അദ്ധ്യായം പതിനൊന്ന്
സാധാരണജനങ്ങളുടെ അനുഭൂതിമണ്ഡലത്തിന് ഉള്‍ക്കൊള്ളുവാനാകാത്ത ചില പ്രവണതകളുണ്ട്. ഉപരിപ്ലവബുദ്ധികള്‍ക്ക് ഈ പ്രതികരണങ്ങളുടെ പ്രതിഭാസങ്ങള്‍ അത്ഭുതം ജനിപ്പിക്കും. മനസ്സിന്റെ പ്രാഥമികശിക്ഷണംകൊണ്ടുമാത്രം ക്ഷണികമായ ഒരു വിഭ്രമം നല്‍കി നമ്മെ ആനന്ദത്തില്‍ ആന്ദോളനം ചെയ്യിക്കുന്ന ഐന്ദ്രജാലികന്റെ പ്രയോഗകൗശലം ഇതിന്നൊരുദാഹരണമാണ്. ചെപ്പടിവിദ്യക്കാരന്‍ ഉള്ളതിനെ ഇല്ലാതാക്കുകയോ ഇല്ലാത്തതിനെ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. അവന്‍ തന്റെ കൈയടക്കംകൊണ്ട് അങ്ങനെ തോന്നിപ്പിക്കുന്നുവെന്നേയുള്ളു. അവന്റെ പ്രക്രിയ ഉപജീവനത്തിനുവേണ്ടി മാത്രമാണ്. എന്നാല്‍ കുറച്ചുകൂടി മികച്ച ഒരു ദൃഷ്ടാന്തമാണ് ആര്‍ക്കും ഒരെത്തുംപിടിയുമില്ലാത്ത അവധൂതന്മാരുടെ വിസ്മയകരങ്ങളായ സിദ്ധികള്‍. സ്വാര്‍ത്ഥസ്പര്‍ശമോ പരസ്യത്തിനുള്ള വാഞ്ഛയോ സിദ്ധന്മാര്‍ക്കില്ല. അഭ്യാസനിപുണവും തീവ്രവുമായ ഏകാഗ്രതയുടെ പരിണാമപരമ്പരകളായ അവരുടെ സിദ്ധികള്‍ ആഴവും പരപ്പുമേറിയ മനസ്സിന്റെ അന്തര്‍ഗൂഢഭംഗിയുടെ പ്രഭാങ്കുരങ്ങളാണ്. സിദ്ധന്മാരാകട്ടെ ആദ്ധ്യാത്മികാനുഭൂതികള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രായേണ വിമുഖന്മാരായിട്ടാണ് കണ്ടുവരുന്നത്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ വല്ലതും പുറത്തു കാട്ടുന്നതു തന്നെയും പെരുമയ്‌ക്കോ പരബോദ്ധ്യത്തിനോ വേണ്ടിയല്ലതാനും.
ജ്ഞാനിയും സിദ്ധനുമായ സ്വാമികള്‍ക്കു കൈവന്നിട്ടുള്ള സിദ്ധികള്‍ നിരവധിയാണെങ്കിലും അവ പ്രകടിപ്പിക്കുന്നതില്‍ വിമനസ്സായിട്ടേ അവിടത്തെ കണ്ടിട്ടുള്ളു. എന്തെങ്കിലും അവിടന്നു കാണിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ വിലയിരുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല. സ്വകീയമായ സിദ്ധികളെപ്പറ്റി സ്വാമികള്‍ പറയാറില്ലാത്തതുകൊണ്ട് ദൃക്‌സാക്ഷികളില്‍നിന്നുള്ള അറിവേ നമുക്കിന്നുള്ളു. അവിടത്തെ സഹവാസഭാഗ്യം സിദ്ധിച്ചവരും സിദ്ധികള്‍ അത്ഭുതപരവശരായി നോക്കിനിന്നവരുമായ പലരും ഇന്നും ജീവിച്ചിരിക്കുന്ന നിലയ്ക്ക് അവയെ ഐതിഹ്യത്തിന്റെ അവിശ്വാസ്യതയിലേയ്ക്കു കടത്തിവിടേണ്ട കാര്യമില്ല. അനുഭവസ്ഥന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍നിന്നും ചിലവ പെറുക്കിയെടുത്ത് കൗതുകനിവൃത്തിക്കുവേണ്ടി നിരത്തിവയ്ക്കുക മാത്രമേ ഇവിടെ ചെയ്യുന്നുള്ളൂ.
പറവൂര്‍ പയ്യപ്പള്ളില്‍ കരുണാകരന്‍പിള്ള പറയുന്നു:
‘സ്വാമികള്‍ പറവൂര്‍ വന്നാല്‍ എന്റെ ഗൃഹത്തില്‍ ചിലപ്പോള്‍ വിശ്രമിക്കാറുണ്ട്. അവിടന്നു പടിപ്പുരയിലാണ് ഇരിക്കുക. ആയിരത്തിയെഴുപതാമാണ്ടോടടുത്താണ്; ഞാന്‍ ബാംബെയില്‍നിന്നും ഒരു ടൈമ്പീസ് കൊണ്ടുവന്നിരുന്നു. അന്ന് അതൊരപൂര്‍വ്വസാധനമാണ് നാട്ടില്‍. പകല്‍ അത് പടിപ്പുരയില്‍ വച്ചേക്കും; രാത്രിയില്‍ വീട്ടില്‍കൊണ്ടുപോയി സൂക്ഷിക്കും; ഇങ്ങനെയായിരുന്നു പതിവ്. സ്വാമികള്‍ പടിപ്പുരയില്‍ ഉള്ള ഒരു ദിവസം ഞാന്‍ ആ ടൈമ്പീസ് മാറ്റുവാന്‍ താല്പര്യപ്പെട്ടു. അവിടന്നു കതകുകളെല്ലാം തുറന്നിട്ടാണ് ഉറങ്ങുക. ആ സമയം വല്ല കള്ളന്മാരും തട്ടിക്കൊണ്ടുപോയാലോ എന്നു ശങ്കിച്ചാണ് ഞാന്‍ അന്നും അത് അകത്തുകൊണ്ടുപോകാമെന്ന് വിചാരിച്ചത്. സ്വാമികള്‍ അവിടെയുള്ളപ്പോള്‍ യാതൊരു സാധനവും ആരും എടുക്കുകയില്ലെന്ന് അവിടന്നു ദൃഢപ്പെടുത്തി പറഞ്ഞതുകൊണ്ട് ഞാന്‍ ടൈമ്പീസെടുക്കാതെ ഉറങ്ങുവാന്‍ പോയി. സ്വാമികളെ ഒന്നു പരീക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി പ്രഭാതത്തിനു മുമ്പുതന്നെ ഞാന്‍ ഉണര്‍ന്ന് പടിപ്പുരയില്‍ പോയി നോക്കിയപ്പോള്‍ അവിടന്നു ഗാഢനിദ്രയില്‍ നിലീനനാണ്. ടൈമ്പീസ് അവിടെനിന്നും മാറ്റുവാന്‍ ഞാന്‍ ശ്രമിച്ചു. എന്തൊരത്ഭുതം! ടൈമ്പീസില്‍ എന്റെ കൈ പതിച്ചപ്പോഴേക്കും ഒരു വൈദ്യുതീപ്രവാഹം ഏറ്റതുപോലെ ഞാന്‍ പരവശനായി. കൈവിടുവാനോ അവിടെനിന്നും പോകുവാനോ നിര്‍വ്വാഹമില്ലാതെ ഞാന്‍ ഒരേനിലയില്‍ നിന്നുപോയി. അധികംതാമസിയാതെ ഉണര്‍ന്ന സ്വാമികള്‍ കണികണ്ടത് അവശനായി ഘടികാരത്തോടു ബന്ധിച്ചുനിര്‍ത്തിയിരിക്കുന്ന എന്നെയാണ്. ‘പരിശോധന വേണ്ടായിരുന്നു; വിട്ടേച്ചു പൊയ്‌ക്കോളൂ’ എന്ന് അവിടന്നു പറഞ്ഞതും എന്റെ കൈകള്‍ ടൈമ്പീസില്‍നിന്നു വിട്ടതും ഒന്നിച്ചുകഴിഞ്ഞു. ഏതു സാധനവും ആരും കൊണ്ടുപോകാതെ ബന്ധിച്ചുനിര്‍ത്തുവാന്‍ അവിടത്തേയ്ക്കു കഴിയും എന്നു സ്വാമികള്‍ ആ അവസരത്തില്‍ പ്രസ്താവിക്കയുണ്ടായി.
ഒരു ദിവസം സ്വാമികള്‍ കലൂരില്‍നിന്ന് രണ്ടനുചരന്മാരോടുകൂടി ആലുവായ്ക്കു പോകുകയായിരുന്നു. അവിടന്ന് ഇടപ്പള്ളി പള്ളിമുറ്റത്ത് എത്തിയപ്പോഴേക്കും മദോന്മത്തരായ ഒരു സംഘം യുവാക്കന്മാര്‍ അവിടത്തെ യാത്രയെ തടസ്സം ചെയ്തു. പക്ഷേ, മുമ്പോട്ടു വച്ചകാല്‍ പിമ്പോട്ടു വയ്ക്കുക സ്വാമികള്‍ ശീലിച്ചിട്ടില്ല. തന്റെ അനുചരന്മാരോടു പുറകില്‍ പിടിച്ചു കൊള്ളുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടു കൈയിലുണ്ടായിരുന്ന വടിയെ വിലങ്ങനെ പിടിച്ചു പ്രാണരോധനം ചെയ്തുകൊണ്ട് അവിടന്നു കുതിച്ചുകയറിയപ്പോള്‍ ആ വടിയുടെ സ്പര്‍ശനമേറ്റവരെല്ലാം നിലംപതിക്കുകയാണു ചെയ്തത്. അങ്ങനെ നിഷ്പ്രയാസം വഴിയുണ്ടാക്കി അവിടന്നു സഞ്ചാരം തുടര്‍ന്നു. അടുത്ത ദിവസം തിരിച്ചുള്ള വരവില്‍ മറുതട്ടുതട്ടിയാണു തലേദിവസം വീണവരെ നടക്കാറാക്കിയത്. കരുവാ കൃഷ്ണനാശാന്‍ സ്മരിക്കുന്നു: ‘കൊല്ലം ഓലയില്‍ എന്ന സ്ഥലത്തു ചില നായന്മാര്‍ ഗുസ്തിപഠിച്ചു താമസിച്ചിരുന്നു. ഒരു രാത്രി വഴിയില്‍ കൂട്ടംകൂടി നില്‍ക്കുന്ന ഇവരുടെ ഇടയില്‍ സ്വാമികള്‍ ചെന്നുപെട്ടു. മുഷ്‌കരന്മാരായ അവരുടെ ഇടയില്‍നിന്നും രക്ഷപെടാന്‍ വേറെ മാര്‍ഗ്ഗമില്ലെന്നു കണ്ടു സ്വാമി സ്വദേഹത്തെ ഉളിചാട്ടുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഇവരുടെ മദ്ധ്യത്തില്‍ക്കൂടി പ്രയോഗിച്ചു. കൂടിനിന്നിരുന്നവര്‍ നിലംപതിച്ചു. അവര്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ സ്വാമികള്‍ അകലെ നില്‍ക്കുന്നതു കണ്ട് അദ്ദേഹത്തെ നമസ്‌കരിച്ചു.’
മര്‍മ്മവിദ്യയിലുള്ള അവിടത്തെ അന്യാദൃശപാടവം അയത്‌നലാഘവത്തോടെ സ്വാമികള്‍ പലപ്പോഴും പ്രദര്‍ശിപ്പിച്ചു കാണികളെ പുളകംകൊള്ളിച്ചിട്ടുണ്ട്. ജന്തുലോകത്തിന്മേല്‍ കഥാനായകനുള്ള സ്വാധീനം അത്ഭുതകരമാണ്. ക്രൂരജന്തുക്കള്‍ അവിടത്തെ ആജ്ഞാനുവര്‍ത്തികളായി തീര്‍ന്നിട്ടുണ്ട്. പാമ്പ്, ചേര മുതലായ ഇഴജന്തുക്കള്‍ അവിടത്തെ ഇംഗിതം അനുസരിച്ചിട്ടുള്ളതിനെ ദൃക്‌സാക്ഷികളുടെ വിവരണങ്ങളിലൂടെ നമുക്കു കാണാം.
കരിമ്പുവിളാകം ഗോവിന്ദപ്പിള്ള പ്രസ്താവിക്കുന്നു. ‘ഞാന്‍ ഒരിക്കല്‍ സ്വാമികളൊന്നിച്ചു മലയാറ്റൂര്‍ പോയിരുന്നു. അവിടെ ആറ്റുവക്കത്തു ഞങ്ങള്‍ നില്ക്കയായിരുന്നു. ഒരു വലിയ ഇരപ്പു കേട്ടു. ഞങ്ങള്‍ നോക്കിയപ്പോള്‍ ഒരു വലിയ തവള വെള്ളത്തിലേക്കു ചാടിക്കളഞ്ഞു. അതിനെ പിന്തുടര്‍ന്നു വന്ന ഒരു ക്രൂരസര്‍പ്പം പത്തിയും വിടര്‍ത്തി ക്രുദ്ധിച്ചു നില്‍ക്കുന്നു. ആ ഭയങ്കരമായ കാഴ്ചയില്‍ ഞാന്‍ സംഭ്രാന്തനായി. അതുപോലെ ഒരിക്കലും ഭയം എന്നെ ബാധിച്ചിട്ടില്ല. സ്വാമികള്‍ സര്‍പ്പത്തോടായി ഇങ്ങനെ പറഞ്ഞു. ‘ഛീ, അതിനെ തൊടരുത്. പോ, സ്വാമികളുടെ കാലടിയില്‍നിന്ന് മൂന്നു ചുവട്ടടിയിലധികം അകലെയല്ലാതെ ഫണം വിടര്‍ത്തിനിന്ന ആ ക്രൂരസര്‍പ്പം ഈ ആജ്ഞ കേള്‍ക്കാത്ത താമസം; പത്തി ചുരുക്കി വന്നവഴി സാവധാനത്തില്‍ ഇഴഞ്ഞുപോകയുണ്ടായി.’
മാവേലിക്കര ജി. കൃഷ്ണപിള്ള വേറൊരു സംഭവം വിവരിക്കുന്നു. ‘ഒരു ദിവസം ഞായറാഴ്ച വൈകുന്നേരം തിരുവടികള്‍ ക്ഷേത്രദര്‍ശനാര്‍ത്ഥം പോകുകയാണ്. മുമ്പേ സ്വാമിയും പിമ്പേ ശ്രീ. ആണ്ടിപ്പിള്ളയും തുടര്‍ന്നു ഞാനുള്‍പ്പെടെ കുറച്ചുപേരും ഉണ്ടായിരുന്നു. ക്ഷേത്രക്കുളത്തിന്റെ തെക്കുവശത്തുകൂടി ഞങ്ങള്‍ പടിഞ്ഞാറോട്ടു നടന്നു. ചില കുസൃതിക്കുട്ടികള്‍ കല്ലെറിയുകയാല്‍ ഒരു ചേര ഗതിവേഗത്തോടെ പടിഞ്ഞാറുള്ള കയ്യാലയുടെ തിരിവില്‍ കിഴക്കോട്ടിഴഞ്ഞ് സ്വാമികളുടെ മുമ്പില്‍ അകപ്പെട്ടു. ‘അതാ ഒരു ചേര’ എന്നു സംഭ്രമത്തോടെ ആണ്ടിപ്പിള്ള അവര്‍കള്‍ പറഞ്ഞു. ചേരയെ ഇത്ര ഭയമോ എന്നുചോദിച്ചുകൊണ്ടു തല്‍ക്ഷണം അതിന്റെ മുമ്പില്‍ ഇരുന്നു കൈ നീട്ടി. ‘വാ മക്കളേ! ഭയപ്പെടേണ്ട, വാ’ എന്നു സ്വാമികള്‍ ദയാപുരസ്സരം പറഞ്ഞു. ചേര ഒന്നു തലപൊക്കി നോക്കിയശേഷം സാവധാനം ഇഴഞ്ഞു തന്റെ രക്ഷകനായ ആ ജടാധാരിയുടെ നീട്ടിയ നീണ്ട വാമഹസ്തത്തില്‍ നക്കുകയും ആ കയ്യിന്മേല്‍ ഒന്നു ചുറ്റി അല്പസമയം ഇരിക്കുകയും ചെയ്തു. ഉടനെ സ്വാമികള്‍ എഴുന്നേറ്റ് അതിനെ കയ്യാലയുടെ മണ്‍ഭിത്തിപ്പുറത്തുകൂടി അകത്തേയ്ക്കു കയറ്റി വിട്ടു. ‘ജീവികളെ ഒരിക്കലും ഉപദ്രവിക്കരുത്. നിങ്ങള്‍ അവയെ യഥാര്‍ത്ഥമായി സ്‌നേഹിച്ചാല്‍ അവ നിങ്ങളേയും സ്‌നേഹിക്കും’ എന്നു കുട്ടികളോടായി ഗുണദോഷിച്ചുകൊണ്ട് ആ യതിവര്യന്‍ അമ്പലത്തിലേയ്ക്കു കടന്നുപോയി.’
ഹിംസ്രജന്തുക്കളായ വന്യമൃഗങ്ങളും സ്വാമികളുടെ മുമ്പില്‍ വൈരംവെടിഞ്ഞിരുന്നു. ഒരിക്കല്‍ പറവൂര്‍ നിന്നും ഒരാള്‍ സ്വാമികളെ അന്വേഷിച്ചു കോടനാട്ടുള്ള പുതുവലില്‍ എത്തി. സ്വാമികള്‍ പുറത്തു പറമ്പിലായിരുന്നു. ശിഷ്യന്‍ പത്മനാഭപ്പണിക്കരും ആഗതനുംകൂടി സ്വാമികളെ തേടി തെക്കുഭാഗത്തുള്ള കുന്നിന്‍പുറത്തേയ്ക്കു തിരിച്ചു. ‘അവിടെനിന്നും ചുറ്റും നോക്കുമ്പോള്‍ അതിന്റെ തെക്കെ താഴ്‌വരയില്‍ സ്വാമികള്‍ ഒരു ഭയങ്കരവ്യാഘ്രത്തിന്നഭിമുഖമായി നില്‍ക്കുന്നത് അവര്‍ കണ്ടു. അപ്പോള്‍ അവര്‍ക്കുണ്ടായ ഭയവും സംഭ്രമവും ഇത്രയെന്നു വര്‍ണ്ണിക്കാന്‍ പ്രയാസം. രണ്ടാളും പ്രാണരക്ഷാര്‍ത്ഥം അടുത്തുണ്ടായിരുന്ന വൃക്ഷത്തില്‍ കയറി വിറച്ചുകൊണ്ട് ഇതികര്‍ത്തവ്യതാമൂഢരായി സ്വാമികള്‍ക്ക് എന്തു സംഭവിക്കുമോ എന്നു ഭയപ്പെട്ടുകൊണ്ടു നോക്കിയിരുന്നു. ഇതിനിടയില്‍ വ്യാഘ്രത്തോടു സ്വാമികള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ കടുവാ തിരിഞ്ഞ് കിഴക്കുഭാഗത്തുള്ള തേക്കിന്‍തോട്ടത്തിലേയ്ക്കും സ്വാമികള്‍ സാവകാശം കുന്നിന്‍മുകളിലേക്കും തിരിച്ചു.’ ഒരു പശുവിന്മേല്‍ ചാടിവീണ വ്യാഘ്രത്തെ ഹസ്തസംജ്ഞകൊണ്ടു ശാന്തനാക്കി പറഞ്ഞയച്ചതാണ് ഈ സംഭവം.കോടനാട്ടു വനാന്തരങ്ങളില്‍ വച്ച് കടുവായെ സ്വാമികള്‍ പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്.
സ്വാമികളുടെ സന്നിധാനത്തില്‍ തവള, ഉറുമ്പ്, അണ്ണാന്‍ എന്നിവ സാധാരണ കൂട്ടംകൂടാറുണ്ട്. കോടനാട്ടെ അവിടത്തെ വാസഗൃഹം സന്ദര്‍ശിച്ച ശ്രീ. കെ. നാണുപിള്ള പറയുന്നു:
പല വലിപ്പത്തിലും വര്‍ണ്ണത്തിലും അനവധി തവളകള്‍ മുറിയില്‍ അവിടവിടെ ചാടിനടക്കുന്നതും ചിലവ സ്വാമികളുടെ പായിലും ഈസിച്ചെയറിലും കൂടിച്ചേര്‍ന്നിരിക്കുന്നതും കണ്ടു. ഈ ജന്തുക്കള്‍ സ്വാമികളെ സാമാന്യം ശല്യപ്പെടുത്തുന്നുണ്ടാവുമെന്നു ശങ്കിച്ച് ഞാന്‍ അവയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ഇവയെ ഇവിടെ അധികം കാണുന്നുവല്ലോ’ എന്നു തന്നത്താന്‍ പറഞ്ഞു. അതുകേട്ടു സ്വാമികള്‍ ചിരിച്ചുകൊണ്ടിങ്ങനെ മറുപടി പറഞ്ഞു: ‘ഇവരൊക്കെ എന്റെ കൂട്ടുകാരാണ്. ഇഷ്ടംപോലെ ഇവര്‍ക്കു പുറത്തു സഞ്ചരിക്കാന്‍ നിവൃത്തിയില്ല. ഇവയെ കണ്ടാല്‍ പിടിച്ചുവിഴുങ്ങുന്ന അനവധി നിര്‍ദ്ദയന്മാര്‍ പുറത്തു വരാന്തയില്‍ കാണുന്ന ചെറിയ മാളങ്ങളിലും ചുറ്റുമുള്ള കുറ്റിക്കാടുകളിലും ഉള്ളതിനാല്‍ എന്റെ അടുക്കല്‍ അഭയം പ്രാപിച്ചിരിക്കയാണ്.’
എറുമ്പുകളുമായി അവിടന്ന് ആശയവിനിമയം ചെയ്തിരുന്നുവെന്നതു നിസ്സംശയമാണ്. ചിലപ്പോള്‍ കറുത്ത കാലുറകള്‍പോലെ അവ അദ്ദേഹത്തിന്റെ പാദങ്ങളെ ആവരണംചെയ്യും. ആ സമയം അവിടന്ന് ആനന്ദതുന്ദിലനായി അവയോടു കുശലപ്രശ്‌നം ചെയ്യുന്നതായി കണ്ടിട്ടുള്ളവര്‍ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. അണ്ണാന്‍ അവിടത്തെ കൈയില്‍നിന്നും ആഹാരം വാങ്ങി കഴിക്കുന്നത് കണ്‍കുളിര്‍ക്കെ നോക്കിനിന്നവര്‍ ഇന്നും അവിടത്തെ അപ്രമേയമായ സ്‌നേഹപ്രഭാവത്തെ പുകഴ്ത്തുന്നു.
സ്വാമികള്‍ വിളിച്ചാല്‍ എലികള്‍ ഓടിയെത്തും. അത്ഭുതമല്ലേ. ഒരിക്കല്‍ മാവേലിക്കര ആണ്ടിപ്പിള്ള മജിസ്‌ട്രേട്ടിന്റെ വസതിയില്‍വച്ച് അവിടന്ന് ആ സിദ്ധി ഒന്നു പ്രദര്‍ശിപ്പിച്ചു. മജിസ്‌ട്രേട്ടിന്റെ ഒരു കോടിനേര്യത് എലികള്‍ കരണ്ടുകളഞ്ഞു. സ്വാമികളുടെ ആ കേസുവിചാരണ രസകരമായിരുന്നു. ‘ഉണ്ണികളെ വരിന്‍’ എന്ന് അവിടന്നു വിളിച്ചപ്പോഴേയ്ക്കും വളരെ എലികള്‍ അവിടത്തെ മുമ്പില്‍ ഹാജരായി. നേര്യതു വെട്ടിയത് ആരാണെന്ന് അവിടന്നു ചോദിച്ചപ്പോള്‍ ഒരു ചെറിയ എലി കുറ്റം സമ്മതിച്ചു തലകുലുക്കി. ഉടന്‍തന്നെ കുറെ പഴം വരുത്തി എല്ലാ എലികള്‍ക്കും ഓരോ പഴംവീതം കൊടുത്തു മേലാല്‍ കുറ്റം ചെയ്യരുതെന്ന് താക്കീതുചെയ്തു വിട്ടു. ആ സംഭവത്തിനു സാക്ഷ്യംവഹിക്കുവാന്‍ ഇന്നും മാവേലിക്കര ആളുകളുണ്ട്.
ഇരിങ്ങാലക്കുട തച്ചുടയകയ്മളുടെ വാസഗൃഹമായ കൊട്‌ലാക്കല്‍വച്ച് ഒരിക്കല്‍ രാവിലെ കിടക്കമുറിയില്‍ സ്വാമികളെ കാണ്മാനുണ്ടായിരുന്നില്ല. മുറി അകത്തുനിന്നു ബന്ധിച്ചുമിരുന്നു. സൂക്ഷ്മപരിശോധനയില്‍ അവിടന്നു തട്ടുതുലാത്തില്‍ ചേര്‍ന്നിരിക്കുന്നതായിട്ടാണു മറ്റുള്ളവര്‍ കണ്ടത്. വായുസ്തംഭനമായിരുന്നു വിദ്യ എന്നു അന്നു പരക്കെ സംസാരമുണ്ടായിരുന്നു. അമ്പലപ്പുഴ കടല്‍പ്പുറത്തു മുക്കുവരുമായി കളിക്കുകയും കുഴി കുഴിച്ച് അതില്‍ ഇറങ്ങി മണ്ണിട്ടു മൂടിയശേഷം മറ്റൊരു സ്ഥാനത്ത് ഉയരുകയും ചെയ്തിരുന്നതായി അവിടത്തെ സിദ്ധികളെ ഉല്‍ഘോഷിക്കുന്നവരുണ്ട്. മലയാറ്റൂര്‍ നദിയില്‍ ജലോപരി പത്മാസനസ്ഥനായി അവിടന്ന് ഇരുന്നിട്ടുള്ളത് ശിഷ്യന്മാര്‍ രേഖപ്പെടുത്തിക്കാണുന്നു.
പ്രകൃതിശക്തിപോലും അവിടത്തെ ഇച്ഛയ്ക്കു വഴങ്ങിയിട്ടുള്ള സന്ദര്‍ഭങ്ങളുണ്ട്. ശ്രീ. എടത്തില്‍ നാരായണപിള്ള ഇങ്ങനെ സ്മരിക്കുന്നു:
‘ഒരിക്കല്‍ സ്വാമിയുടെ ഒരു ഭക്തന്റെ അപേക്ഷയനുസരിച്ചു കൊടുങ്ങല്ലൂരുള്ള ഒരു ഗൃഹത്തില്‍ സ്വാമിയേയുംകൊണ്ടു ഞാന്‍ പോയി. അത് 91-ാമാണ്ടു വര്‍ഷക്കാലത്തായിരുന്നു. തിരിയെ പറവൂര്‍ക്കു പോന്നത് ചെറിയ ഒരു വള്ളത്തില്‍ കയറിയായിരുന്നു. ഞാനും എന്റെ സ്‌നേഹിതനായ ഒരാളും വള്ളക്കാരനും മാത്രമാണു യാത്രയില്‍ ഉണ്ടായിരുന്നത്. നേരം അസ്തമിക്കാറായി. അഴീക്കോടുവിട്ട് കായലില്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങളെ ഭയങ്കരമായ അന്ധകാരം ആവരണംചെയ്തുകഴിഞ്ഞു. കാറ്റും കാറുംകൊണ്ടു കോളു കലശലായി. വള്ളക്കാരന്‍ വലിയ പരിചയമില്ലാത്ത ഒരു ക്രിസ്ത്യാനി. നാലുപുറത്തും നോക്കിയതില്‍ ദീപം എങ്ങും കാണ്മാനില്ല. വള്ളം എങ്ങോട്ടെന്നില്ലാതെ കുറെ ഊന്നി. അതാ ഭയങ്കരമായ ഓളത്തില്‍ വള്ളം അകപ്പെട്ടു. ഞാനും എന്റെ സ്‌നേഹിതനും വള്ളക്കാരനെന്തെടുക്കുന്നു എന്നു സൂക്ഷിച്ചു. കഴുക്കോല്‍ എത്താത്തതുകൊണ്ടും പ്രകൃതിവൈപരീത്യംകൊണ്ടും ആ ചെറുപ്പക്കാരന്‍ പരിഭ്രമിച്ച് അമരത്തു കാറ്റിന്റെ ശൈത്യം സഹിക്കാതെ ചുരുണ്ടുകൂടിയിരിക്കുന്നു. അയാളെ ധൈര്യപ്പെടുത്താനും ഉല്‍സാഹിപ്പിക്കാനുമായി ഞങ്ങള്‍ വിളിച്ചുനോക്കി. ഒന്നു വിളിച്ചു. രണ്ടുപ്രാവശ്യം വിളിച്ചു. നാലുപ്രാവശ്യം വിളിച്ചു. ഭയംകൊണ്ട് അയാളുടെ ശബ്ദം പൊങ്ങുന്നില്ല. അയാള്‍ ചാകാതെ ചത്തിരിക്കയാണ്. തുഴയാന്‍ ഞങ്ങള്‍ ഒന്നും കരുതീട്ടില്ല. കൊച്ചുദേവസ്സി – ആ വള്ളക്കാരന്‍ – തൊണ്ടയിടറി എന്തോ ശബ്ദിച്ചു. കാലന്‍ തന്റെ ദീര്‍ഘപാശംകൊണ്ട് അയാളെ മിക്കവാറും ചുറ്റിക്കെട്ടിക്കഴിഞ്ഞുകാണും. ബാക്കികൊണ്ട് ഉടനെ ഞങ്ങളേയും… എന്നു ഞങ്ങള്‍ക്കു തോന്നിപ്പോയി. സ്വാമിമാത്രം – ഏതാപത്തിലും കുലുങ്ങാത്ത ആ തിരുഹൃദയം – കുളുര്‍ത്തുകൊണ്ടു മൂളിപ്പാട്ടു പാടുകയാണ്. ഞങ്ങള്‍ സ്വാമീ! എന്നൊന്നു സങ്കടത്തോടെ വിളിച്ചു. എന്റെ സ്‌നേഹിതന്‍ പറഞ്ഞു. ‘നമ്മുടെ അവസാന യാത്രയായിരിക്കാം.’ അദ്ദേഹം പിന്നെയും വ്യസനിച്ചു പറഞ്ഞു, ‘കഷ്ടം! വയസ്സുകാലത്തു സ്വാമിക്കും ഇപ്രകാരം ഒരു ഗതി സംഭവിപ്പാനാണു ദൈവനിശ്ചയം അല്ലേ പിള്ളേ!’ എനിക്കാകട്ടെ ഒരു ശബ്ദവും വെളിയില്‍ പുറപ്പെടുവിക്കാന്‍ ശക്തിയില്ലായിരുന്നു. വീരവാദങ്ങളെല്ലാം ആ സന്ദിഗ്ദ്ധസ്ഥിതിയില്‍ ആണ്ടുപോയി. എറക്കവലിവില്‍ ഞങ്ങളുടെ വള്ളം കടലിലേയ്ക്കുതന്നെ അതിശീഘ്രം പോകുന്നു. കൊടുങ്ങല്ലൂര്‍ അഴിയോടു സമീപിച്ചാല്‍ പിന്നെ രക്ഷയെന്ത്? ഞാനെന്തു പറയാനാണ്. വിഷമിച്ച ഞാന്‍ ഇങ്ങനെ പറഞ്ഞു: ‘നായരേ! തയാറായിക്കൊള്ളൂ. അവസാനപ്രാര്‍ത്ഥനയ്ക്ക്.’ അത്രമാത്രം.
‘ഞങ്ങള്‍ രണ്ടുപേരും സ്വാമിയുടെ കുറെക്കൂടി സമീപമായിരുന്നു. സ്വാമീ! എന്നു പിന്നെയും വിളിച്ചു. സ്വാമി പറഞ്ഞു. ‘നമുക്ക് ഒരാപത്തിനും ഇപ്പോള്‍ കാലമില്ല. പരിഭ്രമിക്കാതിരിക്കൂ’ എന്നു മാത്രം. ഞങ്ങള്‍ കുറെ ആശ്വസിച്ചു. എന്നാലും വന്‍കടലിലേയ്ക്കല്ലേ വഞ്ചിയുടെ ഗതി? രക്ഷയെവിടെ? സ്വാമിയുടെ സഹചാരികളായ ഞങ്ങള്‍ക്ക് അത്യന്തപരിചയംനിമിത്തം ആ മഹാപ്രഭാവന്റെ അമേയശക്തികളെ അപ്പടി വിശ്വസിക്കാന്‍ മരണം സമീപിച്ചിരിക്കുന്നുയെന്നുള്ള ബോദ്ധ്യം നിമിത്തം തല്‍ക്കാലം സാധിച്ചില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ ഒരു പത്തുമിനിട്ടോളം കഴിഞ്ഞു. അപ്പോള്‍ അതാ ഒരു ദീപം പ്രത്യക്ഷമായി. വള്ളം സ്വയമേ ഒഴുക്കിനും എറക്കവലിവിനും വിപരീതമായി മൂത്തകുന്നം ക്ഷേത്രനടയില്‍ വന്നുറച്ചു. കൊച്ചുദേവസ്സിയെ ആദ്യം ഉണര്‍ത്തി. ശ്വാസം നേരേവീണ ഞങ്ങള്‍ ഒരുവിധം കരപറ്റിയെന്നാശ്വസിച്ചു. ശാന്തിക്കാരനും ആള്‍ക്കാരും വന്നു സല്‍ക്കരിച്ചു. വഴിതിരിച്ചുതന്നു. ഞങ്ങള്‍ അന്നുതന്നെ സൗഖ്യമായി വസതിയില്‍ എത്തുകയും ചെയ്തു.
‘വര്‍ഷക്കാലത്തു പെരിയാറ്റിന്റെ സംഗമസ്ഥലമായ കൊടുങ്ങല്ലൂര്‍ക്കായലില്‍ ജലപ്രവാഹത്തിന് എതിരായി അഴീക്കോട്ടുനിന്നു മൂത്തകുന്നം ക്ഷേത്രംവരെ ഉദ്ദേശം രണ്ടുനാഴികദൂരം കിഴക്കുതെക്കായി യാതൊരാളും തുഴയാതെ ഞങ്ങളുടെ വള്ളം സഞ്ചരിച്ചതും, ഞങ്ങള്‍ രക്ഷപ്രാപിച്ചതും, പലപ്പോഴും അനുസ്മരിച്ച് അതിശയിക്കാറുണ്ട്.’
അവിടത്തെ കായികമായ കരുത്തിനെപ്പറ്റി പലരും പ്രശംസിച്ചുകേട്ടിട്ടുണ്ട്. പെരുമ്പാവൂര്‍ പുളിയനാട്ട് പത്മനാഭപിള്ള ഒരു സംഭവം വര്‍ണ്ണിക്കുന്നതു നമുക്കു ശ്രദ്ധിക്കാം:
‘പെരുമ്പാവൂരില്‍ അക്കാലത്തു ഗുരുവായൂര്‍ക്കാരന്‍ വേലപ്പമേനവന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. അദ്ദേഹം ആരോഗ്യവാനും ദൃഢഗാത്രനുമായിരുന്നു. സ്വാമികള്‍ അവിടെയുള്ളപ്പോള്‍ കണ്ടു സംസാരിക്കുവാന്‍ മേനവന്‍ കൂടാറുണ്ട്. കുതിരസ്സവാരിയിലും നീന്തലിലും മേനവന്‍ കാണിച്ചിട്ടുള്ള സാമര്‍ത്ഥ്യങ്ങളെപ്പറ്റി സ്വാമികളോടു പലപ്പോഴും പറയാറുണ്ടായിരുന്നു. നീന്തുന്നതില്‍ തന്നെ ആര്‍ക്കും തോല്പിക്കാന്‍ സാധിക്കയില്ല എന്നു മേനവന്‍ പറഞ്ഞു.
സ്വാമികള്‍:- അങ്ങനെ പറയരുത്. വല്ലവരും ഉണ്ടായെന്നു വരരുതോ?
മേനവന്‍:- എന്നാല്‍ നമുക്കൊന്നു പന്തയംവച്ചു പരീക്ഷിക്കാം.
സ്വാമി:- പന്തയം വേണ്ട പരീക്ഷിച്ചുനോക്കാം.
മേനവന്‍:- നാളെത്തന്നെയാകാം. ആ വലിയ ചിറയില്‍ത്തന്നെ നീന്താം.
സ്വാമി:- എന്നെങ്കിലും സൗകര്യംപോലെയാകാമല്ലോ.
മേനവന്റെ നിര്‍ബന്ധമനുസരിച്ച് അടുത്തദിവസംതന്നെ നീന്തല്‍ മല്‍സരം നിശ്ചയിച്ചു. ഞങ്ങള്‍ കുറച്ചുപേര്‍ കൂടി ചിറയുടെ കരയില്‍ കൂടിയിരുന്നു. മേനവന്‍ പറഞ്ഞു: ‘ഈ തെക്കേക്കടവില്‍നിന്നും നീന്തി അക്കരെ നില്‍ക്കാതെ തിരിച്ച് ഈ കടവില്‍ വന്നുനില്‍ക്കണം.’ ‘അക്കരെ ചെന്നുനിന്നിട്ട് ഇക്കരെവന്നാല്‍ പോരയോ?’ എന്ന സ്വാമികളുടെ ചോദ്യത്തിനു ‘പോരാ’ എന്നു മേനവന്‍ ശഠിക്കയാണു ചെയ്തത്. ചിറയ്ക്കു വളരെ വിസ്താരമുണ്ടായിരുന്നു. വര്‍ഷകാലമായിരുന്നുതുകൊണ്ടു വെള്ളവും വളരെ കൂടുതലുണ്ടായിരുന്നു. ആദ്യം മേനവനും പിറകേ സ്വാമികളും നീന്തിത്തുടങ്ങി. സ്വാമികള്‍ അക്കരെ ചെന്നു നില്‍ക്കാതെ ഇക്കരയ്ക്കു നീന്തി പകുതിയായപ്പോള്‍ മേനവന്‍ അക്കരെയെത്താതെ കൈകാല്‍ കുഴഞ്ഞു വെള്ളം കുടിക്കുമെന്ന സ്ഥിതിയിലായി. ഇതു കണ്ടു സ്വാമികള്‍ മേനവനെ ഒരു കൈകൊണ്ടു പിടിച്ചുതാങ്ങിയും ഒറ്റക്കൈകൊണ്ടു തുഴഞ്ഞും ഇക്കരെയെത്തി. എല്ലാവരും ചിരിച്ചു. മേനവന്‍ ലജ്ജിച്ചു തലതാഴ്ത്തി സ്വാമികളോടു ക്ഷമാപണം ചെയ്തു.’
സിദ്ധന്മാര്‍ക്കല്ലേ സിദ്ധന്മാരെ അറിഞ്ഞുകൂടൂ. ഒരിക്കല്‍ സ്വാമികളും തലവടി ശ്രീ. കൃഷ്ണപിള്ളയുംകൂടി ഒരു സായാഹ്നസവാരിക്കു പുറപ്പെട്ടു. ‘മദ്ധ്യേമാര്‍ഗ്ഗം ഒരു ഭ്രാന്തസദൃശന്‍ സ്വാമിപാദങ്ങളെ സമീപിച്ചു തഴുകി കണ്ണുനീര്‍വാര്‍ത്ത് ഉപചരിച്ചതു കണ്ട ശ്രീ. കൃഷ്ണപിള്ള കൗതുകപരവശനായി. അതിന്റെ അര്‍ത്ഥം സ്പഷ്ടമാക്കണമെന്നു സ്വാമികളോടു അപേക്ഷിച്ചു. അതു നിസ്സാരമാക്കേണ്ടതാണെന്നു സ്വാമികള്‍ ഒഴിഞ്ഞിട്ടും നിര്‍ബന്ധം കഠിനമായപ്പോള്‍ അക്കാലം അവിടെ സഞ്ചരിക്കുന്ന രണ്ടുമൂന്നു മഹാജ്ഞാനികളില്‍ ഒരു മഹാത്മാവാണ് ആ ഭാഗ്യവാന്‍ എന്നും അടുത്തദിവസം ഒരുമണിയോടെ പരമസമാധിയടയുന്നതിലുണ്ടായ ആഹ്ലാദസൂചകമായിരുന്നു വാര്‍ത്ത കണ്ണീരെന്നും ഗോപനീയമായ ഈ വസ്തുത അന്യശ്രവണങ്ങള്‍ താനുള്ളപ്പോള്‍ അറിയരുതെന്നും പറഞ്ഞു ശ്രീ. കൃഷ്ണപിള്ളയുടെ കൗതുകത്തിനു ശമനമുണ്ടാക്കി. പിറ്റേദിവസം നിശ്ചിതസമയം ആ വിശിഷ്ടസംഭവം നടന്നതിനു ശ്രീ. കൃഷ്ണപിള്ളതന്നെയായിരുന്നു പ്രമാണം. മഹാത്മാക്കളുടെ മഹനീയജീവിതസരണികള്‍ വെറും ബാഹ്യദൃഷ്ടികളായ ലൗകികരുണ്ടോ അറിയുന്നു!’
ഒട്ടനവധിയുണ്ടു സ്വാമികളുടെ സിദ്ധികള്‍. പ്രേക്ഷകലോകത്തെ വിസ്മയത്തിന്റെ മൂടുപടമണിയിക്കുവാന്‍ ഇത്തരം പ്രകടനങ്ങള്‍ പര്യാപ്തമായി എന്നുവരാം. പക്ഷേ, അവിടത്തെ ആദ്ധ്യാത്മികമഹത്വത്തിന്റെ മാനദണ്ഡമായി ഈ സിദ്ധികളെ കല്പിക്കുന്നതു ശരിയാകാനിടയില്ല.