിനാറു ദലങ്ങളും, അഞ്ചാമത് അതിനുള്ളില്‍ ചുറ്റി ഒരു വലയവും, ആറാമത് അതിനുള്ളില്‍ ചുറ്റി എട്ടു ദലങ്ങളും, ഏഴാമത് അതിനുള്ളില്‍ ചുറ്റി ഒരു വലയവും, എട്ടാമത് അതിനുള്ളില്‍ ചുറ്റി പതിന്നാല് മുക്കോണങ്ങളും, ഒമ്പതാമത് അതിനുളളില്‍ ചുറ്റി രണ്ടു വരികളിലായി ചുറ്റി പതുപ്പത്തു മുക്കോണങ്ങളും, ഇങ്ങനെ ആകെ രണ്ടു വരികളിലായി ഇരുപത് മുക്കോണങ്ങളും, പത്താമത് അതിനുള്ളില്‍ ചുറ്റി എട്ടു മുക്കോണങ്ങളും പതിനൊന്നാമത് അതിനുള്ളില്‍ ഒരു ബിന്ദു (ചെറുവട്ട)വും ആയിട്ടുകാണാം.

ഈ പ്രമാണം പുറമേയുള്ള ഭൂപുരം മുതല്‍ക്ക് പ്രധാനസ്ഥാനമായി ഒത്ത മദ്ധ്യത്തിലുള്ള ബിന്ദു വരെ ക്രമേണ അകത്തോട്ടേയ്ക്ക് പറഞ്ഞിട്ടുള്ളതാണ്. ഇനി പറയാന്‍ പോകുന്നതു നേരെമറിച്ച് മദ്ധ്യബിന്ദു മുതല്ക്ക് വെളിയില്‍ ഭൂപുരം വരെ ക്രമേണ പുറത്തോട്ടേയ്ക്കാണ്. എങ്ങനെയെന്നാല്‍,

1.

ബിന്ദുത്രികോണവസുകോണദശാരയുഗ്മം
മന്വശ്രനാഗദളസംയുതഷോഡശാരം
വൃത്തത്രയഞ്ച ധരണീസദനത്രയഞ്ച
ശ്രീചക്രമേതദുദിതം പരദേവതായാഃ

2.

ബിന്ദുത്രികോണസംയുക്തം,
വസുകോണസമന്വിതം
ദശകോണദ്വയോപേതം,
ചതുര്‍ദ്ദശസമന്വിതം.
ദളാഷ്ടകസമോപേതം,
ദളഷോഡശകാന്വിതം
വൃത്തത്രയാന്വിതം ഭൂമി-
സദനത്രയഭൂഷിതം
നമാമി ലളിതാചക്രം
ഭക്താനാമിഷ്ടദായകം

1. അന്വയാര്‍ത്ഥം: പരദേവതയുടെ ബിന്ദുത്രികോണവസുകോണദശാരയുഗ്മത്തോടും മന്വശ്രനാഗദളസംയുതഷോഡശാരത്തോടും വൃത്തത്രയത്തോടും ധരണീസദനത്രയത്തോടും ഇരിക്കുന്ന ഈ ശ്രീചക്രം പറയപ്പെട്ടു.

പരിഭാഷ: പരദേവതാ = ശ്രീരാജരാജേശ്വരീ, ബിന്ദുത്രികോണവസുകോണദശാരയുഗ്മം = ബിന്ദുവും ത്രികോണവും വസുകോണവും ദശാരയുഗ്മവും, ബിന്ദു = ചെറുവട്ടം, ത്രികോണം = മുക്കോണം, വസുകോണം = അഷ്ട (എട്ട്), വസുക്കള്‍ എന്നുള്ള പ്രസിദ്ധിപ്രകാരം ‘വസു’ ശബ്ദത്തിന് എട്ട് എന്ന സംഖ്യ കല്പിച്ച് ‘വസുകോണം’ എന്നതിന് എട്ട് മുക്കോണം എന്ന് അര്‍ത്ഥമാക്കണം, ദശാരയുഗ്മം = ദശാരങ്ങളുടെ യുഗ്മം, ദശാരങ്ങള്‍ = പത്തു മുക്കോണങ്ങള്‍, യുഗ്മം = ഇരട്ട. ചുറ്റും പതുപ്പത്ത് മുക്കോണങ്ങളുള്ള രണ്ടു വരികള്‍ ഉണ്ട്. ആ രണ്ടു വരികളിലും കൂടി ഇരുപത് (20) മുക്കോണങ്ങള്‍ എന്നര്‍ത്ഥം. മന്വശ്രനാഗദളസംയുതഷോഡശാരം = മന്വശ്രനാഗദളസംയുതയായിരിക്കുന്ന ഷോഡശാരങ്ങളോടുകൂടിയത്. മന്വശ്രം = മനുക്കള്‍ പതിനാല് ആകുന്നു എന്നുള്ള പ്രസിദ്ധപ്രമാണംകൊണ്ടു ‘മന്വശ്ര’ ശബ്ദത്തിലെ ‘മനു’ എന്നതിന് പതിന്നാല് എന്നുള്ള സംഖ്യയെ സ്വീകരിച്ച് മന്വശ്രശബ്ദത്തിന് പതിന്നാല് മുക്കോണം എന്നുള്ള അര്‍ത്ഥം ധരിച്ചുകൊള്ളുക. നാഗദളം = മന്വശ്രാദികള്‍ക്ക് പറഞ്ഞപോലെ അഷ്ട (എട്ട്) നാഗങ്ങള്‍ എന്ന പ്രസിദ്ധിപ്രകാരം നാഗശബ്ദത്തിന് എട്ട് എന്ന സംഖ്യയെ സ്വീകരിച്ചു. നാഗദളം എന്നാല്‍ എട്ടു ദളങ്ങള്‍ എന്ന് അര്‍ത്ഥമാക്കുക. സംയുതം = കൂടിയത്, ഷോഡശാരം = പതിനാറുദളങ്ങള്‍, വൃത്തത്രയഞ്ച = വൃത്തത്രയത്തോടും, വൃത്തത്രയം = മൂന്നു വലയങ്ങള്‍, ധരണീസദനത്രയം = മുമ്പ് പറഞ്ഞിട്ടുള്ള മൂന്നു ഭൂപുരങ്ങള്‍ എന്ന് അര്‍ത്ഥം ആകുന്നു.

2. അന്വയാര്‍ത്ഥം: ബിന്ദുത്രികോണസംയുക്തമായും, വസുകോണസമന്വിതമായും, ദശകോണദ്വയോപേതമായും, ചതുര്‍ദ്ദശകോണ സമന്വിതമായും, ദളാഷ്ടകസമോപേതമായും, ദളഷോഡശകാന്വിതമായും വൃത്തത്രയാന്വിതമായും, ഭൂമീസദനത്രയഭൂഷിതമായും, ഭക്തന്മാര്‍ക്ക് ഇഷ്ടദായകമായും ഇരിക്കുന്ന ലളിതാചക്രത്തെ ഞാന്‍ നമസ്‌കരിക്കുന്നു.

പരിഭാഷ: മുന്‍പറഞ്ഞ ശ്ലോകത്തിന്റെ പരിഭാഷ കൊണ്ട് ഇതിന്റെ പരിഭാഷ വ്യക്തമായിരിക്കുന്നതിനാല്‍ പ്രത്യേകമായി എഴുതുന്നില്ല. രണ്ടു ശ്ലോകത്തിന്റെ അര്‍ത്ഥവും ഒരു പോലെ തന്നെ. ആദ്യമായിട്ട് (1) ഒത്ത നടുക്കുള്ള ഒരു ബിന്ദു (2) ആ ബിന്ദുവിന്റെ പുറമേയുള്ള ഒരു മുക്കോണം (3) ആ മുക്കോണത്തിന്റെ പുറമേ ചുറ്റുമുള്ള എട്ടു മുക്കോണങ്ങള്‍ (4) ആ എട്ടു മുക്കോണങ്ങളുടേയും പുറമേ ചുറ്റുമായി പത്തു മുക്കോണങ്ങള്‍ ഇങ്ങനെ ആകെ ഇരുപത് മുക്കോണങ്ങള്‍ (5) ആ ഇരുപത് (20) മുക്കോണങ്ങളുടെയും പുറമേ ചുറ്റുമുള്ള പതിനാലു കോണങ്ങള്‍ (6) ആ പതിന്നാല് മുക്കോണങ്ങളുടെയും പുറമേ ചുറ്റുമുള്ള ഒരു വൃത്ത (വലയ) വും (7) ആ വലയത്തില്‍ മൂലങ്ങള്‍ തൊട്ടുകിടക്കുന്നവയായിട്ട് അഷ്ടദളങ്ങളും (8) ആ അഷ്ടദളങ്ങളുടെയും അഗ്രങ്ങള്‍ ചെന്നു തൊട്ടിരിക്കുന്നതും ഷോഡശ (16) ദളങ്ങളുടെ മൂലങ്ങള്‍ വന്നു തൊട്ടിരിക്കുന്നതുമായ ഒരു വലയവും (9) ടി പതിനാറുദളങ്ങളും (10) ടി ഷോഡശദളങ്ങളുടെ അഗ്രങ്ങള്‍ തൊട്ടിരിക്കുന്നതായ ഒരു വലയവും (11) ഈ വലയത്തിന്റെ പുറമേ ചുറ്റിയുള്ളവയും, എല്ലാത്തിനും പുറമേ ചുറ്റുമുള്ള ചതുരശ്രങ്ങളായ ഭൂപുരങ്ങളുടെ ഉള്ളിലുള്ളവയും ആയ മൂന്നു വലയങ്ങളും (12) മേല്‍പറഞ്ഞ മൂന്നു ഭൂപുരങ്ങളും ഇത്രയും കൂടിയതാണ് പരദേവതയുടെ ശ്രീചക്രമെന്നു പറയുന്നത്. ഭക്തന്മാര്‍ക്ക് ഇഷ്ടദായകമായിരിക്കുന്ന ഇതിനെ ഞാന്‍ നമസ്‌കരിക്കുന്നു.

ഇനി ഈ ചക്രസംബന്ധമായുള്ള പക്ഷാന്തരങ്ങളെ പറയുന്നു. ആദ്യമായിട്ട് ഇതിലെ ത്രിവലയങ്ങളെക്കുറിച്ചുള്ള പക്ഷാന്തരങ്ങളെ കാണിക്കാം. ഇതില്‍ 43 മുക്കോണങ്ങളുണ്ടല്ലോ. അവയില്‍ നിന്ന് അടുത്ത പുറമേയുള്ളതും അഷ്ടദളങ്ങളുടെ മൂലങ്ങള്‍ തൊട്ടുകിടക്കുന്നതുമായ ഏഴ് (7) എന്ന അക്കമുള്ള ഒരു വൃത്തം, ടി അഷ്ടദലങ്ങളുടെ മൂലങ്ങളും തൊട്ടുകിടക്കുന്നതുമായ അഞ്ച് (5) എന്ന് അക്കമുള്ള മറ്റേ വൃത്തം, ഷോഡശദളങ്ങളുടെ അഗ്രങ്ങള്‍ തൊട്ടുകിടക്കുന്ന പത്ത് (10) എന്ന് അക്കമുള്ള വേറെ ഒരു വൃത്തം, ആ വേറൊന്നിനോട് അടുത്തു പുറമെയായിട്ടും എല്ലാത്തിലും പുറമേയുള്ള അതിര്‍ത്തികളായ മൂന്നു ഭൂപുരങ്ങള്‍ക്കും ഉള്ളിലായിട്ടും അടുത്തും കിടക്കുന്ന പതിനൊന്ന് (11) എന്ന അക്കമുള്ള മൂന്നു വൃത്തം ഇങ്ങനെ ആറ് വൃത്തങ്ങളെപ്പറ്റി പറഞ്ഞുവല്ലോ. എന്നാല്‍ ഇതിലേക്കുള്ള പ്രമാണങ്ങളിലെല്ലാം മൂന്നു വൃത്തങ്ങളെ മാത്രമേ പറയുന്നുള്ളൂ. അത് – ‘ചതുര്‍ഭിരംഗുലൈശ്ശിഷ്‌ടൈസ്സംവൃതാനി ച ഭൂപുരം’ എന്നതിനാല്‍ നാലംഗുലക്കണക്കില്‍ നിന്നും രണ്ടംഗുലം ഭൂപുരങ്ങളും രണ്ടംഗുലം ത്രിവലയങ്ങളും എന്നാണ് സിദ്ധിക്കുന്നത്. ആ സ്ഥിതിക്ക് മൂന്നു ഭൂപുരങ്ങള്‍ കഴിഞ്ഞ് ഉള്ളിലായിട്ടും ഷോഡശദളങ്ങളുടെ അഗ്രങ്ങള്‍ തൊട്ടു കൊണ്ടിരിക്കുന്ന വലയത്തിന്റെ പുറമേയായിട്ടും ഉള്ള ത്രിവലയമെന്നേ ആകുന്നുളളൂ. അല്ലാതെ അഷ്ടദളങ്ങള്‍ കഴിഞ്ഞിട്ട് അടുത്ത് അകത്തുള്ള വൃത്തം, ഷോഡശദളങ്ങളുടെ അടുത്ത് പുറമേയുള്ള വൃത്തം, ആ രണ്ടു വകഭേദങ്ങളുടെയും നടുക്കുള്ള വൃത്തം, ഈ മൂന്നു വൃത്തങ്ങളേയും തീരെ സംബന്ധിക്കുന്നില്ല. അവയെ സംബന്ധിച്ചു പ്രത്യേകമായൊന്നും പറഞ്ഞുകാണുന്നുമില്ല. അതെന്താണെന്ന് ആലോചിച്ചാല്‍ (1) അഷ്ടദളങ്ങളുടെ മൂലങ്ങള്‍ അവസാനിച്ചിട്ടുള്ളതും (2) അഷ്ടദളങ്ങളുടെ അഗ്രങ്ങള്‍ ഷോഡശദളങ്ങളുടെ അഗ്രങ്ങള്‍ ഇവ അവസാനിച്ചിട്ടുള്ളതും (3) ഷോഡശദളങ്ങളുടെ അഗ്രങ്ങള്‍ അവസാനിച്ചിട്ടുള്ളതും പ്രത്യേകം പ്രത്യേകം വലയാകൃതിയിലുള്ള 3 മാര്‍ഗ്ഗങ്ങളില്‍കൂടി ആകയാല്‍ വിശേഷിച്ചെടുത്തു പറയാതെ തന്നെ അവയുടെ അതിര്‍ത്തിയായിട്ട് വലയങ്ങള്‍ വന്നുപോകുമെന്നുള്ളതിനാല്‍ പറയാതിരുന്നതാണെന്നും, മറ്റേ ത്രിവലയം മേല്പറഞ്ഞപ്രകാരം മറ്റൊന്നു ഹേതുവായിട്ടല്ലാതെ അവയുടെ ആവശ്യം ഹേതുവായിട്ടു തന്നെ വേണമെന്നു വന്നതിനാല്‍ വിശേഷിച്ചു പറഞ്ഞിട്ടുള്ളതാണെന്നും സമാധാനമുണ്ടാക്കാം.

രണ്ടാമതു പക്ഷാന്തരം:

‘തത്രൈതത് കല്പകാരമതേ വൃത്തത്രയ-
ഞ്ചേത്യത്രോക്തവൃത്തത്രയന്തു മന്വശ്ര
നാഗദളഷോഡശമര്യാദാകരണ-
വൃത്തത്രയമേവ, ന പൃഥക്’

അര്‍ത്ഥം: അവിടെ കല്പകാരന്റെ മതപ്രകാരം പറയപ്പെട്ട വൃത്തത്രയവും താഴെപ്പറയുന്ന ഈ വൃത്തത്രയം തന്നെ: അതായത്, മന്വശ്രനാഗദളഷോഡശമര്യാദാകരണവൃത്തത്രയം ഏവ. മന്വശ്രനാഗദളഷോഡശമര്യാദാകരണവൃത്തത്രയം = മന്വശ്ര നാഗദള ഷോഡശകള്‍ക്ക് മര്യാദാകരണമായിരിക്കുന്ന വൃത്തത്രയത്തോടുകൂടിയത്. മന്വശ്രനാഗദളഷോഡശങ്ങള്‍ = മന്വശ്രവും നാഗദളവും ഷോഡശവും, മന്വശ്രം, നാഗദളം ഈ ശബ്ദങ്ങളുടെ പൂര്‍വ്വഗതങ്ങളായിരിക്കുന്ന മനു, നാഗം ഇവ രണ്ടും സംഖ്യാര്‍ത്ഥങ്ങളാണ്. എന്നാല്‍ മുന്‍പറഞ്ഞപ്രകാരം ക-1, ഖ-2 ഇങ്ങനെ അക്ഷരങ്ങളെകൊണ്ട് എണ്ണമെടുക്കുകയില്ല. പിന്നെ എങ്ങനെയെന്നാല്‍ മുന്‍പറഞ്ഞിരുന്നപോലെ മനു-14, നാഗം-8 (അഷ്ട) എന്നും സംഖ്യകളെ കാണിക്കുന്നതായി കരുതുക. ഇപ്രകാരമാകുന്ന, അതായത് 14 മുക്കോണങ്ങളും എട്ടു ദളങ്ങളും പതിനാറു ദളങ്ങളും എന്നര്‍ത്ഥം. മര്യാദാകരണങ്ങള്‍ = മര്യാദകളാക്കി ചെയ്തവ, മര്യാദകള്‍ = അതിര്‍ത്തികള്‍, വൃത്തത്രയം = മൂന്ന് വലയങ്ങള്‍ ന പൃഥക് = പ്രത്യേകമ(വെറെയ)ല്ല.

സാരം: 14 മുക്കോണങ്ങള്‍, 8 ദളങ്ങള്‍, 16 ദളങ്ങള്‍, ഇവയ്ക്ക് അതിര്‍ത്തികളായിരിക്കുന്ന മൂന്നു വലയങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. അല്ലാതെ വേറെ മൂന്നു വലയങ്ങളെക്കുറിച്ചല്ല. ‘വൃത്തത്രയം വിദ്യാരണ്യകൃതാവപി തഥോക്തം’ വൃത്തത്രയം വിദ്യാരണ്യസ്വാമികളുടെ കൃതിയിലും അപ്രകാരം തന്നെ പറയപ്പെട്ടിരിക്കുന്നു.

ശ്ലോകം:

ബിന്ദു ത്രികോണകാഷ്ടാവതാര
യുഗലോകപത്രവൃത്തയുതം
വസുദലവൃത്തകലാദളവൃത്തത്രിമ
ഹീഗൃഹം ഭവേച്ചക്രം.

അന്വയാര്‍ത്ഥം: ബിന്ദുത്രികോണകാഷ്ടാവതാരയുഗലോകപത്രവൃത്തയുതമായി വസുദളവൃത്തകലാദളവൃത്തത്രിമഹീഗൃഹത്തോടു കൂടിയതായി ചക്രം ഭവിക്കും.

പരിഭാഷ: ബിന്ദുത്രികോണകാഷ്ടാവതാരയുഗലോകപത്രവൃത്തയുതം = ബിന്ദുത്രികോണകാഷ്ടാവതാരയുഗലോകപത്രവൃത്തത്തോടുകൂടിയത്. ബിന്ദുത്രികോണകാഷ്ടാവതാരയുഗലോകപത്രവൃത്തം = ബിന്ദുവും ത്രികോണവും കാഷ്ടാപത്രവും അവതാരയുഗപത്രവും വൃത്തവും. ബിന്ദു = ചെറുവട്ടം, ത്രികോണം = മുക്കോണം, കാഷ്ടാപത്രം , അവതാരയുഗപത്രം, ലോകപത്രം = ഈ ശബ്ദങ്ങളില്‍ പൂര്‍വഗതങ്ങളായ കാഷ്ടാ, അവതാരയുഗം, ലോകം ഈ മൂന്നു ശബ്ദങ്ങളും സംഖ്യാര്‍ത്ഥങ്ങള്‍ തന്നെ. എന്നാല്‍ ഇവിടേയും അക്ഷരങ്ങളെക്കൊണ്ടു എണ്ണമെടുക്കുന്നവയല്ല. കാഷ്ടാശബ്ദത്തിന് ദിക്ക് എന്ന് അര്‍ത്ഥമാകയാല്‍ അഷ്ട (എട്ട്) ദിക്ക് എന്നു പ്രസിദ്ധി പ്രകാരം കാഷ്ടാശബ്ദത്തിന് എട്ട് എന്നും അവതാരയുഗമെന്നതിന് ഇതുപോലെതന്നെ അവതാരങ്ങള്‍ പത്തെന്നു പ്രസിദ്ധ്യനുസരണം അവതാരയുഗശബ്ദത്തിന് ഇരുപത് എന്നും, ലോകശബ്ദത്തിന് ഇങ്ങനെ തന്നെ പതിന്നാല് ലോകങ്ങള്‍ എന്നുള്ള പ്രസിദ്ധ്യനുസരണം ലോകശബ്ദത്തിനു പതിന്നാല് എന്നും അര്‍ത്ഥം ഗ്രഹിക്ക. ഇനി കാഷ്ടാ, അവതാരയുഗ, ലോക ഈ ശബ്ദങ്ങളുടെ അവസാനത്തിലെ പത്രശബ്ദങ്ങള്‍ക്ക് ഇവിടെ കോണങ്ങള്‍ എന്നും അര്‍ത്ഥം ഗ്രഹിക്കണം.

വൃത്തം = വലയം, വസുദലം = വസുദലത്തോടുകൂടിയത്, കലാദലം = കലാദലത്തോടുകൂടിയത്. ഇനി വസുദലമെന്നതിലെ ‘വസു’ കലാദലമെന്നതിലെ ‘കല’ ഈ രണ്ടു ശബ്ദങ്ങളും കൂടി സംഖ്യാര്‍ത്ഥകങ്ങള്‍ തന്നെ. അഷ്ട (എട്ട്) വസുക്കളെന്നും പ്രസിദ്ധിപ്രകാരം വസുശബ്ദത്തിന് ‘8’ എന്ന സംഖ്യയേയും ചന്ദ്രന് പതിനാറു കല എന്ന പ്രമാണപ്രകാരം കല ശബ്ദത്തിനു ’16’ എന്ന സംഖ്യയേയും ഗ്രഹിക്കുക. വൃത്തം = വലയം, ത്രിമഹീപുരം = മൂന്നു മഹീപുര (ഭൂപുരം) ത്തോടുകൂടിയത്.

സാരം : ഒത്ത മദ്ധ്യത്തില്‍ ബിന്ദു. അതിന്റെ പുറമേ ചുറ്റി ഒരു മുക്കോണം. അതിനു പുറമേ 8 മുക്കോണം, അതിനു പുറമേ ചുറ്റി 14 മുക്കോണങ്ങള്‍, അതിനു പുറമേ ചുറ്റി ഒരു വൃത്തം, അതിനു പുറമേ ചുറ്റി 8 ദലങ്ങള്‍, അവയെ ചുറ്റി ഒരു വൃത്തം, അതിനു പുറമേ 16 ദലങ്ങള്‍, അതിനു പുറമേ ചുറ്റി ഒരു വൃത്തം, അതിനു പുറമേ ചതുരശ്രമായിട്ടുള്ള മൂന്നു ഭൂപുരങ്ങള്‍. ഇവയോടുകൂടിയത് ശ്രീ ചക്രമായി ഭവിക്കുന്നു.

ശ്രീചക്രത്തിനുള്ള മലയാള പ്രമാണം
നന്നായൊന്നുവരയ്ക്ക സൂത്രമതു നാ-
ല്പത്തെട്ടുവേണം യവം
പിന്നെച്ചുറ്റുമതിന്റെ വൃത്തമതുതാ-
നമ്പോടു വീശിത്തഥാ
ആറാറഞ്ചഥ മൂന്നു മൂന്നുമൊരുനാല്‍
മൂന്നോടു മൂവാറുമായ്
വേറായ് വൃത്തമതിങ്കല്‍ നിന്നു നവധാ-
ഖണ്ഡിക്ക മീതേ മുതല്‍
അര്‍ക്കന്‍തൊട്ടു നവഗ്രഹങ്ങളതിന-
ങ്ങാഖ്യാനവും ചെയ്തുടന്‍
മായ്‌ക്കേണം, രവിയിങ്കല്‍ നിന്നിരുപുറം
മുമ്മൂന്നു തന്നേ യവം
നന്നാലിന്ദുവിനും ബുധന്നു പതിനാര്‍
പത്തൊമ്പതാചാര്യനും
ശുക്രന്നും പതിനാറഹിക്കുശശിവല്‍
കേതോസ്തഥാ സൂര്യവല്‍
അര്‍ക്കന്‍ ശുക്രനിലെത്തിടുന്നു ശശിപോയ്
നില്‍ക്കും ശിഖാവാനിലും
വക്രന്‍ വൃത്തമതിന്റെ മദ്ധ്യമതിലും
ചന്ദ്രാത്മജന്‍ പാമ്പിലും
വ്യാഴം മന്ദനിലും ശശിക്കു ഭൃഗുജ-
ന്മേല്‍ വൃത്തമദ്ധ്യേfര്‍ക്കജന്‍
വ്യാഴം പോയ് രവിയിങ്കലങ്ങഹിവരന്‍
ഭൗമങ്കലക്കേതുവും
പിന്നേ വൃത്തമതിങ്കല്‍ നിന്നു പതിനൊ-
ന്നത്രേ യവം വേണ്ടതും
നന്നായഷ്ടദലങ്ങളാക്കുക നവം-
കൊണ്ടപ്പുറം ഷോഡശം
രണ്ടില്‍ തീര്‍ക്കൊരു മൂന്നു വൃത്തമതിനും
മീതേ യവം രണ്ടിനാല്‍
ഉണ്ടാക്കീടുക മൂന്നുടന്‍ ചതുരമായ്
ശ്രീചക്രമീവണ്ണമാം.

യവം = അംഗുലത്തിന്റെ 8-ല്‍ ഒന്ന്. അരയ്ക്കാലംഗുലമെന്നര്‍ത്ഥം (ഒരു നെല്ലിടയെന്നും പറയാം)

മറ്റൊരു മലയാളപ്രമാണം

വൃത്തം വരച്ചതിന്മദ്ധ്യേ പൂര്‍വപശ്ചിമരേഖയായ്
രാഹുസൂത്രം വരയ്‌ക്കേണം നാല്പത്തെട്ടു കണക്കിന്
ആറാറഞ്ചഥ മുമ്മൂന്നു നാലും മുമ്മൂന്നുമായഥ
ഭാഗിച്ചിട്ടു ക്രമാത്താലേ വരപ്പൂ നവരേഖയായ്
ചൊവ്വായും ശനിയും ചെമ്മേ വൃത്തത്തോടിഹചേര്‍ത്തുടന്‍
ചന്ദ്രനെക്കേതുതന്നോടും കേതുഭൂസുതസംയുതം
സൂര്യനെ ശുക്രനോടാക്കി ശുക്രനെത്തിങ്കളിങ്കലും
ബുധം രാഹുവിനോടും തദ്രാഹും സൂര്യനൊടും തഥാ
വ്യാഴം മന്ദനോടും ചേര്‍ത്തിട്ടേവം ശ്രീചക്രലക്ഷണം.

ടിക്ക് തമിഴ് പ്രമാണം
1.

ആമപ്പാ പൂചൈവിതിചക്‌രം ചൊല്‍വേന്‍
ആരുംതാന്‍ ചൊല്ലാള്‍കളപ്പാ കേള്
ഓമപ്പാ തേവിക്ക് ആതി വീടം
ഉത്തമനേ നാര്‍പത്തു മൂന്റേ കോണം
കാമപ്പാ വിത്തയതുക്കാതിവിത്തൈ
കാമിനിയാര്‍ പൂചൈ ചെയ്‌വാര്‍ തീക്ഷൈ പെറ്റോര്‍
നാമപ്പാ മുന്തിയവള്‍ പൂചൈ പണ്ണി
നലമാനചിവപോകന്തിരുന്തിട്ടേനേ

2.

ഇരുന്തിട്ട ചക്കരത്തിനിയന്‍ പൈക്കേളേ
ഇതമാക വളൈയം പോല്‍ കീറിക്കൊണ്ടു
അരുന്തിട്ട കുറിക്കിനിടരേകൈതാനും
ആതിത്തന്‍ രേകൈയൊന്റു തിങ്കളൊന്റു
തെളിന്തിടു ചൊവ്വായിന്‍ രേകൈയൊന്റു
ചേലാന പുതനുടൈയ രേകൈയൊന്റു
ചരുന്തിട്ട കുരുവിനതു രേകൈയൊന്റു
പാങ്കാന ചുക്കിരന്‍ നല്‍രേകൈ താനേ.

3.

താനെന്റ കാരിയതു രേകൈയൊന്റു
ചാതകമായ് രാകരേകൈയൊന്റു
കാനെന്റ കേതുവതു രേകൈയൊന്റു
കൈ മുറൈയായൊമ്പതൈയുങ്കുറുക്കെ കീറി
വാനെന്റ തേവിയതു പാതരേകൈ
വാടിനാര് ചവനന്റു ചക്‌രമാക
വാനെന്റ ചൊവ്വായിന്‍ മുനൈയിരണ്ടും
വാങ്കിയല്ലൊ കീഴാകും വളൈയത്തൂടേ

4.

ഊട്ടിടുവായ് മന്തനതു മുനൈയിരണ്ടും
ഉത്തമനേ വളൈയത്തിന്‍ മേല്‍ മുകത്തില്‍
കൂട്ടിടുവായ് തിങ്കളതു മുനൈയിരണ്ടും
കുലമാന കേതുവതു നടുമയ്യത്തില്‍
കൂട്ടിടുവായ് കേതുവതു മുനൈയിരണ്ടും
പുകഴാന ചെവ്വായിന്‍ മൈയത്തുട്ടു
മാട്ടിടുവായ് കുരുവു ചൊന്ന മുറൈയാകത്താന്‍
വണ്മൈയുടന്‍ വഴിവഴിയായ് വരുത്തിത്താക്കെ

5.

താക്കടാവതിത്തന്‍ മുനൈയിരണ്ടും
തയവാന ചുക്കിനാര് മൈയത്തുട്ടു
തേക്കടാ ചുക്കിനാര് മുനൈയിരണ്ടും
തിങ്കളതു മയ്യത്തില്‍ ചേരു ചേരാ
പോക്കടാ പുതനുടൈയ മുനൈയിരണ്ടും
പുകഴാന രാകുവതു മയ്യത്തുട്ടു
നോക്കെടാ രാചാവിന്‍ മുനൈയിരണ്ടും
മനുകാവെ ചനിമയ്യത്തൂട്ടിപ്പാരേ