തമിഴ്‌സംസ്‌കൃതാദിതാരതമ്യം – ആദിഭാഷ (9)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ആദിഭാഷ – ഭാഷാപഠനം’എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം ഒന്‍പത്

ഇത്രയുംകൊണ്ട് ഇന്നത്തെ നിലയില്‍ പരിഷ്‌കൃതരൂപത്തില്‍ ഈ രണ്ടു പ്രധാനഭാഷകളും എത്രമാത്രം അന്തരമുള്ളതായിരിക്കുന്നുവെന്നു വെളിവായല്ലോ. തമിഴ് സംസ്‌കൃതത്തിന്റെ ഒരു ജന്യഭാഷയാണെന്നുള്ള ആശങ്കയ്ക്ക് ആരും ഇനി ഹൃദയത്തില്‍ ഇടം അനുവദിക്കുമെന്നു തോന്നുന്നില്ല.

നവ്യാഡംബരങ്ങള്‍കൊണ്ട് കൃത്രിമഭംഗി വിതറുന്ന വേഷവിധാനത്തില്‍കൂടി കണ്ണയച്ചാല്‍ പക്ഷേ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ സാധിക്കുകയില്ലെന്ന് ഒരാക്ഷേപം ഇവിടെ പുറപ്പെട്ടേക്കാം. അതു വാസ്തവം തന്നെ. എന്നാല്‍, നമ്മുടെ ദൃഷ്ടി സൂക്ഷ്മതരമാക്കി നോക്കുമ്പോള്‍ ആ കാഴ്ച എങ്ങും തടയാതെ എല്ലാ ഭാഷകള്‍ക്കും ആദിമൂലമായ ഒരവ്യക്തലക്ഷ്യത്തില്‍ ചെന്നവസാനിക്കേണ്ടിയിരിക്കുന്നു. ഇടയിലെങ്ങാനും യുക്ത്യനുഭവങ്ങളോട് വിഘടിച്ചുനിന്നുപോകുന്നുവെങ്കില്‍ അത് അന്തിമദര്‍ശനമെന്നു പറഞ്ഞുകൂടുന്നതല്ല. ഇങ്ങനെ അങ്ങേയറ്റംവരെ ചെന്നുപറ്റുന്ന ഒരു നോട്ടം ഭാഷാവിഷയകമായി ലഭിക്കുന്നുണ്ടോ എന്നു നമുക്കൊന്ന് പരീക്ഷിക്കാം.

ഒരു ഭാഷയുടെ ശരീരം പദസമുദായവും, പദങ്ങളുടെ അവയവങ്ങള്‍ അക്ഷരങ്ങളുമാണല്ലോ. ഏതും ആദ്യം പ്രാകൃതമായി ഉത്ഭവിച്ച് അനന്തരം കൃത്രിമങ്ങള്‍ കലര്‍ന്ന് പരിഷ്‌കൃതരൂപത്തില്‍ പരിണമിക്കുന്നു. ഈ നിയമം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല. അപ്പോള്‍ അകൃത്രിമമായ വിശിഷ്ട പ്രയത്‌നാദികളോടു കൂടാത്ത അക്ഷരങ്ങള്‍ ഏതു ഭാഷയ്ക്ക് സ്വന്തമായി കാണുന്നുവോ അതു മറ്റെല്ലാറ്റിന്റേയും മൂലഭാഷയായിരിക്കുമെന്നൂഹിക്കാം. മനഃപൂര്‍വ്വം ഉച്ചരിക്കേണ്ടതല്ലാത്ത സ്വാഭാവികമായി ശബ്ദിക്കാവുന്ന അക്ഷരങ്ങള്‍ അടങ്ങിയ ഭാഷ എപ്പോഴും പ്രകൃതിയുടെ ഭാഷയായിരിക്കുമെന്ന് സാരം. ഈ ആദിഭാഷ ഏതെന്ന് കണ്ടെത്തുന്നതിലേയ്ക്ക് പ്രകൃതി സ്വയം ഉച്ചരിച്ചുപോകുന്നതരം അക്ഷരങ്ങളെ തന്നെ ഒന്നാമതു തേടിപ്പിടിക്കേണ്ടതായി വരുന്നു. പ്രകൃത്യാ സിദ്ധിക്കുന്ന അക്ഷരങ്ങള്‍ ഏതെല്ലാം? അവയെ എങ്ങനെ തിരിച്ചറിയാം? എന്നും വല്ലവരും ഇവിടെ വികല്പിച്ചാല്‍ അതിനു സമാധാനം ഉണ്ട്.

വാക്ക് എന്നതിന് തമിഴ് ഭാഷയില്‍ മുഖ്യമായ നാമം ‘മൊഴി’ എന്നത്രേ. എന്നാല്‍ തമിഴിലോ തമിഴിനോടു ചേര്‍ന്ന വേറെ ഭാഷയിലോ അല്ലാതെ, മറ്റു ഭാഷകളില്‍ പ്രകൃതിക്ക് ഇത്രത്തോളം ശരിയായിട്ടു വാക്കു കിട്ടുകയില്ലെന്നുതന്നെ പറയണം. എങ്ങനെയെന്നാല്‍, ഓഷ്ഠാധരങ്ങളെ ഒരുമിച്ചു ചേര്‍ത്ത് വാ മൂടിക്കൊണ്ടുള്ള ഇരിപ്പിന് മൗനമെന്നു നാമവും ‘മ്’ എന്ന് രൂപവുമാകുന്നു. ഈ ‘മ്’ എന്ന വാ മൂടലിനെ നല്ലവണ്ണം ഒഴിച്ച് വിടുമ്പോള്‍ ഉണ്ടാകുന്നതാകയാല്‍ മ്+ഒഴി=മൊഴി എന്ന നാമം സിദ്ധിച്ചു. ഈ മൊഴി തന്നെ ആദ്യം അകാരം, രണ്ടാമത് ഇകാരം, മൂന്നാമത് ഉകാരം ഇപ്രകാരം മുറയ്ക്ക് അ, ഇ, ഉ എന്ന മൂന്ന് അക്ഷരങ്ങളായിട്ട് പ്രകാശിക്കും. എന്നാല്‍ ‘മ്’ എന്നതിനെ വിട്ടാല്‍ ആദ്യം അകാരമായിട്ടു തന്നെ ധ്വനിക്കുമെന്നുള്ളതിരിക്കട്ടെ-രണ്ടാമതും മൂന്നാമതും ഇകാര ഉകാരങ്ങളായിട്ടു തന്നെ ഭവിക്കുന്നതെങ്ങിനെ? ഉകാരഇകാരങ്ങളായിട്ടു മാറിവരരുതോ? എന്നു ശങ്കിക്കുന്ന പക്ഷം അപ്രകാരം പാടില്ല. ഇതു നമ്മുടെ പൂര്‍വികന്മാരാല്‍ ചെയ്യപ്പെട്ട ക്രമമാകുന്നു. അവര്‍ പ്രകൃതിചേഷ്ടയെ നോക്കാതെയും ഏതെങ്കിലും ഒരു ന്യായം കൂടാതെയും യാതൊന്നിനും വ്യവസ്ഥ ചെയ്തിട്ടുള്ളവരല്ല. എങ്ങനെയെന്നാല്‍ വര്‍ണ്ണാത്മകങ്ങളായ ധ്വനിവിശേഷങ്ങള്‍ പുറപ്പെടുന്നത് സാധാരണമനുഷ്യനില്‍ നിന്നാണെന്ന് അറിയാന്‍ തീരെ പ്രയാസമില്ല. അതും പ്രകൃത്യനുഗുണമായി പ്രവഹിക്കുന്നത് ഒരു ശിശുമുഖത്തുനിന്നു തന്നെ എന്നും സ്പഷ്ടമാണ്. അതിനാല്‍ നിസര്‍ഗ്ഗകോമളങ്ങളായ മധുരവര്‍ണ്ണങ്ങള്‍ അനര്‍ഗ്ഗളം പൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ശിശുവില്‍ തന്നെ നമുക്കു ചില പരീക്ഷണങ്ങള്‍ നടത്താം.

ഒരു കുട്ടി ജനിച്ചാല്‍ ആദ്യം വാ തുറന്നു കരയുന്നു. കരച്ചിലില്‍ നിന്ന് ‘അ’ എന്നുള്ള സ്വരം പ്രതീതമാകുന്നു. കുറച്ചുകഴിയുമ്പോള്‍ കുട്ടി അന്യന്മാരുടെ മുഖത്തുനോക്കി ചിരിച്ച് തുടങ്ങും. ചിരി ‘ഇ’ എന്ന വര്‍ണ്ണത്തെ സ്പഷ്ടമാക്കുന്നത് ഏവര്‍ക്കും അനുഭവമാണല്ലോ. അതും കഴിഞ്ഞാല്‍ ‘ഉ’ എന്ന ഭയവികാരം പ്രത്യക്ഷപ്പെടുന്നു.

മേലും, ബ്രഹ്മാനന്ദമാകുന്ന അമൃതമകരന്ദത്തെ വര്‍ഷിക്കുന്ന ഉപനിഷത്തുകളാകുന്ന പ്രസൂനങ്ങളെ കൊണ്ടു നിരന്തരം പ്രകാശിക്കുന്ന സംസ്‌കൃതമാകുന്ന സന്താനപാദപത്തിന്റെ നാരായവേരും, മഹേശ്വരങ്കല്‍നിന്നു സിദ്ധിച്ച് പാണിനീമഹര്‍ഷിയാല്‍ രചിക്കപ്പെട്ടതും സൂത്രരൂപവും ആയ വ്യാകരണ ശാസ്ത്രത്തിലുള്ള ‘അ ഇ ഉണ്‍’ എന്ന ആദിസൂത്രത്തിന്റെ ആവിര്‍ഭാവവും ഈ ന്യായത്തെ പുരസ്‌കരിച്ചാകുന്നു. ഇങ്ങനെ പാണിനിയുടെ ആദ്യസൂത്രസംഗൃഹീതങ്ങളായ അ, ഇ, ഉ എന്നീ മൂന്നക്ഷരങ്ങളും ക്രമേണ കരച്ചില്‍, ചിരി, ഭയം ഈ മൂന്നു വികാരങ്ങളുടെ സൂചകനാദങ്ങളായി ഉത്ഭവിക്കുന്നു. ആകയാല്‍ രണ്ടാമത് ‘ഇ’കാരവും മൂന്നാമത് ‘ഉ’കാരവും ആയിട്ടേ ഇരിക്കാന്‍ പാടുള്ളൂ. ചിരിയുടെ സൂചകമായ ‘ഇ’ എന്നുള്ള ശബ്ദവും ഭാവനയും തീക്ഷ്ണദണ്ഡം ഏല്ക്കുമ്പോള്‍ പ്രായംചെന്നവരുടെ മുഖത്തും സ്ഫുരിക്കുന്നുണ്ട്. അപ്പോള്‍ അവ ചിരിയുടെ ചിഹ്നങ്ങള്‍ മാത്രമെന്ന് എങ്ങനെ പറയാം എന്നിവിടെ ചിലര്‍ ശങ്കിച്ചേക്കാം. വേദനയുണ്ടാകുമ്പോള്‍ ഒരു ശിശുവിന്റെ മുഖത്ത് ഈ ലക്ഷണം കാണാന്‍ കഴിയാത്തതുകൊണ്ട് ഇതു പ്രകൃതിക്കൊത്ത സംഭവമല്ല. ഒരു നടന്‍ കരുണ വേണ്ടിടത്ത് ആ സ്‌തോഭസ്ഫൂര്‍ത്തിക്ക് ‘ഈ’ എന്നു ചിരിച്ച് കാട്ടാറില്ല. അതുകൊണ്ട് ‘ഈ’ എന്നുള്ള പറച്ചിലും ഭാവവും ഒരിക്കലും ദുഃഖത്തെ അറിയിക്കുന്ന അടയാളങ്ങളെന്നു പറഞ്ഞുകൂടാ.

മേല്‍ കാണിച്ച മൂന്നക്ഷരങ്ങളും ഉണ്ടായതില്‍പിന്നെ അതുകളുടെ വികാരങ്ങളായ ശേഷിച്ച സ്വരങ്ങള്‍ ഉണ്ടാകുന്നു. അതും വിവരിക്കാം. വ്യഞ്ജനങ്ങളായ രേഫലകാരങ്ങളുടെ അംശങ്ങളായിരിക്കുന്ന ‘ഋ’ക്കള്‍ കൃത്രിമമായി പാണിനിമുനി ഇടക്കു തിരിക്കിക്കേറ്റിയതാണെന്ന് അനവധി ദൃഷ്ടാന്തയുക്തിപര്‍വ്വം മുമ്പു സാധിച്ചുകഴിഞ്ഞ സ്ഥിതിക്ക് അവയുടെ ഉല്‍പ്പത്തിയെക്കുറിച്ചും ഇവിടെ ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ലെന്നു വിടുന്നു. ഭയം മുതലായവ അറിയാറായി കുറേകൂടി ജ്ഞാനപ്രകാശം പ്രസരിച്ചാല്‍ പിന്നെ കുട്ടികള്‍ നാം പറയുന്നതൊന്നും മനസ്സിലാകാണ്ട് ഏതോ ചോദിക്കുന്ന പോലെ എല്ലാറ്റിനും ‘ഏ’ ‘ഏ’ എന്നു ഒരുമാതിരി ശബ്ദിക്കാറുണ്ടല്ലോ. ‘കുഞ്ഞിന്റെ അച്ഛന്‍ എവിടെ?’ ‘ഏ’- ഇങ്ങനെ ചോദ്യത്തിനെല്ലാം മുറയ്ക്ക് ആവര്‍ത്തിക്കും. ഇവിടെ ‘ഏ’ എന്ന അക്ഷരം പ്രകൃതി പ്രസവിച്ചു എന്നു നാം കണ്ടുകഴിഞ്ഞു. അതിനു ശേഷമായി ആ കുട്ടി സമ്മതിരൂപമായ ‘ഒ’ എന്നുള്ള ശബ്ദത്തെ പുറപ്പെടുവിക്കുന്നു. അല്പംകൂടി വിശേഷജ്ഞാനം സിദ്ധിക്കുമ്പോള്‍ ‘ഐ’ എന്നു പരിഹസിക്കാന്‍ തുടങ്ങുന്നു. അനന്തരം ഔ എന്നു വിശ്രാന്തിസൂചകമായ സ്വരം പുറപ്പെടുവിക്കുന്നു.

ഇപ്രകാരം സ്വരങ്ങള്‍ – അക്ഷരങ്ങള്‍ – എല്ലാം ഒരു ശിശുവിന്റെ പ്രകൃതി തന്നെ പ്രദാനം ചെയ്യുന്നു. ഇനിയുള്ളത് ‘വ്യഞ്ജനങ്ങള്‍’ അഥവാ ഹല്ലുകളാണ്-അവയുടെ ആവിര്‍ഭാവത്തില്‍ പ്രകൃതി എങ്ങനെയെല്ലാം പങ്കുകൊള്ളുന്നു എന്നുകൂടി പര്യാലോചിക്കാം. കുട്ടി ‘അ’ എന്നു വാ വിടര്‍ത്തു കരഞ്ഞിട്ട് ഓരോ തുടര്‍ച്ചയുടെ അവസാനത്തിലും ചുണ്ടുകള്‍ പൂട്ടുന്നു. അപ്പോള്‍ അവിടെ ഓഷ്ഠജങ്ങളായ വര്‍ണ്ണങ്ങളില്‍ ഒന്നുണ്ടാകാതെ കഴികയില്ല. ആദ്യം ഓഷ്ഠസംഘട്ടനത്തിന് ബലം-കുറഞ്ഞിരിക്കുന്നതുകൊണ്ട് ‘മ്’ എന്ന ഓഷ്ഠ്യം ഏതാണ്ട് അവ്യക്തരീതിയില്‍ ഉത്ഭവിക്കുമെന്ന് വിചാരിക്കാം – പിന്നെ ക്രമേണ ബലം കൂടി വരുമ്പോള്‍ ‘മ’ എന്നായിത്തീരും-കൂടെക്കൂടെ ‘അ’ എന്നു കരയുകയും ‘മ’ എന്നു വാ പൂട്ടുകയും ചെയ്യുന്നതില്‍നിന്ന് ‘അമ്മ’ എന്ന വാക്ക് ഉത്ഭവിക്കുന്നു. ചുണ്ടുകള്‍ക്കു മുറുക്കം കൂടികൂടി ഒടുവില്‍ ‘പ’കാരം വ്യക്തമാകും. അതും പൂര്‍വ്വത്തിലുള്ള അകാരത്തോട് അടുത്തുചേര്‍ന്ന് ‘അപ്പാ’ എന്ന വാക്കു സൃഷ്ടിക്കുന്നു. ഇതുപോലെ ന, ത, ണ, ട, ഞ, ച, ങ, ക എന്ന മുറയ്ക്ക് ഓരോ വ്യഞ്ജനങ്ങള്‍ ഉത്ഭിച്ച് അതുകളോടും പഴയപടി ‘അകാരം’ കൂട്ടിമുട്ടി അന്ന, അത്ത, അണ്ണ, അട്ട, അഞ്ഞ, അച്ച, അങ്ങ, അക്ക, ഇങ്ങിനെ ശിശുവിന്റെ ബന്ധുക്കളെ സംബന്ധിക്കുന്ന വാക്കുകള്‍ രൂപപ്പെടുന്നു.

പ്രകൃത്യനുഗുണമായി (സ്വതേ തന്നെ) ഉണ്ടായിട്ടുളളവയാണെന്ന് യുക്തിയുക്തമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ‘അ’ തുടങ്ങി അനുസന്ധാനം ചെയ്ത അക്ഷരങ്ങളില്‍ അല്പം അഭിപ്രായഭേദം വന്നേക്കാം. അതിനാല്‍ ഒന്നുകൂടി ചര്‍ച്ചചെയ്യുന്നത് അസ്ഥാനത്തിലാകുകയില്ല എന്നു വിചാരിക്കുന്നു. പൂര്‍വ്വപക്ഷം താഴെപ്പറയുന്ന വിധത്തിലാണ്.

ലോകത്തില്‍നിന്ന്, വിശേഷിച്ചും ഉദ്‌ബോധനങ്ങള്‍ വന്നുചേരുന്നതിനുമുമ്പ്, സദ്യോജാതനായ ഒരുകുട്ടിയുടെ ഉള്ളില്‍നിന്നും ഉണ്ടാകുന്ന ശബ്ദങ്ങള്‍ക്ക് സ്വാഭാവികത്വം ഉണ്ടെന്നുള്ളതിനെ സമ്മതിക്കുന്നു. എന്നാല്‍ ‘അ’കാരമാണ് രോദന രൂപമായിട്ടു കുട്ടികളില്‍ നിന്നുണ്ടാകുന്നത് എന്നുള്ളതു ശരിയായിട്ടുള്ളതല്ല. ‘ങേ, ങ്, ഏ’ എന്നിങ്ങനെയാണ് ആദ്യമായി കുട്ടികള്‍ കരഞ്ഞുതുടങ്ങുന്നത്. അതുകൊണ്ട് ‘ങ്’ എന്നുള്ള വ്യഞ്ജനവും അതില്‍ പിന്നെ ‘ഏ’ എന്നുള്ള സ്വരവുമാണ് കുട്ടികളില്‍ നിന്നുണ്ടാകുന്നത്. അകാരമല്ല. അതിനു സമാധാനം പറയാം.

കുട്ടികള്‍ ജനിച്ചാല്‍ കുറച്ചു ദിവസം കഴിയുന്നതുവരെ അവയുടെ യാതൊരു ഇന്ദ്രിയങ്ങള്‍ക്കും അവയവങ്ങള്‍ക്കും ശരിയായ ബലം ഉണ്ടായിരിക്കയില്ല. കരയുന്നതും ചിരിക്കുന്നതുമെല്ലാം ഒരുവിധം അവ്യക്തസ്വരത്തെ മുന്‍നിര്‍ത്തിയായിരിക്കും. അവയുടെ ദര്‍ശനം, സപ്ര്‍ശനം, ശ്രവണം, രസജ്ഞാനം ഇവയെല്ലാം എന്തെന്നും ഏതെന്നും ശരിയായി നിശ്ചയിച്ചറിയുന്നതിനു കഴിവില്ലാത്ത വിധത്തില്‍ത്തന്നെയെന്നുള്ള കാര്യം നിശ്ചയം തന്നെ. അല്പം ഇന്ദ്രിയബലം സിദ്ധിക്കുന്നതുവരെ എന്തെങ്കിലും ശബ്ദിച്ചുപോയെങ്കില്‍ അത് അനുനാസികമായിട്ടേ വരികയുള്ളു. എന്തുകൊണ്ടെന്നാല്‍ പ്രാണാധാരമായ നാസികദ്വാരത്തില്‍ തട്ടിയല്ലാതെ, കണ്ഠാദി സ്ഥാനങ്ങളില്‍ നിന്നുത്ഭവിക്കുന്ന ‘ഹ, ള’ മുതലായ വര്‍ണ്ണങ്ങള്‍ വെളിയില്‍ വരികയേയില്ല. ഈ ന്യായത്തെ പുരസ്‌കരിച്ചാണ് വ്യാകരണത്തില്‍ അച്ചുകളെ അനുനാസികങ്ങളായും അനനുനാസികങ്ങളായും രണ്ടായി വേര്‍തിരിച്ചു കാണിച്ചിരിക്കുന്നത്, ‘സ നവവിധോപി അനുനാസികാനനുനാസികത്വാഭ്യാംദ്വിധാ’ എന്നു വൃത്തിചെയ്തിട്ടുള്ളതില്‍2 അനുനാസികത്തെ ആദ്യമായി ചേര്‍ത്ത് പറഞ്ഞിരിക്കുന്നതും ഈ കാരണം കൊണ്ടുതന്നെയാണ്.

‘മുഖനാസികാവചനോനുനാസികഃ’ എന്നു പാണിനി മഹര്‍ഷി സൂത്രം (1-1-8) ചെയ്തിരിക്കുന്നതു നോക്കുക-ഉല്‍പത്തിസ്ഥാനങ്ങള്‍ (കണ്ഠം, താലു, മൂര്‍ദ്ധാവു തുടങ്ങിയവ) ഓരോന്നും വേറെയുണ്ടെങ്കിലും എല്ലാം നാസികാദ്വാരം വഴിയായി വേര്‍തിരിഞ്ഞുവരുമ്പോള്‍ അവയ്ക്ക് അനുനാസികകളെന്നു പേര്‍ പറയാം.3 കുട്ടികള്‍ക്ക് ആദ്യമാദ്യം പ്രാണനെ മുന്‍നിര്‍ത്തി പ്രാണപ്രവൃത്തിമാര്‍ഗ്ഗത്തിലൂടെ മാത്രമേ ശബ്ദത്തെ വെളിയില്‍ വിടുന്നതിനു സാധിക്കുകയുള്ളു എന്നു നമുക്ക് അനുഭവമാണ്. അതുതന്നെയുമല്ല ശബ്ദിക്കാതെയിരിക്കുന്നത് മൗനം. മൗനസ്ഥിതിയില്‍ രണ്ടു ചുണ്ടുകളും തമ്മില്‍ ഒന്നുപെട്ടു ചേര്‍ന്നിരിക്കും. പിന്നീട് അതില്‍നിന്ന് എന്തെങ്കിലും ശബ്ദിച്ചുപോയാല്‍ അനുനാസികപൂര്‍വ്വമായിട്ടേ വരികയുള്ളു. മ്+അ=മ, മ്+ഇ=മി ഇപ്രകാരം തുടരെത്തുടരെ മൗനം ശബ്‌ദോല്‍പ്പത്തി, ഈ ക്രമത്തിന് അനുനാസികവും മുന്‍ഗാമിയായി നിലനില്‍ക്കുന്നു.

കുട്ടികളുടെ ഉച്ചാരണത്തിലുള്ള അസ്പഷ്ടമോ ശ്രോതാക്കളുടെ അശ്രദ്ധാജന്യമായ അന്യഥാബോധമോ ഹേതുവായിട്ട് ‘ങ്’എന