‘ആചാര്യഃ സര്‍വ്വചേഷ്ടാസു ലോക ഏവഹിധീമതാം’
എന്നാണല്ലോ പ്രമാണം. അതിനാല്‍ പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള നിരൂപണത്തിലും ആദ്യം പ്രകൃതിയെത്തന്നെ പരിശോധിക്കാം. മാംസഭുക്കുകള്‍ക്കും സസ്യഭുക്കുകള്‍ക്കും പ്രകൃതികൊണ്ടും ആകൃതികൊണ്ടും വ്യത്യാസം കാണുന്നുണ്ട്. മനുഷ്യന്‍ ഇതില്‍ ഏതു വര്‍ഗ്ഗമാണെന്നു നോക്കുക. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് വീരപ്പല്ലുകള്‍ കാണുന്നു. മനുഷ്യനും അപ്രകാരം നാലു പല്ലുകള്‍ കാണുന്നുണ്ട്. അതുകൊണ്ട് മനുഷ്യനെ മാംസഭുക്കായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ജന്തുക്കളെ ജനിപ്പിച്ചിരിക്കുന്നത് മനുഷ്യരുടെ ഉപയോഗത്തിനുവേണ്ടിയാണ്. മത്സ്യം, മാംസം, മുട്ട ഇവ വളരെ രുചിയുള്ളതും ശരീരശക്തിയെ വര്‍ദ്ധിപ്പിക്കുന്നതും സുഖകരവും രോഗശമനത്തിന് ഔഷധരൂപേണ പ്രയോജനപ്പെടുന്നതും ആണ്. പിശാചുകള്‍ക്ക് പ്രീതി വരുത്തുക, ബാധോപദ്രവങ്ങള്‍ മാറ്റുക, അമ്മന്‍ കൊട, കുരുതി മുതലായ ഉഗ്രമൂര്‍ത്തിപൂജ, ശക്തി പൂജ (വാമമാര്‍ഗ്ഗം) മന്ത്രമൂര്‍ത്തി, മറുതാ, ഒറ്റമുലച്ചി, പച്ചത്തോലാട്ടി, വെണ്ണീറ്റുകുട്ടത്തി, നിണമാടന്‍, ശങ്കലിഭൂതത്താന്‍ ഇത്യാദി മൂര്‍ത്തികള്‍ക്ക് പലതരത്തിലുള്ള കൊടുതി, ക്ഷുദ്രകര്‍മ്മങ്ങള്‍, തച്ചുബലി, തറവാടുകളിലെ കലശം വെയ്പ്, പിതൃശ്രാദ്ധം, (മനുസ്മൃതി നോക്കുക) അങ്ങേ അറ്റം മഹാബ്രാഹ്മണരുടെ പലവകയാഗങ്ങള്‍, ആനയ്ക്കു കബളം, കടുവാവേഷം, പണ്ടിക ഇഷ്ടമുള്ള പട്ടികള്‍ക്കും പൂച്ചകള്‍ക്കും കൊടുക്കുക.മദ്യപന്മാര്‍ക്ക് തീറ്റി ഇങ്ങനെയുള്ള സംഗതികള്‍ക്കായിട്ട് ലോകത്തില്‍ പലതരത്തിലുള്ള അസംഖ്യം കോടി ചരജന്തുക്കള്‍ അഹോരാത്രം മനുഷ്യരാല്‍ ഹിംസിക്കപ്പെട്ടുവരുന്നു. ഈ ഹിംസകളെല്ലാം മനുഷ്യര്‍ക്ക് സാധാരണ നിവാര്യങ്ങളും അവര്‍ മനപൂര്‍വ്വം ചെയ്തു വരുന്നവയുമാണ്. ഇതിലേയ്ക്ക് ആരെയെങ്കിലുംകുറ്റപ്പെടുത്തീട്ടുണ്ടോ? കുറ്റപ്പെടുത്തുന്നുണ്ടോ? കേള്‍പ്പോരും കേള്‍വിയുമുണ്ടോ?
ഈ വക ഹിംസകളില്‍ നിന്നൊഴിയാമെന്ന് വെച്ചാല്‍ത്തന്നെ മനുഷ്യന് അഹിംസകപ്പട്ടം കിട്ടുമോ? ഇല്ലില്ല;ഒരിക്കലുമില്ല. എന്തുകൊണ്ടെന്നാല്‍ ‘ഞങ്ങള്‍ മാംസഭുക്കുകളല്ല: സസ്യഭുക്കുകളാണ്. സസ്യങ്ങള്‍ക്ക് ജീവനില്ലാത്തതിനാല്‍ ഞങ്ങള്‍ അഹിംസകന്മാരാണ്’. എന്നു ഡീക്കു പറയുന്ന മിടുക്കന്മാര്‍ മാംസത്തോടു ഏറ്റവും അടുത്ത പാല്‍, നെയ്യ് മുതലായവയെ പതുക്കെ സസ്യവര്‍ഗ്ഗത്തിലേയ്ക്ക് കടത്തിവിട്ട് സ്വീകരിച്ചുവരുന്നു.അതു ശരിയല്ല. പാലു കുടിക്കാമെങ്കില്‍ മാംസവും തിന്നാം. മാംസഭക്ഷണം കൊണ്ടു സ്വഭാവം ക്രൂരമായിത്തീരുന്നു എന്നു ചിലര്‍ പറയുന്നതും ശരിയല്ല. എത്ര മാംസം തിന്നിട്ടാണ് സര്‍പ്പത്തിന്റെ സ്വഭാവം ക്രൂരമായിത്തീര്‍ന്നത്. അത് കാറ്റിനെയല്ലയോ ഭക്ഷിക്കുന്നത്? സസ്യങ്ങള്‍ക്ക് ജീവനും വേദനയും ഇല്ല എന്നു പറയുന്നതും ശരിയല്ല. അതുകള്‍ക്കു, വേദനയറിയുന്നതിന് ശക്തിയുണ്ടെന്നുള്ളതിനനുസരണമായ വികാരങ്ങളുണ്ടെന്നും, മദ്യപാനം നിമിത്തം അവര്‍ക്ക് ലഹരിയുണ്ടാകുന്നുണ്ടെന്നും ശാസ്ത്രജ്ഞന്മാര്‍ ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്നു. അതിനാല്‍ ചരങ്ങളേപ്പോലെ തന്നെ അചരങ്ങളായ വൃക്ഷം, ചെടി, ധാന്യം മുതലായവയ്ക്കും ജീവനുണ്ട്. ആ സ്ഥിതിയ്ക്ക് സസ്യങ്ങള്‍ മാത്രം ഭക്ഷിച്ചു ജീവിച്ചാലും ഹിംസകന്‍ തന്നെ. അതുമാത്രമല്ല കൃഷി, സഞ്ചാരം, അടിച്ചുതളി, വിളക്കുവെയ്പ്പ്, കറിക്കുവെട്ടല്‍, നെല്ലുകുത്തല്‍, ഇരിപ്പ്, കിടപ്പ്, ഇതുകള്‍ നിമിത്തം തവള, പുഴു, എറുമ്പ്, മുതലായി എത്രയോ കോടി ചരജന്തുക്കള്‍ നശിക്കുന്നു. എന്നുവേണ്ടാ പാല്‍ കുടിക്കല്‍, ജലപാനം, ശ്വാസോച്ഛ്വാസം, ഭേദി (വയറിളക്കല്‍) എന്നീ കൃത്യങ്ങള്‍ പോലും അതികൃശങ്ങളായ അസംഖ്യം ജീവാണുക്കളുടെ ഹിംസയ്ക്ക് ഹേതുവാകുന്നു. ഒരു മതവും ഒരു മതസ്ഥനും ഹിംസയെ അനുവദിക്കാതെയും ചെയ്യിക്കാതെയും ചെയ്യാതെയും ഇരിക്കുന്നില്ല. ആദ്യം മാംസം ഭക്ഷിച്ചു വന്ന് പിന്നീട് വേണ്ടെന്നുപേക്ഷിച്ചിരുന്ന ചില മാന്യന്മാരെ മഹാപണ്ഡിതന്മാരായ സന്യാസി ശ്രേഷ്ഠന്മാര്‍ യുക്തിയുക്തം വ്യവഹരിച്ചുപദേശിച്ച് രണ്ടാമതും മാംസഭക്ഷകന്മാരാക്കിയതായി കേള്‍വിയുണ്ട്. മാന്യമഹതികളായ അമ്മമാര്‍ പലരും ഈ ഉപദേശം അനുസരിച്ച് സമാധിയ്ക്ക് ശരീരബലം വേണമെന്നും അതിനു മാംസഭക്ഷണം അത്യാവശ്യമാണെന്നും ഇതിനു മടിക്കുന്നവര്‍ മഹാപാപികളാണെന്നും ഞങ്ങള്‍ അക്കൂട്ടരല്ലെന്നും വ്യവഹരിക്കുന്നുണ്ടെന്നും കേള്‍വിയുണ്ട്. (പ്രബുദ്ധകേരളം പ്രമാണം)
ഇക്കാലത്തേക്കെന്നല്ല ഏതുകാലത്തും ആര്‍ക്കും ഈ സംഗതിയെപ്പറ്റി ഇതിലപ്പുറം ശ്രുതി യുക്ത്യാനുഭവങ്ങള്‍ എന്താണു വേണ്ടത്? ഇനി മൃഗാദിജന്തുക്കളെ നോക്കിയാലോ? തവള ഈച്ചയെ പിടിച്ചു തിന്നുന്നു. ചേര തവളയെ, പന്നി ചേരയെ, കടുവ പന്നിയെ, പല്ലി ചിലന്തിയെ, വലിയ മത്സ്യങ്ങള്‍ ചെറിയ മത്സ്യങ്ങളെ ഇങ്ങനെ പറഞ്ഞുകൊണ്ടു പോയാല്‍ അവാസാനിക്കയില്ല. അതിനാല്‍ ഇവിടെ ചുരുക്കുന്നു.
ഇപ്രകാരം ഭൂമി, ആകാശം, ജലം മുതലായവയില്‍ സഞ്ചരിക്കുന്ന കുറഞ്ഞ ബലമുള്ള അസംഖ്യം ചരജന്തുക്കളെ അപ്രകാരം തന്നെ ഭൂജലാകാശാദികളില്‍ സഞ്ചരിക്കുന്ന കൂടുതല്‍ ബലമുള്ള സിംഹനക്ര ഗൃദ്ധ്രാദികളായ അസംഖ്യം ചരജന്തുക്കള്‍ നിരന്തരം ഹിംസിച്ചുകൊണ്ടു തന്നെയിരിക്കുന്നു. മനുഷ്യരോ, മറ്റു ജന്തുക്കളോ, സമീപത്തുചെന്നാല്‍ പെട്ടെന്നു ശരീരത്തില്‍ കേറി ചുറ്റി രക്തമാംസങ്ങളെ അപഹരിക്കുന്ന ചില വള്ളികളും, സമീപജന്തുക്കളെ ഊര്‍ദ്ധ്വമുഖം വികസിച്ച് ഉള്ളിലേയ്ക്കാകര്‍ഷിച്ച് രക്തമാംസാദികളെ ഹരിച്ചെടുത്തുകൊണ്ട് നുറുങ്ങിയ അസ്ഥികളെ ഊക്കോടുകൂടി വെളിയിലേക്കു വിസര്‍ജ്ജിക്കുന്നതും വാഴയുടെ ആകൃതിയിലുള്ളതുമായ ചില ചെടികളും ദ്വീപാന്തരങ്ങളില്‍ ഉള്ളതായി അറിയുന്നു. അതിനാല്‍ ഏതെങ്കിലും ഒരു ജന്തുവിന്റെ ശരീരം മറ്റൊരു ജന്തുവിന് ഭക്ഷണസാധനമായിട്ടല്ലാതെ കാണുകയില്ലെന്നു നിശ്ചയം. ഒരു ജന്തുവിന് മറ്റൊരു ജന്തുവിനെ കണ്ടാല്‍ അത് തനിക്കു ഭക്ഷണ സാധനമാണെന്നുള്ള അറിവും, അതിനെ കൊല്ലുന്നതിനുള്ള ക്രൂരസ്വഭാവവും, കൂടുതല്‍ ശക്തിസാമഗ്രികളും, മറ്റേ ജന്തുവിന് അളവറ്റ ഭയവും വേദനയും ഉണ്ടായിരുന്നിട്ടും അതു കൊല്ലപ്പെടുന്നതിനുതക്കവണ്ണം മാത്രം ശക്തിസാമഗ്രികളും,കൊടുത്തും ഇപ്രകാരമുള്ള അസംഖ്യകോടി ജന്തുക്കളെ സൃഷ്ടിച്ച് വെവ്വേറെ സ്ഥലങ്ങളിലിരുത്താതെയും ഒരു സ്ഥലത്ത് അല്ലെങ്കില്‍ ഒരു ലോകത്ത് ഒരുമിച്ചിടകലര്‍ന്ന് വാസം ചെയ്യുമാറുതന്നെ ആക്കിവെച്ചിരിക്കുന്നതിനെയും സര്‍വ്വ സൃഷ്ടികര്‍ത്താവായ ഈശ്വരന്‍,സര്‍വ്വജ്ഞന്‍, സര്‍വ്വശക്തന്‍ എന്നുള്ള ആപ്തവാക്യങ്ങളെയും നമ്മുടെ വിശ്വാസങ്ങളെയും കുറിച്ച് ഉറ്റുനോക്കുമ്പോള്‍ അതിക്രൂരങ്ങളായ ഹിംസകള്‍ മഹാവേദനകള്‍, ഭയകമ്പരോദനങ്ങള്‍ ഇവ എല്ലാ സ്ഥലങ്ങളിലും എപ്പോഴും ഇടവിടാതെ ഉണ്ടായി നിറഞ്ഞുകൊണ്ടിരിക്കണമെന്നാണ് സര്‍വ്വകര്‍ത്താവിന്റെ സൃഷ്ടിയുടെ ഉദ്ദേശ്യമെന്ന് സമ്മതിക്കാനേ ന്യായം കാണുന്നുള്ളൂ.
ഈശ്വരനുതന്നെയോ അല്ലെങ്കില്‍ പ്രകൃതിക്കോ ഈ അതിക്രൂരതകളും കഷ്ടപ്പാടുകളും കണ്ടിട്ട് അല്പം ആര്‍ദ്രതയില്ലെന്നുതന്നെയല്ല കണ്ടുകണ്ട് രസിച്ചു കൊണ്ടിരിക്കുന്നതായിട്ടും കൂടി തോന്നുന്നു. എല്ലാം കൊണ്ടും നിരൂപിച്ചുനോക്കിയാല്‍ ഒരുവനും ഒരിക്കലും ഒരിടത്തും ഒരു വിധത്തിലും ഒന്നിനെയും കൊല്ലാതിരിക്കാന്‍ കഴിയുകയില്ലെന്നു നിശ്ചയമാണ്. അതിനാല്‍ ഒരു വിധത്തിലും സാദ്ധ്യമല്ലാത്ത ഒരു സംഗതിയെ ഒരു നടപടിയാക്കിത്തീര്‍ക്കുവാന്‍ ബുദ്ധിയുള്ളവരാരും തുനിയുകയില്ല.
എളുപ്പത്തില്‍ ഒക്കുകയില്ലെങ്കിലും വളരെ പ്രയാസപ്പെട്ടു നോക്കിയാല്‍ നടന്നെന്നു വന്നേക്കാം എന്നു സന്ദേഹത്തിനെങ്കിലും അവകാശമുള്ള കാര്യത്തെ സംബന്ധിച്ചല്ലാതെ, എത്ര പ്രയാസപ്പെട്ടാലും നടക്കുകയില്ലെന്ന് നിശ്ചയമായി കാണുന്ന സംഗതിയെ സാധിപ്പാന്‍ പ്രയാസപ്പെടണമെന്ന്, എങ്ങനെയുള്ള ആള്‍ക്കും, മറ്റൊരാളോടു പറയാന്‍ പാടില്ലെന്നുള്ളതോ പോകട്ടെ നിരൂപിക്കാന്‍ പോലും പാടില്ലാത്തതാണ്. ഹിംസ പാടില്ലെന്നു പറയാന്‍ ഒരു വിധത്തിലും ഹിംസയില്ലാത്തവര്‍ വേണമല്ലോ. അങ്ങനെയുള്ളവര്‍ ഇല്ലതാനും. ഹിംസ പാടില്ലെന്നു പറഞ്ഞാല്‍ ഉന്മത്തപ്രലാപസദൃശം ആരും വകവയ്ക്കില്ല. അതിനാല്‍ ഹിംസ പാടില്ലെന്നു പറയാന്‍ ലോകത്ത് ഒരുവനും ഇല്ല. ഹിംസിക്കാമെന്ന് ആര്‍ക്കും പറയുകയും ചെയ്യാം.
ലോകത്തുള്ള ഒരുവനും ഒരിടത്തും ഒരു വിധത്തിലും ഒന്നിനേയും കൊല്ലാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് ഹിംസയ്ക്കായിട്ടാണ് പ്രപഞ്ചസൃഷ്ടി എന്നാണെങ്കില്‍, എല്ലാപേരും കൂടി എല്ലായ്‌പ്പോഴും എല്ലായിടത്തും എല്ലാവിധത്തിലും ശ്രമിച്ചാലും അല്പനേരത്തേയ്‌ക്കെങ്കിലും എല്ലാവറ്റേയും ഹിംസിക്കാന്‍ കഴികയില്ലല്ലോ. ജനനത്തിലകപ്പെടുന്നതിനെയെല്ലാം ആരും കൊന്നില്ലെങ്കിലും സ്വാഭാവികമായിട്ടു മരണം സംഭവിക്കുന്നു. അതിനാല്‍ പ്രകൃതിസൃഷ്ടി ഹിംസയ്ക്കായിട്ടല്ല. അത്രയുമല്ലാ അല്പനേരമെങ്കിലും അനങ്ങാതെയും മിണ്ടാതെയും ഭക്ഷിക്കാതെയും ശ്വാസമടക്കിക്കൊണ്ട് ഇരിക്കാമെങ്കില്‍ അത്രയും നേരം അഹിംസകനായിരിക്കാന്‍ കഴിയുകയും ചെയ്യും. കുട്ടികളല്ലാത്തവര്‍ക്കെല്ലാം ഇതു കഴിയുന്നതാണ്. അതിനാല്‍ എല്ലാറ്റിനേയും ഹിംസിക്കാനല്ല, ഹിംസിക്കാതിരിക്കാനാണ് കഴിയുന്നത്. ആടു മാടു മുതലായ ജന്തുക്കള്‍ മനുഷ്യര്‍ക്കും മറ്റും കൊന്നു തിന്നുവാനുള്ളവയാണെന്നും, തിന്നുമെന്നുള്ള ബുദ്ധിയും, അതിലേക്കു തക്ക ശക്തിയും മനുഷ്യാദികള്‍ക്കും, അളവറ്റ വേദന, ഭയം, അതില്‍ നിന്നു രക്ഷപ്പെടണമെന്നുള്ള അത്യാഗ്രഹം ഇവയെല്ലാം എപ്പോഴും ഉണ്ടായിരുന്നിട്ടും അതു ഫലപ്പെടാതെ കൊല്ലപ്പെടാന്‍ (മരിക്കാന്‍) ഉള്ള ശക്തിമാത്രം മൃഗാദികള്‍ക്കും സിദ്ധിച്ചിരിക്കുന്നു. അതുപോലെ മനുഷ്യാദികള്‍ അവയെ ഭക്ഷിച്ചുവരുന്നത് സാധാരണയായിരിക്കയാല്‍ മനുഷ്യാദികള്‍ക്കായിട്ടാണ് മൃഗാദികള്‍ സൃഷ്ടിക്കപ്പെട്ടത് എന്നാണെങ്കില്‍ സിംഹം, കടുവ, പുലി, മുതലായവ മനുഷ്യരേയും മറ്റും പിടിച്ചു തിന്നുന്നത് സ്വാഭാവികമായിരിക്കുന്നതുകൊണ്ട് അവയ്ക്കായിട്ടാണ് മനുഷ്യാദിയെ സൃഷ്ടിച്ചത് എന്നും വിചാരിക്കണം. അത്രതന്നെയുമല്ല, സിംഹാദികള്‍ക്ക് ഹിംസയ്ക്കായി അവയുടെ കരചരണാദ്യവയവങ്ങളല്ലാതെ തോക്ക്, വാള്‍, കുന്തം മുതലായ അന്യ ആയുധങ്ങളോ ഭക്ഷിക്കുന്നതിലേക്ക് അടുപ്പ്, തീയ്യ്, ഉപ്പ്, പലവ്യഞ്ജനം, പാകം ചെയ്യല്‍ മുതലായവ ഒന്നും തന്നെ വേണ്ടതാനും. അതിനാല്‍ ഇതാണു സാധാരണ ശരിയായിട്ടുള്ളത്. മനുഷ്യന് മാംസഭക്ഷണം ആദ്യം വെറുപ്പും ചിരപരിചയത്താല്‍ പിടിച്ചതുമാണ്. സിംഹാദികള്‍ക്ക് അങ്ങനെയല്ല, അതുകൊണ്ട് മൃഗങ്ങള്‍ക്കാഹാരമായിട്ടാണ് മനുഷ്യരെ സൃഷ്ടിച്ചത്, എന്നു വിചാരിക്കരുതോ?
ഇവിടെ ഹിംസയേ പാടുള്ളു അഹിംസ പാടില്ല എന്നു യുക്തിപൂര്‍വ്വം വ്യവസ്ഥാപിച്ച ഹിംസാവാദി ആ ഹിംസയെ ഒരു ദേശസഞ്ചാരം ചെയ്തുവരുവാനായി ആജ്ഞാപിച്ചയച്ചുവെന്നിരിക്കട്ടെ. അതനുസരിച്ച് ഹിംസ പുറപ്പെട്ടു. ഇന്നമാസം ഇത്രാന്തീയതി മുതല്‍ ഇന്നയിന്ന ദിക്കില്‍ ഇത്ര ഇത്ര താമസിച്ചു ചുറ്റിസഞ്ചരിക്കാനായിട്ടു ഹിംസാമൂര്‍ത്തി പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് അതാതു ദിഗ്വാസികളായ ആബാലവൃദ്ധം ജനങ്ങള്‍ ഹിംസ ആ ദിക്കില്‍ കടക്കുന്നതിനുമുമ്പു തന്നെ പ്രാണഭയത്തോടുകൂടി പിടിച്ചടിച്ചു നിലവിളിച്ചുകൊണ്ട് അന്യദിക്കിലേക്കു ഓടി ഒളിച്ചുതുടങ്ങി. കാണപ്പെട്ടവരെല്ലാം വേദനയനുഭവിച്ച് മരിക്കുകയും ചെയ്യ്തു.
ഒരിടത്തെങ്കിലും അതിനെ ദര്‍ശിക്കാനോ സല്‍ക്കരിക്കാനോ ഒരു ജന്തുവിനേപ്പോലും കാണാതെ, ചെല്ലുന്ന ദിക്കെല്ലാം ശൂന്യമടഞ്ഞിരിക്കുന്നതിനെക്കണ്ടു ഭഗ്നോത്സാഹമായി നിരാശപ്പെട്ടുകൊണ്ടു ”എന്നെ എല്ലാ ജീവികളും വെറുത്തോടിയതല്ലാതെ ഒരെണ്ണം പോലും ജീവനോടു കൂടി നേരേ നില്ക്കുന്നില്ല. എന്റെ വശം പറയുന്നതിനു ലോകത്തില്‍ നീ ഒരാളേ ഉള്ളൂ ഇതാ എന്നെ സ്വീകരിച്ചുകൊള്ളുക” എന്നു പ്രത്യക്ഷത്തില്‍ അവന്റെ നേരേ പാഞ്ഞു ചെന്നപ്പോള്‍ ”അയ്യയ്യോ! എന്റെ നേരേ അടുത്തുവരരുതേ; എന്നെ വിട്ടേക്കണേ!” എന്നു നിലവിളിച്ചു കൊണ്ടു ഹിംസാവാദി ഹിംസയെ ഉച്ചാടനം ചെയ്യാനുള്ള മാര്‍ഗ്ഗം തേടി ഓടി.
അവന്‍ ഹിംസയെ അനുവദിച്ച് അന്യന്മാരോടു പറഞ്ഞിട്ടുള്ള ന്യായങ്ങളും അതിലധികവും ആ ഹിംസ തന്നെ പറഞ്ഞു സ്ഥാപിച്ചിട്ടും അവയെ കേട്ടിട്ടും കൂടി ആ ഹിംസാവാദി തിരിഞ്ഞു നിന്നില്ല. അവന്‍ ഓടിയത് അഹിംസയെ അന്വേഷിച്ചാണ്. ഹിംസ ആകാമെന്നു പറയുവാന്‍ ഹിംസയെ ഏറ്റു സമ്മതിക്കുന്ന ഒരുവനോ ഒരു ജന്തുവെങ്കിലുമോ ലോകത്തിലില്ല. അതിനാല്‍ ഹിംസ ആകാമെന്നു പറവാന്‍ ഒരുത്തനും അധികാരമില്ല. പാടില്ലെന്നു പറവാന്‍ സകലജീവികള്‍ക്കും അധികാരമുണ്ട്.
അപ്രകാരം തന്നെ അഹിംസാവാദിയുടെ ആജ്ഞപ്രകാരം അഹിംസ പുറപ്പെട്ടു. ഇതറിഞ്ഞ് ജനങ്ങള്‍, ഭവനങ്ങള്‍, തെരുവുകള്‍, എന്നുവേണ്ട നാടെങ്ങും തോരണം, മംഗളദീപം, നിറമാല, കുലവാഴ, നിറപറ മുതലായവകൊണ്ട് അലങ്കരിച്ചിട്ട് എല്ലാവരും കുളിച്ചൊരുങ്ങി, അഷ്ടമംഗല്യം, പുഷ്പവൃഷ്ടി,മംഗളവാദ്യം, വായ്ക്കുരവ, ആര്‍പ്പുവിളി ‘അഹിംസാ ദേവിജയിക്കട്ടെ!ജയിക്കട്ടെ!’ എന്ന ഘോഷം ഇവ സഹിതം ചെന്ന് എതിരേറ്റു സല്‍ക്കരിച്ചിരുത്തിപ്പൂജിച്ചു. വിട്ടയക്കുന്നതിന് ഒരു ജന്തുവിനും മനസ്സില്ല. ഇങ്ങനെ ചെന്ന് അഹിംസാവാദി കണ്ടപ്പോള്‍ അനന്ദാശ്രുപൂര്‍ണ്ണനേത്രനായിട്ട് ഓടിച്ചെന്നാശ്ലേഷിച്ചു. സകലപേരും എല്ലാ ജന്തുക്കളും അഹിംസയെ അന്വേഷിച്ച് അപേക്ഷിച്ച് ധ്യാനിച്ച് കഴിച്ചുകൂട്ടുന്നതിനാല്‍ സകലരും അഹിംസ വേണമെന്നു പറയുന്നവരാണെന്നു സിദ്ധമാകുന്നു.
ഇനി ലോകന്യായപ്രകാരം മാംസഭുക്കുകളെയും സസ്യഭുക്കുകളെയും എങ്ങനെയുള്ളവരാണെന്ന് പറയാമെന്നും, ന്യായപ്രകാരം അവര്‍ക്ക് എങ്ങനെയുള്ള അനുഭവത്തിനാണവകാശമുള്ളതെന്നും നോക്കാം. മൃഗചരിത്രാചാര്യന്മാര്‍ മാംസഭുക്കുകളായ സിംഹം, കടുവാ മുതലായ ജന്തുക്കളെ ദുഷ്ടമൃഗങ്ങളെന്നും സസ്യഭുക്കുകളായ പശു, ആട്, മാന്‍ മുതലായവയെ സാധു മൃഗങ്ങളെന്നും പറഞ്ഞുവരുന്നു. എന്നാല്‍ സിംഹാദികള്‍ക്ക് സ്വാഭാവികമായി മാംസമേ വേണ്ടൂ. പ്രയാസപ്പെട്ടാലും വല്ലപ്പോഴും അതിനു മാംസമേ കിട്ടുകയുള്ളൂ. നമുക്കോ മാംസാഹാരം കഷ്ടപ്പെട്ടു പരിചയിക്കുന്നതും എളുപ്പത്തില്‍ ലഭിക്കാത്തതുമാണ്. നമ്മേപ്പോലെയാണ് അന്യജന്തുവിനു വേദനയെന്നുള്ള വിവേകവും മനുഷ്യനാണുള്ളത്. അതുകൊണ്ട് ദുഷ്ടമൃഗങ്ങള്‍ അല്പവും കുറ്റവാളികളല്ല. ഈ മനുഷ്യനാണ് എല്ലാ കുറ്റങ്ങളുമുള്ള ദുഷ്ടദ്രോഹി. ന്യായസ്ഥനായ മൃഗത്തിനു ‘ദുഷ്ട’ എന്ന വിശേഷണം കൊടുത്ത സ്ഥിതിയ്ക്ക് മനുഷ്യനു ‘ദുഷ്ടദുഷ്ട’ എന്ന വിശേഷണം കൊടുക്കണം. സിംഹാദികള്‍ വിശക്കുമ്പോള്‍ വളരെ കാത്തിരുന്നു എന്തിനെയങ്കിലും കിട്ടിയാല്‍ ക്ഷണം കൊണ്ട് കാര്യം കഴിക്കും. മനുഷ്യനാകട്ടെ, മോഷ്ടിച്ചോ, ബലാല്‍ക്കാരമായോ, വിലയ്ക്കു വാങ്ങിയോ മുന്‍കൂട്ടികൊണ്ടുവന്ന് പട്ടിണിയിട്ട്, വേലയെടുപ്പിച്ച്, കഷ്ടപ്പെടുത്തി, ചിത്രവധം ചെയ്യുകയാണ്. ആ സ്ഥിതിയ്ക്ക് ഇവനെ വളരെവളരെ കൂടുതല്‍ ദുഷ്ടനെന്നു പറയണം. മൃഗം മറ്റൊന്നിനെ ഉപദേശിച്ചു മാംസം തീറ്റാറില്ല, മനുഷ്യരോ, ഇതു കഷ്ടമെന്നും വേണ്ടെന്നും കരുതി കൊല്ലാതിരിക്കുന്നവരോട് ദുര്‍ന്യായങ്ങള്‍ പറഞ്ഞു കൊല്ലിക്കക്കൂടി ചെയ്യുന്നുണ്ട്. അതിനാല്‍ ഇവന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം. അന്യന്‍ ഇവനോടു എങ്ങനെ പെരുമാറാനാണ് ഇവന്റെ ന്യായം സമ്മതിക്കുന്നതെന്നു നോക്കാം. സാധു മൃഗത്തിനെ വധിക്കാമെന്നുള്ള ഇവന്റെ ന്യായം ദുഷ്ടമൃഗത്തെ ക്രൂരമായി വധിക്കാനും ആ മുറയ്ക്ക്, അനേകകാരണങ്ങളാല്‍ ദുഷ്ടമൃഗത്തെക്കാള്‍ വളരെ ദുഷ്ടനായ ഇവനെ കുറേശ്ശേ കുറേശ്ശേ വേദനപ്പെടുത്തി അതിക്രൂരമായി കൊന്നാലും മതിയാകയില്ലെന്നാണല്ലൊ വന്നു ചേരുന്നത്. ഇങ്ങനെയുള്ള മനുഷ്യന് ആരെന്തുപദ്രവം ചെയ്താലും ദോഷമില്ലെന്ന് അവന്റെ ഹിംസാന്യായം കൊണ്ടു തന്നെ സിദ്ധിക്കുന്നു.
‘പാല്‍ നാം ഉപയോഗിക്കുന്നു, അതില്‍ അനേക കോടി ജീവാണുക്കളുണ്ടെന്നു ശാസ്ത്രീയ രീതിയില്‍ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു, അവയെ കൊല്ലാതിരിക്കാന്‍ കഴിയുമോ? പാല്‍ വേണ്ടെന്നുവെയ്ക്കാം. വായുവിലും അതുപോലെ ജീവാണുക്കള്‍ ഉണ്ടല്ലോ, അവയെ കൊല്ലാതിരിക്കുന്നതെങ്ങിനെ? അതിനാല്‍ ശുദ്ധമായ അഹിംസയെപ്പറ്റി ഊഹിക്കാന്‍ തന്നെ പ്രയാസം. എന്നാല്‍ നാം മനഃപൂര്‍വ്വമായി യാതൊരു ജീവിയേയും അകാരണം ഉപദ്രവിക്കയില്ലെന്ന് നിര്‍ബന്ധമുണ്ടായിരിക്കേണം.’ എന്ന് ഒരു വാദം. ഇതു ശരിയാണെന്നു തോന്നുന്നില്ല. കാരണംകൂടാതെ മനഃപൂര്‍വ്വം ഉണ്ടാകയില്ല. കാരണമുള്ളിടത്തേ മനഃപൂര്‍വ്വമുള്ളൂ. ‘പ്രയോജനമനുദ്ദിശ്യ ന മന്ദോപി പ്രവര്‍ത്തതേ’ എന്നാണല്ലോ പൂര്‍വ്വിക മഹാന്മാരുടെ മതം.
തോക്കുംനിറച്ചുവെച്ചു വൃക്ഷത്തിലിരിക്കുന്ന തന്റെ മുന്‍പില്‍ ഒരു കടുവ വരികയും ‘ഈ കടുവ എന്നെ കൊല്ലും കൊന്നാല്‍ വളരെക്കാലം ജീവിച്ചിരിക്കണമെന്ന അത്യാഗ്രഹം ഫലിക്കയില്ല. അക്കാരണത്താല്‍ ഇതിനെ കൊല്ലണം’ എന്ന വിചാരം പൊടുന്നനേ ഉണ്ടാകയും അതിനെ വെടിവെച്ച് കൊല്ലുകയും ചെയ്തു എന്നിരിക്കട്ടെ. ഇതില്‍ ‘കൊല്ലും’ ‘വളരെക്കാലം ജീവിച്ചിരിക്കണം’ ഇതുകള്‍ രണ്ടും കാരണങ്ങള്‍. കൊല്ലണമെന്നുള്ള വിചാരം മനഃപൂര്‍വ്വം. ഇനി, ആടിന്റെ മാംസം തിന്നണമെന്ന് എനിക്കാഗ്രഹമുണ്ടായി, അതിനാല്‍ അതിനെ കൊല്ലുകയോ കൊല്ലിക്കയോ ചെയ്തു എന്നിരിക്കട്ടെ. ഇതില്‍ തിന്നണമെന്നുള്ള ആഗ്രഹം കാരണവും, കൊല്ലണമെന്നുള്ളതു നിര്‍ബന്ധവുമായി. ചില കുട്ടികള്‍ ചില ജന്തുക്കളെ പിടിച്ചു കൊല്ലുമല്ലോ, അതിലേയ്ക്ക് വല്ല കാരണവും പറയാനുണ്ടോ എന്നാണെങ്കില്‍ ഇതു പോലെയല്ലെങ്കില്‍ വേറേ വിധത്തില്‍ ബലമായ കാരണം കാണും. സയന്‍സ് ശാസ്ത്രജ്ഞന്മാരേപ്പോലെ കുട്ടികള്‍ക്കും ഈ ജന്തുവിന്റെ അകവും പുറവും എല്ലാം കാണണമെന്നു സഹിക്കവയ്യാത്തതായ അതിയായ മോഹം ഉണ്ടാകുന്നു. ഇതു കാരണം ഇതിനെ പിടിച്ചു മുറിക്കണമെന്ന വിചാരം (ഉത്സാഹം) കുട്ടികള്‍ക്കു മനഃപൂര്‍വ്വം. കുട്ടികളുടെ മനഃപൂര്‍വ്വത്തിനു ശക്തി കൂടുതലായിരിക്കും. തന്റെ മുന്‍പാകെ ഹാജരാക്കപ്പെട്ട കുറ്റക്കാരന്റെമേല്‍ കുറ്റം തെളിഞ്ഞാല്‍ അവനെ ശിഷിക്കണമെന്നു ജഡ്ജി വിചാരിക്കുന്നു. ഇതിനാല്‍ കുറ്റം കാരണവും ശിക്ഷിക്കണമെന്നുള്ളത് മനഃപൂര്‍വ്വവും ആകുന്നു. കുറ്റമില്ലെന്നാണു തെളിയുന്നതെങ്കില്‍ ശിക്ഷിക്കണമെന്നുള്ള മനഃപൂര്‍വ്വം നശിച്ചുപോകുന്നതാണ്. അപ്പോള്‍ കുറ്റമില്ലെന്നുള്ളതുകാരണവും ശിക്ഷിച്ചുകൂടാ എന്നുള്ളതു മനഃപൂര്‍വ്വവുമായി. ഇതിനാല്‍ എന്തെങ്കിലും ഒരു കാരണമുണ്ടെങ്കിലേ ഒരുവനില്‍നിന്നു ഹിംസയുണ്ടാകയുള്ളൂ എന്നു ന്യായം കൊണ്ടു സിദ്ധിക്കുന്നു. തീരെ മാംസഭുക്കല്ലാത്തവനും ഒന്നിനേയും ഹിംസിക്കരുതെന്ന നിര്‍ബന്ധമായ കരുതലോടുകൂടി സൂക്ഷിച്ചു നടക്കുന്നവനുമായ ഒരുവന്‍ അറിയാതെ, ശ്വാസോച്ഛ്വാസം മുതലായവയാല്‍ എത്രയോ ജീവികളുടെ നാശത്തിനു കാരണമാകുന്നു. ഇത് കുട്ടികളേപ്പോലെ വളര്‍ത്തിയും, വിലയ്ക്കുവാങ്ങിയും കൊല്ലുന്നതുപോലെ പാപമാകുകയില്ലല്ലോ. അവ തന്നെ കൊല്ലുമെന്നോ, അവയെ തനിക്കു കൊല്ലണമെന്നോ ഉള്ള കാരണങ്ങളോ മന:പൂര്‍വ്വമോ ഇല്ല. ഒരുവന്‍ അറിയാതെ അവന്റെ പുറത്തൊരു മരം വീണു മൃതിപ്പെടുന്നതുപോലെ മാത്രമത്രേ ഇതും. ഈ ഹിംസയെ തടുക്കാന്‍ മാര്‍ഗ്ഗമില്ല. ‘കാരണം കൂടാതെ മനഃപൂര്‍വ്വമായി ഒന്നിനേയും ഉപദ്രവിക്കരുത്’എന്നു പറയുന്നത് വെറും വീണ്‍ വാക്കാണ്. അകാരണമായി മനഃപൂര്‍വ്വവും ക്രിയയും ഒരുവനും ഉണ്ടാകുന്നില്ല. മടി കൂടാതെ യഥേഷ്ടം ഹിംസിച്ചുകൊള്ളട്ടെയെന്നും, ഹിംസിക്കണമെന്നും നിര്‍ബന്ധമായും കരുതിയാണ് ഈ വീണ്‍വാക്കു പ്രയോഗിച്ചിട്ടുള്ളത്.
സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്നും സസ്യഭുക്കുകള്‍ക്കും ഹിംസാദോഷമുണ്ടെന്നും ഉള്ളതിനെക്കുറിച്ചാണ് ഇനി അല്പം പറയുന്നത്. സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് നമ്മുടെ പൂര്‍വ്വികര്‍ അറിഞ്ഞിട്ടില്ലെന്നു ചിലര്‍വിചാരിക്കുന്നുണ്ടായിരിക്കാം. ആ വിചാരം അവരുടെ അജ്ഞതയുടെ ഫലം മാത്രമാണ്. ഇവിടെ അതു കണ്ടറിഞ്ഞു കഴിഞ്ഞ് നരച്ചിട്ട് കാലം കുറേയായി. ചരാചരജീവന്മാരെന്ന പേരുതന്നെ പരമ്പരയായിട്ടിവിടെ നടന്നുവരുന്നതാണ്. പാശ്ചാത്യ പണ്ഡിതന്മാര്‍ ഇപ്പോള്‍ കണ്ടുപിടിപ്പാന്‍ തുടങ്ങുന്നതേയുള്ളൂ. അതുകൊണ്ടു സസ്യങ്ങള്‍ക്കു ജീവനില്ലെന്നോ സസ്യഭുക്കുകള്‍ പൂര്‍ണ്ണ അഹിംസകരെന്നോ ആരും വാദിക്കുന്നില്ല. ഹിംസകന്മാരില്‍ നിന്നും ഒന്നു രണ്ടു പടി താണവരും അത്രയും അഹിംസയില്‍ മേല്‌പ്പോട്ടു കയറിയവരും എന്നേ അവരേപ്പറ്റി പറയുന്നുള്ളൂ. ജീവജാലങ്ങളുടെ ജ്ഞാനശക്തിയെ അറിഞ്ഞു അവയെ പുല്ല്, മരം മുതലായ സ്പര്‍ശജ്ഞാനമുള്ള ജീവികള്‍; പവിഴപ്പുറ്റ്, കടല്‍പ്പുറ്റ്, കറയാല്‍, എറുമ്പ്, അണു, കൃമി, കടല്‍ച്ചൊറി മുതലായ സ്പര്‍ശരസങ്ങളോടു ഗന്ധത്തെയറിയുന്ന മൂന്നറിവുള്ള ജന്തുക്കള്‍, തുമ്പി, വണ്ട് മുതലായ സ്പര്‍ശരസഗന്ധങ്ങളോടു രൂപത്തേയും അറിയുന്ന നാലറിവുള്ള ജന്തുക്കള്‍; മനുഷ്യര്‍, മൃഗങ്ങള്‍ മുതലായ സ്പര്‍ശരസഗന്ധരൂപങ്ങളോടു ശബ്ദത്തേയും അറിയുന്ന അഞ്ചറിവുള്ള ജീവികള്‍ ഇപ്രകാരം വകതിരിച്ചിരിക്കുന്നു. ഇവയില്‍ മനുഷ്യന് ഇഹലോകചിന്തയും പരലോകചിന്തയും കൂടി ഉണ്ട്. മൃഗാദികള്‍ക്ക് ഇഹലോകചിന്തയേ ഉള്ളൂ. വൃക്ഷാദികള്‍ക്കും കുറഞ്ഞുകുറഞ്ഞ് സുഖദുഃഖാനുഭവം മന്ദിച്ചു പോയിരിക്കും. ജ്ഞാനസാധനങ്ങളുടെ ഭേദഗതിനിമിത്തം വൃക്ഷാദികള്‍ക്കു തമോഗുണം കൊണ്ടു മായപ്പെട്ട് സുഖദുഃഖരൂപമായി വികസിച്ചുതുടങ്ങത്തക്ക വിധത്തില്‍ ഉള്ളില്‍ അടങ്ങിയിരിക്കുകയാണ്. അഞ്ചിന്ദ്രിയജ്ഞാനവും ശരിയായ ജ്ഞാനസാധനവുമുള്ള മനുഷ്യനുപോലും സുഷുപ്ത്യവസ്ഥയില്‍ ഒന്നും അറിവില്ലാതെ പോകുന്നു. എന്നാലും ആ അവസ്ഥയില്‍ ശൂന്യ സാമാന്യ വിശേഷങ്ങളെന്ന ഭാവനകള്‍ നമുക്ക് അനുഭവമാകുന്നുണ്ട്. ഒന്നും അറിയാതെ ഉറങ്ങുന്ന ഒരുവനെ മറ്റൊരാള്‍ രണ്ടു മൂന്നു പ്രാവശ്യം വിളിക്കുന്നു. എന്നിട്ടും ഒന്നും അറിയുന്നില്ല. പിന്നെയും വിളിക്കുമ്പോള്‍ അര്‍ത്ഥകല്‍പ്പന കൂടാതെ കേള്‍ക്കുന്നു. മൂന്നാമതും വിളിക്കുമ്പോള്‍ അര്‍ത്ഥകല്‍പനയോടുകൂടി കേട്ടു പ്രവര്‍ത്തിച്ചുതുടങ്ങുന്നു. ആദ്യം ശൂന്യമായിരുന്ന അവസ്ഥയും, രണ്ടാമതു ശൂന്യതയില്‍ നിന്നു വേര്‍തിരിഞ്ഞും അര്‍ത്ഥകല്പനയോടുകൂടാതെ ശബ്ദം നിമിത്തം സാമാന്യം ഒരു ഉണര്‍വ്വായിട്ടു പിരിഞ്ഞ അവസ്ഥയും, മൂന്നാമത് അര്‍ത്ഥകല്പനയോടു അഭിമുഖപ്പെട്ടുകൊണ്ടു തെളിഞ്ഞ അവസ്ഥയും – ഇങ്ങനെ മൂന്നുവിധം കാണുന്നതില്‍, ശൂന്യത്തിന്റെ അവസാനവും സാമാന്യത്തിന്റെ ഒരല്പം അംശവും കൂടിയ ഒരു നിലയേത്തന്നെ ഇവിടെ വൃക്ഷാദികള്‍ക്കു കല്പ്പിക്കണം. ഇര, തേള്‍ മുതലായവകളെ രണ്ടായിമുറിച്ചാല്‍ രണ്ടുഭാഗങ്ങളും കിടന്നു പിടക്കുന്നതു കാണാം. മനുഷ്യന്റേയും വലിയതരം ജന്തുക്കളുടേയും ഒരു ഭാഗം മുറിഞ്ഞാല്‍ ഹൃദയത്തോടുകൂടിയഭാഗം ചലനമുള്ളതായും മറ്റേ ഭാഗം ചലനമില്ലാത്തതായും കാണപ്പെടുന്നു. രോഗം മൂലം കയ്യോ, കാലോ മറ്റോ കണ്ടിക്കേണ്ടതായി വന്നാല്‍ വേദന അറിയാതിരിക്കുന്നതിനു ക്ലോറോഫാം (Chloroform) എടുത്തു മൂക്കില്‍ പിടിക്കുമ്പോള്‍ മുന്‍പറഞ്ഞ സാമാന്യജ്ഞാനവും വിശേഷജ്ഞാനവും ഇല്ലാത്തമട്ടില്‍ ഇരുന്നുപോകുന്നല്ലോ. ശരീരതത്ത്വ,പാക, താരതമ്യങ്ങള്‍ കൊണ്ടും അറിവിന്റെ അതിയായ കുറവുകൊണ്ടും ഒരിക്കലും സങ്കല്പ്പജ്ഞാനസ്ഥാനം കൂടിയില്ലാത്ത വൃക്ഷാദികള്‍ക്കു ഹിതാഹിതസുഖദു:ഖങ്ങള്‍ അറിയുന്ന സാമഗ്രി വളരെ മന്ദിച്ചുതന്നെയിരിക്കാനേ ഇടയുള്ളൂ. ക്ലോറോഫാം പിടിക്കുന്നതിനുമുമ്പും അതുകഴിഞ്ഞാല്‍ തല്‍ക്ഷണവും ചൈതന്യം പ്രകാശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയില്‍ തന്നെ അറക്കുന്ന വേദന അറിയാതിരിക്കുമെങ്കില്‍ ജ്ഞാനസാധന സ്ഥാനവും പാകവും ഒന്നും തന്നെ ഉണ്ടായിട്ടില്ലാത്ത ആ ജനനത്തില്‍ അറിവു മന്ദിച്ചല്ലാതെ ഇരിക്കാന്‍ ഇടയില്ല. ചില പദാര്‍ത്ഥങ്ങള്‍ അവകളോടു ചേരുമ്പോള്‍ പല വികാരം തോന്നുന്ന വിധത്തില്‍ അനക്കങ്ങളും ശബ്ദങ്ങളും ഉണ്ടാകുന്നുവെങ്കിലും ഒരു പ്രേതത്തില്‍ പോലും അങ്ങനെ വല്ലതും പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റവും അനക്കവും പോലെ മാത്രമേ അവയെ ഗണിക്കാന്‍ നിര്‍വ്വാഹമുള്ളൂ. അത് സ്പര്‍ശം നിമിത്തമുള്ള ചേഷ്ടകളാണ്. പതുക്കെസ്പര്‍ശിച്ചു തീരുമ്പോള്‍ വാടുന്ന തൊട്ടാവാടി, സമീപത്തു ചെന്നു സംസാരിച്ചാല്‍ തൊഴുന്ന തൊഴുകണ്ണി, കരയുന്ന അഴുകണ്ണി, തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ ഇട്ടാല്‍ വേദന അറിയുന്നതുപോലെ വികാരമുണ്ടാകുന്ന പര്‍പ്പടം എന്നുവേണ്ട, വേദന അറിഞ്ഞില്ലെങ്കിലും ഓരോന്നിനോടും ചേരുമ്പോള്‍ വികാരമുണ്ടാകുക സഹജമാണെന്നു കാണിക്കാന്‍ ഉദാഹരണങ്ങള്‍ ധാരാളം ഉദ്ധരിക്കാം. ശരീരത്തില്‍ എവിടെയെങ്കിലും ക്ഷതപ്പെട്ടു വേദനതട്ടിയാല്‍ അതു കമ്പി വഴി അറിയുന്നതുപോലെ ഏതോ ഒരു ഭാഗത്തു ചെന്നു സംബന്ധിച്ചിട്ട് വേദന അറിയുന്നു. ആ സ്ഥാനത്തെത്തിയില്ലെങ്കില്‍ വേദന അറിയുന്നില്ല. കയ്യോ കാലോ മുറിച്ചു രണ്ടാക്കിയാല്‍ മുറിക്കുമ്പോഴും തന്നോടു ചേര്‍ന്നിരിക്കുന്ന ഭാഗത്തിന്റേയും വേദന അറിയുന്നുണ്ട്. വേര്‍പെട്ട ഭാഗത്തിന്റെ വേദന അറിയുന്നില്ല. വേദന അറിയണമെങ്കില്‍ പ്രധാനമായിട്ട് രക്തമുണ്ടായിരിക്കണം. രക്തം മുഴുവന്‍ പൊയ്‌പോയാല്‍ വേദന അറിയുന്നില്ല. രക്തത്തില്‍ ഇന്നയിന്ന പദാര്‍ത്ഥങ്ങള്‍ ഇന്നയിന്ന കണക്കിനുണ്ടായിരിക്കണമെന്നുണ്ട്. അതേ ശരിയായ രക്തമാകൂ.അതില്‍ എന്തിനെങ്കിലും കൂടുതല്‍ക്കുറവു വന്നുപോയാല്‍ ആ രക്തത്തിനും അറിവിനെത്തരുന്നവിഷയത്തില്‍ ന്യൂനതയുണ്ട്. അല്പം തീ വാരിയാല്‍ നമുക്ക് പൊള്ളും. ഒരു വക വാതം ഉണ്ടായവരുടെ പുറത്തു തീ വച്ചാല്‍ മരവിച്ചുപോയി,ചൂടറിഞ്ഞുകൂടാ എന്നു പറയും. സസ്യങ്ങളുടെ രക്തം വേദനയറിയിക്കാന്‍ തീരെ ശക്തിയുള്ളതല്ല. ചരജന്തുവായിട്ടു ജനിക്കുമ്പോള്‍ മേല്‍ക്കുമേല്‍ ഈ അറിവുണ്ടായി വര്‍ദ്ധിപ്പാന്‍ തയ്യാറായി അടങ്ങിയിരിക്കുകയാണ്.
ഹിംസയ്ക്ക് രണ്ടുവിധ ദോഷമാണുള്ളത്. ഒന്നു വേദനപ്പെടുത്തല്‍, രണ്ട് അതിന്റെ രക്ഷയ്ക്കായിട്ട് പോകുന്ന വഴിയെ തടുക്കല്‍. അതില്‍ വേദനപ്പെടുത്തല്‍ പ്രധാനമായിട്ടു ചരങ്ങളിലാണ് സംബന്ധിക്കുന്നത്. താമസപ്പെടുത്തല്‍ ചരങ്ങളിലും അചരങ്ങളിലും ഒന്നുപോലെ ബാധിക്കും. ചരങ്ങളിലുള്ള അറിവുഭേദം കൊണ്ട് നോക്കുമ്പോള്‍ വേദനയുടെ കാര്യത്തില്‍, ഇല്ലെന്നു പറയത്തക്കവണ്ണം കുറഞ്ഞ മട്ടിലുള്ളവയുണ്ടെന്നു മുന്‍പു പറഞ്ഞുവല്ലോ. എല്ലാവര്‍ക്കും സമ്മതക്കേടും സങ്കടവും ഉള്ളത് താമസിക്കുന്ന കാര്യത്തിലല്ല; വേദനപ്പെടുന്ന വിഷയത്തിലാണ്. കൃത്യസമയത്തു ചെന്നാല്‍ മേല്‍രക്ഷയ്ക്കുള്ള ആദായവും ഹിതമായ ഭക്ഷണവും നല്ല ബന്ധുക്കളും അത്യാനന്ദപ്രദമായ കാഴ്ചകളും സിദ്ധിക്കുമെന്നുള്ള ഒരു സ്ഥലത്തേയ്ക്ക് സ്ത്രീപുരുഷന്മാര്‍ ആബാലവൃദ്ധം ചേര്‍ന്നുപോകുന്നു. പകുതി വഴി ചെന്നപ്പോള്‍, ഒരു കടുവ രണ്ടുപേരെ പിടിച്ചതായി കേട്ടു. അവിടം കുറെ കാടുമാണ്. യാത്രക്കാര്‍, മറ്റുള്ള ലാഭങ്ങളെയെല്ലാം ഉപേക്ഷിച്ചിട്ട് വഴിയില്‍ എവിടെയെങ്കിലും താമസിക്കയല്ലാതെ യാത്ര തുടരുകയില്ലെന്നുളളത് തീര്‍ച്ചയല്ലേ? തന്റെ ഗുണത്തിനായിട്ടെങ്കിലും ഒരവയവത്തെ ഛേദിക്കുന്നതിലുള്ള വേദന അനുഭവിക്കാന്‍ മനസ്സില്ലാതെ ആളുകള്‍ ക്ലോറോഫോമിനെ സ്വീകരിക്കുന്നു. ഇവയില്‍ നിന്നും താമസിക്കുക, നഷ്ടപ്പെടുക, ബോധക്ഷയം വരുത്തുക ഇവയൊക്കെ സ്വീകരിച്ചും മരണത്തേയും വേദനയേയും വെറുക്കുന്നവരാണ് എല്ലാവരും എന്നു മനസ്സിലാക്കാമല്ലോ.
ഇനി വഴിയെടുക്കല്‍:
ഒരു മെഴുകുണ്ടയില്‍ പലതരം മാറ്റുള്ള ലോഹരജസ്സുകള്‍ എങ്ങനെ ലീനങ്ങളായിരിക്കുന്നുവോ അതുപോലെ പ്രളയകാലത്തില്‍ മൂലപ്രകൃതിയില്‍ ലീനങ്ങളായിരിക്കുന്ന വാസനാവിശേഷങ്ങള്‍ക്കനുസരണമായി ഓരോ ജീവനും ഓരോ ശരീരത്തെ സ്വീകരിക്കുന്നു. ഇവയെല്ലാം ആ പരമമായിരിക്കുന്ന മോക്ഷസുഖത്തെ കാംക്ഷിച്ചു ഗമിക്കുന്നവരാണ്. ഈ ക്രമയാത്രയില്‍ നാം കാണുന്ന എല്ലാ ജന്തുക്കളും അതാത് ജീവന്റെ ഉയര്‍ന്നതരം പരിണാമങ്ങള്‍ക്കുള്ള ഓരോ സ്ഫുടങ്ങളായ ശരീരങ്ങളോടുകൂടിയ ജനനങ്ങളാകുന്നു. ഈ സ്ഫുടങ്ങള്‍ പരിപൂര്‍ത്തിയായി വേര്‍പെടുന്നതിനു മുന്‍പ് നാം അതിനെ ഉടച്ചുകളഞ്ഞാല്‍ വീണ്ടും ആ ജാതി സ്ഫുടത്തെതന്നെ അതു സ്വീകരിച്ചു വളരെക്കാലം കഴിക്കേണ്ടിവരുന്നു. ഇത് അതിന്റെ ഉദ്ദേശ്യത്തിനു വലുതായ താമസത്തെ ഉണ്ടാക്കി അതിന്റെ മാര്‍ഗ്ഗത്തെ തടയുന്നു. ഇതിനേയും ഒരു ഹിംസയായിട്ടാണ് മഹാന്മാര്‍ കരുതിപ്പോരുന്നത്. ഈ ഹിംസയെ തടയാനും അവര്‍ ശ്രമിക്കാതിരിക്കുന്നില്ല. മുന്‍പറഞ്ഞ പ്രകാരം സഹിക്കാന്‍ വഹിയാത്ത വേദനയുടെ കാര്യത്തെ മേല്പ്പറഞ്ഞ ഒരറിവു മുതല്‍ അഞ്ചറിവുവരെയുള്ള ഒരു ജന്തുവിനേയും ഹിംസിക്കരുതെന്നും ഏതാനും ചിലതിനെ കൊല്ലാതിരുന്നതുകൊണ്ടു പൂര്‍ണ്ണ അഹിംസയാകയില്ലെന്നും തികഞ്ഞ ഉദ്ദേശ്യത്തോടുകൂടിയാണ് മഹാന്മാര്‍ ‘അഹിംസാ പരമോധര്‍മ്മ’ എന്നുള്ള മഹാ വാക്യത്തെ ഉപദേശിച്ചിട്ടുള്ളത്.
ഇവിടെ സസ്യഭുക്കുകളുടെ നില ഏതാണെന്നു നോക്കാം. എല്ലാ പാശ്ചാത്യപണ്ഡിതന്മാരുടെയും ഇപ്പോഴത്തെ ന്യായപ്രകാരം ഒരറിവുള്ള ജീവന്മാരോടുകൂടിയതാണ് സസ്യങ്ങള്‍. സസ്യഭുക്കുകളുടെ ഹിംസയ്ക്ക് ഇതു മാത്രമേയുള്ളൂ. ഇതിനു മുകളിലുള്ള നാലു വര്‍ഗ്ഗങ്ങളുടെ ഹിംസയില്‍ നിന്ന് ഇവര്‍ മോചിച്ചിരിക്കുന്നു. ഈ മഹത്തായ കാര്യത്തെ പെട്ടെന്നു സാധിക്കയെന്നതു വളരെ പ്രയാസമായിട്ടുള്ളതാണ്. അതുപോലെ ഇവിടെ അഹിംസകനെന്ന ഉന്നതബിരുദം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഏവനും ഓരോ ജീവരാശിയിലും ഹിംസകളെ ഉപേക്ഷിച്ച് വേഗത്തോടുകൂടി കടന്നു പോകേണ്ടതായിത്തന്നെയിരിക്കുന്നു. ഇപ്രകാരം കടന്നു പോകുന്നവരില്‍ മൂന്നു നാലു പടികളിലേയ്ക്കു കടന്നു പോയവരാണ് സസ്യഭുക്കുകള്‍. ഇവരുടെ അടുത്ത പടി ഏതാണെന്ന് ഒരു ചോദ്യമുണ്ടാകാം. സസ്യഭക്ഷണത്തിലും ഹിംസയുണ്ടെന്നുള്ള അറിവിന്റെ പൂര്‍ണ്ണതയും, അതില്‍ നിന്ന് വിരമിക്കാനുള്ള ശക്തിയും അത്യുത്സാഹാനുഷ്ഠാനങ്ങളും കൊണ്ട് അവര്‍ കേവലം ഉണങ്ങി വീഴുന്ന ഇലകളേയും ശൂഷ്‌കഫലങ്ങളേയും ആഹരിച്ചും, അതിലും ഹിംസയുണ്ടെന്നുകണ്ട് കേവലം ജലത്തെ മാത്രം ആശ്രയിച്ചും അവര്‍ ജീവിക്കും. അപ്പോള്‍ അവിടേയും ഹിംസ വെളിവാകുമല്ലോ. അനന്തരം വായുവിനെ മാത്രം ആഹാരം ചെയ്തു ജീവിക്കും. ഈ നിലയിലെത്തുമ്പോഴാണ് അവരെ യോഗികളെന്നു പറയുന്നത്. വായുഭക്ഷണത്തിലും ഹിംസയെഭയന്ന്, അതില്‍നിന്ന് വിരമിക്കുന്നതിനുള്ള ശക്തിയെ, അതില്‍ ഇരുന്നുകൊണ്ടു സമ്പാദിച്ചു കഴിഞ്ഞാല്‍, പ്രാണനെ അടക്കി വിചാരരൂപജ്ഞാനസമാധിയെ ആശ്രയിച്ച്, നമ്മുടെ സകല മതാചാര്യന്മാരും ഒന്നു പോലെ ഘോഷിക്കുന്നതും വോറൊന്നിനാല്‍ താനും തന്നാല്‍ വേറൊന്നും ഹിംസിക്കപ്പെടുക എന്നുള്ള നിലയെ അതിക്രമിച്ചതും ആയ മോക്ഷമെന്ന ആ പരമാനന്ദപദത്തെ പ്രാപിക്കുകയും, അതോടുകൂടിത്തന്നെ പരിപൂര്‍ണ്ണ അഹിംസകന്‍ ആയിത്തീരുകയും ചെയ്യുന്നു. ഇങ്ങനെയാണ് നമ്മുടെ പൂര്‍വ്വികരായ മഹാന്മാര്‍ അഹിംസയെപ്പറ്റി ഉപദേശിച്ചിട്ടുള്ളതും അനുഷ്ഠിച്ചിട്ടുള്ളതും. ഈ വാസ്തവ തത്ത്വത്തെ മനസ്സിലാക്കാതെ, മഹാപാപനീചവാസനയാല്‍ വിഴുങ്ങപ്പെട്ടു കിടക്കുന്ന ചില മാംസഭുക്കുകള്‍ ‘ഹേ! ചെടികള്‍ക്കു ജീവനുള്ളതുകൊണ്ട് അവയെ ഭക്ഷിക്കുന്നവരും ഞങ്ങളേപ്പോലെ ഹിംസകന്മാരാണെന്നും അഹിംസ ആവശ്യമില്ലാത്തതാണെന്നും’ ചില ദുര്‍ന്യായങ്ങളെ പ്രലപിച്ചുവെന്നു വരാം. അതിനെ തീരെ വകവെയ്ക്കാതെ പറഞ്ഞപ്രകാരം അനുഷ്ഠിച്ചാല്‍ രക്ഷയെ പ്രാപിക്കും.
ആഹാരഭേദം സ്വഭാവഭേദത്തെ ഉണ്ടാക്കുമെന്നും മാംസഭക്ഷണം സ്വഭാവത്തെ ക്രൂരമാക്കുമെന്നും പല മഹാന്മാരും അഭിപ്രായപ്പെടുന്നു. മനസ്സിനെ പരിശുദ്ധമാക്കി ചെയ്യുന്ന പദാര്‍ത്ഥങ്ങളെ വേണം ഭക്ഷിക്കാനെന്നും ആഹാരഭേദം കൊണ്ടുണ്ടാകുന്ന സ്വഭാവഭേദം ഒരു മൃഗശാലയില്‍ ചെന്നു നോക്കിയാല്‍ പ്രത്യക്ഷപ്പെടുമെന്നും സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ വെച്ചു പ്രസ്താവിച്ചിരിക്കുന്നു.
ബുദ്ധിയെ സംബന്ധിച്ച് നോക്കിയാല്‍ മാംസാഹാരത്തിന് എന്തു സ്ഥാനമാണുള്ളത്? ഇതിന്റെ വാസ്തവം മേധാവികളായ മഹാന്മാരുടെ ചരിത്രങ്ങളില്‍ നിന്നാണല്ലോ ഗ്രഹിക്കേണ്ടത്. തത്ത്വജ്ഞാനം, ഗണിതം, സാഹിത്യം മുതലായ നാനാകലകളിലും നിസ്തുലരായ പ്രശസ്തി സമ്പാദിച്ചിരുന്ന പ്രഫസര്‍ ന്യൂമാന്‍ ‘മാംസഭക്ഷണം ബുദ്ധിവികാസത്തിന് അനുകൂലമെന്ന് ഞാന്‍ ഒരിക്കലും അഭിപ്രായപ്പെടുകയില്ല’എന്നും ഭൂലോകത്തിലെ പ്രസിദ്ധ പണ്ഡിതനും സസ്യഭുക്കുമായ പ്രഫസര്‍ ജോണ്‍ ഈബിമേയര്‍ ‘മാംസഭക്ഷണം ആരോഗ്യത്തിനും ദേഹശക്തിക്കും ഒരിക്കലും ആവശ്യമായിട്ടുള്ളതല്ല’. എന്നും പറഞ്ഞിരിക്കുന്നു. ഒരു പ്രസിദ്ധ വാഗ്മിയും വിശാലഹൃദയനും സത്യവാദിയുമായ എഡ്വേര്‍ബാട്ട്‌സര്‍ പറയുന്നത്, ‘സ്വയം ഭരണത്തിനുതകുന്നതും പ്രകൃതിക്കനുസരിച്ചതുമായ ഒരാഹാരം സസ്യമാകുന്നു’ എന്നാണ്. ഇപ്രകാരം തന്നെ ബുദ്ധന്‍, പിത്താഗോറസ്, മില്‍ട്ടണ്‍, സര്‍ ഐസക്ക് ന്യൂട്ടണ്‍, സെന്റ് പീറ്റര്‍, സെന്റ് മാത്യു, സെന്റ് ജോണ്‍, ളൈസ് മുതലായ അനേകം മഹാന്മാര്‍ ഇതിലേയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്.
മാംസഭക്ഷണംകൊണ്ട് പലമാതിരി വ്യാധികള്‍ ഉണ്ടാകുന്നുണ്ടെന്ന് ഡാക്ടര്‍ ഹെയ്ഗ് മുതലായ പ്രസിദ്ധപ്പെട്ട ഇംഗ്ലീഷ് ഭിഷഗ്വരന്മാര്‍, ഫ്രഞ്ചു വൈദ്യന്മാര്‍ ഇവര്‍ സയുക്തികം തെളിയിച്ചിരിക്കുന്നു. അതായത് മാംസത്തിന്, ശരീരത്തിലുള്ള യൂറിക്കാസിഡ് എന്ന വിശേഷശക്തിയെ കുറയ്ക്കാന്‍ തീരെ ശക്തിയില്ലെന്നല്ല അതിനെ വര്‍ദ്ധിപ്പിച്ച് താഴെപ്പറയുന്ന യൂറിക്കാസിഡ് സംബന്ധിച്ച പല രോഗങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ശക്തിയുണ്ടെന്ന് അവര്‍ പറയുന്നു. ആ രോഗങ്ങള്‍ മുടക്കുവാതം, വാതം, തലവേദന, സന്നി, ആസ്ത്മാ, ഞരമ്പുകള്‍ക്കുകോച്ച,് മനച്ചടവ്, മാന്ദ്യം, പ്രമേഹം, ഗുദഭ്രംശം മുതലായവയാണ്. റാബര്‍ട്ട് ബെല്‍ (MD;F.R.C.S) എന്ന മഹാന്‍ ഇംഗ്ലണ്ട്, സ്‌ക്കോട്ടുലണ്ട്, അയര്‍ലണ്ട് മുതലായ സ്ഥലങ്ങളില്‍ അധികമായി ബാധിച്ചു കാണുന്ന കാന്‍സര്‍ എന്ന രോഗത്തിന്റെ കാരണത്തെപ്പറ്റി അന്വേഷിച്ചതില്‍ അതിന്റെ പ്രധാനകാരണം മാംസഭക്ഷണമാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും അതിനെ വര്‍ജ്ജിച്ചിട്ടു ഗോതമ്പു മുതലായ സസ്യാഹാരങ്ങളെക്കൊണ്ടുപചരിച്ചതില്‍ ഈ രോഗത്തിനു കുറവുണ്ടായിട്ടുണ്ടെന്നും പ്രസ്താവിക്കുന്നു.
മനുഷ്യരുടേയും മാംസഭുക്കുകളുടേയും പല്ലുകള്‍ക്ക് വെണ്മ കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും യാതൊരു സാമ്യവും ഇല്ല. എന്നു മാത്രമല്ല മൃഗങ്ങള്‍ക്ക് അവ ഏതു വിധം ഉപകരിക്കുന്നുവോ അതുപോലെ മനുഷ്യര്‍ക്ക് ഉപകരിക്കുന്നുമില്ല. മനുഷ്യരുടേയും മൃഗങ്ങളുടേയും കടവായിലെ പല്ലുകള്‍ വളരെ വ്യത്യസ്തപ്പെട്ടു കാണുന്നു. മനുഷ്യരുടേയും കുരങ്ങുകളുടേയും മുന്‍വരിയിലും അണകളിലും ഉള്ള പല്ലുകള്‍ക്കും ദഹനോപകരണങ്ങള്‍ക്കും വളരെ സാദൃശ്യമുണ്ട്. ഇതുകൊണ്ട് മനുഷ്യനെ മാംസഭുക്കുകളായ മൃഗങ്ങളോടു താരതമ്യപ്പെടുത്തുന്നത് അനുഭവത്തിന് വളരെ വിരുദ്ധമാണ്. മാംസഭുക്കുകളായ ജന്തുക്കള്‍ക്ക് ചെറുകുടല്‍ വളരെ നീളം കുറഞ്ഞാണ് കാണുന്നത്. ആയതിന് ആ ജന്തുക്കളുടെ മദ്ധ്യശരീരത്തിന്റെ മൂന്നിരട്ടി നീളം മാത്രമേ ഉണ്ടായിരിക്കയുള്ളൂ. അവയുടെ മൂലാന്ത്രം (പെരുംകുടല്‍) വളരെ മൃദുവാണ്. അതുകൊണ്ട് ആഹാരസാധനങ്ങളുടെ സാരകിട്ടവിഭജനം വളരെ ക്ഷണത്തില്‍ കഴിയുകയും അവ വളരെ കുറച്ചു സമയം മാത്രം ഇരിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ ചെറുകുടല്‍ മദ്ധ്യശരീരത്തിന്റെ പന്ത്രണ്ടു മടങ്ങ് നീളമുള്ളതും പെരുങ്കുടല്‍ ഒരു നീണ്ട സഞ്ചി പോലെയുള്ളതുമാണ്. അതുപോലെ തന്നെ ആഹാരസാധനം സാരകിട്ടവിഭജനത്തിന് മുമ്പ് വളരെ സമയം കുടലില്‍ സ്ഥിതിചെയ്യുന്നു. (വളരെ താമസിച്ചേ വിഭജനമുണ്ടാകുന്നുള്ളൂ) അതുകൊണ്ട് എത്രയും ക്ഷണത്തില്‍ സാരകിട്ടകള്‍ വേര്‍പെടുന്നതുമായ മാംസഭക്ഷണം മനുഷ്യന് ഒരു പ്രകാരേണയും സ്വാഭാവികവും ഹിതവും ആയിട്ടുള്ളതല്ലെന്നു മാത്രമല്ല അനേകം അപായകരങ്ങളായ രോഗങ്ങള്‍ക്ക് കാരണവുമാകുന്നു. ഈ അഭിപ്രായങ്ങളെ പ്രസിദ്ധ പ്രകൃതി ശാസ്ത്രജ്ഞന്മാരായ പ്രഫസേര്‍സ് വില്യംറാലിന്‍സ് എഫ്.ആര്‍.എസ്സ്., ബാരണ്‍ക്യൂറര്‍, സര്‍ചാര്‍ല്‌സ് ബെല്‍ F.R.s., റിച്ചാര്‍ഡ് ചാര്‍ല്‌സ് ഡാര്‍വിന്‍ L.L.D; F.R.C.S മുതലായ മാന്യന്മാര്‍ സയുക്തികം തെളിയിച്ചിരിക്കുന്നു. ഇതുകൊണ്ട് മനുഷ്യര്‍ സാധാരണയായി മാംസഭുക്കുകളാണെന്നുള്ള വാദം അസാധുവാകുന്നു. ഇനിയും ഒന്നിന്റെ സ്ഥിതിയോ നാശമോ ദീര്‍ഘകാലത്തേയ്ക്കുവെച്ചിരിക്കുന്നതെന്നു നോക്കാം. ഒരു പ്രാണിയുടെ എന്നല്ല, ഏതിന്റെ നാശവും നാം സാധാരണമായി കണ്ടുവരുന്നത് അതിന്റെ സ്ഥിതിയില്‍ നിന്നും ഏറ്റവും ലഘുവായ ഒരു സമയം കൊണ്ടാണ്. പത്തുകൊല്ലം ജീവിച്ചിരുന്ന ഒരു ജന്തുവിനു നാശം ഉണ്ടാകുന്നത് ഒരു മിനിട്ടുകൊണ്ടാണ്. എങ്ങിനെ നോക്കിയാലും ഓരോന്നിന്റേയും സ്ഥിതിയ്ക്കു (നിലനില്പ്പിനു) ള്ള കാലമാണ് അധികമായിട്ടുള്ളതെന്നു പ്രത്യക്ഷമാണ്. ആ കാലത്തില്‍ അവയുടെ രക്ഷയ്ക്കു വേണ്ടുന്ന സാധനങ്ങളെ അവയ്ക്കു ചുറ്റും പ്രത്യേകം സൂക്ഷിച്ചിരുന്നതായും കാണാം. അതുകൊണ്ട് നാശത്തേക്കാള്‍ അധികം പ്രകൃതി ദീര്‍ഘമായി സൂക്ഷിച്ചിട്ടുള്ളത് സ്ഥിതിയെ ആണെന്നു വെളിപ്പെടുന്നു.
ഇനി മൃഗങ്ങളെയും സസ്യങ്ങളെയും പറ്റി പറയാം. അവ പ്രകൃത്യാ മാംസം ഭക്ഷിക്കുന്നതിനാല്‍ നമുക്കും ഭക്ഷിക്കാം എന്നുള്ളതു ശരിയല്ല. പ്രകൃത്യാ മാംസം ഭക്ഷിക്കേണ്ടവരേക്കുറിച്ച് ഞാന്‍ മുന്‍പു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ ന്യായം ആ രാക്ഷസന്മാര്‍ക്കിരിക്കട്ടെ. പ്രകൃത്യാ സസ്യഭുക്കുകള്‍ മൃഗവര്‍ഗ്ഗത്തിലും സസ്യവര്‍ഗ്ഗത്തിലും കാണുന്നു. ആയതിനാല്‍ പ്രകൃത്യാ സസ്യഭുക്കുകളാണ് നാംഎന്നുള്ള ന്യായം നമുക്കിരിക്കട്ടെ. അതുമാത്രമല്ല ഈ മനുഷ്യശരീരം ലോകത്തുള്ളവയില്‍വച്ചു ഉല്‍കൃഷ്ടമായിട്ടുള്ളതാകുന്നു. താണതരം ജീവികള്‍ ജഡബുദ്ധികളാണ്. പ്രായേണ അവ താമസഗുണത്തില്‍ നിന്നു സൃഷ്ടിച്ചിട്ടുള്ളവയാകുന്നു. ജന്തുക്കള്‍ക്ക് ഉയര്‍ന്നതരം വിചാരങ്ങളൊന്നും വിചാരിപ്പാന്‍ കഴിയുകയില്ല എന്നു മഹാത്മാവായ വിവേകാനന്ദസ്വാമിയും പറഞ്ഞിരിക്കുന്നു. അദ്ദേഹം വോറൊരവസരത്തില്‍ അമേരിക്കയില്‍വച്ച് ഇപ്രകാരം പറഞ്ഞു. ‘മനുഷ്യ വര്‍ഗ്ഗത്തിന്റെ വലിയൊരു ഭാഗം മൃഗങ്ങളില്‍നിന്നും അധികം ദൂരം ഒന്നും എത്തിയിട്ടില്ലെന്നു തന്നെയല്ല പല സംഗതികളിലും നിയമനശക്തി മനുഷ്യര്‍ക്ക് താഴ്ന്നതരം ജന്തുക്കളില്‍ നിന്നു അധികം ഒന്നും വര്‍ദ്ധിച്ചിട്ടുമില്ല.’ നമ്മുടെ മനസ്സുകളുടെ മേല്‍ നമുക്ക് സ്വാതന്ത്ര്യം ചുരുക്കമാണ്. ആ സ്വാതന്ത്ര്യത്തെ ഉണ്ടാക്കാന്‍ ശ്രമിക്കണം. മഹാന്മാരുടെ ഈ വാക്കുകളില്‍ നിന്നും നാം അറിയേണ്ടത് പ്രകൃതിയെ അനുസരിച്ചുള്ള മനോവൃത്തിയെ പിന്‍തുടരുന്നത് മൃഗങ്ങളുടെ സ്വഭാവം എന്നാണ്. അത് ഏതു മൂഢനും സാധിക്കാവുന്നതുമാണ്. അതിനെ എതിര്‍ത്തു മുന്‍പോട്ടു കയറിയവരാണ് ലോകത്തില്‍ ഏറ്റവും കീര്‍ത്തിമാന്മാരായിത്തീര്‍ന്നിട്ടുള്ളത്. നാം അങ്ങിനെ അനുവര്‍ത്തിച്ചുവരുന്നുവെന്നുള്ളതും പ്രത്യക്ഷമാണ്. മാതാവ്, സോദരി, ഭാര്യ , അന്യസ്ത്രീ ഈ വ്യത്യാസങ്ങളെ നാം നിയമേന അനുഷ്ഠിച്ചു വരുന്നില്ലയോ? അതില്‍ അതിരു കവിഞ്ഞ മന:ക്ഷോഭം കൂടാതെ സൂക്ഷിക്കുന്നില്ലയോ? ഇതിനു വിപരീതമായി അനുഷ്ഠിക്കുന്നവരുടെ കഷ്ടതകളേയും നാം കാണുന്നുണ്ടല്ലോ.മൃഗവര്‍ഗ്ഗങ്ങളില്‍ ഇതൊന്നും തന്നെ കാണുന്നില്ല. ഇതുകൊണ്ടുതന്നെ പ്രകൃത്യാ പ്രവര്‍ത്തിക്കുന്ന മനോവൃത്തിയെ തടയേണ്ടത് മനുഷ്യസ്വഭാവമാണെന്നും അതിനെത്തന്നെയാണു മനുഷ്യന് അനുഷ്ഠിക്കേണ്ടതെന്നും വ്യക്തമാകുന്നു.
അഹിംസയും മതങ്ങളും
ഈ അഹിംസാവാദം മതങ്ങളില്‍കൂടി അന്തര്‍ഭവിച്ചിരിക്കകൊണ്ട് അവയെപ്പറ്റി ചെറുതായ ഒരന്വേഷണം നടത്തുന്നതിന് അവയിലേയ്ക്ക് കടക്കാം.
ഹിന്ദുമതം
നമ്മുടെ ഹിന്ദുമതം മാംസഭക്ഷണത്തെക്കുറിച്ച് എന്തു പറഞ്ഞിരിക്കുന്നുവെന്ന് വളരെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് കാണുന്നത്. എല്ലാ പരമാചാര്യന്മാരും ഒന്നുപോലെ മാംസഭക്ഷണത്തെ നിരോധിച്ചിരിക്കുകയാണ് ‘നാകൃത്വാ പ്രാണിനാം ഹിംസാം മാംസമുല്പദ്യതേ ക്വചില്‍ ന ച പ്രാണിവധഃ സ്വര്‍ഗ്ഗ്യഃ തസ്മാന്‍ മാംസം വിസര്‍ജ്ജയേല്‍’ ‘ദ്വാരംകിമേകം നരകസ്യ ഹിംസാ യാ സ്വര്‍ഗ്ഗദാ പ്രാണഭൃതാമഹിംസാ’, കൊല്ലാന്‍ പുലിലൈ മറുത്താനൈ കൈകൂപ്പി എല്ലാ ഉയിരും തൊഴും’ (കുറള്‍) (ധാരാളം പ്രമാണവും കൂടി എഴുതി ചേര്‍ക്കണം.)
ജൈനമതം
ഈ മതത്തിന്റെ ഉത്ഭവം ബി.സി. 490 ല്‍ ആണ്. മതാചാര്യന്‍ വൈസാലിയിലെ ഒരു രാജാവിന്റെ പുത്രനായ വര്‍ദ്ധമാനമഹാവീരന്‍ എന്ന ആളാണ്. ഇദ്ദേഹം തന്റെ പ്രധാനതത്ത്വങ്ങളായി എടുത്തിട്ടുള്ളവ നിര്‍മ്മലത തുടങ്ങിയുള്ള സദ്‌വൃത്തികളാണ്. ഈ മതത്തില്‍ പ്രാണിഹിംസയെ എത്രമാത്രം കഠിനമായി നിഷേധിച്ചിരുന്നുവെന്നുള്ളതു ഇപ്പോള്‍ ജയിനന്മാര്‍ അനുവര്‍ത്തിച്ചു പോരുന്ന ഓരോ കൃത്യങ്ങളില്‍ നിന്നു വെളിവാകുന്നതാണ്. അവര്‍ ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വല്ല പ്രാണികളും മരിച്ചുപോയെങ്കിലോ എന്നു വിചാരിച്ച് മുഖത്തു സാധാരണയായി ഒരു വല കെട്ടുക പതിവുണ്ട്. പാദസ്പര്‍ശംകൊണ്ട് ഒരു ജന്തുവിനും ജീവഹാനി വരരുത് എന്നുള്ള ഉദ്ദേശ്യത്തോടുകൂടി മയില്പീലികൊണ്ട് വഴി തൂക്കാറുണ്ടായിരുന്നുവത്രെ. വിളക്കുവച്ചതില്‍ പിന്നീട് അവര്‍ ആഹാരം കഴിക്കയില്ലാ കാരണം വിളക്കുകണ്ട് വല്ല ജന്തുക്കളും അതില്‍ വീണുപോകുമെന്നുള്ളതാണ്. ഇത്രമാത്രം കൊണ്ട് ജൈനമതത്തിലും പ്രാണിഹിംസയോ മാംസഭക്ഷണമോ അനുവദിച്ചിട്ടില്ലെന്നു വ്യക്തമാകുന്നുണ്ടല്ലോ.
ബുദ്ധമതം
ഈ മത സ്ഥാപകന്‍ കാരുണ്യ മൂര്‍ത്തിയായ ബുദ്ധനാണെന്നുള്ളത് പ്രസിദ്ധമാണല്ലോ. ഈ മതം ഹിന്ദുമതത്തോട് ഏറ്റവും അടുപ്പമുള്ളതും ഇപ്പോള്‍ ജപ്പാന്‍, ചൈന മുതലായ രാജ്യങ്ങളില്‍ പ്രചാരമായിരിക്കുന്നതുമാണ്. അതു മാത്രമല്ല, ഈ മതം ഈശ്വരനില്ലെന്നും എല്ലാ ഫലങ്ങളും അവനവന്റെ കര്‍മ്മത്തെ അനുസരിച്ചുണ്ടാകുന്നതാണെന്നും ബലമായി വാദിക്കുന്ന ഒന്നാണ്. മതാചാര്യനായ ബുദ്ധന്‍ ഇന്നും ഒരവതാരമായിട്ടാണ് കരുതപ്പെടുന്നത്. ഈ മഹാന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനമായി അനുഷ്ഠിക്കുകയും തന്റെ മതത്തിലെ പ്രധാനതത്ത്വമായി സ്വീകരിച്ചുപദേശിക്കുകയും ചെയ്തിട്ടുള്ളത് അഹിംസ എന്നുള്ള പ്രധാന ധര്‍മ്മത്തെയാണ്. ഇദ്ദേഹത്തിന്റെ യുക്തിപൂര്‍വങ്ങളായ ന്യായങ്ങളും ജീവകാരുണ്യത്തിന്റെ വിശിഷ്ടതയെ വെളിപ്പെടുത്തുന്നതിലുള്ള സാമര്‍ത്ഥ്യവും കൊണ്ടു ദിവസം ഒന്നിന് അനേകം പ്രാണികളെ വധിച്ച് ദീര്‍ഘയാഗങ്ങള്‍ നടത്തിപോന്ന എത്ര രാജാക്കന്മരാണ് യാഗശാലകളെ പൊളിച്ച് ദൂരെ എറിയുകയും പ്രാണിഹിംസയെ സ്വരാജ്യങ്ങളില്‍ നിരോധിക്കുകയും കൂടി ചെയ്തിട്ടുള്ളത് എന്നുള്ളതിനു കണക്കില്ല. ഈ കൂട്ടത്തില്‍പ്പെട്ട ഓരാളാണ് അശോകന്‍. ഇദ്ദേഹം പല രോഗങ്ങള്‍ കൊണ്ട് സങ്കടപ്പെടുന്ന പ്രാണികള്‍ക്കുവേണ്ടി ആദ്യമായി ഒരു ആസ്പത്രി തീര്‍പ്പിക്കയും പ്രാണികളെ ചികിത്സിപ്പിച്ചു സുഖപ്പെടുത്തതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്കയുമുണ്ടായി. ഈ മതത്തെ അനുസരിച്ചുനോക്കിയാലും മാംസഭക്ഷണം സര്‍വ്വാത്മനാ അത്യന്തം നിഷേധിച്ചിരിക്കുന്നു.
ക്രിസ്തുമതം
ഇത് പരിഷ്‌ക്കാരംകൊണ്ടും ശക്തികൊണ്ടും എന്നു വേണ്ട സര്‍വ്വ ശ്രേയസ്സുകൊണ്ടും ഉല്‍കൃഷ്ടനിലയില്‍ എത്തിയിരിക്കുന്ന ജനസമുദായത്തിന്റെ മതമാണ്. ഈ മതാചാര്യന്‍ പരമഭക്തനും ദയാലുവുമായ യേശുക്രിസ്തുവാണ്. ഇദ്ദേഹം തന്റെ മതതത്ത്വങ്ങളെ പത്തു പ്രധാന ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതില്‍ പ്രധാന വിലക്കായ കൊല്ലാ യ്ക എന്നുള്ളതിനേയും അദ്ദേഹം ഒരു പ്രധാനമത തത്വമായിട്ടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതു കൂടാതെ അവരുടെ പ്രധാന മതഗ്രന്ഥമായ ബൈബിളില്‍ ഉല്പത്തിപുസ്തകത്തില്‍ ദൈവം ആദാമിനെയും ഹൗവ്വായേയും സൃഷ്ടിച്ചിട്ട് അവര്‍ക്ക് ആഹാരത്തെ നിശ്ചയിക്കുന്ന അവസരത്തില്‍ ദൈവം അവരോട് ഇപ്രകാരം പറയുന്നു; ‘വിത്തുകളുള്ള എല്ലാ സസ്യങ്ങളേയും വിത്തുകളടങ്ങിയിരിക്കുന്ന എല്ലാ വൃക്ഷങ്ങളേയും ഭൂമിയുടെ നാനാഭാഗങ്ങളിലും ഞാന്‍ ഇതാ നിങ്ങളുടെ ഉപയോഗത്തിനുവേണ്ടി വിട്ടിരിക്കുന്നു. ഇവ നിങ്ങള്‍ക്ക് ആഹാരമായിത്തീരട്ടെ!’. ഈ അവസരത്തിലും മാംസത്തെ ആഹാരമായി വിധിച്ചിട്ടില്ല എന്നുമാത്രമല്ല, ഉല്പത്തി പുസ്തകം അദ്ധ്യായം 9-3-4 ഈ ഭാഗത്തില്‍ ‘ഭൂമിയില്‍ സഞ്ചരിക്കുന്ന എല്ലാ ജീവജാലങ്ങളും നിങ്ങള്‍ക്ക് ഭക്ഷണത്തിന് തരട്ടെ, എന്നാല്‍ അവയ്ക്ക് ജീവഹാനി വരുത്തി മാംസത്തെ രക്തസമേതം ഭക്ഷിക്കുന്നതിനു പ്രത്യേകം ഉപദേശിക്കുന്നില്ല’. ഇനിയും എസ്സീക്കയില്‍ അദ്ധ്യായം 4-14-16 വാക്യങ്ങള്‍ നോക്കുക. ‘ഞാന്‍ എന്റെ ആത്മാവിനെ മലിനമാക്കിയിട്ടില്ല. എന്തെന്നാല്‍ എന്റെ ചെറുപ്പം മുതല്‍ ഇതുവരെയും തന്നെചാകുന്നതോ കഷണമായി മുറിക്കപ്പെടുന്നതോ ആയ യാതൊരു പ്രാണിയേയും ഭക്ഷിച്ചിട്ടില്ല. കേവലം നിന്ദ്യമായ മാംസം എന്റെ വായില്‍ കടത്തിയിട്ടില്ല.’ എന്നു ക്രിസ്തു, ദൈവത്തോട് അറിയിക്കുകയും അതിലേയ്ക്ക് ദൈവം ക്രിസ്തുവിനെ അനുഗ്രഹിക്കുകയും ചെയ്തതായി പറഞ്ഞിരിക്കുന്നു.മാത്യു അഞ്ചാം അദ്ധ്യായം 18-ാം വാക്യത്തില്‍ ക്രിസ്തു ഗലീലസമുദ്രതീരത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ പീറ്റര്‍ എന്നും ആന്‍ഡ്രു എന്നും രണ്ടു സോദരന്മാര്‍ മത്സ്യം പിടിക്കുന്നതു കണ്ട്, അവരെ അതില്‍നിന്ന് വിരമിപ്പിച്ച് നിങ്ങള്‍ എന്നോടുകൂടി വരുവിന്‍ നിങ്ങള്‍ക്ക് ഞാന്‍ മനുഷ്യ മത്സ്യങ്ങളെ തരാം എന്നു പറഞ്ഞ് വിളിച്ചു കൊണ്ട് പോയി സ്വന്തം ശിഷ്യന്മാരാക്കിയതായി കാണുന്നുണ്ട്. ഇപ്രകാരം ബൈബിളില്‍ പല ഭാഗങ്ങളിലും ക്രിസ്തു ജന്തുഹിംസയേയും മാംസഭക്ഷണത്തേയും വിരോധിച്ചിരിക്കുന്നതായി കാണുന്നു. ക്രിസ്തു ഹിംസകൊണ്ടും മാംസഭക്ഷണം കൊണ്ടും ഒരിക്കലും നീചതയെ പ്രാപിച്ചിട്ടില്ലെന്നുള്ളതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരായ പീറ്റര്‍, മാത്യു, ജോണ്‍ മുതലായ മഹാത്മാക്കളും അദ്ദേഹത്തെ അനുകരിക്കയാണു ചെയ്തിട്ടുള്ളത്.ഇതിനു വിപരീതമായി വല്ലയിടത്തും കാണുന്നുണ്ടെങ്കില്‍ അതു ചില ദുര്‍വ്യാഖ്യാതാക്കളുടെ നിന്ദ്യമായ സ്വാര്‍ത്ഥതല്പരതയില്‍ നിന്ന് ഉണ്ടായിട്ടുള്ളതാണെന്നും ഇവര്‍ ഒരിക്കലും മാംസഭക്ഷണം ചെയ്തിട്ടില്ലെന്നും ക്രിസ്തുമതത്തില്‍ ഉള്‍പ്പെട്ടവരും പ്രധാനപ്പെട്ട ക്രിസ്ത്യന്‍ ചരിത്രകാരന്മാരുമായ ഹേഗിള്‍പ്‌സ്, ക്ലൈമന്റ്, ആഗസ്റ്റെയിന്‍, ഫിലോ മുതലായ മഹാന്മാര്‍ സയുക്തികം തെളിയിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഏകദേശം ഏ.ഡി. 1692 വര്‍ഷംവരെ ക്രിസ്ത്യന്‍ പള്ളികളില്‍ ഈ അനാചാരത്തെ അനുഷ്ഠിച്ചുവന്നതായി കാണുന്നില്ല. അനന്തരം എന്തോ കാരണങ്ങളാല്‍ പടിഞ്ഞാറന്‍ ക്രിസ്ത്യന്മാരുടെ ഇടയില്‍ മാംസസ്വീകാരം കണ്ടു തുടങ്ങുകയും ആ അവസരത്തില്‍ ഈ വിഷയത്തെപ്പറ്റി ഒരു വലിയ വാദപ്രതിവാദം നടത്തുന്നതിന് കാണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന സ്ഥലത്ത് ട്രില്ലന്‍കൗണ്‍സില്‍ എന്ന ഒരു മഹായോഗം കൂടുകയുമുണ്ടായി. ഈ യോഗത്തില്‍ കാണ്‍സ്റ്റാ(ആന്റിയോക്കു)ന്റിനോപ്പിള്‍, അലക്‌സാണ്ടിറിയ, ആന്റിയാക്ക് മുതലായ സ്ഥലങ്ങളില്‍ നിന്നു ഏകദേശം 200 ല്‍ പരം പ്രധാനശിഷ്യന്മാരും കുറെ ചക്രവര്‍ത്തിമാരും സന്നിഹിതരായിരുന്നു. ആ അവസരത്തില്‍ ആ മഹാസഭയില്‍ തീരുമാനം ചെയ്തത് താഴെ പറയും പ്രകാരമാണ്. ‘ഇന്നുമുതല്‍ ഏതൊരു പ്രാണിയുടേയും രക്തം ചൊരിയ്ക്കുന്നവന്‍ ഒരു മതാചാര്യനാണെങ്കില്‍ അവനെ പള്ളിയില്‍ നിന്നു വെളിയില്‍ ആക്കുന്നതിനും ഒരു ഗൃഹസ്ഥാശ്രമിയാണെങ്കില്‍ അവനെ മത ഭ്രഷ്ടനാക്കുന്നതിനും ഇതിനാല്‍ കല്പിക്കപ്പെട്ടിരിക്കുന്നു.’ ഈ ആചാരത്തെ കിഴക്കന്‍ പള്ളിക്കാര്‍ ഇപ്പോഴും അനുഷ്ഠിച്ചു വരുന്നുണ്ടെന്നു കാണുന്നു. പക്ഷേ പടിഞ്ഞാറന്‍ പള്ളിക്കാരുടെ ഇടയില്‍ ഇതിനു വിപരീതമായി പലയാളുകളും മതവിരുദ്ധമായി അനുഷ്ഠിപ്പാന്‍ തുടങ്ങിയപ്പോള്‍ സാധുക്കളായ മതാചാര്യന്മാര്‍ക്കു അവരോട് മൗനവ്രതം ദീക്ഷിക്കേണ്ടതായി വന്നു. അതെങ്ങനേയുമിരിക്കട്ടെ, തങ്ങളുടെ മതത്തിനു വിപരീതമായി നടക്കുന്നവരെപ്പറ്റി ആലോചിച്ചിട്ടുകാര്യമില്ല. അവരുടെ മതത്തില്‍ മേല്പ്പറഞ്ഞ കാരണങ്ങളെകൊണ്ട് നിശ്ചയമായും മാംസഭക്ഷണം നിരോധിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതു വ്യക്തമാകുന്നു.