വേദാധികാരനിരൂപണത്തിന്റെ ചരിത്രപ്രാധാന്യം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘വേദാധികാര നിരൂപണം’എന്ന കൃതിയില്‍ നിന്ന്

‘അപ്പനേ, ഒരന്‍പതു കൊല്ലം കഴിയട്ടെ ഈ കെഴവന്‍ പറഞ്ഞതെല്ലാം ആളുകള്‍ കൂടുതല്‍ ഗൗനിക്കാന്‍ തുടങ്ങും’ എന്ന് അനൗപചാരികമെങ്കിലും പ്രവചനത്തിന്റെ ഗാംഭീര്യത്തോടെ ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെടുന്ന വിദ്യാധിരാജ തീര്‍ത്ഥപാദസ്വാമികള്‍ ഒരിക്കല്‍ പറഞ്ഞതായി അദ്ദേഹത്തെ ഗുരുവായി സങ്കല്‍പിച്ച വിജയാനന്ദസ്വാമികള്‍ പ്രസ്താവിച്ചിട്ടുണ്ട്.

കേരളത്തിലെ ഹിന്ദുമതപുനരുദ്ധാരണത്തിന്റെ മാര്‍ഗ്ഗദര്‍ശിയും അസാധാരണനായ ആത്മജ്ഞാനിയുമായ വിദ്യാധിരാജതീര്‍ത്ഥപാദസ്വാമികളുടെ ജീവിതത്തെയും സന്ദേശങ്ങളെയും പഠിക്കുവാനും പ്രചരിപ്പിക്കുവാനും അടുത്തകാലത്തു കണ്ടുവരുന്ന സംരംഭങ്ങള്‍ ഈ പ്രവചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

സംശയങ്ങളുമായി വന്നെത്തിയവരോടു നടത്തിയ സംഭാഷണങ്ങളാണ് അവരില്‍ ചിലരുടെ നിര്‍ബ്ബന്ധത്താല്‍ പില്ക്കാലത്ത് കയ്യെഴുത്ത് കൃതികളായി തീര്‍ന്നതെന്ന് ജീവചരിത്രകാരനായ പറവൂര്‍ ഗോപാലപിള്ളയില്‍നിന്നു മനസ്സിലാക്കാം. ഒറ്റയിരുപ്പില്‍ കിട്ടിയ കടലാസ്സില്‍ പെന്‍സില്‍കൊണ്ട് അതിവേഗം എഴുതുകയായിരുന്നുവത്രേ അദ്ദേഹത്തിന്റെ രീതി. ശിഷ്യന്മാരിലൂടെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നുവെങ്കിലും എഴുതിയവ സമാഹരിക്കുന്നതിനോ പ്രസിദ്ധപ്പെടുത്തുന്നതിനോ അദ്ദേഹം ഒട്ടുംതന്നെ താല്പര്യം കാണിച്ചിരുന്നില്ല. ശ്രീരാമകൃഷ്ണദേവന്റെ വചനാമൃതം പകര്‍ത്തി എടുക്കാന്‍ ഒരു മാസ്റ്റര്‍ മഹാശയന്‍ ഉണ്ടായിരുന്നതുപോലെ വിദ്യാധിരാജതീര്‍ത്ഥപാദസ്വാമികളുടെ വായ്‌മൊഴികള്‍ കുറിച്ചെടുക്കാന്‍ ആരും ഇല്ലാതെപോയി. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അദ്ദേഹം കാണിച്ച സിദ്ധികളെപ്പറ്റിയുള്ള കഥകള്‍ ഇന്നും പ്രചരിക്കുന്നുണ്ടെങ്കില്‍കൂടി.

ക്രിസ്തുമതച്ഛേദനം, പ്രാചീനമലയാളം, വേദാധികാരനിരൂപണം, ശ്രീചക്രപൂജാകല്പം, നിജാനന്ദവിലാസം, ജീവകാരുണ്യനിരൂപണം എന്നിവയാണ് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍. വേദാധികാരനിരൂപണത്തിന്റെയും പ്രാചീനമലയാളത്തിന്റെയും ഓരോ ഭാഗങ്ങള്‍ മാത്രമേ അച്ചടിക്കപ്പെട്ടിട്ടുള്ളുവെന്നും ശേഷമുള്ളവ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്നും പറഞ്ഞുകേള്‍ക്കുന്നു. ചിദാകാശലയം, ആദിഭാഷ, സര്‍വ്വമതസാമരസ്യം, അദൈ്വതചിന്താപദ്ധതി, മോക്ഷപ്രദീപഖണ്ഡനം തുടങ്ങിയ അദ്ദേഹത്തിന്റെ ഇതരകൃതികള്‍ ഗ്രന്ഥരൂപത്തില്‍ ഇനിയും പ്രസിദ്ധപ്പെടുത്തേണ്ടതായിരിക്കുന്നു.

1921 – ല്‍ പ്രസിദ്ധപ്പെടുത്തിയ വേദാധികാരനിരൂപണത്തിലെ ആശയങ്ങള്‍ വളരെ നേരത്തെ പ്രചരിച്ചിരുന്നതായി ശിഷ്യപരമ്പരയില്‍പ്പെട്ട വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ പ്രസ്താവിച്ചിട്ടുണ്ട്. വേദാധിഷ്ഠിതമായ നവീനഹിന്ദുസമുദായത്തെ സൃഷ്ടിക്കുവാന്‍ ആഗ്രഹിച്ച സ്വാമി ദയാനന്ദസരസ്വതിയുടെ (1824-1883) ആശയങ്ങള്‍ ഉത്തരേന്ത്യയില്‍ പ്രചരിച്ച കാലത്താണ്, അദ്ദേഹത്തെക്കുറിച്ച് കേട്ടിരിക്കാന്‍ ഇടയില്ലാത്ത (ഇംഗ്ലീഷ് പഠിക്കാത്ത) വിദ്യാധിരാജസ്വാമികളും വേദാധികാരനിരൂപണത്തിലെ ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിച്ചത്.

വേദങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെന്നു ‘സത്യാര്‍ത്ഥപ്രകാശ’ത്തിലൂടെ ദയാനന്ദസരസ്വതി വാദിച്ചപ്പോള്‍ വേദപഠനത്തിന് ജാതിബ്രാഹ്മണര്‍ക്ക് മാത്രമല്ല ഏതു സ്ത്രീയ്ക്കും പുരുഷനും അധികാരം ഉണ്ടെന്നു വിദ്യാധിരാജസ്വാമികള്‍ വേദാധികാരനിരൂപണത്തിലൂടെ പ്രസ്താവിച്ചു. വേദേതരങ്ങളായ സര്‍വ്വാനുഷ്ഠാനങ്ങളെയും ദയാനന്ദസരസ്വതി നിര്‍ദ്ദാക്ഷിണ്യം തിരസ്‌കരിച്ചപ്പോള്‍ വിദ്യാധിരാജസ്വാമികള്‍ വേദേതരാനുഷ്ഠാനങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ. ശ്രീരാമകൃഷ്ണപരമഹംസരുടെ മധ്യമാര്‍ഗ്ഗവുമായി വിദ്യാധിരാജസ്വാമികളുടെ സമ്പ്രദായത്തിനു സാമ്യമുണ്ട്. കേരളത്തിലേയ്ക്കു വന്ന വിവേകാനന്ദനെ അദ്ദേഹം ഇഷ്ടപ്പെട്ടതും യാദൃശ്ചികമാവാന്‍ ഇടയില്ല.

വേദം പഠിക്കാന്‍ മാത്രമല്ല തന്ത്രാധിഷ്ഠിതമായ ക്ഷേത്രപ്രതിഷ്ഠ നടത്താനും അര്‍ഹനായ അബ്രാഹ്മണന് അവകാശം ഉണ്ടെന്ന് വിദ്യാധിരാജതീര്‍ത്ഥപാദസ്വാമികള്‍ ഉപദേശിച്ചിരുന്നു. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയുടെ മുഖ്യമായ പ്രചോദനം അദ്ദേഹമായിരുന്നുവല്ലോ. ചട്ടമ്പിസ്വാമികള്‍ ധ്യാനനിരതനായിരുന്ന സ്ഥാനത്താണ് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതെന്ന് കരുവാ കൃഷ്ണനാശാന്‍ പ്രസ്താവിച്ചിട്ടുണ്ട്.

ദുര്‍വ്യാഖ്യാനഖണ്ഡനത്തിലൂടെയും യുക്തിവിചാരത്തിലൂടെയും ആണ് സ്വാമി തന്റെ സിദ്ധാന്തങ്ങള്‍ വേദാധികാരനിരൂപണത്തില്‍ അവതരിപ്പിക്കുന്നത്. സ്ത്രീവര്‍ഗ്ഗത്തിലും ശൂദ്രവര്‍ഗ്ഗത്തിലും പെട്ട അനേകമാളുകള്‍ വേദം പഠിക്കുകയും മന്ത്രങ്ങള്‍ ഉള്‍ക്കൊണ്ട് ഋഷികളായിത്തീരുകയുംചെയ്ത തെളിവുകളും അദ്ദേഹം നിരത്തുന്നു. വിശപ്പിന് ആഹാരവും ദാഹത്തിന് ജലവുമെന്നപോലെ ജിജ്ഞാസയ്ക്കു ശമനം വരുത്താന്‍ ആര്‍ക്കും വേദപഠനത്തിനു അര്‍ഹതയുണ്ടെന്നുകൂടി അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ചുരുക്കത്തില്‍ ഒരു വലിയ വിഭാഗം ജനങ്ങളെ വലയംചെയ്തിരുന്ന അധമബോധത്തെ നശിപ്പിക്കാനും അന്ധവിശ്വാസങ്ങളെ തകര്‍ക്കുവാനും പരോക്ഷമായ പങ്കുവഹിച്ചു എന്നതാണ് വേദാധികാരനിരൂപണത്തിന്റെ ചരിത്രപ്രാധാന്യം.

എം.ജി.ശശിഭൂഷണ്‍

Leave a Reply

Your email address will not be published. Required fields are marked *