വേദസ്വരൂപം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘വേദാധികാര നിരൂപണം’എന്ന കൃതിയില്‍ നിന്ന്
അദ്ധ്യായം ഒന്ന്

1. ലോകത്തില്‍ മിക്കപേരും ഗൗരവമാക്കിവെച്ചിരിക്കുന്ന ഗ്രന്ഥം ഏതാകുന്നു എന്നു വിചാരിച്ചാല്‍ വേദമത്രേ സന്ദേഹമില്ല. സൃഷ്ടിയില്‍ അടങ്ങിയ സകല ജനങ്ങളും നാസ്തികന്മാര്‍, ആസ്തികന്മാര്‍ എന്നിങ്ങനെ രണ്ടു വകുപ്പിലുള്‍പ്പെടും. ഈശ്വരനേ ഇല്ല, എന്നുള്ളവര്‍ നാസ്തികന്മാര്‍ ആകുന്നു. നാസ്തികവാദം ചെയ്യുന്നവര്‍ ചിലരുണ്ടായിരുന്നാലും വാസ്തവത്തില്‍ ആ മതത്തെ ആന്തരമായി വിശ്വസിച്ച് അനുഷ്ഠിക്കുന്നവര്‍ ഒരുത്തരും കാണുകയില്ല. ആ പരാത്പരവസ്തു ഉണ്ടെന്നു വിശ്വസിച്ചു നടക്കുന്നവര്‍ ആസ്തികന്മാരാകുന്നു. ഇവരുടെ സംഖ്യ വളരെയുണ്ട്; എങ്കിലും ഈശ്വരസ്വരൂപത്തേയും, ഈശ്വരനും പ്രപഞ്ചത്തിനുമുള്ള സംബന്ധങ്ങളേയും, ഈശ്വരന്റെ ശക്തിഗുണാതിശയങ്ങളേയും, കുറിച്ചുള്ള ബോധാചരണങ്ങളില്‍ ഇവര്‍ പല വകക്കാരായിരിക്കും.

ഈ വര്‍ഗ്ഗങ്ങളില്‍ ശ്രൗതന്മാര്‍, പ്രപഞ്ചവേദികള്‍ എന്ന രണ്ടു വകുപ്പുകാരെപ്പറ്റി പ്രകൃതത്തില്‍ വിചാരിച്ചാല്‍ മതിയാകും. ധര്‍മ്മാധര്‍മ്മജ്ഞാനമുണ്ടാകുന്നതിലേക്ക് ഈശ്വരന്‍തന്നെ ദയവു ചെയ്തു വേദമെന്ന ഒരു പുസ്തകത്തെ നമുക്കു തന്നുവെന്നു വിശ്വസിച്ചിരിക്കുന്നവരെല്ലാവരും ശ്രൗതന്മാരാണ്.

ഇപ്രകാരമല്ലാതെ ഈശ്വരന്‍ ഒരുത്തന്‍തന്നെ രക്ഷിതാവെന്നും, അദ്ദേഹം സൃഷ്ടിച്ച പ്രപഞ്ചംതന്നെ വേദമെന്നും വിശ്വസിച്ചിരിക്കുന്നവര്‍ പ്രപഞ്ചവേദികളാണ്.

വേദവിഷയത്തെക്കുറിച്ചു വിചാരിക്കുമ്പോള്‍ ഈ വകുപ്പുകാരുടെ അഭിപ്രായങ്ങളേയും ഒന്നോടൊന്നൊപ്പിച്ചു നിരൂപണം ചെയ്യുന്നത് അനാവശ്യമാകയില്ലെന്നു കരുതുന്നു.

2. വേദമെന്നത് എന്ത്? അതിന്റെ കര്‍ത്താവാര്? അതിന്റെ സംഖ്യ എത്ര? അതെങ്ങനെയുള്ളതാണ്, എന്നു വിചാരിക്കുമ്പോള്‍ അതിനു കര്‍ത്താവില്ലെന്നു ചിലരും, അത് ഋഷിപ്രോക്തമെന്നു മറ്റു ചിലരും, അതിനെ ഈശ്വരന്‍ സൃഷ്ടിച്ചുവെന്നു വേറേ ചിലരും, വേദത്തിനു സംഖ്യയില്ല എന്ന് ഏതാനും ചിലരും, സകല പ്രമാണങ്ങളിലുംവെച്ചു വേദംതന്നെ മുഖ്യമെന്ന് ഒരുകൂട്ടരും, അതു മനുഷ്യകര്‍ത്തൃകമാണെന്നു പിന്നെച്ചിലരും, ശബ്ദപ്രമാണങ്ങളില്‍വെച്ച് ഇതുമുഖ്യംതന്നെ എന്നുവരികിലും പ്രത്യക്ഷാനുമാനാപേക്ഷയാ ഇതു താഴ്ന്നതെന്നു ചിലരും വിശ്വസിച്ചിരിക്കുന്നതായി അറിയുന്നതിനാല്‍ ഈ വിഷയങ്ങളെയെല്ലാം ഓരോന്നായിട്ടു നിരൂപണം ചെയ്യേണ്ടത് ആവശ്യം ആയിരിക്കുന്നു.

3. ഇവിടെ ആദ്യമായി വേദമെന്ന ശബ്ദത്തിന് അര്‍ത്ഥമെന്തെന്നാണു വിചാരിക്കേണ്ടത്. ഒരു വസ്തുവിന്റെ പൂര്‍ണ്ണമായ ബോധം ഉണ്ടാകണമെങ്കില്‍ അതിനുള്ള പല നാമങ്ങളുടെ അര്‍ത്ഥത്തേയും ഉദ്ദേശത്തേയും ഒന്നായിച്ചേര്‍ത്തു യോജിപ്പിക്കയെന്നത് ആവശ്യമാകും. ആകയാല്‍ വേദമെന്ന ശബ്ദത്തിന്റെ അന്തരംഗത്തെ അറിവാനിച്ഛിക്കുന്നവര്‍ അതിന്റെ പര്യായങ്ങളോട് അതിനെച്ചേര്‍ത്ത് ആലോചിക്കേണ്ടതാണ്.

വേദം, ശ്രുതി, ആമ്‌നായം ഈ മൂന്നു പദങ്ങളും ഒരേ അര്‍ത്ഥത്തെക്കുറിക്കുന്നതായി അമരകോശകാരന്‍ പറഞ്ഞിരിക്കുന്നു. ഇവയില്‍ വേദമെന്നതിന്റെ നിഷ്പത്തി പറയുമ്പോള്‍ ‘വിദന്ത്യനേന ധര്‍മ്മാധര്‍മ്മാവിതി വേദ:’ യാതൊന്നിന്റെ സഹായത്താല്‍ ധര്‍മ്മാധര്‍മ്മങ്ങളെ അറിയാനിടയാകുന്നൊ അതിനെ വേദമെന്നു പറയുന്നു – എന്നു ചിലരും, ‘വേദയതീതി വേദഃ’ – വേദിപ്പിക്കുന്നതിനാല്‍ വേദമെന്നു മറ്റു ചിലരും പറയും. ഈ രണ്ടു നിഷ്പത്തികളിലും ശബ്ദങ്ങള്‍ വെവ്വേറെ എന്നു വരികിലും അര്‍ത്ഥത്തില്‍ ഭേദമില്ല. ഇനി ‘ബ്രഹ്മം – നിഗമം’ എന്നു ശബ്ദരത്‌നാവലിയും, ‘പ്രവചനം’ എന്നു ജടാധരനും ഇതിനു പര്യായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ‘ബ്രഹ്മ വേദേതി ബ്രാഹ്മണഃ’ എന്ന പ്രമാണപ്രകാരം ബ്രഹ്മത്തെ – പരമാത്മാവിനെ താനായി അറിയുന്നവന്‍ എന്ന വ്യുത്പത്തിയനുസരിച്ചുള്ള ബ്രഹ്മജ്ഞാനിയെ ഒഴിച്ചു ബ്രഹ്മ – ശബ്ദബ്രഹ്മ-ത്തെ പഠിച്ചിട്ടുള്ളവന്‍ ബ്രാഹ്മണപദവാച്യനായത് ഇതിലെ ബ്രഹ്മശബ്ദത്തിന്റെ സാര്‍ത്ഥക്യംകൊണ്ടാണെന്നു മനസ്സിലാക്കാം. വേദമെന്ന ഗ്രന്ഥം ജീവാത്മപരമാത്മാക്കളുടെ ഇരിപ്പിനേയും, അവയുടെ സ്വരൂപസംബന്ധാദികളേയും എങ്ങനെ പ്രകാശിപ്പിക്കുന്നോ അതുപോലെ തന്നെ പ്രപഞ്ചവും അവയെ ശോഭിപ്പിക്കുന്നതിനാല്‍ വേദമെന്നതു പ്രപഞ്ചം തന്നെ; അല്ലാതെ അപ്രകാരം പറയപ്പെടുന്ന പുസ്തകം മാത്രമല്ല, എന്നു പ്രപഞ്ചവേദികള്‍ അഭിപ്രായപ്പെടുന്നു.

മേലും, ‘ശ്രുയതേ ധര്‍മ്മാധര്‍മ്മാദികം അനയാ ഇതി ശ്രുതിഃ’ – ധര്‍മ്മാധര്‍മ്മാദികള്‍ ഇതിന്റെ സഹായത്താല്‍ കേള്‍ക്കപ്പെടുകകൊണ്ട് ഇതിനു ശ്രുതിയെന്നു പേരുവന്നു – എന്നു ചിലരും, ‘ശ്രൂയത ഇതി ശ്രുതിഃ’ – ശ്രവിക്കപ്പെടുകയാല്‍ ശ്രുതിയെന്നായി – എന്നു മറ്റു ചിലരും ഇതിനു നിഷ്പത്തി പറയുന്നു. ഈശ്വരങ്കല്‍നിന്നു നേരേ കേള്‍ക്കപ്പെട്ടതുകൊണ്ട് ഇതിനു ശ്രുതി എന്ന നാമം സിദ്ധിച്ചതായി ശ്രൗതന്മാര്‍ പറയുന്നു. പ്രപഞ്ചവേദികളുടെ അഭിപ്രായം വേറെ വിധത്തിലാണ്; എങ്ങനെയെന്നാല്‍, വേദങ്ങളില്‍ ഭൂരിപക്ഷവും എഴുത്തുകള്‍ ഏര്‍പ്പെടുന്നതിനു മുമ്പുതന്നെ ഉണ്ടായതുകൊണ്ടു മറ്റു ഗ്രന്ഥങ്ങളെപ്പോലെ ഇതു പുസ്തകങ്ങളില്‍ പഠിക്കപ്പെടാതെ ഒരുത്തന്‍ മറ്റൊരുത്തനും, അവന്‍ വേറേ ഒരുത്തനും, അധ്യയനം ചെയ്യിച്ചു തന്നെ ‘പ്രവചന’മായി എന്നത്രേ ഇതിനര്‍ത്ഥം എന്നു പ്രപഞ്ചവേദികള്‍ പറയും. വേദമെന്നതിനുള്ള മറ്റൊരു പര്യായം ഈ പ്രപഞ്ചവേദികളുടെ മതത്തെ ആദരിക്കുന്നു. ‘ആമ്‌നായതേ പാരംപര്യേണ ഇത്യാമ്‌നായഃ’ – പരംപരയായി അഭ്യസിക്കപ്പെടുകയാല്‍ ഇതിനെ ആമ്‌നായമെന്നു പറയുന്നു – എന്ന് ഇതിനു നിഷ്പത്തി സാധിക്കുന്നു; അച്ഛന്‍ മകനും, മകന്‍ പൗത്രനും ഈ മാതിരിയില്‍ പാഠം ചൊല്ലി നിലനിന്നു പോരുന്നതിനാല്‍ ഇതിന് ‘ആമ്‌നായം’ എന്നു നാമം. ഈ രണ്ടുപേരുടെയും മതം ഭിന്നിച്ചിരിക്കയാല്‍ വേദം പൗരുഷേയമോ അപൗരുഷേയമോ എന്ന് ഒരു വിചാരം ഉണ്ടാകുന്നു.

വേദം പരമാത്മകൃതമെന്നല്ലാതെ മനുഷ്യകൃതമല്ല എന്നു ശ്രൗതന്മാര്‍ അഭിപ്രായപ്പെടും. ഇതിന് ആധാരമായി അവര്‍ പറയുന്ന ഹേതുക്കള്‍ എന്തെല്ലാമെന്നാല്‍:-

1. വേദങ്ങളില്‍ പറയപ്പെട്ട സകലവും സത്യമാകയാലും, ‘സത്യസംഹിതാ വൈ ദേവാഃ, അനൃതസംഹിതാ വൈ മനുഷ്യാഃ’ ദേവന്മാര്‍ മാത്രം സത്യവാന്മാര്‍, മനുഷ്യര്‍ അസത്യവാന്മാര്‍ എന്നു വേദത്തില്‍ തന്നെ പറഞ്ഞിരിക്കയാലും, അത് അപൗരുഷേയമായിട്ടേ ഇരിക്കൂ.

2. വേദങ്ങള്‍ക്കു കര്‍ത്താവില്ല, എന്നു സ്മൃത്യാദികളില്‍ സ്പഷ്ടമായി പറയപ്പെട്ടിരിക്കുന്നതിനാല്‍ അതു മനുഷ്യകര്‍ത്തൃകമല്ല.

3. നാഗരികത്വം വര്‍ദ്ധിച്ച ഇക്കാലത്തുള്ളവരും ആദരിച്ച് ഗൗരവത്തോടെ സ്വീകരിക്കത്തക്ക ഇപ്രകാരമുള്ള ഗ്രന്ഥങ്ങളെ, ജ്ഞാനവും നാഗരികത്വവും ഉണ്ടായിട്ടില്ലാത്ത ആദികാലത്തു കേവലം മനുഷ്യര്‍ ഉണ്ടാക്കുകയെന്നത് അസാധ്യകോടിയിലാകയാല്‍ അതിനെ ദൈവികമെന്നുതന്നെ നിശ്ചയിക്കണം.

4. ദൈവികമായ ധര്‍മ്മഗ്രന്ഥം ഒന്നിരുന്നാലല്ലാതെ മനുഷ്യര്‍ക്കു ധര്‍മ്മബോധം ഉണ്ടാകയില്ല. അതിനാല്‍ ഈ ആവശ്യത്തിന്‍പേരില്‍ അതിനെ ദിവ്യത്വമുള്ളതായിക്കരുതണം.

5. ഋഷികള്‍ മുതലായവരാല്‍ നിര്‍മ്മിക്കപ്പെട്ട ഇതിഹാസപുരാണാദിഗ്രന്ഥങ്ങളേക്കാള്‍ ശ്രേഷ്ഠതമമായ പ്രമാണമായിട്ട് ആദിമുതല്‍ക്ക് ആദരിച്ചു നടന്നു വരുന്നതിനാല്‍ അതു മനുഷ്യകൃതമല്ലെന്നു നിശ്ചയിക്കേണ്ടതാണ്.

ഇനിയും അനേകം ചില്ലറ ഹേതുക്കളെ അവര്‍ പറയുന്നുണ്ട്.

ഇതിനു നേരേ വിരോധമായി പ്രപഞ്ചവേദികള്‍ പറയുന്ന ഹേതുക്കളെ കാണിക്കാം.

1. വേദത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളും സത്യമെന്നു വയ്പാന്‍ പാടില്ല. അര്‍ത്ഥവാദപരമായും, ഉപാഖ്യാനാദിവിഷയമായും ഇരിക്കുന്നവ നോക്കുക. അതില്‍ അധികഭാഗവും കര്‍മ്മകാണ്ഡമായിട്ടും, കുറച്ചുഭാഗം ബ്രഹ്മകാണ്ഡമായിട്ടും ഇരിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമല്ലൊ. ഈ കര്‍മ്മകാണ്ഡങ്ങളില്‍ പറഞ്ഞിട്ടുള്ള വിഷയങ്ങളില്‍ പലതും ഹേയമായിത്തന്നെ ഇരിക്കുന്നുവെന്നു പ്രസിദ്ധം. യാഗാദികളില്‍ നടക്കുന്ന ഹിംസ, എന്തുകാരണത്താലെങ്കിലുമാകട്ടെ, സാധുവാകുമോ? ഒരിക്കലുമില്ല.

‘പരോക്ഷവാദോ വേദോഽയം

ബാലാനാമനുശാസനം’ –

ആശയാന്തരത്തെ ഗര്‍ഭീകരിച്ച് ‘ഗുഡജിഹ്വികാ’ ന്യായേന കര്‍മ്മത്തില്‍നിന്നു നിവര്‍ത്തിപ്പിക്കുന്നതിനായി മാത്രം വേദം ക്രിയാമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നതേ ഉള്ളൂ – എന്നും

‘തേ മേ മതമവിജ്ഞായ
പരോക്ഷം വിഷയാത്മകാഃ
വൃഥാ പശൂന്‍ വിഹിംസന്തി
പ്രേത്യ ഖാദന്തി തേ ച താന്‍’

ഇപ്രകാരം നിഗൂഢമായിരിക്കുന്ന, ഭഗവദഭിപ്രായം ഗ്രഹിക്കാതെ വിഷയഭ്രാന്തന്മാരായവര്‍ ഹിംസാമയമായ യജ്ഞമനുഷ്ഠിക്കയും ആ യജ്ഞീയ പശുക്കള്‍ ഭവാന്തരത്തില്‍ ആ യാഗകര്‍ത്താക്കളെ കൊന്നു തിന്നുകയും ചെയ്യുന്നു – എന്നും ശ്രീമത് ഭാഗവതം പറയുന്നു.

‘ന ഹിംസ്യാദിത്യേതദ് ധ്രുവമവിതഥം വാക്യമബുധൈരഥാഗ്നീഷോമീയം പശുമിതി തു വിപ്രൈര്‍ന്നിഗദിതം’-

സാധിഷ്ഠവും യഥാര്‍ത്ഥവുമായ ‘മാ ഹിംസ്യാത് സര്‍വ്വാ ഭൂതാനി’ എന്ന വേദവിധിയെ (ഉത്സര്‍ഗ്ഗമാക്കി) ‘അഗ്നീഷോമീയം പശുമാലഭേത’ എന്ന വാക്യം വിശേഷവിധിയാകയാല്‍, അതിനെ ബാധിക്കുന്ന വിധം (അപവാദകമാക്കി) മൂര്‍ഖന്മാരായ വിപ്രര്‍ വാദിക്കുന്നു എന്നു പറഞ്ഞ് ബ്രഹ്മാന്ന്ദസരസ്വതി യജ്ഞീയപശുഹിംസയേയും അപലപിക്കുന്നു. ‘സര്‍വ്വാണി’ എന്നതിന്റെ സ്ഥാനത്ത് ‘സര്‍വ്വാ ഭൂതാനി’ എന്നതു ഛാന്ദസമാണ്. ഇതു ഭിന്നവിഷയകമാകയാല്‍ ബാധകം ഇല്ലെന്ന് ആചാര്യവാചസ്പതിമിശ്രന്‍ പറയുന്നു. മേല്‍ പറഞ്ഞപ്രകാരം കല്പിക്കയാല്‍ ‘പശുസമഃ’ എന്ന് ഇവര്‍ക്കു ഭട്ടതിരിപ്പാടില്‍നിന്ന് അഭിധാനം നല്‍കിയിരിക്കുന്നതായി കാണുന്നുണ്ടെന്നുള്ളതു വലിയ ആശ്വാസം തന്നെ. യജ്ഞീയ പശുഹിംസയും ഹിംസതന്നെയെന്നാണ് യോഗസൂത്രവൃത്തികാരന്റെ അഭിപ്രായം.

ഇതിനെല്ലാം പുറമേ-

‘മമ നാമ്‌നാഽഥവാ യജ്ഞേ
പശുഹത്യാം കരോതി യഃ;
ക്വാപി തന്നിഷ്‌കൃതിര്‍നാസ്തി
കുംഭീപാകമവാപ്നുയാത്.
ദൈവേ പൈത്രേ തഥാത്മാര്‍ത്ഥേ
യഃ കുര്യാത് പ്രാണിഹിംസനം
കല്പകോടിശതം ശംഭോ!
രൗരവേ സ വസേദ് ധ്രുവം.
യൂപേ ബദ്ധ്വാ പശൂന്‍ ഹത്വാ
യഃ കുര്യാദ്രക്തമര്‍ദ്ദമം
തേന ചേത് പ്രാപ്യതേ സ്വര്‍ഗ്ഗോ
നരകഃ കേന ഗമ്യതേ’.

ശക്തിപൂജയെന്ന വ്യാജത്താലാകട്ടെ, യാഗത്തിനെന്നുവെച്ചാകട്ടെ പ്രാണിവധം ചെയ്യുന്നവര്‍ക്ക് കുംഭീപാകനരകമൊഴിച്ചു പ്രായശ്ചിത്തമില്ല; യാഗം, പിതൃകര്‍മ്മം, ഉദരപൂരണം ഇതില്‍ ഏതിനെ ആസ്പദമാക്കി ആയാലും പ്രാണിഹിംസ ചെയ്യുന്നവര്‍ രൗരവനരകത്തില്‍ത്തന്നെ കിടക്കേണ്ടിവരും; യൂപത്തിന്മേല്‍ (യജ്ഞശാലയുടെ പൂര്‍വ്വദ്വാരത്തിന് ഇടത്തുമാറി പ്രതിഷ്ഠിക്കപ്പെടുന്നതും, ‘ശമിതാ’ എന്നു പറയുന്ന കൂട്ടരായ ആ കശാപ്പുകാരാല്‍ നവദ്വാരബന്ധനപൂര്‍വ്വം മര്‍മ്മസന്ധിമര്‍ദ്ദിച്ചു കൊല്ലപ്പെടുന്ന യജ്ഞീയപശുവിന്റെ ബന്ധനത്തിനുള്ളതും ആയ സ്തംഭത്തിന്മേല്‍) യജ്ഞപശുവിനെ കെട്ടി, അനന്തരം കൊലപ്പെടുത്തി രക്തപങ്കം ഉണ്ടാക്കുന്നവര്‍ക്ക് ഇതു സ്വര്‍ഗ്ഗവാതില്‍ തുറന്നുകൊടുക്കുമെങ്കില്‍ പിന്നെ നരകദ്വാരം തുറക്കുന്നതിനുള്ള കര്‍മ്മം ഏതായിരിക്കുമെന്നറിയുന്നില്ല – എന്നു പാദ്‌മോത്തരത്തിലെ ശ്രീപാര്‍വ്വതീ പരമേശ്വരസംവാദം പറയുന്നു. യാഗത്തെക്കുറിച്ച് ഇതിലധികമായി ആക്ഷേപിക്കുന്നതിനു പാരമര്‍ഷവചനത്തിനു കഴിവില്ലല്ലോ.

പൗണ്ഡരീകയാഗത്തില്‍ വിധവയും ബ്രഹ്മചാരിയും ചേര്‍ന്നു നടത്തുന്ന സംഭോഗത്തേയും, ‘അശ്വസ്യശിശ്‌നം പത്‌ന്യാ ഉപസ്ഥേ നിധത്തേ’ എന്ന് അശ്വമേധപ്രകരണം പറയുന്നതിനേയും ‘മഹാവ്രതാഖ്യയജ്ഞേ ബ്രഹ്മചാരീത്വര്യോ രതമഭിമതം’ എന്നതിലെ ബ്രഹ്മചാരിയും കുലടയും തമ്മിലുള്ള സംയോഗത്തിന്റെ സമ്മതിയേയും, ആയിരം വേദങ്ങള്‍ ആദരിച്ചു എന്നുവരികിലും പരിശുദ്ധന്മാര്‍ ആദരിക്കയില്ല. അതുകൊണ്ടല്ലയോ വേദത്തില്‍ കാലദേശാദികളെക്കണക്കാക്കാതെ പൊതുവായി വിധിച്ചിരിക്കുന്ന പല കാര്യങ്ങളേയും പല ധര്‍മ്മശാസ്ത്രജ്ഞന്മാര്‍ നിഷേധിപ്പാന്‍ തുനിഞ്ഞത്.

‘അശ്വാലംഭം ഗവാലംഭം
സംന്യാസം പലപൈതൃകം;
ദേവരേണ സുതോത്പത്തിം
കലൗപഞ്ച വിവര്‍ജ്ജയേത്’

കലിയുഗത്തില്‍ അശ്വമേധം, ഗോമേധം, സംന്യാസം, ശ്രാദ്ധത്തില്‍ മാംസഭോജനം, ദേവരങ്കല്‍ നിന്നു പുത്രോത്പത്തി ഈ അഞ്ചുകാര്യങ്ങളേയും മാറ്റേണ്ടതാണ് – എന്നുണ്ടായ നിഷേധംകൊണ്ടു വേദത്തില്‍ പറയപ്പെട്ട വിഷയങ്ങള്‍ക്കും ന്യൂനതയുണ്ടെന്നു കാണുന്നു. ഇതിരിക്കട്ടെ, ക്രിസ്ത്യന്മാര്‍ ബൈബിളിനേയും, മഹമ്മദീയര്‍ ഖുറാനേയും, ഹിന്ദുക്കള്‍ വേദത്തേയും ഭഗവത്‌പ്രോക്തമെന്നു കൊണ്ടാടുന്നുണ്ടെന്നു പ്രസിദ്ധം. ഈ മൂന്നില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ പലതും ഒന്നിനൊന്നു നേരെ വിരുദ്ധമായിരിക്കുന്നു എന്നുള്ളതു ലോകപ്രസിദ്ധമാകയാല്‍ അതിലേക്ക് ഉദാഹരണം കൊടുത്തിട്ടാവശ്യമില്ല. ഇങ്ങനെ അന്യോന്യം വിരുദ്ധമായിരിക്കുന്ന രണ്ടു വിഷയങ്ങളും യഥാര്‍ത്ഥമായിരിക്കല്‍ സാദ്ധ്യമല്ലല്ലോ. അപ്രകാരമല്ലെങ്കില്‍ അസത്യംകൂടി ഒരു വേദത്തില്‍ പറഞ്ഞിട്ടുള്ളതായി വരുന്നതാണല്ലോ. ആ ഭാഗവും ഭഗവത്‌പ്രോക്തമെന്നു വയ്ക്കാമോ? ശ്രുതികളെന്നു വച്ചിരിക്കുന്ന ഈ മൂന്നില്‍ ഒന്നുരണ്ട് ഈശ്വരകൃതമല്ല, എന്നായാല്‍ മറ്റൊന്നുമാത്രം ഈശ്വരകൃതമെന്ന് എങ്ങനെ വരും? ഇനി, അതതിലെ പൂര്‍വ്വികന്മാര്‍ വിശ്വസിച്ചതുതന്നെ ശരിയെന്നു നിശ്ചയിക്കേണമെന്നാണെങ്കില്‍ അതു കേവലം ദുരഭിമാനമെന്നല്ലാതെ വിവേകത്തിനടുത്തതല്ലല്ലോ. ആകയാല്‍ അവയില്‍ ഇന്നതു ഭഗവത്‌പ്രോക്തം, ഇന്നതു മനുഷ്യപ്രോക്തം എന്നതിനു നിരാക്ഷേപമായ ആധാരമേര്‍പ്പെടാത്ത കാലത്തോളം അവയില്‍ ഒന്നുതന്നെ ഈശ്വരപ്രോക്തമായി ഗണിച്ചു കൂടാ. എല്ലാം മനുഷ്യകൃതമെന്നു വയ്ക്കുന്നതു യുക്തിക്കും വിവേകത്തിനും അടുത്ത കാര്യമായിരിക്കും. ഭഗവത് പ്രണീതമെന്നു ഗണിക്കപ്പെടാത്ത ഗ്രന്ഥത്തില്‍ തന്നെ അത് ഭഗവദ്‌പ്രോക്തമെന്ന് എഴുതിയിരുന്നാലും അതുകൊണ്ടു ഫലമെന്താണുള്ളത്? പ്രപഞ്ചവേദിയല്ലാത്ത പ്രകൃതത്തിലുള്ള ഗ്രന്ഥകര്‍ത്താക്കളില്‍ ഓരോരുത്തര്‍ ചെയ്തിരിക്കുന്ന ഗ്രന്ഥം ഈ വേദങ്ങളില്‍ എല്ലാവറ്റേക്കാളും വിസ്താരമായിരിക്കുന്നതിനേയും വേദകര്‍ത്താക്കളില്‍ ഓരോരുത്തരും ചെയ്ത ഭാഗം സ്വല്പമായിരിക്കുന്നതിനേയും ആലോചിക്കാനുണ്ട്. ഇനിയും, ഇതു പ്രാചീനമായി ഏര്‍പ്പെട്ടു നടന്നുവരുന്നല്ലോ എന്നുവച്ചു ഭഗവത്‌പ്രോക്തമെന്നു നിരൂപിക്കാന്‍ പാടില്ല. എന്തെന്നാല്‍ സാധാരണ ജനങ്ങളുടെ കൂട്ടത്തില്‍ ഒന്നുരണ്ടു പണ്ഡിതന്മാരിരുന്നാല്‍ അവരെ മറ്റുള്ളവര്‍ ദേവാംശമെന്നു നിശ്ചയിക്കുന്നത് ആശ്ചര്യമല്ല. ഇപ്രകാരമുള്ള പതിവു നമ്മുടെ ദേശത്തു മാത്രമല്ല, ഗ്രീസ്, റോമാ, ഇംഗ്ലണ്ട് മുതലായ സ്ഥലങ്ങളിലും പൂര്‍വ്വകാലത്തുണ്ടായിരുന്നതായി ചരിത്രങ്ങള്‍കൊണ്ടു തെളിയുന്നു. ഇപ്രകാരം സാധാരണന്മാരാല്‍ ഈശ്വരനെന്നു മതിക്കപ്പെട്ട മനുഷ്യരാല്‍ വേദങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു എന്നുവച്ച് അതിനെ ആക്ഷേപിക്കേണ്ട ആവശ്യമില്ല. ഭഗവദാവേശത്താല്‍ മനുഷ്യര്‍ പറയുന്നതിനേയും ഭഗവത്‌പ്രോക്തമെന്നു തന്നെ സമ്മതിക്കേണമെന്നു ചിലര്‍ പറഞ്ഞേക്കാം. പാമരന്മാര്‍, ഭ്രാന്തന്മാര്‍, കുടിയന്മാര്‍ ഇവര്‍ക്കല്ലാതെ വേറേ ആര്‍ക്കും ആവേശമുണ്ടാകുന്നത് അസാദ്ധ്യമാകയാല്‍ ആ സ്ഥിതിയിലുള്ളവര്‍ വേദപ്രണേതാക്കളെന്ന് ഒരുത്തരും സമ്മതിക്കയില്ല. അഥവാ സമ്മതിച്ചാലും അതിന് ഒരു ഗൗരവവുമില്ല. ധാരണാബുദ്ധി സിദ്ധിക്കുന്നതു ഭഗവത്പ്രസാദത്താലാകയാല്‍ മേധാവികള്‍ ചെയ്തതിനെ ദേവകൃതമായി സമ്മതിക്കേണമെന്നു ചിലര്‍ പറയും. അങ്ങനെയെങ്കില്‍ നമുക്ക് ധാരണാബുദ്ധി, വിവേകപ്രാചുര്യം മുതലായ സകലവും ഭഗവത്കടാക്ഷത്താല്‍ തന്നെ ഉണ്ടാകുന്നതിനാല്‍ നാം എഴുതുന്നതിനെയെല്ലാം കൂടി ഭഗവത്‌പ്രോക്തമെന്നും വേദമെന്നും പറയാമോ?

ഇനിയും, ധര്‍മ്മാധര്‍മ്മങ്ങളെ നാം അറിഞ്ഞുകൊള്ളുവാന്‍ ഒരു സാധനം ആവശ്യമാണെന്നുള്ളതു യഥാര്‍ത്ഥമത്രെ. ഈശ്വരന്‍ പ്രപഞ്ചത്തെത്തന്നെ അപ്രകാരമുള്ള സാധനമായിട്ടു സൃഷ്ടിച്ചിരിക്കുമ്പോള്‍ നാം അന്യസാധനങ്ങളെ അപേക്ഷിക്കുന്നതു കേവലം അലസസ്വഭാവത്തെ കാണിക്കുന്നതാകുന്നു. അവനവന്‍ സ്വപ്രയത്‌നത്താല്‍ പ്രപഞ്ചത്തെ പരിശോധിച്ചു രക്ഷപെടുന്നതു ദുസ്സാധമാകയാല്‍ ഒരു പുസ്തകരൂപമായ സാധനം ദൈവികമായുണ്ടായിരുന്നാല്‍ ഉത്തമമല്ലയോ എന്നു ചോദിച്ചാല്‍ ഉണ്ടായിരുന്നെങ്കില്‍ നല്ലതുതന്നെ. ഇല്ലാത്തപ്പോള്‍ ഉള്ളതായിട്ട് ആരോപിച്ചുകൊള്ളുന്നതില്‍ പ്രയോജനമുണ്ടോ? പുസ്തകരൂപമായ സാധനത്തെ തരുന്നതിനേക്കാള്‍ ഈശ്വരന്‍ തന്നെ മൂര്‍ത്തിമാനായിവന്നു ദയവുചെയ്തു ധര്‍മ്മങ്ങളെ ഉപദേശിക്കുമെങ്കില്‍ അതു സര്‍വ്വോത്തമമല്ലയോ? എങ്കിലും അതു സാദ്ധ്യമാണോ?

ഋഷിമാര്‍ പുരാണാദിഗ്രന്ഥങ്ങളെ വേദത്തിന്റെ ഉപപ്രമാണമെന്ന് പറഞ്ഞതിനാല്‍ ഗൗണസാക്ഷ്യത്തെക്കാള്‍ മൂലസാക്ഷ്യം പ്രധാനമെന്നു ഗൗരവബുദ്ധ്യാ ഗ്രഹിക്കപ്പെടണം: അല്ലാതെ ഭഗവത്‌പ്രോക്തമെന്നതിനാലല്ല. ഒരുപക്ഷേ പലര്‍കൂടി അതിനെ ഭഗവത്‌പ്രോക്തമെന്നു പറഞ്ഞതുകൊണ്ട് മാത്രം അത് അപ്രകാരം പരിണമിക്കുമോ? ആദി വിവേകികള്‍ ശ്രമപ്പെട്ടു കണ്ടറിഞ്ഞു പറഞ്ഞ വിഷയങ്ങളില്‍ നിരാക്ഷേപകരങ്ങളായ ഭാഗങ്ങളെ അംഗീകരിക്കുകയും ഗൗരവബുദ്ധ്യാ സ്വീകരിക്കയും ചെയ്യേണ്ടത് നമ്മുടെ സ്ഥിതിക്ക് അടുത്ത കാര്യം തന്നെ. ഭഗവത്‌പ്രോക്തമല്ലെന്നുള്ളതുകൊണ്ടുമാത്രം ആക്ഷേപകരമായിത്തീരുന്നതുമല്ല. അതിലുള്ള ഗുണങ്ങളെ ആദരിച്ചനുഷ്ഠിക്കുന്നതു തന്നെ നമുക്കു സുലഭമായും പ്രയോജനകരമായും ഇരിക്കുമെന്നതില്‍ സന്ദേഹമില്ല.

ഇനി, വേദബാഹുല്യത്തെക്കുറിച്ചു നോക്കാം, ‘അനന്താ വൈ വേദാഃ’ എന്ന പ്രമാണത്താല്‍ വേദങ്ങള്‍ക്കു സംഖ്യയില്ലെന്നു ശ്രൗതന്മാര്‍ പറയുന്നു. ഇതിനെപ്പറ്റി പ്രപഞ്ചവേദികള്‍ക്കുള്ള അഭിപ്രായത്തെ കാണിക്കാം. ശബ്ദാര്‍ത്ഥപ്രകാരം ഈശ്വരന്റെ ഇരിപ്പിനേയും ധര്‍മ്മാധര്‍മ്മങ്ങളേയും വെളിപ്പെടുത്തുന്നവയെല്ലാം വേദങ്ങള്‍തന്നെ; എന്നാലും അപ്രകാരം പ്രകാശിപ്പിക്കുന്നതില്‍ പ്രപഞ്ചത്തെക്കാളും വിശേഷപ്പെട്ടതൊന്നുമില്ല; ആകയാലും പ്രപഞ്ചത്തിന്റെ വിസ്താരത്തേയും അതിലടങ്ങിയ പദാര്‍ത്ഥങ്ങളേയും ഒരിക്കലും കണക്കിട്ടു നിര്‍ണ്ണയിക്കാന്‍ കഴിവില്ലായ്കയാലും, പ്രപഞ്ചമായ വേദത്തിന് പരിമിതിയില്ല എന്നത് ഈ വാക്യത്തിന്റെ ഉദ്ദേശം എന്നല്ലാതെ പുസ്തകരൂപമായ വേദത്തിന് അളവില്ല എന്നതു ഘടിക്കുന്നില്ല.