ഭാഷാപദ്മപുരാണാഭിപ്രായം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ഭാഷാപദ്മപുരാണാഭിപ്രായം’ എന്ന കൃതിയില്‍ നിന്ന്

ശ്രുതിസ്മൃതി പുരാണങ്ങള്‍ ഇവ വേണ്ടുവോളം ജ്ഞാനവിജ്ഞാനങ്ങളെ ഉപദേശിക്കുന്നവയാണ്. അതിനാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നു പോരെയോ? ഈ മൂന്നും കൂടി എന്തിനാണ്? എന്നാണെങ്കില്‍ മനുഷ്യരുടെ സ്വഭാവഗുണ താരതമ്യത്തെ അനുസരിച്ച് ഈ മൂന്നും അവശ്യം വേണ്ടവതന്നെയാണ്. അതുകൊണ്ട് ആദ്യമായിട്ട് ഈ മൂന്നു പ്രമാണങ്ങളുടെ സ്വരൂപങ്ങളെയും അനന്തരം ഇവയുടെ സ്ഥാനമാനതാരതമ്യങ്ങളുടെയും പിന്നീട് ഇവ മനുഷ്യര്‍ക്ക് ഇന്ന നിലയിലാണ് ജ്ഞാനവിജ്ഞാനങ്ങളെ ഉപദേശിക്കുന്നതെന്നും ചുരുക്കത്തില്‍ പറഞ്ഞുകൊള്ളട്ടെ.

സ്വരൂപലക്ഷണങ്ങള്‍

ധര്‍മ്മാധര്‍മ്മങ്ങള്‍ ഇതിന്റെ സഹായത്താല്‍ കേള്‍ക്കപ്പെടുകകൊണ്ട് ഇതിനു ശ്രുതി, ‘ശ്രൂയത ഇതി ശ്രുതി”, ശ്രവിക്കപ്പെടുകയാല്‍ ശ്രുതിയെന്നു2 നാമം.

‘വേദാര്‍ത്ഥസ്മരണപൂര്‍വകം രചിതത്വാല്‍ സ്മൃതിഃ’ മഹര്‍ഷിമാരാല്‍ വേദാര്‍ത്ഥസ്മരണപൂര്‍വകം രചിക്കപ്പെട്ടു എന്നതിനാല്‍ സ്മൃതി.3

‘പുരാഭവം പുരാണം’ പണ്ടുകഴിഞ്ഞ കഥയെപ്പറ്റിപ്പറയുന്നത്. ‘പുരാ അതീതാനാഗതാവര്‍ത്ഥാവണതി’ അതീതങ്ങളായും (കഴിഞ്ഞവക) അനാഗതങ്ങളായും (ഇനിവരാന്‍ പോകുന്ന വക) ഇരിക്കുന്ന കഥകളെപ്പറ്റിപ്പറയുന്നു.

സര്‍ഗ്ഗശ്ച പ്രതിസര്‍ഗ്ഗശ്ച
വംശോ മന്വന്തരാണി ച
വംശാനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം.

പുരാണമെന്നത് അഞ്ചു ലക്ഷണങ്ങളോടുകൂടിയവയാകുന്നു.

അഞ്ചു ലക്ഷണങ്ങള്‍

1. സര്‍ഗ്ഗം 2. പ്രതിസര്‍ഗ്ഗം 3. വംശം 4. മന്വന്തരങ്ങള്‍ 5. വംശാനുചരിതം. ഇവയില്‍ –

സര്‍ഗ്ഗമെന്നത് ആകാശാദി പഞ്ചഭൂതങ്ങള്‍, ചക്ഷുരാദിദശേന്ദ്രിയങ്ങള്‍, അന്തഃകരണം, സത്വ രജസ്തമസ്സുകളുടെ വിഷമാവസ്ഥയില്‍ നിന്നുള്ള ഇവയുടെ ഉത്പത്തി.

പ്രതിസര്‍ഗ്ഗമെന്നത് ബ്രഹ്മാവിന്റെ ദേവ തിര്യങ്മനുഷ്യാദി സൃഷ്ടിയും സംഹാര (പ്രളയ)വും വീണ്ടുമുള്ള സൃഷ്ടിയും.

വംശമെന്നത് രാമകൃഷ്ണാദ്യവതാരങ്ങളുടെയും ആ കാലത്തിലുണ്ടായിരുന്ന മറ്റു ഭക്തന്മാരുടെയും വംശ വര്‍ണ്ണന. മന്വന്തരങ്ങള്‍, ഓരോ മനുക്കളുടെയും ഭരണചരിത്രങ്ങള്‍. വംശാനുചരിതം, മനുക്കളുടെ പിന്‍വാഴ്ചക്കാരുടെ ചരിത്രം.

സ്ഥാനമാന താരതമ്യങ്ങള്‍

യദദൃഷ്ടംഹി വേദേഷു
തദ്ദ്രഷ്ടവ്യം സ്മൃതൗകില
ഉഭാഭ്യാം യദദൃഷ്ടം ഹി
തത്പുരാണേഷു പഠ്യതേ
ശ്രുതിസ്മൃതി പുരാണേഷു
വിരുദ്ധേഷു പരസ്പരം
പൂര്‍വ്വം പൂര്‍വ്വം ബലീയഃസ്യാ –
ദിതിന്യായ വിദോ വിദുഃ – ആപസ്തംബസ്മൃതി)

വേദത്തില്‍ കാണാത്ത വിഷയത്തെ സ്മൃതിയില്‍ നിന്നും ഗ്രഹിച്ചുകൊള്ളാം. ഈ രണ്ടിലുമില്ലാത്തവ പുരാണങ്ങളില്‍ നിന്നും ഗ്രഹിക്കാം. എന്നാല്‍ ശ്രുതിസ്മൃതി പുരാണങ്ങളില്‍ പരസ്പരം വിരുദ്ധമായി കാണുമ്പോള്‍ പുരാണത്തേക്കാള്‍ സ്മൃതിയും, സ്മൃതിയേക്കാള്‍ ശ്രുതിയും ബലീയസ്സാകുന്നു.4

ശ്രുതിസ്മൃതി വിരോധേഷു
ശ്രുതിരേവ ഗരീയസീ
അവിരോധേ സദാകാര്യം
സ്മാര്‍ത്തം വൈദികവത്സദാ – (ജാബാലസ്മൃതി)

ശ്രുതിക്കും സ്മൃതിക്കും വിരോധമിരിക്കുന്ന സ്ഥലങ്ങളില്‍ ശ്രുതി തന്നെ പ്രബലപ്രമാണമാകും. അവയ്ക്കു ഭിന്നിപ്പില്ലാത്ത പക്ഷത്തില്‍ ശ്രുതിയേപ്പോലെ തന്നെ സ്മൃതിയും അംഗീകാര്യമാകും

ശ്രുതിസ്മൃതി പുരാണാനാം
വിരോധോ യത്ര ദൃശ്യതേ
തത്ര ശ്രൗതം പ്രമാണം തു
തയോര്‍ ദൈ്വധേ സ്മൃതിര്‍വരാ.

വേദത്തിനു വിരോധമായ ശ്രുതിവാക്യം വകയല്ലാ. ഈ രണ്ടിനും വിരോധമായ പുരാണ വചനവും വകയല്ല. ഇപ്രകാരം നീക്കേണ്ടവയെത്തള്ളി സ്വീകരിച്ചിരിക്കുന്ന പുരാണങ്ങള്‍ ശ്രുതി സ്മൃതികള്‍ക്കു വിരോധം കൂടാതെ സമ്മതമായിട്ടുള്ളവയാണ്.

ഇനി ഉപദേശ നിലകളെ പറയുന്നു. ഇവയില്‍ ശ്രുതിയാകട്ടെ, ഒരു ചക്രവര്‍ത്തി രാജാവിന്റെ നിലയില്‍ ആജ്ഞാപിക്കും പോലെ അതിഗൗരവമായിട്ടും, സ്മൃതിയാകട്ടെ, ഒരു സ്‌നേഹിതന്‍ അന്യോന്യം സമനിലയില്‍ ഇരുന്നുകൊണ്ട് സന്തോഷപ്പെടുത്തി പറയുന്നതുപോലെ വളരെ ഇഷ്ടമായിട്ടും, പുരാണമാകട്ടെ, ഒരു ഭാര്യ സന്തോഷോത്സാഹം സമയം നോക്കി, ശൃംഗാരാദി രസസമേതം കൊഞ്ചിക്കുഴഞ്ഞു വശീകരിച്ചു. ബോധിപ്പിക്കുന്നതു പോലെ അതിപ്രേമ രൂപത്തിലും ഉപദേശിക്കും. ഈ ഒടുക്കം പറഞ്ഞ പുരാണമാര്‍ഗ്ഗം ഏകദേശം മനുഷ്യര്‍ക്കെല്ലാവര്‍ക്കും രസകരമായിരിക്കുമല്ലോ. ഇതുതന്നെയാണല്ലോ ഇതിലെ വിഷയവും. അത്രയുമല്ല, കവികുലതിലകനായ വള്ളത്തോള്‍ നാരായണമേനോന്‍ അവര്‍കളുടെ പരിശുദ്ധഹൃദയമാകുന്ന അലങ്കാരമണ്ഡപത്തില്‍ തന്റെ സംസ്‌കൃതപദ്യരൂപങ്ങളായ പുരാതനവാസസ്ഥാനങ്ങളിലെ സ്ഥിതിയോടുകൂടി കോമളമായ മലയാള വാണീവിലാസമാര്‍ഗ്ഗത്തൂടെ കടന്നുകയറി അനന്തജ്ഞാനപ്രകാശത്തിനു നടനം ചെയ്തുകൊണ്ട് ടി ഓമന മലയാള ഭാഷയെത്തന്നെ നവീന സുഖവാസ സ്ഥാനാന്തരമായി സ്വീകരിച്ച് അതില്‍ കല്യാണ മനോഹര ഗദ്യപദ്യ രൂപത്തില്‍ ബഹിര്‍ഭാഗത്തേയ്‌ക്കെഴുന്നരുളി പ്രസരിച്ചു വിളങ്ങുന്നവയാണല്ലോ ഈ പുരാണരത്‌നങ്ങള്‍. ഈ സ്ഥിതിക്കു ഇവയെ സാദരം പൂജിച്ചിരുത്തുന്നതിലേക്കു, വിശേഷിച്ചു മലയാളികളും രസജ്ഞന്മാരുമായ എല്ലാ പേരുടേയും ഉത്തമാംഗങ്ങള്‍ ഉത്തമ സല്‍പീഠങ്ങളായി ഭവിക്കട്ടെ! ഒരു പക്ഷേ ആരും തന്നെ ഇപ്രകാരം അപേക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്തില്ലെങ്കിലും സ്വയം അപ്രകാരമായിപ്പോകുമാറുള്ള ഒരീശ്വരാനുഗ്രഹമാഹാത്മ്യം ഈ നവീന പുരാണങ്ങള്‍ക്കുണ്ട്. വിശേഷിച്ചു പണ്ഡിത ശിരോരത്‌നങ്ങളുടെ വിലയേറിയ അഭിപ്രായാനുഗ്രഹങ്ങളും കൂടി ഇതിലിരിക്കുന്ന സ്ഥിതിക്കു പിന്നെ പറയണമോ? ഇനി ഒന്നുകൂടിയുണ്ട്. എന്തെന്നാല്‍ സംസ്‌കൃത ഭാഷയെ തങ്കത്തിനോടും തമിഴ് അല്ലെങ്കില്‍ തമിഴുഭാഷയുടെ ഒരു വകഭേദമായ നമ്മുടെ മലയാള ഭാഷയെ മണ്ണിനോടും സമമാക്കി മുന്‍കാലങ്ങളില്‍ (ഇക്കാലത്തും ഇല്ലെന്നില്ല) ചില പണ്ഡിത കവികള്‍ പറയാറുണ്ട്. ആ മുറയ്ക്കു നോക്കുമ്പോള്‍ സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേയ്ക്കുള്ള തര്‍ജ്ജിമ തങ്കപ്പാത്രത്തിലിരിക്കുന്ന അമൃതത്തെ മണ്‍പാത്രത്തിലും കൂടി ആക്കി വച്ചതുപോലെയും വയ്ക്കുന്ന പോലെയും ആകുന്നുവെന്നു വല്ലവരും വിചാരിച്ചുപോയേക്കാം. എങ്കിലും ഇതു നിമിത്തം ഇതിലേക്കു എന്തെങ്കിലും ഒരു ന്യൂനതയുണ്ടോ എന്നു നോക്കിയാല്‍ അല്പം പോലുമില്ലെന്നുതന്നെ പറയേണ്ടിവരും. എന്തെന്നാല്‍ മണ്‍പാത്രത്തിലിരിക്കുന്നതുകൊണ്ട് അമൃതത്തിനു പാത്രഭേദമല്ലാതെ രസഭേദം ലവലേശം ഇല്ല. അപ്രകാരം ഇവിടെയും ഭാഷാഭേദമല്ലാതെ അര്‍ത്ഥഭേദം ഒട്ടും തന്നെ ഇല്ല.

ഒന്നില്‍നിന്നു മറ്റൊന്നിലേക്കുള്ള തര്‍ജ്ജിമയുടെ പ്രയോജനം അധികം ബഹുജനങ്ങള്‍ക്കു സംഗതി മനസ്സിലാകണമെന്നുള്ളതാണല്ലോ. തങ്കപ്പാത്രമുള്ളവര്‍ ചിലരും മണ്‍പാത്രക്കാര്‍ പലരുമാകകൊണ്ട് പ്രയോജനവും എത്രയും അധികമാണെന്നുള്ളതിലേക്കു സംശയമില്ല. പദ്യമായിട്ടുമാത്രമേ ആകാവൂ എന്നു നിര്‍ബന്ധം കൂടാതെ യഥാസൗകര്യം വിട്ടിരിക്കകൊണ്ടു വൃത്തം, പ്രാസം മുതലായവ ഭയന്നു ബദ്ധപ്പെട്ടു ചില കടുത്ത സംസ്‌കൃത വാക്കുകളെ കുത്തിച്ചെലുത്തുന്ന വിഷയത്തില്‍ സംഭവിച്ചുപോകാവുന്ന ന്യൂനതകളൊന്നും ഇതില്‍ സ്ഥാനം പിടിച്ചിട്ടില്ല. പിടിക്കാനും തരമില്ല. ഗദ്യപദ്യങ്ങളായിട്ടു മാറിമാറി വരികകൊണ്ട് അല്പവും മുഷികയില്ലെന്നു തന്നെയുമല്ല, നാടകം, ചമ്പു, കഥചെയ്കല്‍, രാഗ വിസ്താരവും പാട്ടും ഇവ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള ശ്രവണരസവും നല്ലപോലെയുണ്ട്. പദ്യനിര്‍ബന്ധമില്ലാതെയും തന്നിമിത്തംസംസ്‌കൃത വാക്കുകള്‍ തുലോം കുറഞ്ഞും, ഉള്ളതു സാധാരണ അറിയത്തക്കതായുമിരിക്കയാല്‍ സാമാന്യക്കാര്‍ക്കും മനസ്സിലാക്കിെക്കാണ്ടുപോകുന്നതിലേക്കു വിഘ്‌നമോ വിളംബനമോ5 ഒന്നും തന്നെയില്ല. ഇങ്ങേ അറ്റം പറയുന്നതായാല്‍ മൂന്നുലക്കകള്‍ കൊണ്ടു തങ്ങളില്‍ കൂട്ടിമുട്ടാതെ ഒന്നിച്ചു നെല്ലുകുത്തുന്ന മൂന്നു സ്ത്രീകള്‍, തിളച്ചു തുടുതുടുത്ത കഞ്ഞിയോടുകൂടി അടുപ്പത്തു കിടക്കുന്ന ചോറ്റിനെ ആ അടുപ്പില്‍ വച്ചുകൊണ്ടു തന്നെ സൂക്ഷിച്ചു വാര്‍ക്കുന്ന സ്ത്രീ, മലയാള വര്‍ഗ്ഗത്തിലുള്ള, ഈ ഇവര്‍ക്കു പോലും ആ സമയത്ത് ഈ തര്‍ജ്ജിമ വായിച്ചുകേട്ടാല്‍ ഒരു വിധം മനസ്സിലാകാതെയിരിക്കുകയില്ല.

കുറിപ്പുകള്‍

1. മഹാകവി വള്ളത്തോളിന്റെ പത്മപുരാണ തര്‍ജ്ജിമയെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ എഴുതിയ അഭിപ്രായമാണ് ഈ ലേഖനം.
2. ഋക്, യജുസ്സ്, സാമം, അഥര്‍വം, എന്നീ നാലുവേദങ്ങള്‍ അവയുടെ മന്ത്രങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്നീ നാലു ഭാഗങ്ങളോടും കൂടുയതാണു ശ്രുതി.
3. ഭഗവദ്ഗീത തുടങ്ങിയവയത്രേ സ്മൃതികള്‍
4. ബലീയസ്സ് = കൂടുതല്‍ ബലമുള്ളത്.
5. വിളംബനം = വിളംബം = താമസം