അധികാരനിരൂപണം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘വേദാധികാര നിരൂപണം’എന്ന കൃതിയില്‍ നിന്ന്
അദ്ധ്യായം മൂന്ന്

ഇനി, ഏതാനും കാലമായിട്ടു വേദാധ്യയന വിഷയത്തില്‍ നടന്നുവരുന്ന പല ഭാഗക്കാരുടേയും അധികാര താരതമ്യവാദത്തെക്കുറിച്ചു നിരൂപിക്കാം. വേദത്തെ പഠിക്കയും പ്രവചിക്കയും ചെയ്യുന്നതിലേയ്ക്കു ബ്രാഹ്മണനു മാത്രമേ അധികാരമുള്ളൂ എന്നും ക്ഷത്രിയവൈശ്യന്മാര്‍ക്ക് അഭ്യസിക്കുന്നതിനു മാത്രമല്ലാതെ പ്രവചനം ചെയ്യുന്നതിന് അധികാരമില്ലെന്നും ശൂദ്രന് അഭ്യസിക്കാനോ പ്രവചനം ചെയ്യാനോ ഒന്നിനുംതന്നെ അധികാരമില്ലെന്നും വിധികള്‍ ഏര്‍പ്പെട്ടിരിക്കുന്നതായി മിക്ക പേരും വിശ്വസിച്ചിരിക്കുന്നു. ആകയാല്‍ ഇതിലേയ്ക്ക് എന്തെങ്കിലും പ്രമാണമുണ്ടോ എന്നു പരിശോധിച്ചാല്‍, നാം അറിഞ്ഞെടത്തോളം വേദത്തില്‍ ക്ഷത്രിയന് അധ്യാപനവും ശൂദ്രന് അധ്യയനവും പാടില്ലെന്നു നിഷേധം ഏര്‍പ്പെടുകയോ ആയതു സാധുവാകയോ ചെയ്തിട്ടുണ്ടെന്നു കാണുകയില്ല. അപ്രകാരം നിഷേധം ഇരിക്കുന്നതായി ആരെങ്കിലും എടുത്തു കാണിക്കുന്ന പക്ഷം അപ്പോള്‍ അതിനെപ്പറ്റി ആലോചിച്ചുകൊള്ളാം. ക്ഷത്രിയന് അധ്യാപനവും ശൂദ്രന് അധ്യയനവും ആകാം എന്നുള്ളതിലേക്ക് അനവധി ആചാരങ്ങളെ വേദങ്ങളില്‍നിന്നുതന്നെ എടുത്തുദാഹരിക്കാനുണ്ട്. അവയില്‍ ഒന്നുരണ്ടു ദൃഷ്ടാന്തങ്ങളെ ഇപ്പോള്‍ ഇവിടെ എടുത്തു കാണിക്കാം.

ബൃഹദാരണ്യകോപനിഷത്ത് രണ്ടാം അധ്യായം ആദ്യത്തെ ബ്രാഹ്മണത്തില്‍ ‘ഗാര്‍ഗ്ഗ്യന്‍’ എന്ന ഒരു ബ്രാഹ്മണന്‍ അജാതശത്രുവെന്ന ഒരു രാജാവിനെ ആചാര്യനായി വരിച്ചു ബ്രഹ്മവിദ്യയെ അഭ്യസിച്ചതായി പറഞ്ഞിരിക്കുന്നു:-

‘സ ഹോവാച ഗാര്‍ഗ്ഗ്യ ഉപ ത്വാ യാനീതീ’ (ബൃഹഃ 2.1.14). ‘സ ഹോവാചാജാതശത്രുഃ പ്രതിലോമം ചൈതദ് ബ്രാഹ്മണഃ ക്ഷത്രിയമുപേയാദ് ബ്രഹ്മ മേ വക്ഷ്യതീതി വ്യേവ ത്വാ ജ്ഞപയിഷ്യാമീതി തം പാണാവാദായോത്തസ്ഥൗ…’ (ബൃഹ: 2.1.15)

ബ്രഹ്മവിഷയമായി താനറിഞ്ഞിട്ടുള്ളതില്‍ കൂടുതല്‍ അറിയേണ്ടതുണ്ടെന്നു രാജാവിന്റെ നിര്‍ദ്ദേശം വഴിയായും, ആയത് അനുപസന്നന് – താന്‍ ഉപനയിക്കാത്തവന് – ഉപദേശിച്ചുകൂടാ എന്ന ആചാരം സ്വയമായും ഗ്രഹിച്ചിരിക്കുന്ന ഗാര്‍ഗ്ഗ്യന്‍ എന്ന ആ ഋഷി ഇങ്ങനെ പറഞ്ഞു.

‘ഒരു ശിഷ്യന്‍-ഉപനയനം പ്രാപിച്ച് എങ്ങനെ ഗുരുവിനെ അനുഗമിക്കുന്നോ-നമസ്‌കാരാദിയാല്‍ സേവിക്കുന്നോ-അതുപോലെ ഞാന്‍ അങ്ങേ അനുഗമിക്കുന്നുണ്ട്.’ അപ്പോള്‍ അജാതശത്രു ഇപ്രകാരം മറുപടി പറഞ്ഞു. ‘ആചാര്യസ്ഥാനമുള്ള ബ്രാഹ്മണര്‍ ബ്രഹ്മവിദ്യ ഉപദേശിക്കണമെന്ന് അപേക്ഷിച്ചു ക്ഷത്രിയനെ ശരണം പ്രാപിക്ക-ഉപനയനപൂര്‍വ്വം ക്ഷത്രിയങ്കല്‍ നിന്നു വിദ്യ ഗ്രഹിക്കുക എന്നതു സംപ്രദായവിരുദ്ധമാണ്. ആകട്ടെ ഞാന്‍ അങ്ങേയ്ക്കു ബ്രഹ്മവിദ്യാബോധം ഉണ്ടാക്കിത്തരുന്നുണ്ട്.’

ഇതില്‍ സംപ്രദായവിരോധമുണ്ടെന്നും മറ്റും രാജാവു പറഞ്ഞുകൊണ്ടത് അദ്ദേഹത്തിന്റെ അനൗദ്ധത്യം-സ്വഭാവഗുണം എന്നല്ലാതെ മറ്റൊന്നുമല്ലെന്നു മേല്‍വരുന്ന സംഗതികളാല്‍ പ്രത്യക്ഷപ്പെടുന്നതാണ്.

ഉപമന്യുപുത്രനായ ‘പ്രാചീനശാലന്‍’, പൗലുഷിയെന്ന ‘സത്യപ്രജ്ഞന്‍’, ഭാല്ലവേയനായ ‘ഇന്ദ്രദ്യുമ്‌നന്‍’, ശര്‍ക്കരാക്ഷാപത്യമായ ‘ജനന്‍’, ആശ്വതരാശ്വപുത്രനായ ‘ബുഡിലന്‍’ എന്നീ ഋഷിമാര്‍ ബ്രഹ്മത്തെപ്പറ്റി പര്യാലോചന നടത്തിയതില്‍ അന്തം കാണാതെ കുഴങ്ങി. ഭഗവാന്‍ ഉദ്ദാലകനെ ഗുരുവായി വരിക്കയെന്നു നിശ്ചയിച്ച് അവിടെച്ചെന്നു. അപ്പോള്‍, ‘പൂജ്യപാദരായ മഹര്‍ഷിമാരെ! കൈകേയനായ അശ്വപതിയെന്ന രാജാവ് ഈ വിഷയം നമുക്കുപദേശിക്കാന്‍ ശക്തനാണ്’ എന്നു പറഞ്ഞ് ആ മഹര്‍ഷി അവരോടൊരുമിച്ച് അദ്ദേഹത്തെ സമാശ്രയിച്ചു വരദാനാവസരത്തില്‍ ഇങ്ങനെ അറിയിച്ചു;-

‘തേ ഹോചുര്യേനഹൈവാര്‍ത്ഥേന പുരുഷശ്ചരേത്തം ഹൈവ വദേദാത്മാനമേവേമം വൈശ്വാനരം സംപ്രത്യധ്യേഷി തമേവ നോ ബ്രൂഹീതി’ (ഛാന്ദോഗ്യം അഞ്ചാമധ്യായം ഏകാദശഖണ്ഡം 6-ാമതു വാക്യം) ‘താന്‍ ഹോവാച പ്രാതര്‍വഃ പ്രതിവക്താസ്മീതി തേ ഹ സമില്‍പാണയഃ പൂര്‍വ്വാഹ്‌ണേപ്രതിചക്രമിരേ….’ (ടി.7)

അര്‍ത്ഥം:- ഏതു വസ്തുവിനെ അപേക്ഷിച്ചു പുറപ്പെടുന്നോ അതാണല്ലോ ലഭിക്കേണ്ടത്. അങ്ങറിയുന്ന വൈശ്വാനരബ്രഹ്മവിദ്യയാണു ഞങ്ങള്‍ക്കു കിട്ടേണമെന്നുള്ളത്. അതുപദേശിക്കണം. ഇങ്ങനെ അര്‍ത്ഥിച്ചതു കേട്ട് ‘ഉപദേശിക്കാം – അധ്യയനം ചെയ്യിക്കാം – നാളെ കാലത്തെ ആകട്ടെ’ എന്നു സംപ്രദായസൂചകമായി രാജാവു പറയുകയും അവര്‍ അതനുസരിച്ച് ഉപനയനത്തിനെന്നപോലെ സമിത്പാണികളായിച്ചെന്ന് ഉപദേശം ഗ്രഹിക്കുകയും ചെയ്തു.

‘മൂര്‍ദ്ധാ തേ വ്യപതിഷ്യദ് യന്മാം നാഗമിഷ്യ:’

തന്റെ അടുക്കല്‍ വരാതെയിരുന്നെങ്കില്‍ – തെറ്റി ഉപാസിക്കകൊണ്ടു- ‘നിന്റെ തല പോകുമായിരുന്നു; നീ മരിക്കുമായിരുന്നു; നിന്റെ ദേഹം പൊടിയുമായിരുന്നു; നീ അന്ധനാകുമായിരുന്നു; നിന്റെ ബസ്തിസ്ഥാനം പിളരുമായിരുന്നു; നിന്റെ കാലൊടിയുമായിരുന്നു.’ ഇങ്ങനെ ഓരോരുത്തരോടുമുള്ള ഉപദേശവാക്യത്തിന്റെ അവസാനത്തില്‍ കാരണസഹിതം രാജാവു പറഞ്ഞിരിക്കുന്നതു നോക്കിയാല്‍ വേദാചാര്യന്മാരായ ആ മഹര്‍ഷികളുടേതിനെ അപേക്ഷിച്ച് ആ രാജാവിന്റെ ബ്രഹ്മസാമ്രാജ്യധുരന്ധരത എത്രയോ മേലാണെന്നു കാണാമല്ലൊ. ഇതിനാല്‍ ക്ഷത്രിയന്‍ അധ്യാപനം ചെയ്യുന്നതിനു അധികാരിയെന്നുമാത്രമല്ല ബ്രാഹ്മണന്റെ ബ്രഹ്മോപദേഷ്ടാവ് ആകാമെന്നുകൂടി സ്പഷ്ടമാകുന്നു.

ഛാന്ദോഗ്യോപനിഷത്ത് അഞ്ചാമധ്യായത്തില്‍ ആരുണിപുത്രനായ ‘ശ്വേതകേതു’ എന്ന ബ്രാഹ്മണന്‍- ഋഷി-ജീവലന്റെ പുത്രനായ ‘പ്രവാഹണന്‍’ എന്ന രാജാവിനോടു വേദാന്തവാദത്തില്‍ തോറ്റു തന്റെ പിതാവിനോടു ചെന്നു പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം – ഗൗതമന്‍ – പുത്രസമേതം പുറപ്പെട്ടു രാജാവിനെ ആശ്രയിച്ചു ബ്രഹ്മവിദ്യ യാചിച്ചപ്പോള്‍ ‘എല്ലായ്‌പ്പോഴും ഉപദേശിക്കാനുള്ള അധികാരം ക്ഷത്രിയന്റേതാകയാല്‍ നിനക്കുപദേശിക്കാം വാ!’ എന്ന് ആ രാജാവ് ആ ബ്രാഹ്മണനോടു പറഞ്ഞുകൊണ്ട് ബ്രഹ്മജ്ഞാനോപദേശം ചെയ്തതായിക്കാണുന്നു.

‘തം ഹ ചിരം വസേത്യാജ്ഞാപയാംചകാര, തം ഹോവാച യഥാ മാ ത്വം ഗൗതമാവദോ യഥേയം ന പ്രാക്ത്വത്തഃ പുരാവിദ്യാ ബ്രാഹ്മണാന്‍ ഗച്ഛതി തസ്മാദു സര്‍വ്വേഷു ലോകേഷു ക്ഷത്രസൈ്യവ പ്രശാസനം അഭൂദിതി, തസ്‌മൈ ഹോവാച’ (5.3.17).

അര്‍ത്ഥം:- ബ്രഹ്മവിദ്യ ഏറ്റവും രഹസ്യമായിട്ടുള്ള ഒന്നാകയാല്‍, ദീര്‍ഘകാലം ദീക്ഷിച്ചിരിക്കണമെന്നു രാജാവു ഗൗതമന് ആജ്ഞ കൊടുത്തു. പിന്നീടു ആ പ്രവാഹണരാജാവ് അദ്ദേഹത്തോട് – ഗൗതമവംശ്യനായ ആരുണിയോട് – ഇങ്ങനെ പറഞ്ഞു: – ‘അല്ലയോ ഗൗതമ! അങ്ങ് സര്‍വ്വവിദ്യാകുശലനായിരിക്കുന്നു എങ്കിലും അജ്ഞന്റെ നിലയില്‍ ഇതുപദേശിക്കണമെന്ന് എന്നോടപേക്ഷിച്ചല്ലൊ. എന്നാല്‍ എന്റെ ആരംഭം അത്ര ശരിയല്ല. എന്താണെന്നുവച്ചാല്‍ ഈ വിദ്യ ഇതിനുമുമ്പ് – അങ്ങേപ്പോലുള്ള – ഒരു ബ്രാഹ്മണങ്കല്‍ സ്ഥലം പിടിച്ചിട്ടില്ല – ബ്രാഹ്മണര്‍ക്ക് ഈ വിദ്യയുണ്ടായിരുന്നില്ല. അക്കാരണത്താല്‍തന്നെ ഏതുകാലത്തും ഇതുപദേശിക്കാനുള്ള അധികാരം ക്ഷത്രിയനുമാത്രമേ ഉണ്ടായിരുന്നുള്ളൂ.’ ഇങ്ങനെ പറഞ്ഞിട്ട് അദ്ദേഹം ഗൗതമന്‍ മുതല്‍പേര്‍ക്കുപദേശിച്ചു.

ജനകമഹാരാജാവിന്റെ അടുക്കല്‍ ചെന്നു ശ്രീശുകബ്രഹ്മര്‍ഷി ഉപദേശം സ്വീകരിച്ചതു പ്രസിദ്ധമാണല്ലൊ:-

‘ജനകോ നാമ ഭൂപാലോ
വിദ്യതേ മിഥിലാപുരേ;
യഥാവദ് വേത്ത്യസൗ വേദ്യം
തസ്മാല്‍ സര്‍വ്വമവാപ്‌സ്യസി.
പിത്രേത്യുക്തഃ ശുകഃ പ്രായാത്
സുമേരോര്‍ വസുധാതലം
വിദേഹനഗരീം പ്രാപ
ജനകേനാഭിപാലിതാം.
ജിജ്ഞാസാര്‍ത്ഥം ശുകസ്യാസാ-
വാസ്താമേവേത്യവജ്ഞയാ
ഉക്ത്വാ ബഭൂവ ജനക-
സ്തൂഷ്ണീം സപ്ത ദിനാന്യഥ’,
അനന്തരം ശുകന്‍
‘സംസാരാഡംബരമിദം
കഥമഭ്യുത്ഥിതം ഗുരോ!
കഥം പ്രശമമായാതി
യഥാവത് കഥയാശു മേ….
തത്കിമേതന്മഹാഭാഗ!
സത്യം ബ്രൂഹി മമാചലം;
ത്വത്തോ വിശ്രമമാപ്‌നോമി’

അപ്പോള്‍ രാജാവ്

‘ദൃശ്യം നാസ്തീതി ബോധേന
മനസോ ദൃശ്യമാര്‍ജ്ജനം;
സംപന്നം ചേത്തദുത്പന്നാ
പരാ നിര്‍വ്വാണനിര്‍വൃതിഃ
പ്രാപ്തം പ്രാപ്തവ്യമഖിലം
ഭവതാ പൂര്‍ണ്ണചേതസാ;
സ്വരൂപേ തപസി ബ്രഹ്മന്‍
മുക്തസ്ത്വം ഭ്രാന്തിമുത്സൃജ
വിശശ്രാമ ശുകസ്തൂഷ്ണീം
സ്വസ്ഥേ പരമവസ്തുനി;
വീതശോകഭയായാസോ
നിരീഹശ്ചിന്നസംശയ:’

അര്‍ത്ഥം:-

‘മിഥിലാരാജ്യത്ത് ജനകന്‍ എന്നു പ്രസിദ്ധനായ ഒരു രാജാവുണ്ട്, അദ്ദേഹം ബ്രഹ്മതത്വം വേണ്ടുംവണ്ണം അറിയുന്ന ആളാണ്; അദ്ദേഹത്തിന്റെ അടുക്കല്‍നിന്നു നിനക്കു വേണ്ടതെല്ലാം ഗ്രഹിക്കാം.’ ഇങ്ങനെ തന്റെ പിതാവു പറഞ്ഞതുകേട്ട് ശ്രീശുകന്‍ ഹേമാദ്രിയില്‍നിന്നു ഭൂമിയിലേക്കു നടന്ന് വിദേഹനഗരത്തില്‍ ചെന്നുചേര്‍ന്നു. ശുകന്‍ ബ്രഹ്മോപദേശത്തിനു പാത്രമാണോ എന്നറിയുന്നതിനായി-പരീക്ഷാര്‍ത്ഥം-‘അവിടെ നില്‍ക്കട്ടെ’ എന്നു മാത്രം പറഞ്ഞിട്ട് ജനകന്‍ മൗനമായിരുന്നു. പിന്നീട്-ദര്‍ശനം ലഭിച്ചപ്പോള്‍ – ശുകന്‍ രാജാവിനോട് ഇങ്ങനെ ചോദിച്ചു: ‘അല്ലയോ ബ്രഹ്മവിദ്ദേശിക! ഈ സംസാരപ്രവാഹം എങ്ങനെ ഉണ്ടായി? ഇതെങ്ങനെ മായും? ഇതിന്റെ യഥാര്‍ത്ഥ സ്ഥിതി എനിക്കുപദേശിച്ചുതരണമേ. മഹാത്മാവേ! എനിക്കു വസ്തുതത്വത്തില്‍ ദൃഢതയുണ്ടാക്കണമെ. അങ്ങയുടെ ഉപദേശംകൊണ്ട് എനിക്ക് ചിത്തവിശ്രാന്തി-സ്വരൂപാവസ്ഥാനം-ഉണ്ടാകുന്നതാണ്….’

ഉപദേശം: ‘ഇക്കാണുന്ന പ്രപഞ്ചം അസത്ത്-മിത്ഥ്യ-ആകുന്നു എന്നുള്ള ദൃഢാനുഭവപ്പടി മനസ്സില്‍നിന്ന് അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്‌വാന്‍ – നിശ്ശേഷം അകറ്റാന്‍ – സാധിച്ചു എങ്കില്‍ അപ്പോള്‍ ബ്രഹ്മാനന്ദാനുഭവമായിക്കഴിഞ്ഞു. സൂക്ഷ്മതത്വാലോകകുശലനായ അങ്ങേ യ്ക്കു വരേണ്ടതെല്ലാം വന്നു; അങ്ങ് സ്വരൂപസാക്ഷാത്കാരസമ്പന്നനായി വിളങ്ങുന്നു; മുക്തിപദം പ്രാപിച്ചോ എന്ന ശങ്ക വേണ്ട; അങ്ങ് നിര്‍വ്വാണപദാരൂഢനായി തീര്‍ന്നിട്ടുണ്ട്.’ ഇതുകേട്ടു സകലവിധ സംശയങ്ങളും ബന്ധദുഃഖഭ്രമങ്ങളും എല്ലാം നിശ്ശേഷം നശിച്ച് ശ്രീശുകബ്രഹ്മര്‍ഷി ചിത്തവിശ്രാന്തിയടഞ്ഞു. പരബ്രഹ്മവസ്തുസത്താമാത്രയില്‍ ആമഗ്നനായി. (മഹോപനിഷത് അ:2)

ഒരിക്കല്‍, വാദത്തില്‍ തോല്‍ക്കുന്നവരെ കടലില്‍ കെട്ടിത്താഴ്ത്തുകയെന്ന പന്തയത്തിന്മേല്‍ വേദാന്തവാദം നടത്തി ‘വാരുണി’, മഹര്‍ഷിമാരെ തോല്പിച്ച് മുന്‍നിശ്ചയപ്രകാരം അവരെ കെട്ടിത്താഴ്ത്തിയതില്‍ ‘അഷ്ടാവക്ര’ന്റെ പിതാവായ കഹോളന്‍ കൂടി ഉള്‍പ്പെട്ടതുകണ്ടു അഷ്ടാവക്രന്‍ പുനര്‍വ്വാദം നടത്തി വാരുണിയെ ജയിച്ച് അദ്ദേഹത്തെ ആ നയത്തില്‍ ശിക്ഷിക്കാന്‍ ഒരുങ്ങിയപ്പോള്‍ മഹര്‍ഷിമാരെ വീണ്ടുകൊടുക്കയും, തന്നിമിത്തം ഗര്‍വ്വിഷ്ടനായി നടന്ന അഷ്ടാവക്രന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനായ് ഒരു സിദ്ധയോഗിനി പ്രത്യക്ഷീഭവിച്ച് ചോദ്യങ്ങള്‍ ചെയ്ത് അദ്ദേഹത്തെ കഷണിപ്പിക്കയും, ഗര്‍വ്വ് ശമിച്ചപ്പോള്‍ അവയെ വിവരിച്ചുകൊടുക്കണമെന്നു യാചിച്ചതില്‍ അസ്പഷ്ടമായി വ്യാഖ്യാനിച്ചശേഷം ജനകനോടു ചോദിച്ചുകൊള്ളാന്‍ ഉപദേശിച്ചതനുസരിച്ചു ജനകമഹാരാജങ്കല്‍നിന്ന് അദ്ദേഹം ഉപദേശം ഗ്രഹിക്കയും ചെയ്ത കഥ ത്രിപുരാരഹസ്യം ജ്ഞാനഖണ്ഡത്തില്‍ പറയുന്നതു മറ്റൊരുദാഹരണമാണ്.

ഈ ദൃഷ്ടാന്തങ്ങളെക്കൊണ്ടു ക്ഷത്രിയന്‍ അധ്യാപനം ചെയ്യുന്നതിന് അര്‍ഹനല്ലെന്നുള്ള അഭിപ്രായം തെറ്റാണെന്നു തെളിയുന്നു.

ഛാന്ദോഗ്യോപനിഷത്ത് നാലാമതധ്യായ പ്രാരംഭത്തിലുള്ള ജാനശ്രുത്യുപാഖ്യാനംകൊണ്ടു ശൂദ്രനും വേദാഭ്യാസം ചെയ്തതായി തെളിയുന്നു. ‘ജാനശ്രുതി’ എന്ന ശൂദ്രന്‍ ‘രൈക്വന്‍’ എന്ന ഒരു ബ്രാഹ്മണന്റെ അടുക്കല്‍ചെന്നു വളരെ ദ്രവ്യംകൊടുത്തു ബ്രഹ്മവിദ്യയ്ക്കു യാചിച്ചപ്പോള്‍ ആ രൈക്വന്‍ ശൂദ്രനായ നിനക്ക് അതുപദേശിക്കത്തക്കതല്ല; നിന്റെ ദ്രവ്യം നീ തന്നെ എടുത്തോ, എന്നുത്തരം പറഞ്ഞതുകേട്ട് അയാള്‍ വളരെ വ്യസനിച്ച്, പിന്നെയും വളരെ ദ്രവ്യത്തോടുകൂടി ഒരു യുവതിയായ സ്ത്രീയേയും കൊടുത്തതില്‍ ആ രൈക്വന്‍ അയാള്‍ക്കുപദേശം ചെയ്തു എന്നു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. ഇതിനു പ്രമാണം:

1. ‘തദുഹ ജാനശ്രുതി: പൗത്രായണഃ ഷട്ശതാനാം ഗവാം നിഷ്‌കമശ്വതരീരഥം തദാദായ പ്രതിചക്രമേ തിഹാഭ്യുവാദ’ – ഇതു കേട്ടുകൂടുമ്പോള്‍ തന്നെ പൗത്രായണനായ ജാനശ്രുതിയാകട്ടെ, അറുനൂറു പശുക്കള്‍, ഹാരാദ്യാഭരണങ്ങള്‍, കോവര്‍കഴുതയെ കെട്ടിയ രഥം എന്നീ ഉപായനങ്ങളോടുകൂടി പുറപ്പെട്ടുചെന്നു രൈക്വനെക്കണ്ട് അദ്ദേഹത്തോടിങ്ങനെ പറഞ്ഞു.

2. ‘രൈക്വേമാനി ഷട്ശതാനി ഗവാമയം നിഷ്‌കോയമശ്വതരീരഥോfനു മ ഏതാം ഭഗവോ ദേവതാം ശാധി യാം ദേവതാമുപാസ്സഇതി’ – അല്ലയോ ഭഗവന്‍ രൈക്വ! അറുനൂറു പശുക്കളും, സുവര്‍ണ്ണഹാരാദ്യാഭരണങ്ങളും, തേരുമെല്ലാം ഇതാ അങ്ങേയ്ക്കു തരുന്നു; അങ്ങ് അനുഷ്ഠിക്കുന്ന ദേവതോപാസനക്രമം എനിക്കുപദേശിക്കാന്‍ കൃപയുണ്ടാകണം.

3. ‘തമു ഹ പരഃ പ്രത്യുവാചാഹ ഹാ രേ ത്വാ ശൂദ്ര തവൈവ സഹ ഗോഭീരസ്ത്വിതി തദു ഹ പുനരേവ ജാനശ്രുതിഃ പൗത്രായണഃ സഹസ്രം ഗവാം നിഷ്‌കമശ്വതരീരഥം ദുഹിതരം തദാദായ പ്രതിചക്രമേ’ ഇപ്രകാരം അഭ്യര്‍ത്ഥന ചെയ്ത ജാനശ്രുതിയോടു രൈക്വന്‍ ഈ വിധം മറുപടി പറഞ്ഞു: ‘കൊള്ളാം; എടാ ശൂദ്രപ്പയലെ! ഗോവൃന്ദം, ആഭരണാദികള്‍, രഥം മുതലായ ഉപഹാരങ്ങളെല്ലാം നിനക്കുതന്നെയിരിക്കട്ടെ’ ഇതുകേട്ടു ജാനശ്രുതീ, വീണ്ടും ആയിരം പശുക്കള്‍, ആഭരണാദികള്‍, രഥം, തന്റെ പുത്രി എന്നിത്രയും സാധനങ്ങള്‍കൂടി കൈക്കൊണ്ടു രൈക്വന്റെ അടുക്കല്‍ ചെന്നു.

4. ‘തം ഹാഭ്യുവാദ രൈക്വേദം സഹസ്രം ഗവാമയം നിഷ്‌കോയമശ്വതരീരഥ ഇയം ജായാfയം ഗ്രാമോയസ്മിന്നാസ്സേfന്വേവ മാ ഭഗവഃ ശാധീതി’ – എന്നിട്ട് അദ്ദേഹത്തിനോടു ഇങ്ങനെ പറഞ്ഞു: ‘അല്ലയോ രൈക്വാ! ഇതാ ആയിരം പശുക്കള്‍, സ്വര്‍ണ്ണപ്പണ്ടങ്ങള്‍, രഥം ഇത്രയുമെടുക്കാം. കൂടാതെ, അങ്ങേയ്ക്കു ഭാര്യയായി ഇവളേയും, ഇരിക്കുന്നതിന് ഈ ഗ്രാമവും തരുന്നു. ഇതെല്ലാം അംഗീകരിച്ചു ഭഗവാനേ! എനിക്കുപദേശം ചെയ്തരുളണമേ!’.

5. ‘തസ്യാ ഹ മുഖമുപോദ്ഗൃഹ്ണന്നുവാചാജഹാരേമാ: ശൂദ്ര അനേനൈവ മുഖേനാലാപയിഷ്യഥാ ഇതി തേ ഹൈതേ രൈക്വപര്‍ണ്ണാ നാമ മഹാ വൃഷേഷു യത്രാസ്മാ ഉവാസ സ തസ്‌മൈ ഹോവാച’-ജാനശ്രുതിയുടെ ഈ അപേക്ഷ കേട്ടപ്പോള്‍ – തന്റെ ഭാര്യാസ്ഥാനമലങ്കരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട ആ കന്യക ഇവിടെ വിദ്യാദാനവിഷയത്തില്‍ ഹേതുവായിത്തീര്‍ന്നിരിക്കുന്നു എന്നു കരുതി രൈക്വമഹര്‍ഷി: ‘അല്ലയോ ശൂദ്രാ! നീ നിന്റെ പുത്രി മുമ്പായ കാഴ്ചദ്രവ്യങ്ങള്‍ വഴിയായി വിദ്യോപദേശമപേക്ഷിക്കുന്നു; അങ്ങനെയാവട്ടെ’, എന്നു പറഞ്ഞു (രൈക്വന്‍) ഇതെല്ലാം സ്വീകരിച്ചു. ജാനശ്രുതി രൈക്വനു ദാനം ചെയ്തതും പുണ്യസ്ഥലങ്ങളില്‍ മുന്‍നില്‍ക്കുന്നതുമായ ആ രൈക്വപര്‍ണ്ണഗ്രാമത്തില്‍ താമസിച്ചുകൊണ്ട് ഉപദേശം നല്‍കി.

കഥാസാരം-ജാനശ്രുതി അല്ലെങ്കില്‍ പൗത്രായണന്‍ എന്ന പ്രഭു തന്റെ മാളികയില്‍ ശയനം ചെയ്തിരുന്നു. അപ്പോള്‍-ദേവാത്മകന്മാരായ-മൂന്നു ഹംസങ്ങള്‍ അവിടെ പറന്നുപറ്റി അതില്‍ ഒന്ന് ‘ഈ ജാനശ്രുതിതന്നെ മഹാധന്യന്‍’ എന്നിങ്ങനെ പ്രശംസിച്ചുപറഞ്ഞു. അതുകേട്ടു മറ്റൊന്ന് ‘ഹെ! എന്തു പറഞ്ഞു? വിദ്യാവിഹീനനായ ഇവനോ കേമന്‍! വണ്ടിയോടുകൂടിയ രൈക്വനെ കേമനെന്നു പറയണം’ എന്ന് അപഹസിച്ചു. ഈ അനാദരവാക്യം കേട്ടു ജാനശ്രുതി തന്റെ കുറവു തീര്‍പ്പാന്‍ കുറെ സ്വര്‍ണ്ണവും പശുക്കളും മറ്റുംകൊണ്ട് രൈക്വന്റെ അടുക്കല്‍ചെന്ന് തനിക്കു ബ്രഹ്മവിദ്യ ഉപദേശിക്കണമെന്നപേക്ഷിച്ചു. ‘കഷ്ടം! കഷ്ടം! എടാ ശൂദ്രാ നിന്റെ പശുക്കള്‍ നിനക്കുതന്നെയിരിക്കട്ടെ’ എന്നു അദ്ദേഹം നിരസിച്ചു. ജാനശ്രുതി തിരിച്ചുപോന്ന് തന്റെ പുത്രിയും സുന്ദരിയും ആയ കന്യകയേയും, ആയിരം പശുക്കളേയും, ഏതാനും രഥത്തേയും മറ്റുംകൊണ്ടു രൈക്വന്റെ അടുക്കല്‍ വീണ്ടും ചെന്നു. അവയെ സ്വീകരിച്ച് അദ്ദേഹം ജാനശ്രുതിക്ക് ബ്രഹ്മവിദ്യ ഉപദേശിച്ചു.

ഈ ഭാഗങ്ങളിലേയ്ക്ക് ബ്രഹ്മസൂത്രത്തിലെ ‘ശുഗസ്യ’ ഇത്യാദി അഞ്ചു സൂത്രങ്ങളും അവയുടെ ഭാഷ്യങ്ങളുംകൊണ്ടു ജാതിശൂദ്രനായ ജാനശ്രുതിയെ, ദുര്‍വ്യാഖ്യാനം ചെയ്ത് ക്ഷത്രിയനാക്കിയിരിക്കുന്നു. അത് അസംഗതമാണ് നോക്കുക!

ജാനശ്രുതി രൈക്വന്റെ അടുക്കല്‍ചെന്ന് ഉപദേശം വേണമെന്നപേക്ഷിക്കുകയും രൈക്വന്‍ ‘കഷ്ടം! കഷ്ടം! ശൂദ്രനായ നിനക്കു പറഞ്ഞുതരികയില്ല; നിന്റെ ദ്രവ്യം നീതന്നെ എടുത്തോ’എന്നുപറഞ്ഞ് ഉപേക്ഷിക്കുകയും ചെയ്തു. ശൂദ്രനു വിദ്യാധികാരമില്ല; അവനെ യാതൊന്നും പഠിപ്പിച്ചുപോകരുത്, എന്നുള്ള നിയമം പ്രബലമായി നടന്നുവരുന്ന കാലത്താകയാല്‍ ഈ വാക്കു കേട്ടുകൂടുമ്പോള്‍, ‘ഓഹോ, എന്നെ രൈക്വന്‍ ശൂദ്രനെന്നു തെറ്റിദ്ധരിച്ചുപോയി; അതുകൊണ്ടാണ് ഇപ്രകാരം പറഞ്ഞു നിഷേധിച്ചത്’ എന്നു ജാനശ്രുതിക്കു നല്ലതിന്‍വണ്ണം മനസ്സിലായിരിക്കും. താന്‍ ശൂദ്രനല്ലായിരുന്നു എങ്കില്‍ പെട്ടെന്ന് ‘അയ്യോ! ഞാന്‍ ശൂദ്രനല്ലേ; ഇന്ന ജാതിക്കാരനാണേ’ എന്ന് ഉടന്‍ പറയുമായിരുന്നു. അപ്രകാരം യാതൊന്നും ചെയ്യാത്തതുകൊണ്ട് ജാനശ്രുതി ജാതി ശൂദ്രനാണെന്നും ശൂദ്രശബ്ദത്തിന് അവയവാര്‍ത്ഥമല്ലെന്നും വരുന്നു.

അല്ലാതെയും, ജാനശ്രുത്യുപാഖ്യാനം കേട്ടാല്‍ സാധാരണ വിദ്വാന്മാര്‍ പോലും ഈ ശൂദ്രശബ്ദത്തിന് ജാതിശൂദ്രതയെത്തന്നെ അര്‍ത്ഥമായി ഗ്രഹിപ്പാനേ ഇടയുള്ളു; അങ്ങനെതന്നെ ധരിച്ചുമിരിക്കും എന്നുകരുതിയാണ് സൂത്രഭാഷ്യകാരന്മാര്‍ ആയതിനെ മറയ്ക്കുന്നതിനു മനഃപൂര്‍വ്വം പൂര്‍വ്വപക്ഷംചെയ്തു നിഷേധിച്ചും വെച്ചു വേറെ പ്രകാരത്തില്‍ സിദ്ധാന്തിച്ച് വളരെയൊക്കെ ബദ്ധപ്പെട്ടു പരാക്രമങ്ങള്‍ കാണിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ചാലോചിക്കുമ്പോള്‍, ഇപ്രകാരം ഒരു സിദ്ധാന്തം ചെയ്തില്ലെങ്കില്‍ ജാനശ്രുതിക്ക് എല്ലാവരും ജാതിശൂദ്രതയെത്തന്നെ നിശ്ചയിച്ചുകളയുമെന്നു ഭാഷ്യകര്‍ത്താവും നിരൂപിച്ചിട്ടുള്ളതായി തെളിയുന്നു. ജാനശ്രുതി രൈക്വന്റെ വാക്കു കേട്ടുകൂടുമ്പോള്‍ അതിന്റെ സാധാരണ അര്‍ത്ഥമായ ജാതി ശൂദ്രതയെത്തന്നെയാണു മനസ്സിലാക്കിയതെന്ന് ഇതുകൊണ്ടും നിശ്ചയിക്കാവുന്നതാണ്.

അതല്ല, രൈക്വന്‍ ആന്തരമായിക്കരുതിയ അവയവാര്‍ത്ഥത്തെ താന്‍ അറിഞ്ഞതുകൊണ്ടായിരുന്നു മിണ്ടാതെ പോയതെങ്കില്‍ ‘വിദ്യാവിഹീനനായ ഒരുവനെ’ എന്നു പറഞ്ഞതുകേട്ട് വ്യസനിച്ച് അതിനെ പരിഹരിപ്പാന്‍ നോക്കിയ ജാനശ്രുതിക്കു രൈക്വന്റെ മനോഗതത്തേയും ശൂദ്രശബ്ദത്തിന് അസാധാരണമായി കൊണ്ടുവന്ന അവയവാര്‍ത്ഥത്തേയും അറിയുന്നതിന് തക്കതായ പരോക്ഷജ്ഞാനവും ശബ്ദാര്‍ത്ഥശാസ്ത്രപാണ്ഡിത്യവും ഉണ്ടായിരിപ്പാനും ഇടയില്ല. ആയതിനാല്‍ അതും ചേരുകയില്ല. ഈ ന്യായങ്ങളാല്‍ ജാനശ്രുതി ജാതിശൂദ്രനെന്നും അവയവാര്‍ത്ഥം വൃഥാകല്പിതമെന്നും തെളിയുന്നു.

പിന്നെയും, അവയവാര്‍ത്ഥം സ്വീകരിക്കുന്നപക്ഷം ജാനശ്രുതി, ജാതിശൂദ്രനല്ല, ക്ഷത്രിയനാണെന്നും, അപ്പോള്‍ വേദാധ്യയനത്തിന് അനര്‍ഹനല്ലെന്നും വരണം. ആ സ്ഥിതിക്കു നേരെ ഉപദേശിച്ചുകൊടുക്കാതെ ‘കഷ്ടം കഷ്ടം….’ എന്നു പറഞ്ഞു നിഷേധിച്ചത് ഉചിതമായോ? അതിശ്രദ്ധയോടുകൂടിയും വ്യസനിച്ചും വരുന്നവന് ഉപദേശിക്കരുതെന്നു വല്ല നിഷേധവുമുണ്ടായിരുന്നിട്ടാണെങ്കില്‍ അത് പ്രമാണവിരുദ്ധമാകുന്നു. ഉപദേശിക്കപ്പെട്ടാലല്ലാതെ വിട്ടുപോകാത്തതും ആദ്യം ഉപദേശിക്കാതെ ഉപേക്ഷിപ്പാന്‍ കാരണമെന്നു കാണപ്പെടുന്നതും ആയ വ്യസനത്തോടുകൂടി ഇരിക്കവേതന്നെ രണ്ടാമതു ഉപദേശിച്ചും ഇരിക്കുന്നു. ഇപ്രകാരം വരുന്നവന്‍ ആകുന്നു ഉപദേശിക്കപ്പെടാന്‍ പാത്രമെന്നുള്ളത് ‘വിദ്യായാം വ്യസനം’ മുതലായ പ്രമാണങ്ങള്‍ക്കും യുക്ത്യനുഭവങ്ങള്‍ക്കും അനുസരണമായും ഇരിക്കുന്നു.

ജാനശ്രുതിയുടെ പരിപാകത്തെ പരീക്ഷിപ്പാനായിരുന്നു എങ്കില്‍ മുമ്പില്‍കൂട്ടി പരോക്ഷജ്ഞാനംകൊണ്ട് അറിഞ്ഞിരിക്കുന്ന രൈക്വനു പരീക്ഷവേണ്ടല്ലൊ. വേണമെന്നു വരുന്നപക്ഷത്തില്‍ അദ്ദേഹം പരോക്ഷജ്ഞാനംകൊണ്ടു (ദിവ്യദൃശാ) അറിയുന്ന ആളല്ലെന്നും അപ്പോള്‍ ശൂദ്രശബ്ദം അവയവാര്‍ത്ഥകമല്ലെന്നും വരും.

ജാനശ്രുതിക്ക് അപ്പോള്‍ ഉണ്ടായിരുന്ന ഭക്തിശ്രദ്ധ മതിയാകായ്കയാല്‍ ആയതിനെ വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നു എങ്കില്‍ വളരെക്കാലം താമസിപ്പിക്കയും, ശുശ്രൂഷിപ്പിക്കയും മറ്റും ചെയ്ത് സൂക്ഷിച്ചു കണ്ടറിഞ്ഞ് പറഞ്ഞുകൊടുക്കേണ്ടതായിരുന്നു. പരീക്ഷിക്കാനാണെങ്കിലും അപ്രകാരംതന്നെ. ‘ദ്വാദശാബ്ദം തു ശുശ്രൂഷാം’ എന്നല്ലയോ പ്രമാണം പറയുന്നത്. ഇവിടെ അതും അനുഷ്ഠിക്കപ്പെട്ടില്ല; നേരേമറിച്ച് ‘ഇയം ജായാ അയം ഗ്രാമഃ’ എന്നിരിക്കയാല്‍

‘ഗുരവോ ബഹവഃ സന്തി
ശിഷ്യവിത്താപഹാരകാഃ’

എന്നു പറഞ്ഞതുപോലെ പരീക്ഷിപ്പാന്‍ നോക്കിയതു കൂടുതല്‍ ദക്ഷിണയെ കരുതിയാണെന്നു തോന്നുന്നു. വേറെ വിധം പറയുന്നതിന് യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല.

താന്‍ ആദ്യം ഉപേക്ഷിച്ചാല്‍ രണ്ടാമത് ഉപദേശിക്കേണ്ടതായിവരും. അപ്പോള്‍ അടുത്ത ഭവിഷ്യത്തിനെപ്പോലും അറിയുന്നതിനുള്ള പരോക്ഷജ്ഞാനം തനിക്ക് ഇല്ലെന്നു വന്നുപോകും. ആയതു ശരിയുമല്ല, എന്നോര്‍ത്തു ക്ഷമിച്ചുകളയാതെ ഉപേക്ഷിച്ചതിനെ നോക്കുമ്പോള്‍ എല്ലാവരേയുംപോലെ മാംസദൃഷ്ടികൊണ്ടു പുറമെ അപ്പോള്‍ കണ്ടപ്രകാരം അറിഞ്ഞിരിക്കുമെന്നല്ലാതെ രൈക്വന്‍ തന്റെ പരോക്ഷജ്ഞാനംകൊണ്ട് അറിയുകയൊ ആയതിനെ വെളിക്കു സൂചിപ്പിക്കണമെന്നു കരുതുകയോ ചെയ്തിട്ടില്ലെന്നും ആദ്യം ഉപേക്ഷിച്ചിട്ടു രണ്ടാമത് ഉപദേശിക്കയും വേണ്ടെന്നു തള്ളിയേച്ചു കൂടുതലായി ദ്രവ്യം കിട്ടിയപ്പോള്‍ സ്വീകരിക്കയും ചെയ്തതിനാല്‍ എന്തായാലും ദ്രവ്യലാഭത്തിനു തക്കപോലെ പ്രവര്‍ത്തിക്കണം എന്നല്ലാതെ തന്റെ വാക്കിനും പ്രവൃത്തിക്കും വ്യവസ്ഥകേടു സംഭവിക്കരുതെന്നുള്ള വിചാരത്തിനു മൂലവും ന്യായവുമായ ഒരഭിമാനം രൈക്വന് ഉണ്ടായിരുന്നില്ലെന്നും, കാണുന്നതിനാല്‍ ഈ ശൂദ്രശബ്ദം അവയവാര്‍ത്ഥകമല്ലെന്നും ജാനശ്രുതി ജാതിശൂദ്രന്‍ തന്നെയെന്നും സിദ്ധിക്കുന്നു.

ഇതിനെ സംബന്ധിച്ചു പ്രാചീനമലയാളം ഒന്നാം പുസ്തകത്തില്‍ കാണിച്ചിട്ടുള്ള സൂത്രം ഭാഷ്യം മുതലായത് ഇവിടെ അനുസന്ധേയങ്ങളാണ്.

മേല്‍ കാണിച്ച വേദഭാഗത്തിലെ ശൂദ്രശബ്ദത്തിനു കൃത്രിമാര്‍ത്ഥം ചെയ്ത സൂത്രങ്ങളും അവയുടെ ഭാഷ്യങ്ങളുടെ അര്‍ത്ഥങ്ങളും അടിയില്‍ ചേര്‍ക്കുന്നു.

സൂത്രം:-
ശുഗസ്യ തദനാദരശ്രവണാത്തദാദ്രവണാല്‍ സൂച്യതേഹി (34)

ഭാഷ്യാര്‍ത്ഥം: മനുഷ്യര്‍ക്കു വിദ്യാധികാരമുണ്ടെന്നു സിദ്ധാന്തിച്ചും വച്ച് ഏതുപ്രകാരം ദേവന്മാര്‍ക്കും വിധിക്കപ്പെട്ടുവോ അപ്രകാരം ശൂദ്രന്നും വിദ്യാധികാരമുണ്ടെന്ന ശങ്കയെ നിവൃത്തിക്കാനാണ് ഈ അധികരണം ആരംഭിക്കപ്പെടുന്നത്.

ശൂദ്രന്നു വിദ്യയിലധികാരമുണ്ട്. ശൂദ്രന്നു യാഗത്തില്‍ അധികാരമില്ലെന്നു നിഷേധിക്കപ്പെട്ടതുപോലെ വിദ്യയിലും നിഷേധിക്കപ്പെട്ടതായി കേള്‍ക്കുന്നില്ലാ. ശൂദ്രന്ന് (അനഗ്നിത്വം) യാഗാഗ്നിയുടെ ഇല്ലായ്മയുണ്ട്. ഈ ‘അനഗ്നിത്വം’ തനിക്കു കര്‍മ്മങ്ങളില്‍ അധികാരമില്ലെന്നുള്ളതിന് കാരണമാകുമെന്നല്ലാതെ അത് വിദ്യാധികാരനിഷേധത്തിനും കാരണമാകുന്നില്ല. ആഹവനീയാദിയായ യാഗാഗ്നിയില്ലാത്തവന് വിദ്യയെ ഗ്രഹിപ്പാന്‍ കഴിയുന്നതല്ലെന്നുമില്ലാ: വിദ്യയില്‍ ശൂദ്രാധികാരത്തെ പ്രബലീകരിക്കുന്നതിനു സംവര്‍ഗ്ഗവിദ്യയില്‍ ജാനശ്രുതിയായിരിക്കുന്ന പൗത്രായണന്‍, വേദശ്രവണത്തിന് ഇച്ഛിച്ചപ്പോള്‍ രയിക്വന്റെ സംബോധനവാക്യത്തില്‍ പ്രയോഗിക്കപ്പെട്ട ശൂദ്രശബ്ദം പരാമര്‍ശകമായിരിക്കുന്നു. അതായത് ‘കഷ്ടം കഷ്ടം കഷ്ടം എടാ ശൂദ്രാ നിന്റെ പശുക്കള്‍ നിനക്കുതന്നെ ഭവിക്കട്ടെ’ എന്നാണ്, വിദുരാദികള്‍ ശൂദ്രയോനിയില്‍ ജനിച്ചവരായിരുന്നിട്ടും വിശിഷ്ടവിജ്ഞാനസമ്പത്തിയുള്ളവരായിരുന്നു എന്നു സ്മരിച്ചിട്ടുണ്ട്. ഈ കാരണങ്ങളാല്‍ ശൂദ്രനു വിദ്യാധികാരമുണ്ടെന്നുണ്ടെങ്കില്‍ നാമിപ്രകാരം പറയുന്നു. എങ്ങനെയെന്നാല്‍, ശൂദ്രനു വേദാധികാരമില്ലാത്തതിനാല്‍ വിദ്യയിലുമധികാരമില്ല. വേദം പഠിച്ചവനു മാത്രമേ വേദാര്‍ത്ഥങ്ങളിലുമധികാരമുണ്ടാവൂ. ശൂദ്രന് വേദാദ്ധ്യായനമില്ലല്ലോ. എന്തെന്നാല്‍ വേദാദ്ധ്യയനത്തിന് ഉപനയന സംസ്‌കാരം കഴിഞ്ഞാലേ വിധിയുള്ളൂ, ഉപനയനമോ, (ദ്വിജാദികള്‍) ബ്രഹ്മക്ഷത്ര വൈശ്യന്മാര്‍ക്കു മാത്രമെ വിധിച്ചിട്ടുള്ളു. (സാമര്‍ത്ഥ്യം) ശക്തിയില്ലാതിരിക്കുമ്പോള്‍ വിദ്യയില്‍ അപേക്ഷയുണ്ടെന്നുള്ളതു മാത്രം അധികാരകാരണമായി തീരുന്നില്ല. ശാസ്ത്രീയകാര്യത്തില്‍ ശാസ്ത്രീയമായിരിക്കുന്ന സാമര്‍ത്ഥ്യം വിദ്യാധികാരത്തിനു മതിയാവുന്നുമില്ല. ശൂദ്രനു വേദാദ്ധ്യയനം നിഷിദ്ധമാകയാല്‍ തത്സംബന്ധിയായ ശക്തിയും നിരാകരിക്കപ്പെട്ടിരിക്കയാണല്ലോ. ന്യായത്തിനു സാധാരണത്വമുള്ളതാകയാല്‍ എന്തു ന്യായത്താല്‍ ശൂദ്രന് യാഗത്തിലുമധികാരമില്ലയോ അതു തന്നെ വിദ്യയ്ക്കുമധികാരമില്ലെന്നുള്ളതിനെ സൂചിപ്പിക്കുന്നു. സംവര്‍ഗ്ഗവിദ്യയില്‍ ശൂദ്രശബ്ദം കേള്‍ക്കപ്പെടുകയാല്‍ ശൂദ്രന്നും വിദ്യാധികാരമുണ്ടെന്നു വിചാരിക്കയാണെങ്കില്‍ ന്യായവിരുദ്ധമാകയാല്‍ അതും കാരണമാകുന്നില്ല.

എന്തെന്നാല്‍ ന്യായവചനത്തിനു ലിംഗദര്‍ശനം ദ്യോതകമാകുന്നു. ഇവിടെ ന്യായമുണ്ടാകുന്നുമില്ല. ഈ ശൂദ്രശബ്ദം സംവര്‍ഗ്ഗവിദ്യയില്‍ ഇരിക്കയാല്‍ ആ വിദ്യയൊന്നില്‍ ഇരിക്കുന്ന ശൂദ്രനെ മാത്രമേ അധികരിക്കുന്നുള്ളൂ. ‘സംവര്‍ഗ്ഗവിദ്യ’ അര്‍ത്ഥവാദഘട്ടത്തിലാകയാല്‍ ഈ ശൂദ്രശബ്ദം തനിക്കു മറ്റുള്ള വിദ്യകളില്‍ ഒരിടത്തും അധികാരം ഉണ്ടാക്കുന്നതിന് ശ്രമിക്കുന്നില്ല. ഈ ശൂദ്രശബ്ദം അധികാരവിഷയത്തില്‍ മാത്രമേ ഉപയോഗിക്കു എന്നുള്ളതെങ്ങനെയാണെന്നുണ്ടെങ്കില്‍ പറയാം: ‘എടാ, വിദ്യാഹീനനായിരുന്നിട്ടും (ഒരുത്തനെ) ഈ ജാനശ്രുതിയെ വണ്ടിയോടുകൂടിയിരിക്കുന്ന രൈക്വനോടു സദൃശനാക്കി പറയുന്നോ?’ എന്ന ഹംസവാക്യത്താല്‍ തന്റെ അനാദരത്തെ ശ്രുതവാനായിരിക്കുന്ന ആ ജാനശ്രുതിയെന്ന പൗത്രായണന് ദുഃഖമുണ്ടായി. ഇതിനെ ഋഷിയായിരിക്കുന്ന രൈക്വന്‍ ശൂദ്രശബ്ദംകൊണ്ടു സൂചിപ്പിച്ചു. ജാതിശൂദ്രന്ന് വിദ്യാധികാരമില്ലാഴികയാല്‍ തന്റെ പരോക്ഷജ്ഞാനത്തെ അറിയിക്കുന്നതിനായിട്ടാണെന്നു തോന്നുന്നു. തനിക്കു (ശുക്) ശോകമുണ്ടായെന്നു ശൂദ്രശബ്ദംകൊണ്ടു സൂചിപ്പിക്കപ്പെടുന്നത്, (എങ്ങനെയെന്നാല്‍) ശുക്കിന്റെ ആദ്രവണം ഹേതുവായിട്ടും, ശുക്കിനെ അഭിദ്രവിക്കയാലും, ശുക്കിനാല്‍ അഭിദ്രവിക്കപ്പെട്ടെന്നും, ശുക്കോടുകൂടി രൈക്വനെ അഭിദ്രവിച്ചെന്നും, ശൂദ്രശബ്ദത്തിന് അവയവാര്‍ത്ഥമുള്ളതാകയാലും, രൂഢാര്‍ത്ഥമില്ലാഴികയാലുമാകുന്നു. എന്നാല്‍ ഈ അര്‍ത്ഥം ഈ ജാനശ്രുത്യുപാഖ്യാനത്തില്‍ കാണപ്പെടുന്നുമുണ്ട്.

സൂത്രം‍:- :-:-
ക്ഷത്രിയത്വഗതേ ശ്‌ചോത്തരത്ര
ചൈത്രരഥേന ലിംഗാത്. 35

ഭാഷ്യാര്‍ത്ഥം:- ഇതു ഹേതുവായിട്ടും ജാനശ്രുതി ജാതിശൂദ്രനല്ല. യാതൊന്നിന്റെ കാരണം പ്രകരണത്തെ നിരൂപിക്കയാല്‍ സ്പഷ്ടമാകുന്നു. എങ്ങനെയെന്നാല്‍ ഈ ജാനശ്രുതിക്ക് സംവര്‍ഗ്ഗവിദ്യയുടെ ഉത്തരഭാഗത്തില്‍ ചൈത്രരഥനായി അഭിപ്രതാരിയായിരിക്കുന്ന ക്ഷത്രിയനോടുള്ള സമഭിവ്യവഹാരം (കൂട്ടിച്ചേര്‍ത്തു പറക) എന്നതു ഹേതുവാല്‍ ക്ഷത്രിയത്വം ബോദ്ധ്യപ്പെടുന്നു. സംവര്‍ഗ്ഗവിദ്യാവാക്യശേഷത്തിലാണ് ചൈത്രരഥിയായിരിക്കുന്ന അഭിപ്രതാരിയെന്ന ക്ഷത്രിയന്‍ കീര്‍ത്തിക്കപ്പെടുന്നത്. അതായത് അനന്തരം സൂതനാല്‍ പരിവിഷ്യമാണന്മാരായി (വിളംബപ്പെടുന്നവരായി) ശൗനകനായിരിക്കുന്ന കാക്ഷസേനിയേയും ബ്രഹ്മചാരി ഭിക്ഷിച്ചു എന്നാണ്. അഭിപ്രതാരി തനിക്കു കാപേയയോഗം ഹേതുവായിട്ട് (ചൈത്രരഥിത്വ) ചിത്രരഥന്റെ വംശത്തിലുള്ളവനാണെന്നുള്ളതും സ്പഷ്ടമാകുന്നു. എന്തെന്നാല്‍ ‘ഇതുകൊണ്ടാണ് ചൈത്രരഥനെ കാപേയന്മാര്‍ യജിപ്പിച്ചത്,’ എന്ന വേദവാക്യത്താല്‍ ചൈത്രരഥനു കാപേയയോഗമുണ്ടെന്നും അറിയപ്പെട്ടു. തുല്യവംശ്യന്മാര്‍ക്ക് മിക്കവാറും തുല്യവംശ്യന്മാര്‍ മാത്രമേ യാജകന്മാരാകുന്നുള്ളു. അതു ഹേതുവായിട്ട് ചൈത്രരഥിയെന്നു പ്രസിദ്ധനായ ഒരു ക്ഷത്രപതിയുണ്ടായി എന്നും വേദവാക്യത്തില്‍ ക്ഷത്രപതിയെന്നു ബോധിക്കയാല്‍ ചൈത്രരഥിക്കു ക്ഷത്രിയത്വമുണ്ടെന്നും സ്പഷ്ടമാകുന്നു. ക്ഷത്രിയനായിരിക്കുന്ന ആ അഭിപ്രതാരിയോടുകൂടി ജാനശ്രുതിക്കു തുല്യയായിരിക്കുന്ന വിദ്യാവിഷയത്തില്‍ സങ്കീര്‍ത്തനം ഭവിക്കയാല്‍ തനിക്കും ക്ഷത്രിയത്വമുണ്ടെന്നു സൂചിപ്പിക്കുന്നു. തുല്യന്മാരെ മാത്രമേ മിക്കവാറും കൂട്ടിച്ചേര്‍ത്തു പറകയുള്ളു. സൂതനെ അയയ്ക്കുക മുതലായ ഐശ്വര്യയോഗമിരിക്കയാലും ജാനശ്രുതിക്ക് ക്ഷത്രിയത്വമുണ്ടെന്നു വെളിവാകുന്നു. ഇതു ഹേതുവായിട്ടും ജാതിശൂദ്രന്നും വിദ്യാധികാരമില്ല.

സൂത്രം:-
സംസ്‌കാരപരാമര്‍ശാത്തദഭാവാഭിലാപാച്ച 36

ഭാഷ്യാര്‍ത്ഥം:- ഇതു ഹേതുവായിട്ടും ശൂദ്രന് വിദ്യയ്ക്ക്, അധികാരമില്ല.

എന്തെന്നാല്‍ വിദ്യാപ്രദേശങ്ങളില്‍ ഉപനയനാദിയായിരിക്കുന്ന സംസ്‌കാരങ്ങള്‍ ആവശ്യമാണെന്നു പരാമര്‍ശിക്കപ്പെടുന്നു. ‘അവനെ ഉപനയിപ്പിച്ചു ഭഗവാനേ! പഠിപ്പിക്കണേ’ എന്നു പറഞ്ഞുകൊണ്ട് ഉപസാദിച്ചു എന്നും വേദപാരഗന്മാരായും സഗുണബ്രഹ്മനിഷ്ഠന്മാരായുമുള്ള ഭരദ്വാജാദികള്‍, ബ്രഹ്മത്തെ തിരഞ്ഞ് ഈ പിപ്പലാദന്‍ എല്ലാം പറയുമെന്നു നിശ്ചയിച്ച് അവര്‍ കയ്യില്‍ ചമതയും വച്ചുകൊണ്ട് ഭഗവാനായിരിക്കുന്ന പിപ്പലാദനെ പ്രാപിച്ചു എന്നും ‘അവരെ ഉപനയിപ്പിക്കാതെ’ എന്നും കേള്‍ക്കുകയാല്‍ വേദാദ്ധ്യയനത്തിനു ഉപനയനപ്രാപ്തി കാണിക്കപ്പെട്ടതായിത്തന്നെയിരിക്കുന്നു, ‘ശൂദ്രന്‍ നാലാമത്തെ വര്‍ണ്ണവും ഏകജാതിയും’ എന്ന് സ്മരിച്ചിരിക്കയാലും ശൂദ്രങ്കല്‍ പാപം അല്പവും ഇല്ലാത്തതിനാല്‍ അവനു സംസ്‌കാരം ആവശ്യമില്ലെന്നു പറകയാലും ശൂദ്രന് സംസ്‌കാരമില്ലെന്നു പറയപ്പെടുന്നു.

സൂത്രം:-
തദഭാവനിര്‍ദ്ധാരണേ ച പ്രവൃത്തേഃ 37

ഭാഷ്യാര്‍ത്ഥം:- ഇതു ഹേതുവായിട്ടും ശൂദ്രന് വിദ്യയിലധികാരമില്ല. എന്തെന്നാല്‍ സത്യവചനത്താല്‍ താന്‍ ശൂദ്രനല്ലെന്ന് ഉറപ്പാക്കിയതിന്റെ ശേഷമേ ജാബാലനെ ഗൗതമന്‍ ഉപനയിപ്പിക്കുന്നതിനും അഭ്യസിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുള്ളൂ. ‘ഇതിനെ വിവേചിച്ചു പറയുന്നതിന് ബ്രാഹ്മണനല്ലാത്തവന്‍ യോഗ്യനാകുന്നില്ലാ. അല്ലയോ സൗമ്യ! നീ ചെന്ന് ചമതകൊണ്ടു വാ, നിന്നെ ഉപനയിപ്പിക്കാം. നീ സത്യത്തില്‍നിന്നും തെറ്റിയില്ലാ.’ എന്ന വേദവാക്യം (ലിംഗ) കാരണമാകുന്നു.

സൂത്രം:-
ശ്രവണാദ്ധ്യയനാര്‍ത്ഥപ്രതിഷേധാല്‍ സ്മൃതേശ്ച. 38

ഭാഷ്യാര്‍ത്ഥം:- ഇതു ഹേതുവായിട്ടും ശൂദ്രന്ന് വിദ്യയില്‍ അധികാരമില്ല, എന്തെന്നാല്‍ സ്മൃതിപ്രമാണത്താല്‍ ശൂദ്രന്ന് ശ്രവണത്തിന്നും അദ്ധ്യയനത്തിനും പ്രതിഷേധം കാണുകയാല്‍, വേദശ്രവണപ്രതിഷേധവും വേദാദ്ധ്യയനപ്രതിഷേധവും വേദാര്‍ത്ഥജ്ഞാനപ്രതിഷേധവും വേദാനുഷ്ഠാന പ്രതിഷേധവും സ്മരിക്കപ്പെടുന്നു. ശ്രവണപ്രതിഷേധം പറയപ്പെട്ടത് എങ്ങനെയെന്നാല്‍, ‘ഇവന്‍ വേദത്തെ കേള്‍ക്കുകയാല്‍ ഈയവും മെഴുകും ഉരുക്കിയൊഴിച്ച് ഇവന്റെ ചെവികളെ നിറയ്ക്കുക’ എന്നും, പദ്യു * ഹവേ (പദ്യു = പാദയുക്തം, ശൂദ്രപദ്യയല്‍-ഏതല്‍; ശ്മശാനം, ഹവാ = സഞ്ചരിഷ്ണുരൂപം ശ്മശാനം) ത്യാദിവാക്യത്താല്‍ ശൂദ്രസമീപത്തില്‍ വച്ച്, അദ്ധ്യയനം ചെയ്യരുതെന്ന് കേള്‍ക്കുകയാല്‍ സമീപത്തില്‍വച്ചുപോലും വിധിയല്ലാത്ത വേദാദ്ധ്യയനം തനിക്ക് അശേഷം പാടില്ലെന്നും സ്പഷ്ടമാകുന്നു. ‘അത്രയുമല്ലാ ശൂദ്രന്‍ വേദമുച്ചരിച്ചാല്‍ നാക്കു കണ്ടിക്കണമെന്നും, ധരിച്ചാല്‍ ശരീരത്തെ വെട്ടിപ്പിളര്‍ക്കണമെന്നുമിരിക്കയാല്‍, വേദാര്‍ത്ഥജ്ഞാനത്തിനും തദനുഷ്ഠാനത്തിനും പാടില്ലെന്ന് സിദ്ധമാകുന്നു.’ ‘ശൂദ്രന് ജ്ഞാനത്തെ കൊടുക്കരുതെന്നും അദ്ധ്യയനം, യാഗം, ദാനം ഇതുകള്‍ ദ്വിജാതികള്‍ക്കാണെന്നും, വേദപ്രമാണവും കാണുന്നു. പൂര്‍വ്വജന്മത്തില്‍ ചെയ്യപ്പെട്ട സംസ്‌കാരപ്രാപ്തിയാല്‍ വിദുരന്‍, ധര്‍മ്മവ്യാധന്‍ തുടങ്ങിയ ശൂദ്രര്‍ക്ക് ജ്ഞാനോത്പത്തിയുണ്ടായിരുന്നുവെങ്കിലും ജ്ഞാനത്തിന് ഐകാന്തികഫലത്വമുള്ളതിനാലും ഇതിഹാസപുരാണങ്ങളെ ചാതുര്‍വര്‍ണ്ണ്യങ്ങളെ ശ്രവിപ്പിക്കണമെന്ന ഹേതുവാലും അവര്‍ക്ക് ഫലപ്രാപ്തിയെ പ്രതിബന്ധിപ്പാന്‍ കഴിയുന്നതല്ലാ. ആകയാല്‍ വേദപൂര്‍വ്വകമായിരിക്കുന്ന വിദ്യാധികാരം ശൂദ്രന് വിഹിതമല്ലെന്നിരിക്കുന്നു. (പ്രാചീനമലയാളം പുറം 143-147)

മേല്‍ പ്രസ്താവിച്ച സൂത്രഭാഷ്യത്തില്‍ ഒരുദാഹരണമായി സ്വീകരിച്ചിരിക്കുന്നതും ജാനശ്രുത്യുപാഖ്യാനം പോലെ ഈ വിഷയത്തില്‍ ഒരു പ്രമാണമായിപ്പറയപ്പെടുന്നതും ആയ ജാബാലന്റെ കഥയെപ്പറ്റി സ്വല്പം ചിന്തിക്കാം-

ജാബാലകഥാസാരം:- ‘ജാബാലന്‍ ഗൗതമന്റെ അടുക്കല്‍ അധ്യയനത്തിനു ചെന്നു. ഗൗതമന് അവന്റെ പേരില്‍ ശൂദ്രശങ്കയുണ്ടായി. ജാബാലനെക്കൊണ്ട് താന്‍ ശൂദ്രനല്ലെന്നു സത്യം ചെയ്യിച്ചശേഷമേ പഠിപ്പിച്ചുകൊടുത്തുള്ളു.’

ഇതിനേയും ശൂദ്രന്‍ വിദ്യയ്ക്കു പണ്ടുപണ്ടേ അനര്‍ഹനാണെന്നുള്ളതിന് ഒരു ദൃഷ്ടാന്തമായി ബ്രാഹ്മണര്‍ പറയുന്നുണ്ട്. ശൂദ്രന്‍ വിദ്യയ്ക്ക് അനര്‍ഹനെന്നും അതിനാല്‍ അവനെ യാതൊന്നും പഠിപ്പിച്ചുപോകരുതെന്നും മുമ്പിനാലെ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ജാബാലന്‍ ചെന്നത് അഭ്യസിപ്പാനുമായിരുന്നു. അപ്പോള്‍ ഗൗതമന്‍ ജാബാലനെക്കൊണ്ടു ശൂദ്രനല്ലെന്നു സത്യം ചെയ്യിച്ചതിനാല്‍ ഗൗതമനു ജാബാലനെക്കുറിച്ചു ശൂദ്രശങ്കയുണ്ടായിരുന്നെന്നും, തന്നിമിത്തം ഇവന്‍, തന്നെ കബളിപ്പിച്ചു വിദ്യാമോഷണത്തിനായി വന്നിരിക്കയാണെന്നുള്ള സംശയം അദ്ദേഹത്തിന്റെ ഉള്ളില്‍ ജനിച്ചിരുന്നു എന്നും നിശ്ചയം തന്നെ. പിന്നെ ശൂദ്രന്‍ അനൃതവാക്കാണെന്നു പ്രമാണവും ഉണ്ട്. ഇങ്ങനെ, അവിശ്വാസിയെന്നു തെളിയുന്ന ജാബാലന്റെ വാക്കിനെ ഗൗതമന്‍ വിശ്വസിക്കയും സന്ദേഹത്തില്‍ നിന്നു വേര്‍പെടുകയും ചെയ്കയില്ല. ഗൗതമനു ജാബാലന്റെ ജാതിനിര്‍ണ്ണയം ചെയ്‌തേ കഴിയൂ എന്നു നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ ജാബാലനുമായി അടുത്തു നല്ല പരിചയമുള്ളവരായ ബ്രാഹ്മണരോടാരോടെങ്കിലും അദ്ദേഹം പരമാര്‍ത്ഥം ചോദിച്ചറിയുമായിരുന്നു. അപ്രകാരം ചെയ്തതായി കാണുന്നുമില്ല. ഉപനയിപ്പിക്കയും പഠിപ്പിക്കയും ചെയ്തിട്ടുമുണ്ട്. ഇതെല്ലാംകൊണ്ടും ഗൗതമന്, മനഃപൂര്‍വ്വമായി പഠിച്ചാല്‍ അവനും ദോഷമുണ്ടെന്നോ ശൂദ്രനല്ലെന്നുവരികിലെ പഠിപ്പിക്കാവൂ എന്നൊ ഉള്ള അഭിപ്രായം ഉണ്ടായിരുന്നില്ലെന്നും ആരായാലും എന്തു ജാതിയായാലും ശരി, ശ്രദ്ധയുള്ളവരെ പഠിപ്പിക്കപ്പണമെന്നുള്ള അഭിപ്രായമേ ഉണ്ടായിരുന്നുള്ളു എന്നും സ്പഷ്ടമാകുന്നു.

സമാധാനം: എന്നാല്‍ സത്യം ചെയിച്ചതെന്തിന്?

നിഷേധം: അതു പറയാം. ശൂദ്രനു ബ്രാഹ്മണ ശുശ്രൂഷയൊഴിച്ചു മറ്റൊരു നന്മയ്ക്കും അധികാരം ഇല്ലെന്നും ആരും ഒന്നും പഠിച്ചുപോകരുതെന്നും, അവനവന്റെ ഇച്ഛപോലെ ചില സങ്കേതങ്ങള്‍ ഏര്‍പ്പെടുത്തി അവയെ അനാദിപ്രമാണാനുസരണം നടത്തുന്നതിനു ശ്രദ്ധാലുക്കളായിരുന്ന അക്കാലത്തെ പ്രബലന്മാരോട് താന്‍ സത്യംചെയ്യിച്ചതില്‍ പിന്നീടേ പറഞ്ഞുകൊടുത്തുള്ളു എന്നു സമാധാനം പറഞ്ഞു സമ്മതിപ്പിക്കുന്നതിലേക്കായിട്ടു മാത്രമായിരുന്നു.

ഉപനയനാദിപൂര്‍വ്വം കര്‍മ്മകാണ്ഡത്തില്‍ പ്രവൃത്തരായ ശേഷമേ ജ്ഞാനകാണ്‌ഡോക്തമായ വിധിയെ കൈക്കൊള്ളാവൂ എന്നു നിയമമില്ലെന്നും, സാധനചതുഷ്ടയസംപത്തി സിദ്ധിച്ചാല്‍ ക്രമത്തെ ഗണ്യമാക്കാതെ ജ്ഞാനമാര്‍ഗ്ഗം സ്വീകരിക്കുന്നതില്‍ ഏവരും അര്‍ഹന്മാരാണെന്നും പ്രഥമസൂത്രത്തിന്റെ ഭാഷ്യത്തില്‍ ആചാര്യസ്വാമികള്‍ പറഞ്ഞിരിക്കുന്നു. അതിനു വിപരീതമായി മുന്‍പറഞ്ഞ ‘ശുഗസ്യ’ ഇത്യാദി സൂത്രങ്ങളുടെ ഭാഷ്യത്തില്‍ ക്രമം വിവക്ഷിച്ചു കാണുന്നതും അതിന്റെ സാധുത്വത്തില്‍ ശങ്ക അങ്കുരിപ്പിക്കുന്നു. നോക്കുക:

‘…..യദനന്തരം ബ്രഹ്മജിജ്ഞാസോപദിശ്യത ഇതി; ഉച്യതേഃ- നിത്യാനിത്യവസ്തുവിവേകഃ, ഇഹാമുത്രാര്‍ത്ഥഭോഗവിരാഗഃ, ശമാദിസാധനസംപത്, മുമുക്ഷുത്വം ച. തേഷു ഹി സല്‍സു പ്രാഗപി ധര്‍മ്മ ജിജ്ഞാസായാ ഊര്‍ദ്ധ്വം ശക്യതേ ബ്രഹ്മ ജിജ്ഞാസിതും ജ്ഞാതും ച ന വിപര്യയേ. തസ്മാത് അഥശബ്‌ദേന യഥോക്ത സാധനസംപത്ത്യാനന്തര്യമുപദിശ്യതേ’ – ‘അഥാതോ ബ്രഹ്മജിജ്ഞാസാ’ എന്ന സൂത്രത്തിലെ അഥ ശബ്ദത്തിന് അര്‍ത്ഥാന്തരസംഗതി ദുര്‍ഘടമെന്നു ബഹുസംരംഭപൂര്‍വ്വം കാണിച്ചും ബ്രഹ്മജിജ്ഞാസാവിഷയത്തില്‍ അധ്യയനാദി സാധനം (സാമഗ്രി) അല്ലെന്നുറപ്പിച്ചുംകൊണ്ട് അതിനു പര്യാപ്തമായ സാധനം വേണമെന്ന ഉദ്ദേശത്തിന്മേല്‍, യാതൊന്നിനു ശേഷമായിട്ടാണു ബ്രഹ്മജിജ്ഞാസ ഉപദേശിക്കേണ്ടത് എന്ന ശങ്കയ്ക്ക് പറയാം, എന്നു സിദ്ധാന്തപക്ഷം ആരംഭിക്കുന്നു. നിത്യാനിത്യവസ്തുവിവേകവും, ഐഹികാമുഷ്മികഭോഗവിരക്തിയും, ശമാദിഷട്ക സംപത്തിയും, മുമുക്ഷുത്വവും ഉണ്ടായിരിക്കുന്ന അവസ്ഥയില്‍ ധര്‍മ്മജിജ്ഞാസയ്ക്കു മുമ്പായാലും പിമ്പായാലും വേണ്ടില്ല, ബ്രഹ്മവിചാരവും ജ്ഞാനപ്രാപ്തിയും സുശക്തമാണ്. അക്കാരണത്താല്‍ അഥ ശബ്ദംകൊണ്ടു മേല്‍പറഞ്ഞ സാധനസംപത്തിയുടെ ആനന്തര്യത്തെ (സൂത്രകാരന്‍) ഉപദേശിക്കുന്നു.

അതു കൂടാതെയും ഐതരേയബ്രാഹ്മണം രണ്ടാമതു പഞ്ചിക തൃതീയാധ്യായപ്രാരംഭത്തില്‍ ‘കവഷന്‍’ എന്ന ഒരു വേടന്‍ വേദാധ്യയനം ചെയ്തു; എന്നുമാത്രമല്ല, ഋഷിയുമായി യാഗാദിക്രതുക്കളില്‍ ബ്രാഹ്മണരോടു കൂടിച്ചേര്‍ന്നു ബഹുമാന്യനായി വാണിരുന്നു എന്നു പറഞ്ഞിരിക്കുന്നു.

‘ഋഷയോ വൈ സരസ്വത്യാം സത്രമാസത. തേ കവഷമൈലൂഷം സോമാദനയന്‍ ദാസ്യാഃ പുത്രഃ കിതവോfബ്രാഹ്മണഃ കഥം നോ മധ്യേfദീക്ഷിഷ്‌ടേതി. തം ബഹിര്‍ദ്ധന്വോദവഹന്‍. അത്രൈനം പിപാസാ ഹന്തുസരസ്വത്യാ ഉദകം മാ പാദിതി. സ ബഹിര്‍ദ്ധന്വോ ദൂഹ്‌ളഃ പിപാസയാ വിത്ത ഏതദപോനപ്ത്രീയമപശ്യത്, പ്രദേവത്രാ ബ്രഹ്മണേ ഗാതുരേത്വിതി.’

‘തേനാപാം പ്രിയം ധാമോപാഗച്ഛത്. തമാപോfനൂദായന്‍. തം സരസ്വതീ സമന്തം പര്യധാവത്. തസ്മാദ്ധാപ്യേതര്‍ഹി പരിസാരകമിത്യാചക്ഷതേ, യദേനം സരസ്വതീസമന്തം പരിസസാര. തേ വാ ഋഷയോfബ്രുവന്‍ വിദുര്‍വ്വാ ഇമം ദേവാ ഉപേമം ഹ്വയാമഹാ ഇതി ത ഥേതി തം ഉപാഹ്വയന്ത…’ (ഐ. ബ്രാ. അ. 8 ഖ.1)

‘മഹര്‍ഷിമാര്‍ സരസ്വതീതീരത്തുവച്ച് ഒരു വലിയ യാഗമാരംഭിച്ചിരിക്കുമ്പോള്‍ (അതില്‍ പ്രവേശിച്ചിരുന്ന) ഇലൂഷപുത്രനായ കവഷനെ, ദാസീപുത്രനും അബ്രാഹ്മണനും വേട്ടയാടിയും ആയവന്‍ (യാഗത്തില്‍) സന്നിഹിതനായി എങ്ങനെയാണു നമ്മോടൊപ്പം അര്‍ഹണം അര്‍ഹിക്കുക?’ എന്നു പറഞ്ഞു ബഹിഷ്‌കരിച്ച് സരസ്വതിയിലെ ജലംപോലും കുടിക്കാതെ ദാഹിച്ചു മരിക്കട്ടെയെന്നു കരുതി ഒരു മരുഭൂമിയിലാക്കി. ഈ നിലയില്‍ ദാഹപീഡിതനായ കവഷന്‍ ‘അപോനപ്ത്രീയം – പ്രദേവത്രാ ബ്രഹ്മണേ ഗാതുരേതു-‘ എന്നു തുടങ്ങിയ 15. ഋക്ക്-മന്ത്രദ്രഷ്ടാക്കളുടെ നയത്തില്‍ ഉണ്ടാക്കി. ഈ സൂക്തനിര്‍മ്മാണംവഴിയായി അയാള്‍ക്കു ദേവതാപ്രസാദം സിദ്ധിച്ചു. ആ ദേവതകള്‍ അയാളുടെ പരിസരം പ്രാപിച്ചതോടുകൂടി സരസ്വതിയും ചൂഴ്‌ന്നൊഴുകി. സരസ്വതി അയാളെ ചുറ്റി ഒഴുകിയ കാരണത്താല്‍ ആ സ്ഥലത്തിനു ‘പരിസാരക’മെന്നു പേരായി. ഈ അവസ്ഥയറിഞ്ഞ് ആ ഋഷിമാര്‍, ‘അയാള്‍ക്ക് ദേവസാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതിനാല്‍ നമുക്ക് (ചെന്ന്) അയാളെ ക്ഷണിച്ചുകൊണ്ടുവരാം’ എന്നുപറഞ്ഞ് ഐകകണ്‌ഠ്യേന സമ്മതിച്ചു കവഷനെ കൂട്ടിക്കൊണ്ടുപോയി. അനന്തരം അവര്‍ അപോനപ്ത്രീയ യജ്ഞം നടത്തി…

വേടന്‍-വിശിഷ്ടനാകുന്നതിനു മുമ്പ് ഏകാന്തത്തടവില്‍കിടന്ന് ഉണ്ടാക്കിയ അപോനപ്ത്രീയ സൂക്തം വേദത്തില്‍ ഉള്‍പ്പെട്ടിരിക്കുമ്പോള്‍ വേദാധ്യയനത്തിന് ആര്‍ക്ക് അര്‍ഹതയില്ലെന്നു പറയാം?

ഐതരേയബ്രാഹ്മണത്തില്‍ കാണിച്ചതുപോലെ കൗഷീതകിബ്രാഹ്മണത്തിലും ദാസീപുത്രനായ ഈ കവഷന്റെ കഥയുണ്ട്. നോക്കുക.

‘മാധ്യമാഃ സരസ്വത്യാം സത്രമാസത. തദ്ധാപി കവഷോ മധ്യേ നിഷസാദ. തം ഹേമ ഉപോദുര്‍ദ്ദാസ്യാ വൈ ത്വം പുത്രോസി ന വയം ത്വയാ സഹ ഭക്ഷയിഷ്യാമ ഇതി സഹ ക്രുദ്ധഃ പ്രദ്രവത്സരസ്വതീമേതേന സൂക്തേന തുഷ്ടാവ. തം ഹേമമന്വേയായ ത ഉ ഹേമേ നിരാഗാ ഇവ മേനിരേ തം ഹാന്വാവൃത്യോചുഃ. ഋഷേ! നമസ്‌തേ അസ്തു മാ നോ ഹിംസീസ്ത്വം വൈ നഃ ശ്രേഷ്‌ഠോfസി യം ത്വേയമന്വേതീതി. തം ഹ യ ജ്ഞപയാംചക്രുസ്തസ്യ ഹ ക്രോധം വിനിന്യുഃ സ ഏഷകവഷസൈ്യഷ മഹിമാ സൂക്തസ്യ ചാനുവേദിതാ’ (കൗബ്രാ-12. 3.) ഗൃത്‌സമദ, വിശ്വാമിത്ര, വാമദേവ. അത്രി, ഭരദ്വാജ, വസിഷ്ഠപ്രമുഖരായ മഹര്‍ഷിമാര്‍ സരസ്വതീതീരത്തുവെച്ച് ഒരു യാഗമാരംഭിച്ചു. അപ്പോള്‍ ‘കവഷന്‍’ അവരുടെ ഇടയില്‍ കടന്നിരുന്നു. ‘ദാസീപുത്രന്‍’-കൗലടേരന്‍’-ആയ നിന്നോടുകൂടി ഞങ്ങള്‍ ഒന്നും ഭക്ഷിക്കയും മറ്റും ചെയ്കയില്ല’ എന്നു പറഞ്ഞ് അവര്‍ അയാളെ നിര്‍ഭര്‍ത്സിച്ചു. കവഷന്‍ കോപിച്ചു സരസ്വതീതീരം പ്രാപിച്ചു മുന്‍പറഞ്ഞ സൂക്തങ്ങള്‍ നിര്‍മ്മിച്ചു ദേവപ്രസാദം വരുത്തി. ഉടന്‍ സരസ്വതി അയാളെ അനുഗമിച്ചു. ഇത്രയുമായപ്പോള്‍ കവഷന്‍ നിഷ്‌കല്മഷനാണെന്നു അവര്‍ തീര്‍ച്ചയാക്കി, അവിടെച്ചെന്ന് ഇങ്ങനെ ക്ഷമായാചനം ചെയ്തു:- ‘ഋഷിസത്തമാ! അങ്ങേയ്ക്കു നമസ്‌കാരം; അങ്ങു ഞങ്ങളുടെ ഇടയില്‍ പരമാരാധ്യനാകുന്നു; എന്തെന്നാല്‍ സരസ്വതി അങ്ങെച്ചുറ്റിവന്നിരിക്കുന്നു; ഞങ്ങളെ വല്ലായ്മക്കിരയാക്കരുതേ!’ പിന്നീട് അവര്‍ കവഷനെ യജ്ഞകാര്യ വ്യവസ്ഥാപയിതാവാക്കി അയാളുടെ കോപത്തെ ശമിപ്പിച്ചു. ഇതാണു കവഷന്റെ മഹാമഹിമശാലിത്വം. ഈ സൂക്തദ്രഷ്ടാവെന്ന നിലയില്‍ അദ്ദേഹം കീര്‍ത്തിമാനായി.

ഇനിയും വേദത്തില്‍ കക്ഷീവാന്‍ എന്ന ഒരു ബഹുമാന്യനായ ശൂദ്രസ്ത്രീപുത്രന്റെ കഥ പറയുന്നുണ്ട്.

‘സോമാനസ്സ്വരണം കൃണുഹി ബ്രഹ്മണസ്പതേ
കക്ഷീവന്തം യ ഔശിജഃ’

അല്ലയോ ബ്രഹ്മണസ്പതേ! ഈ സോമപാനം ചെയ്യുന്ന എന്നെ, ‘ഉശിക്’ എന്നവളുടെ പുത്രന്‍ ആ കക്ഷീവാനെപ്പോലെ പ്രകാശമുള്ളവനാക്കിച്ചെയ്താലും, ഇതെല്ലാംകൊണ്ടും ശൂദ്രന് അധ്യയനാദി ആകാമെന്ന് ഉറപ്പായി തെളിയുന്നു.

ഈ എല്ലാ നിദര്‍ശനങ്ങളാലും ഏര്‍പ്പെടുന്ന ആചാരത്തിനു വിരോധമായിട്ടു വേദത്തില്‍ നിഷേധങ്ങളിരിക്കുമെന്ന് അനുമാനിക്കാമോ? ഒരിക്കലും പാടില്ല. ‘വിരോധേ ത്വനപേക്ഷം സ്യാദ് അസതി ഹ്യനുമാനം ശ്രുതിവിരോധേ സ്മൃതിവാക്യം അനപേക്ഷ്യം അപ്രമാണം അനാദരണീയം ച.’

അര്‍ത്ഥം:- പ്രത്യക്ഷ ശ്രുതിക്കു വിരോധമായ, സങ്കേതങ്ങള്‍ക്ക് ശ്രുതിയില്‍ ആധാരം കിട്ടുകയില്ലെന്നുതന്നെ അനുമാനിച്ചുകൊള്ളണം. ശ്രുതിക്കു വിരോധമായ അപ്രകാരമുള്ള ഏര്‍പ്പാടുകള്‍ അനാവശ്യവും, അപ്രമാണവും, അനാദരണീയവും ആണ്, എന്നു മീമാംസയില്‍ പറഞ്ഞിരിക്കുന്നു. അനുമാനിക്കേണ്ട പക്ഷത്തില്‍ ഇതു ശരിതന്നെ. പ്രത്യക്ഷനിഷേധമായിരുന്നാലോ എന്ന് ആരെങ്കിലും വേദത്തില്‍നിന്നും ഒരു നിഷേധവാക്യത്തെ കാണിക്കുന്നു എങ്കില്‍ അതിനും മാര്‍ഗ്ഗം മനുസ്മൃതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

‘ശ്രുതിദൈ്വധം തു യത്ര സ്യാ-
ത്തത്ര ധര്‍മ്മാവുഭൗ സ്മൃതൗ’ (മനു. 2-14)

വേദത്തില്‍തന്നെ ഒന്നിനൊന്നു വിരോധമായ രണ്ടു മാര്‍ഗ്ഗങ്ങളെ പറഞ്ഞിരുന്നാല്‍ അവ രണ്ടും സമഗൗരവമായി സമ്മതിക്കപ്പെടേണ്ടതാണെന്നു വിധിച്ചിരിക്കുന്നു. ഈ വിധിയാല്‍ വേദത്തില്‍ ഒരു സ്ഥലത്തു ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും പാടില്ലാ എന്നു വിധിച്ചിരുന്നാല്‍പോലും മറ്റുള്ള ഭാഗങ്ങളില്‍ ആദരിച്ചിരിക്കുന്ന ആചാരബലത്താല്‍ ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും ചെയ്യാമെന്നു നിര്‍വ്വിവാദമായി ഏര്‍പ്പെടുന്നു. ഇപ്രകാരം വേദത്തിനാല്‍ യാതൊരു തടസ്സവും ഇല്ലെന്നു സിദ്ധിച്ചു.

ഇനി പ്രമാണാന്തരങ്ങളെക്കുറിച്ചാലോചിക്കാം.