
ഇനി വേദപ്രാമാണ്യസ്വരൂപത്തെക്കുറിച്ചു പറയാം. പ്രത്യക്ഷാനുമാനശബ്ദങ്ങള്‍ എന്ന മൂന്നു വക പ്രമാണങ്ങളില്‍വെച്ച് വേദം എന്നതു ശബ്ദപ്രമാണത്തില്‍ ചേര്‍ന്നിരിക്കുന്നു എന്നതില്‍ സന്ദേഹമില്ലല്ലോ. ഈ മൂന്നുവിധ പ്രമാണങ്ങളുടെ താരതമ്യത്തെ അറിഞ്ഞാല്‍ വേദത്തിന്റെ സ്വരൂപം തന്നത്താനേ അറിയാറാകും. ദേവദത്തന്‍ ഭക്ഷിച്ചതിനെ ഞാന്‍ നേരിട്ടുകണ്ട പക്ഷത്തില്‍ അതിനെക്കുറിച്ച് എനിക്കുണ്ടായ ജ്ഞാനം പ്രത്യക്ഷപ്രമാണജനിതമാകും. അവന്റെ വയറു വീര്‍ത്തിരിക്കകൊണ്ടു ഭക്ഷിച്ചിരിക്കണം എന്നാണൂഹിക്കുന്നതെങ്കില്‍, അത് അനുമാനജന്യജ്ഞാനമാകും. അവന്‍ ഭക്ഷിച്ചതായി പലരും പറഞ്ഞു ഞാന്‍ കേട്ടുവെങ്കില്‍ അതു ശബ്ദജന്യജ്ഞാനമാകും. ഒരുത്തന്റെ വയറു വീര്‍ത്തിരിക്കുന്നതിന് കാരണം ഭക്ഷണം മാത്രമല്ല. വായു, അജീര്‍ണ്ണം ഈ കാരണാന്തരങ്ങളും അതിനു സംഭവിക്കാവുന്നതാണ്. അതിനാല്‍ ഭക്ഷിച്ചതായിരിക്കാമെന്നു സിദ്ധാന്തിച്ചാല്‍ പലപ്പോഴും തെറ്റിപ്പോയി എന്നുവരും, ഭക്ഷിച്ചതായി മറ്റൊരുവന്‍ പറയുമ്പോള്‍ അങ്ങനെ പറയുന്നവന്‍തന്നെ ശരിയായി ഗ്രഹിക്കാതിരുന്നു എന്നും വരാം. ശരിയായി ധരിച്ചിരുന്നാലും നമ്മെ കളിപ്പിക്കുന്നതിലേക്ക് അങ്ങനെ പറഞ്ഞു എന്നും വരാവുന്നതാണ്. അല്ലെങ്കില്‍ അവന്‍ ശരിയായി പറഞ്ഞിട്ടും നാം തെറ്റിദ്ധരിച്ചു എന്നു വന്നാലും ആയി. ആകയാല്‍ പ്രത്യക്ഷജ്ഞാനം ഉത്തമമായതെന്നും, അനുമാനജ്ഞാനം മധ്യമമായതെന്നും, ശബ്ദജന്യജ്ഞാനം അധമമായതെന്നും, പ്രത്യക്ഷത്തിനു വിരുദ്ധമാകാത്തപ്പോഴും ശബ്ദത്തെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും അനുമാനം ഗ്രാഹ്യമെന്നും, പ്രത്യക്ഷാനുമാനങ്ങള്‍ സിദ്ധിക്കാത്തപ്പോഴും അവയാല്‍ ബാധിക്കപ്പെടാത്തപ്പോഴും മാത്രം ശാബ്ദം ഗ്രാഹ്യമെന്നും സകല ദേശങ്ങളിലും വഴങ്ങിവരുന്ന ന്യായശാസ്ത്രങ്ങളില്‍ വിധി ഏര്‍പ്പെട്ടിരിക്കുന്നു. ഇതര ശബ്ദപ്രമാണങ്ങളെ അപേക്ഷിച്ചു വേദത്തിനു പ്രാബല്യം ഇരിക്കാമെങ്കിലും പ്രത്യക്ഷാനുമാനങ്ങളെ അപേക്ഷിച്ച് അതു ദുര്‍ബ്ബലം തന്നെയാണ്. ഇക്കാരണത്താലത്രേ അനുഭവ വിരുദ്ധമായ വേദഭാഗങ്ങളെ അര്‍ത്ഥവാദ25മെന്നു ഭാഷ്യകാരന്മാര്‍ ഒതുക്കിവച്ചത്. ഇനി, ഇപ്പറഞ്ഞ സംഗതികള്‍ക്കു ന്യായമായ സമാധാനത്തോടുകൂടി നിരാക്ഷേപമായ പ്രമാണങ്ങളെക്കാണിക്കാം.
ഗീതോപനിഷത്തുകളിലും മാണ്ഡൂക്യതാപനീയാദിശ്രുതികളിലും ”ഓമിത്യേകാക്ഷരം ബ്രഹ്മ” ”ഓമിത്യേതദക്ഷരമിദം സര്‍വ്വം” എന്നു പറഞ്ഞിരിക്കുന്നു. വ്യാകരണശാസ്ത്രമുറയ്ക്കു നോക്കുമ്പോള്‍ ”ഓം” എന്ന അക്ഷരത്തിന്റെ അര്‍ത്ഥം പ്രകാശരൂപമായും എല്ലാത്തിനേയും രക്ഷിക്കുന്നതായും ഇരിക്കുന്നു. ബ്രഹ്മം ഇപ്രകാരമുള്ളതെന്ന് താല്‍പര്യമാകയാലും ‘ഓം’ എന്ന അക്ഷരം ബ്രഹ്മത്തിന്റെ വാചകവും, ആ മുറയ്ക്കു ബ്രഹ്മം പ്രണവത്തിന്റെ വാച്യവുമാകുന്നു. അന്യോന്യം അത്യന്തഭേദമുണ്ടായിരുന്നു എങ്കില്‍ വാചകമായ ‘ഓം’ അക്ഷരത്തിനും വാച്യമായ ബ്രഹ്മത്തിനും ഇങ്ങനെ ഒരു അഭേദം മാണ്ഡൂക്യാദ്യുപനിഷത്തുകളില്‍ പറയപ്പെടുകയില്ലായിരുന്നു. എന്നാല്‍ യുക്തിപ്രകാരം നോക്കുമ്പോള്‍ കുറച്ചു ഭേദം ഇല്ലാതെയിരിക്കുന്നുമില്ല. എങ്കിലും ഈ പ്രണവത്തിന്റെ ശരിയായ അനുസന്ധാനാനുഷ്ഠാനങ്ങളെക്കൊണ്ട് ഏവര്‍ക്കും അഭയബ്രഹ്മപ്രാപ്തി ഉണ്ടാകുന്നതിനാല്‍ മുഖ്യസംഗതിയെ മാത്രം സാരമായിട്ടു നോക്കി ഇപ്രകാരം പറഞ്ഞിരിക്കുന്നു. ഇതിലേക്ക് ഉപനിഷത്തുകള്‍തന്നെ പ്രമാണം.
ഇനിയും,
‘ഏക ഏവ പുരാ വേദഃ
പ്രണവഃ സര്‍വ്വവാങ്മയഃ’
പൂര്‍വ്വത്തില്‍ സര്‍വ്വവാങ്മയമായിരിക്കുന്ന പ്രണവം ഒന്നുതന്നെ വേദം എന്നു പറയുന്നു. ഈ പ്രണവം ബ്രഹ്മാഭേദമായിട്ടുള്ളതെന്നു മുമ്പു കാണിച്ചല്ലൊ; ആ ന്യായത്താല്‍ ഈ പ്രണവരൂപവേദത്തിന് ആദ്യന്തം ഇല്ല.
‘ബ്രാഹ്മണഃ പ്രണവം കുര്യാ-
ദാദാവന്തേ ച സര്‍വ്വദാ;
സ്രവത്യനോംകൃതം പൂര്‍വ്വം
പുരസ്താച്ച വിശീര്യതേ’ – (മനു-2.74)
ബ്രാഹ്മണന്‍ വേദോച്ചാരണം ചെയ്‌വാനാരംഭിക്കുമ്പോഴും, പാഠം അവസാനിപ്പിക്കുമ്പോഴും പ്രണവത്തെ ഉച്ചരിക്കണം. ആദ്യം അങ്ങനെ ചെയ്യാതിരുന്നാല്‍ ഉച്ചരിച്ച വേദം അല്പാല്പമായി മറന്നുപോകും. അവസാനത്തില്‍ ചെയ്യാഞ്ഞാല്‍ ഓര്‍മ്മയില്‍ നില്ക്കയില്ല – എന്നു പറഞ്ഞിരിക്കുന്നു.
‘ക്ഷരന്തി സര്‍വ്വാ വൈദിക്യോ
ജുഹോതി യജതി ക്രിയാഃ,
അക്ഷരം ദുഷ്‌കരം ജ്ഞേയം
ബ്രഹ്മ ചൈവ പ്രജാപതിഃ’ (മനു-2.84)
വേദത്തില്‍ വിധിക്കപ്പെട്ടിരിക്കുന്ന യജ്ഞാഹവനാദി ക്രിയാകലാപങ്ങളെല്ലാം നശ്വരങ്ങളായ ഫലങ്ങളെ കൊടുക്കുന്നവയാകയാല്‍ അവ നശ്വരങ്ങളെന്നും, പ്രണവം പരമാത്മസ്വരൂപത്തെ മനസ്സിലാക്കി മോക്ഷത്തെ കൊടുക്കുന്നതാകകൊണ്ട് അത് അനശ്വരമെന്നും ബ്രഹ്മാവിനാല്‍ പറയപ്പെട്ടിരിക്കുന്നു.
ഇവയില്‍ ആദ്യത്തേ ശ്ലോകത്തില്‍ വേദം ഓതുന്നതിനു മുമ്പും പിമ്പും ഉച്ചരിക്കണമെന്നുള്ളതും, അടുത്ത ശ്ലോകത്തില്‍ പരമാത്മസ്വരൂപത്തേ മനസ്സിലാക്കി മോക്ഷത്തെ കൊടുക്കുന്നതെന്നുള്ളതും ആയ പ്രണവ (വേദ) ത്തിന്റെ ഊര്‍ദ്ധ്വരീതിയിലുള്ള ചിന്തയുടെ ഫലപ്രാധാന്യേന നോക്കുമ്പോഴും മേല്‍പ്രകാരം ബ്രഹ്മാഭേദമായുള്ളതെന്ന ന്യായം കിട്ടുന്നു.
‘വ്യക്താവ്യക്തനിരൂപിതം ച പരമം
ഷട്ത്രിംശത്തത്ത്വാത്മകം
തസ്മാദുത്തരതത്ത്വമക്ഷരമിതി
ധ്യേയം സദാ യോഗിഭിഃ
ഓങ്കാരാദിസമസ്തമന്ത്രജനകം
സൂക്ഷ്മാതിസൂക്ഷ്മം പരം
വന്ദേ പഞ്ചമമീശ്വരസ്യ വദനം
ഖവ്യാപി തേജോമയം’-
‘സച്ച ത്യച്ചാഭവത്’ എന്നു ശ്രുതി പറയും പ്രകാരം വ്യക്താവ്യക്ത – കാര്യകാരണ – രൂപമായും, സര്‍വ്വോത്തമമായും, ഷട്ത്രിംശല്‍തത്ത്വരൂപമായി പറയുന്നെങ്കിലും തത്ത്വാതീതമായും, കാലത്രയാബാധ്യമായും, ത്രിപുടിയറ്റതെങ്കിലും യോഗിധ്യേയമെന്നു വ്യവഹരിക്കപ്പെടുന്നതായും, പ്രണവം മുതലായ മന്ത്രങ്ങളുടെ എല്ലാം മൂലസ്ഥാനമായും, വിചാരധാരയെ അതിവര്‍ത്തിക്കുമാറ് അതി സൂഷ്മമായും, സര്‍വ്വവസ്തുക്കള്‍ക്കും ഇടംകൊടുത്തു ബാഹ്യാഭ്യന്തരഭേദംകൂടാതെ അതില്‍ ആകാശംപോലെ വ്യാപിച്ചതായും, ജഡവസ്തുക്കള്‍ക്കു സത്താസ്ഫൂര്‍ത്തി- വിളക്കം – ഉണ്ടാക്കുന്നതായും ഇരിക്കുന്ന ഈശ്വരന്റെ പഞ്ചമമുഖരൂപബ്രഹ്മത്തെ ധ്യാനിക്കുന്നു. ഇത്യാദി ന്യായങ്ങളാല്‍ ബ്രഹ്മാഭേദമായുള്ളതെന്നു സിദ്ധിച്ച പ്രണവാത്മകമായ വേദത്തിന് ആദ്യന്തമില്ലെന്നും അത്, മനുഷ്യകര്‍ത്തൃക-പൗരുഷേയ-മല്ലെന്നും, ഈശ്വരങ്കല്‍നിന്ന് ആവിര്‍ഭവിച്ചതെന്നും, സര്‍വ്വപ്രമാണാതീതവും സര്‍വ്വോത്കൃഷ്ടവും ആണെന്നും തീര്‍ച്ചപ്പെടുത്താവുന്നതാണ്.
‘അപരാ ഋഗ്വേദോ യജുര്‍വ്വേദഃ സാമവേദോഽഥര്‍വ്വ വേദഃ ശിക്ഷാ കല്‌പോ വ്യാകരണം നിരുക്തം ഛന്ദോ ജ്യോതിഷം. അഥ പരാ യയാ തദക്ഷരമധിഗമ്യതേ.’ (മുണ്ഡകോപനിഷത്)
ഋഗ്വേദവും യജുര്‍വ്വേദവും സാമവേദവും അഥര്‍വവേദവും പ്രധാനങ്ങളല്ല; ശിക്ഷാ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഃശാസ്ത്രം എന്ന വേദാംഗങ്ങളും പ്രധാനങ്ങളല്ല; യാതൊന്നിനാല്‍ ആ ശാശ്വതവസ്തു പ്രാപിക്കപ്പെടുന്നോ അതാണു പ്രധാനമായിട്ടുള്ളത്.
‘ന വേദം വേദ ഇത്യാഹുര്‍
വേദേ വേദോ ന വിദ്യതേ
പരാത്മാ വേദ്യതേ യേന
സ വേദോ വേദ ഉച്യതേ’
(പരമാത്മപ്രതിപാദകമല്ലാത്ത) വേദത്തെ വേദമെന്നു പറഞ്ഞുകൂടാ; (ആ) വേദത്തില്‍ (പരമാത്മാനുഭവജ്ഞാനം) വേദം ഇല്ല; യാതൊന്നുകൊണ്ടു പരമാത്മാവിനെ അറിയാന്‍ കഴിയുമോ അതിനെ വേദമെന്നു പറയുന്നു – ഇത്യാദി പ്രമാണങ്ങളാല്‍, വിചാരജ്ഞാനഫലമായിരിക്കുന്ന ബ്രഹ്മസാക്ഷാത്കാരാവസ്ഥയ്ക്ക് (വേദത്തിന്) ആദിമധ്യാന്തം കര്‍ത്താവ് ജനനകാലം മുതലായ യാതൊന്നും ഇല്ല.
ഇനി ഋഷിപ്രോക്തമെന്നും മനുഷ്യപ്രോക്തമെന്നും ഉള്ളതിന്റെ കാരണം:- വേദഭാഗങ്ങളില്‍ ഋഷി – മനുഷ്യ-പ്രോക്തമെന്നതിന് അനേകം നിദര്‍ശനങ്ങള്‍ ഉണ്ട്. ഇവയിലെ ഓരോരോ മന്ത്രത്തിനും ഛന്ദസ്സ് ഉണ്ടെന്നുള്ളതു മിക്കവാറും പ്രസിദ്ധമാണല്ലോ. ഈ സൂക്തത്തില്‍ കര്‍ത്താവ് (ഋഷി) ഇന്നാര്; ഛന്ദസ്സ് ഇന്നത്; അധിഷ്ഠാനദേവത ഇന്നാര് എന്നു പ്രസ്താവിച്ചുകാണുന്നു. ഉദാഹരണം, ഋഗ്വേദം, പ്രഥമസൂക്തം. ഇതിനു വിശ്വാമിത്രപുത്രനായ മധു ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത. ഇതിനാല്‍ അതതു സൂക്തത്തിനു മേല്‍പറഞ്ഞിരിക്കുന്ന ഋഷികളത്രേ അതതു മന്ത്രങ്ങളുടെ കര്‍ത്താക്കളെന്നുള്ളതു സ്പഷ്ടമാകുന്നു. ഇതിനാല്‍ വേദങ്ങള്‍ക്കു കര്‍ത്താവുണ്ടെന്നു ആര്‍ത്ഥികമായിക്കാണുന്നതല്ലാതെ സ്പഷ്‌ടോക്തിയായിട്ടില്ലല്ലോ എന്നാണെങ്കില്‍, മന്ത്രപ്രശ്‌നത്തില്‍നിന്ന് ഒരു വാക്യത്തെ ഉദാഹരിക്കാം. ‘നമോ വാചേ യാ ചോദിത’-എന്നാരംഭിക്കുന്ന വാക്യത്തില്‍ ‘നമ ഋഷിഭ്യോ മന്ത്രകൃദ്ഭ്യഃ’ മന്ത്രങ്ങളെ രചിച്ച ഋഷികള്‍ക്കായി നമസ്‌കാരം-എന്നു പറഞ്ഞിരിക്കുന്നു.
‘ഏക ഏവ പുരാ വേദഃ
പ്രണവഃ സര്‍വ്വവാങ്മയഃ
പുരൂരവസ ഏവാസീത്
ത്രയീ ത്രേതാമുഖേ നൃപ’ (ഭാഗവഃ സ്‌കഃ 9-അ: 14)
സര്‍വവാങ്മയമായ ഓംകാരരൂപപ്രണവം മാത്രം പൂര്‍വ്വത്തില്‍ വേദമായിരുന്നു; അനന്തരം പുരൂരവസ്സ് എന്ന രാജാവ് മൂന്നുവിധമായ വേദങ്ങളെ ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. ഇതിനാല്‍ വേദങ്ങളില്‍ ചില ഭാഗം പുരൂരവസ്സ് രചിച്ചതായി തെളിയുന്നു.
‘യജുര്‍വേദതരോഃ ശാഖാഃ
സപ്തവിംശന്മഹാമുനിഃ
വൈശംപായനനാമാസൌ
വ്യാസശിഷ്യശ്ചകാര ഹ’ (വിഷ്ണുപുഃ അംഃ 3. അഃ 5)
വ്യാസരുടെ ശിഷ്യനായ വൈശംപായനമഹാമുനി യജുര്‍വേദത്തില്‍, – ഇരുപത്തേഴു ശാഖകളെ ഉണ്ടാക്കിയെന്നു പറഞ്ഞിരിക്കുന്നു.
ഛാന്ദോഗ്യോപനിഷത്, 7-ാമദ്ധ്യായ പ്രാരംഭത്തില്‍- ‘അധീഹി ഭഗവ ഇതിഹോപസസാദ സനത്കുമാരം നാരദഃ; തം ഹോവാച യദ്വേത്ഥ തേന മോപസീത തതസ്ത ഊര്‍ദ്ധ്വം വക്ഷ്യാമീതി സ ഹോവാച ഋഗ്വേദം ഭഗവോfധ്യേമി യജുര്‍വ്വേദം സാമവേദമാഥര്‍വ്വണം ചതുര്‍ത്ഥം…’
ശ്രീനാരദന്‍ സനല്‍കുമാരനെ ശരണം പ്രാപിച്ചു, തന്നെ അധ്യയനം ചെയ്യിക്കേണമെന്നപേക്ഷിച്ചപ്പോള്‍ സനല്‍കുമാരന്‍: ‘നീ ഇതുവരെ അധ്യയനം ചെയ്തിരിക്കുന്നതിനെപ്പറ്റി പറയുന്നുവെങ്കില്‍ അതിനുമേല്‍ വേണ്ടതു പഠിപ്പിക്കാം’ എന്നു സമാധാനം പറഞ്ഞു. ഉടനെ നാരദന്‍; ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വവേദം ഈ നാലും അധ്യയനം ചെയ്തിട്ടുണ്ട് എന്നറിയിച്ചു. അതിന്റെ ശേഷം സനല്‍കുമാരന്‍ മേല്‍കണ്ട ഏഴാമധ്യായത്തിലുള്ള മറ്റേ ഭാഗങ്ങളെ ഉപദേശിച്ചു എന്നു പറഞ്ഞിരിക്കുന്നു. ഇതിനാല്‍ അക്കാലത്തുള്ള നാലു വേദങ്ങളും നാരദര്‍ക്ക് അറിയാമായിരുന്നു എന്നും അതില്‍പെടാതിരുന്ന ഈ ഭാഗത്തെ സനല്‍കുമാരന്‍ നിര്‍മ്മിച്ചു എന്നും വരുന്നു. ഇപ്രകാരം പലകാലങ്ങളിലായിട്ടു വേദങ്ങളുടെ പല ഭാഗങ്ങള്‍ പലരാല്‍ ഉണ്ടാക്കപ്പെട്ടു എന്നു കാണുന്നു.
ബൃഹസ്പതിയാകട്ടെ വേദങ്ങള്‍ക്കു കര്‍ത്താവുള്ളതായി സമ്മതിച്ച് അവരുടെ സ്വരൂപത്തേയും പ്രവൃത്തികളേയും കുറിച്ച്-
‘ത്രയോ വേദസ്യ കര്‍ത്താരോ ഭണ്ഡധൂര്‍ത്തനിശാചരാഃ’ – വേദങ്ങളെ രചിച്ചവര്‍ ഭണ്ഡന്‍ (-മിത്ഥ്യാ പ്രിയവാക്പടു-) ധൂര്‍ത്തന്‍, നിശാചരന്‍ ഇവരാകുന്നു എന്നു പറഞ്ഞു ശകാരിക്കുന്നു.
വേദം ശബ്ദപ്രമാണമാകയാല്‍ പ്രത്യക്ഷാനുമാനപ്രമാണങ്ങളെ അപേക്ഷിച്ച് അധമമാണെന്നുള്ളത് അദൈ്വതപ്രതിപാദകവേദത്തെ, അല്ലെങ്കില്‍ വേദാന്തഭാഗങ്ങളെ അല്പവും സംബന്ധിക്കുന്നതല്ല. എന്തെന്നാല്‍, അദൈ്വതമതശാസ്ത്രത്തെ ഒഴിച്ചു മറ്റുള്ള തര്‍ക്കം മുതലായ മതശാസ്ത്രങ്ങളില്‍ എല്ലാം പ്രപഞ്ചം അസത്ത് – ഇല്ലാത്തത് – അല്ല, വാസ്തവത്തില്‍ ഉള്ളതാകുന്നു എന്നും അദൈ്വതമതശാസ്ത്രത്തില്‍ മാത്രം പ്രപഞ്ചം രജ്ജുവില്‍ സര്‍പ്പം എന്നപോലെ കാലത്രയത്തിലും അസത്തായുള്ളതും, മരുമരീചികാപ്രവാഹം (കാനല്‍ജലം) പോലെ വെറുതെ തോന്നുന്നതും തന്നെ എന്നും, ആണല്ലൊ അംഗീകരിച്ചിരിക്കുന്നത്. ഈ സ്ഥിതിക്കു പ്രപഞ്ചം സത്താണെന്നംഗീകരിച്ചിട്ടുള്ള മതശാസ്ത്രങ്ങള്‍ മാത്രമേ പ്രപഞ്ചത്തെ സത്തെന്നു വ്യവസ്ഥാപിക്കാന്‍ വന്ന തര്‍ക്കന്യായപ്രമാണങ്ങളിലുള്‍പ്പെടുകയുള്ളു. അല്ലാതെകണ്ടു പ്രപഞ്ചം സത്താണെന്നുള്ള വ്യവസ്ഥാപനത്തെ അനുഭവപ്രകാരം പ്രബലയുക്തി ന്യായങ്ങളെക്കൊണ്ടു ഖണ്ഡിച്ച് പ്രമാണാതീതമായും അദൈ്വതപ്രതിപാദകമായും ഇരിക്കുന്ന വേദം പ്രത്യക്ഷാനുമാനപ്രമാണങ്ങളെ അപേക്ഷിച്ചു ഒരിക്കലും അധമമാകയില്ല.
എന്നാല്‍ പ്രപഞ്ചമുണ്ടെന്നുള്ള പക്ഷക്കാരായ കര്‍മ്മികള്‍ മുതലായ ശ്രൗതാദികള്‍ അവരുടെ വേദം ഭഗവത്‌പ്രോക്തമെന്നു പറയുന്നല്ലൊ എന്നാണെങ്കില്‍ അതിനു കാരണം ന്യായമല്ല; വെറും അഭിമാനം മാത്രമാണ്.
ഇനി, വേദങ്ങളെ നിര്‍മ്മിച്ചവര്‍ ഭണ്ഡധൂര്‍ത്തനിശാചരന്മാരാണെന്നു ബൃഹസ്പതി ശകാരിച്ചിരിക്കുന്നല്ലൊ എന്നാണെങ്കില്‍-
‘യുഗം പ്രതി ധിയാം പുംസാം
ന്യൂനാധികതയാ മുനേ,
ക്രിയാങ്ഗപാഠവൈചിത്ര്യ-
യുക്താന്‍ വേദാന്‍ സ്മരാമ്യഹം’ (വാസിഷ്ഠം.)
കാലങ്ങള്‍ മാറുന്തോറും മനുഷ്യരുടെ ബുദ്ധിക്കുണ്ടാകുന്ന ഭേദഗതികളെ അനുസരിച്ചു വേദക്രിയാംഗപാഠങ്ങളും പലമാതിരി ഭേദപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോഴപ്പോള്‍ ഉണ്ടായിരുന്ന ദുഷ്ടപണ്ഡിത പ്രഭുക്കള്‍ നിമിത്തം വന്നുചേര്‍ന്നിട്ടുള്ള അസത്യമയങ്ങളും കഠോരഹിംസാപ്രചുരങ്ങളും നിന്ദ്യങ്ങളും ആയുള്ള സകല സംഗതികളേയും തക്കതായ യഥാര്‍ത്ഥകാരണങ്ങള്‍ പറഞ്ഞു തള്ളിക്കളയാതെ വിധികളുടെ ശേഖരത്തില്‍ ചേര്‍ത്ത് അനുഷ്ഠിക്കുമാറു വച്ചിരിക്കുന്നതിനെക്കണ്ട് അങ്ങനെ ശകാരിച്ചുപോയതാണ്; അതു കുറ്റമല്ല.
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal