ഷഷ്ടിപൂര്‍ത്തിക്കുശേഷം

ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം എട്ട്

സ്വാമികള്‍ക്ക് അറുപതുവയസ്സു തികയാറായി. അവിടത്തെ ഷഷ്ടിപൂര്‍ത്തി യഥോചിതം ആചരിക്കുവാന്‍ ശിഷ്യപ്രമുഖന്മാരും ഭക്തന്മാരും ആലോചന തുടങ്ങിയെങ്കിലും ആ സംരംഭത്തിന് ആദ്യം അവിടത്തെ ആശീര്‍വാദം ഉണ്ടായില്ല. ആഡംബരപൂര്‍വ്വമുള്ള ആഘോഷമായിരുന്നില്ല ശിഷ്യന്മാരുടെ ലക്ഷ്യം. ധര്‍മ്മോദ്‌ബോധനത്തിന് ഒരു യോഗമഠം സ്ഥാപിച്ച് ഒരു സന്യാസപരമ്പര ഉല്‍ഘാടനം ചെയ്യുന്നതിനാണ് അവര്‍ ശ്രമിച്ചത്. ഉത്സാഹികളില്‍ തലവന്‍ തീര്‍ത്ഥപാദപരമഹംസസ്വാമികളായിരുന്നു. ആശ്രമം സ്ഥാപിക്കുവാന്‍ എഴുമറ്റൂര്‍ മനോഹരമായ ഒരു സ്ഥാനമായി അദ്ദേഹം കണ്ടു. ഈ വിവരം കാണിച്ച് അദ്ദേഹം സ്വാമികള്‍ക്കയച്ച ഒരു കത്തിന്റെ ചില ഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു.

എഴുമറ്റൂര്‍
88 മിഥുനം 5

ഓം തത് സത്

….നാം ഒടുക്കം തീരുമാനിച്ചിട്ടുള്ള പ്രകാരം ആണ്ടുപിറന്നാല്‍ ഉടനെ മൂന്നുപേരും കൂടി ഒന്നിച്ചിരുന്നു വിശ്രമിക്കുന്നതിനുള്ള ഒരു ഏകാന്തസങ്കേതം രൂപീകരിക്കുന്നത് ഈ ആണ്ടില്‍ ദുഷ്‌കരമായിരിക്കുന്നല്ലോ എന്നുള്ള വിചാരത്താല്‍ മനസ്സിനും നല്ല സ്വാസ്ഥ്യം ഉണ്ടായിരുന്നില്ല. എങ്കിലും ഇവിടെ വടക്കേക്കോയിക്കലെ തമ്പുരാന്മാരുടെ പ്രിയതരമായ ആതിഥ്യം സ്വീകരിച്ചു താമസിക്കേണ്ടതായിവന്നു. ഇതിനിടയില്‍ എനിക്ക് ഇവിടെ ഒരു ആശ്രമം സ്ഥാപിച്ചാല്‍ കൊള്ളാമെന്നാഗ്രഹം ഉണ്ടായിട്ടുണ്ടെന്നു ധീമാന്മാരായ ഇവര്‍ മനസ്സിലാക്കുകയും അതിലേക്കായി അനുജന്‍ രാമവര്‍മ്മതമ്പുരാന്‍ അവര്‍കള്‍ ഒന്നാംതരം തേക്കുതടിയും കല്ലുംകൊണ്ടു പരിഷ്‌കൃത രീതിയില്‍ പണിയിച്ചിട്ടുള്ള രണ്ടു നല്ല കെട്ടിടങ്ങളും അതുകളിരിക്കുന്ന പുരയിടങ്ങളുംകൂടി നമ്മുടെ ആശ്രമത്തിലേക്കായി വിട്ടൊഴിഞ്ഞു സര്‍വ്വസ്വാതന്ത്ര്യമായി അനുഭവിച്ചുകൊള്ളുന്നതിനു ദാനപത്രമെഴുതി രജിസ്റ്റര്‍ചെയ്തു തന്നിരിക്കുകയും ചെയ്തിരിക്കുന്നു…. നമ്മുടെ പ്രധാനകേന്ദ്രം ഇവിടെ ഉറപ്പിച്ചാല്‍ നല്ലതായിരിക്കുമെന്നാണ് എന്റെ താഴ്മയായ അഭിപ്രായം. നമ്മുടെ വാഴൂരെ ആശ്രമത്തേയും ഇതിനേയും കൂട്ടിച്ചേര്‍ത്തു വേണ്ടതായ വ്യവസ്ഥകളോടുകൂടി അവിടത്തെ ദിവ്യസാന്നിദ്ധ്യത്തില്‍ നീലകണ്ഠതീര്‍ത്ഥസ്വാമികളുടേയും എന്റേയും ഏകോപിച്ചുള്ള പ്രയത്‌നത്തില്‍ അവിടത്തെ ഷഷ്ടിപൂര്‍ത്തിസ്മാരകമായി തുറക്കപ്പെടുന്ന ഈ പരിശുദ്ധാശ്രമത്തില്‍ ഋഷീശ്വരന്മാരുടെ അനുഗ്രഹഫലങ്ങള്‍ സര്‍വ്വസജ്ജനാസ്വാദനീയമായ വിധത്തില്‍ പ്രകാശിച്ചുകാണുന്നതിന് അനുഗ്രഹിപ്പാറാകണമെന്നുള്ള ആഗ്രഹവിശേഷത്തെ സന്നിധിയില്‍ സമര്‍പ്പിച്ചുകൊള്ളുന്നു…

അവിടത്തെ വാത്സല്യഭാജനമായ സ്വന്തം തീര്‍ത്ഥം.

പരമഹംസരുടെ ഈ ആശയത്തിനോട് സ്വാമികള്‍ക്കു വിപരീതാഭിപ്രായം ഉണ്ടായിരുന്നില്ല. കത്തിന് അവിടത്തെ മറുപടി ഇതായിരുന്നു:

88 മിഥുനം ൧൪, കൊല്ലം

ശ്രീ
ശിവമയം

എഴുത്തുകിട്ടി. ഇടമില്ലാത്തതിനാല്‍ വിമ്മിഷ്ടപ്പെട്ട് അടങ്ങിയൊതുങ്ങിയിരിക്കുന്ന സന്തോഷത്തെക്കുറിച്ച് ഒന്നുംതന്നെ പറയുന്നതിനു വിശേഷമില്ല.

നിശ്ചയിച്ചു പറഞ്ഞിട്ടുള്ളതില്‍ വ്യത്യാസമില്ല. പ്രാരാബ്ധപ്രകാരമാകട്ടെ.

ഈ ശരീരസംബന്ധമായ രക്ഷാനിയമത്തെ ഇനിയേല്‍ക്കുന്നവര്‍ ശ്രുത്യന്തരരെന്നുവരികിലും ഇതിന്റെ അത്യന്ത കൃത്യാന്തരരായിത്തന്നെയിരിക്കും.

ഇഹത്തില്‍ അത്യുല്‍കൃഷ്ടനിഷ്‌കാമസുകൃതസാമ്രാജ്യത്തെ പരിപാലിച്ച് അനുഭവിക്കുന്നതുകൊണ്ടും പരത്തില്‍ സര്‍വ്വോത്തമമോക്ഷസാമ്രാജ്യത്തെ പരിപാലിച്ച് അനുഭവിക്കുന്നതിലേക്കുള്ള ഉത്തമാധികാരിയുടെ സ്ഥാനത്തില്‍ അമന്ദാരുരുക്ഷുക്കളായിരിക്കുന്നതുകൊണ്ടും ലേഖനത്തില്‍ വര്‍ണ്ണിക്കപ്പെട്ടുകാണുന്ന ധീരന്മാരായ ആ പുരുഷൈകരത്‌നങ്ങള്‍ക്കു സാധാരണ ഉപയോഗിച്ചുവരുന്ന ഈ രാജശബ്ദം ഏകദേശാര്‍ത്ഥവത്തായേ ഇരിക്കയുള്ളൂ. വാസ്തവത്തില്‍ ഇക്കാലത്തിലെ ഏകചക്രവര്‍ത്തിശബ്ദമാണു തക്കതായുള്ളത്.

ചട്ടമ്പി

ആയിരത്തി എണ്‍പത്തൊന്‍പതു ചിങ്ങം എട്ടാം തീയതിയായിരുന്നു സ്വാമികളുടെ ഷഷ്ട്യബ്ദപൂര്‍ത്തിദിനം. ഗ്രാമഭംഗി തിങ്ങിവിങ്ങിയ എഴുമറ്റൂര്‍പ്രദേശം അതിനായണിഞ്ഞൊരുങ്ങി. ശാന്തിസന്ദേശവാഹകരായ സ്വാമിഭക്തന്മാര്‍ ഉത്സാഹഭരിതരായി ആഗതരെ സല്‍ക്കരിച്ചു. ആര്‍ഭാടരഹിതമായ ഒരു ചെറിയ സമ്മേളനം സ്വാമി ദയാനന്ദന്റെ അദ്ധ്യക്ഷതയില്‍ കൂടി സ്വാമി പ്രശസ്തിപരങ്ങളായ പ്രസംഗങ്ങളിലൂടെ അവിടത്തോടുള്ള ബഹുമാനാദരം പ്രകടിപ്പിച്ചു. തത്സമയം സ്വാമികളും നീലകണ്ഠതീര്‍ത്ഥപാദസ്വാമികളും സന്നിഹിതരായിരുന്നു. മംഗളാശംസാശ്ലോകങ്ങള്‍ ചേര്‍ത്ത് ‘ഷഷ്ടിപൂര്‍ത്തിപ്രശസ്തി’ എന്ന ഗ്രന്ഥവും അന്നേദിവസം പ്രസിദ്ധം ചെയ്യുകയുണ്ടായി. യോഗാനന്തരം ‘പരമഭട്ടാരാശ്രമം’ സ്വാമികള്‍ ഉല്‍ഘാടനം ചെയ്തു. യോഗജ്ഞാനസമ്പ്രദായങ്ങളെ കേരളീയ സംസ്‌ക്കാരത്തിന്നനുരൂപമായവിധം പ്രചരിപ്പിക്കുന്നതിനു ‘തീര്‍ത്ഥപാദസമ്പ്രദായം’ എന്ന പേരില്‍ ഒരു സന്യാസിപരമ്പരയും ആ ആശ്രമത്തെ കേന്ദ്രമാക്കി അവിടന്നു സ്ഥാപിച്ചു. ‘ഉപാസനയിലും യോഗമാര്‍ഗ്ഗങ്ങളിലും സിദ്ധാന്തസമ്പ്രദായത്തേയും ജ്ഞാനമാര്‍ഗ്ഗത്തില്‍ വേദാന്തത്തേയും സിദ്ധാന്തത്തേയും സമന്വയിച്ചു കൊണ്ടുള്ള വിചാരക്രമങ്ങളേയുമാണ് തീര്‍ത്ഥപാദസമ്പ്രദായത്തിലെ സന്യാസിമാര്‍ അംഗീകരിച്ചിരിക്കുന്നത്.’

വടക്കേകോയിക്കല്‍തമ്പുരാക്കന്മാരുടേയും പരമഹംസസ്വാമികളുടേയും നിര്‍ബന്ധമനുസരിച്ച് സ്വാമികള്‍ കുറച്ചുനാള്‍ എഴുമറ്റൂര്‍ വിശ്രമിച്ചു. ആശ്രമത്തിലെ സുഖസൗകര്യങ്ങള്‍ അവിടന്നു താഴെക്കാണുന്ന കത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്.

എഴുമറ്റൂര്‍, 89 തുലാം 14

ശ്രീ
ശിവമയം

മൃദംഗം നന്നായി. കുട്ടനിതാ അങ്ങോട്ടു വരുന്നു. എന്റെ പാകത്തിനു കൂട്ടാന്‍വയ്ക്കുന്ന കാര്യത്തില്‍ ഇവന്‍ പണിക്കരേയും ജയിക്കുന്നു. ചോറുമാത്രം ചിലപ്പോള്‍ മുഴുവനും ഒത്തില്ലെന്നു വരുന്നുണ്ട്. ‘നിമജ്ജതീന്ദോഃ കിരണേഷ്വിവാങ്കഃ’ എന്നപോലേയുള്ളൂ. ഒട്ടും പിടിക്കായ്കയില്ല. മൃദംഗയജമാനനോട് ഇന്നലെ ഞാന്‍ പറഞ്ഞു ഇവിടത്തെ ജനങ്ങള്‍ക്കു മനഃപൂര്‍വ്വമായ നിഷ്‌കളങ്ക സ്‌നേഹാദിയുണ്ട്. രാമന്‍പിള്ള, കേശവപിള്ള, തമ്പി, മാസ്റ്റര്‍ തമ്പുരാന്‍ ഇവരും കാരണവനിവഹവും നമ്മുടെ കാര്യത്തെപ്പറ്റിയുള്ള അന്വേഷണത്തെ അവരുടെ പ്രധാന കൃത്യങ്ങളിലൊന്നാക്കിത്തന്നെ വിചാരിക്കുന്നു. ഏകാദശിദിവസം ഭജന മുടക്കുന്നില്ല. വലിയ മഴയും ഇരുട്ടുമായിട്ടും മുടക്കിയില്ല. ആശ്രമത്തിനു ചുറ്റും കയറിവരുന്ന വഴിക്ക് കാടുതകര്‍ത്തുവരുന്നതിനെ ഇവര്‍ തൂമ്പായും കൊണ്ടുവന്നു ഭേഷാക്കി നന്നാക്കുന്നുണ്ട്. വാദ്ധ്യാര്‍തമ്പുരാനും അതില്‍ അഭിമാനം കൂടാതെ തൂമ്പാപ്രയോഗിക്കയും വീഴുകയും ഒക്കെയുണ്ട്…

ചട്ടമ്പി.

ശാന്തവും സമാധാനപൂര്‍ണ്ണവുമായ ഒരു ഋഷീശ്വരജീവിതം സ്വാമികള്‍ നയിച്ചു. മധുരമായ സംഗീതാലാപവും മേളവും ഇവിടെയും ഉണ്ടായിരുന്നു. അവിടത്തെ കുശലാന്വേഷണങ്ങള്‍ക്കു ഒരു രസമുണ്ട്. ആശ്രമപ്രാന്തത്തില്‍ സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന കാട്ടുതകരകണ്ട് അവിടന്നു ചോദിക്കയാണ്: ‘ഞാന്‍ ഇവിടെ വന്നപ്പോള്‍ നീയും ഇവിടെ വന്നോ’ എന്ന്. ജീവജന്തുക്കളോടുള്ള കാരുണ്യം ഇവിടെവച്ചും സ്വാമികള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. പറമ്പില്‍ വാഴക്കുല പഴുത്താല്‍ മുറിക്കുവാന്‍ അവിടന്നു സമ്മതിച്ചിരുന്നില്ല. അണ്ണാനു തിന്നുവാന്‍ കുറെ കുലകളെങ്കിലും നിര്‍ത്തിയിരിക്കണമെന്ന് അവിടത്തേയ്ക്കു നിര്‍ബന്ധമായിരുന്നു.

എഴുമറ്റൂരെ ആശ്രമംകൊണ്ട് ഉദ്ദിഷ്ടഫലമുണ്ടായില്ല. എന്തുകൊണ്ടോ കാലാന്തരത്തില്‍ ആശ്രമപ്രവര്‍ത്തനം പരാജയപ്പെടുകയാണുണ്ടായത്. ത്യാഗശീലരായ പ്രവര്‍ത്തകരുടെ അഭാവവും പ്രോത്സാഹനക്കുറവും ആയിരിക്കണം അതിന്നു കാരണം. സ്വാമികള്‍ക്കു സ്ഥിരമായി അവിടെ വസിപ്പാന്‍ തരപ്പെട്ടില്ല. പരമഹംസസ്വാമികള്‍ക്കു മതപരമായ പ്രഭാഷണങ്ങള്‍ക്കായി അന്യസ്ഥലത്തു സഞ്ചാരവും നീലകണ്ഠതീര്‍ത്ഥപാദര്‍ക്ക് കരുനാഗപ്പള്ളിയില്‍ സ്ഥിരതാമസവുംകൂടി ആയപ്പോള്‍ ആശ്രമകാര്യങ്ങള്‍ അമാന്തത്തിലായി.

ഈ ഘട്ടത്തില്‍ ചില ഛിദ്രവാസനകളുടെ ധൂമപ്രസരം അന്തരീക്ഷത്തെ മലീമസമാക്കി. സ്വാമികളും നാരായണഗുരുസ്വാമികളും തമ്മിലുള്ള ഗുരുശിഷ്യബന്ധത്തെ വിച്ഛേദിക്കുവാനുള്ള ശ്രമമാണ് ഇവിടെ സൂചിപ്പിക്കുന്നത്. സാംസ്‌കാരികമായ നവോത്ഥാനംകൊണ്ട് അല്പം പുരോഗതിയെ പ്രാപിച്ച ഈഴവസമുദായം അതിന്റെ ഉല്‍ക്കര്‍ഷത്തിലേക്കുള്ള ഗതിയില്‍ നായന്മാരെ മാര്‍ഗ്ഗവിലംഘികളായി കണ്ടു. വിദ്യാസമ്പന്നരായ ഈഴവയുവാക്കന്മാര്‍ക്കു ഉദ്യോഗാര്‍ത്ഥം അന്യദേശങ്ങളെ അഭയം പ്രാപിക്കേണ്ടിവന്ന അവസ്ഥയും ജാതീയമായ അപകര്‍ഷബോധവും കുമാരനാശാന്‍ തുടങ്ങിയ സമുദായപരിഷ്‌കര്‍ത്താക്കളെ പരിതപിപ്പിച്ചു. ഈ മാനസിക പ്രവണതമൂലം ശ്രീനാരായണഗുരുസ്വാമികള്‍ ചട്ടമ്പിസ്വാമികളോടു കാണിച്ച അമിതമായ ആദരവിനെ അംഗീകാരയോഗ്യമായി അവര്‍ ഗണിച്ചില്ല. നാണുഗുരുസ്വാമികളുടെ കാരണഗുരുസ്ഥാനത്തില്‍നിന്ന് ചട്ടമ്പിസ്വാമികളെ നിഷ്‌കാസനം ചെയ്തുകൊണ്ട് ഒരു ജീവചരിത്രലേഖനം ഈ അവസരത്തില്‍ ‘മിതവാദി’യില്‍ വന്നു. അതിനെ എതിര്‍ക്കുവാന്‍ ചട്ടമ്പിസ്വാമികളുടെ ആരാധകരായ ചിലര്‍ സന്നദ്ധരായി. എന്നാല്‍ ഈ ലീലാകലഹത്തില്‍ സ്വാമികളും ഗുരുസ്വാമികളും മൗനം ഭജിച്ചതേയുള്ളൂ.

ചട്ടമ്പിസ്വാമികള്‍ നാരായണഗുരുസ്വാമികളുടെ വിദ്യാഗുരുക്കന്മാരില്‍ ഒരാളാണെന്നുള്ളതു നിരാക്ഷേപമായ പരമാര്‍ത്ഥമായിരിക്കെ ഗുരുവല്ലെന്ന വാദം തൊടുത്തുവിട്ടത് താല്ക്കാലികമായ ഒരമര്‍ഷത്തിന്റെ ബഹിര്‍ഗമനമായിരുന്നു. ശ്രീനാരായണഗുരുസ്വാമികള്‍തന്നെ ‘നവമഞ്ജരി’ എന്ന ആദ്യകാലകൃതിയില്‍,

‘ശിശുനാമഗുരോരാജ്ഞാം
കരോമി ശിരസാ വഹന്‍
നവമഞ്ജരികാം ശുദ്ധീ-
കര്‍ത്തുമര്‍ഹന്തി കോവിദാഃ’

എന്നിങ്ങനെ സ്വാമികളെ പരാമര്‍ശിക്കുന്നുണ്ട്. ഷണ്മുഖദാസര്‍, ശിശുനാമകന്‍, ബാലാഹ്വന്‍, പരമഭട്ടാരകന്‍ എന്നീ പല പേരുകളാല്‍ കഥാനായകന്‍ സ്തൂയമാനനാണ്. വാഴവിളമറ്റത്തു ജി. നാണു എഴുതിയ ‘ശ്രീനാരായണപരമഹംസചരിതം വഞ്ചിപ്പാട്ടി’ലും, നാരായണഗുരുവിനെ യോഗമഭ്യസിപ്പിച്ച ഗുരു ഷണ്മുഖദാസര്‍ എന്നു പറയുന്നു. കൂടാതെ ശീവേലിക്കര കുഞ്ഞിരാമന്‍ വൈദ്യരാല്‍ വിരചിതമായ ‘ശ്രീനാരായണഗുരുസ്വാമിചരിതം’ താരാട്ടിലും ഷണ്മുഖദാസരാണ് ഗുരുസ്വാമികളുടെ യോഗോപദേഷ്ടാവ് എന്നു കാണുന്നുണ്ട്. സ്വാമികളാകട്ടെ, ‘ദേവാര്‍ച്ചാപദ്ധതി’ എന്ന ഗ്രന്ഥത്തിന്റെ ഉപോദ്ഘാതത്തില്‍, ‘യോഗജ്ഞാനപാരംഗമതയ്ക്ക് – യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കുകയും പരിശീലിക്കുകയും ചെയ്തു ആരൂഢപദത്തിലെത്തുന്നതിന് അനേക സംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാണുഗുരു’ എന്നു പ്രസ്താവിക്കുന്നു. ബ്രഹ്മാനന്ദസ്വാമികളുടെ ശിഷ്യന്മാര്‍ക്കു സ്വാമികള്‍ അയച്ച ഒരു കത്തിലും, ‘ഞാനും മുന്‍പു യോഗജ്ഞാനവിഷയത്തില്‍ എന്റെ ശിഷ്യനായിരുന്ന നാണുഗുരുസ്വാമിയും’ എന്നു ശ്രീനാരായണഗുരുസ്വാമികളെ തന്റെ ശിഷ്യനായിത്തന്നെ അവിടന്നു പരിഗണിക്കുന്നു. ശ്രീനാരായണഗുരുസ്വാമികള്‍ ജീവിച്ചിരിക്കുമ്പോള്‍ പുറത്തുവന്ന ഈ പ്രസ്താവങ്ങളെ അദ്ദേഹം നിഷേധിക്കുകയുണ്ടായില്ല. ഗുരുസ്വാമികളുടെ മൗനത്തില്‍ സംശയം പ്രകടിപ്പിച്ച ഒരാളിനോടു കഥാനായകനായ സ്വാമികള്‍ പറഞ്ഞത് ഇപ്രകാരമാണ്: ‘തീക്കട്ടയില്‍ എറുമ്പരിക്കുകയില്ല.’ തര്‍ക്കവിഷയത്തെപ്പറ്റി സമഗ്രമായി പഠിച്ചു പ്രൗഢപണ്ഡിതനായ പ്രൊഫസര്‍ കെ. ബാലരാമപ്പണിക്കര്‍ വിധി നിര്‍ണ്ണയിക്കുന്നതു നോക്കുക: ‘ശ്രീനാരായണഗുരുവിന്റെ അതിപാവനവും ലോകാനുഗ്രഹപരവും സര്‍വ്വസമാരാദ്ധ്യവുമായ സ്വരൂപപ്രാപ്തിക്കു സഹായ്യവും സഹയോഗവും ഉപദേശവും നല്‍കി അനുഗ്രഹിച്ച ശ്രീ. ചട്ടമ്പിസ്വാമികളെ അദ്ദേഹത്തിന്റെ വിദ്യാഗുരുക്കന്മാരില്‍ പ്രമുഖനായിത്തന്നെ കാണക്കാക്കേണ്ടതാണ്.’

ശ്രീനാരായണഗുരുവിന്റെ ഉത്തമശിഷ്യനായ നടരാജഗുരു ‘The Word of the Guru’ എന്ന ഗ്രന്ഥത്തില്‍ സ്വാമികളുമായുള്ള ശ്രീനാരായണഗുരുവിന്റെ ബന്ധത്തെ ഇപ്രകാരം വ്യവസ്ഥാപിക്കുന്നു. ‘The Word of Guru’. (Page 258)

‘In this early wanderings, the Guru was influenced by two personalities who deserve mention here. One of these was called Kunjan Pillay. He was a Chattambi, senior or monitor of the Sanskrit school where the Guru went for his finishing course in Sanskrit rhetoric. Later he became an elder brother and companion in the wanderings of the Guru. In fact, round the person of this senior companion who represented the solid native wisdom of the soil was noticed a kind of renaissance, literary, cultural and spiritual, in the Travancore of the early nineties. A group including poets, grammarians, yogis and medical men versed in Ayurveda helped in the impetus given to native wisdom. The invention of steam, the scientific renaissance with many other inventions and discoveries made during the long reign of Queen Victoria, all contributed a share to this flowering in the far South of India, bringing new values into the atmosphere.

The Guru’s sensitive spirit responded to the situation surprisingly. Kunjan Pillay Chattambi, who was one of the leaders of the renaissance group, recognized early the potentialities of the Guru Narayana and consciously encouraged him to unfold and open out and by his intelligent elderly guidance, helped the shy, young and retiring Nanu of those days. One of the early compositions of the Guru called Navamanjari (Nine Verses) expressly recognizes at the beginning how it came to be written at the instance of the Sisu Nama Guru, which is the Sanskrit designation for the name of Kunjan Pillay whom the Guru Narayan, at the start of his own career avowedly called a ‘Guru’. This is as good as calling him his own ‘Guru’.

The relation between them has been the subject of some interested controversy, but once on being questioned about the Guruhood of the Chattambi Swami, the Guru Narayana said he saw no objection in taking Chattambi Swami as Guru. He readily accepted the senior companion and paid full respect to him, conceding him all priority.’

ഗുരുസ്വാമികളെ, ചട്ടമ്പിസ്വാമികളുടെ പരിചയവലയത്തില്‍നിന്ന് മാറ്റിയാലും അദ്ദേഹത്തിനു സ്വകീയമായ ഒരു സ്ഥാനവും ആത്മചൈതന്യവുമുണ്ട്. അതുപോലെ സ്വാമികളെ ശ്രീനാരായണഗുരുവിന്റെ ഗുരുസ്ഥാനത്തുനിന്നും നീക്കിനിര്‍ത്തിയാലും അവിടത്തെ ആത്മപ്രഭാവത്തിനും വിവിധവും വിപുലവുമായ നേട്ടങ്ങള്‍ക്കും യാതൊരു കോട്ടവും തട്ടുന്നില്ല. രണ്ടുപേരും ആദ്ധ്യാത്മികമായി അഭികാമ്യമായ പദത്തെ പ്രാപിച്ചിട്ടുള്ളവരാണ്. ആര്‍ഷസംസ്‌കാരത്തിന്റെ ആന്തരസത്തയുടെ ഭാവഭരിതവും ചൈതന്യപൂര്‍ണവുമായ പ്രതീകങ്ങളാണ് അവര്‍. നമുക്കു ഗുരുക്കന്മാരാണ് അനശ്വരയശസ്വികളായ രണ്ടുപേരും.

ആലത്തൂര്‍ ശിവയോഗി എന്നപേരില്‍ പ്രസിദ്ധനായ ബ്രഹ്മാനന്ദസ്വാമിയുമായി ഒരു സംഘട്ടനത്തിനു ചില പ്രേരകശക്തികള്‍ ഉദയം ചെയ്‌തെങ്കിലും ആ വിമര്‍ശാഗ്നി വലിയ ക്ഷോഭം കൂടാതെ കെട്ടടങ്ങുകയാണ് ചെയ്തത്. ബ്രഹ്മാനന്ദസ്വാമിയുടെ ‘മോക്ഷപ്രദീപം’ എന്ന ഗ്രന്ഥമാണ് അവിടത്തെ ആക്ഷേപത്തിനു ലക്ഷ്യമായത്. പ്രസ്തുത ഗ്രന്ഥത്തിന്റെ അവതാരികയില്‍ ‘എന്റെ പുസ്തകം വായിച്ചാല്‍ മോക്ഷമാര്‍ഗ്ഗത്തില്‍ യാതൊരു സംശയവുമുണ്ടാകയില്ല… യോഗത്തിലുള്ള സിദ്ധികളെ കേട്ടാല്‍ സര്‍വ്വമതങ്ങളും ലജ്ജിച്ചോടിപ്പോകും’ എന്നു ഗ്രന്ഥകാരന്‍ പ്രസ്താവിച്ചുകാണുന്നു. ‘യോഗവും ശക്തിയും’ തന്നെയാണു മുഖ്യമായിട്ടുള്ളവയെന്നും യോഗം കൊണ്ടു മാത്രമേ മുക്തി സിദ്ധിക്കൂ എന്നും യോഗി ജ്ഞാനിയേക്കാള്‍ ശ്രേഷ്ഠനാണെന്നും ബ്രഹ്മമെന്നുള്ളതു ശക്തിയുടെ ഒരു പര്യായനാമം മാത്രമേ ആകുന്നുവെന്നും ജ്ഞാനംകൊണ്ടു മുക്തിയില്ലെന്നും ജ്ഞാനിക്കു മരണം, കര്‍മ്മാനുഭവം, പുനര്‍ജ്ജന്മം ഇവയുണ്ടെന്നും അനന്തരം എപ്പോഴെങ്കിലും യോഗിയുടെ സംസര്‍ഗ്ഗം സിദ്ധിച്ചിട്ടു തല്‍കൃപ നിമിത്തം ജ്ഞാനി യോഗിയായി ഭവിക്കുകയും സംസാരം നശിക്കുകയും ചെയ്യുമെന്നും’ മറ്റുമാണു മോക്ഷപ്രദീപത്തില്‍ ബ്രഹ്മാനന്ദസ്വാമികള്‍ വ്യവസ്ഥാപിച്ചിരിക്കുന്നത്. ജ്ഞാനമാര്‍ഗ്ഗത്തെ ഇടിച്ചുതാഴ്ത്തിക്കൊണ്ടു യോഗത്തിന്റെ മേന്മയെ പൊക്കിക്കാട്ടിയപ്പോള്‍ വിചാരശീലന്മാരായ പലര്‍ക്കും എതിരഭിപ്രായമുണ്ടായി. ചിലര്‍ സ്വാമികളെ സമീപിച്ചു മോക്ഷപ്രദീപത്തിന് ഒരു ഖണ്ഡനം രചിക്കണമെന്ന് ആവശ്യപ്പെട്ടു. ആ ശിഷ്യോത്സാഹികളുടെ നിര്‍ബന്ധപൂര്‍വ്വമുള്ള പ്രേരണയ്ക്കു വശപ്പെട്ട് അവിടന്ന് മോക്ഷപ്രദീപത്തിന് ഒരു ഖണ്ഡനം എഴുതി. ഈ പുസ്തകം അച്ചടിച്ചിട്ടില്ല. ഖണ്ഡനത്തിന്റെ പ്രസിദ്ധീകരണത്തില്‍നിന്നും സ്വാമികള്‍ പിന്‍തിരിയണമെന്നു ബ്രഹ്മാനന്ദസ്വാമികളുടെ ശിഷ്യന്മാരും അഭ്യുദയകാംക്ഷികളുമായ ചില സാമുദായിക പ്രവര്‍ത്തകന്മാര്‍ അഭ്യര്‍ത്ഥിച്ചതിനെ അവിടന്ന് ആദരിച്ചതുകാരണം മോക്ഷപ്രദീപഖണ്ഡനത്തിനു ദിനകരകരസ്പര്‍ശമേല്‍ക്കാന്‍ സംഗതിയായില്ല. എന്നാല്‍ യോഗജ്ഞാനങ്ങളെ സംബന്ധിച്ചു ശിവയോഗി ഉന്നയിച്ചിട്ടുള്ള സിദ്ധാന്തത്തോടു തനിക്കു ദൃഢമായ അഭിപ്രായഭേദമുണ്ടെന്ന് അവിടന്നു സ്പഷ്ടമായി അവരെ ധരിപ്പിക്കുകയുണ്ടായി.

ബ്രഹ്മാനന്ദസ്വാമികള്‍ക്കു നല്ലൊരു ആദ്ധ്യാത്മികസ്ഥാപനം ഉറപ്പിക്കുവാനും ഉദ്‌ബോധനപ്രധാനമായ ഒരു നൂതനസരണി വെട്ടിത്തെളിക്കുവാനും കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ രണ്ടഭിപ്രായത്തിന് ഇട കൊടുക്കുന്നവയായിരിക്കാം. ‘യോഗത്തെ ഞാന്‍ പ്രശംസിച്ചതുകൊണ്ടു മറ്റുള്ള മതങ്ങളെ ഞാന്‍ നിന്ദിച്ചിട്ടുണ്ടെന്നു വിചാരിക്കരുത്. ഈശ്വരഭജനം ചെയ്യണമെന്നു പറയുന്ന മതമെല്ലാം എനിക്ക് ഇഷ്ടംതന്നെ’ എന്ന് ബ്രഹ്മാനന്ദസ്വാമികള്‍ അഭിപ്രായപ്പെട്ടിരിക്കുന്ന സ്ഥിതിക്കു പ്രാപ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതുള്ളപ്പോള്‍ ഒന്നിനെ ഊന്നിപ്പറയുക അധിക്ഷേപം അര്‍ഹിക്കുന്നില്ല. സ്വാമികളുടെ അംഗീകാരമുണ്ടെന്ന വിശ്വാസത്തില്‍ അവിടത്തെ ശിഷ്യന്മാരില്‍ ചിലര്‍ ബ്രഹ്മാനന്ദസ്വാമിയെ ‘സ്വാമികാരാടന്‍’ (ആനന്ദാല്‍ ജാതന്‍-ആനന്ദംതന്നെ വീടുമെന്‍നാടും നാടതു കൊല്ലങ്കോടും-വീടോ ‘കാരാട്ടെ’യാണുപോല്‍ചിത്രം (മോക്ഷപ്രദീപം പുറം 258). മേല്‍ശ്ലോകത്തിലെ വീട്ടുപേരായ ‘കാരാട്ട്’ എന്ന ശബ്ദത്തെ പിടിച്ചാണ് സ്വാമികാരാടന്‍ എന്നു ബ്രഹ്മാനന്ദസ്വാമികളെ അപഹസിച്ചത്) എന്ന് ആക്ഷേപിക്കുവാന്‍ കാട്ടിയ വ്യഗ്രത അനഭിലഷണീയമാണെന്നു പറയാതെ തരമില്ല.

‘മോക്ഷപ്രദീപഖണ്ഡനം’ കയ്യെഴുത്തുപ്രതി കാണുവാന്‍ ഈ ഗ്രന്ഥകാരന് ഇടയായിട്ടുണ്ട്. ഒരു നിരൂപണമെന്നതില്‍ കവിഞ്ഞ് ഒരു വിജ്ഞാനകോശമാണ് ആ പുസ്തകം എന്നു തീര്‍ത്തുപറയാം. മോക്ഷപ്രദീപകാരന്‍ തന്റെ സിദ്ധാന്തങ്ങളെ സ്ഥാപിക്കുവാന്‍ ആശ്രയിക്കുന്ന പ്രമാണങ്ങളെപ്പറ്റി അവിടന്നു ഖണ്ഡനത്തില്‍ പരാമര്‍ശിക്കുന്നതിപ്രകാരമാണ്:

‘ഒരുവന്‍ വെള്ളംകോരുക മുതലായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍വേണ്ടി കയറുണ്ടാക്കിക്കൊടുത്തു. അതിനെ വല്ലവനേയും കെട്ടിത്തൂക്കുന്നതിലേക്കോ സ്വയം തൂങ്ങുന്നതിലേക്കോ മറ്റൊരുവന്‍ എടുത്തുപയോഗപ്പെടുത്തി എന്നു വന്നാല്‍ ആ കുറ്റം കയറുണ്ടാക്കിയവനോടു ചേരുകയില്ല. അതുപോലെ പ്രമാണങ്ങളെ താറുമാറായിട്ടുകൊണ്ടു കഴുവേറ്റിയ കുറ്റം പ്രമാണകൃത്തുകളോടു ചേരുന്നതല്ല.’

ജ്ഞാനം, യോഗം എന്ന ശബ്ദങ്ങളുടെ അര്‍ത്ഥങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമഗ്രമായി പരിശോധിച്ചുകൊണ്ടാണ് ജ്ഞാനത്തിന്റെ മാഹാത്മ്യം സ്വാമികള്‍ നിര്‍ണ്ണയിക്കുന്നത്. മോക്ഷപ്രദീപത്തിന്റെ താത്ത്വികമായ ഒരു വിശകലനമാണ് ഇതില്‍; അല്ലാതെ പ്രമേയംപ്രതിയുള്ള ചര്‍ച്ചയല്ല. ഗഹനങ്ങളും പ്രൗഢങ്ങളുമായ അനേകം ഭാഗങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ആര്‍ഷദര്‍ശനങ്ങളുടെ അകപ്പൊരുള്‍ പ്രതിഫലിക്കുന്ന ഒരു സുന്ദരദര്‍പ്പണമാണ് ഈ നിരൂപണം. ഓരോ വൃക്ഷമായി പരിശോധിക്കുമ്പോള്‍ വനത്തിന്റെ ആകെയുള്ള ഭംഗി നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് ഈ ഖണ്ഡനത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്കു കടക്കുന്നില്ല. എങ്കിലും അവിടത്തെ വിശദമായ വിചാരരീതിയെ പ്രദര്‍ശിപ്പിക്കുന്ന രണ്ടു ഭാഗങ്ങള്‍ ഉദ്ധരിക്കാം:

‘ഏതൊരു പദാര്‍ത്ഥത്തെ നോക്കിയാലും ഒന്നിന്റെ കൂട്ടം പലതിന്റെ കൂട്ടം എന്ന് രണ്ടു വകയില്‍ ഉള്‍പ്പെടുന്നതല്ലാതെ എങ്ങും ഒരു വസ്തുവുമില്ല. ഘടം ഒന്നിന്റെ കൂട്ടാണ്. മണ്ണിന്റെ സമൂഹമല്ലാതെ ഒരു കാലത്തും ഘടമെന്നൊന്നില്ല. ആ മണ്ണും ഒന്നിന്റെ സമൂഹമായ അണുവിനെക്കൂടാതെ ഉണ്ടാകയില്ല. പലതിന്റെ കൂട്ടം ഇപ്രകാരം തന്നെ. ഓരോ പദാര്‍ത്ഥത്തേയും ഇപ്രകാരം പരിശോധിക്കുന്നതായാല്‍ അസത്തായിട്ടു പരിണമിക്കും. ലോകം ഇപ്രകാരമുള്ള നോട്ടത്താല്‍ അസത്താണെന്നു സ്പഷ്ടമാകും. ഒന്ന്, പലത് ഇവയുടെ കൂട്ടമാകട്ടെ കാരണമായി കൂടിനിന്നിട്ടു വെവ്വേറെയായി തോന്നുന്ന അവസരത്തില്‍ കാര്യമെന്നു പറയും. മുമ്പ് അണുവിനെ പൂര്‍വ്വപക്ഷപ്പെടുത്തി പറഞ്ഞതു നോക്കുക. ഒരു വസ്തു ഉണ്ടാകണമെങ്കില്‍ അതു മുമ്പില്ലാതെ ഇരിക്കണം; എന്നു വച്ചാല്‍ മുമ്പില്ലാതെയിരുന്നിട്ടു പിന്നീടുണ്ടാകണം; അതായതു മുമ്പില്ലാതെയിരുന്നിട്ടേ ഉണ്ടാകയുള്ളു. ഇല്ലാതിരുന്നു എന്നുള്ളത് ഭൂതകാലത്തില്‍; ഉണ്ടായത് എന്നതു വര്‍ത്തമാനകാലത്തില്‍; ഭൂതകാലവും വര്‍ത്തമാനകാലവും ഒന്നാകയില്ല. അങ്ങനെയാകുമ്പോള്‍ അഭാവമായുള്ള കാലവും ഭാവമായുള്ള കാലവും വേറെതന്നെ. ഒരു കാലത്തുതന്നെ അഭാവഭാവങ്ങള്‍ ആകയെന്നുള്ളതു ഘടിക്കയില്ല. ഘടോല്‍പത്തിയുള്ളതുതന്നെ എങ്കില്‍ ഉണ്ടായിരുന്ന ഘടം ഉല്പത്തിയായോ അതോ ഇല്ലാതിരുന്ന ഘടം ഉല്പത്തിയായോ? ഉണ്ടായിരുന്ന ഘടം ഉല്പത്തിയായി എന്നാണെങ്കില്‍ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകാന്‍ ഇടയില്ല; അത് അസംഗതമാണ്. ഇല്ലാതിരുന്ന (അസത്തായിരുന്ന) ഘടം ഉണ്ടായി എന്നാണെങ്കില്‍ ഇല്ലായ്മയും ഉല്പത്തിയും വേറെ വേറെ കാലത്തോടുകൂടിയതാകയാല്‍ (ഭൂതമെന്നും വര്‍ത്തമാനമെന്നും ഉള്ള കാലത്തോടുകൂടിയതാകയാല്‍) അതു രണ്ടും ഒന്നിലിരിക്കയില്ല. (ഒരേ ക്ഷണത്തില്‍ ഇരിക്കയില്ലെന്നര്‍ത്ഥം). അതുകൊണ്ടു ഘടം ഉല്പന്നമാകാനേ അവകാശമില്ല. ഇനി, ഒരു വസ്തു നശിക്കണമെങ്കില്‍ അതിന്റെ സ്ഥിതി ഒരു ക്ഷണത്തിലും, നാശം മറ്റൊരു ക്ഷണത്തിലും ആയിരിക്കണം. സ്ഥിതിയും നാശവും ഒരേ ക്ഷണത്തില്‍ ഇരിക്കയില്ല. നശിക്കുമ്പോള്‍ സ്ഥിതി ചെയ്തതു നശിച്ചോ അതോ, ഇല്ലാതിരുന്നതു നശിച്ചോ? എന്ന ചോദ്യത്തിനു സ്ഥിതിചെയ്തതുതന്നെ നശിച്ചു എന്ന് ഉത്തരം പറയേണ്ടിവരും. സ്ഥിതിയും നാശവും ഒരേ ക്ഷണത്തില്‍ ഇരിക്കായ്കകൊണ്ടു സ്ഥിതിചെയ്ത പദാര്‍ത്ഥം നശിപ്പാന്‍ തരമില്ല. എന്തെന്നാല്‍ ഒരു ക്ഷണത്തില്‍ സ്ഥിതിചെയ്യുന്ന (ഇരിക്കുന്ന) പദാര്‍ത്ഥം മറ്റൊരു ക്ഷണത്തില്‍ എങ്ങനെ നശിക്കും? കാശിയില്‍ സ്ഥിതിചെയ്യുന്ന കുടം തിരുവനന്തപുരത്തുവച്ച് എങ്ങനെ നശിക്കും? അതുകൊണ്ടു ഘടത്തിന്റെ നാശത്തിനേ അവകാശമില്ല.’

മോക്ഷപ്രദീപത്തിലെ ചില വിശദീകരണങ്ങളില്‍ വന്നുകൂടിയിട്ടുള്ള അര്‍ത്ഥവൈകല്യത്തെ നിരൂപണം ചെയ്യുന്ന മറ്റൊരു ഭാഗം നോക്കുക:

‘മോക്ഷപ്രദീപത്തില്‍ വിവാദവിഷയങ്ങളായിരിക്കുന്ന ജ്ഞാനം, യോഗം ഇതുകളുടെ സ്വരൂപങ്ങളേയും വകഭേദങ്ങളേയും എളുപ്പത്തില്‍ മനസ്സിലാകത്തക്കവണ്ണം പ്രത്യേക ലക്ഷണങ്ങളെക്കാണിച്ച് വ്യവസ്ഥപ്പെടുത്തുകയും അതാതിനു ചേരുന്ന പ്രകാരം പ്രമാണങ്ങളെ ചേര്‍ക്കയും ചെയ്തിട്ടില്ല. അതുകൊണ്ടു ലൗകികാര്‍ത്ഥമായ യോഗശബ്ദത്തെ അദ്ധ്യാത്മയോഗസ്ഥാനത്തിലും അദ്ധ്യാത്മയോഗശബ്ദത്തെ ലൗകികയോഗസ്ഥാനത്തിലും ശാസ്ത്രജ്ഞാനാര്‍ത്ഥകമായ ജ്ഞാനശബ്ദത്തെ അദ്ധ്യാത്മജ്ഞാനസ്ഥാനത്തിലും പരോക്ഷജ്ഞാനാര്‍ത്ഥകജ്ഞാനശബ്ദത്തെ അപരോക്ഷസ്ഥാനത്തിലും മറ്റുമായി സ്ഥാനംമാറ്റിയും വേറൊരുവിധത്തിലും തെറ്റായി എഴുതാനും എഴുതിപ്പാനും ധരിപ്പാനും ധരിപ്പിപ്പാനും വളരെ എളുപ്പമുണ്ട്. ജ്ഞാനശബ്ദവും യോഗശബ്ദവും ബഹ്വര്‍ത്ഥകങ്ങളായിരിക്കുന്ന സ്ഥിതിക്ക് എവിടെയെങ്കിലും ഈ ശബ്ദങ്ങള്‍ പ്രയോഗിക്കപ്പെട്ടുകണ്ടാല്‍ അതുകളിലേക്ക് അവരവര്‍ക്ക് അപ്പോഴപ്പോള്‍ വെറുതേതോന്നുന്ന അര്‍ത്ഥങ്ങളെ സ്വീകരിച്ചാല്‍ മതിയോ? അതല്ല, പ്രകൃതാനുസരണമായും സന്ദര്‍ഭോചിതമായും ശാബ്ദപ്രമാണങ്ങള്‍ക്കും ന്യായപ്രമാണങ്ങള്‍ക്കും ശ്രുതികള്‍ക്കും വിരോധപ്പെടാതെ ശരിയായിട്ടും ഉള്ള അര്‍ത്ഥങ്ങളെ മാത്രമേ സ്വീകരിക്കാവോ? ആദ്യം പറഞ്ഞതുപോലെ തോന്നിയവാസമായി സ്വീകരിക്കാമെന്നുവരികില്‍, യോഗശബ്ദത്തിനു ദ്രവ്യമെന്നര്‍ത്ഥമുള്ളതിനാല്‍ യോഗപക്ഷി യോഗശിഖോപനിഷത്തില്‍നിന്ന് എടുത്തുകാണിച്ച,

‘ദേഹാന്തേ ജ്ഞാനിനാം പുണ്യാല്‍
പാപാല്‍ ഫലമവാപ്യതേ
യാദൃശന്തു ഭവെത്തത്തല്‍
ഭുക്ത്വാ ജ്ഞാനീ പുനര്‍ ഭവേല്‍
പശ്ചാല്‍ പുണ്യേന ലഭതേ
സിദ്ധേന സഹസംഗതീം
തതഃ സിദ്ധസ്യ കൃപയാ
യോഗീ ഭവതി നാന്യഥാ’

എന്നീ ശ്ലോകങ്ങളില്‍ കാണുന്നതും യോഗപക്ഷി തന്റെ ശിവയോഗിനാമത്തോട് തുല്യമായും സര്‍വ്വശ്രേഷ്ഠമായും വച്ചിരിക്കുന്നതുമായ യോഗി ശബ്ദത്തിനു അര്‍ത്ഥം അദ്ദേഹം പറയുന്നതുപോലെ ഒന്നുമല്ല. കേവലം പ്രഭു (പണക്കാരന്‍) ആകുന്നു എന്നര്‍ത്ഥം. ഇനി മേല്പടി ശ്ലോകത്തിലെ ജ്ഞാനിശബ്ദത്തിന് അറിഞ്ഞവന്‍ എന്നാണര്‍ത്ഥം.’ അതായത്:

‘ധനമാര്‍ജ്ജയത പ്രാജ്ഞാഃ
ധനമൂലമിദം ജഗല്‍
അന്തരംനാഭിജാനാമി
നിര്‍ദ്ധനസ്യ മൃതസ്യ ച’

എന്ന പ്രമാണപ്രകാരം – ‘ഹേ! ബുദ്ധിമാന്മാരേ! നിങ്ങള്‍ ധനത്തെ സമ്പാദിക്കുവിന്‍. ഈ ജഗത്ത് ധനമാകുന്ന നാരായവേരോടുകൂടിയതാകുന്നു. എന്തെന്നാല്‍ ധനഹീനന്നും മരിച്ചവന്നും തമ്മില്‍ ഉള്ള വ്യത്യാസത്തെ ഞാന്‍ അറിയുന്നില്ല. അതുകൊണ്ടു ലോകത്തില്‍ ധാരാളം പണം സമ്പാദിക്കണം; അതിലേയ്ക്കു യോഗി (പ്രഭു)കളുടെ കൃപ ലഭിക്കണം’ – ഇപ്രകാരം അറിഞ്ഞവനെന്നര്‍ത്ഥം.