അക്ഷരനിരൂപണം – ആദിഭാഷ (2)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ആദിഭാഷ – ഭാഷാപഠനം’എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം രണ്ട്

ഇനി ഇവിടെ ഇപ്പോള്‍ നാം നിരൂപിക്കേണ്ടത് ഈ രണ്ടു ഭാഷകളില്‍ ഏതാണ് ആദിഭാഷ, എന്നുള്ളതാണ്. ഒരു ഭാഷയെപ്പറ്റി നിരൂപിക്കാന്‍ തുടങ്ങുമ്പോള്‍ അതിലേയ്ക്കു പ്രത്യക്ഷമായി നമുക്കു കിട്ടുന്നത് ആ ഭാഷയുടെ ശബ്ദശാസ്ത്രമാണ്. ആദ്യം ഈ ഭാഷകളിലുള്ള അക്ഷരങ്ങളെക്കുറിച്ചു തന്നെ ആലോചിക്കാം. അപ്പോള്‍ സംസ്‌കൃതത്തിലെ ലിപികള്‍ ചേര്‍ന്നുണ്ടാകുന്ന വാക്കുകള്‍ ഏറിയകൂറും തമിഴക്ഷരങ്ങള്‍ കൊണ്ടു സുഖമായി ഉച്ചരിക്കാന്‍ നിവൃത്തിയില്ലാതിരിക്കുന്നതുതന്നെ ഒരു പ്രധാന വ്യത്യാസമെന്നു കാണാം. സ്വരങ്ങളില്‍ ഋ, നു ഇവയും ഇവയുടെ ദീര്‍ഘരൂപങ്ങളും തമിഴില്‍ ഇല്ല. അതുകൊണ്ട് ഘൃതം, ക്‌നുപ്തം തുടങ്ങിയ സംസ്‌കൃതശബ്ദങ്ങളെ തമിഴില്‍ ശരിയായി ഉച്ചരിക്കാന്‍ സാധിക്കുന്നില്ല. സംസ്‌കൃതത്തില്‍ സ്വരങ്ങള്‍ എല്ലാം

‘ഊകാലോജ്ഝ്രസ്വദീര്‍ഘപ്ലുതഃ’1

എന്ന സൂത്രപ്രകാരം മൂന്നു മാത്രകളോടുകൂടിയവയായിരിക്കുന്നു. മൂന്നു മാത്രകളുള്ള സ്വരങ്ങള്‍ക്ക് പ്ലുതങ്ങള്‍ എന്നു പേര്.

തമിഴില്‍

മൂഅള പിചൈത്തല്‍ ഓരേഴുത്തിന്റേ2

എന്നു തൊല്ലാചാര്യര്‍3 വിധിച്ചവിധം മൂന്നു മാത്രകളുള്ള ഒരു അക്ഷരമേ ഇല്ല. കൂടാതെ, സംസ്‌കൃതത്തില്‍ അനുനാസികം4, ഉദാത്തം5, അനുദാത്തം, സ്വരിതം ഇങ്ങനെ സ്വരങ്ങള്‍ക്കു വിഭാഗകല്പന ഏര്‍പ്പെട്ടുകാണുന്നു. ഈ വിഭാഗം തമിഴില്‍ ഇല്ല. കവര്‍ഗ്ഗം തുടങ്ങിയ പഞ്ചവ്യഞ്ജനവിഭാഗങ്ങളില്‍ ഓരോന്നിലും ഈരണ്ടക്ഷരങ്ങള്‍ വീതമേ തമിഴ് സംഗ്രഹിക്കുന്നുള്ളൂ. സംസ്‌കൃതത്തില്‍ ഓരോ ഇനത്തിലും അഞ്ച് അക്ഷരങ്ങള്‍ വീതം കാണുന്നു. ഇതുകൊണ്ട് ഖണ്ഡ, ഗജ, ഘടാദി ശബ്ദങ്ങള്‍ തമിഴില്‍ നേരേ ഉച്ചരിക്കാന്‍ നിവൃത്തിയില്ല. സംസ്‌കൃതത്തില്‍ ശ, ഷ, സ, ഹ എന്ന വര്‍ണ്ണങ്ങളും, അനുസ്വാരം, വിസര്‍ഗ്ഗം, ജിഹ്വാമുലീയം, ഉപധ്മാനീയം മുതലായവയും ഇരിക്കുന്നു. അനുസ്വാരം എന്നത് അര്‍ദ്ധമകാരത്തോടു സാദൃശ്യമുള്ള സ്വരാംശം കലര്‍ന്ന ഒരു വര്‍ണ്ണമാകുന്നു. ഈ വര്‍ണ്ണവിശേഷത്തെ ഒരു ബിന്ദുകൊണ്ടു ലക്ഷീകരിച്ചിരിക്കുന്നു. തമിഴില്‍ ഉള്ള ‘ആയ്തം’6 എന്ന അക്ഷരത്തിനോട് ഏറെക്കുറെ തുല്യമായ ഒരു വര്‍ണ്ണമാകുന്നു വിസര്‍ഗ്ഗം. ഇത് കീഴും മേലും അടുപ്പിച്ചിടുന്ന രണ്ടു ബിന്ദുക്കള്‍ കൊണ്ട് ലക്ഷ്യമാക്കിച്ചെയ്യുന്നു. 7ജിഹ്വാമുലീയം വിസര്‍ഗ്ഗത്തിന്റേയും കകാരത്തിന്റേയും അര്‍ദ്ധാംശങ്ങള്‍ക്കു സമാനമായ രണ്ടു ഭാഗങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു വര്‍ണ്ണമാകുന്നു. 8ഇത് ക, ഖ എന്ന രണ്ടക്ഷരങ്ങളുടെ മുമ്പില്‍ വരും. ഇതിന്റെ സ്വരൂപം, പുള്ളിയുടെ (കൂട്ടിന്റെ) അര്‍ദ്ധഭാഗം മേല്‌പോട്ടും അര്‍ദ്ധാംശം കീഴ്‌പോട്ടും ഇരിക്കുന്ന രണ്ടടയാളങ്ങളോടു കൂടിയത്. ഉപധ്മാനീയം എന്നു പറയുന്നത് പകാരത്തിന്റെ പകുതിയും വിസര്‍ഗ്ഗത്തിന്റെ പകുതിയും ചേര്‍ന്ന് ഒന്നായ വര്‍ണ്ണമാകുന്നു. 9ഇത് പ, ഫ എന്ന രണ്ടക്ഷരങ്ങളുടെ ആദിയില്‍ ഉപയോഗപ്പെടുന്നു. ഇതിന്റേയും സ്വരൂപം മേല്‍പ്രകാരം തന്നെ. ഈ വര്‍ണ്ണവിശേഷങ്ങള്‍ തമിഴ് ഭാഷയില്‍ കാണ്മാനില്ല. സംസ്‌കൃതത്തിലെ ശ, ഷ, സ ഈ അക്ഷരങ്ങള്‍ക്കു പകരം തമിഴില്‍ പ്രത്യേക ലിപികള്‍ ഇല്ലായ്മകൊണ്ട് ഈ എല്ലാറ്റിനും ചകാരത്തെത്തന്നെ പ്രതിനിധിയാക്കുന്നു. ഉദാഹരണം-ചണ്ഡമാരുത, ശംകര, ഷണ്മുഖ, സദാശിവാദി വാക്കുകള്‍ ചണ്ടമാരുത, ചംകര, ചണ്മുഖ, ചതാചിവ എന്നു എഴുതിക്കാണുന്നു.

തമിഴില്‍

‘ട റ ല ള എന്നും പുള്ളി മുന്നര്‍
കചപവെന്നും മൂവെഴുത്തുരിയ’10

ഇത്യാദി തൊല്‍കാപ്പിയസൂത്രങ്ങള്‍കൊണ്ട് ഇന്ന അക്ഷരങ്ങള്‍ ഇന്ന അക്ഷരങ്ങളോടു മാത്രമേ വാക്കുകളില്‍ ചേര്‍ന്നിരിക്കൂ എന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. സംസ്‌കൃതത്തില്‍ ഈ മാതിരി നിയമമില്ല.

സംസ്‌കൃതഭാഷയും തമിഴും വളരെ അന്തരമുള്ളവയാണെന്നു വരുത്താന്‍ വേണ്ടി സംസ്‌കൃതപദങ്ങളെ വേണ്ടവിധം ഉച്ചരിക്കാന്‍ സൗകര്യം സിദ്ധിക്കാത്തവിധം തമിഴിലെ അക്ഷരങ്ങള്‍ കുറയ്ക്കുകയും മേല്‍പ്രകാരം സൂത്രിച്ചു ചില പ്രത്യേക നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതാണെന്ന് ഒരു സന്ദേഹം ഈ പ്രകൃതത്തില്‍ ചിലര്‍ കൊണ്ടുവന്നേക്കാം. ഇങ്ങിനെ ഒരു ശങ്കയ്ക്ക് വാസ്തവത്തില്‍ അവസരമില്ല. എന്തെന്നാല്‍, കരം, കരുണ, കല്പകം, തടം, തീരം, നരന്‍, പടം, പാനം മുതലായ അനേകം പദങ്ങളെ സംസ്‌കൃതരൂപത്തിനു വ്യത്യാസം വരാത്തവിധം തമിഴില്‍ ഉച്ചരിക്കാന്‍ മാര്‍ഗ്ഗം കാണുന്നു. കൂടാതെ,

ചകരക്കിളവിയും അവറ്റോരറ്റേ11
അ ഐ ഔഎനും മൂന്‌റു അലം കടൈയേ
ആവോടല്ലതു യകരം മുതലാതു12
ഉച്ചകാരം ഇരുമൊഴിക്കുരിത്തേ’13

ചകാരമെന്ന ശുദ്ധവ്യഞ്ജനം അ, ഐ, ഔ ഈ മൂന്നു സ്വരങ്ങളൊഴികെ മറ്റെല്ലാ സ്വരങ്ങളോടും ചേര്‍ന്നു വാക്കില്‍ ആദ്യം വരും. ആകാരത്തോടുകൂടിയല്ലാതെ യകാരം ഒരു വാക്കിന്റെ മുമ്പില്‍ വരില്ല. ഉകാരത്തോടുകൂടിയ ചകാരം രണ്ടു വാക്കിനുമാത്രമേ അന്തമാവൂ-ഇങ്ങിനെ സൂത്രാര്‍ത്ഥം ഈ സൂത്രങ്ങളില്‍ ചയ്യം, ചൗരിയം, യവനര്‍, യുത്തി, യൂപം, പച്ച മുതലായ ശബ്ദങ്ങള്‍ ഈ വ്യവസ്ഥയെ അതിക്രമിച്ചു നില്‍ക്കുന്നു എന്നു സന്ദേഹം ഉണ്ടാകാം. എന്നാല്‍ ഇവ സംസ്‌കൃതപദങ്ങളാകയാല്‍ ഇതുകള്‍ക്കു ഈ വ്യവസ്ഥ വ്യാപിക്കയില്ലെന്നുള്ളതുകൊണ്ട് സന്ദേഹത്തിനു അവകാശമില്ല. മധുരാചാര്യരുടെ14 വ്യാഖ്യാനത്തില്‍ ഇപ്രകാരം സമാധാനിപ്പിച്ചിരിക്കുന്നു. ഇത്രയുംകൊണ്ട് സംസ്‌കൃതശബ്ദങ്ങളെ വികാരപ്പെടുത്തി തമിഴ്ഭാഷാനിര്‍മ്മിതിക്ക് ഈ അക്ഷരച്ചുരുക്കങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുന്നതല്ലാ എന്നും, കാലാന്തരത്തില്‍ സംസ്‌കൃതജ്ഞന്മാര്‍ കലര്‍ന്ന് അവയ്ക്ക് നിഷ്പ്രയാസം സിദ്ധിക്കുന്ന സംസ്‌കൃതശബ്ദങ്ങളെ അവരുടെ കൃതികളില്‍ അതേപടി ഘടിപ്പിക്കുന്നതിനു തുടങ്ങിയപ്പോള്‍ ഈ തമിഴ് എഴുത്തുകള്‍ അവിടെ പര്യാപ്തമല്ലെന്നു കണ്ട് ഘൃതം ദണ്ഡം മുതലായ പദങ്ങളെ കിരുതം, തണ്ടം എന്നിങ്ങനെ രൂപാന്തരപ്പെടുത്തി ചിതച്ചൊല്ല് എന്നു പറഞ്ഞു ഉപയോഗപ്പെടുത്തിവന്നതാണെന്നും പറയുന്നതാകുന്നു യുക്തിക്കിണങ്ങുന്നത്. തമിഴില്‍ ‘റ’, ‘ന’ ഈ അക്ഷരങ്ങളില്‍ ‘വല്ലിനം’ ‘ഇടയിനം’15 എന്നു രണ്ടു വിധങ്ങളും ‘ഴ’ കാരവും ഹ്രസ്വങ്ങളായ ‘എ’ കാര ‘ഒ’ കാരങ്ങളും ‘ആയ്തം’ തുടങ്ങിയ ചില അക്ഷരങ്ങളും വാക്കില്‍ പ്രയോഗവിഷയമായി അധികം കാണുന്നു. ഇവ സംസ്‌കൃത അക്ഷരമാലയില്‍ ഉള്‍പ്പെട്ടു കാണുന്നില്ല.16

തമിഴക്ഷരമാലയില്‍ അക്ഷരങ്ങള്‍ കുറവു കാണുന്നു. എങ്കിലും അ, ആ എന്നു മുറയ്ക്കു സ്വരങ്ങളും കവര്‍ഗ്ഗത്തെ പുരസ്‌കരിച്ചു മുറയ്ക്കു വ്യഞ്ജനങ്ങളും പിന്നീടു ഇടയെഴുത്തുകളായ ‘യ’ ‘ര’ ‘ല’ ‘വ’ ങ്ങളും സംസ്‌കൃതവര്‍ണ്ണ വ്യവസ്ഥയെ അനുകരിച്ചുകൊണ്ടുതന്നെ തമിഴിലും ഇരിക്കുന്നതു നോക്കുമ്പോള്‍ തമിഴില്‍ ഉള്ള എഴുത്തുകാര്‍ സംസ്‌കൃതത്തെ ആധാരമാക്കി ആവിര്‍ഭവിച്ചവ എന്ന് ഇവിടെയും ഒരു സന്ദേഹം അങ്കുരിക്കാം. എന്നാല്‍ ഇത് അസംഗതമാകുന്നു. അകാരത്തിനുശേഷം ആകാരവും അനന്തരം ഇകാരവും ഇങ്ങനെ എഴുത്തുകളിലുള്ള ക്രമങ്ങളെല്ലാം യുക്തിക്കനുഗുണമായി ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്നതാകുന്നു. ശുദ്ധവ്യഞ്ജനങ്ങളായ ക്, ങ് മുതലായ അക്ഷരങ്ങള്‍ സ്വരനിരപേക്ഷമായി ഉച്ചരിക്കാന്‍ കഴികയില്ല. അതുകൊണ്ടു വ്യഞ്ജനങ്ങള്‍ സ്വരങ്ങള്‍ക്ക് ആദ്യമായി ചേര്‍ത്തതാണ്. ഈ രീതിയനുസരിച്ച് തമിഴില്‍ സ്വരവ്യഞ്ജനനാമങ്ങള്‍ കൊടുത്തതത്രേ. ‘ഉയിര്‍’ (സ്വരം) എന്നുവച്ചാല്‍ ആത്മാ, മെയ്യ് എന്നത് (വ്യഞ്ജനം) ശരീരം. ആത്മാവില്ലാതെ ദേഹം നിരുപയോഗമായിരിക്കുംപോലെ സ്വരമില്ലാതെ വ്യഞ്ജനം നിഷ്പ്രയോജനമായിരിക്കുന്നു. ഈ യുക്തിയെ മുന്‍നിറുത്തിത്തന്നെ സംസ്‌കൃതത്തില്‍ ഉയിരെഴുത്തിനു സ്വരം എന്നു നാമം നല്‍കിയിരിക്കുന്നു.

‘സ്വയമേവ രാജന്ത ഇതി സ്വരാഃ അന്വഗ് ഭവതി വ്യഞ്ജനം.’17

അന്യനിരപേക്ഷമായി സ്വയം പ്രകാശിക്കുന്നവയെന്ന ഹേതുവിനാല്‍ സ്വരങ്ങളെന്നു നാമം സിദ്ധിച്ചിരിക്കുന്നതായി പറയപ്പെടുന്നു. മേല്‍ കാട്ടിയ ഭാഷ്യം ഉച്ചാരണ വിഷയത്തില്‍ അന്യാപേക്ഷ ചെയ്യുന്നതുകൊണ്ട് മെയ്യെഴുത്തിനു18 വ്യഞ്ജനമെന്ന പേരു വന്നുകൂടി എന്നര്‍ത്ഥം.

‘നാന്തരേണാചാ വ്യഞ്ജനസ്യോച്ചാരണമപി ഭവതി’ സ്വരത്തോടു കൂടാതെ വ്യഞ്ജനങ്ങള്‍ക്ക് ഉച്ചാരണം ഭവിക്കുന്നില്ല എന്ന് ഈ പാതഞ്ജലഭാഷ്യത്തിന് അര്‍ത്ഥം. സ്വരങ്ങളില്‍ അകാരത്തിന്റെ ഉത്ഭവത്തിന് അഥവാ അഭിവ്യക്തിക്കു കണ്ഠം ആശ്രയ സ്ഥാനമായതുകൊണ്ട് അകാരത്തെ ആദ്യം ചേര്‍ത്തു. ഇകാരത്തിനു താലു ഉത്പത്തിസ്ഥാനമാകയാല്‍ അതിനെ മുറയ്ക്കു രണ്ടാമതു ചേര്‍ത്തു. ഉകാരത്തിന്റെ ഉദ്ഗമസ്ഥാനം ഓഷ്ഠമാകയാല്‍ അതിനെ ഇകാരത്തിനു ശേഷം ചേര്‍ത്തു. ഇപ്രകാരം അകാരഇകാരങ്ങളെ അനുക്രമമായി ആക്കി അവയ്ക്കുശേഷം അകാരഇകാരങ്ങളുടെ അംശങ്ങള്‍ ചേര്‍ന്ന ഒകാരവും മുറയ്ക്കു വിന്യസിപ്പിച്ചിട്ടുള്ളതാണ്. ദീര്‍ഘാക്ഷരങ്ങള്‍ ഹ്രസ്വാക്ഷരങ്ങളുടെ പിന്നാലെ വരുന്നവയാകയാല്‍ അവയെ ആ മുറയ്ക്കും ഇണക്കി. ഐകാരഔകാരങ്ങളില്‍ അകാരഇകാരങ്ങളും അകാരഉകാരങ്ങളും പ്രസ്പഷ്ടമായിരുന്ന് ഇകാരഉകാരാംശങ്ങള്‍ അധികം പ്രതീതമാകുന്നതുകൊണ്ട്, അസ്പഷ്ടമായി അകാരഇകാരങ്ങള്‍ രണ്ടും ചേര്‍ന്നിരിക്കുന്നു. എകാരഉകാരങ്ങളെ ആദ്യം ചേര്‍ത്ത് അതുകളില്‍ ഓരോന്നിന്റേയും പുറകില്‍ ഐകാര ഔകാരങ്ങള്‍ വച്ചിട്ടുള്ളതാകുന്നു. ഇതുപോലെതന്നെ വ്യഞ്ജനങ്ങളില്‍ കകാരങകാരങ്ങള്‍ കണ്ഠത്തിനടുത്തുള്ള ജിഹ്വാമൂലത്തില്‍ ഉത്ഭവിക്കുന്നതു നിമിത്തം അതുകളെ മുന്‍നിര്‍ത്തി താലുമദ്ധ്യവും നാവിന്‍മദ്ധ്യവുമായ ഇടങ്ങളില്‍ നിന്നുണ്ടാകുന്ന ചകാരഞകാരങ്ങളെ കകാരങകാരങ്ങള്‍ക്കു പിന്നീടു ഘടിപ്പിച്ച്, അനന്തരം ജിഹ്വാതാലാഗ്രങ്ങളില്‍ നിന്നുത്ഭവിക്കുന്ന ടകാരണകാരങ്ങളെയും, അതിനുശേഷം ജിഹ്വാഗ്രത്തിലും, താലുവിനോടുചേര്‍ന്ന പല്ലിനടിയിലും ഉള്ള ഭാഗങ്ങളില്‍നിന്നുണ്ടാകുന്ന തകാരനകാരങ്ങളെയും അനന്തരം ഓഷ്ഠസമുദ്ഭൂതങ്ങളായ പകാരമകാരങ്ങളെയും വിന്യസിപ്പിച്ചിരിക്കുന്നതായി കാണുന്നു. ഓരോ ഇനങ്ങളിലും ദൃഢങ്ങളെ (വല്ലിനം) ആദ്യം ചേര്‍ത്ത് തജ്ജാതീയങ്ങളായ മൃദുക്കളെ (മെല്ലിനം) ഘടിപ്പിച്ചിരിക്കുന്നു. ഈ ക്രമം സ്വീകരിച്ചത് ദൃഢങ്ങളുടെ മുഖ്യത്വത്തേയും ഇതരത്തിന്റെ അമുഖ്യതയേയും അനുസ്മരിച്ചാകുന്നു. അല്ലാത്തപക്ഷം ദൃഢങ്ങളുടെ ഉദ്ഭവസ്ഥാനമെല്ലാം ഒന്നായും ഇതരത്തിന്റെ നിഷ്പത്തിസ്ഥാനം നാസികകൂടിചേര്‍ന്ന് വേറായും ഇരിക്കകൊണ്ട് ഒരു പ്രഭവസ്ഥാനമുടയ ദൃഢങ്ങളെ ആദ്യം പറഞ്ഞ് അന്യങ്ങളെ രണ്ടാമത് ഉപന്യസിച്ചതാണെന്നും ന്യായം പറയാം. ഈ വിധം അഞ്ചു വര്‍ഗ്ഗങ്ങളെയും ചേര്‍ത്തതില്‍ പിന്നെ, ‘ഇടയെഴുത്ത്’ എന്നു പറയുന്ന യരലവങ്ങളെ താലുമദ്ധ്യാന്തങ്ങളും ദന്തങ്ങളും ദന്തസഹിതമായ ചുണ്ടുകളും ഉത്പത്തിസ്ഥാനമായ മുറയ്ക്ക് ചേര്‍ത്തിരിക്കുന്നു. ഇതിനാധാരഭൂതങ്ങളായ സൂത്രങ്ങള്‍19 തൊല്‍കാപ്പിയത്തില്‍ നോക്കുക. ചകാരത്തോടു ഏറെക്കുറെ അടുപ്പമുള്ള ഴകാരവും ലകാരത്തോട് സംബന്ധമുള്ള ളകാരവും രകാരത്തോടു അടുപ്പമുള്ള റകാരവും അനന്തരമുള്ള നകാരവും മേല്‍ക്രമത്തെ അനുസരിക്കാത്ത അവസ്ഥ വിചാരിക്കുമ്പോള്‍ ജനങ്ങളുടെ വ്യത്യസ്താചാരത്തെ ആസ്പദമാക്കി ഈ എഴുത്തുകള്‍ പിന്നീടു ചേര്‍ത്തവയെന്നു തോന്നുമാറ് അവ പ്രത്യേകിച്ചു ഘടിപ്പിച്ചിരിക്കുന്നതായും ഊഹിക്കേണ്ടതാണ്. സംസ്‌കൃതത്തിലും ലകാരളകാരങ്ങള്‍ കാണുന്നു. ‘ലളയോരഭേദഃ’ ലകാരളകാരങ്ങള്‍ക്കു ഭേദമില്ലെന്ന് ഇവയെ ഒരെഴുത്തായി പരിഗണിച്ചിരിക്കുന്നതു നോക്കുക. ലകാരം തമിഴിലേപ്പോലെതന്നെ രകാരത്തിനുശേഷം ഘടിപ്പിച്ചിരിക്കുന്നു. ളകാരം എഴുത്തുകളുടെ അവസാനത്തില്‍ പ്രത്യേകിച്ചു ചേര്‍ത്തും കാണുന്നു. ഇങ്ങനെ ചേര്‍ത്തിരിക്കുന്നതു മേല്‍കാണിച്ച ഊഹത്തിനു അനുകൂലമായിരിക്കുന്നു. ളകാരം ശിക്ഷാഗ്രന്ഥത്തില്‍ കാണുന്നില്ല. സംസ്‌കൃതത്തിലെ അക്ഷരങ്ങളുടെ ക്രമവും ഈ യുക്തിയെ ആധാരമാക്കി ഏര്‍പ്പെട്ടിരിക്കുന്നു.

‘കണ്ഠ്യാവഹാ വിചുയശാ
സ്താലവ്യാവോഷ്ഠജാവുപൂ
സ്യുര്‍മൂര്‍ദ്ധന്യാ ഋടുരഷാ
ദന്ത്യാ നതുലസാ സ്മൃതാഃ
ജിഹ്വാമൂലേ തു കുഃ പ്രോക്തോ
ദന്ത്യോഷ്‌ഠ്യോ വഃ സ്മൃതോ ബുധൈഃ
ഏ ഐതു കണ്ഠതാലവ്യാ
വോഔ കണ്‌ഠോഷ്ഠജൗ സ്മൃതൗ.’20

അകാരവും ഹകാരവും കണ്ഠത്തില്‍ നിന്ന് ഉണ്ടാകുന്നവയാകുന്നു. ഇകാരം, ചവര്‍ഗ്ഗം, യകാരം, ശകാരം ഇവ താലുദേശത്തില്‍ തട്ടിയുണ്ടാകുന്നവ. ഉകാരം, പവര്‍ഗ്ഗം ഇവ ഓഷ്ഠങ്ങളില്‍നിന്നു ജനിക്കുന്നവ. ഋകാരം, ടവര്‍ഗ്ഗം, രേഫം, ഷകാരം ഇവ മൂര്‍ദ്ധാവില്‍നിന്നുണ്ടാകുന്നവ. ഇവിടെ മൂര്‍ദ്ധാവെന്നു പറഞ്ഞതിന് പല്ലുകള്‍ക്കു സമീപിച്ച് ഉള്‍വഴിയായി ചെന്ന മേല്‍ഭാഗം എന്നര്‍ത്ഥം. കവര്‍ഗ്ഗം നാക്കിന്റെ അന്തര്‍ഭാഗത്തുനിന്നു ഉദ്ഭവിക്കുന്നു എന്നു വിദ്വാന്മാര്‍ അഭിപ്രായപ്പെടുന്നു. വകാരം ദന്ത്യോഷ്ഠ്യമെന്നു പറയുന്നു. എ ഐ ഇവ കണ്ഠ്യതാതാലവ്യങ്ങളാകുന്നു. ഓ ഔ രണ്ടും കണ്‌ഠ്യോഷ്ഠ്യമെന്നു പറയുന്നു. ഈ പ്രമാണപ്രകാരം

അകാരത്തിനു കണ്ഠവും
ഇകാരത്തിനു താലുദേശവും
ഉകാരത്തിനു ഓഷ്ഠങ്ങളും
ഋകാരത്തിനു മൂര്‍ദ്ധാവും
നകാരത്തിനു ദന്തങ്ങളും
ഏ ഐകള്‍ക്ക് കണ്ഠതാലുക്കളും

ഓ ഔകള്‍ക്ക് കണ്‌ഠോഷ്ഠങ്ങളും മുറയ്ക്ക് ഉത്ഭവസ്ഥാനങ്ങളാകുന്നു. വ്യഞ്ജനങ്ങളില്‍ ജിഹ്വോര്‍ദ്ധഭാഗത്തില്‍ നിന്നും ഉണ്ടായ കവര്‍ഗങ്ങള്‍ ആദ്യം ചേര്‍ത്തിരിക്കുന്നു. ആ അഞ്ചില്‍ പ്രയത്‌നവിശേഷത്തെ അവഷ്ടംഭിക്കാത്ത കകാരത്തെ മുന്‍ചേര്‍ത്തും ആവിധപ്രയത്‌നശക്തികൊണ്ടുള്ള വ്യത്യാസമാത്രത്തോടു കൂടിയ ഖകാരത്തെ അതിനുശേഷം ചേര്‍ത്തും കകാരം പോലെ പ്രയത്‌നശക്തിയെ അപേക്ഷിക്കാത്തതും നാദവിശേഷത്തോടുകൂടിയതുമായ ഗകാരത്തെ മൂന്നാമതു വച്ചും അതേമാതിരി പ്രയത്‌നബലംകൊണ്ടുമാത്രം വ്യത്യസ്തരൂപം ഭജിക്കുന്ന ഘകാരത്തെ നാലാമതുചേര്‍ത്തും രണ്ട് ഉത്ഭവസ്ഥാനത്തോടുകൂടിയ ങ കാരത്തെ അവസാനത്തും ഘടിപ്പിച്ചിരിക്കുന്നു. ഈ മുറ അഞ്ചു വര്‍ഗ്ഗങ്ങളിലും സ്വീകരിച്ചുകാണുന്നു. തമിഴിലെപ്പോലെ യരലവകളുടെ മുറകള്‍ ഏര്‍പ്പെട്ടുകാണുന്നു. ശ, ഷ, സ, എന്ന അക്ഷരങ്ങളും അതേ ക്രമത്തെ അനുസരിച്ചിരിക്കുന്നു. യ ര ല എന്ന ലിപികള്‍ ശ ഷ സ എന്ന അക്ഷരങ്ങളേക്കാള്‍ ലഘുക്കളായിരിക്കയാല്‍ മുന്‍ക്രമം അനുസരിച്ച് ലഘുക്കളെ ആദ്യം ചേര്‍ത്തിട്ടു വര്‍ഗ്ഗസാജാത്യം കൊണ്ട് (സ്പൃഷ്ടപ്രയത്‌നം സമാനമായിരിക്കമൂലം) അതിനുശേഷം മറ്റു നാലു വര്‍ഗങ്ങളേയും പ്രഭവസ്ഥാനക്രമാനുസാരം ഘടിപ്പിച്ച് അനന്തരം യ ര ല വ ങ്ങളെ ചേര്‍ത്തിരിക്കുന്നു.

അചോസ്പൃഷ്ടാ യണസ്ത്വീഷ-
ന്നേമസ്പൃഷ്ടാശ്ശരഃ സ്മൃതാഃ
ശേഷാ സ്പൃഷ്ടാ ഹലഃ പ്രോക്താഃ
നിബോധാനുപ്രദാനതഃ.21

സ്വരങ്ങള്‍ ഉത്ഭവസ്ഥാനങ്ങളില്‍ സ്പര്‍ശിച്ചുണ്ടാകുന്നവയല്ലെങ്കിലും ഒന്നോടൊന്നു തൊടാത്ത സ്ഥാനങ്ങളില്‍ നിന്നു ജനിക്കുന്നവയാകയാല്‍ അസ്പൃഷ്ടങ്ങളെന്നു ഗണിക്കപ്പെടുന്നു. ‘യ ര ല വ’ ങ്ങള്‍ ഈഷല്‍സ്പര്‍ശങ്ങളോടുകൂടിയിരിക്കയാല്‍ അവ ഈഷല്‍ സ്പൃഷ്ടങ്ങള്‍ എന്നു എണ്ണപ്പെടുന്നു. ‘ശ ഷ സ’ കള്‍ അര്‍ദ്ധസ്പര്‍ശങ്ങളാകയാല്‍ അവയെ അര്‍ദ്ധസ്പൃഷ്ടങ്ങള്‍ എന്നുപറയുന്നു.22 ശേഷിച്ച വ്യഞ്ജനങ്ങള്‍ പ്രയത്‌നവിശേഷത്താല്‍ പൂര്‍ണസ്പര്‍ശങ്ങളാകമൂലം സ്പൃഷ്ടങ്ങള്‍ എന്നു വിളിക്കുന്നു.

ഈ കാണിച്ചപ്രകാരം അക്ഷരങ്ങള്‍ യുക്ത്യനുസാരം ക്രമപ്പെടുത്തി അടുക്കിയിരിക്കുന്നു എന്നു സ്പഷ്ടമായല്ലോ. ഹകാരം ‘ശ ഷ സ’ ങ്ങളോടു തുല്യമായി ഊഷ്മാ എന്ന നാമം ആവഹിച്ചിരിക്കുന്നു. ഊഷ്മാ എന്ന പദത്തിനു ചൂട് എന്നര്‍ത്ഥം. ഈ അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ അല്പം ഉഷ്ണം സംക്രമിക്കുന്നതായി പരിഗണിച്ച് അവയ്ക്ക് ഊഷ്മാക്കള്‍ എന്നു നാമകരണം ചെയ്തതായിരിക്കാം. ഈ രീതിയനുസരിച്ച് ‘ശ ഷ സ’ ങ്ങളോടു ഹകാരത്തെ ചേര്‍ത്തിരിക്കുന്നതായി വിചാരിക്കണം. ഉത്ഭവസ്ഥാനത്തിന്റെ മുറ നോക്കുമ്പോള്‍ ഹകാരം കണ്ഠത്തില്‍ നിന്നുണ്ടാകുന്നതാകയാല്‍ ആദ്യം ചേര്‍ക്കേണ്ടതാണെന്നിരുന്നിട്ടും വര്‍ഗങ്ങളില്‍ നാദസംയുക്തങ്ങളെ മുന്‍ചേര്‍ത്ത് ഇതരത്തെ പിന്‍പു ഘടിപ്പിച്ചിരിക്കുംപോലെ നാദയുക്തമായ ഹകാരത്തെ നാദമില്ലാത്ത ശ ഷ സ ങ്ങളുടെ പിന്നില്‍ ചേര്‍ത്തിരിക്കുന്നു. യുക്തിമാന്മാരായ രണ്ടാളുകള്‍ തമ്മില്‍ അറിയാതെ ഭിന്നസ്ഥലങ്ങളില്‍ ഇരുന്ന് ഒരു വിഷയത്തെ ഒരേ യുക്തിപ്രകാശത്തില്‍ സാക്ഷാത്കരിച്ചുകൂടെന്നു യാതൊരു നിയമവും ഇല്ല. കൂടാതെ ഇവിടെ രണ്ടു ഭാഷകളിലെയും കണ്ടുപിടുത്തങ്ങള്‍ക്കു വ്യത്യാസവും ഇരിക്കുന്നു.

‘അവ്വഴി ആവി ഇടൈമൈ ഇടം മിടറു ആകും മേവും മെന്മൈ മൂക്കു, ഉരം പെറും വന്മൈ.’23

ആദ്യം പൊതുവെ പ്രഭവസ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചപ്രകാരം സ്വരങ്ങള്‍ക്കും ഇടയെഴുത്തുകള്‍ക്കും കണ്ഠം ഉത്ഭവസ്ഥാനമാകുന്നു. മെല്ലിനത്തിന് മൂക്കും വില്ലിനത്തിന് നെഞ്ചും പിറപ്പിടമാകുന്നു.

‘അവ്വഴിപ്പന്നീരുയിരും തന്നിലൈ തിരിയാ
മിടറ്റു പ്പിറന്ത വളിയിന്‍ ഇചൈക്കും’24

മുന്‍പറഞ്ഞപ്രകാരം പന്ത്രണ്ടുസ്വരങ്ങളും അതതു മാത്രകള്‍ വ്യക്തമാകാതെ കണ്ഠസ്ഥമായ പ്രാണനാല്‍ ശബ്ദിക്കപ്പെടുമെന്നും

‘അവറ്റുള്‍

അ – ആ ആയി രണ്ടു അങ്കാന്ത് ഇയലും’25

അകാരാകാരങ്ങള്‍ രണ്ടിനും (അങ്കാത്തല്‍) സംവൃതമെന്ന ഒരേ പ്രയത്‌നമെന്നു പറയുന്നു.

സംസ്‌കൃതത്തില്‍ ‘സംവൃതം മാത്രികം ജ്ഞേയം, വിവൃതം തുദ്വിമാത്രികം’26 ഒരു മാത്രയുള്ള അകാരം സംവൃതം – അതായത് ഉത്ഭവസ്ഥാനങ്ങളുടെ സങ്കോചരൂപ പ്രയത്‌നത്തോടുകൂടിയത്-രണ്ടു മാത്രകളുള്ള ആകാരം വിവൃതം-അതായതു പ്രഭവസ്ഥാനങ്ങളുടെ വികാസരൂപ പ്രയത്‌നത്തോടുകൂടിയതെന്നര്‍ത്ഥം.

നന്നൂലില്‍

ഇ ഈ എ ഏ ഐ അങ്കാപ്പോടു
അണ്‍പല്‍ മുതനാവിളിമ്പുറവരുമേ27
എന്ന സൂത്രത്താലും

തൊല്‍ക്കാപ്പിയം

‘ഇ ഈ എ ഏ ഐ ഇചൈക്കും അപ്പാലൈന്തും അവറ്റോ രന്ന അവൈതാം അണ്‍പല്‍ മുതല്‍നാ വിളിമ്പുറല്‍ ഉടൈയ’28

എന്ന സൂത്രത്താലും ഇ ഈ എ ഏ ഐ ഈ എഴുത്തുകള്‍ക്കു (അങ്കാത്തലും) അണ്‍പല്ലൈയടിനാവോരം പൊരുന്തു തലുമാകിയ പ്രയത്‌നം പറയപ്പെട്ടിരിക്കുന്നു.

‘ഉ ഊ ഒ ഓ ഔ എന ഇചൈയ്ക്കും അപ്പാല്‍ ഐന്തും ഇതഴ്കുവിന്തിയലും.’29

എന്ന സൂത്രത്താല്‍ മേല്‍കാണിച്ച അക്ഷരങ്ങള്‍ക്ക് ചുണ്ടുകൂട്ടല്‍ പ്രയത്‌നമെന്നു പറയുന്നു.

സംസ്‌കൃതത്തില്‍ മുന്‍കാട്ടിയ പ്രമാണപ്പടി ഇ ഈ എന്ന രണ്ടിനും താലു പ്രഭവസ്ഥാനവും

‘സ്വരാണാമൂഷ്മണാഞ്ചൈവ
കരണം വിവൃതം സ്മൃതം’30

എന്നാല്‍ തമിഴ് എഴുത്തുകള്‍ സംസ്‌കൃതലിപികളില്‍ അടങ്ങിയിരിക്കകൊണ്ട് സംസ്‌കൃതഎഴുത്തുകള്‍ നല്ലപോലെ പഠിച്ചവര്‍ക്ക് തമിഴെഴുത്തുകളെ ഉച്ചരിക്കുന്നതിനു പ്രയാസമില്ല. തമിഴ് മാത്രം അറിയുന്നവര്‍ക്ക് സംസ്‌കൃതത്തിലെ വിശേഷാല്‍ അക്ഷരങ്ങള്‍ ഉച്ചരിക്കുവാന്‍ എളുപ്പം സാധിക്കുന്നുമില്ല. ഇതില്‍നിന്നു സംസ്‌കൃതത്തില്‍ കൂടുതല്‍ എഴുത്തുകള്‍ ഉച്ചരിക്കാന്‍ അധികം പ്രയത്‌നമുണ്ടെന്ന് സിദ്ധമായി, വിഷമം അധികമുള്ള അക്ഷരങ്ങളുടെ ഉച്ചാരണത്തിന് അധികമായ പ്രയത്‌നം വേണമെന്ന് സിദ്ധം. ഏതേതു അക്ഷരങ്ങള്‍ അതിപ്രയത്‌നങ്ങള്‍ കൊണ്ടു മാത്രമേ ഉച്ചരിക്കുവാന്‍ കഴിയുകയുള്ളു എന്നു നാം കാണുന്നുവോ അവ ലഘുപ്രയത്‌നത്താല്‍ ഉച്ചരിക്കാവുന്ന അക്ഷരങ്ങളുടെ പിന്നാലെ ഉണ്ടായവയെന്നൂഹിക്കുന്നതാണു ന്യായം. ഈ യുക്തിയെ മുന്‍നിറുത്തി പോകുമ്പോള്‍ സംസ്‌കൃതലിപികളും തമിഴക്ഷരങ്ങളും ഒരേകാലത്തില്‍ ഒന്നിച്ചിരുന്നു എന്നും, ആ കാലത്തില്‍ തമിഴരും സംസ്‌കൃതക്കാരും ഒരേ വര്‍ഗ്ഗക്കാരായിരുന്നു പിന്നെ പിരിഞ്ഞവരാണെന്നും, അങ്ങനെ പിരിഞ്ഞു അനേകനൂറ്റാണ്ടുകള്‍ക്കുശേഷം അക്ഷരങ്ങളേയും വാക്കുകളേയും ഒന്നിനുപിറകേ വേറൊന്നായി അനേകം പ്രാവശ്യം മാറ്റിമറിച്ച് ഒടുവില്‍ ഒരു രീതിയില്‍ ഉറപ്പിച്ച് ആ ഭാഷയ്ക്ക് സംസ്‌കൃതം (സംസ്‌കരിക്കരിക്കപ്പെട്ടത്) എന്നു നാമകരണം ചെയ്തിരിക്കണമെന്നും, തമിഴര്‍ മൂലഭാഷയേയും അക്ഷരങ്ങളേയും ഭേദഗതിചെയ്യാന്‍ വിമുഖരായിരുന്നകാരണം പഴയ തമിഴ് വ്യാകരണമുറകളെ ആദരിച്ചുപോന്നിരുന്നെന്നും, കാലാന്തരത്തിലുണ്ടായ സംസ്‌കൃതപ്രചരണത്തില്‍ ദാക്ഷിണാത്യന്മാരായ അഗസ്ത്യപ്രഭൃതികള്‍ സംസ്‌കൃതത്തെ തഴുകിപ്പിടിച്ച് തമിഴിനു പല പരിഷ്‌കാരങ്ങളും ചെയ്യാന്‍ ഇടയായിട്ടുള്ളതാണെന്നും പറയാതെ കഴിയുകയില്ല.

സംസ്‌കൃതമെന്ന ഒരു ഭാഷ പിരിഞ്ഞുപോയതില്‍ പിന്നെയും വേദത്തിലുള്ള പദങ്ങളേയും, അതിനുശേഷമുണ്ടായ പുരാണപദങ്ങളേയും അനന്തരം പാണിനിമഹര്‍ഷിയുടെ കാലം മുതല്‍ അഭേദമായ വ്യവസ്ഥയെ അവലംബിച്ചിരിക്കുന്ന പദങ്ങളുടെ സ്ഥിതിയേയും ഓരോന്നായി വിചിന്തനം ചെയ്യുമ്പോള്‍ ആ ഭാഷയ്ക്ക് പൂര്‍വ്വരൂപത്തില്‍ തുടരെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നതായി ഊഹിക്കാം. ഉദാഹരണത്തിന് ഋഗ്വേദത്തെ തന്നെ എടുക്കാം. ടി. വേദം ഒന്നാം അഷ്ടകം ഒന്നാം അനുവാകം രണ്ടാം ഋക് ‘അഗ്നിഃ പൂര്‍വ്വേഭിഃ’ എന്നിരിക്കുന്നു. ഇതില്‍ ‘പൂര്‍വ്വേഭിഃ’ എന്ന രൂപം ഇപ്പോള്‍ ‘പൂര്‍വ്വൈഃ എന്നു നടപ്പില്‍ ഇരിക്കുന്നു.37 ഇതുപോലെ അനേകം മാറ്റങ്ങള്‍ കാണാം. കൂടാതെ സ്വരങ്ങളില്‍ ഋ നു എന്ന അക്ഷരങ്ങളുടെ സന്നിവേശവിശേഷത്തെ – ഇരിപ്പിന്റെ സ്വഭാവത്തെ – കുറിച്ചു വിചാരിക്കുമ്പോള്‍ ആ എഴുത്തുകള്‍ രണ്ടും അനന്തരകാലത്തില്‍ ഉള്‍പ്പെടുത്തിയവയെന്നു തന്നെ തോന്നിപ്പോകുന്നു. എന്തെന്നാല്‍ സ്വരങ്ങള്‍ക്കു വിവൃതം പ്രയത്‌നമെന്നു വിധിച്ചുകാണുന്നു. രേഫലകാരങ്ങളില്‍ ഈ അക്ഷരങ്ങളുടെ സാദൃശ്യം ഇരിക്കുന്നു. രേഫലകാരങ്ങള്‍ക്ക് ഈഷല്‍സ്പൃഷ്ടം പ്രയത്‌നമാകുന്നു. ഋ നു ഈ രണ്ടു സ്വരങ്ങള്‍ക്ക്

‘ദുഃസ്പൃഷ്ടശ്ചേതി വിജ്ഞേയോ
കാര പ്ലുത ഏവ ച’38

എന്ന പ്രമാണത്താല്‍ ഈഷല്‍സ്പൃഷ്ടം പ്രയത്‌നമെന്നു നിര്‍ണ്ണയിച്ചിരിക്കുന്നു. എന്നാല്‍ വിവൃതപ്രയത്‌നം എന്ന ഒരു വ്യത്യാസമേ രേഫലകാരങ്ങള്‍ക്കുള്ളൂ. മറ്റു സ്വരങ്ങളെല്ലാം ഒരേ പ്രയത്‌നത്തോടുകൂടിയും ഈ രണ്ടക്ഷരങ്ങള്‍ മാത്രം ഇങ്ങനെ വ്യത്യാസപ്പെട്ടും ഇരിക്കുന്നതിനേയും ഉത്ഭവസ്ഥാനക്രമപ്പടി എല്ലാ എഴുത്തുകളേയും ഘടിപ്പിച്ചിരിക്കേ, താലുമൂലവും ദന്തങ്ങളും യഥാസംഖ്യം പ്രഭവസ്ഥാനങ്ങളായ ഋ നുക്കളെ39 ഓഷ്ഠജമായ ഉകാരത്തിനുശേഷം മുറവിട്ട് ചേര്‍ത്തിരിക്കുന്നതിനേയും കുറിച്ചു വിചിന്തനം ചെയ്യുമ്പോള്‍ ഋകാരനുകാരങ്ങള്‍ ഉപയോഗിക്കേണ്ടിടത്ത് മുന്‍കാലത്ത് തമിഴ് രീതിക്കോ അഥവാ മറ്റു വിധത്തിലോ കാര്യനിര്‍വ്വഹണം ചെയ്തുപോന്നു എന്നും, അതില്‍ പിന്നെ ഇങ്ങനെ രണ്ടക്ഷരങ്ങളെ സൃഷ്ടിച്ചു എന്നും അനുമാനിക്കത്തക്കതാണ്.

സന്ദേഹാരംഭം-

വ്യഞ്ജനങ്ങളെ അപേക്ഷിച്ച് സ്വരങ്ങള്‍ക്കു പ്രയത്‌നം കുറവായിരിക്കകൊണ്ട് രണ്ടാമതു പറഞ്ഞവയാണ് ആദ്യം സിദ്ധങ്ങളായതെന്ന് നിരൂപിക്കാം. ഈ മുറയ്ക്ക് ഇ ഉ ഋ ഈ അക്ഷരങ്ങള്‍ രൂപീകരിച്ചതില്‍ പിന്നെ സ്ഥാനസാമ്യം കൊണ്ട് അവയ്ക്കു തുല്യങ്ങളായ യ ര ല വ എന്നീ വ്യഞ്ജനങ്ങള്‍ സ്വരങ്ങള്‍ക്കനുരൂപങ്ങളായി ഏര്‍പ്പെടുത്തപ്പെട്ടതാകുന്നു. അതുകൊണ്ട് തമിഴില്‍ പൂര്‍വകാലങ്ങളില്‍ ഋ എന്ന അക്ഷരങ്ങള്‍ ഉണ്ടായിരുന്നു, പിന്‍പ് ഉപയോഗമില്ലായ്കകൊണ്ട് ഉപേക്ഷിക്കപ്പെട്ടതാണ്. അല്ലാതെ സംസ്‌കൃതത്തില്‍ ഋ ക്കള്‍ പിന്നെ ചേര്‍ക്കപ്പെട്ടവയല്ല, എന്നിങ്ങനെ ഒരു ശങ്ക ഇവിടെ അങ്കുരിക്കാം. അങ്ങനെയാണെങ്കില്‍ ഇ ഉ ഋ ഈ അക്ഷരങ്ങളുടെ മുറയെയനുസരിച്ച് ഇകാരതുല്യമായ യകാരത്തെ ആദ്യമായും ഉകാരസദൃശമായ വകാരത്തെ രണ്ടാമതും ഋകാരതുല്യമായ രേഫത്തെ മൂന്നാമതും കാരസമമായ ലകാരത്തെ നാലാമതും അന്തസ്ഥങ്ങളായി ഘടിപ്പിക്കേണ്ടതായിരുന്നു. അങ്ങനെ കാണാത്തതുകൊണ്ട് ഈ ശങ്കയ്ക്ക് അവസരമില്ല. അതുകൊണ്ട് അനന്തരകാലത്ത് യകാരവകാരങ്ങളുടെ അംശങ്ങള്‍ ‘ഇ’ ‘ഉ’ക്കളില്‍ അടങ്ങിയിരിക്കുന്നതായിക്കണ്ട് ഏതോ ചില സൗകര്യങ്ങളെ ഉദ്ദേശിച്ച് അവയ്ക്ക് തുല്യങ്ങളായ രകാരലകാരങ്ങളുടെ അംശങ്ങള്‍ അന്തര്‍ഭവിച്ച രണ്ടക്ഷരങ്ങളെ സംസ്‌കൃതക്കാര്‍ ഏര്‍പ്പെടുത്തിയതാണെന്നു പറയുന്നതാകുന്നു യുക്തിക്കു കുറെ യോജിച്ചത്. ഈ രണ്ടക്ഷരങ്ങളില്‍ തന്നെ കാരം ഋകാരത്തെ അപേക്ഷിച്ച് വളരെ പിന്‍പ് ഉണ്ടായതാണെന്നു പറയണം. എഴുത്തുകള്‍ ഉത്ഭവിക്കുന്നതിനുള്ള കാരണമായിരിക്കുന്നത് ജനങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അത്രേ. കാരം ഒഴിച്ചു മറ്റുള്ള അക്ഷരങ്ങളില്‍ അനേകം വാക്കുകള്‍ ഉണ്ടായിക്കാണുന്നു. എന്നുള്ള അക്ഷരത്തില്‍ ക്പ്തം എന്നൊരു വാക്കുമാത്രമേയുള്ളു. ഈ വസ്തുത ‘ഋക്’40 എന്ന മാഹേശ്വരസൂത്രത്തില്‍ ഭാഷ്യസന്ദര്‍ഭം കൊണ്ട് പതഞ്ജലി മഹര്‍ഷി വ്യക്തമാക്കീട്ടുണ്ട്. കുറേക്കാലം ആശയങ്ങളെ അറിയിക്കുന്നതിനുതക്ക വാക്കുകള്‍ ഇല്ലാതിരുന്നശേഷം ഒരേ അര്‍ത്ഥത്തെ കുറിക്കുന്നതായി പലരില്‍ നിന്നും പല കാരണങ്ങളാല്‍ ബഹുവിധമായ വാക്കുകളും അവയ്ക്ക് ‘വാരിവാഹക-വലാഹക’ ഈമാതിരി വികാരങ്ങളും ഒട്ടുവളരെ ഉണ്ടായി. ഒടുവില്‍ ഒരുവന്റെ വാക്ക് ഇതരന് അറിയാന്‍ പാടില്ലാത്തവിധത്തില്‍ ഭാഷ അവ്യവസ്ഥിതമായി പടരുവാന്‍ തുടങ്ങി. ഇതിനു പരിഹാരമായി മേലില്‍ കണ്ടമാനം വാക്കുകള്‍ വര്‍ദ്ധിക്കാത്തവിധം വ്യവസ്ഥ ഏര്‍പ്പെട്ടതിന് അടുത്തു മുന്‍കാലത്തു നകാരവും ക്പ്തമെന്ന വാക്കും ഉത്ഭവിച്ചിരിക്കണം. അന്നുമുതല്‍ പുതിയശബ്ദങ്ങള്‍ ഉണ്ടാകാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഈ ഇനത്തില്‍ കൂടുതല്‍ വാക്കുകള്‍ ഉണ്ടാകാഞ്ഞതാണെന്ന് ഊഹിക്കാം. പ്രാകൃതത്തില്‍ ഋ എന്ന രണ്ടക്ഷരങ്ങള്‍ കാണാത്തത് ഈ ഊഹത്തിന് ഉപോദ്ബലകമാണ്. വരരുചി രചിച്ച പ്രാകൃതപ്രകാശത്തില്‍

‘ഋതോത്’41
‘ഋരീതി’42

ഈ സൂത്രങ്ങള്‍ ചിലെടത്ത് ഋകാരത്തിനു പകരം അകാരവും ചിലെടത്ത് രി എന്നും

‘നുതഃ ക്പ്ത ഇലിഃ’43

എന്ന സൂത്രം കൊണ്ട് ‘ക്പ്ത’ ശബ്ദത്തിലുള്ള ”വിന് ‘ഇലി’ എന്നും ആദേശം വരുമെന്നു പറഞ്ഞിരിക്കുന്നു. ‘തൃണം’ എന്ന വാക്കിന് ‘അ’ കാരാദേശം വന്ന് ‘തണം’ എന്നാകുന്നതും ‘ഋണ’ ശബ്ദത്തിന് ‘രി’ പകരം വന്ന് ‘രിണം’ എന്ന രൂപമുണ്ടാകുന്നതും ‘ക്പ്തം’ എന്ന പദത്തില്‍ അകാരത്തിന് ആദേശംവന്ന് ‘കിലിത്തം’ എന്ന രൂപം സിദ്ധിക്കുന്നതും ഇവിടെ ഉദാഹരണം. ഇതുകൊണ്ട് ‘ഋ’ എന്ന അക്ഷരം ‘രി’ അല്ലെങ്കില്‍ അകാരമായും ” എന്ന ലിപി ‘ഇലി’ എന്നും ഭേദപ്പെട്ടും അല്ലാതെ പ്രകൃതത്തില്‍ ഇരിക്കയില്ലെന്ന് സിദ്ധിച്ചല്ലോ. സംസ്‌കൃതത്തില്‍ കാരം കൊണ്ട് ക്പ്തമെന്ന ഒരു വാക്കു മാത്രമേ ഉണ്ടായിട്ടുള്ളുവെന്നതും മേല്‍ കാണിച്ചിട്ടുണ്ട്.

വരരുചി അസമര്‍ത്ഥന്മാരെ ഉദ്ദേശിച്ച് സംസ്‌കൃതത്തിലെ ‘ഋ’കാര’നു’കാരാദി വിഷമാക്ഷരങ്ങള്‍ വേറെവിധം മാറ്റി നവീനമായും ലഘുവായും പ്രാകൃതമെന്നൊരു ഭാഷ സൃഷ്ടിച്ചു എന്നല്ലാതെ പ്രാകൃതത്തില്‍നിന്നും സംസ്‌കൃതം ഉണ്ടായതല്ല എന്നു പറയുകയാണെങ്കില്‍ ആശയങ്ങളെ പ്രകാശിപ്പിക്കുവാന്‍ സംസ്‌കൃതവാക്കുകള്‍ ധാരാളമിരിക്കെ എന്തിനായി ഇങ്ങനെയൊരു പ്രാകൃതഭാഷയുണ്ടാക്കി? അന്യോന്യം ആശയാവിഷ്‌കരണം ചെയ്യുന്നതാണല്ലോ ഭാഷയുടെ പ്രയോജനം. ഓരോ സ്ഥലത്ത് ഓരോ ഭാഷയുണ്ടാകാം. എന്നാല്‍ ഒരിടത്ത് ഒരു ഭാഷ പ്രചുരപ്രചാരമായി ശോഭിക്കുമ്പോള്‍ അവിടെ വേറൊരു ഭാഷ ഉത്ഭവിക്കുവാന്‍ കാരണമില്ല. അശക്തന്മാരെ ഉദ്ദേശിച്ച് ഉണ്ടാക്കി എന്നു പറഞ്ഞാല്‍ ബഹുകാലം പരമ്പരയാ നിലനിന്നുപോന്നിരുന്ന ശക്തി വരരുചിയുടെ കാലത്ത് ആകസ്മികമായി കുറഞ്ഞുപോയതെങ്ങനെ എന്നൊരു ചോദ്യം പുറപ്പെടും. ഇന്ന് സംസ്‌കൃതം സ്വഭാഷയായിരിക്കുന്ന ജാതിക്കാര്‍ക്ക് ഇതരഭാഷക്കാരേക്കാള്‍ ഉച്ചാരണവൈഭവവും വൈജാത്യവും ഏറിയിരിക്കുന്നതായിട്ടാണ് കാണുന്നത്. പരമ്പരാവാസനകൊണ്ട് വിഷമവിഷയങ്ങളുടേയും സ്വാധീനത ലഘുസിദ്ധമാകുന്നതായിട്ടാണല്ലോ അഭിജ്ഞന്മാര്‍ മതിക്കുന്നത്.

ഇനി ഉച്ചരിക്കുന്നതിന് വിഷമം തോന്നിക്കുന്ന ‘ഖ ഘ ധ’ മുതലായ അക്ഷരങ്ങളെപ്പോലെ ‘ഋനു’ക്കള്‍ അത്ര പ്രയാസമുള്ളവയല്ല. അതുകൊണ്ട് ശ്രമനിവൃത്തിയെ നിമിത്തമാക്കി ‘ഋനു’ക്കള്‍ തള്ളിയതാണെന്നു വരികില്‍ അതിഖരാദികള്‍ മുമ്പേതന്നെ ഉപേക്ഷിക്കപ്പെടേണ്ടിയിരുന്നു. കൂടാതെ പ്രാകൃതത്തില്‍ സ്വീകരിച്ചിട്ടുള്ള അന്തസ്ഥങ്ങളായ ‘ര ല’ ഈ അക്ഷരങ്ങളെ അപേക്ഷിച്ച് ‘ഋനു’ക്കള്‍ക്ക് കൂടുതല്‍ ശ്രമം വേണമെന്നും തോന്നുന്നില്ല. പിന്നെയും,

ഖിദേര്‍വിസൂരഃ44
ക്രുധേര്‍ജൂരഃ45
ചര്‍ചേശ്ചമ്പഃ46
ത്രസേര്‍വര്‍ജ്ജഃ47
മൃജേര്‍ലുഭസുപൗ48

‘ഖിദ’ ധാതുവിന് ‘വിസുര’, ‘ക്രുധ’ ധാതുവിന് ‘ജൂര’, ‘ചര്‍ച്ച’ ധാതുവിന് ‘ചമ്പ’, ‘ത്രസ’ ധാതുവിന് ‘വര്‍ജ്ജ’, ‘മൃജ്’ ധാതുവിന് ‘ലുഭസുപാ’ക്കള്‍ ഇവ ആദേശങ്ങളായി വരും എന്നര്‍ത്ഥം. ‘ഖിദ്യതേ’, ‘വിസുരഇ’, ‘ക്രുധ്യതി’, ‘ജൂരഇ’, ‘ചര്‍ച്ചതി’, ‘ചമ്പഇ’, ‘ത്രസ്യതി’, ‘വര്‍ജ്ജഇ’, ‘മാര്‍ഷ്ടി’, ‘ലുഭഇ’, ‘സുപഇ’ ഇവ ഉദാഹരണങ്ങള്‍. ഖേദിക്കുന്നു, കോപിക്കുന്നു, വിചാരിക്കുന്നു, ഭയപ്പെടുന്നു, ശുദ്ധമാക്കുന്നു എന്നര്‍ത്ഥം. ഇപ്രകാരം സംസ്‌കൃതത്തിലുള്ള ധാതുക്കള്‍ക്ക് മുഴുവനും അസംബന്ധങ്ങളായ ആദേശങ്ങളെ വിധിച്ചത് ലഘുപ്പെടുത്താനാണോ? കൂടാതെ മഹാരാഷ്ട്രി, ശൗരസേനി, മാഗധി, പൈശാചി, ഈ വിഭാഗത്തോടുകൂടിയ പ്രാകൃതത്തില്‍ ആദ്യം പറഞ്ഞ ഭാഷയെക്കുറിച്ച് അധികമായ വിവരങ്ങള്‍ പ്രാകൃതപ്രകാശത്തില്‍ കാണപ്പെടുന്നു. ഇപ്പോള്‍ മഹാരാഷ്ട്രദേശീയര്‍ സംസാരിച്ചുവരുന്ന മഹാരാഷ്ട്രഭാഷയാകട്ടെ പ്രാകൃതത്തിന്റെ പിരിവായി പറയപ്പെട്ട മഹാരാഷ്ട്രഭാഷയോടു സംബന്ധപ്പെട്ടതായിരിക്കുന്നു എന്നു പറയുകയല്ലാതെ അതുതന്നെയാണ് ഇത് എന്നു പറയത്തക്കനിലയില്‍ ഇന്ന് ഇരിക്കുന്നില്ല. പ്രാകൃത മഹാരാഷ്ട്രം നന്നായി പഠിച്ചവന്‍ ഇതരത്തെ അറിഞ്ഞു എന്നു പറവാന്‍ തീരെ സന്നദ്ധനാകുമെന്ന് തോന്നുന്നില്ല. ഒരു ഭാഷയില്‍തന്നെ കാലപര്യയം കൊണ്ട് ചിലടത്തു ചില വ്യത്യാസങ്ങള്‍ ഉണ്ടായി എന്നു വരും: എങ്കിലും അതിലും വ്യാകരണ വ്യവസ്ഥ ഇരിക്കുന്ന കാലത്തോളം ആ ഭാഷയല്ല ഈ ഭാഷയെന്ന് തോന്നുമാറ് മുറ്റും വ്യത്യാസപ്പെട്ടു പോകയില്ല. വളരെ പുരാതനകാലം മുതല്‍ നടപ്പില്‍ ഇരിക്കുന്ന ഈ തമിഴ്ഭാഷ കാലദേശങ്ങള്‍ കൊണ്ട് അവിടവിടെ ചില ഭേദങ്ങളെ അവലംബിച്ചിട്ടുണ്ടെങ്കിലും ഒന്നോടെ രൂപാന്തരപ്പെടാതെ ഇരിക്കുന്നതുതന്നെ ദൃഷ്ടാന്തം.

അതുകൊണ്ട് സംസ്‌കൃതഭാഷ നടപ്പാക്കുന്നതിന് മുന്‍പ് പ്രാകൃതം ദേശഭാഷയായിരുന്നുവെന്നും, ചില ബുദ്ധിമാന്മാര്‍ അതിനെ പരിഷ്‌കരിച്ച് സംസ്‌കൃതമെന്ന് നാമകരണം ചെയ്തു എന്നും, സംസ്‌കൃത ഭാഷ ചില ജനങ്ങള്‍മാത്രം അഥവാ പ്രത്യേക വിദ്യാഭ്യാസവിഷയത്തില്‍മാത്രം ഉപയോഗിച്ചു വന്നിരിക്കാം. എന്നാല്‍ പൊതുവെ ദേശഭാഷയായിരുന്നതു പ്രാകൃതമായിരുന്നു എന്നും സംസ്‌കൃതം ഇതര ഭാഷകളേക്കാള്‍ വിശേഷമായി പരിണമിച്ചതുകൊണ്ട് ആ ഭാഷയെ അനാദിദേവഭാഷയാണെന്നും, അതില്‍ എഴുതപ്പെട്ടിട്ടുള്ള വേദപുരാണാദിഗ്രന്ഥങ്ങള്‍ ഈശ്വരനാല്‍ ബ്രഹ്മദേവന് ഉപദേശിക്കപ്പെട്ട്, ബ്രഹ്മദേവനാല്‍ നിര്‍മ്മിക്കപ്പെട്ടതെന്നും മറ്റും പറയുമെന്നും അന്യഭാഷകളെല്ലാം മ്ലേച്ഛ (മ്ലേച്ഛ അവ്യക്തേ ശബ്‌ദേ – അസ്ഫുടേ അപശബ്‌ദേ ചേത്യര്‍ത്ഥഃ-സിദ്ധാന്ത കൗമുദി; അസ്പഷ്‌ടോച്ചാരണത്തിലും ശബ്ദശാസ്ത്രാനുസാരമല്ലാത്ത ശബ്ദപ്രയോഗത്തിലും എന്ന് അര്‍ത്ഥം; ‘ന മ്ലേച്ഛിതവൈ’ മ്ലേച്ഛിക്കരുത്-വേദവാക്യം) നാപഭാഷിതവൈ-അപഭാഷിക്ക-വ്യാകരണ വിരോധമായി പറയല-രുതെന്ന് അര്‍ത്ഥം) ഭാഷകളാണെന്ന് സംസ്‌കൃതപക്ഷപാതികള്‍ പറയുന്നു. ഈ അഭിപ്രായം പില്ക്കാലത്തുള്ളവരില്‍ പ്രബലപ്പെട്ടതുനിമിത്തം അവരിലൊരാളായ വരരുചിമുനി സംസ്‌കൃതത്തില്‍നിന്ന് ഉണ്ടായതെന്ന് അന്യന്മാര്‍ക്ക് തോന്നത്തക്കവണ്ണം സംസ്‌കൃതാക്ഷരങ്ങള്‍ക്ക് ആദേശങ്ങള്‍ വിധിച്ച് പ്രാകൃതത്തെ പരിഷ്‌കരിക്കകൊണ്ട് ആ വ്യാകരണസമ്പ്രദായം സംസ്‌കൃതാഭിജ്ഞന്മാര്‍ക്ക് ഉപകാരപ്പെട്ടതായി. എന്നിട്ടും ആ പരിഷ്‌കരണരീതിയെ ജനങ്ങള്‍ പണിപ്പെട്ടും ആദരിച്ചുവന്നു. എങ്കിലും കാലക്രമേണ അശക്യമായിത്തീര്‍ന്നതുകൊണ്ട് ആ പരിപാടി ഉപേക്ഷിക്കുകയും തന്മൂലം പ്രാകൃതവും ഇക്കാലത്തെ മഹാരാഷ്ട്രിയും രണ്ടായി പിരിയുകയും പ്രാകൃതം സംസ്‌കൃതജ്ഞന്മാര്‍ക്ക് നാടകം, സട്ടകം മുതലായ കൃതികള്‍ നിര്‍മ്മിക്കുന്നതിനു മാത്രം ഇന്ന് ഉപയോഗത്തില്‍ ഇരിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിരൂപിക്കുന്നതു യുക്തമായിരിക്കും. പാണിനീയശിക്ഷയില്‍ ‘ത്രിഷഷ്ടിശ്ചതുഷ്ഷഷ്ടിര്‍വാ വര്‍ണ്ണാഃ ശംഭുമതേ മതാഃ, പ്രാകൃതേ സംസ്‌കൃതേ ചാപി സ്വയം പ്രോക്താ സ്വയംഭുവാ’49 അക്ഷരങ്ങള്‍ പ്രാകൃതത്തിലും സംസ്‌കൃതത്തിലും ബ്രഹ്മദേവപ്രോക്തങ്ങളായിക്കാണുന്നു. എന്നാല്‍ പ്രാകൃതത്തില്‍ ഋ നു മുതലായവ കാണുന്നില്ല. അതു വിവാദവിഷയമായിരുന്നാലും ഇവിടെ അപ്രകൃതമെന്ന് വിട്ടതാണ്. ഈ പ്രമാണത്താല്‍ ഈ രണ്ടു ഭാഷകളും ഒരുപോലെ അനേകകാലമായി നടപ്പിലിരിക്കുന്നു എന്നു സിദ്ധിക്കുന്നതു മാത്രമല്ല ‘പ്രഥമ പരിത്യാഗേ മാനാഭാവഃ’ – മുന്‍പിലൊന്നാമത്തതിനെ ചേര്‍ക്കാതെ വിട്ടുകളയുന്നതിനു പ്രമാണം കാണുന്നില്ല-എന്ന ന്യായപ്രകാരം ‘സംസ്‌കൃതേ പ്രാകൃതേചാപി’ എന്നു പറയേണ്ടതായിരിക്കെ മറിച്ച് പഠിച്ചിരിക്കകൊണ്ടും, പ്രാകൃതസംജ്ഞയ്ക്ക് സ്വാഭാവികമെന്ന് അര്‍ത്ഥമുള്ളതിനാലും, സംസ്‌കൃതനാമം പരിഷ്‌കരിക്കപ്പെട്ടതെന്ന ഭാവത്തെ ആവഹിക്കുന്നതിനാല്‍ അതു സംസ്‌കരിക്കപ്പെടാത്ത പൂര്‍വരൂപത്തോടുകൂടിയ ഒരു ഭാഷയെ അപേക്ഷിച്ചുകൊണ്ടിരിക്കുമെന്നുള്ളതിനാലും, പ്രാകൃതം സംസ്‌കൃതത്തേക്കാള്‍ വളരെ മുമ്പുള്ളതെന്നും കിട്ടുന്നു. ഇവിടെ പ്രാകൃതശബ്ദത്തിന് സംസ്‌കൃതമാകുന്ന പ്രകൃതിയോടുകൂടിയതെന്നാണ് അര്‍ത്ഥം എന്നു പറയുന്നെങ്കില്‍50 ‘സംസ്‌കൃതമാകുന്ന’ എന്ന അര്‍ത്ഥം ആ പദം ഇല്ലാതിരിക്കുമ്പോള്‍ എങ്ങനെ സിദ്ധിക്കുമെന്ന് ഒരു ചോദ്യത്തിന് ഇവിടെ ഇടം ഉണ്ട്. പേരിട്ടവരുടെ ഇച്ഛാമാത്രം കൊണ്ട് ആ അര്‍ത്ഥം കിട്ടുമെന്ന് പറഞ്ഞാല്‍ ശ്രവണമാത്രയില്‍ സ്വാഭാവികമെന്നുള്ള അര്‍ത്ഥത്തെ പെട്ടെന്ന് സ്ഫുരിപ്പിക്കുന്ന ഈ ഒരു വാക്കേ കിട്ടിയുള്ളോ? പ്രകൃതിയില്‍ നിന്ന് ഉത്ഭവിച്ചു എന്നുള്ള അര്‍ത്ഥത്തെ നിസ്സന്ദേഹം ഉദ്‌ബോധിപ്പിക്കുന്ന വികൃതമെന്ന വാക്കിനെ ഈ സ്ഥാനത്തു സംജ്ഞയായി ഉപയോഗിച്ചു കൂടായിരുന്നോ? അതുകൊണ്ട് സ്വാഭാവികമെന്നുള്ള അര്‍ത്ഥത്തെ ആസ്പദമാക്കി നടപ്പില്‍കൊണ്ടുവന്നിരുന്ന സംജ്ഞയെ നവ്യവ്യാഖ്യാതാക്കന്മാര്‍ സ്വേച്ഛപോലെ അര്‍ഥാന്തരപ്പെടുത്തിയതാണെന്നല്ലാതെ ഇവിടെ മറ്റൊന്നും ശങ്കിക്കാനില്ല. കൂടാതെ, സംസ്‌കൃതത്തില്‍ ‘ഏകദ്വിബഹുക്കളെന്നു’ വചനത്രയം കാണുന്നു. പ്രാകൃതത്തില്‍ ‘ദ്വിവചനസ്യ ബഹുവചനം’ (പ്രാ-പ്ര-പ-6-സൂ 63)51 എന്നു കാണുന്നതുകൊണ്ട് ഏകവചനവും ബഹുവചനവും അല്ലാതെ ദ്വിവചനമില്ലെന്നു സിദ്ധമായി. പ്രാകൃതം സംസ്‌കൃതത്തില്‍ നിന്നുത്ഭവിച്ചിരുന്നുവെങ്കില്‍ സംസ്‌കൃതം സ്വീകരിക്കുന്ന ദ്വിവചനം അതില്‍ ഇല്ലാതിരിക്കാന്‍ കാരണമില്ല. ഈ പ്രാകൃത വിധിയെ അറിയണമെങ്കില്‍ സംസ്‌കൃതം നല്ലതുപോലെ അറിഞ്ഞിരിക്കണംതാനും. അങ്ങനെ അറിഞ്ഞവര്‍ക്ക് ദ്വിവചനമെന്നൊന്നുകൂടി അധികമായതുകൊണ്ട് യാതൊരു വിഷമവും തോന്നുകയില്ല. ഇതിനുപുറമേ സംസ്‌കൃതഭാഷയില്‍ ഒരിടത്തും പ്രവേശനം ലഭിക്കാത്ത (ഇടച്ചൊല്ലുകള്‍) നിപാതങ്ങള്‍-സംശയാര്‍ത്ഥത്തെ സൂചിപ്പിക്കുന്ന ‘ഇര’, സംഭാഷണത്തെകുറിക്കുന്ന ‘വലേ’ ‘ഇത്യാദി’52 പ്രാകൃതത്തില്‍ കടന്നുകൂടാന്‍ കാരണമെന്താണ്? സംസ്‌കൃതത്തില്‍ ഇന്നിന്ന ധാതുക്കള്‍ ആത്മനേപദത്തില്‍ മാത്രമേ പ്രയോഗിക്കാവൂ എന്നു നിയമം കാണുന്നു. പ്രാകൃതത്തില്‍ ഈ നിയമം ഇല്ല. ഉദാഹരണം-‘സഹ്’ധാതു സംസ്‌കൃതത്തില്‍ ആത്മനേപദമാത്രപ്രായോഗികമായിരിക്കുന്നു. ‘സഹതേ’ സഹിക്കുന്നു എന്നര്‍ത്ഥം. പ്രാകൃതത്തില്‍ ഇത് ‘സഹയി’ ‘സഹയേ’ എന്ന രണ്ടു രൂപത്തിലും പ്രയോഗിച്ചുകാണുന്നു. അതുകൊണ്ട് ഉത്തമപുരുഷൈകവചനത്തില്‍ പരസ്‌മൈപദപ്രത്യയമായ ‘മോ’ ‘മു’ ‘മ’ എന്ന മൂന്ന് പ്രത്യയങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നതും നോക്കുമ്പോള്‍ നിയമത്തോടുകൂടാതെ ലഘുവാക്കുന്നതിനെന്നുള്ള വാദത്തിനും സാംഗത്യമില്ല.53 ഇനിയും പല ഉദാഹരണങ്ങളുള്ളത് വിസ്തരഭയത്താല്‍ ഉദ്ധരിക്കുന്നില്ല.

ഇങ്ങനെ, പ്രാകൃതഭാഷയ്ക്കു സംസ്‌കൃതംപോലുള്ള ഗാംഭീര്യവും ഋ, നു, ഷ മുതലായ അക്ഷരങ്ങളും ക്ത ഷ്ണ തുടങ്ങിയ വിജാതീയവര്‍ണ്ണസംവലിതസംയുക്താക്ഷരങ്ങളും ഇല്ലാത്തതുകൊണ്ടും തമിഴിലെപ്പോലെ ഏകബഹുക്കളെന്ന രണ്ടു വചനങ്ങളും ങ്ക, ന്ത, ട്ട മുതലായ സജാതീയവര്‍ണ്ണസംശ്ശിഷ്ടസംയുക്താക്ഷരങ്ങളും മാത്രം കാണുന്നതിനാലും ഈ പ്രാകൃതഭാഷ സംസ്‌കൃത വിഭാഗത്തിനു മുമ്പും തമിഴ് ഭാഷയ്ക്കു പിമ്പും ഉണ്ടായ ഭാഷകളിലൊന്നെന്ന് ഊഹിക്കാന്‍ ന്യായമുണ്ട്. അതുകൊണ്ട് ഋ, ക്കള്‍ അന്യസ്വരങ്ങള്‍ നടപ്പിലായതില്‍ പിന്നെ പ്രചാരമായതെന്നു വ്യവസ്ഥാപിക്കുന്ന വിഷയത്തില്‍ യുക്തിഭംഗം ലേശമില്ലതന്നെ. ശഷസഹങ്ങളും അവയുടെ സന്നിവേശവിശേഷത്തെക്കുറിച്ചു വിചാരിക്കുമ്പോള്‍ ഇതര വ്യഞ്ജനങ്ങള്‍ നടപ്പായതിനുശേഷം ഉണ്ടായവയെന്നനുമാനിക്കാം. ഉത്ഭവസ്ഥാനക്രമമനുസരിച്ച് ഹകാരം കണ്ഠ്യമായതുകൊണ്ട് അതിനെ വ്യഞ്ജനങ്ങളിലാദ്യവും അതിനുശേഷം അതിനോട് സാദൃശ്യമുള്ള ഊഷ്മാക്കളേയും അനന്തരം ജിഹ്വാമൂലോദ്ഭൂതങ്ങളായ കവര്‍ഗ്ഗാദി അഞ്ചിനേയും പിന്നെ യ ര ല വങ്ങളേയും ഘടിപ്പിച്ചിരിക്കേണ്ടതാണ്. അല്ലെങ്കില്‍ പ്രയത്‌നമുറയെ ആധാരമാക്കി ഈഷല്‍സ്പൃഷ്ടങ്ങളായ യ ര ല വങ്ങളെ മുന്‍പു ചേര്‍ത്തു പിന്നെ അര്‍ദ്ധസ്പൃഷ്ടങ്ങളായ ശ ഷ സങ്ങളെ അടുക്കി, അനന്തരം സ്പൃഷ്ടങ്ങളായ അഞ്ചു വര്‍ഗ്ഗങ്ങളെ വിന്യസിക്കുകയോ, അല്ലാത്തപക്ഷം സ്പൃഷ്ടങ്ങള്‍, അര്‍ദ്ധസ്പൃഷ്ടങ്ങള്‍, ഈഷല്‍ സ്പൃഷ്ടങ്ങള്‍ ഇങ്ങനെ മുറയ്ക്ക് അഞ്ചു വര്‍ഗ്ഗങ്ങളും മുമ്പേ ചേര്‍ത്ത് അതിനുശേഷം ശ ഷ സങ്ങളേയും അനന്തരം യ ര ല വങ്ങളേയും ഘടിപ്പിച്ചിരിക്കുകയോ വേണ്ടതായിരുന്നു. ശ ഷ ഈ എഴുത്തുകള്‍ പ്രാകൃത മഹാരാഷ്ട്രത്തില്‍ കാണപ്പെടുന്നില്ല. അതുകൊണ്ട് ഈ എഴുത്തുകളും ഋനുക്കളെപ്പോലെ പിന്നീടു നടപ്പായവയെന്നു സിദ്ധിക്കുന്നു. വര്‍ഗ്ഗങ്ങളുടെ മദ്ധ്യേ ഇരിക്കുന്ന അതിഖരമൃദുഘോഷങ്ങളായ മുമ്മൂന്ന് എഴുത്തുകളും അനന്തരകാലത്ത് ചേര്‍ക്കപ്പെട്ടവതന്നെ.

അടിക്കുറിപ്പുകള്‍

1. പാണിനീയസൂത്രം 1-2-27 ഉ-ഒരു മാത്ര, ഊ-രണ്ടു മാത്ര, ഊ മൂന്നുമാത്ര, ഇതേ കാലമുപയോഗിച്ചുച്ചരിക്കുന്ന എല്ലാ സ്വരങ്ങള്‍ക്കും ക്രമേണ ഹ്രസ്വം, ദീര്‍ഘം, പ്‌ളുതം എന്നിങ്ങനെ പേര്‍ എന്നര്‍ത്ഥം.

2. തൊല്‍കാപ്പിയം, എഴുത്തതികാരം, നൂന്‍മരപു, സൂത്രം 5 മൂന്നു മാത്ര അളവുള്ള ഒറ്റയക്ഷരം ഇല്ല എന്നര്‍ത്ഥം.

3. തൊല്ലാചാര്യര്‍ എന്ന പദം കൊണ്ട് തൊല്‍കാപ്പിയരെ ആണ് സ്വാമികള്‍ ഉദ്ദേശിക്കുന്നത്; അതായതു തൊല്‍കാപ്പിയത്തിന്റെ കര്‍ത്താവ്.

4. അ, ഇ, ഉ എന്നീ സ്വരങ്ങള്‍ അനുനാസികമെന്നും അനനുനാസികമെന്നും രണ്ടു വിധമുണ്ട്. അനുനാസിക സ്വരങ്ങള്‍ക്കു മൂന്നുമാത്ര എന്നാണു കണക്ക്. അനുനാസിക സ്വരങ്ങളെ രംഗവര്‍ണങ്ങള്‍ എന്നു പറയും.

5. ഉച്ചൈരുദാത്തഃ- പാണിനീയസൂത്രം 1-2-29. താലു തുടങ്ങിയ വിവിധഭാഗങ്ങളോടുകൂടിയ ഉച്ചാരണസ്ഥാനങ്ങളില്‍ മുകളില്‍വെച്ചുച്ചരിക്കുന്ന സ്വരമത്രേ ഉദാത്തം. ആയാമം, ദാരുണ്യം, അണുത്വം എന്നിവയാണ് ഉദാത്തസ്വരത്തിന്റെ ഉത്പത്തിക്കു നിദാനമെന്നാണ് പതഞ്ജലി പറഞ്ഞിട്ടുള്ളത്. അവയവങ്ങള്‍ ചുരുക്കിപ്പിടിക്കുന്നതാണ് ആയാമം. ഉച്ചാരണത്തിന്റെ രൂക്ഷതയാണ് ദാരുണ്യം. കണ്ഠം സംവൃതമാക്കുന്നതാണ് അണുത്വം.

നീചൈരനുദാത്തഃ- പാണിനീയസൂത്രം 1-2-30. താലു തുടങ്ങിയവയുടെ കീഴ്ഭാഗത്തുവെച്ച് ഉച്ചരിക്കുന്നവ അനുദാത്തം. ഉദാത്തങ്ങളുടേതില്‍ നിന്നു വിപരീതമായ ഉച്ചാരണക്രമം. അവയവങ്ങള്‍ നീട്ടിപ്പിടിക്കും. ഉച്ചാരണം സൗമ്യമാകും. കണ്ഠം തുറന്നുപിടിക്കും.

സമാഹാരഃ സ്വരിതഃ- പാണിനീയസൂത്രം 1-2-31 ഉദാത്തത്തിന്റെയും അനുദാത്തത്തിന്റെയും ധര്‍മ്മങ്ങള്‍ കുറേശ്ശെ ചേര്‍ത്തുച്ചരിക്കുന്ന സ്വരമാണു സ്വരിതം. രണ്ടിന്റെയും ഇടനിലയാണ് അതിനുള്ളത്.

6. തമിഴില്‍ \ എന്നൊരക്ഷരമുണ്ട്. അതിന്റെ പേരത്രേ ആയ്തം. അതു വിസര്‍ഗം പോലെ ഉച്ചരിക്കപ്പെടുന്നു.

7. വിസര്‍ഗം – ഃ

8. ജിഹ്വാമൂലീയം-റകറഖ

9. ഉപധ്മാനീയം-റപറഫ

10. തൊല്‍കാപ്പിയം, എഴുത്തതികാരം, നൂന്‍മരപു, സൂത്രം 23 ട, റ, ല, ള എന്നീ വ്യഞ്ജനങ്ങള്‍ക്ക് ക, ച, പ എന്നിവ മൂന്നും പരമാകും. ഉദാ. കേട്ക, നിര്‍ക, ചെല്ക, കൊള്‍ക, കാട്ചി, പയിര്‍ചി, വല്‍ചി, നീള്‍ചടൈ, കേട്പ, നിര്‍പ, ചെല്‍പ, കൊള്‍ച.

11. തൊല്‍കാപ്പിയം എഴുത്തതികാരം, മൊഴിമരപു, സൂത്രം 62

12. തൊല്‍കാപ്പിയം എഴുത്തതികാരം, മൊഴിമരപു, സൂത്രം 65

13. തൊല്‍കാപ്പിയം എഴുത്തതികാരം, മൊഴിമരപു, സൂത്രം 75

14. തൊല്‍കാപ്പിയത്തിന്റെ വ്യാഖ്യാതാവായ മതുരൈ പാരത്തുവാചി നച്ചിനാര്‍ക്കിനിയര്‍

15. ഇവിടെ അല്പം ക്‌ളിഷ്ടതയുണ്ട്. തമിഴില്‍ റ വല്ലിനവും ന മെല്ലെഴുത്തും ഴ ഇടയിനവും ആകുന്നു.

16. ഇടയിനം അഥവാ ഇടയെഴുത്തുകള്‍ യ, ര, ല, വ, ഴ, ള എന്നിവ വല്ലിനം അഥവാ വല്ലെഴുത്തുകള്‍ ക, ച, ട, ത, പ, റ എന്നിവ.

17. പാതഞ്ജലഭാഷ്യം 1-2-29.

18. ക, ങ, ച, ഞ, ട, ണ, ത, ന, പ, മ, ര, ല, വ, ഴ, ള, റ, ന എന്നീ പതിനെട്ടക്ഷരങ്ങളാണു മെയ്യെഴുത്തുകള്‍.

19. തൊല്‍കാപ്പിയം, എഴുത്തതികാരം, പിറപ്പിയല്‍, സൂത്രം 83 മുതല്‍ 103 വരെ.

20. പാണിനീയശിക്ഷ, ശ്ലോകങ്ങള്‍ 17, 18

21. പാണിനീയശിക്ഷ, ശ്ലോകം 38. രണ്ടാമത്തെ പാദത്തില്‍ ശലഃ എന്നാണു ശിക്ഷയില്‍ കാണുന്നത്.

22. അര്‍ദ്ധസ്പൃഷ്ടങ്ങള്‍ = നേമസ്പൃഷ്ടങ്ങള്‍

23. നന്നൂല്‍, എഴുത്തിയല്‍, സൂത്രം 25

24. തൊല്‍കാപ്പിയം, എഴുത്തതികാരം, പിറപ്പിയല്‍, സൂത്രം 84

25. ടി. സൂത്രം 85

26. പാണിനീയശിക്ഷ, ശ്ലോകം 20

27. നന്നൂല്‍ എഴുത്തിയല്‍, സൂത്രം 77

28. തൊല്‍കാപ്പിയം, എഴുത്തതികാരം, സൂത്രം 86

29. ടി. സൂത്രം 87

30. പാണിനീയശിക്ഷ, ശ്ലോകം 21

31. തൊല്‍കാപ്പിയം, എഴുത്തതികാരം, പിറിപ്പിയല്‍ സൂത്രം 39 ക, ങ എന്നിവ അടിനാക്ക് മേല്‍ഭാഗത്തു സ്പര്‍ശിച്ചുണ്ടാകുന്നു.

32. ടി. സൂത്രം 90, ച, ഞ എന്നിവ നാക്കിന്റെ മദ്ധ്യഭാഗം മേല്‍ഭാഗം സ്പര്‍ശിച്ചുണ്ടാകുന്നു.

33. സൂത്രം 91, ട, ണ എന്നിവ നാക്കിന്റെ അറ്റം മേല്‍ഭാഗത്തു സ്പര്‍ശിച്ചുണ്ടാകുന്നു.

34. നന്നൂല്‍ സൂത്രം 79

35. എല്ലാ എഴുത്തും വെളിപ്പടക്കിളന്തു

ചെല്ലിയ പള്ളിയെഴുതരു വളിയില്‍

പിറപ്പെടു വിടുവഴി ഉറഴ്ചിവാരത്തു

അകത്തെഴുവളിയിചൈ അരില്‍ തപനാടി

അളവിര്‍കോടല്‍ അന്തണര്‍ മറൈത്തേ (102)

അക്ഷരങ്ങളായി പുറത്തുവരുന്നതിനു മുമ്പ് നാഭിയില്‍ നിന്ന്, വായു അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനത്തു തങ്ങി വെളിയില്‍ വരുന്ന വിധവും മാത്രയും ബ്രാഹ്മണരുടെ വേദത്തില്‍ പറഞ്ഞിട്ടുണ്ട്.

36. അ \ തിവണ്‍നുവലാതു എഴുന്തു പുറത്തിചൈക്കും

മെയ്‌തെരിവളിയിചൈ അളപുനുവന്റിചിനേ (103)

അതിവിടെ എടുത്തുപറയുന്നില്ല. അക്ഷരരൂപത്തില്‍ പുറത്തുവരുന്ന വായുവിന്റെ അളവുമാത്രമേ പറഞ്ഞിട്ടുള്ളൂ.

37. പൂര്‍വേഭിഃ – പൂര്‍വൈഃ – എന്നു തൃതീയബഹുവചനരൂപം ദേവേഭിഃ – ദേവൈഃ എന്നിങ്ങനെ വേറെയും പ്രയോഗങ്ങളുണ്ട്. തൃതീയയിലെ ഈ വ്യത്യാസം വേദത്തില്‍ ധാരാളം കാണാം. ഈ വൈദികരൂപം പ്രാകൃതങ്ങളില്‍ അതുപോലെ കാണാനുണ്ട് എന്നതു ശ്രദ്ധേയമാണ്. സംസ്‌കൃതത്തെക്കാള്‍ വൈദികത്തോടടുത്തുനില്ക്കുന്നതു പ്രാകൃതമാണെന്നതിനു തെളിവാണത്.

38. പാണിനീയശിക്ഷ, ശ്ലോകം 5

39. താലുമൂലം പ്രഭവസ്ഥാനമായ ഋകാരത്തിനും ദന്തങ്ങള്‍ പ്രഭവസ്ഥാനമായ നകാരത്തിനും എന്നര്‍ത്ഥം.

40. മാഹേശ്വരസൂത്രം 2

41. വരരുചി, പ്രാകൃതപ്രകാശം, പരിച്ഛേദം 1, സൂത്രം 27

42. ടി. സൂത്രം 30

43. ടി. സൂത്രം 32.

44. ടി. പരിച്ഛേദം 8, സൂത്രം 63

45. ടി. സൂത്രം 64

46. ടി. സൂത്രം 65

47. ടി. സൂത്രം 66

48. ടി. സൂത്രം 67

49. പാണിനീയ ശിക്ഷ, ശ്ലോകം 3

50. ഹേമചന്ദ്രവ്യാകരണം, പ്രാകൃതചന്ദ്രിക തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. പ്രാകൃതപ്രകാശത്തിന്റെ തന്നെ വാരാണസിപ്പതിപ്പിന്റെ (1977) പ്രസ്താവനയില്‍ ഉദയരാമശാസ്ത്രി ഡബരാല പറഞ്ഞുവെച്ചിരിക്കുന്നത് ഈ മതമാണു സ്വീകാര്യം എന്നതാണ്.

51. വരരുചി, പ്രാകൃതപ്രകാശം, പരിച്ഛേദം 6, സൂത്രം 63. ദ്വിവചനത്തിന്റെ സ്ഥാനത്തും ബഹുവചനമാണ് പ്രാകൃതത്തിലുള്ളതെന്ന് അര്‍ത്ഥം.

52. ടി. പരിച്ഛേദം 9, സൂത്രം 5, ഇരകിരകിലാഅനിശ്ചിതാഖ്യനേ=ഇര, കിര, കിലാ ഇവ പറയുന്നകാര്യത്തിന്റെ അനിശ്ചിതത്വത്തെ കുറിക്കുന്ന നിപാതങ്ങളാകുന്നു ടി. സൂത്രം 12 അഇ – വലേ സംഭാഷണേ=അഇ, വലേ ഇവ സംഭാഷണത്തെക്കുറിക്കുന്ന നിപാതങ്ങളാകുന്നു.

53. ഉത്തമപുരുഷൈകവചനത്തില്‍ സംസ്‌കൃതത്തില്‍ ‘മി’ പ്രത്യയാന്തമായ ഒരു രൂപം മാത്രമുള്ളപ്പോള്‍ പ്രാകൃതത്തില്‍ ‘മോ’ ‘മു’ ‘മ’ എന്നു മൂന്നു പ്രത്യയങ്ങളിലവസാനിക്കുന്ന മുന്നുരൂപങ്ങളുണ്ട്. അപ്പോള്‍ സംസ്‌കൃതത്തേക്കാള്‍ ലഘുവല്ല ഗുരുവാണ് പ്രാകൃതമെന്നല്ലേ വരുന്നത്. ഇതത്രേ സ്വാമികളുടെ യുക്തി. ഹേമചന്ദ്രവ്യാകരണത്തില്‍ ‘മോ’ ‘മു’ ‘മ’ എന്നിവയ്ക്കു പുറമേ ‘മ്ഹ’ പ്രത്യയാന്തമായ രൂപവുമുണ്ടെന്നറിയുമ്പോള്‍ സ്വാമികളുടെ യുക്തിയുടെ ഭദ്രത പിന്നെയും വര്‍ദ്ധിക്കുന്നു.