ശിഷ്യന്: പരമാത്മാവു ഒരുവന് തന്നെ സച്ചിദാനന്ദസ്വരൂപന്‍; ജഡാജഡങ്ങളായി കാണപ്പെട്ട കാര്യകാരണരൂപമായ പ്രപഞ്ചം മിഥ്യ; പ്രപഞ്ചത്തെ ശ്രുതി പ്രതിപാദിക്കയെന്നുള്ളതു അതിന്റെ മുഖ്യ അഭിപ്രായമല്ല; പ്രപഞ്ചാതീത പരമാത്മാവിനെ പ്രതിപാദിക്കലാകുന്നു അതിന്റെ മുഖ്യതാല്പര്യം എന്നരുളിയ പ്രകാരം ബോധിച്ചു. എങ്കിലും ഭ്രാന്തിജ്ഞാനത്തിനു വിഷയമായ പ്രപഞ്ചത്തെ സ്ഥൂലം മുതല്‍ അവ്യക്തംവരെ മിഥ്യയാകുന്നു എന്നുള്ള അനുഭൂതിയും, ശ്രുതി ചൊല്ലിയപ്രകാരം വിഷയവിഷയിഭേദം കൂടാതെ സ്ഥിതിയില്‍ പരമാത്മാവു വിഷയമാകുന്ന അനുഭൂതിയും അരുളേണമേ!
ആചാര്യന്: ലോകത്തില്‍ ഘടമിരിക്കുന്നു, പടമിരിക്കുന്നു, മഠമിരിക്കുന്നു, എന്നിങ്ങനെ കാണപ്പെടുന്ന അനുഭവത്തെ ശോധിച്ചാല്‍ അനുഭൂതിയുണ്ടാകും. ഘടമെന്നത് കംബുഗ്രീവാ(ഇടുങ്ങിയ കഴുത്ത്)ദിമത്തായുള്ള വികാരവസ്തുവാകും. അപ്രകാരം തന്നെ പടം എന്നതു ഓതപ്രോതമായ തന്തുവിന്റെ വികാരത്തോടുകൂടിയ വികാരിവസ്തുവാകും. ഇങ്ങനെയായാല്‍ പരസ്പരഭിന്നങ്ങളായ വിരുദ്ധ വസ്തുക്കളില്‍ മുന്‍പറഞ്ഞപ്രകാരം സത്തു കാണപ്പെടുകയാല്‍, അതു ഇവറ്റിനു ഭിന്നമോ അഭിന്നമോ? ഭിന്നമെന്നു വരുകില്‍ ആ സത്തിനെ അവയില്‍ നിന്നു നീക്കി കാണുകില് അവ ഇല്ലാത്തവയാകും. അഭിന്നമെങ്കില്‍, സത്തില്‍ നിന്നു ഭിന്നമാകാത്തതുകൊണ്ടു അവ നാമരൂപങ്ങളോടുകൂടിയ വികാരികളാകയില്ല. ഉഭയരൂപമോ സിദ്ധിക്കയില്ല. അപ്രകാരം തന്നെ പ്രത്യക്ഷമായ ഒരു ഘടം ഇരിക്കുന്നതായിട്ടു അനുഭവിക്കപ്പെടുമ്പോള്‍ ആ ഘടം വികാരി വസ്തുവായിരുന്നാലും, കലര്‍ന്നു കിടക്കുന്ന കടുകു ജീരകങ്ങളെ പിരിച്ചു കാണുന്നതുപോലെ, അതില്‍ സത്തിനെ പിരിച്ചു കാണണം, സത്ത് എവിടെയും സദ്രൂപമായി വേര്പെടാത്തതുകൊണ്ട് വികാരികളായ അവകള്‍ തന്നെ ഭിന്നങ്ങളായി ഭവിക്കും. അവ വികാരികളായാല് അവറ്റിന്നു ഭിന്നമായ ഈ സത്ത് നിര്വികാരിയാകത്തക്കതാകും. അതിന്റെ ധര്‍മ്മവും നിര്‍വ്വികാരമാകും. പ്രത്യക്ഷാനുഭൂതിരൂപമായ ഘടത്തെ അനുഭവിക്കുമ്പോള്‍ അത് സത്സ്വഭാവത്തോടുകൂടിയതാകണമെങ്കില്, നീക്കം കൂടാതെ എല്ലായിടത്തും നിര്‍വികാരമായ സത്സ്വഭാവം ഇരുന്ന് അനുഭവിക്കപ്പെടേണ്ടതാണ്. അങ്ങനെ അനുഭവിക്കപ്പെടുകില്‍, ഒരിരുമ്പുദണ്ഡ് പൃഥ്വിയില്‍ കോര്‍ത്തിരിക്കേ അതിനെ എടുത്തേച്ചു നോക്കുമ്പോള്‍ ആ ദണ്ഡു ഇരുന്ന സ്ഥലം മുഴുവന്‍ പൃഥ്വി ഇരിക്കാത്തതുപോലെ, നിര്‍വികാരമായ സത്ത് വ്യാപിച്ചിരുന്ന ഘടം മുഴുവനിലും വികാരത്തോടുകൂടിയ ഘടത്തിന്റെ ഭാവം കാണപ്പെടുകയില്ല. അപ്രകാരം കാണപ്പെടാതെ ഘടവികാരം മാറിയാല്‍ വികാരത്തെ കൂടാതെ ഘടത്തിനു രൂപം വേറില്ലാത്തതിനാല്‍ ആ രൂപം കൂടാതെ, ഘടമില്ലാതെ വിട്ടുപോകും. ഇപ്രകാരം നീങ്ങിയാല്‍ മുമ്പ് ഘടമിരുന്ന എല്ലാ സ്ഥലത്തും അതിന്റെ അഭാവം ഉള്ളതായി ഭവിക്കും. ആ അസത്തായ അഭാവവും അഭാവമായ ഒരു വസ്തുവായിരിക്കണമെങ്കില് അതിങ്കലും മുന്‍നിരൂപിച്ച പ്രകാരം ആ അവസ്ഥയില്‍ ഈ സത്ത് അവശ്യം അനുഭവപ്പെടേണ്ടതാണ്. അങ്ങിനെയാകുമ്പോള്‍ പ്രകാശത്തില്‍ ഇരുള് സിദ്ധിക്കാത്തതുപോലെ സത്തില്‍ ഒരിക്കലും അസത്ത് സിദ്ധിക്കയില്ല. ഇപ്രകാരം ഘടത്തേയും ഘടാഭാവത്തേയും ഭാവാഭാവാഹംകാരമില്ലാത്ത നിര്‍വികാരമായ സത്ത് ബാധിക്കപ്പെടാത്ത വസ്തുവാകയാല്‍ അതിനെ നിര്‍വികാരമായിട്ടു പ്രത്യക്ഷത്തില്‍ ഇരിക്കുന്ന പ്രകാരം അനുഭവത്തില്‍ കണ്ട്, ആ അനുഭവബലത്താല്‍ ഘടം, ഘടാഭാവം ഈ രണ്ടിനെയും സന്മാത്രമായനുഭവിച്ചാലും
(അപ്രകാരമേ ശിഷ്യനും, പ്രത്യക്ഷമായി കാണപ്പെട്ട കുടത്തില്‍ കുടത്തിനു ഭിന്നമായ ആ സത്തിനെ നിരാകാരമായി കണ്ട്, കുടത്തിലും, അതിന്നു ഒരു മാറ് ദൂരത്തിലുള്ള പടത്തിലും, ആ രണ്ടിന്റെയും അന്തരാളത്തിലും വ്യാപിച്ചിരിക്കുന്ന ആ സത്തിന്റെ ഇരുപ്പിനെ അറിഞ്ഞ്, ഘടം, പടം ഇതു രണ്ടും പ്രതിയോഗിയായി ഗ്രഹിക്കപ്പെടാത്ത കാലത്തു ആ രണ്ടിന്റെയും വികാരമായ ഭാവത്വമാകട്ടെ, അഭാവത്വമാകട്ടെ, അവറ്റിന് ധാരാളം അന്തരാളമാകട്ടെ, നോക്കപ്പെടാതെ തന്മാത്രമായി എങ്ങിനെ അനുഭവിക്കപ്പെടുന്നോ അപ്രകാരമേ, ഘടത്തേയും ഘടാഭാവത്തേയും അവറ്റിന് സന്മാത്രമായ അനുഭവത്തിനു വേറായിട്ടില്ലാതെ അനുഭവിച്ച് ജലപാനത്തിനു പോലും ആദരവില്ലാത്ത ഒരു ദരിദ്രന് താനിരിക്കുന്നേടത്ത് മഹാമേരു നവനിധിയായിട്ടു വന്നേച്ചാല്‍ അവന് എത്ര ആനന്ദമുദിക്കുമോ അത്രത്തോളം ആനന്ദം അനുഭവിച്ച്, സത്തിനെക്കുറിച്ച് അല്പം പോലും അറിവില്ലാതെ അസത്തിന്‍മയമാകുന്ന വിഷയമാകുന്ന ദാരിദ്ര്യം നീങ്ങി സത്താകുന്ന മഹാസമ്പത്തെ പ്രാപിച്ച്, സുഖവാരിധിയില്‍ മുങ്ങി, മറുപടിയും വിജ്ഞാപിക്കുന്നു:)
ശി: കരുണാരൂപമായ ഉപദേശ വിശേഷത്താല് പരമനാസ്തികനായ അടിയനും ആസ്തികനായി ഭവിച്ചു. ഈ അനുഭവം കൊണ്ട് ജഡാജഡമായ ഈ പ്രപഞ്ചത്തെ നോക്കുമ്പോള്‍ കര്‍പ്പൂരമലയില്‍ തീപിടിച്ചതുപോലെ സന്മയാനുഭൂതി ഹേതുവായിട്ട്, പാഞ്ചഭൗതികം, പഞ്ചഭൂതം, പഞ്ചവിഷയം, എന്നിവകളാകുന്ന സ്ഥൂലപ്രപഞ്ചം, ദശേന്ദ്രിയം, ദശവായു, മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം, അന്തകരണം, അജ്ഞാനം, മായ എന്നിവകളാകുന്ന സൂക്ഷ്മപ്രപഞ്ചം, എന്നീ ജഡമായ അശേഷവും ഭാവാഭാവവികാരരഹിതനിര്‍വികാരസദനുഭൂതി മാത്രമായി അനുഭവിക്കപ്പെട്ട, ജീവേശഭേദങ്ങള്‍ക്ക് അവസരമില്ലാത്ത, ത്രിവിധ (കാല, ദേശ, വസ്തു)പരിച്ഛേദശൂന്യ സന്മാത്രമായി തെളിഞ്ഞു. എന്നാല്‍ ഇന്ന ശബ്ദത്താല്‍ ഇന്ന അര്‍ത്ഥം ബോധിക്കപ്പെടും എന്നുള്ള ശബ്ദ ശക്തി ഈശ്വരനാല്‍ നിയമിക്കപ്പെട്ടിരിക്കയും, അപ്രകാരം തന്നെ പൃഥ്വി ഗന്ധവതി (പൃഥ്വി എന്നതു ഗന്ധഗുണമുള്ളത്), രൂപം ചക്ഷുസ്സിനാല് മാത്രം ഗ്രഹിക്കത്തക്കതായുള്ളത്, എന്നിങ്ങനെ ആ ശബ്ദശക്തിയാല്‍ കുറിക്കത്തക്ക പൊരുളുകളുടെ ലക്ഷണവും, അതിവ്യാപ്തി, അവ്യാപ്തി, അസംഭവം എന്നീ മൂന്നു ദോഷങ്ങള്‍ കൂടാതെയിരിക്കേണമെന്ന്, അവയുടെ ലക്ഷണവും, ശാസ്ത്രങ്ങളാല്‍ നിരൂപിക്കപ്പെട്ടിരിക്കയും ആകില്‍ ഭിന്നഭിന്നങ്ങളായ ശബ്ദങ്ങളുടെ അര്‍ത്ഥമായ ഭിന്നവസ്തുക്കള്‍ തങ്ങളെ കുറിക്കുന്ന ശബ്ദശക്തിയോടു മാര്‍പ്പെട്ടു (ഒത്ത്) നിന്നു ഏകാര്‍ത്ഥമായി പ്രകാശിക്കുന്ന സത്താമാത്രമായി അവകള്‍ ബാധിക്കപ്പെടുന്നതു പ്രമാണവിരോധം അല്ലയോ?
ആചാ: കുഞ്ഞേ, നീ ശങ്കിച്ചതു ശരിതന്നെ, എന്നാല്‍ പ്രമാണമെന്നതു ശാസ്ത്രമാകും. ആ ശാസ്ത്രവും ശബ്ദരൂപമായിരിക്കും. ആ ശബ്ദവും നാദബ്രഹ്മമെന്നു വ്യഹരിക്കപ്പെടും. അപ്രകാരമുള്ള നാദബ്രഹ്മമെന്ന തത്ത്വമാകട്ടെ, പരാ, പശ്യന്തി, മദ്ധ്യമാ, വൈഖരി എന്നിങ്ങനെ നാലു പിരിവോടുകൂടിയിരിക്കും; അവയില്‍ പരാ എന്നതു ജ്ഞാനികളാലും, പശ്യന്തി കേവലം യോഗികളാലും, മദ്ധ്യമ ധ്യാനശക്തിയോടുകൂടിയ ഉപാസകരാലും, വൈഖരി വേദശാസ്ത്രജ്ഞന്മാരാലും പണ്ഡിതന്മാരാലും അനുഭവിക്കത്തക്കത്. ഇവയില്‍ മൂന്നു ഭാഗവും അന്തര്‍മുഖമായും വൈഖരിയെന്ന ഒരു ഭാഗം ബഹിര്‍മുഖമായും ഇരിക്കും. ആ വൈഖരിയായതു ബഹുവിധ വേദശാസ്ത്രഭാഷാവിശേഷങ്ങളായി വികസിച്ചിരിക്കും. അപ്രകാരം വികസിച്ചിരിക്കുന്ന ആ വൈഖരി സ്വയം ഏകാക്ഷരമായിരിക്കും. ഉപാധിസംബന്ധങ്ങളാല്‍ ഏകമായും മൂന്നായും പതിനാറായും അന്‍പതായും അക്ഷരങ്ങളുടെ രൂപമായി ഭേദിച്ചു കാണപ്പെടും. ആ അക്ഷരങ്ങളെ വര്‍ണ്ണങ്ങള്‍ എന്നു പറയും. ഈ അന്‍പതു വര്‍ണ്ണങ്ങളിലും അവര്‍ണ്ണം, കവര്‍ണ്ണം, ലവര്‍ണ്ണം എന്നിങ്ങനെ വര്‍ണ്ണസത്ത ഏകമായി കാണപ്പെടുകായാല് ആ ഏകമായ വര്‍ണ്ണസത്ത ദന്ത താലു ഓഷ്ഠാദി സ്ഥലഭേദങ്ങളില്‍ ഇച്ഛയാല്‍ ചലിക്കപ്പെടുന്ന ക്രിയാശക്തി സംബന്ധത്താല്‍, ശര്‍ക്കര, പുളി, ലവണം, ഏലം ഇത്യാദി സംബന്ധങ്ങളാല്‍ നിര്‍ഗന്ധമായും ഏകരസമായും ഉള്ള ജലം ബഹുരസഗന്ധഭേദങ്ങളോടുകൂടി കാണപ്പെടുന്നതുപോലെ, അന്‍പതു ഭേദത്തോടുകൂടിയതായി കാണപ്പെടും. അപ്രകാരം തന്നെ, വ്യവഹാരത്തിനായിട്ടു പദം വാക്യം എന്നിങ്ങനെ സങ്കേതിക്കപ്പെടും. ഈ വക സങ്കേതവും ഈശന്റെ ഇച്ഛാശക്തിയാല്‍ നിയമിക്കപ്പെട്ടതു തന്നെയാണ്. അപ്രകാരം ഈശന്റെ ഇച്ഛാശക്തിയോടുകൂടിയ വൈഖരീരൂപ-ശാസ്ത്രപ്രമാണമായത് പ്രബലം, സാമാന്യം എന്നിങ്ങനെ രണ്ടു പിരിവായിട്ട് പറയപ്പെടും. പ്രബലവാക്യങ്ങള്‍ അവറ്റാല്‍ (സാമാന്യത്താല്‍) ബാധിക്കപ്പെടുകയില്ല. സാമാന്യവാക്യങ്ങള്‍ ബാധിക്കപ്പെടുന്നതുകൊണ്ട് അവയെ വചനിക്കുന്ന ശാസ്ത്രം അപ്രമാണമാകയില്ല. ഇങ്ങനെ ശാസ്ത്രത്തില്‍ തന്നെ പ്രബലമായ ഏകദേശ വാക്യങ്ങളാല് സാമാന്യമായ ഏകദേശവാക്യങ്ങള്‍ ബാധിക്കപ്പെടാമെങ്കില്‍ ആ ന്യായം കൊണ്ട് ഉപാധി സംബന്ധങ്ങളാല്‍ നാനാഭേദത്തോടുകൂടിയവയായി കാണപ്പെടുന്ന വര്‍ണ്ണഭേദങ്ങളും, തല്സംബന്ധവ്യത്യാസങ്ങളാല് പദം, വാക്യം എന്നുള്ള ഭേദങ്ങളും, അവയുടെ നിരൂപണ ഭേദങ്ങളാല്‍ ശാസ്ത്രഭേദങ്ങളും, അവയാല്‍ കുറിക്കപ്പെടുന്ന വസ്തുഭേദങ്ങളും, പ്രബലം, സാമാന്യം എന്ന രണ്ടു പിരിവോടുകൂടിയതായിട്ട്, അവയില്‍ പ്രബലം എന്ന ഒരു പിരിവാല്‍ സാമാന്യം എന്ന ഒരു പിരിവു ബാധിക്കപ്പെടും. കാലത്രയത്തിലും ബാധിക്കപ്പെടാതെ ഉപാധിസഹായരഹിതമായി സ്വയം സിദ്ധിച്ചിരിക്കുന്ന വസ്തു പ്രബലമെന്നാകും. അതിനെ സംബന്ധിച്ച ശാസ്ത്രം, ആ ശാസ്ത്രത്തിന്റെ അഭിപ്രായത്തോടുകൂടിയ വാക്യങ്ങള്‍, അവയുടെ അഭിപ്രായമായ അര്‍ത്ഥങ്ങള്‍, ഇവകളും പ്രബലമെന്നാകും. മറ്റെല്ലാം സാമാന്യമെന്നാകും. എന്തെന്നാല്‍, സ്വയം സിദ്ധിക്കാന്‍ ശക്തിയില്ലാത്ത കാരണം
ഇപ്രകാരമാകുമ്പോള്‍, പ്രബലമായും സാമാന്യമായും പ്രമാണവാക്യങ്ങള്‍, വര്‍ണ്ണസംയോഗവിശേഷമായിട്ടു വന്ന വസ്തുക്കളെ പ്രമാണിച്ചു പ്രയോഗിക്കപ്പെടുമ്പോള്‍, നിര്‍വികാരമായ നാദബ്രഹ്മമെന്ന വര്‍ണ്ണസത്ത ഉപാധികളുടെ ക്രിയാഭേദങ്ങളാല്‍ അകാരാദി ഭേദങ്ങളായിട്ട് വികാരപ്പെടുമ്പോള്‍, അവയെ നിര്‍വികാരമായി വ്യാപിച്ച വര്‍ണ്ണസത്ത അവകളെ അതേതു വര്‍ണ്ണങ്ങളായി ഭവിപ്പിച്ചു. ആ ഉപാധികളില്‍ ക്രിയ വേര്‍പെടുമ്പോള്‍ ആ വര്‍ണ്ണസത്ത മാത്രമായി ശേഷിച്ചിരിക്കും. വര്‍ണ്ണസത്ത എന്നതു ജ്ഞാനത്തിന്റെ സ്ഫൂര്‍ത്തിക്കു വര്‍ണ്ണങ്ങളായിരിക്കും. വര്‍ണ്ണങ്ങളില്‍ ഏകമായ ആ വര്‍ണ്ണസത്തയെ പകുത്തു കാണുന്ന വിവരം എങ്ങിനെയെന്നാല്, ഉപാധികളുടെ ക്രിയാസംബന്ധത്താല്‍ നാദം അതിസൂക്ഷ്മമായിട്ട് ധ്വനിച്ച് ആ ക്രിയാഭേദത്താല്‍ ആ ധ്വനികളില്‍ മാത്രയുടെ ഭേദങ്ങള്‍ ഉണ്ടാക്കി, ആ നാദത്തോടു അഭേദമായി കലര്‍ന്ന് ഏകാകാരമായി, അകാരാദി വര്‍ണ്ണങ്ങളായി, കാണുമാറു സിദ്ധിക്കും. ആ ക്രിയാവികാരങ്ങളായ മാത്രകള്‍ ആ സംബന്ധം നീങ്ങുമ്പോള്‍ ആ നാദവും തനതു നാദമായ വര്‍ണ്ണത്തിന്റെ സത്താമാത്രമായി നീങ്ങി നില്ക്കും. ഇപ്രകാരം സകല ശാസ്ത്രങ്ങളുമായി പ്രകാശിക്കുന്ന വാക്യഭേദങ്ങളോടുകൂടിയ അമ്പതു വര്‍ണ്ണങ്ങളെയും ഉച്ചരിക്കുമ്പോള്‍ അവകളെയും, ഓരോരോ വര്‍ണ്ണങ്ങളിലുമുള്ള മാത്രകളെയും നിദാനിച്ച് ഓരോരോ വര്‍ണ്ണങ്ങളില്‍ ഓരോരോ മാത്ര കൂട്ടുകയും കുറയ്ക്കുകയും ആ അവസ്ഥയില്‍ ആ വര്‍ണ്ണങ്ങള്‍ മാത്രയുടെ കൂടുതല്‍ കുറവ് ഹേതുവായിട്ട് ഉണ്ടായ വര്‍ണ്ണങ്ങളുടെ ഉല്പത്തിലയ(ത്വ) സ്വഭാവത്തെയും കണ്ട് അപ്രകാരം ഉത്ഭവിച്ചതായും നശിച്ചതായും ഉള്ള മാത്രാഭേദങ്ങളോടു കൂടിയ അതേതു വര്‍ണ്ണം ഇരിക്കുന്ന സ്വഭാവം പോലെ ആ വര്‍ണ്ണത്തിന്റെ സത്തിനെ ആലോചിച്ചനുഭവിക്കില്‍, ഘടമായിരിക്കുന്ന സത്ത് മൃത്തിന്റേതുപോലെയും, പടമായിരിക്കുന്ന സത്ത് തന്തുവിന്റേതുപോലെയും, അകാരാദി വര്‍ണ്ണങ്ങളായുത്ഭവിച്ച മാത്രകളുടെ സത്ത് നിര്‍വികാരമായ നാദമാത്രത്തിന്റെ സത്തായിട്ടു പ്രകാശിക്കും. ഒരിക്കലും പ്രകാശിച്ചിരുളാകാത്തതുപോലെ, ആ സത്തു ഒരിക്കലും അസത്താകയില്ല. ഇപ്രകാരമാകില്‍ ഈ നാദതത്ത്വം അകാരാദി വര്‍ണ്ണങ്ങളായി ഭവിക്കുമ്പോള്‍ മാത്രകളുടെ സംബന്ധത്തോടുകൂടിയതായും, നാദമാത്രമായി ഭവിക്കുമ്പോള്‍ മാത്രകളുടെ സംബന്ധം വിട്ടതായും ഭവിച്ചതില്‍ ആ നാദം അമാത്രയായും സമാത്രയായും മാത്രകളുടെ ഉപാധിയായ ക്രിയാശക്തിയുടെ സംയോഗവിയോഗങ്ങളാല്‍ ഭവിച്ചു നില്ക്കും എന്നല്ലാതെ തനതു സ്വാഭാവികമായങ്ങിനെ ഇരിക്കയില്ല. ആ ക്രിയാശക്തിയുടെ സംയോഗം മാത്രയെന്ന ഉദയവും, അതിന്റെ വിയോഗം അമാത്രയെന്ന ഉദയവും ആകും. മാത്രയായും അമാത്രയായും ഉദിക്കുന്നതിനു കാരണമായി നിന്ന സംയോഗവിയോഗങ്ങളെ ആ ക്രിയാശക്തി വിട്ടുനീങ്ങി നാദമാത്രമായി സ്ഫുരിക്കും സ്ഥലത്തില്‍ ആ ശക്തിമാത്രമായിട്ട് പ്രകാശിക്കുമ്പോള്‍ ആ നാദതത്ത്വം മാത്രം പ്രകാശിച്ചു നില്ക്കും. അതു പ്രകാശിക്കുമ്പോള്‍ തന്നില്‍ മാത്രകളുടെ സ്വഭാവമാകട്ടെ, അമാത്രകളുടെ സ്വഭാവമാകട്ടെ, അവകളുടെ വികാരങ്ങളായ അമ്പതു വര്‍ണ്ണങ്ങളില്‍ സ്വഭാവമാകട്ടെ, ഇല്ലാത്തതുകൊണ്ട് അവയാല്‍ ഉണ്ടായ ഭേദത്തോടുകൂടിയ വിഷയജ്ഞാന സ്ഫൂര്‍ത്തിയില്ലാതെ നിര്‍വിഷയമായ ജ്ഞാനമാത്രസ്ഫൂര്‍ത്തിയെ കൊടുക്കും.
അപ്രകാരമുള്ള നാദം തനതുപാധിയായ മുന്‍പറഞ്ഞ ക്രിയാശക്തി, ഇച്ഛാശക്തി, ഇവയുടെ സംബന്ധം കൊണ്ട് ഉദിച്ചസ്തമിക്കയാല്‍, ഇച്ഛാശക്തി വിഷയ ജ്ഞാനസ്ഫൂര്ത്തിയെ മുന്നിട്ടു ഉദിക്കയാല്‍ അതിവിടെ ഇല്ലാത്തതിനാല്‍, ആ ഇച്ഛാശക്തി നാദത്തിനു ആധാരമായ ക്രിയാശക്തിയെ വിട്ടു നില്ക്കും. ആ ക്രിയാശക്തി ആ നാദത്തിന്റെ സ്ഫൂര്‍ത്തിക്ക് ആദരവായ ഉപാധിസ്ഥലത്തെ വിട്ടുപോകും. ആ അവസ്ഥയില്‍ ആ നാദം സ്ഥിതിത്വത്തോടുകൂടിയതായി വ്യവഹരിക്കപ്പെടുകയാല്‍ ഇരുന്നതുതന്നെ ഇരിക്കുന്നതായി ഭവിക്കണം, ആകയാല്‍ നാദമാത്രമായി ഭവിച്ച ആ വര്‍ണ്ണത്തെ നിദാനത്തോടു അനുഭവിച്ച്, അതിന്റെ സത്തിനെ പിരിച്ചറിഞ്ഞ്, ആ സത്ത് നിര്വിരാകമാകയാല് ആ സത്തിനാല്‍ വികാരമായ ക്രിയാശക്തിയുടെ സംബന്ധത്താല്‍ ഭവിച്ച ഉപാധിമയമായ നാദാംശത്തെയും വ്യാപിച്ചിരുന്ന സ്ഥിതിപോലെ കാണുകില് നാദം സ്ഫൂര്‍ത്തിച്ചിരിക്കുമ്പോള്‍ത്തന്നെ ഉപാധ്യംശങ്ങള്‍ വിട്ട് നിര്‍വികാരമായ തനതു സ്വയംസന്മാത്രമായി ശോഭിച്ചു പ്രകാശിക്കും.
ഈ സത്തു നാശമില്ലായ്ക ഹേതുവായിട്ട് അക്ഷരമെന്നു പറയപ്പെടും. ആ അക്ഷരത്തെ തന്നെ ‘വര്‍ണ്ണ’മെന്നും പറയാം. നാദം ഉദയാസ്തമനം ചെയ്യുന്ന സ്ഥാനമാകയാല്‍ ഈ അക്ഷരസത്തയെ ‘പര’യെന്നും, ഇതു തന്നെ ഉപാധി സംബന്ധത്താല്‍ നാദമായി വികസിക്കുമ്പോള്‍ ‘പശ്യന്തി’യെന്നും, ഈ നാദത്തിന് മാത്രകളായുദിക്കുമ്പോള്‍ ‘മദ്ധ്യമ’ എന്നും ആ മാത്രാസംബന്ധത്താല് അകാരാദി അമ്പതു വര്‍ണ്ണങ്ങളായി വികസിക്കുമ്പോള്‍ ‘വൈഖരി’യെന്നും പറയും.
ഈ വൈഖരി തന്നെ വേദവേദാംഗാദി സകലശാസ്ത്രങ്ങളായും ബഹുവിധ ഭാഷകളായും ഭവിച്ച് ഇഹപരങ്ങളായ വിഷയങ്ങളെ സൃഷ്ടിച്ച്, വിവേകത്തെ സ്ഫുരിപ്പിക്കയാല്‍ അഖിലശാസ്ത്രങ്ങളായും അമ്പതു വര്ണ്ണങ്ങളായും അവയുടെ സംബന്ധവിശേഷങ്ങളായിട്ടും കണ്ട്, സംബന്ധത്തെ വര്‍ണ്ണങ്ങള്‍ മാത്രമായി പിരിച്ച്, ആ വര്‍ണ്ണങ്ങളെ മാത്രകള്‍ മാത്രമായി പിരിച്ച്, അവയോടു കലര്‍ന്നു നിന്ന നാദതത്ത്വത്തിന്റെ സ്ഥിതിയെ തനിച്ചു കാണുകില് വൈഖരി മദ്ധ്യമയിലും, മദ്ധ്യമ പശ്യന്തിയിലും ആയിട്ടടങ്ങി നാദമാത്രമായി പ്രകാശിക്കും. അപ്പോള്‍ ശാസ്ത്രങ്ങളും അവറ്റാല്‍ പറയപ്പെട്ട വസ്തുക്കളും, ഘടപടാദിയായി കാണപ്പെട്ട പൃഥീവികാരങ്ങള് പൃഥ്വി മാത്രമായി കാണപ്പെടുമ്പോള്‍ ആ വികാരരൂപങ്ങള്‍ മാറുന്നതിനോടു കൂടി ആ നാമങ്ങളും അന്നാമരൂപങ്ങളെ പിരിച്ച് ഭേദജ്ഞാനത്തിന്റെ സ്ഫൂര്‍ത്തിയും മാറ്റപ്പെട്ട് പൃഥ്വി മാത്രമായ വ്യാപകപ്രകാശത്തെ പ്രാപിപ്പതുപോലെ, സകലനാമരൂപങ്ങളും അവകളെ ചേര്‍ന്ന് ഭിന്നഭിന്നജ്ഞാനസ്ഫൂര്ത്തിയും നീങ്ങി വ്യാപകമായ പശ്യന്തി എന്ന നാദതത്ത്വവും തദര്‍ത്ഥമായ നിര്‍വികാരവ്യാപകജ്ഞാനവും തന്നെ സ്ഫൂര്‍ത്തിവിഷയമായി അനുഭവിക്കപ്പെടും. അങ്ങിനെ അനേക ഭിന്നഭിന്ന നാമരൂപങ്ങളായി ഭവിച്ച അണ്ഡപിണ്ഡചരാചരങ്ങളെ ഭിന്നഭിന്നങ്ങളായി സ്ഫുരിപ്പിക്കാന്‍ കാരണമായ വൈഖരി, മദ്ധ്യമ, അവയുടെ അര്‍ത്ഥമായ ഇഹപരമെന്ന വിഷയം ഇവ ഒന്നോടൊന്നു ഉപാധി നീങ്ങലിനെ മുന്നിട്ടു തനിച്ചു നിര്‍വിഷയമായി തങ്ങള്‍ക്കാധാരമായ പശ്യന്തി മാത്രമായി ഭവിക്കും.
പശ്യന്തി നാദതത്ത്വം ആകയാല്‍ നാദതത്ത്വം തന്റെ സ്വസ്വഭാവം പോലെ ജ്ഞാനത്തെ സ്ഫുരിപ്പിക്കും. ആകയാല്‍ താന്‍ ഭേദം കൂടാതെ നിര്‍വിഷയമായും വ്യാപകമായും ഇരിക്ക കൊണ്ട് അപ്രകാരം തന്നെ ജ്ഞാനത്തെ സ്ഫുരിപ്പിക്കും. ഇങ്ങനെ പശ്യന്തിയെക്കുറിച്ചുള്ള അനുഭവത്തെ നിദാനിച്ചാല്‍ അതില്‍ അതിന്റെ സത്തിനെ മുന്‍പറഞ്ഞപ്രകാരം കാണുകില് പശ്യന്തിയെന്ന നാദം സോപാധികവികാരങ്ങളെ വിട്ടു നീങ്ങി തനതു കാരണമായ ‘പര’ എന്ന അക്ഷരത്തിന്റെ സത്താമാത്രമായി ശേഷിക്കും.
ഈ വിധമായ ‘പര’ സകല ശാസ്ത്രാന്തരംഗമായ സര്‍വ്വജ്ഞ ശക്തിയോടുകൂടിയ ജ്ഞാനനിധിയാകും. വ്യഷ്ടിസമഷ്ടിയായ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമ്പോള്‍ ഈശനു സര്‍വവിദ്യാജ്ഞാനലയമായ ഈ ‘പര’ തന്നെ സര്വജ്ഞശക്തിയായിരുന്ന്, ആ ഈശന്നു സ്വരൂപജ്ഞാനത്തേയും പ്രപഞ്ചജ്ഞാനത്തേയും കരതലാമലകം പോലെ കാട്ടി, അവനു സ്വരൂപജ്ഞാനത്തിന് അനന്യമായി, അവന്നു സത്താമാത്രമായി പ്രകാശിച്ചു നില്ക്കും. വ്യഷ്ടിയില്‍ ജീവന്മാര്‍ക്കു അവന്റെ സൃഷ്ടിയായ ജാഗ്രത്സ്വപ്നസുഷുപ്തിയെന്ന അവസ്ഥകള്‍ക്കു ആദികാരണമായ അജ്ഞാനമെന്ന ആവരണസ്ഫൂര്‍ത്തിയായും ആ ഉപാധിയുടയ ജീവന്നു കിഞ്ചിജ്ഞശക്തിയായും, വിവേകത്താല്‍ അപരോക്ഷസാക്ഷാത്കാരസമയത്തില് അധിഷ്ഠാനസ്വരൂപജ്ഞാനത്തിനു വേറില്ലാത്ത സര്‍വജ്ഞശക്തിയായും ഭവിച്ച് അവന്റെ അധിഷ്ഠാന സ്വരൂപ സത്താമാത്രമായി നിന്ന് പ്രകാശിച്ചു നില്ക്കും.
ആകയാല്‍ നാദബ്രഹ്മമെന്ന പരയാകുന്ന അക്ഷര സത്ത സദ്രൂപമായ അധിഷ്ഠാനബ്രഹ്മത്തിന് വേറായിരിക്കില്‍ അസത്തായിപ്പോകും. ബ്രഹ്മമോ അദൈ്വതവസ്തു. അതില്‍ ധര്‍മ്മം ചേരുകയില്ല. ആകയാല്‍ അധിഷ്ഠാനബ്രഹ്മമേ വ്യവഹാരത്തെ അപേക്ഷിച്ച് പരയെന്ന നാദതത്ത്വമായി പറയപ്പെടുമ്പോള്‍ ‘സത്താ’ എന്നും, ആ വ്യവഹാരത്തെ വിട്ടു നീങ്ങുമ്പോള്‍ ‘സത്ത്’ എന്നും പറയപ്പെടും. ഈ വിധമായി ഏകാക്ഷരമാകുന്ന അധിഷ്ഠാന പരമാത്മവസ്തു പരയെന്ന നാദബ്രഹ്മസത്താമാത്രമായിട്ട് ശേഷിച്ച് പ്രപഞ്ചത്തെ സന്മാത്രാധിഷ്ഠാനബ്രഹ്മത്തിനു വേറായിട്ടില്ലാതെ സന്മാത്രമായി പറഞ്ഞ പ്രകാരമെന്നനുഭവിച്ചാലും.
(ശിഷ്യന് അപ്രകാരം തന്നെ സമാധിബലത്താല്‍ വൈഖരിനാദത്തെയും അതിന്റെ പൊരുളായ പ്രപഞ്ചത്തേയും മദ്ധ്യമ എന്ന നാദസത്തയാല്‍ വ്യാപിച്ചു അവറ്റെ അതിന്നു വേറായില്ലാതെ അതു മാത്രമായി നിഷേധിച്ച്, ആ മദ്ധ്യമ എന്ന നാദസത്ത പശ്യന്തി എന്ന നാദസത്തയാല്‍ വ്യാപിക്കപ്പെട്ട് അതും അതിന്നു വേറായിട്ടില്ലാതെ നിഷേധിക്കപ്പെട്ട്, പശ്യന്തിയും പരയെന്ന അക്ഷരസത്തയ്ക്ക് വേറായിട്ടില്ലാതെ അഖണ്ഡമായ പരാമാത്രമായനുഭവിച്ച്, ആ പരയെന്ന അക്ഷരത്തെ അധിഷ്ഠാനമായ അക്ഷരവസ്തുവായ, സന്മാത്രബ്രഹ്മസ്വരൂപമായി, ധര്‍മ്മധര്‍മ്മീഭേദം കൂടാതെ അനുഭവിച്ചു. ആവിധ സര്‍വ്വവിദ്യാധിഷ്ഠാനസദ്രൂപ അക്ഷരമെന്ന ബ്രഹ്മം ആ അനുഭൂതിയില്‍ പ്രത്യക്കായ താനായിട്ട് പ്രകാശിച്ചതിനാല്‍, തന്നെ സര്വ്വവിദ്യാധിഷ്ഠാനമായ അക്ഷരബ്രഹ്മമായിട്ടും, സ്വസത്തയാല്‍ സകല ശാസ്ത്രങ്ങളും സന്മാര്‍ഗ്ഗങ്ങളെ ആസ്തിക്യത്തുടന്‍ ബോധിപ്പിക്കുന്ന ശക്തിയുടയവയായതായും, ആ ശാസ്ത്രങ്ങളും അവറ്റാല്‍ ബോധിക്കപ്പെടും പ്രപഞ്ചവും സ്വസത്തയ്ക്കു വേറായില്ലാത്തതുകൊണ്ട് സദ്രൂപനായ തനിക്കുസ്വസത്ത എപ്രകാരം വേറായിട്ടില്ലയോ അപ്രകാരമേ സ്വസത്താരൂപമായ അവകള്‍ തനിക്കു വേറായില്ലയെന്ന്, സമസ്തവും സദ്രൂപനായ താനായിട്ടു പ്രകാശിക്കും അനുഭൂതിയെ പ്രാപിച്ച് ആനന്ദക്കടലില്‍ മുഴുകി.)
(ഇപ്രകാരം ആചാര്യന് അരുളിച്ചെയ്തപ്പോള്‍ ശിഷ്യന് അപ്രകാരമേ പഞ്ചഭൂതങ്ങളെയും സ്വരൂപമില്ലാതെയാക്കിക്കണ്ട്, അതില്‍ ഉള്ളും വെളിയും വ്യാപിച്ചിരുന്ന സ്വപ്രകാശഭാനത്തെ പ്രത്യഗ്രൂപനായ താനായി കണ്ട്, തന്നില്‍ ഇദമെന്നും അഹമെന്നും ഉള്ള ഉദയത്തിനു കാരണമായിരുന്ന അഖണ്ഡവൃത്തിയാകുന്ന മനസ്സിനെ ലയരൂപമായും സ്ഫൂര്‍ത്തിരൂപമായും ഉള്ളുതായിട്ടു നോക്കി, അതിനേയും സ്വസ്വരൂപത്താല്‍ നിഷേധിച്ച്, സ്വയം പ്രത്യഗ്ബ്രഹ്മപ്രകാശമായി പ്രകാശിച്ച്, കാലത്രയത്തിലും ഖണ്ഡാഖണ്ഡവിനിര്‍മുക്തമായ ചിദ്ജ്യോതിയാകുന്ന തന്നെയൊഴിച്ച് രണ്ടാം വസ്തുവില്ലെന്നു ചിദാനന്ദസുധാസിന്ധുവില് മുങ്ങിയവനായി ഭവിച്ചു.)