വിദ്യാഭ്യാസം

ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം രണ്ട്

തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മദ്ധ്യത്തില്‍ തലപൊക്കി നില്‍ക്കുന്ന പുത്തന്‍കച്ചേരി അനേകസഹസ്രം ജനങ്ങളുടെ കഠിനമായ കായികാധ്വാനത്തിലൂടെ ഉയര്‍ന്നു രൂപമെടുത്തതാണെന്ന ബോധം ഇന്നു കാണുന്നവര്‍ക്ക് ഉണ്ടാകുമോ എന്തോ? തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ ദിവാന്‍ജിമാരില്‍ പ്രശസ്തനായ രാജാ സര്‍ ടി. മാധവരായരുടെ കാലത്തായിരുന്നു ഈ രമ്യഹര്‍മ്മ്യത്തിന്റെ നിര്‍മ്മിതി. ചെങ്കല്‍ച്ചൂളയില്‍നിന്നും ചുടുകട്ടകള്‍ കൊണ്ടുവരാനും മണ്ണു ചുമന്നു കൂട്ടുവാനും ചുറുചുറുക്കുള്ള ഏറെ ബാലന്മാരുടെ സേവനം ആവശ്യമാണെന്ന് അറിഞ്ഞപ്പോള്‍ നഗരപ്രാന്തത്തില്‍നിന്നും മുതിര്‍ന്ന ബാലന്മാര്‍ അങ്ങോട്ടുതിരിക്കയായി. അക്കൂട്ടത്തില്‍ ദാരിദ്ര്യത്തിന്റെ തള്ളല്‍മൂലം കുഞ്ഞന്‍പിള്ളയും പണിക്കു ചെന്നുപറ്റി. ജ്ഞാനാന്വേഷണനിരതനായ അയാള്‍ക്കു ഭാരമെടുപ്പു തീരെ യോജിച്ചതായിരുന്നില്ലെങ്കിലും അമ്മയെ പുലര്‍ത്താന്‍ വഴികാണാതെ പോയതാണ്. പില്‍ക്കാലത്തു സ്വാമികള്‍തന്നെ പറയാറുണ്ടായിരുന്നു – ഇ കച്ചേരിപണിക്കു ഞാനും മണ്ണു കുറച്ചു ചുമന്നിട്ടുള്ളവനാണ് – എന്ന്.

കൂലിജോലി അഭിമാനപ്രദമായി കഥാനായകനു തോന്നിയില്ല. തന്നിമിത്തം പണിനിര്‍ത്തി വീണ്ടും വീട്ടിലേക്ക് അയാള്‍ മടങ്ങി. ഗുസ്തിയും വേദാന്തവുമായി നടക്കാതെ എന്തെങ്കിലും ഒരു തൊഴില്‍ നോക്കണമെന്ന് അമ്മയും നിര്‍ബന്ധിച്ചു. വീടു പുലര്‍ത്താന്‍ തന്റെ മകന് ഒരു വഴി ലഭിക്കണേ എന്ന് ആ സാധ്വി മനമുറ്റു പ്രാര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥന ഫലിച്ചു എന്നുതന്നെ പറയാം. നെയ്യാറ്റിന്‍കര രജിസ്റ്റര്‍ കച്ചേരിയില്‍ അക്കാലം എഴുത്തുജോലിയിലായിരുന്ന കൃഷ്ണപിള്ള വീട്ടില്‍ വന്നപ്പോള്‍ കുഞ്ഞന്‍പിള്ളയെ കൂടെ കൊണ്ടുപോകാമെന്നേറ്റു. ആധാരമെഴുത്ത് സമ്പദുല്‍പാദകമായ ഒരു ജീവിതവൃത്തിയായിരുന്നതുകൊണ്ടു കുഞ്ഞന്‍പിള്ള ആ തൊഴിലില്‍ ഉയര്‍ന്നാല്‍ വീട്ടിലെ ദാരിദ്ര്യം അസ്തമിക്കുമെന്നു കൃഷ്ണപിള്ളയും ഉറച്ചു. ആ ഘട്ടത്തെ കൃഷ്ണപിള്ള ഇങ്ങനെ സ്മരിക്കുന്നു:

‘അമ്മയുടെ നിര്‍ബ്ബന്ധമനുസരിച്ച് കുഞ്ഞന്‍പിള്ളചട്ടമ്പി എന്റെകൂടെ ആധാരമെഴുതാന്‍ പോന്നു. നെയ്യാറ്റിന്‍കരയിലും ഭൂതപ്പാണ്ടിയിലും എന്നോടൊരുമിച്ച് ആധാരമെഴുതിയിട്ടുണ്ട്. ആധാരമെഴുത്ത് ഗവണ്‍മെന്റ് ജോലിയല്ല. ഒരു ആധാരമെഴുതിയാല്‍ ഒരു പണം പ്രതിഫലം കിട്ടും. ഷണ്മുഖസുന്ദരംപിള്ള എന്നൊരാള്‍ നാല്പത്തഞ്ചാമാണ്ട് നെയ്യാറ്റിന്‍കര രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടറായിരുന്നു. കുഞ്ഞന്റെ കയ്പട കണ്ടു അദ്ദേഹം സന്തോഷിച്ചു. അദ്ദേഹവും ഒരു സുബ്രഹ്മണ്യോപാസകനായിരുന്നു. കുഞ്ഞനും അന്ന് ഏതാണ്ടൊക്കെ ഉപാസനയുണ്ട്. എന്റെകൂടെ ആദ്യത്തെ ദിവസം ആധാരമെഴുതിയവകയില്‍ എട്ടു പണം കിട്ടി. അത് അത്ര സാധാരണയല്ല. കിട്ടിയതു വീട്ടില്‍ അയച്ചുകൊടുക്കുകയാണ് പതിവ്. വേദാന്തിയായ ഷണ്മുഖസുന്ദരംപിള്ള കുഞ്ഞന്റെ നടപടിയില്‍ സന്തോഷിച്ച് രജിസ്ട്രാഫീസില്‍ സ്വകാര്യമായ ഒരു നിശ്ചയം ചെയ്തു. ആധാരം എഴുതിയാലും ശരി, ഇല്ലെങ്കിലും ശരി, കുഞ്ഞന്‍പിള്ളയ്ക്ക് എട്ടു ചക്രം വൈകുന്നേരം ആഫീസില്‍ നിന്നും കൊടുക്കണമെന്നുള്ളതായിരുന്നു അത്. കുഞ്ഞന്‍പിള്ള എഴുതാന്‍ മടികാണിക്കാറില്ല. എന്നാല്‍ ആധാരം എല്ലാവര്‍ക്കും എഴുതാന്‍ കിട്ടിയില്ലെന്നുവരും. കുഞ്ഞന്‍പിള്ളയ്ക്ക് എട്ടുചക്രം കിട്ടിയാല്‍ അന്ന് ഒരു കാശും കിട്ടാത്ത കൂട്ടുകാര്‍ക്ക് അതില്‍നിന്നും ഒന്നും രണ്ടും ചക്രം വീതിച്ചുകൊടുക്കും. ഞാന്‍ ഇതുകണ്ടു പലപ്പോഴും ദേഷ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ‘അവര്‍ക്കു പട്ടിണി നമുക്കു പട്ടിണിപോലെ തന്നെയല്ലെ’ എന്നു എന്നോടു പറഞ്ഞ് എന്റെ കാലുപിടിക്കും.’

അന്യരുടെ ദുഃഖം തന്റേതായി കാണുവാനും രണ്ടിനും തമ്മില്‍ അഭേദം കല്പിക്കുവാനും സ്വാമികള്‍ക്ക് അന്നേ കഴിഞ്ഞിരുന്നു; അദൈ്വതഭാവനയുടെ ഒരു സ്ഫുരണം തന്നെ അതും.

ഭൂതപ്പാണ്ടിയിലും ജ്യേഷ്ഠനുമൊന്നിച്ച് കുഞ്ഞന്‍പിള്ള ആധാരമെഴുതിയിട്ടുണ്ട്. അവിടത്തെ വാസം ഒരുതരത്തില്‍ ചട്ടമ്പിക്ക് അനുഗ്രഹമായിരുന്നു. തമിഴ് ഭാഷയിലുള്ള കയ്യെഴുത്തു ഗ്രന്ഥങ്ങള്‍ നിഷ്പ്രയാസം വായിക്കുവാന്‍ അദ്ദേഹം അവിടെവച്ചാണ് വശപ്പെടുത്തിയത്. അക്കാലങ്ങളെപ്പറ്റി കൃഷ്ണപിള്ള പറയുന്നതു നോക്കുക:

‘ഭയമെന്നുള്ളതു കുഞ്ഞനില്ല. ഭൂതപ്പാണ്ടിയില്‍ എന്നോടുകൂടി അധികനാള്‍ താമസിച്ചില്ല. അക്കാലത്ത് അവിടെ അതിശക്തിയായി അടിച്ചിരുന്ന കാറ്റ് കുഞ്ഞന് അസഹനീയമായിത്തോന്നിയിരുന്നു. അവിടെ താമസിച്ചാല്‍ അയാള്‍ പെട്ടുപോകുമെന്നുപോലും എന്നോടു സങ്കടം പറഞ്ഞു. എനിക്ക് കുഞ്ഞനെ തിരുവനന്തപുരത്തേക്കയയ്ക്കാന്‍ മനസ്സായിരുന്നില്ല. കാരണം അവന്‍ അവിടെ ചെന്നാല്‍ ഒരുമാതിരി ഗുസ്തിയും വേദാന്തവും തെണ്ടിത്തിരിഞ്ഞുള്ള നടപ്പും പ്രസംഗവും ഒക്കെയാണ് ജോലി എന്നെനിക്കറിയാം. അതിനാല്‍ നെയ്യാറ്റിന്‍കര പോയി താമസിപ്പാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്തു. ഒരു ദിവസം രാത്രി അവിടെനിന്നും പുറപ്പെടാന്‍ ഭാവിച്ചു. അന്നത്തെ നിലയ്ക്ക് ഭൂതപ്പാണ്ടിയില്‍നിന്നും തനിയെ നെയ്യാറ്റിന്‍കരവരെ ഒരുത്തരും നടക്കുമാറില്ല. ഞാന്‍ രാത്രിപോകണ്ടാ എന്നു വിലക്കി. സാരമില്ല, എന്നെ ആരും പിടിച്ചുതിന്നുകയില്ല എന്നു പറഞ്ഞ് അവിടെനിന്നും പുറപ്പെട്ടു. നെയ്യാറ്റിന്‍കര എത്തി കുഞ്ഞനില്‍നിന്നും എഴുത്തുകിട്ടുന്നതുവരെ എനിക്ക് ഒരു സമാധാനവും വന്നില്ല. ഉടന്‍ എഴുത്തു വന്നുചേര്‍ന്നു.’

ആധാരമെഴുത്തു ജോലി കുഞ്ഞന്‍പിള്ളയ്ക്കു മുഷിഞ്ഞു; ഒരുത്സാഹവും അയാള്‍ അതില്‍ കണ്ടില്ല. ഒരസാധാരണമായ ചിന്താശീലമാണ് അയാളില്‍ വളര്‍ന്നുവന്നത്. ആദ്ധ്യാത്മികമായ ഒരു ചൈതന്യവിശേഷം ചട്ടമ്പിയുടെ മനസ്സില്‍ സദാ തിളങ്ങിക്കൊണ്ടിരുന്നു. അങ്ങനെയൊരു ജീവിതം അഭികാമ്യമായി അയാള്‍ക്കു തോന്നി. കുഞ്ഞന്‍ പിള്ള അസ്വസ്ഥനായി തിരുവനന്തപുരത്തേക്കുതന്നെ തിരിച്ചുപോന്നു. വീട്ടില്‍ വന്നപ്പോള്‍ വീണ്ടും ദാരിദ്ര്യത്തിന്റെ കാഠിന്യം അയാള്‍ക്ക് അനുഭവപ്പെട്ടുതുടങ്ങി.

ഒരു മാസം സര്‍ക്കാര്‍ജോലി നോക്കാനും ഇക്കാലം ചട്ടമ്പിക്ക് സംഗതിയായി. സര്‍ ടി. മാധവരായരുടെ ഭരണകാലാവസാനം. ഹജൂര്‍ക്കച്ചേരിയില്‍ കുറെ കണക്കപ്പിള്ളമാരെ എടുക്കാന്‍ ദിവാന്‍ നിശ്ചയിച്ചു. കണക്കിലും ഭാഷയിലും സാമാന്യ യോഗ്യതയുള്ള ഏതാനും ബാലന്മാര്‍ പരീക്ഷയ്ക്കു ഹാജരായി. എല്ലാവര്‍ക്കും കുറെ ചോദ്യങ്ങള്‍ ദിവാന്‍തന്നെ ഇട്ടുകൊടുത്തു. ശരിയായ ഉത്തരവുമായി കുട്ടികള്‍ എത്തി. അവരില്‍ നിന്നും യോഗ്യത അനുസരിച്ചു തിരഞ്ഞെടുക്കാന്‍ നിവൃത്തിയില്ലാതെ ദിവാന്‍ കുഴങ്ങി. വീണ്ടും ചില കഠിനമായ കണക്കുകള്‍ അദ്ദേഹം അവര്‍ക്ക് ഇട്ടയച്ചു. അടുത്ത ദിവസവും ശരിയായ ഉത്തരവുമായി ഉദ്യോഗാര്‍ത്ഥികള്‍ വന്നു. ഉത്തരങ്ങളെല്ലാം ഏകരൂപമായിരുന്നതുകണ്ട് ആരുടെയോ കൗശലം അതിലുണ്ടെന്നു ദിവാന്‍ ഊഹിച്ചു. കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന ഒരു യുവാവിന്റെ പണിയാണിതെന്ന് അദ്ദേഹം അറിഞ്ഞ ഉടനെ ചട്ടമ്പിയെ വരുത്തി ഒരു പരിശോധന നടത്തി. വെറും കൈവിരല്‍ മാത്രം മടക്കി ഇട്ടകണക്കിനെല്ലാം ചട്ടമ്പി ശരിക്ക് ഉത്തരം പറഞ്ഞു. ദിവാന്‍ അത്ഭുതപ്പെട്ടുപോയി. ഉടന്‍തന്നെ ആ യുവാവിനെ നാലു സര്‍ക്കാര്‍ രൂപാ ശമ്പളത്തില്‍ ഒരു കണക്കപ്പിള്ളയായി അദ്ദേഹം നിയമിച്ചു. മാസാവസാനം ചട്ടമ്പിയുടെ സാമര്‍ത്ഥ്യത്തെ പരിഗണിച്ചു പാരിതോഷികമായി പത്തുരൂപാ നല്‍കി. എന്നാല്‍ ചട്ടമ്പിയാകട്ടെ തന്റെ വേതനമായ നാലു രൂപാ എടുത്തിട്ട് ബാക്കി ആറുരൂപാ തിരികെ കൊടുക്കുകയാണ് ചെയ്തത്. അനര്‍ഹമായ പ്രതിഫലേച്ഛ ചട്ടമ്പിക്കുണ്ടായിരുന്നില്ല.

ഈ ജോലി അധികകാലം കഥാനായകനു തുടരേണ്ടി വന്നില്ല. കണക്കപ്പിള്ളയുടെ മേലധികാരി ത്രിവിക്രമന്‍ തമ്പി എന്ന വിശ്രുതനായ ഒരു പരാക്രമിയായിരുന്നു. ചട്ടമ്പി കുറച്ചുദിവസത്തെ അവധി വേണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. അവധി അനുവദിക്കുന്നതല്ലെന്നു തമ്പി ശഠിച്ചു. അവധി കൂടിയേതീരൂ എന്ന ചട്ടമ്പിയുടെ നിര്‍ബന്ധത്തിന് ‘ഞാന്‍ നാളെ ഇവിടെ വന്നു നോക്കുമ്പോള്‍ തന്നെ ആ സ്ഥാനത്തു കാണണം’ എന്നു എന്നു മേലാധികാരി ഗര്‍ജ്ജിച്ചു. ഔദ്യോഗിക പ്രഭാവവും പ്രൗഢിയും കേവലം ശുഷ്‌കതൃണമായി ഗണിച്ച ആ യുവാവിനെയുണ്ടോ ഈ ഗര്‍ജ്ജനം അസ്തധൈര്യനാക്കുന്നു. ചട്ടമ്പിയുടെ പ്രത്യുത്തരം ഇതായിരുന്നു: ‘ഇനി ഞാന്‍ എപ്പോള്‍ അവിടെ വന്നിരിക്കുമോ അപ്പോള്‍ എന്നെ നോക്കിക്കൊള്ളണം.’ താന്‍ കണക്കപ്പിള്ളയാകാന്‍ ജനിച്ചവനല്ലെന്ന ആത്മാഭിമാനവിജൃംഭണം ചട്ടമ്പിക്കുണ്ടായി; ജോലി വലിച്ചെറിഞ്ഞിട്ട് അയാള്‍ കച്ചേരി വിട്ടു.

ഇക്കാലത്ത് പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ ഉത്സാഹത്തില്‍ ‘ജഞാനപ്രജാഗരം’ എന്ന പേരില്‍ ഒരു സമാജം തലസ്ഥാനനഗരിയിലെ യുവസഹൃദയന്മാര്‍ സമാരംഭിച്ചു. ജ്ഞാനാന്വേഷകരായ യുവാക്കന്മാര്‍ക്ക് പ്രസ്തുതസമാജം ഒരു അഭയകേന്ദ്രമായിത്തീര്‍ന്നു. മതപ്രബോധനപരങ്ങളായ വാദപ്രതിവാദങ്ങള്‍, സംഗീതപാഠങ്ങള്‍, വേദാന്തപ്രവചനങ്ങള്‍ എന്നിവ സമാജത്തില്‍ സാധാരണമായി. ചട്ടമ്പിയും ഈ സമാജത്തില്‍ ചെന്നുപറ്റി. പില്‍ക്കാലത്ത് പേരെടുത്ത പ്രൊഫസര്‍ സുന്ദരംപിള്ള അന്ന് ഒരു കോളേജുവിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹം വാദപ്രതിവാദങ്ങളില്‍ സജീവമായി പങ്കെടുത്തു വന്നു. വിവാദപടുവായ കുഞ്ഞന്‍പിള്ളയ്ക്കു വിദ്യാഭ്യാസത്തിനു സമുചിതമായ രംഗം ലഭിച്ചു. ഇംഗ്ലീഷിലുള്ള തത്ത്വശാസ്ത്രഗ്രന്ഥങ്ങളെപ്പറ്റി വിശദമായ വിവരങ്ങള്‍ ചട്ടമ്പി യുവസ്‌നേഹിതന്മാരില്‍നിന്ന് ശേഖരിക്കുകയും അവ നോട്ടുബുക്കുകളില്‍ രേഖപ്പെടുത്തിവയ്ക്കുകയും ചെയ്തു. സല്‍സംഗമമാണ് യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ജ്ജനവിഷയത്തില്‍ പ്രധാന ഉപാധി. അന്നു റസിഡന്‍സിയില്‍ മാനേജരായിരുന്ന തൈക്കാട്ട് അയ്യാവ് സമാജത്തില്‍ വേദാന്തവ്യവഹാരം നടത്തി വന്നത് വിചാരണശീലന്മാര്‍ക്ക് ഉന്മേഷദായകമായിരുന്നു. ഒരു ഹഠയോഗിയും സുബ്രഹ്മണ്യോപാസകനുമായ അയ്യാവുമായുള്ള സമ്പര്‍ക്കം യോഗമാര്‍ഗ്ഗങ്ങളില്‍ വ്യാപരിക്കുന്നതിനു ചട്ടമ്പിക്കും സൗകര്യം നല്‍കി. അയ്യാവിനെ സമീപിച്ച് യോഗാസനങ്ങള്‍ സമ്പ്രദായരീത്യാ മനസ്സിലാക്കിയതുകൂടാതെ തമിഴിലുള്ള വേദാന്തചിന്താരീതിയെപ്പറ്റി ഒരു പ്രാഥമികജ്ഞാനവും കുഞ്ഞന്‍പിള്ള സമ്പാദിച്ചു. നിരന്തരമായ അഭ്യാസംകൊണ്ട് മെയ്യ് നല്ലപോലെ വഴങ്ങിവന്നപ്പോള്‍ കുഞ്ഞന്‍പിള്ളയ്ക്ക് ഏതു യോഗാസനം കാണിക്കുവാനും അന്യാദൃശമായ ഒരു ലാഘവവും പാടവവും കൈവന്നു. ചില തമിഴ് ഗ്രന്ഥങ്ങള്‍ നോക്കി ഇതിനിടെ ഗുസ്തിമാര്‍ഗ്ഗങ്ങളും അദ്ദേഹം വശപ്പെടുത്തി.

തമിഴ് ഭാഷയോട് ഒരു പ്രത്യേക പ്രതിപത്തി ആധാരമെഴുത്തിനു തെക്കന്‍ദിക്കിന്‍ സഞ്ചരിച്ച കാലം മുതല്‍ തന്നെ കുഞ്ഞന്‍പിള്ളയില്‍ മുളച്ചുവന്നു. ആ ഭാഷാപഠനം എങ്ങനെ ദൃഢമാക്കാമെന്നുള്ളതിലായി ചട്ടമ്പിയുടെ ശ്രദ്ധ മുഴുവനും. തമിഴിലെ തിളക്കവും പഴക്കവുമേറിയ ഗ്രന്ഥങ്ങള്‍ കൊടുംതമിഴിലുള്ള പ്രാചീനകൃതികളായിരുന്നതുകൊണ്ട് അവയിലേയ്ക്കു പ്രവേശിക്കാന്‍ കെട്ടുറപ്പുള്ള വ്യാകരണപരിജ്ഞാനം അത്യാവശ്യമായിരുന്നു. അതിന് ഒരു തമിഴ് പണ്ഡിതന്റെ കരാവലംബം അദ്ദേഹത്തിനു തേടേണ്ടിവന്നു. അന്ന് തിരുവനന്തപുരം കോളേജിലെ തമിഴ് അദ്ധ്യാപകനായിരുന്ന സ്വാമിനാഥദേശികരെ (അദ്ദേഹവും ജ്ഞാനപ്രജാഗരത്തിനു ചിലപ്പോള്‍ കൂടിയിരുന്നു.) ചട്ടമ്പി തന്റെ അഭിലാഷം അറിയിച്ചു. ഉല്‍ക്കര്‍ഷേച്ഛുവായ ആ യുവാവിന്റെ അപേക്ഷ ദേശികര്‍ തിരസ്‌കരിച്ചില്ല. ദേശികരുടെ മഠത്തില്‍ നിത്യവും ചട്ടമ്പി എത്തി. ഇലക്കണശാസ്ത്രം വിശദമായി ദേശികര്‍ പറഞ്ഞുകൊടുത്തത് ചട്ടമ്പിയുടെ പ്രകാശമേറിയ പ്രതിഭയില്‍ പ്രതിഫലിച്ചുനിന്നു.തമിഴിലെ ശാസ്ത്രഗ്രന്ഥങ്ങള്‍, പുരാണഗ്രന്ഥങ്ങള്‍, വേദാന്തഗ്രന്ഥങ്ങള്‍ മുതലായവയില്‍ ഗാഢമായ പരിചയം നേടുവാന്‍ ചട്ടമ്പിക്ക് അധികകാലം വേണ്ടിവന്നില്ല. ആത്മജ്ഞാനം ഉത്തേജിപ്പിക്കുവാനുള്ള ചട്ടമ്പിയുടെ ഉത്ഹാസം ആ യുവാവിനെ ദേശികരുടെ സ്‌നേഹഭാജനമാക്കിത്തീര്‍ത്തു.

കുറച്ചുകാലത്തെ പഠനംകൊണ്ട് സകല അറിവിന്റേയും പ്രഭവസ്ഥാനം തമിഴ്ഭാഷയാണെന്നുള്ള വിശ്വാസത്തില്‍ ചട്ടമ്പി എത്തിച്ചേര്‍ന്നു. അതുകൊണ്ട് ആ ഭാഷ മഥനം ചെയ്തു കറകളഞ്ഞ വിജ്ഞാനസുധ സമ്പാദിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ദൈവമഹിമയെ പ്രകീര്‍ ത്തനം ചെയ്യുന്ന തിരുക്കുറളും, കമ്പര്‍, പട്ടണത്തുപിള്ളയാര്‍, നക്കീരര്‍ മുതലായവരുടെ കവിതകളും ഇമ്പമായി കഥനം ചെയ്യുവാന്‍ ചട്ടമ്പിക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. വേദാന്തപാടലുകള്‍ സ്വയം പാടിപ്പാടി കുഞ്ഞന്‍പിള്ള മദോന്മത്തനായി തുള്ളിക്കളിച്ചിട്ടുണ്ട്. ദ്രാവിഡസംസ്‌കാരത്തിന്റെ ബാഹ്യഭംഗിയും ഭാവഗൗരവവും സുന്ദരമായി അന്തരംഗത്തില്‍ സമന്വയിച്ചപ്പോള്‍ ആ അനര്‍ഘവിഭവത്തിന്റെ കേദാരമായ തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസാര്‍ത്ഥം ഒരു തീര്‍ത്ഥയാത്ര നടത്തിയാല്‍ കൊള്ളാമെന്ന മോഹം കുഞ്ഞന്‍പിള്ളയില്‍ അങ്കുരിച്ചു. ഗുരുവിനെ ഈ അഭിലാഷം ഉണര്‍ത്തിയതില്‍ യഥാവസരം ആരെയെങ്കിലും കൂട്ടി പാണ്ടിയില്‍ അയയ്ക്കാമെന്ന് ദേശികര്‍ ശിഷ്യനെ സമാശ്വസിപ്പിക്കുകയാണ് ചെയ്തത്.

ഈ ഘട്ടത്തില്‍ ചട്ടമ്പിയുടെ ഇച്ഛാനിവൃത്തിക്കു സംഗതിയായി. തമിഴ് നാട്ടില്‍ നിന്ന് നവരാത്രി വിദ്വത്സദസ്സിനു സുബ്ബാ ജടാപാഠി എന്ന ഒരു മഹാവിദ്വാന്‍ അക്കൊല്ലം തിരുവനന്തപുരത്തു വന്നു. വേദവേദാന്തപാരംഗതനും അപാരപണ്ഡിതനുമായ സുബ്ബാജടാപാഠികള്‍ ഇദംപ്രഥമമായിട്ടാണ് നവരാത്രിസദസ്സില്‍ പങ്കെടുക്കാന്‍ വരിക. തര്‍ക്കത്തിനും വേദാന്തപ്രഭാഷണങ്ങള്‍ക്കുമായി വിദ്വാന്മാര്‍ സമ്മേളിക്കുന്നതു കാണുവാനും കേള്‍ക്കുവാനും ജിജ്ഞാസുക്കളായ യുവാക്കന്മാര്‍ക്ക് അവസരം ലഭിച്ചു. സ്വാമിനാഥദേശികരോടൊന്നിച്ച് കുഞ്ഞന്‍പിള്ളയും വിദ്വത്സദസ്സിന്റെ ഒരറ്റംപറ്റി നിന്നു. ജടാപാഠിയുടെ വശ്യമായ വാഗ്‌വൈഭവവും മനോധര്‍മ്മവിലാസവും കുഞ്ഞന്‍പിള്ളയെ ഹഠാദാകര്‍ഷിച്ചു. ദേശികര്‍ മുഖേന ആ പണ്ഡിതവരേണ്യന്റെ പരിചയം ചട്ടമ്പി സമ്പാദിച്ചു. പ്രഥമ പരിചയത്തില്‍ത്തന്നെ മേധാവിയും വിനയസമ്പന്നനുമായ ഒരു യുവാവാണ് നവപരിചിതന്‍ എന്നു ജടാപാഠികളും മനസ്സിലാക്കി. കുറേനേരത്തെ സംഭാഷണംകൊണ്ടു പുത്രനിര്‍വ്വിശേഷമായ വാത്സല്യമാണ് ആ ബ്രാഹ്മണശ്രേഷ്ഠന് കുഞ്ഞന്‍പിള്ളയിലുണ്ടായത്. ഒടുവില്‍ തന്റെ സ്വദേശമായ കല്ലടക്കുറിച്ചിയിലേക്കു പോരുന്നുണ്ടോ എന്നു ജടാപാഠികള്‍ ചട്ടമ്പിയോടു ചോദിച്ചപ്പോള്‍ ആ യുവാവിന്റെ കരതലങ്ങള്‍ മുകുളീകൃതങ്ങളാകുകയും നയനങ്ങള്‍ ആനന്ദബാഷ്പംകൊണ്ടു തിളങ്ങുകയും ചെയ്തു. ദേശികരുടെ ആശീര്‍വാദവും വാങ്ങി കുഞ്ഞന്‍പിള്ള സുബ്ബാ ജടാപാഠിയെ അനുഗമിച്ചു.

ഈ മഹല്‍സമാഗമം കഥാനായകന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവുതന്നെയായിരുന്നു. സുബ്ബാ ജടാവല്ലഭര്‍ എന്ന പേരിലാണ് ജടാപാഠികള്‍ കല്ലടക്കുറിച്ചിയില്‍ വിദിതനായിരുന്നത്. ആന്ധ്രായില്‍ നിന്ന് ബ്രാഹ്മണരുടെ പൗരോഹിത്യം വഹിക്കുവാന്‍ ജടാവല്ലഭകുടുംബം കല്ലടക്കുറിച്ചിയില്‍ കൂട്ടിക്കല്‍ തെരുവില്‍ വന്നതുമുതല്‍ തെന്നിന്ത്യയിലെ പേരുകേട്ട വിദ്വാന്മാരുടെ ആസ്ഥാനമായി ആ സ്ഥലം. വേദം, വേദാന്തം, തര്‍ക്കം, വ്യാകരണം എന്നീ ശാസ്ത്രങ്ങളില്‍ ജടാവല്ലഭരോട് കിടപിടിക്കുവാന്‍ തമിഴ് നാട്ടില്‍ അന്നാരുമുണ്ടായിരുന്നില്ല. ലോകവ്യവഹാരങ്ങളില്‍ പ്രാവീണ്യം നേടിയ പ്രഗത്ഭമതികളായ അനേകം പേര്‍ ജടാപാഠിയുടെ മഠത്തില്‍ ഇടതടവില്ലാതെ വന്നുംപോയുമിരുന്നു. ശാസ്ത്രീയമായ വാദപ്രതിവാദങ്ങള്‍കൊണ്ടു സദാ മുഖരിതമായ ആ ഗൃഹപരിസരം കുഞ്ഞന്‍പിള്ളയില്‍ വികസ്വരമായിവന്ന സാംസ്‌കാരികപ്രതികരണങ്ങള്‍ക്കു വളംവച്ചു. തമിഴിലും സംസ്‌കൃതത്തിലും ഉള്ള എല്ലാ ശാസ്ത്രങ്ങളിലും ഗാഢപരിജ്ഞാനം ചട്ടമ്പി നേടിയത് ഇവിടെനിന്നാണ്. ഇരുമ്പാണല്ലോ ഇരുമ്പിന്നു മൂര്‍ച്ച കൂട്ടുന്നത്.

കല്ലടക്കുറിച്ചിയിലെ വാസം യഥാര്‍ത്ഥത്തില്‍ ചട്ടമ്പിയുടെ ഭാവിശ്രേയസ്സിന്റെ ബലിഷ്ഠമായ അസ്തിവാരം ഉറപ്പിച്ചു. ജടാപാഠികളുടെ അന്തേവാസിയായി മൂന്നുനാലുകൊല്ലം കഴിഞ്ഞപ്പോള്‍ സ്വതസിദ്ധമായ വാസനയെ വികസിപ്പിക്കുവാന്‍ ചട്ടമ്പിക്കു കഴിഞ്ഞു. ശിഷ്യന്റെ ബുദ്ധിവൈഭവവും വിജ്ഞാനതൃഷ്ണയും അയാളെ ഗുരുവിന്റെ പ്രീതിപാത്രമാക്കിത്തീര്‍ത്തു. ഗുരുവിനാണെങ്കില്‍ ശിഷ്യനെ വേര്‍പിരിഞ്ഞിരിക്കുവാന്‍ വിഷമവുമായി. ജടാപാഠികളുടെ മഠത്തിനു സമീപം അന്നൊരു യോഗീശ്വരന്‍ യോഗനിഷ്ഠയില്‍ കഴിഞ്ഞുകൂടിയിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹവും കുഞ്ഞന്‍പിള്ള സമ്പാദിച്ചു. ആ യോഗീശ്വരനില്‍നിന്ന് തമിഴ് രീതിയിലുള്ള യോഗമുറകളും ചട്ടമ്പി മനസ്സിലാക്കി. കൂടാതെ അന്നു പ്രചാരത്തിലിരുന്ന സംഗീതോപകരണങ്ങളെല്ലാം പ്രയോഗിക്കുവാനുള്ള കരവിരുതും ചട്ടമ്പി അവിടത്തെ താമസത്തിനിടയില്‍ നേടിക്കഴിഞ്ഞു. എല്ലാം ഒരു മറവി തീര്‍ക്കല്‍ ആയിരുന്നു; അതുകൊണ്ട് ആരോഗ്യപൂര്‍ണ്ണവും ബലിഷ്ഠവുമായ ആ പ്രതിഭയ്ക്ക് നൂതനമായി ഉള്‍ക്കൊള്ളുവാന്‍ കാര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മഹര്‍ഷികല്പനായ ജടാപാഠികള്‍ തന്റെ പാത്രത്തില്‍ ഉണ്ടായിരുന്നവ മുഴുവനും ശിഷ്യനില്‍ പകര്‍ന്നപ്പോള്‍ തിരിയില്‍നിന്നു കൊളുത്തിയ പന്തം തന്നെയായി ശിഷ്യന്‍. അഭ്യാസപൂര്‍ത്തിക്കുശേഷം വിടവാങ്ങുവാനെത്തിയ ശിഷ്യനില്‍ വിദ്യാസംസ്‌കാരാദികളില്‍ ഉപസ്ഥിതി നേടിയ ഒരു സകലകലാവല്ലഭനെ ആ ദേശികവര്യന്‍ ദര്‍ശിച്ചു. സ്വപ്രത്യയസ്ഥൈര്യത്തോടുകൂടി ലോകരംഗത്തിറങ്ങുവാനുള്ള കരുത്തും വിരുതും കരുതിക്കൊണ്ടാണ് കുഞ്ഞന്‍പിള്ള നാട്ടിലേയ്ക്കു തിരിച്ചത്.

മടക്കയാത്രയും ചട്ടമ്പി പ്രയോജനപ്പെടുത്തി. അതിവര്‍ണ്ണാശ്രമികളായ പല സിദ്ധന്മാരുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുകയും അവരില്‍നിന്നും ശാസ്ത്രജ്ഞാനാധിഷ്ഠിതമായ തത്ത്വബോധം കരസ്ഥമാക്കുകയും ചെയ്തു. മരുത്വാമലയിലും പരിസരങ്ങളിലും അദ്ദേഹം കുറച്ചുനാള്‍ ഏകാന്തധ്യാനത്തില്‍ കഴിഞ്ഞുകൂടി. നിര്‍ജ്ജനപ്രദേശമായ ആ ഗിരിതടത്തില്‍ ആഹാരംതന്നെയും അദ്ദേഹത്തിനുണ്ടായിരുന്നില്ല; ചില പച്ചിലകളും ഫലമൂലങ്ങളുമായിരുന്നു അവലംബം. തെക്കന്‍ദിക്കുവഴിക്കുള്ള സഞ്ചാരമദ്ധ്യേ ആത്മാനന്ദസ്വാമികള്‍ എന്നറിയപ്പെട്ട കുമാരവേലു എന്ന ഒരു സിദ്ധനില്‍നിന്ന് മര്‍മ്മവിദ്യയും യോഗനൂലും പ്രായോഗികരീതിയില്‍ പരിശീലിക്കുവാനും ഒരു തങ്ങളില്‍നിന്ന് മുഹമ്മദുമത തത്ത്വങ്ങള്‍ അഭ്യസിക്കുവാനും അദ്ദേഹത്തിനു സൗകര്യം ലഭിച്ചു. തായി അമ്മാള്‍, ആമാം സ്വാമികള്‍ എന്നിവരുമായുള്ള സഹവാസത്തില്‍ നിന്നും വിശിഷ്ടങ്ങളായ യോഗരഹസ്യങ്ങളെ ഗ്രഹിക്കുവാനും ചട്ടമ്പിക്കു ഭാഗ്യമുണ്ടായി. വൈജ്ഞാനികമായ മേഖലകളിലെല്ലാംതന്നെ അടിയുറച്ച അവഗാഹം നേടിയെങ്കിലും ആത്മതത്ത്വം അറിയുന്നതിന് ഉത്തമനായ ഒരു ഗുരുവിനെ ലഭിച്ചില്ല എന്ന വിഷാദം കുഞ്ഞന്‍പിള്ളയെ ക്ലേശിപ്പിച്ചുവന്നു.

ഗുരുവിനെ തേടി ചട്ടമ്പിക്ക് അധികകാലം അലയേണ്ടിവന്നില്ല. വടിവീശ്വരത്തു വച്ചാണ് ആ അസുലഭയോഗം അദ്ദേഹത്തിനു സിദ്ധിച്ചത്. മാര്‍ഗ്ഗമദ്ധ്യേയുള്ള ഒരു ഗൃഹത്തില്‍ ഒരു സദ്യ നടക്കുകയായിരുന്നു. ഊണു കഴിഞ്ഞ് പുറത്തുവന്ന ബാലന്മാര്‍ എച്ചിലിലകളുടെ കൂട്ടത്തില്‍ ഭോജനാവശിഷ്ടം നക്കിത്തിന്നുകൊണ്ട് ഒരു വൃദ്ധനും കുറച്ചു പട്ടികളും രമ്യമായി കഴിയുന്നതാണു കണ്ടത്. എച്ചില്‍ വാരി വൃദ്ധന്‍ പട്ടികള്‍ക്കു കൊടുക്കുന്നു, കൂട്ടത്തില്‍ താനും കഴിക്കുന്നു; അങ്ങനെയൊരു പരിപാടി അവിടെ നടക്കുകയായിരുന്നു. ഈ രംഗം കണ്ടു ചില സാഹസികബാലന്മാര്‍ കല്ലേറു തുടങ്ങി. പക്ഷേ ഏറുകള്‍ ഏറ്റിട്ടും വൃദ്ധന്‍ അതറിഞ്ഞ ഭാവമേ വച്ചില്ല. യാതൊരു മുറുമുറുപ്പും കൂടാതെ അനേകം പട്ടികള്‍ ആ യാചകനെ അനുസരിക്കുന്നതു കണ്ടപ്പോള്‍ വിവേകമുള്ള മനുഷ്യനേയും വിവേകമില്ലാത്ത ജന്തുക്കളേയും കൂട്ടിയിണക്കുന്ന ഒരത്ഭുതസിദ്ധി ആ വൃദ്ധനിലുണ്ടെന്നു കുഞ്ഞന്‍പിള്ള മനസ്സിലാക്കി. അയാള്‍ ആ കിഴവനെ സൂക്ഷിച്ചുനോക്കി. സംഗതി ഗ്രഹിച്ചുകഴിഞ്ഞ വൃദ്ധന്‍ പൊടുന്നനവെ എണീറ്റു യാത്രയായി. തേടിയ വള്ളി കാലില്‍ ചുറ്റിയ ആഹ്ലാദത്തോടെ കുഞ്ഞന്‍പിള്ള ആ അവധൂതനെ അനുധാവനം ചെയ്തു. വൃദ്ധന്‍ ഗതി വേഗത്തിലാക്കി; ചട്ടമ്പി ഓടിത്തുടുങ്ങി. ഒടുവില്‍ ആ യാചകന്‍ ഒരു കാന്താരത്തിലേയ്ക്കു പ്രവേശിച്ച് അന്തര്‍ദ്ധാനം ചെയ്തു. നിസ്സഹായനായ ചട്ടമ്പി തളര്‍ന്നു ബോധരഹിതനായി നിലംപതിച്ചു.

തന്നെ പിന്തുടര്‍ന്ന യുവാവില്‍ അദ്ധ്യാത്മജ്ഞാനദീപത്തിന്റെ പ്രോജ്ജ്വലമഹസ്സ് വൃദ്ധന്‍ ദര്‍ശിച്ചു. ആ യോഗാരുരുക്ഷു നിര്‍വ്വാണദായകമായ ഉപദേശം ഗ്രഹിക്കുവാന്‍ അര്‍ഹനാണെന്നും അദ്ദേഹം കണ്ടു. കേവലം കരസ്പര്‍ശംകൊണ്ട് അദൈ്വതസിദ്ധിയുടെ മഹിമാതിശയം ശ്രീരാമകൃഷ്ണപരമഹംസന്‍ സ്വാമി വിവേകാനന്ദന് അനുഭവബോദ്ധ്യം വരുത്തിയതുപോലെ ആ ബ്രഹ്മജ്ഞാനി ക്ഷീണപരവശനായ ചട്ടമ്പിയെ താങ്ങിയെടുത്തു യോഗസുധാരസത്തിന്റെ മധുരാനുഭൂതികള്‍ പകര്‍ന്നു, നിത്യസിദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തിവിട്ടു. വൃദ്ധന്റെ കരലാളനമേറ്റു സുബോധവാനായ യുവാവ് ഒരഖണ്ഡജ്യോതിസ്സ് നിറകതിര്‍വീശിനില്‍ക്കുന്നതാണു കണ്‍മുമ്പില്‍ കണ്ടത്. കരുണാവാരിധിയായ ആ ജീവന്മുക്തന്‍ പ്രണവമന്ത്രത്തിലൂടെ ദിവ്യോപദേശം നല്‍കി ചട്ടമ്പിയെ അനുഗ്രഹിച്ചു. ഗുരുഹൃദയത്തില്‍നിന്ന് ആത്മജ്ഞാനത്തിന്റെ കാതലായ അംശം കഥാനായകനില്‍ കലര്‍ന്നപ്പോള്‍ ഉത്ഥാനശാലിയായ ആ വേദാന്താന്വേഷകനില്‍ മൗഢ്യം മാറി ചില്‍പ്രകാശം പൊട്ടിവിടര്‍ന്നു. മാനസിക മലങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്തുകൊണ്ടു പരമോദാരമായ ഭക്തി ചട്ടമ്പിയുടെ വിചാരങ്ങളില്‍ ഉചിതസംസ്‌ക്കാരം വരുത്തി. കുഞ്ഞന്‍പിള്ളയ്ക്കു കൈവന്ന വിവേകജ്ഞാനത്തിന്റെ അരുണോദയത്തെ പ്രശംസിക്കുന്ന ഈ അപദാനം പ്രകാരാന്തരേണ ഇന്നും പ്രചരിക്കുന്നുണ്ട്.