പ്രണവം എന്നത് രണ്ടു വിധം. ഒന്നു നാദരൂപം (നിഷ്‌കള ബ്രഹ്മം) രണ്ട് അക്ഷര രൂപം (സകലബ്രഹ്മം). നിഷ്‌കളബ്രഹ്മത്തിന്റെ വിശകലനം ലോക സൃഷ്ട്യാദിദ്വാരാ ജീവേശ്വരജഗദ്‌ഭേദങ്ങളില്‍ പടര്‍ന്നുപിടിച്ചു കയറിപ്പോകുന്നു. അത് ഇവിടെ വിഷയമല്ല. പരബ്രഹ്മത്തില്‍ ആരോപിക്കപ്പെട്ട മൂലപ്രകൃതി (അവ്യക്തം) ഗുണഭേദമനുസരിച്ച് ഈശ്വര ജീവ ജഗദ്രൂപമായ പ്രപഞ്ചത്തിനു കാരണമായതുപോലെ പരപ്രണവത്തില്‍ ആരോപിക്കപ്പെട്ട അപരപ്രണവം, വര്‍ണ്ണാക്ഷര സംഖ്യകള്‍ക്ക് എന്നല്ല വേദ വേദാന്ത വേദാംഗാദി സകല വിദ്യകള്‍ക്കും ആദികാരണമാകുന്നു.
ഏകാക്ഷരമായ ഓംകാരം അ കാര ഉ കാര മ കാരങ്ങളുടെ സമുച്ചയമാണ്. അതുകള്‍ സത്വരജസ്തമസ്സുകളും ആകുന്നു. ത്രിഗുണങ്ങളുടെ ന്യൂനാധിക സമതാ ഭേദമനുസരിച്ച് ഓരോന്നു മുമ്മൂന്നായി പിരിയുന്നു. സത്വഗുണം ന്യൂനമാകയാല്‍ 1, സത്വഗുണം അധികമായാല്‍ 2, സത്വഗുണം സമമായാല്‍ 3 (ന്യൂനാധികം ഇല്ലാതിരുന്നാല്‍). ഇങ്ങനെ സത്വഗുണം മൂന്നുവിധമായതുപോലെ രജോഗുണവും തമോഗുണവും മൂന്നുവിധം1. ആകെ ഗുണവികൃതി 9 വിധം. പ്രണവം ഒന്ന്. അതിന്റെ ഘടകങ്ങള്‍ മൂന്ന് ഗുണവികൃതികള്‍ ഒമ്പത്. (1 – 3 – 9) എന്ന മൂന്ന് സംഖ്യകള്‍ സംജാതങ്ങളായി. ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടു തന്നെ പെരുക്കിയാല്‍ അതിന്റെ ഫലത്തിനു വര്‍ഗ്ഗം എന്നും കൃതിയെന്നും പേര്‍ പറയാം. അതുകൊണ്ടു ഗുണവികൃതി എന്നുപറയുന്നതു മൂന്നിന്റെ വര്‍ഗ്ഗമാകുന്നു. മൂന്നെന്ന സംഖ്യയ്ക്കും ഒന്‍പത് എന്ന സംഖ്യയ്ക്കും പ്രത്യേകം പ്രാധാന്യം ഉണ്ടെന്നു സാരം. ഒന്നിനും മൂന്നിനുമുള്ള സങ്കലന വ്യവകലനം കൊണ്ട് 4 – എന്നും 2 – എന്നും രണ്ടു സംഖ്യകള്‍ കൂടി ഉണ്ടായി. 1 – 2 – 3 – 4 – എന്ന നാലു സംഖ്യകള്‍ മൂന്നിന്റെ വര്‍ഗ്ഗമായ 9 – ല്‍ നിന്നും വ്യവകലനം ചെയ്താല്‍ 8 – 7 – 6 – 5 – എന്നു് 4 സംഖ്യകള്‍ കൂടി കിട്ടുന്നു. ഒന്നു മുതല്‍ 4 വരെയുള്ള നാലു സംഖ്യ അനുക്രമമായും ഒന്‍പതു മുതല്‍ അഞ്ചുവരെയുള്ള 5 സംഖ്യ അപക്രമമായും യോജിപ്പിച്ചാല്‍ 1,2,3,4,5,6,7,8,9 എന്ന ഒന്‍പത് അക്കങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സകലത്തിന്റെയും മൂലബീജമായ അവ്യക്തത്തിലുള്ള ഹിരണ്യഗര്‍ഭസങ്കേതം മഹാകാശമാണ്. അത് ശൂന്യവും ആകുന്നു. ശൂന്യത്തിനു പൂജ്യമെന്നും സൂന്നമെന്നും പേരുണ്ട്. അത് പത്താമത്തെ അക്കമാണെന്നു ചിലര്‍ക്കഭിപ്രായമില്ലാതില്ല. ഒന്ന് എന്ന അക്കം രണ്ടാം സ്ഥാനത്തിലും പൂജ്യം ഒന്നാം സ്ഥാനത്തിലും ഇട്ടാല്‍ 10 എന്നുള്ള സംഖ്യ 9നു മേലായി പ്രകാശിക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളും പൂജ്യവും ചേര്‍ത്തു ഏകസ്ഥാനം മുതല്‍ പരാര്‍ദ്ധ (18)2 സ്ഥാനം വരെ യഥേഷ്ടം സംഖ്യകളെ നിര്‍മ്മിക്കുന്നതിനും വ്യവഹരിക്കുന്നതിനുമുള്ള യുക്തിരഹസ്യം പ്രണവത്തില്‍ അന്തര്‍ലീനമാകുന്നു. മൂന്ന് മൂന്നിന്റെ കൃതി, ഒമ്പത് ഒമ്പതിന്റെ കീഴും മേലുള്ള എട്ട്, പത്ത്, ഈ നാലു സംഖ്യകളും ഏറ്റവും പ്രധാനപ്പെട്ടവ തന്നെ. പ്രണവാന്തരിതങ്ങളായ സംഖ്യകളുടെ വിനിമയത്തില്‍ ജ്യോതിശ്ശാസ്ത്ര ത്തിന്റെയും, തച്ചുശാസ്ത്രത്തിന്റെയും സംഗീത ശാസ്ത്രത്തിന്റെയും, മറ്റു ശാസ്ത്രങ്ങളുടെയും എല്ലാ യുക്തി രഹസ്യം അച്ചടക്കമാണ്. ദേവാലയമോ മനുഷ്യാലയമോ സ്ഥാപിക്കുന്നതിനു ഭൂമി പരിഗ്രഹം ചെയ്തു ചതുരശ്രമാക്കി ശാസ്ത്രരീത്യാ അഷ്ടാങ്കദിഗ്വര്‍ഗ്ഗ പദങ്ങളില്‍ അതായതു 8,9,10 എന്നു മേല്‍ പറഞ്ഞ സംഖ്യകളുടെ വര്‍ഗ്ഗങ്ങളില്‍ (8x 8 = 64, 9x 9 = 81, 10×10 = 100) ഒന്നുകൊണ്ട് ഖണ്ഡിതമായ ഏതെങ്കിലും ഒരു പദത്തില്‍ വിധിപരമായി സ്ഥാനം നിര്‍ണ്ണയിക്കുന്നു. 64 ഖണ്ഡങ്ങള്‍ അടങ്ങിയ പദം അഷ്ടവര്‍ഗ്ഗപദം. 81 ഖണ്ഡങ്ങള്‍ അടങ്ങിയ പദം അങ്കവര്‍ഗ്ഗപദം, 100 ഖണ്ഡങ്ങള്‍ അടങ്ങിയ പദം ദിഗ്വര്‍ഗ്ഗപദം. ഇവയ്ക്കു ക്രമത്തിനു; ചതുഃഷഷ്ടി പദം, ഏകാശീതിപദം, ശതപദം 3 എന്നും പേരുണ്ട്. ഇങ്ങനെ മൂന്നു വിധത്തില്‍ പദകല്പന കാണുന്നുണ്ട്. ഗുണസംഖ്യകൊണ്ട് ഓരോ പദത്തിലും മൂന്നിനും അവാന്തരപദങ്ങളും ചുറ്റുചുറ്റായി ഉണ്ടായിരിക്കണമെന്നുമനുമാനിക്കാം. അതായത്, മദ്ധ്യത്തില്‍ ബ്രാഹ്മം, അതിന്റെ പുറം ചുറ്റില്‍ ദൈവം, അതിന്റെ പുറം ചുറ്റില്‍ മാനുഷം ഇതുകള്‍ അവാന്തരപദങ്ങളാണ്. നാഡികള്‍, രജ്ജുക്കള്‍, സൂത്രങ്ങള്‍, മര്‍മ്മങ്ങള്‍, വീഥികള്‍ എന്നിതുകളും, പദങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അതുകള്‍ ഒന്നില്‍ മറ്റൊന്നു വേധിക്കാതെ ശരിക്കുകാണാവുന്ന പദം ഏകാശീതി പദമാണ്. അതുകൊണ്ട് അങ്കവര്‍ഗ്ഗപദത്തിനു മറ്റുപദങ്ങളെക്കാള്‍ പ്രാധാന്യവും പ്രാഥമ്യവും കല്പിച്ചിട്ടുണ്ട്. അങ്കവര്‍ഗ്ഗം 81 ഇതു ഗൃഹനിര്‍മ്മാണത്തിനുപയുക്തങ്ങളായ കണക്കുകളുടെയെല്ലാം ആദിജന്മസ്ഥാനമാണെന്നു പറയാം. ഗൃഹത്തിന്റെ പര്യന്തം (ചുറ്റ്- ചുറ്റളവ്) കോലും ശിഷ്ടമംഗുലമായിട്ടുമാണ് സാധാരണ കണ്ടിട്ടുള്ളത്. യവാദിമാനങ്ങള്‍ക്ക്4 അതില്‍ പ്രസക്തിയേ ഇല്ല. അപ്പോള്‍ 81 എന്ന സംഖ്യ അംഗുലമാക്കി കല്പിക്കാം. അതിന് മൂന്നേകാലേ അരയ്ക്കാല്‍ കോല്‍ അളവുണ്ട്. ഇതു കണക്കുകളുടെ ജന്മസന്ധിയാകുമ്പോള്‍ അത്രയും കാലം ഗര്‍ഭവാസമായിട്ടുകാണാം. ജനനമുണ്ടെങ്കില്‍ മരണവും തീര്‍ച്ച. അപ്പോള്‍ അവസ്ഥകളും കൂടിയേ തീരൂ. ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം, മരണം ഇങ്ങനെയാണ് അവസ്ഥകള്‍. ഓരോ അവസ്ഥയ്ക്കും ഗര്‍ഭവാസത്തിലുള്ള പരിമാണം തന്നെ സ്വീകാര്യം. ഗര്‍ഭവാസം മൂന്നേകാലേ അരയ്ക്കാല്‍, ബാല്യം മൂന്നേകാലേ അരയ്ക്കാല്‍, കൗമാരം മൂന്നേകാലേ അരയ്ക്കാല്‍, യൗവ്വനം മൂന്നേകാലേ അരയ്ക്കാല്‍ വാര്‍ദ്ധക്യം മൂന്നേകാലേ അരയ്ക്കാല്‍. ആകെ 16 കോല്‍ 21 അംഗുലം. ഈ സന്ധിക്കു കണക്കിന്റെ മരണം. പിന്നീട് മൂന്നേകാലേ അരയ്ക്കാല്‍ ഗര്‍ഭവാസം. പിന്നീട് അതിന്റെ സന്ധിക്ക് ഇരുപതു കോല്‍ ആറ് അംഗുലത്തിന് (ഇരുപതേ കാല്‍ കോലിന്) വീണ്ടും ജനനം. ഇങ്ങനെ ജനനവും മരണവും കണക്കുകള്‍ക്കു കാണുന്നു. നൂറുകോലിനകമായിട്ട് ആറു ജനനവും അഞ്ചുമരണവും കണക്കാക്കാം. കണക്കാക്കുന്ന ബ്രഹ്മത്തില്‍ പര്യന്ത (ചുറ്റളവ്) മാകുന്ന മൂലപ്രകൃതി വിജ്യംഭിക്കുമ്പോള്‍ യോനിയാകുന്ന ജീവന്‍ ഉണര്‍ന്നെഴുന്നേല്ക്കുമെന്നാണ് ശാസ്ത്ര സിദ്ധാന്തം. ഓരോ ദിക്കിലും ഓരോ വിദിക്കിലും5 ഓരോ യോനികള്‍ക്കു പ്രാമാണ്യം കാണുന്നു. വിദിക്കിലെ യോനി സാധാരണ ഉപയോഗിക്കാറില്ല 1 കിഴക്കുദിക്ക് അവിടെ ധ്വജയോനി, 2. അഗ്നി കോണ്‍ വിദിക്ക്,6 ധൂമയോനി, 3. തെക്കുദിക്ക് സിംഹയോനി, 4. നിരൃതികോണ്‍ വിദിക്ക്7 ശ്വയോനി, 5. പടിഞ്ഞാറുദിക്ക് – വൃക്ഷയോനി, 6. വായുകോണ്‍ വിദിക്ക്8 ഖരയോനി, 7, വടക്കു ദിക്ക് ഗജയോനി, 8. ഈശകോണ്‍ വിദിക്ക്9 കാകയോനി ഇങ്ങനെ ദിക്വിദിക്കുകളും യോനികളും കാണുന്നുണ്ട്. ചുറ്റുകണക്കിലുള്ള സംഖ്യ3,8 ഈ സാധനങ്ങളുടെ വിനിമയം കൊണ്ട് യോനി കല്പിക്കാം. ചുറ്റിനേ മൂന്നില്‍ പെരുക്കി എട്ടില്‍ ഹരിച്ചാല്‍ ശിഷ്ടം ദിക്കും യോനിയും ആയി വരും. ചുറ്റുകണക്കു മൂന്നുകോല്‍ 16 അംഗുലം എന്നിരിക്കട്ടെ. അതിനെ മൂന്നില്‍ പെരുക്കിയാല്‍ 11 എന്ന സംഖ്യ കിട്ടും. അതിനെ എട്ടില്‍ ഹരിച്ചാല്‍ ശിഷ്ടം മൂന്ന് എന്നു കിട്ടും. അപ്പോള്‍ മൂന്നാമത്തെ ദിക്ക് തെക്ക് എന്നും മൂന്നാമത്തെ യോനി സിംഹം എന്നും ക്ലിപ്തമായി വന്നു. ദ്വിഘനമായി ത്രിവര്‍ഗ്ഗത്തിന്റെ കീഴില്‍നിന്നു എട്ടും, ഗുണസംഖ്യയായ മൂന്നും, ചുറ്റില്‍ ഉള്‍പ്പെട്ട സംഖ്യയും ദിക്കിന്റെ യോനിയുടേയും ക്രിയാസാധനങ്ങളായിത്തീര്‍ന്നു. ഇതിനു സമുച്ചയവചനവും ഉണ്ട്. ‘ഇഷ്ടതാനവിതാനമാനനിചയേ – ത്രിഘ്‌നേഷ്ടഭിര്‍ഭാജിതേ ശിഷ്ടയോനിഃ”’ഇത്യാദി മൂന്നേകാലേ അരയ്ക്കാല്‍ കോലിനു കണക്കു ജനിച്ചാലും അതു പര്യന്തത്തില്‍ പൂര്‍ണ്ണമായി തീരുകയില്ല. പൂര്‍ണ്ണതവരണമെങ്കില്‍ സപ്താംഗസംസ്‌കാരം കൂടി ചെയ്യണം. ഓരോ അംശത്തിനും ഓരോ അംഗുലം വീതം കണക്കാക്കി ഏഴംഗുലംകൂടി 81 അംഗുലത്തില്‍ കലര്‍ത്തണം. 88 അംഗുലമാകും. അപ്പോള്‍ മൂന്നുകോല്‍ 16 അംഗുലം എന്നൊരു കണക്ക് ഒന്നാമതായി വരും. അതിനകത്തുള്ള കണക്കുകള്‍ ഒന്നും ഗൃഹത്തിനുപയോഗിച്ചുകൂടാ എന്നുണ്ട്. അഷ്ടാംഗുല സംസ്‌കാരം കൊണ്ട് ഇഷ്ടയോനി നിര്‍ണ്ണയിക്കാം. അതിന്റെ വിധം ഇങ്ങനെയാണ്. മുന്‍പറഞ്ഞ മൂന്നുകോല്‍ 16 അംഗുലത്തിന്റെ 8 അംഗുലം കൂട്ടിയാല്‍ 4 കോല്‍ പൂര്‍ണ്ണമാകും. അതിനെ മൂന്നില്‍ പെരുക്കി 8 – ല്‍ ഹരിച്ചാല്‍ ശിഷ്ടം 4 വരും. 4-ാമത്തെ ദിക്കും 4-ാമത്തെ യോനിയും ആകും. അതില്‍ എട്ടംഗുലം കൂട്ടിയാല്‍ 4 കോല്‍ 8 അംഗുലം വരും. അതിനെ മൂന്നില്‍ പെരുക്കി 8 ല്‍ ഹരിച്ചാല്‍ ശിഷ്ടം 5 കിട്ടും. 5-ാമത്തെ ദിക്കും 5-ാമത്തെ യോനിയും വരും. ഇങ്ങന8, – 8 അംഗുലം ക്രമേണ കൂട്ടിക്കൂട്ടി (അഷ്ടാംഗുല സംസ്‌കാരം ചെയ്തു) ക്രിയ നടത്തിയാല്‍ മേലേമേലേ അടുത്തടുത്ത ദിക്കും യോനിയും കാണാം. ഇതാണ് അഷ്ടാംഗുലസംസ്‌കാരം കൊണ്ടുള്ള പ്രയോജനം. ഒന്നാമത്തെ കണക്ക് മൂന്നു കോല്‍ 16 അംഗുലത്തില്‍ ഉള്ളതും 1-ാമത്തെ യോനി സിംഹയോനിയും ഒന്നാമത്തെ ഗൃഹം തെക്കിനിയുമാകുന്നു. സിംഹയോനിക്കും തെക്കിനിക്കുമുള്ള മേന്മ പ്രാഥമ്യംകൊണ്ടുതന്നെയാണ്. ശ്വവൃക്ഷഖരഗജകാകധ്വജധൂമയോനികള്‍ സിംഹയോനിയുടെ സഹോദരസ്ഥാനികളാണ്. 81 അംഗുലം അല്ലെങ്കില്‍ മൂന്നേകാലേ അരയ്ക്കാല്‍ ജ്യോതിശ്ചക്രവൃത്തപരിധിയാണ്. 12 രാശികളും 27 നക്ഷത്രങ്ങളും രണ്ടു പക്ഷങ്ങളിലും കൂടിയുള്ള 30 തിഥികളും. എല്ലാം ഈ കാലചക്രപരിധിക്കു ഉള്ളടക്കം നില്ക്കുന്നു. ആറേമുക്കാല്‍ അംഗുലത്തില്‍ ഒരു രാശിയും അതില്‍ത്തന്നെ രണ്ടേകാല്‍ നക്ഷത്രവും രണ്ടര തിഥിയും അന്തര്‍ഭവിക്കുന്നു. 3 അംഗുലത്തില്‍ ഒരു നാളും ഒരംഗുലത്തില്‍ 20 നാഴികയും കണക്കാക്കാം.
മാനസാധനവും മാഹാത്മ്യവും
ബ്രഹ്മവാചകമാണ് ഓങ്കാരം. അതു പ്രണവം. പരബ്രഹ്മസ്വരൂപം. അതില്‍നിന്ന് അതിന്റെ ഘടകങ്ങളെ ആശ്രയിച്ച് സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളും അതിനെ തുടര്‍ന്ന് ശക്തികളും, മൂര്‍ത്തികളും, കാലങ്ങളും, ലോകങ്ങളും എല്ലാം സംജാതങ്ങളായി. ‘ഭൂഃ ഭുവഃ സ്വഃ’ എന്ന വ്യാഹൃതികളും ‘ഐം ക്ലീം സൗഃ’ എന്ന ബീജമന്ത്രങ്ങളും ‘ഓം തത് സത്,’ എന്ന ബ്രഹ്മമന്ത്രവും, മറ്റു മന്ത്രങ്ങളും സകലവിധ ത്രിവര്‍ഗ്ഗങ്ങളും വേദവേദാന്തവേദാംഗാദിവിദ്യകളും ഒന്നിനൊന്നു തുടരെ പ്രണവത്തില്‍ നിന്നു തന്നെ പ്രകാശമാനങ്ങളായിത്തീര്‍ന്നു. സൃഷ്ടികര്‍ത്താവു തന്നെ അതിപ്രധാനങ്ങളായ ഋക്, യജുസ്സ്, സാമം എന്ന മൂന്നു വേദങ്ങളിലുമുള്ള രഹസ്യഭാഗങ്ങള്‍ സാരസമുച്ചയം ചെയ്തു പ്രത്യേകം സംഗ്രഹിച്ചിട്ട് എട്ടെട്ടക്ഷരങ്ങളിലാക്കി ഗായത്രീഛന്ദസ്സില്‍ ചേര്‍ത്തു മൂന്നു പാദങ്ങള്‍ കൂട്ടി അഞ്ചു സന്ധികള്‍ കാട്ടി 24 അക്ഷരത്തില്‍ ഒരു മഹാമന്ത്രം നിര്‍മ്മിച്ചിട്ടുണ്ട്. അതാണ് ‘ഗായത്രി’ എന്ന സുപ്രസിദ്ധമായ മഹാമന്ത്രം.10 പ്രപഞ്ചം നിശ്ശേഷം അതിന്നധീനമാണെന്നു പറഞ്ഞാല്‍ പിന്നെ അതിന്റെ മാഹാത്മ്യം വര്‍ണ്ണിക്കണമെന്നുണ്ടോ? ഇല്ല. നിശ്ചയം. അങ്കവര്‍ഗ്ഗം 81 അംഗുലം. അതു കാലചക്രപരിധി. അതില്‍ രാശിചക്രകലാരൂപത്തില്‍ 21600 ശ്വാസങ്ങള്‍ അടങ്ങിയിട്ടുണ്ട്. ത്രിവര്‍ഗ്ഗ (9 അംഗുലം) ത്തില്‍ 2400 ശ്വാസങ്ങള്‍ കണക്കാക്കാം. ദിഗ്വര്‍ഗ്ഗം എന്നത് 100 ദിഗ്വര്‍ഗ്ഗംകൊണ്ട് 2400നെ കഴിച്ചാല്‍ (2400 100 = 24) ഫലം 24 എന്നുവരും. ഇതാണ് മാനസാധനത്തിനുള്ള (മുഴക്കോല്‍) അംഗുലസംഖ്യ, ഇരുപത്തിനാലുപ്രാണമുദ്രയാണ് 24 അംഗുലമായി പരിണമിച്ചതെന്നും അനുമാനിക്കാം. അംഗുലത്തിന്റെ മാനപ്രമാണം പ്രാണമുദ്ര തന്നെയാണ്. പ്രാണമുദ്രയെന്നത് കരോപഹാരകല്‍പനയില്‍ പ്രാണാഹൂതിക്ക് ‘പ്രാണായസ്വാഹാ’ എന്നുച്ചരിക്കുമ്പോള്‍ ഒരു മുദ്ര കാണിക്കുക പതിവുണ്ട്. അതു വലതുകൈ ചെറുവിരലിലും പവിത്രവിരലും ചേര്‍ത്തുപിടിച്ച് അതില്‍ പെരുവിരല്‍ത്തുമ്പ് കൊള്ളിക്കുന്നതാണ്. ആ മുദ്രയാണ് പ്രാണമുദ്ര. അതുതന്നെയാണ് അംഗുലം. സാമാന്യം ഒരു പുരുഷന്റെ പവിത്രവിരലും ചെറുവിരലും ചേര്‍ത്ത് പവിത്രവിരലിന്റെ കടയില്‍ നിന്നും മേലോട്ട് രണ്ടാമത്തെ വരയേ ലക്ഷ്യപ്പെടുത്തി വിലങ്ങനെ ഒരു തോതിടണം. എന്നാല്‍ അത് ഒരംഗുലമായിത്തീരും. വിരലുകള്‍ക്ക് കേടുപാടുകളും തഴമ്പും ഒന്നും ഇല്ലാതെയും ഇരിക്കണം. ഈ തോതില്‍ 24 അംഗുലം കൂട്ടുമ്പോള്‍ ഒരു കോല്‍സമ്പൂര്‍ണ്ണം. അംഗുലം എന്നത് ഒരു വിരല്‍ എന്നും പ്രമാണം ഉണ്ട്. അങ്ങിനെ വരുമ്പോള്‍ പവിത്രവിരലിന്റെ നടുത്തുണ്ടത്തില്‍ വച്ച് വിലങ്ങനെ ഒരു തോതെടുക്കണം. അതാണ് ഒരു വിരല്‍ പ്രമാണമായ അംഗുലം. മുഴക്കോല്‍ ഗായത്രീരൂപം എന്നുതന്നെയല്ല, മൂര്‍ത്തിത്രയാത്മകവും ആണ്. ദ്വിഘനത്തെ (8-നെ) ഗുണസംഖ്യ (3) കൊണ്ടു ഗുണിച്ചാല്‍ (8×3= 24) 24 എന്ന സംഖ്യ കിട്ടും. ചതുര്‍വിംശതി സംഖ്യാകമായ11 ഗായത്രിമന്ത്രത്തിന്റെ അക്ഷരങ്ങളില്‍ എട്ടെണ്ണവും എടുത്ത് എട്ടെട്ടംഗുലങ്ങളാക്കി മാനസാധനത്തിന്റെ (മുഴക്കോലിന്റെ) കടയ്ക്കലും നടുക്കും, തലയ്ക്കലും ന്യസിച്ചിട്ടുണ്ട്. ബ്രഹ്മാവിനേയും, വിഷ്ണുവിനേയും, ശിവനേയും കട മുതല്‍ മൂന്നു സ്ഥാനങ്ങളിലും അടക്കം ചെയ്തിട്ടുമുണ്ട്. ‘തത്”മുതല്‍ ‘ണ്യം’ വരെ 8 അക്ഷരം ബ്രഹ്മസ്വരൂപമാക്കി മുഴക്കോലിന്റെ ചുവട്ടിലും ‘ഭ”മുതല്‍ ‘ഹി”വരെ 8 അക്ഷരം വിഷ്ണുസ്വരൂപമാക്കി മുഴക്കോലിന്റെ മദ്ധ്യത്തിലും. ‘ധി’ മുതല്‍ ‘യാത്”വരെ 8 അക്ഷരം ശിവസ്വരൂപമാക്കി മുഴക്കോലിന്റെ അഗ്രത്തിലും അംഗുലരൂപേണ സ്ഥാപിച്ചിരിക്കുകയാണ്. ഇതുകൊണ്ട് മൂര്‍ത്തിത്രയാത്മകം’എന്നു മേല്‍ പ്രസ്ഥാവിച്ചത് സ്പഷ്ടമാണല്ലോ. മുഴക്കോലിന് ചുവടും തലയുമുണ്ടോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. അതിന്റെ രഹസ്യം അവര്‍ക്കറിഞ്ഞുകൂടാ. അതുകൊണ്ടു ചോദിച്ചതാണെന്നു സമാധാനിക്കണം. ശില്പികള്‍ ഗായത്ര്യുപാസകന്മാരായിരിക്കണം. അവര്‍ ബ്രഹ്മസര്‍വസ്വമായ മുഴക്കോലിനെ ഗായത്രീമന്ത്രാക്ഷരം ന്യസിച്ച് പൂജിച്ച് സംഗ്രഹിക്കണം, അല്ലെങ്കില്‍ മഹനീയമായ ഈ മാനദണ്ഡം കൊണ്ട് മറ്റുള്ളവര്‍ അതിന്റെ മാഹാത്മ്യം അറിയാതെ പട്ടി, പൂച്ച മുതലായവയെ തല്ലുന്നതിനും കാക്ക, കോഴി മുതലായവവയെ എറിയുന്നതിനും ഊന്നി നടക്കുന്നതിനും ഉപയോഗമുള്ളതാണെന്നു കരുതിയേക്കാം.
കുറിപ്പുകള്‍
1. രജോഗുണം ന്യൂനമായാല്‍
1. രജോഗുണം അധികമായാല്‍
2. രജോഗുണം സമമായാല്‍ 3. തമോഗുണം ന്യൂനമായാല്‍ 1. തമോഗുണം അധികമായാല്‍ 2. തമോഗുണം സമമായാല്‍ 3. എന്നിങ്ങനെ.
2. 100,000,000,000,000,000.
3. ചതുഃഷഷ്ടി = അറുപത്തിനാല്. ഏകാശീതി = എണ്‍പത്തൊന്ന്. ശതം = നൂറ്.
4. രണ്ടുയവം ഒരു കുന്നി തുടങ്ങിയ അളവുകള്‍ക്ക് എന്നര്‍ത്ഥം.
5. വിദിക്ക് = ഇടദിക്ക്
6. കിഴക്കുതെക്കേ വിദിക്ക്.
7. തെക്കുപടിഞ്ഞാറേ വിദിക്ക്
8. വടക്കുപടിഞ്ഞാറേ വിദിക്ക്
9. വടക്കു കിഴക്കേ വിദിക്ക്.
10. ഓം തത്സവിതുര്‍വരേണ്യം
ഭര്‍ഗോദേവസ്യധീമഹി
ധിയോ യോ നഃ പ്രചോദയാത്
എന്നത്രേ മന്ത്രസ്വരൂപം.
11. ചതുര്‍വിംശതി = ഇരുപത്തിനാല്.