ജീവിതരീതി

ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം ഏഴ്

‘വിസ്തൃതവും ഭസ്മലേപിതവുമായ നെറ്റിത്തടം, ശൗര്യം വഴിഞ്ഞൊഴുകുന്ന പുരികക്കൊടി, കരുണാകടാക്ഷവീക്ഷണങ്ങളോടുകൂടിയ നേത്രങ്ങള്‍, സൗമ്യമായ മുഖപത്മം, മാര്‍വരെ നീണ്ടു വെള്ളിക്കമ്പികള്‍പോലെ കിടക്കുന്നതും മനോഹരവുമായ ശ്മശ്രുക്കള്‍, അഗാധാര്‍ത്ഥദ്യോതകവും മധുരവുമായ വാക്പീയുഷധാരകള്‍, വിശാലവും സുദൃഢവുമായ വക്ഷസ്ഥലങ്ങള്‍, ആജാനുബാഹുക്കള്‍, ശ്രവണാനന്ദകരമായ മന്ദഗീതികള്‍’ – സ്വാമികളുടെ സജീവമായ ഒരു ചിത്രമായി. ഒരു മുണ്ടും അയ്‌മ്പൊന്നുകൊണ്ടുള്ള മോതിരവും ഒരു പഴയ കുടയുംകൂടി ചേര്‍ന്നാല്‍ അവിടത്തെ വേഷവിധാനവും പൂര്‍ണ്ണമാകും.

സ്വാമികള്‍ക്കു സ്വന്തമായ ഗൃഹമോ ആത്മസ്‌നേഹിതന്മാരോ ഇല്ല; ലോകംതന്നെ അവിടത്തെ തറവാട്, സമസൃഷ്ടങ്ങളെല്ലാം കൂടെപ്പിറപ്പുകളും. പറവകള്‍ പാടിപ്പാടി പറക്കുന്നതുപോലെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേയ്ക്കു സോല്ലാസം അവിടന്നു സഞ്ചരിച്ചുവന്നു. മിക്കവാറും കരനാഥന്മാരുടെ ഗൃഹങ്ങളെയാണ് സ്വാമികള്‍ സങ്കേതമാക്കിയിരുന്നത്. സാധാരണക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള വൈമുഖ്യമല്ല അതിനു കാരണം. സാധുക്കളായ കൃഷീവലന്മാരുടെ വീടുകളിലും അവിടുന്ന് അളവറ്റ ആനന്ദംതന്നെ അനുഭവിച്ചിരുന്നു. എന്നാല്‍ തീരപ്രദേശങ്ങളിലെ സാമാന്യഗൃഹങ്ങളില്‍ മത്സ്യമാംസാദികള്‍ പാചകം ചെയ്തിരുന്നതുകൊണ്ട് ആ സ്ഥലങ്ങള്‍ താവളമാക്കുവാന്‍ സ്വാമികള്‍ ഇഷ്ടപ്പെട്ടില്ല. ഒരു ഗൃഹത്തില്‍ച്ചെന്നാല്‍ ‘കുത്തുന്നതും വെട്ടുന്നതും’ ഉണ്ടോയെന്നു തെരക്കി നിഷേധാത്മകമായ മറുപടി ലഭിച്ചെങ്കില്‍ മാത്രമേ അവിടെനിന്ന് അദ്ദേഹം ആഹാരം കഴിച്ചിരുന്നുള്ളൂ. ജ്യേഷ്ഠനായ കൊല്ലൂര്‍ കൃഷ്ണപിള്ളയുടെ വീട്ടില്‍ നിന്നുപോലും അവിടന്ന് ഇക്കാരണത്താല്‍ ഒന്നും കഴിക്കാതെ ഇറങ്ങിപ്പോന്നിട്ടുണ്ട്. മദ്യസേവയോടുള്ള വെറുപ്പും ഇതുപോലെതന്നെ. ‘തെങ്കിലേ വെള്ളം ചങ്കിലേ പോനാല്‍ – ചങ്കരനാനയും ചിങ്കിലിപാടുവന്‍’ എന്ന് അവിടന്നു മദ്യപന്മാരെ അധിക്ഷേപിക്കാറുണ്ട്. മദ്യപാനാസക്തി സമുദായത്തിനു ക്ഷയകാരണമാണെന്നു വിശ്വസിച്ചുപോന്ന സ്വാമികള്‍ ആ ദുശ്ശീലത്തെ കഠിനായി നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

നിരാഡംബരമായ ഒരു ജീവിതരീതിയാണു സ്വാമികള്‍ പാലിച്ചുവന്നത്. പ്രാപഞ്ചികസുഖങ്ങളുടെ ശീതളച്ഛായയില്‍ വിശ്രമിക്കുവാന്‍ ലഭിച്ച സന്ദര്‍ഭങ്ങളില്‍ നിന്നെല്ലാം അവിടന്നു സ്വയം രക്ഷപ്പെടുകയാണു ചെയ്തിട്ടുളളത്. വടശ്ശേരി അമ്മവീട്ടില്‍വച്ചു രാജസേവകനായ ശങ്കരന്‍തമ്പി നല്‍കിയ വിരുന്നു നിരസിച്ചതും ദിവാന്‍ രാജഗോപാലാചാരിയുടെ ക്ഷണം നിരാകരിച്ചതും പ്രസിദ്ധമാണ്. സുഖസുഭിക്ഷതയില്‍ സന്തോഷമോ ദാരിദ്ര്യത്തിന്റെ വറുതിയില്‍ പൊറുതികേടോ അവിടത്തേയ്ക്കില്ലായിരുന്നു. ചെറുപ്പത്തില്‍ പലപ്പോഴും നിരാഹാരനായി കഴിച്ചുകൂട്ടിയിട്ടുള്ള സ്വാമികള്‍ക്ക് എത്ര ദിവസവും ആഹാരമില്ലാതെയിരിക്കാന്‍ വിഷമമുണ്ടായിരുന്നില്ല. അവിടന്നു പറയാറുണ്ട്: ‘പഴയ മുറത്തിനു ചാണകവും പഴയ വയറിനു ചോറും വല്ലപ്പോഴും ഉണ്ടെങ്കില്‍ അടയും; എപ്പോഴും വേണമെന്നില്ല.’ വെള്ളം കുറയുമ്പോഴും പെരുകുമ്പോഴും ജലത്തിന്‍മീതെ കിടക്കുന്ന താമരയിലയോടൊപ്പമായിരുന്നു അവിടത്തെ അവസ്ഥ. എവിടെയായിരുന്നാലും ഉറുമ്പ്, പട്ടി, പൂച്ച മുതലായ ജന്തുക്കള്‍ക്കുകൂടി കൊടുക്കാതെ അദ്ദേഹം ആഹാരം കഴിച്ചിരുന്നില്ല. അവ ആ സമയം അവിടത്തെ ചുറ്റിപ്പറ്റിയുണ്ടാകും. താളും തകരയും ചേര്‍ത്ത ഒരു ‘കൊട്ടാരക്കരപ്പുളിങ്കറി’ മാത്രംമതി സ്വാമികള്‍ക്കു മൃഷ്ടാന്നഭോജനത്തിന് ഉപദംശം.

ഭക്ഷണകാര്യത്തിലെന്നപോലെ അഭ്യംഗസ്‌നാനത്തിലും മറ്റും അവിടത്തേക്കു പ്രത്യേക ചര്യാക്രമം ഇല്ലാതിരുന്നതുകൊണ്ടു ഗൃഹസ്ഥശിഷ്യന്മാര്‍ക്ക് അദ്ദേഹത്തെ പരിചരിപ്പാന്‍ വിഷമം ഏര്‍പ്പെട്ടിട്ടില്ല. ശുദ്ധവായു ശ്വസിക്കയും തുറന്ന സ്ഥലത്തു കിടക്കുകയും സ്വാമികള്‍ക്കു നിര്‍ബന്ധമായിരുന്നു. ചിലപ്പോള്‍ ഒരു കയറുകട്ടിലിലും ചില സമയം വെറുംനിലത്തും മലര്‍ന്നുകിടന്ന് ഉത്തമാംഗം ഇടത്തും വലത്തും ചലിപ്പിച്ചുകൊണ്ട് അവിടന്നു ബ്രഹ്മധ്യാനനിരതനായി ശയിക്കും. ആ സമയം ആരെങ്കിലും ചെന്നുകയറിയാല്‍ അറിഞ്ഞെന്നുവരില്ല. പുസ്തകം വായിക്കുന്നതിലും അവിടത്തേയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ‘മലര്‍ന്നുകിടന്നുകൊണ്ടു കൈമുട്ടുകള്‍ വളയാതെ രണ്ടു കൈകൊണ്ടും പുസ്തകം നിവര്‍ത്തിപ്പിടിച്ചു പുസ്തകം ഇടവും വലവും ഓടിക്കുകയും (ആട്ടുകയും) ഈ അവസരത്തില്‍ പുസ്തകത്തിന്റെ ചലനമനുസരിച്ചു തല ഉരുട്ടുകയും ചെയ്തിട്ടാണ് ആ വായന.’ കാഷായവസ്ത്രങ്ങളോ സന്യാസികള്‍ക്കുള്ള മറ്റു ചിഹ്നങ്ങളോ ധരിക്കാത്തതു കാരണം അവിടത്തെ കണ്ടാല്‍ കേവലം ഒരു ഗ്രാമീണന്‍ എന്നല്ലാതെ തോന്നുകയില്ല; തിരിച്ചറിയാന്‍ വിഷമിച്ചെന്നുംവരും. സാധാരണക്കാരുമായുള്ള സഹവാസത്തിലും സംഭാഷണത്തിലും വെറും ഒരു ലൗകികരീതിയിലേ അവിടന്നു പെരുമാറിയിരുന്നുമുള്ളു. ചില സമയം അദുഷ്ടങ്ങളായ നേരമ്പോക്കുകള്‍ പറഞ്ഞു ശ്രോതാവിന്റെ നര്‍മ്മബോധത്തെ ഇളക്കി രസകരമായ രംഗങ്ങള്‍ സൃഷ്ടിച്ചു കുടുകുടെ ചിരിക്കുക അവിടത്തേയ്ക്കു പതിവായിരുന്നു. സ്വാമികളുടെ ശിഷ്യനായ കാളിയാങ്കല്‍ നീലകണ്ഠപ്പിള്ളയെപ്പറ്റി മുന്‍പു പ്രസ്താവിച്ചിട്ടുണ്ട്. ഇദ്ദേഹം ഫലിതപ്രിയനായ ഒരു പ്രാസംഗികനായിരുന്നു. രണ്ടു ഭാര്യമാരും കുട്ടികളും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വാമികള്‍ നീലകണ്ഠപിള്ളയെ ‘കാളി’ എന്നാണു വിളിച്ചുവന്നത്. ഒരു ദിവസം തന്റെ ജീവിതക്ലേശങ്ങളെപ്പറ്റി കാളിയാങ്കന്‍ സ്വാമിസന്നിധിയില്‍ നിവേദനം ചെയ്തപ്പോള്‍ അവിടന്നു ചോദിച്ചു:

കാളി! ഒരു ഭാര്യ പോരായിരുന്നോ? എന്തിനാ രണ്ടു വിവാഹം ചെയ്തത്?

നീലകണ്ഠപ്പിള്ള:- ഇനി ഞാന്‍ കൈലാസത്തു പോകുമ്പോള്‍ ചോദിച്ചുകൊണ്ടുപോരാം. (ശിവനു രണ്ടു ഭാര്യമാര്‍ ഉണ്ടല്ലോ എന്നു വ്യംഗ്യം)

സ്വാമി:- ഇത്രനാളും അവിടെ കാത്തുനിന്നിട്ട് ഇതൊന്നു ചോദിക്കാതിരുന്നതെന്ത്? (‘കാളി’യെ ശിവഭൂതം എന്നുദ്ദേശിച്ചാണു സ്വാമികള്‍ പറഞ്ഞത്.)

കാളിയാങ്കന്‍ മുഖം താഴ്ത്തിയപ്പോള്‍ സ്വാമികളും അവിടെ കൂടിയിരുന്നവരും സോല്ലാസം ചിരിക്കുകയാണു ചെയ്തത്.

രസച്ചരട്, കാരണവര്‍, പൊന്നുണ്ട, കൊച്ചുകാരണവര്‍, ഭാഗവതര്‍, കവി എന്നിങ്ങനെ അവിടന്നു പേരിട്ടു വിളിക്കുമ്പോള്‍ അതു കേള്‍ക്കുന്നവര്‍ക്ക് ആനന്ദമല്ലാതെ മറിച്ചുതോന്നിയിട്ടില്ല. അകന്മഷവും ആനന്ദമയവുമായിരുന്നു അവിടത്തെ ഹൃദയം.

സര്‍വ്വസാഹോദര്യവും സമത്വവും ദീക്ഷിച്ചിരുന്ന സ്വാമികള്‍ ഗുണകര്‍മ്മവിഭാഗം അനുസരിച്ചു മാത്രമേ ജാതിയെ സങ്കല്പിച്ചിരുന്നുള്ളൂ. ജനനം മാനദണ്ഡമാക്കി ജാതി നിര്‍ണ്ണയിക്കുക അവിടത്തേയ്ക്കു സാദ്ധ്യമായിരുന്നില്ല. വിദ്യാര്‍ജ്ജനത്തിനു മുഹമ്മദീയരേയും ചാന്നാന്മാരേയും അവിടന്നു സമീപിക്കയും അവരോടൊന്നിച്ചു വസിക്കയും ചെയ്തിട്ടുണ്ട്. ഈ നാട്ടിലെ പല ഈഴവകുടുംബങ്ങളും സ്വാമികളുടെ സ്വന്തം ഗൃഹങ്ങളായി മാറിയിരുന്നു എന്നതു കേവലം പരമാര്‍ത്ഥമാകുന്നു. കല്ലുവീട്ടില്‍ അടുക്കളയില്‍ അവിടത്തേയ്ക്കുണ്ടായിരുന്ന സാതന്ത്ര്യംതന്നെ പെരുന്നല്ലിയിലും ഉണ്ടായിരുന്നു. ഒരവസരത്തില്‍ സ്വാമികള്‍ പെരുന്നല്ലിയില്‍ ചെന്നപ്പോള്‍ സ്ത്രീകള്‍ നെല്ലുകുത്തുകയായിരുന്നു: ‘സ്വാമികള്‍ എല്ലാവരുടേയും ഉലക്കകള്‍ വാങ്ങി ശേഖരിച്ചു. എന്നിട്ട് അത്രയും ഉലക്കകള്‍കൊണ്ടു അതിവേഗത്തില്‍ നെല്ലുകുത്തിക്കൊടുത്ത് അവരെ സഹായിച്ചിട്ടുണ്ട്. ഉലക്കകള്‍ ഓരോന്നായി തെരുതെരെ ആകാശത്തേയ്ക്കു പൊങ്ങുകയും അവ മുറയ്ക്ക് ഉന്നംതെറ്റാതെ ഉരലില്‍ വന്നു വീഴുകയും വീണ്ടും മുറയ്ക്കുയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ആ കാഴ്ച’ അത്ഭുതകരമെന്നല്ലാതെ പറയാനില്ല. ശ്രീനാരായണഗുരുസ്വാമികളെ ‘എന്റെ നാണന്‍’ എന്നും കുമാരനാശാനെ ‘എന്റെ തങ്കക്കുടം കുമാരന്‍’ എന്നും സംബോധനചെയ്യുമ്പോള്‍ ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്‌നേഹപ്രകര്‍ഷമാണ് ആ അക്ഷരസംഘാതത്തിലൂടെ ബഹിര്‍ഗമിക്കുന്നത്.

ലോകപൂജ്യന്മാരായ മഹാന്മാരെല്ലാം കുട്ടികളോട് അതീവവാത്സല്യമുള്ളവരാണല്ലോ. സ്വാമികളാകട്ടെ, സ്വയം ഒരു ബാലലോകം നിര്‍മ്മിച്ചു ബാലികാബാലന്മാരെ ആഹ്ലാദത്തില്‍ ആറാടിച്ച് അച്ചടക്കത്തോടുകൂടി ഭരിക്കുന്നതു കാണുമ്പോള്‍ അവിടത്തെ നിഷ്‌ക്കളങ്കതയുടെ മുമ്പില്‍ ആരും തലകുനിക്കുകതന്നെ ചെയ്യും. ദുശ്ശാഠ്യക്കാരും ഭീരുക്കളുമായ കുട്ടികള്‍ സ്വാമികളെ കണ്ടാല്‍ അങ്ങോട്ടാഞ്ഞ്‌വീഴുകയാണു പതിവ്. അവിടത്തെ കരലാളനം ഒരുതവണ ഏല്‍ക്കുമ്പോള്‍ ദുശ്ശീലങ്ങളെല്ലാം മാറി വലിയ മാനസികപരിവര്‍ത്തനത്തിന് അവര്‍ വിധേയരാകാറുണ്ട്. കുട്ടികളുമായുള്ള കളികളില്‍ അവരുടെ ബുദ്ധിക്ക് ഉന്മേഷം കൊടുക്കുന്ന വിനോദങ്ങളും കായികസംസ്‌ക്കാരം നല്കുന്ന പരിപാടികളും അവിടന്ന് ആവിഷ്‌ക്കരിക്കാറുണ്ട്. മുതുകത്തു കയറി തുള്ളിക്കളിക്കുക, താടിമീശയില്‍ തൂങ്ങിക്കിടക്കുക, ആനകളിക്കുക മുതലായവ കുട്ടികള്‍ കാണിക്കുമ്പോള്‍ ആ വികൃതികളില്‍ അവിടന്നു രസിച്ചു മതിമറക്കും. ഒരിക്കല്‍ സ്വാമികള്‍ പടിഞ്ഞാറേമാരാത്തു മുറ്റത്തു കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്ന സമയം കരപ്രധാനികളായ ചില പ്രഭുക്കന്മാര്‍ അവിടത്തെ സന്ദര്‍ശിക്കുവാനെത്തി. കളിയുടെ ഉത്സാഹത്തിന്റെ മദ്ധ്യത്തിലാണ് ആ സ്‌നേഹിതന്മാരുടെ പ്രവേശം. പക്ഷേ, ആഗതര്‍ക്ക് ഒരു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നു. കുട്ടികള്‍ക്കു ജിജ്ഞാസോപശമം വന്നതിനുശേഷമേ അദ്ദേഹം കളിയില്‍നിന്ന് വിരമിച്ചുള്ളു. രസകരമായ വിനോദവിഹാരത്തില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടികള്‍ക്കു മാനസോല്ലാസം ചേര്‍ത്തുകൊണ്ടിരിക്കവേ അതില്‍നിന്ന് പിന്‍വാങ്ങുന്നത് ആ പിഞ്ചുഹൃദയങ്ങള്‍ക്കു നൊമ്പരമുണ്ടാക്കുമെന്നും അതു തനിക്കും മനോവേദനയ്ക്കു കാരണമാകുമെന്നും സ്വാമികള്‍ പ്രസ്താവിച്ചപ്പോള്‍ ആ നാട്ടുപ്രമാണികള്‍ അവിടത്തെ മഹാമനസ്‌ക്കതയെ പ്രശംസിക്കയാണു ചെയ്തത്. കുട്ടികളോടുള്ള ചേതോവൃത്തിതന്നെയാണു സ്ത്രീജനങ്ങളിലും അവിടന്നു പകര്‍ന്നത്. സ്വാമികളുടെ പാദസ്പര്‍ശംകൊണ്ടു ധന്യമായിട്ടുള്ള ഗൃഹങ്ങളിലെ സ്ത്രീകള്‍ അവിടത്തെ ഹൃദയപൂര്‍വ്വം ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്തുവന്നു.

സ്വാമികളുടെ സമഭാവന പ്രസിദ്ധമാണ്; പ്രസംഗത്തിലല്ല പ്രവൃത്തിയില്‍. തന്നോടൊന്നിച്ചു നടക്കുന്നവരുടെ സുഖസൗകര്യങ്ങളില്‍ സ്വാമികള്‍ക്ക് എപ്പോഴും ശ്രദ്ധ കൂടുതലാണ്. അവര്‍ക്ക് അപകര്‍ഷം വരത്തക്കവിധം ആരെങ്കിലും പെരുമാറിയാല്‍ അദ്ദേഹം അതിനെ പ്രതിഷേധിച്ചിരുന്നു. നിസ്സാരകാര്യങ്ങളില്‍ പോലും അവിടത്തേയ്ക്കു സമത്വദീക്ഷ നിര്‍ബന്ധമായിരുന്നു എന്ന വസ്തുത താഴെപ്പറയുന്ന സംഭവത്തില്‍നിന്ന് വ്യക്തമാകും. ശ്രീ. ചേലവീട്ടില്‍ പരമേശ്വരന്‍നായരുടെ സ്മരണ നോക്കുക:

‘സ്വാമികള്‍ വടക്കേക്കര എടത്തില്‍വീട്ടില്‍ വിശ്രമിക്കുന്നു. അന്ന് പറവൂര്‍ മജിസ്‌ട്രേട്ട് സ്വാമികളുടെ ശിഷ്യനായ ശ്രീ. ആണ്ടിപ്പിള്ള ആയിരുന്നു. സ്വാമികളെ വീട്ടിലേയ്ക്കു ക്ഷണിച്ചുകൊണ്ട് ആണ്ടിപ്പിള്ള ആളയച്ചു. ‘നായരേ! നമുക്കു പോകണം, കാലത്തെ പോകണം’ എന്നു പറഞ്ഞു സ്വാമി എന്നേയുംകൂട്ടി യാത്രതിരിച്ചു. ഞങ്ങള്‍ ശ്രീ. ആണ്ടിപ്പിള്ളയുടെ വീട്ടില്‍ എത്തി. ആണ്ടിപ്പിള്ളയും ഭാര്യയുംകൂടി സ്വാമികളെ സ്വീകരിച്ച് അകത്തേയ്ക്കു കൊണ്ടുപോയി. ഞാന്‍ പുറമെനിന്നു. സ്വാമികള്‍ എന്നെ അകത്തു ചെന്നിരിക്കുവാന്‍ നിര്‍ബ്ബന്ധിച്ചു. ‘എന്താ ഇരിക്കാത്തത്; മജിസ്‌ട്രേറ്റിനെ ഭയപ്പെട്ടിട്ടാണോ? എന്റെകൂടെ വരുമ്പോള്‍ ഭയം വേണ്ട’ എന്നു പറഞ്ഞ് എന്നോട് അകത്തു കയറിയിരിക്കാന്‍ ആജ്ഞാപിച്ചു. ഞാന്‍ അകത്തു കയറിയിരുന്നു. പതിനൊന്നു മണിയോടുകൂടി ഉണ്ണാന്‍ ഇലവച്ചു. വരാന്തയില്‍ ഒരിലയും അകത്തു രണ്ടിലയും വച്ചു. സ്വാമികള്‍ ചോദിച്ചു: ‘മൂന്നുപേര്‍ ഉണ്ണാനുണ്ടല്ലോ, എന്താ രണ്ടില?’ കൂടെവന്ന ആളിനു വെളിയില്‍ ഇല വച്ചിട്ടുണ്ടെന്ന് മജിസ്‌ട്രേറ്റ് ഉത്തരം പറഞ്ഞു. സ്വാമികള്‍ ഉടനെ എണീറ്റ്, ‘അതു പറ്റില്ല, അയാള്‍ പടിഞ്ഞുപോയിട്ടുളള ആളാണ്. മാത്രമല്ല നമ്മുടെ സംസ്‌ക്കാരക്രിയ (ഇലയിലുള്ള പ്രാണികള്‍ക്ക് ജീവനാശം സംഭവിക്കാതെ ഇലകഴുകി ശുദ്ധിയാക്കുന്നതിനാണ് ‘സംസ്‌കാരക്രിയ’ എന്നതുകൊണ്ട് സ്വാമികള്‍ ഉദ്ദേശിക്കുന്നത്) അയാള്‍ക്കേ അറിയാവൂ. അതുകൊണ്ടു ഞാനും അയാളോടൊന്നിച്ച് ഇരിക്കാം’, എന്നുപറഞ്ഞു സ്വാമികള്‍ അകത്തു വച്ചിരുന്ന ഒരില പൊക്കിയെടുത്തു. ഇംഗിതജ്ഞനായ മജിസ്‌ട്രേറ്റ് വാല്യക്കാരനെ വിളിച്ചു വെളിയില്‍ ഇട്ട ഇല അകത്തു കൊണ്ടിടാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചിരുന്ന് ഊണു കഴിച്ചു.’

സരസകവി മൂലൂര്‍ സ്വാമികളുമായുള്ള സന്ദര്‍ശനത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്.

‘പുല്‍പായ ശിഷ്യനെക്കൊണ്ടരികിലിടുവിച്ചി-
‘ട്ടപ്പനേ! യിരി!’ യെന്നു കല്പിച്ച വാക്യാമൃത-
മിപ്പൊഴുമതേവിധമൊഴുകീടുന്നു, നിര്‍വ്വി-
കല്പനാം മഹാമുനേ മാമക കര്‍ണ്ണങ്ങളില്‍.’

വിവരമില്ലാത്തവര്‍ക്കു വെളിവുവരുത്തുവാന്‍ സ്വാമികള്‍ക്കുള്ള വൈഭവം അന്യാദൃശമാണ്. ഒരിക്കല്‍ ദുരാഗ്രഹിയായ ഒരാള്‍ ചെമ്പിനെ സ്വര്‍ണ്ണമാക്കാനുള്ള ഒരുപദേശത്തിനുവേണ്ടി അവിടത്തെ അനുചരനായി പറ്റിക്കൂടി. അങ്ങനെയിരിക്കെ ഒരു ദിവസം സ്വാമികളും അനുചരനും യാത്രാമദ്ധ്യേ അരൂക്കുറ്റിക്കടത്തില്‍ എത്തി. ഒരു കൊതുമ്പുവള്ളത്തില്‍ കയറി അവര്‍ അക്കരെ കടക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ കാറ്റും കോളും കൊണ്ടു കായല്‍ ക്ഷോഭിച്ചു വള്ളം മറിഞ്ഞു; രണ്ടുപേരും വെളളത്തിലായി. സ്വാമികള്‍ക്കു നീന്തല്‍ പരിചയമുണ്ടായിരുന്നു; പക്ഷേ, അനുചരന് അതു വശമുണ്ടായിരുന്നില്ല. വെള്ളം കുടിച്ച് കൈ കാലിട്ടടിച്ച അനുചരനു ചെമ്പു സ്വര്‍ണ്ണമാക്കാനുള്ള ഉപദേശം ഉടന്‍ നല്‍കാമെന്നായി സ്വാമികള്‍. ‘ചാവാതെ കരയില്‍ എത്തിയാല്‍ മതി സ്വാമി’ എന്ന് അയാള്‍ വാവിട്ടു കേണു. ഒടുവില്‍ സ്വാമിതന്നെ അയാളെയും താങ്ങി കരയ്ക്കു നീന്തിക്കയറി. ‘ക്രിയാകേവലമുത്തരം’ എന്ന നിലയില്‍ ഈ സംഭവം ആ ഉപദേശാര്‍ത്ഥിക്ക് ഒരു പാഠമായി പരിണമിച്ചു.

സന്യാസിമാരില്‍ വിത്തേച്ഛയില്ലാത്തവര്‍ കുറവാണ്. സ്വാമികള്‍ കാശു കൊണ്ടുനടക്കുകയോ കരുതിവയ്ക്കുകയോ ചെയ്യാറേയില്ല; കാല്‍നടയായി സഞ്ചരിക്കുമ്പോഴും ശിഷ്യന്മാര്‍ പണം കൈകാര്യം ചെയ്യുമെന്നല്ലാതെ അവിടന്ന് അതിനേപ്പറ്റി ക്ലേശിക്കാറില്ല. മലയാറ്റൂര്‍ കോടനാട്ടു വനങ്ങളില്‍ തൊണ്ണൂറ് ഏക്കര്‍ സ്ഥലം സ്‌നേഹിതനായ ഒരുദ്യോഗസ്ഥന്‍ പതിച്ചുകൊടുത്തത് ഒരു ഭാരമായി തോന്നിയ കഥാനായകന്‍ പരിചാരകനായ പത്മനാഭപ്പണിക്കര്‍ക്കു ദാനമായി കൊടുക്കുകയാണു ചെയ്തത്. ഇങ്ങനെ ധനലേശസ്പര്‍ശമില്ലാതെ നമ്മുടെ കേരളക്കരയില്‍ അധികമാരും ഉണ്ടായിട്ടില്ല. ധനം പാപകാരണമാണെന്നും ധനത്തിലുള്ള അത്യാശ മറ്റു ദുരാശകള്‍ക്കു വഴിതെളിക്കുമെന്നും അവിടന്നു പ്രസംഗിക്കുകയും പ്രവൃത്തിയില്‍ ആചരിച്ചു കാണിക്കുകയും ചെയ്തു.

സ്വാമികള്‍ ഒരു നൈഷ്ഠികബ്രഹ്മചാരിയായിരുന്നു. അതുകൊണ്ടാണ് അത്ഭുതസിദ്ധികള്‍ ഉള്‍ക്കൊള്ളാനുള്ള മെയ്ക്കരുത്തും ആത്മവീര്യവും അവിടത്തേക്കു ലഭിച്ചത്. താരുണ്യപ്രായത്തില്‍ത്തന്നെ ഭോഗവാസനയെ നിശ്ശേഷം നിരോധിക്കനിമിത്തം ബുദ്ധിയും ശരീരവും അരോഗമായി പരിപാലിക്കുവാനും പരിശുദ്ധമായ ഒരു ജീവിതരീതി തുടരുവാനും സ്വാമികള്‍ക്കു സാധിച്ചു. അഹിംസാത്മകമായ അവിടത്തെ സ്‌നേഹവ്യാപാരത്തെപ്പറ്റിയും ജന്തുകാരുണ്യത്തെപ്പറ്റിയും ഇതിനുപരി പ്രസ്താവിക്കുന്നുണ്ട്.

സ്വാമിയുടെ സുഹൃന്മണ്ഡലത്തിനു വലിയ വ്യാപ്തിയില്ല. സഞ്ചാരസ്ഥലങ്ങളില്‍ അവിടത്തേക്കു ചില ശിഷ്യന്മാരും സ്‌നേഹിതന്മാരും ഉണ്ടായിട്ടുണ്ട്. വേദാന്തവിചാരവും യോഗമാര്‍ഗ്ഗാന്വേഷണവും ഗൃഹസ്ഥന്മാര്‍ക്കുമാകാം എന്ന് അവിടന്നാണു പഠിപ്പിച്ചത്. എന്നാല്‍ ഒരുറച്ച സ്ഥാപനംവഴി തന്റെ ആദര്‍ശങ്ങളെ പ്രചരിപ്പിക്കുവാന്‍ അവിടന്നു യത്‌നിക്കാതിരുന്നതാണ് ഖേദകരം. സംഘടനാവൈഭവമോ പ്രചരണാത്മകതയോ സ്വാമികളുടെ പ്രവൃത്തികള്‍ പരിശോധിച്ചാല്‍ കാണ്മാനില്ലെന്നു പറയുന്നതു കേവലം സത്യമായിരിക്കും. ഒരു കാര്യത്തിലും പരസ്യം വേണമെന്ന് അവിടന്ന് ആഗ്രഹിച്ചിട്ടില്ല. സ്വാമികള്‍ക്കു പല ശിഷ്യന്മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീനാരായണ ഗുരുസ്വാമികള്‍, ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍, ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികള്‍ എന്നിവരാണ് ആ പരമ്പരയില്‍ തലപൊക്കി നില്‍ക്കുന്നവര്‍. ശിഷ്യന്മാരുടെ പ്രസിദ്ധി പെരുകിയതോടെ അവിടത്തെ നേരിട്ടു സമീപിക്കാതെ അവരെ അഭയം പ്രാപിച്ച് ഉപദേശം സ്വീകരിച്ചിട്ടുളളവരാണ് ഗൃഹസ്ഥശിഷ്യന്മാരിലധികവും.

യോഗശാസ്ത്രങ്ങളെ ഗ്രഹിക്കുന്നതിന് ആദ്യകാലം ശ്രീനാരായണഗുരുസ്വാമികള്‍ അവിടത്തെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഒരേ ജീവിതവൃത്തി അവലംബിച്ച് ആദ്ധ്യാത്മിക ചിന്താനിരതരും അദൈ്വതമതാനുയായികളുമായ ഈ മഹാന്മാര്‍ ബ്രഹ്മാനന്ദവിവേകത്തിന്റെ മാഹാത്മ്യം മുക്തകണ്ഠം വാഴ്ത്തിപ്പാടി കേരളക്കരയില്‍ അങ്ങോളമിങ്ങോളം ഈ ഭൂമിയുടെ സാംസ്‌കാരികനവോത്ഥാനത്തിന് അടിത്തറ പാകിക്കൊണ്ടാണ് സഞ്ചരിച്ചത്. അനുഗൃഹീതനായ കവി, മേധാവിയായ ജനസേവകന്‍, യോഗനിഷ്ഠനായ മതാചാര്യന്‍ എന്നീ നിലകളില്‍ ശ്രീനാരായണഗുരുസ്വാമികളുടെ കീര്‍ത്തിധാവള്യം കേരളത്തിന്റെ സീമകളെ കടന്നു. അധഃസ്ഥിതിയില്‍ കഴിഞ്ഞ ഈഴവസമുദായത്തെ ഉദ്ധരിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി അരുവിപ്പുറത്ത് ശ്രീനാരായണധര്‍മ്മപരിപാലനസംഘം കെട്ടിപ്പടുത്ത് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഗുരുസ്വാമികളെ മാനിക്കാനും അനുസരിക്കുവാനും ആ ജനവിഭാഗം മുമ്പോട്ടുവന്നു. തന്മൂലം അദ്ദേഹത്തിന്റെ പരിപാടി സുഗമമായിത്തീര്‍ന്നു; ഈഴവ സമുദായം ഉല്‍ക്കര്‍ഷത്തിലേക്കു കുതിച്ചുകയറുകയും ചെയ്തു.

അപാരമായ പാണ്ഡിത്യം, അഗാധമായ വേദാന്തജ്ഞാനം, പരിശുദ്ധമായ യൗഗികജീവിതം എന്നിവകൊണ്ട് ഒരു പ്രസിദ്ധ യോഗീശ്വരനായി ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ ഇതിനകം പുകള്‍പരത്തിക്കഴിഞ്ഞിരുന്നു. ഈ സന്യാസിവര്യന്‍ തന്റെ ശ്രദ്ധ നായര്‍ സമുദായപരിഷ്‌കരണത്തിലേക്കാണു തിരിച്ചുവിട്ടത്. തമ്മില്‍ തൊഴിച്ച് നാശത്തിന്റെ വക്കിലേക്കു നീങ്ങിക്കൊണ്ടിരുന്ന നായന്മാരെ സമുദ്ധരിക്കുവാന്‍ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ ചെയ്ത ശ്രമങ്ങള്‍ ആ സമുദായാന്തരീക്ഷത്തില്‍ നവോന്മേഷത്തിന്റെ സൗരഭം പരത്തിയെങ്കിലും ബലിഷ്ഠമായ ഒരു സ്ഥാപനമുണ്ടാക്കി തദ്വാരാ ശീലാചാരവൃത്തികളെ ശുദ്ധീകരിക്കുന്നതിന് അദ്ദേഹം ശ്രമം ചെയ്തില്ല. ഗ്രന്ഥനിര്‍മ്മിതിയിലൂടെ അജ്ഞതയില്‍നിന്ന് വിജ്ഞതയിലേയ്ക്ക് ജനസാമാന്യത്തെ നയിക്കുവാനാണ് അദ്ദേഹം യത്‌നിച്ചത്. എന്നാല്‍ താണനിരയിലുള്ള സാധാരണജനങ്ങളുടെയിടയില്‍ തീര്‍ത്ഥപാദരുടെ ആചാരപദ്ധതികള്‍ വേരുറച്ചതേയില്ല. ഗുരുഭക്തിയാകുന്ന സ്വത്തില്‍ കൗബേരമായ ഒരു പദവി അദ്ദേഹം സമ്പാദിച്ചിരുന്നു. ‘എന്റെ തീര്‍ത്ഥനെ ദൂരെവച്ചു കാണരുതേ’ എന്നു സ്വാമികള്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഗുരുവിന്റെ ദര്‍ശനമാത്രയില്‍ സാഷ്ടാംഗനമസ്‌കാരംകൊണ്ടു ഗുരുപൂജ ചെയ്യുന്നതില്‍ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളെ പിന്നിലാക്കുവാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. മദ്ധ്യതിരുവിതാംകൂര്‍ തന്റെ പ്രവര്‍ത്തനരംഗമായി തിരഞ്ഞെടുത്ത് അദ്ദേഹം ക്ഷോഭരഹിതമായി ജനസേവനം നടത്തിവന്നു.

ഇതിനുമുമ്പു ദര്‍ശിച്ച രണ്ടുപേരിലുംനിന്നു ഭിന്നനാണു തീര്‍ത്ഥപാദപരമഹംസര്‍. അദ്ദേഹത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ക്കു രണ്ടു ശാഖകളുണ്ടായിരുന്നു; മതപരവും സാമുദായികവും. വാഴൂര്‍ ഒരാശ്രമം സ്ഥാപിച്ച് അതിനെ ബലപ്പെടുത്തുവാനുള്ള പരിശ്രമം തുടരുകയായിരുന്നു അദ്ദേഹം. പ്രചരണതന്ത്രവും സംഘടനാസാമര്‍ത്ഥ്യവും ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ കര്‍മ്മപരിപാടികള്‍ക്കു ജനസഹായം ലഭിച്ചിരുന്നു. കഥാപുരുഷന്റെ ഭൗതികകാര്യങ്ങളില്‍ ഈ ശിഷ്യന്‍ വിവേകപൂര്‍വ്വം അന്വേഷണം നടത്തി യഥാസമയം വേണ്ടതു ചെയ്തുവന്നത് ഗുരുവിന്റെ അനുഗ്രഹവര്‍ഷത്തിന് കാരണമാക്കി. കൂടാതെ സ്വാമികളുടെ ആദര്‍ശങ്ങളെ പ്രയോഗക്ഷമമാക്കുന്നതിന് എവിടെയെങ്കിലും ഒരു കേന്ദ്രസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യവും അദ്ദേഹം കണ്ടു. സ്വാമി സദാനന്ദനുമായി യോജിച്ച് ഒരു സംയുക്തഹൈന്ദവസംഘടന സ്ഥാപിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഉത്സാഹിച്ചെങ്കിലും ആ ആശയം എന്തുകൊണ്ടോ രൂപം പ്രാപിച്ചില്ല.

സ്വാമികളുടെ ഭക്തന്മാരായ ശിഷ്യന്മാരില്‍ പത്മനാഭപ്പണിക്കര്‍ക്കു മുന്‍പന്തിയില്‍ത്തന്നെ സ്ഥാനമുണ്ട്. സ്വാമികളുടെ പരിചാരകനായി കൂടിയതിനുശേഷം പണിക്കര്‍ നിഴല്‍പോലെ അവിടത്തെ അനുഗമിച്ചിരുന്നതുകൊണ്ട് പണിക്കര്‍ ഇല്ലാതെ സ്വാമികളെ കാണുകയേയില്ല. പണിക്കരുടെ ഭാര്യാഗ്രഹമായ വടക്കേക്കര കല്ലറയ്ക്കല്‍ സ്വാമികളുടെ ഒരു വിശ്രമസ്ഥാനമായി വിശ്രുതിയാര്‍ജ്ജിച്ചിട്ടുണ്ട്. പണിക്കരുടെ ഭാര്യ അമ്മാളുവമ്മയും അവിടത്തെ ശുശ്രൂഷിക്കുക ഒരു വ്രതമായി വരിച്ച സാദ്ധ്വിയാണ്. ആത്മാര്‍ത്ഥമായ പരിചരണംകൊണ്ടു സ്വാമികളുടെ ഹൃദയം കവരുവാന്‍ പണിക്കര്‍ക്കും ഭാര്യയ്ക്കും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ആ സഹവാസംമൂലം അവിടത്തെ ഭൗതികസ്വത്തു ലഭിച്ചുവെന്നല്ലാതെ ആത്മീയമായി യാതൊന്നും പണിക്കര്‍ക്കു സിദ്ധിച്ചിട്ടില്ലെന്നു തീര്‍ത്തു പറയാം. പില്‍ക്കാലത്ത് പുത്തന്‍കുരിശു മഠാധിപതിയായി പേര്‍കേട്ട രാമാനന്ദസ്വാമികള്‍ അന്നു റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരുദ്യോഗസ്ഥനായിരുന്നു. അദ്ദേഹം വേദാന്തമാര്‍ഗ്ഗത്തില്‍ ബഹുദൂരം സഞ്ചരിച്ച ഒരു പ്രിയശിഷ്യനാണ്. നന്ത്യാരു വീട്ടില്‍ പരമേശ്വരന്‍ പിള്ള, ഡോക്ടര്‍ കെ. ജി. ഗോപാലപിള്ള, മജിസ്‌ട്രേറ്റ് ആണ്ടിപ്പിള്ള എന്നിവരും സ്വാമികളുടെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടും. ശ്രീകണ്‌ഠേശ്വരം കോട്ടവാതിലിനു വെളിയില്‍ ഒരാശ്രമം സ്ഥാപിച്ചിരുന്ന ഭക്തന്‍ ശിവരാമപിള്ള കഥാനായകന്റെ ഒരു മുഖ്യശിഷ്യനാണ്. സ്വാമികള്‍ തിരുവനന്തപുരത്തുള്ളപ്പോള്‍ മിക്കവാറും ശ്രീകണ്‌ഠേശ്വരം ഭജനമഠത്തില്‍ക്കൂടി വേദാന്തവാക്യങ്ങളെ വ്യാഖ്യാനിക്കയും ലളിതകലാകൗതുകം പ്രദര്‍ശിപ്പിക്കയും ചെയ്തുവന്നിരുന്നു. മറ്റു പല ശിഷ്യന്മാരും അവിടേക്കുണ്ടായിട്ടുണ്ട്. തച്ചുടയകയ്മള്‍, പന്നിശ്ശേരി നാണുപിള്ള, ആറന്മുള നാരായണപിള്ള വൈദ്യന്‍ മുതലായവര്‍ പ്രശിഷ്യന്മാരാണ്. ഇങ്ങനെ ശിഷ്യ പ്രശിഷ്യന്മാരാല്‍ പരിസേവ്യനെങ്കിലും സ്പര്‍ശലേശമില്ലാതെ അവിടന്നു കാലംകടത്തിവിട്ടു.