ബാല്യം

അദ്ധ്യായം ഒന്ന്

ബ്രഹ്മജ്ഞാനികള്‍ കൊടുമുടികളോടു സാധര്‍മ്മ്യം വഹിക്കുന്നവരാണ്. പര്‍വ്വതനിരയില്‍ ഉറച്ചുനിന്നുകൊണ്ടു ജലമയമായ മേഘമാര്‍ഗ്ഗവും വിട്ടു മുകളിലെ വെളിവിലേക്കല്ലേ ഗിരിശൃംഗത്തിന്റെ നോട്ടം. സാധാരണ മനുഷ്യരുടെയിടയില്‍ പിറന്ന് അദ്ധ്യാത്മമണ്ഡലത്തിലേക്ക് അനുനിമിഷം നേത്രങ്ങളെ ഉന്മീലനം ചെയ്തു കാലം കടത്തുന്ന മഹാന്മാരും അതാണല്ലോ ചെയ്യുക. അങ്ങനെയുള്ള ഒരു മഹാത്മാവിനെ ആയിരത്തി ഇരുപത്തി ഒന്‍പതാമാണ്ട് ചിങ്ങമാസം പതിനൊന്നാം തീയതി ഭരണിനാള്‍ കേരളക്കരയ്ക്കു കാഴ്ചവച്ചു. അന്നു ലോകരംഗത്ത് അവതരിച്ച ആ കുഞ്ഞു വളര്‍ന്നാണു പില്‍ക്കാലത്ത് ‘വിദ്യാധിരാജന്‍’ എന്നു പെരുമപെറ്റ ‘കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമി’യായിത്തീര്‍ന്നത്.

വിദ്വാന്മാരുടേയും ബ്രഹ്മവിത്തുക്കളുടേയും അവതാരംകൊണ്ടു ധന്യമായ മലയിന്‍കീഴ് ‘മച്ചില്‍പോനിയത്ത്’ വീട്ടില്‍ വിദ്യയുടെ ഉറവ് ഒരിക്കലും വറ്റിയിട്ടില്ല. പല പുണ്യാത്മാക്കളുടെ പരിലാളനംകൊണ്ടും പ്രശസ്തവും പാവനവുമായ ഒരു പാരമ്പര്യം ആ കുടുംബത്തിനുണ്ടായിരുന്നു. തന്റെ ദേഹത്യാഗം നേരത്തെ പ്രവചിച്ചു നിയതസമയം തന്നെ പരഗതിയെ പ്രാപിച്ച ഈശ്വരപിള്ള യോഗീശ്വരന്‍, നാരായണമൗനി എന്ന സിദ്ധന്‍, സ്വാതിതിരുനാള്‍ രാജാവിന്റെ പ്രീതിക്കു പാത്രമായ ഉമ്മിണിനായനാചാര്യന്‍ മുതലായവര്‍ പോനിയത്തു ഗൃഹത്തിന്റെ പേരു കെട്ടിപ്പടുത്ത പൂര്‍വ്വികരാണ്. പക്ഷേ, വിദ്യയും ദാരിദ്ര്യവും തമ്മിലുള്ള വേഴ്ച പ്രസിദ്ധമാണല്ലോ. ആ കുടുംബത്തിലെ ഒരു പാവപ്പെട്ട ശാഖ വയറുപിഴപ്പിനു മാര്‍ഗ്ഗംതേടി തിരുവനന്തപുരത്തിന്റെ ഉത്തരപ്രാന്തത്തിലുള്ള കൊല്ലൂര്‍ ഗ്രാമത്തില്‍ ‘ഉള്ളൂര്‍ക്കോട്ട്’ കുടിയുറപ്പിച്ചു.

ഉള്ളൂര്‍ക്കോട്ടു വീട്ടിലെ നങ്കാദേവിക്കു വാസുദേവശര്‍മ്മ എന്ന ഒരു ബ്രാഹ്മണന്‍ സംബന്ധമായി. ആ വിവാഹത്തില്‍ ജനിച്ച ആദ്യസന്താനത്തിന് അയ്യപ്പന്‍ എന്നു പേരിട്ടു. പക്ഷേ, വിളിച്ചുവന്നത് കുഞ്ഞന്‍ എന്നായിരുന്നു; ആ പേരിലാണ് ബാലന്‍ പിന്നീട് അറിയപ്പെട്ടതും. വാസുദേവശര്‍മ്മയ്ക്കു ജീവിതമാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. കൊല്ലൂര്‍മഠത്തിലെ ‘കഞ്ഞിത്തെളി’യും ദാരിദ്ര്യത്തിന്റെ ദയവും മാത്രമായിരുന്നു ആ കുടുംബത്തിന്റെ ഉടലും ആത്മാവും പിണങ്ങിപ്പിരിയാതെ ചേര്‍ത്തുനിര്‍ത്തിയത്. ‘കുഞ്ഞനെ’ കൂടാതെ ‘വേലുക്കുട്ടി’ എന്ന ഒരാണ്‍ കുഞ്ഞും ‘നാണി’ എന്ന ഒരു പെണ്‍കുട്ടിയും ആ ദമ്പതികള്‍ക്ക് ഉണ്ടായതില്‍ വേലുക്കുട്ടി ബാല്യദശ കഴിയുന്നതിനുമുമ്പേ മരിച്ചുപോയി.

പിതാവ് നിസ്സ്വനായ ബ്രാഹ്മണന്‍, അമ്മ ദരിദ്രയായ നായര്‍ സ്ത്രീ; വളരുവാനുള്ള വ്യഗ്രതയില്‍ കഥാനായകന്‍ ഏറ്റിട്ടുള്ള ക്ലേശങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല. അമ്മയെ സംരക്ഷിക്കേണ്ട ചുമതലയും ബാല്യത്തിലേ അയാളില്‍ വന്നുചേര്‍ന്നു. സമീപമുള്ള കാടുകളില്‍ പോയി പൂപറിച്ചു മാലകെട്ടി കൊല്ലൂര്‍ ക്ഷേത്രത്തില്‍ ഏല്പിക്കുക, താള്, തകര മുതലായ സസ്യങ്ങള്‍ എങ്ങുനിന്നെങ്കിലും തേടി മഠത്തിലെ അന്തര്‍ജ്ജനങ്ങള്‍ക്കു കൂട്ടാന്‍ വക സമ്പാദിക്കുക – ഇതൊക്കെയായിരുന്നു ബാലന്റെ ജോലികള്‍. ഇവയ്ക്കു പ്രതിഫലമോ നാഴി ഉണക്കലരിച്ചോറും. മഠത്തില്‍നിന്നും ലഭിച്ച ഉപ്പും മുളകും കൂട്ടി പാകപ്പെടുത്തി, അതുകൊണ്ട് ആ ബാലന്‍ പുലര്‍ന്നു.

ചരിത്രപുരുഷനു വിദ്യാഭ്യാസത്തിനു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ദൂരദിക്കുകളിലെ പള്ളിപ്പുരയില്‍ പോകാനുള്ള പ്രായം ബാലനോ, അയയ്ക്കാനുള്ള പ്രാപ്തി മാതാപിതാക്കന്മാര്‍ക്കോ ഇല്ലായിരുന്നുതാനും. മലയാളത്തിലെ അക്ഷരമാല പിതാവില്‍നിന്നും മനസ്സിലാക്കിയതുമുതല്‍ പള്ളിപ്പുരവിട്ടു മടങ്ങുന്ന മറ്റു കുട്ടികളുടെ ഏടുകള്‍ നോക്കി പഠിക്കുക ബാലനു പതിവായി. അങ്ങനെ മലയാളവും തമിഴും വായിക്കുവാന്‍ അയാള്‍ വശപ്പെടുത്തി. ഈ സമയം ബാലന്‍ കൊല്ലൂര്‍മഠത്തിലെ ഉണ്ണികളുടെ സംസ്‌കൃതാദ്ധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടു. പതിവായി ബ്രാഹ്മണബാലന്മാരുടെ പാഠങ്ങള്‍ ‘കുഞ്ഞന്‍’ മറഞ്ഞുനിന്നു ഗ്രഹിച്ചുവന്നു. ഈ ഏകലവ്യന്റെ സംരംഭം ദ്രോണാചാര്യസന്നിഭനായ ആ ഗുരു അറിഞ്ഞപ്പോള്‍ വിദ്യാചോരണത്തിനുള്ള ബാലന്റെ സാമര്‍ത്ഥ്യം അദ്ദേഹം ഒന്നു പരീക്ഷിച്ചുനോക്കി. അതുവരെ അവിടെ പഠിപ്പിച്ച പാഠങ്ങളെല്ലാം ആ ദരിദ്രബാലനു ഹൃദിസ്ഥം. ബാലന്റെ അസാധാരണമായ ധാരണാശക്തി കണ്ടു സന്തുഷ്ടനായ ആ ദേശികന്‍ അടുത്തദിവസം മുതല്‍ മറ്റു കുട്ടികളുമൊത്തു സംസ്‌കൃതാദ്ധ്യയനം ചെയ്യുവാന്‍ ‘കുഞ്ഞനേ’യും അനുവദിച്ചു. സിദ്ധരൂപം, അമരകോശം, ലഘുകാവ്യങ്ങള്‍ എന്നിവ എവിടെച്ചോദിച്ചാലും പറയുവാന്‍ ക്ഷണകാലംകൊണ്ടു വശപ്പെടുത്തിയപ്പോഴേക്കും അയാള്‍ക്കു പഠനത്തില്‍ ഒരുറപ്പും ചിട്ടയും വന്നു. ബാലന്റെ പഠനോത്സാഹം കണ്ടു വിസോദര്യനായ ജ്യേഷ്ഠന്‍ കൃഷ്ണപിള്ള ഉപരിവിദ്യാഭ്യാസത്തിനു പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ പള്ളിപ്പുരയിലേക്ക് അയാളെ കൂട്ടിക്കൊണ്ടുപോയി. അങ്ങനെ കഥാനായകന്റെ വിഹാരരംഗം കൊല്ലൂര്‍ ക്ഷേത്രസങ്കേതം വിട്ടു നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്കു മാറി.

തിരുമധുരപ്പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ പേര് തെക്കന്‍ദിക്കില്‍ സുപരിചിതമാണ്. കേവലം ഒരു നാട്ടാശാന്‍; എങ്കിലും ഉറച്ച ഒരു സ്ഥാപനത്തിന്റെ പ്രതീതിയാണ് ആ പേരു കേള്‍ക്കുമ്പോള്‍ ഉണ്ടാകുക. വിജ്ഞാനേച്ഛുക്കളായ ബാലന്മാര്‍ക്ക് ആശാന്റെ പള്ളിപ്പുര ഒരഭയകേന്ദ്രമായിരുന്നു. വെറും വൈജ്ഞാനികമായ ഒരു പഠനരീതിയായിരുന്നില്ല അവിടെ; എല്ലാ തുറകളിലൂടെയും വിദ്യാര്‍ത്ഥികളുടെ വാസനയെ കരുപ്പിടിപ്പിക്കുന്ന ജോലിയിലായിരുന്നു ആശാന്‍. പ്രായം കുറച്ചു മുതിര്‍ന്ന ചുറുചുറുക്കുള്ള ഒരു ബാലന്‍ കളരിയില്‍ വന്നുചേര്‍ന്നപ്പോള്‍ ആശാനും അന്തരാ ഒരാശ്വാസമുണ്ടായി. വല്ല കാര്യങ്ങള്‍ക്കും ആശാന്‍ പുറമെ പോയാല്‍ കളരിയിലെ അദ്ധ്യാപനം നോക്കാന്‍ കുഞ്ഞന്‍പിള്ള ആളാണെന്നു കണ്ടതുമുതല്‍ അയാള്‍ പള്ളിപ്പുരയിലെ ‘ചട്ടമ്പി'(പഴയകാലത്ത് പള്ളിപ്പുരകളില്‍ ആശാന്റെ അഭാവത്തില്‍ ഉയര്‍ന്ന ക്ലാസ്സിലെ മുതിര്‍ന്ന ഒരു വിദ്യാര്‍ത്ഥിയെ അധ്യാപനത്തിനു ആശാന്‍ നിയോഗിക്കാറുണ്ട്. ആ വിദ്യാര്‍ത്ഥിയെ ചട്ടമ്പിള്ള അല്ലെങ്കില്‍ ചട്ടമ്പി എന്നു വിളിക്കുന്നു. പാഠം പഠിപ്പിക്കുകയും ചട്ടം പാലിക്കുകയുമാണ് അയാളുടെ ജോലി. ഇന്നത്തെ ക്ലാസ്സ് മോണിറ്ററെക്കാളും കൂടുതല്‍ അധികാരം ചട്ടമ്പിക്കുണ്ട്) ആയി ഉയര്‍ന്നു.

കളരിയില്‍ കുഞ്ഞന്‍പിള്ളയ്ക്കു പഠിക്കാന്‍ വളരെയൊന്നുമുണ്ടായിരുന്നില്ല. എല്ലാത്തിനും ഒരു കൈ നോക്കുവാനുള്ള കഴിവ് അയാളില്‍ മുറ്റിനിന്നിരുന്നു. ഗ്രഹിക്കുവാനും ഗ്രഹിപ്പിക്കുവാനും ചട്ടമ്പിയില്‍ ഒരു വിശേഷവാസന വികസിച്ചു വന്നതു സഹപാഠികളുടേയും ആശാന്റേയും അഭിനന്ദനം സമ്പാദിച്ചു. പതിഞ്ഞ ദേശ്യരീതിയില്‍ കുഞ്ഞന്‍ പിള്ള രാമായണം പാരായണം ചെയ്യുമ്പോള്‍ ആശാന്റെ അന്തഃപുരവാസികള്‍ ഒരു ഗന്ധര്‍വ്വന്റെ സന്നിധാനം ദര്‍ശിച്ചു. സന്ധ്യാസമയങ്ങളില്‍ സംഗീതമാധുരിയുടെ തരംഗപരമ്പര ആ ഭവനപരിസരത്തെ പുളകംകൊള്ളിച്ചുകൊണ്ടു സമീപവാസികളുടെ ഹൃദയത്തിനു കുളിര്‍ മ്മയും ആനന്ദവും പകര്‍ന്നു. വിശ്രമസമയങ്ങളില്‍ കൂട്ടുകാരുമൊത്തു കടല്‍പ്പുറത്തും വയല്‍പ്പാടങ്ങളിലും അലഞ്ഞുതിരിയുക ചട്ടമ്പിക്ക് ഒരു വിനോദമായിരുന്നു. ശംഖുംമുഖം സമുദ്രത്തിന്റെ ഗാംഭീര്യത്തില്‍ അവ്യക്തമായി എന്തോ ഒരു ശക്തിവിശേഷം അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് അയാള്‍ കണ്ടു. കണ്ണമ്മൂലപ്പാടത്തില്‍ കതിര്‍ക്കുലകള്‍ ഇളങ്കാറ്റില്‍ ഇളകുമ്പോള്‍ കുഞ്ഞന്‍പിള്ളയില്‍ ഒരു കൊച്ചു കവിഹൃദയം നാമ്പിട്ടുതുടങ്ങി. അപ്രമേയവും ദുരവഗാഹവുമായ ഏതോ ഒരു ശക്തിയുടെ പ്രസരം ചുറ്റുപാടും അയാള്‍ക്ക് അനുഭവപ്പെട്ടു. ദൈവമഹിമയെപ്പറ്റിയുള്ള സ്തുതി അയാളുടെ ഹൃദയത്തില്‍ പൊന്തിവന്നു.

അങ്ങനെയിരിക്കെ, രാത്രികാലങ്ങളില്‍ പതിവായി ചട്ടമ്പിയെ ആശാന്റെ ഗൃഹത്തില്‍ കാണാതെയായി. സഹപാഠികള്‍ ഈ വിവരം ആശാനെ അറിയിച്ചു. തന്റെ വത്സല ശിഷ്യന്‍ ദുര്‍വൃത്തികളിലേക്കു വഴുതിയിറങ്ങിയോ എന്നൊരു ശങ്ക ഗുരുവിന്റെ ഹൃദയത്തില്‍ ഉയര്‍ന്ന് അദ്ദേഹത്തെ അസ്വസ്ഥനാക്കി. ചട്ടമ്പിയെ തേടിപ്പിടിക്കാന്‍ വെട്ടവുമായി ഒരു വിദ്യാര്‍ത്ഥിസംഘത്തെ ആശാന്‍ നിയോഗിച്ചു. അവര്‍ സംശയമുള്ള സമീപഗൃഹങ്ങള്‍ പലതിലും തെരഞ്ഞിട്ടും കൂട്ടുകാരനെ കാണായ്കയാല്‍ കളരിക്കടുത്തുള്ള ഇടിഞ്ഞുപൊളിഞ്ഞ ഒരു ഭദ്രകാളിക്ഷേത്രത്തിലെത്തി. പകല്‍ ആ ക്ഷേത്രപരിസരത്തില്‍ കുഞ്ഞന്‍പിള്ള ചുറ്റി നടക്കുന്നത് അവരില്‍ ചിലര്‍ കണ്ടിട്ടുണ്ട്. പക്ഷേ, സന്ധ്യകഴിഞ്ഞാല്‍ അതുവഴി പോകാന്‍തന്നെയും ഭയമായിരുന്നു. നിശയുടെ നിശ്ശബ്ദതയില്‍ അന്ധകാരം നിബിഡമായി ഉരുകിച്ചേര്‍ന്നിരുന്നു. രണ്ടുമൂന്നു നെടുമ്പനകള്‍ ഭദ്രകാളിയുടെ പള്ളിക്കുടയോ എന്നു തോന്നുമാറ് ആ ക്ഷേത്രമുറ്റത്ത് നിശ്ചലമായി നിന്നു. ചൂട്ടുവെട്ടം തെളിച്ച് അന്വേഷകസംഘം ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് ദൃഷ്ടികള്‍ പായിച്ചു. അത്ഭുതമെന്നേ പറയേണ്ടു, വിഗ്രഹത്തിനു സമീപം ഒരു മനുഷ്യരൂപം അവര്‍ക്കു ദൃശ്യമായി; കുഞ്ഞന്‍പിള്ള വിഗ്രഹത്തോടു ചേര്‍ന്നു ധ്യാനനിഷ്ഠനായിരിക്കുന്നു. ഭാവസമാധിയില്‍ ലയിച്ച യുവാവ് കൂട്ടുകാരുടെ ആഗമനം അറിഞ്ഞതേയില്ല. വിദ്യാര്‍ത്ഥികള്‍ ഓടി ആശാനെ വിവരമുണര്‍ത്തിച്ചു. ശിഷ്യന്റെ സാധനാപരീശീലനങ്ങള്‍ കേട്ടപ്പോള്‍ ഭക്തിമാര്‍ഗ്ഗത്തിലൂടെ ജ്ഞാനപ്രാപ്തിയും വിവേകലാഭവും നേടുവാനുള്ള ശിഷ്യന്റെ ശ്രമത്തെ ആശാന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്.

പേട്ടയില്‍ അന്നും ആഭിജാത്യമുള്ള പല ഈഴവ കുടുംബങ്ങളും ഉണ്ടായിരുന്നു. ഈഴവഗൃഹങ്ങളില്‍ പോയി അവരുമായി സഹഭോജനം ചെയ്യുക അന്നൊരു നായര്‍ക്ക് ആലോചിക്കാന്‍തന്നെ വയ്യ. ചട്ടമ്പിയുടെ ഇളന്തലയെ ഈ അവസ്ഥ വല്ലാതെയിളക്കി. മനുഷ്യന്‍ മനുഷ്യനെ ജാതികൊണ്ട് എന്തിനു വേലികെട്ടി അകറ്റിനിര്‍ത്തണം; അതൊരു പ്രശ്‌നമായി അയാള്‍ക്ക്. ആചാരങ്ങളില്‍ വേരുറച്ച കീഴ്‌നടപ്പുകളെല്ലാം അറുത്തു മാറ്റേണ്ടത് മാനവസമുദായത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്ന് അയാളുടെ മനസ്സാക്ഷി അനുശാസിച്ചു. അന്ധവിശ്വാസ ജഡിലമായ പൂര്‍വ്വാചാരങ്ങള്‍ സ്വാര്‍ത്ഥതല്പരരായ ഏതോ മതാചാര്യന്മാരുടെ ഹീനബുദ്ധിയില്‍ നിന്ന് പൊട്ടിമുളച്ചതാണെന്ന് അയാളില്‍ ഒരു വിശ്വാസം ഉയര്‍ന്നു. നദികള്‍ സമുദ്രത്തിലെന്നപോലെ ജാതികളെല്ലാം ഒരൊറ്റ ജാതിയില്‍ – മനുഷ്യജാതിയില്‍ – വിലയം പ്രാപിക്കുന്നു എന്ന വിചാരം ചട്ടമ്പിയില്‍ രൂഢമൂലമായി. പക്ഷേ, യാഥാസ്ഥിതികലോകത്തിന്റെ മര്‍ക്കടമുഷ്ടിയെ നേരിടാതെ ഈ ദുരാചാരവലയം ഭേദിച്ച് പുറത്തു ചാടുക അന്നത്ര സുകരമായിരുന്നില്ല. അഥവാ ആരെങ്കിലും സമുദായവഴക്കങ്ങളെ ഉല്ലംഘിക്കുവാന്‍ മുതിരുന്നപക്ഷം അയാളുടെമേല്‍ കരനാഥന്മാരുടെ ശിക്ഷാനിപാതം ഉണ്ടാകുമെന്നുള്ളത് നിസ്സംശയമാണ്. ദുരഭിമാനത്തില്‍ കെട്ടിപ്പടുത്ത ഈ സാമൂഹ്യബോധത്തെ തകര്‍ത്തു തരിപ്പണമാക്കാന്‍ തന്നെ ചട്ടമ്പി തീര്‍ച്ചയാക്കി. ഉള്ളില്‍ തോന്നിയതു പറയാനും പ്രവൃത്തിയിലൂടെ പകര്‍ത്തിക്കാട്ടാനും അയാള്‍ക്കു തെല്ലും മടിയുണ്ടായിരുന്നില്ല. കൂട്ടുകാരായ ഈഴവബാലന്മാരുടെ ഗൃഹങ്ങള്‍ ചട്ടമ്പിയുടെ സ്വന്തം വീടുകളായി മാറി. ആഹാരവും കിടപ്പും പലപ്പോഴും അവരുടെകൂടെയായി. നിര്‍ബന്ധമായ ഒരു വ്യവസ്ഥയ്ക്കു വിധേയമായിട്ടേ ആയിരുന്നുള്ളൂ ഈ സഹവാസം. മത്സ്യം, മാംസം, മദ്യം ഇവ മൂന്നുമാണ് കുഞ്ഞന്‍പിള്ളയെ വിലക്കിനിര്‍ത്തിയത്.

മൈസൂര്‍ പപ്പു എന്നു പേരുകേട്ട ഡോക്ടര്‍ പപ്പുവിന്റെ ഗൃഹം പേട്ടയിലായിരുന്നു. ആ വീട്ടില്‍ കുഞ്ഞന്‍പിള്ള നിത്യനായി. ഡോക്ടര്‍ പപ്പുവിന്റെ മൂത്ത സഹോദരനായ പരമേശ്വരന്‍, ചട്ടമ്പിയുടെ കളിസെറ്റില്‍ ഒരു പ്രധാനിയായിരുന്നു. പരമേശ്വരനുമൊന്നിച്ച് കുഞ്ഞന്‍പിള്ള ആ ഗൃഹത്തില്‍നിന്നും ഊണുകഴിച്ചുവന്ന വിവരം രാമന്‍പിള്ളയാശാന്‍ അറിഞ്ഞപ്പോള്‍ ശിഷ്യനെ വിളിച്ചുചോദിച്ചു, ‘അങ്ങനെ ഉണ്ടായോ’ എന്ന്. കുഞ്ഞന്‍പിള്ളയുടെ മറുപടി ഇതായിരുന്നു: ‘ഞാന്‍ ആശാന്റെ വീട്ടില്‍നിന്നും ഉണ്ണാറുള്ള സ്ഥിതിക്ക് എനിക്കവിടെ നിന്നും ആകാമല്ലോ.’

പ്രത്യുക്തിക്കു വാക്കുകള്‍ കിട്ടാതെ ആശാന്‍ പരുങ്ങി. സര്‍വ്വശക്തിയുമുപയോഗിച്ചു സാമൂഹ്യാചാരവിലക്ഷണതകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന അഭിവാഞ്ഛ ആ യുവാവില്‍ മുളച്ചുപൊങ്ങിയ അവസ്ഥ ആശാന്‍ അറിഞ്ഞില്ല. അവര്‍ണ്ണന്റെ ഗൃഹത്തില്‍നിന്നും ആഹാരം കഴിച്ചത് വിലക്കപ്പെട്ട പഴം തിന്നതിനെക്കാളും അപകടകരമായി വിവക്ഷിച്ച ആളായിരുന്നു ആശാന്‍; ശിഷ്യന്റെ പ്രവൃത്തിയാകട്ടെ തകരുന്ന ഒരു തലമുറയുടെ നേരേ തൊടുത്തുവിട്ട മൂര്‍ച്ചയേറിയ അസ്ത്രവും. ചട്ടമ്പിയുടെ ഈ വീക്ഷണവ്യതിയാനം പരസ്യമായതോടെ അയാളെക്കുറിച്ചുള്ള വിദ്വേഷകാലുഷ്യം തലസ്ഥാനനഗരിയിലെ നായര്‍ ഗൃഹമണ്ഡലങ്ങളില്‍ ഓളംവെട്ടി. ‘തൊട്ടുതിന്നു നടക്കുന്ന തെണ്ടി’ എന്ന പരിഹാസബിരുദത്തിനു കുഞ്ഞന്‍പിള്ള പാത്രമായും ഭവിച്ചു. എന്നാല്‍ ആ യുവാവില്‍ അന്നങ്കുരിച്ച ഏകജാതിബോധം പരപ്പും ആഴവുമേറിയ ഒരു വിശ്വാസപ്രമാണമായി അയാളുടെ സ്വഭാവത്തില്‍ സാന്ദ്രമായി അലിഞ്ഞുചേര്‍ന്നു.

എല്ലാം പഠിക്കണം, എല്ലാം അറിയണം; അതായി കുഞ്ഞന്‍പിള്ളയ്ക്കു മോഹം. വിജ്ഞാനസമ്പോഷണത്തിനുള്ള ആ അന്തര്‍ദാഹം ആവേശിച്ച് അയാള്‍ അറിവിന്റെ ഉറവുനോക്കി പാഞ്ഞുതുടങ്ങി. അനന്യസാധാരണമായ ഒരു ഛായാഗ്രാഹിധാരണകൊണ്ട് അനുഗൃഹീതനായ ആ യുവാവിനു കേള്‍ക്കുന്നതും വായിക്കുന്നതും ഒക്കെ എപ്പോഴും ഓര്‍മ്മയില്‍ ഒട്ടിനിന്നു; അരക്കില്‍ രൂപം പിടിക്കുംപോലെ. മറ്റേതു കാര്യവും സാമാന്യം അറിയാമായിരുന്ന അയാള്‍ക്ക് മറവി എന്നത് എന്തെന്നറിവുതന്നെ ഉണ്ടായിരുന്നില്ല. അന്യാദൃശമായ ഈ ഓര്‍മ്മശക്തിയാണ് കുഞ്ഞന്‍പിള്ളയുടെ പില്‍ക്കാലത്തെ പ്രശസ്തിക്കു കനത്ത കാതല്‍ ആയിത്തീര്‍ന്നത്.

വിനോദഭാഷണങ്ങളില്‍ പരാങ്മുഖത, ഹിംസാത്മകമായ വിചാരങ്ങളിലൊ കര്‍മ്മങ്ങളിലൊ വിരക്തി, ജീവജന്തുക്കളോട് അതിരറ്റ കാരുണ്യം, സര്‍വ്വോപരി ബാഹ്യാഭ്യന്തരഭാവങ്ങളില്‍ ഒരന്തര്‍മുഖത എന്നീ സ്വഭാവവിശേഷങ്ങള്‍ ചട്ടമ്പിയില്‍ മൊട്ടിട്ടുനില്‍ക്കുന്നതായി പ്രേക്ഷകലോകത്തിനനുഭവപ്പെട്ടു. അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും ഒരു ജന്തുവിനു തന്നില്‍നിന്ന് ഉപദ്രവം നേരിട്ടാല്‍, അതുമതി അയാള്‍ക്ക് അനേകദിവസം ഉറക്കം വരാതിരിക്കാന്‍. സമസൃഷ്ടിസ്‌നേഹം അന്നുതന്നെ കുഞ്ഞന്‍പിള്ളയില്‍ ദൃഢമായിരുന്നു. കായിക സംസ്‌കരണത്തിലും ആ യുവാവിനു ശ്രദ്ധ അല്പമായിരുന്നില്ല. തലപ്പന്ത്, കുഴിപ്പന്ത്, കിളിത്തട്ട്, മല്‍പിടിത്തം എന്നീ വിനോദങ്ങളില്‍ കൂട്ടുകാരുമായി അയാള്‍ വിഹരിച്ചു വന്നു. പേട്ടയില്‍ വലിയ ഉദയേശ്വരം ക്ഷേത്രസങ്കേതത്തിലെ മണല്‍പ്പരപ്പ് സമവയസ്‌കരായ ബാലകരുമൊന്നിച്ചുള്ള മല്‍പിടിത്തത്തിനു പരിശീലനരംഗമായി.

കുഞ്ഞന്‍പിള്ളയ്ക്കു സംഗീതത്തില്‍ നൈസര്‍ഗ്ഗികമായ വാസന ഉണ്ടായിരുന്നു. അപൂര്‍വ്വരാഗങ്ങള്‍ പലതും അയാള്‍ക്കു വശമായിരുന്നു. ഭജനമേളയ്ക്കു ഗഞ്ചിറ കയ്യിലെടുത്താല്‍ താളമേളങ്ങളുടെ മധുരധ്വനിയില്‍ അയാളുടെ ഹൃദയം അലിഞ്ഞുചേരും; പരിസരങ്ങളും ബാഹ്യവ്യാപാരങ്ങളും ക്ഷണനേരംകൊണ്ട് അയാള്‍ വിസ്മരിക്കുകയായി. കഥകളിയുടെ കേളികൊട്ട് എവിടെ കേട്ടാലും കുഞ്ഞന്‍പിള്ള അവിടെ പറ്റും. മുദ്രക്കൈകള്‍ എല്ലാം അയാള്‍ക്ക് അറിയാം; ആരും പഠിപ്പിച്ചിട്ടല്ല; സ്വയം മനസ്സിലാക്കിയതാണ്. ചിത്രമെഴുത്തിലും ജന്മസിദ്ധമായ അഭിരുചി ചട്ടമ്പിക്കുണ്ടായിരുന്നു. അക്കാലത്തെ ദന്തവേലക്കാരില്‍ പ്രസിദ്ധനായ പിണറുംമൂട്ടില്‍ നീലകണ്ഠന്‍ ആശാരിയില്‍നിന്നും ഒരു ഗണപതിയുടെ ചിത്രം വരച്ചുകൊണ്ടായിരുന്നു ചിത്രരചനയില്‍ ചട്ടമ്പി ഗണപതിക്കു കുറിച്ചത്. എന്നാല്‍ സൗകര്യക്കുറവു നിമിത്തം പടമെഴുത്തു അധികനാള്‍ തുടരാന്‍ കുഞ്ഞന്‍പിള്ളയ്ക്കു സാധിച്ചില്ല. സംഗീതത്തിലും ചിത്രമെഴുത്തിലും മാത്രം അടങ്ങിനിന്നില്ല കുഞ്ഞന്‍പിള്ളയുടെ കൗതുകം. ബാഹ്യപ്രപഞ്ചത്തിന്റെ സൂത്രധാരത്വം വഹിക്കുന്ന എന്തോ ഒന്നുണ്ട്, ആര്‍ക്കും ഒരെത്തും പിടിയുമില്ലാതെ; അതെന്താണെന്ന് അറിയണം – അതിലായി അയാളുടെ ശ്രദ്ധ മുഴുവനും. രാമായണം, ഭാരതം മുതലായ ഗ്രന്ഥങ്ങള്‍ വീണ്ടും വീണ്ടും വായിച്ച് വേദാന്തചിന്തകനും ഗാനഗന്ധര്‍വ്വനുമായ എഴുത്തച്ഛന്‍ അവയില്‍ ഒതുക്കിവച്ചിരിക്കുന്ന അദൈ്വതപ്പൊരുള്‍ അയാള്‍ മനനം ചെയ്തു. അങ്ങനെ ചില പ്രാഥമിക പാഠങ്ങള്‍ ഗ്രഹിച്ചുകഴിഞ്ഞപ്പോള്‍ ‘കൈവല്യനവനീതം’ തുടങ്ങിയ തമിഴ് ഗ്രന്ഥങ്ങള്‍ വായിക്കാന്‍ ചട്ടമ്പിക്ക് ഉത്സാഹമുണ്ടായി. വേദാന്തപരമായ ആ ഗ്രന്ഥം അയാള്‍ വായിച്ചു മതിമറന്നു.

‘അന്നൈ ത്തന്‍ ശിശുവൈ യൈയ്യനാമൈ മീന്‍ പറവൈ പോല-
ത്തന്നകങ്കരുതി നോക്കിത്തടവിച്ചന്നിതിയിരുത്തി’

എന്ന വരികള്‍ കുഞ്ഞന്‍പിള്ളയുടെ ഉള്ളില്‍ തറച്ചു. മനുഷ്യബുദ്ധിക്ക് അഗോചരമായ രഹസ്യം അറിയണമെങ്കില്‍ ദയാവാരിധിയായ ഒരു ഗുരുവിന്റെ കരാവലംബം വേണമെന്ന നിഗമനത്തില്‍ അയാള്‍ എത്തിച്ചേര്‍ന്നു. അത്ര കരുണാനിധിയായ ഒരു ഗുരു എവിടെ? തനിക്ക് ഗുരുവിന്റെ ദര്‍ശനവും അനുഗ്രഹവും എപ്പോള്‍ ലഭിക്കും? ഈ ഹൃദയവിക്ഷോഭത്തിനു പരിഹാരം ലഭിക്കാതെ കുഞ്ഞന്‍ചട്ടമ്പി ഉഴന്നു.

വഴിയേപോകുന്ന കാഷായവസ്ത്രധാരികളെ കുഞ്ഞന്‍പിള്ള ഉറ്റുനോക്കും; വിശേഷം വല്ലതും അവരില്‍ കാണുന്നുണ്ടോ എന്നറിയാന്‍. ചിലപ്പോള്‍ അവരുടെ പുറകില്‍ക്കൂടി അയാള്‍ ബഹുദൂരം സഞ്ചരിക്കും. വെറും യാചകന്മാരേയും അയാള്‍ അനുഗമിച്ചിട്ടുണ്ട്; കാക്കയുടെ കൈയിലും കരു കാണുമല്ലോ എന്ന പ്രമാണപ്രകാരം. എങ്കിലും എല്ലാ ദിവസവും കുളിച്ചു ഭസ്മഭൂഷിതനായി വൈകുന്നേരം കൊല്ലൂര്‍ ക്ഷേത്രസന്നിധിയില്‍ ഭജനയ്‌ക്കെത്താതിരിക്കില്ല. ഒരു ദിവസം ജഡാധാരിയായ ഒരു വൃദ്ധന്‍ അമ്പലത്തിന്റെ നടയില്‍ ധ്യാനനിരതനായിരിക്കുന്നത് കുഞ്ഞന്‍പിള്ള കണ്ടു. ആ സന്യാസിയെ പരിചരിച്ചു ചട്ടമ്പി കുറച്ചുദിവസം കഴിച്ചുകൂട്ടി. യോഗി അവിടെനിന്നും പുറപ്പെട്ടസമയം തനിക്ക് എന്തെങ്കിലും ഉപദേശം നല്‍കണമെന്ന് കുഞ്ഞന്‍പിള്ള അര്‍ത്ഥിച്ചു. അഞ്ജലിബദ്ധനായി മുമ്പില്‍നിന്ന ബാലനെ തലോടിക്കൊണ്ട് ആ സന്യാസി പറഞ്ഞു:

‘കുഞ്ഞേ! നിനക്കു ഞാന്‍ ഒരു മന്ത്രം ഉപദേശിച്ചു തരാം. അത് നീ സിദ്ധിവരുത്തുക. നിനക്ക് എല്ലാം അതുകൊണ്ടുണ്ടാകും.’

ബാലാസുബ്രഹ്മണ്യമന്ത്രം ആണ് സന്യാസി ഉപദേശിച്ചത്. അതൊരു അപൂര്‍വ്വമന്ത്രമായിരുന്നു. ദീക്ഷ തുടങ്ങി യഥാകാലം മന്ത്രസിദ്ധി വരുത്തിയപ്പോള്‍ കുഞ്ഞന്‍പിള്ളയ്ക്കുതന്നെ തോന്നി തന്റെ ഹൃദയത്തില്‍ ഉണര്‍വ്വും ഓജസ്സും ഓളം വെട്ടുന്നുണ്ടെന്ന്. ചട്ടമ്പിയില്‍ വന്ന ഈ പരിവര്‍ത്തനം മറ്റുള്ളവര്‍ക്കും അനുഭവപ്പെട്ടു. കുട്ടികള്‍ക്കു പനി വന്നാല്‍ കുഞ്ഞന്‍പിള്ള ഭസ്മമിട്ടു ഭേദമാക്കും. ബാധോപദ്രവങ്ങള്‍ മാറ്റുവാന്‍ ആളുകള്‍ ചട്ടമ്പിയെ തേടുകയായി. കുഞ്ഞന്‍പിള്ള ഒരു സുബ്രഹ്മണ്യോപാസകനാണെന്നും എന്തോ ഒരു സിദ്ധി അയാള്‍ക്കു കൈവന്നിട്ടുണ്ടെന്നും സമീപവാസികള്‍ പറഞ്ഞുതുടങ്ങി. ‘ഷണ്മുഖദാസര്‍’ എന്ന പേര് കുഞ്ഞന്‍പിള്ളയും കൈക്കൊണ്ടു. അതോടുകൂടി സന്ന്യാസവൃത്തി അവലംബിക്കണമെന്ന ആഗ്രഹവും അയാളുടെ ഹൃദയതലത്തില്‍ ഉദിച്ചു. പക്ഷേ, കുഞ്ഞന്‍പിള്ള ഋണബദ്ധനാണ്; അമ്മയുടെ നിത്യവൃത്തിക്കു വകതേടേണ്ട പ്രഥമകര്‍ത്തവ്യം അയാളെ തുറിച്ചുനോക്കി. ഭക്തിയും വേദാന്തവുംകൊണ്ടു വയറുകഴിയുമോ? തന്റെ അഭിലാഷം തല്ക്കാലം നിരോധിച്ചിട്ട് ചട്ടമ്പിക്കു തൊഴില്‍ അന്വേഷിക്കേണ്ടിവന്നു.