ലിംഗനിരൂപണം -ആദിഭാഷ (5)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ആദിഭാഷ – ഭാഷാപഠനം’എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം അഞ്ച്

ഇനി ലിംഗവ്യവസ്ഥയെ സംബന്ധിച്ചുകൂടി കുറഞ്ഞൊന്നു നിരൂപിക്കാം. ഇതിനു തമിഴില്‍ പാല്‍ (പ്രകരണം) എന്നു പറയും. ‘ലിംഗ്യതേ ജ്ഞായതേ അനേന ഇതി ലിംഗം’1 ഇതില്‍നിന്ന് ആണ്‍, പെണ്‍ ഈ രണ്ടുമല്ലാത്തത് എന്ന രൂപം അറിയപ്പെടുന്നത് ലിംഗം എന്നു കിട്ടുന്നല്ലോ. സ്ത്രീപുരുഷ നപുസകങ്ങളെ കാട്ടുന്ന അടയാളങ്ങള്‍ ലിംഗങ്ങളെന്നു സാരം. പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നു ലിംഗങ്ങള്‍ മൂന്നു വിധം. സംസ്‌കൃതത്തില്‍ തിങന്തങ്ങള്‍, അവ്യയങ്ങള്‍ ഇവയൊഴിച്ച് എല്ലാ പദങ്ങളും ലിംഗത്തോടു കൂടിയവ തന്നെ. പുരുഷനെ അറിയിക്കുന്ന വാക്ക് പുല്ലിംഗം സ്ത്രീയെ അറിയിക്കുന്ന വാക്ക് സ്ത്രീലിംഗം, അചേതനങ്ങളെ അറിയിക്കുന്ന വാക്ക് നപുംസകലിംഗം-സാധാരണ ഇതാണ് പ്രകൃതി നിയമമനുസരിച്ചുള്ള വ്യവസ്ഥ. സംസ്‌കൃതത്തില്‍ ഈ വ്യവസ്ഥ നിയതമല്ല. ഉദാഹരണം-രാമഃ, സീതാ, ഫലം. തിര്യഗ്ജന്തുക്കളായ മൃഗാദികളും ഈ ലിംഗങ്ങളോടുകൂടിയവ തന്നെ. ഉദാഹരണം-ഹരിണഃ(പു), ഹരിണീ(സ്ത്രീ); കുക്കുടഃ(പു), കുക്കുടീ(സ്ത്രീ). വൃക്ഷവാചകങ്ങള്‍ പുല്ലിംഗങ്ങള്‍, ലതാവാചകങ്ങള്‍ സ്ത്രീലിംഗങ്ങള്‍. ഉദാഹരണം-ചൂതഃ (മാവ്)-മരം, മാലതീ(പിച്ചകം)-ലത.

ഈ പിരിവ് മരങ്ങളില്‍ ബലം, രൂപവലിപ്പം, തുടങ്ങിയ പുരുഷഗുണങ്ങളിരിക്കകൊണ്ടും വല്ലികളില്‍ (അബലാത്വം)2, മരങ്ങളോടു ചേര്‍ന്നിരിക്ക മുതലായ സ്ത്രീഗുണങ്ങളിരിക്കയാലും ആ ഗുണങ്ങളനുസരിച്ച് രൂപകത്താല്‍ വന്നുചേര്‍ന്നതെന്നൂഹിക്കാം. ഇവ കൂടാതെ ജഡത്വത്തെ ലക്ഷീകരിക്കുന്ന അനേകം പദങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതെങ്ങനെ ഘടിക്കുമെന്ന് കണ്ടുപിടിക്കുന്നതിനു കഴിയാത്തനിലയില്‍ അവ പുരുഷസ്ത്രീ ഭാവങ്ങളടഞ്ഞുപോയിരിക്കുന്നു. ഉദാഹരണം-ഘടഃ, സൗധഃ, തടീ, അന്തികാ (അടുപ്പ്), ഹസന്തീ. ഈ ജഡവസ്തുക്കളെ അറിയിക്കുന്ന പദങ്ങളില്‍ ചിലത് ഒരു ലിംഗത്തേയും മറ്റു ചിലത് രണ്ടു ലിംഗങ്ങളേയും വേറെ ചിലതു മൂന്നു ലിംഗങ്ങളേയും ഗ്രഹിക്കുന്നവയായിരിക്കുന്നു. ഉദാഹരണം-ശ്വേത-ഘടഃ-ഘടീ, സൗധഃ-സൗധം, തടഃ, തടീ, തടം, ജഡ വസ്തുക്കള്‍ സ്ത്രീപുംഭാവങ്ങളോടുകൂടി ഇരിക്കാത്തതുകൊണ്ട് അവ ആ രണ്ടുമല്ലാത്ത നപുംസകലിംഗത്തില്‍ ചേരത്തക്കവയായിരിക്കുന്നു. എന്നിട്ടും ഇങ്ങനെ കാണുന്നത് രൂപകത്താലായിരിക്കണം. ഏതുമാതിരി രൂപകത്താലെന്നുള്ളത് കാലപ്പഴക്കത്തില്‍ കലങ്ങിപ്പോയിരിക്കുന്നു. കാരണമുണ്ടായിരുന്നിട്ടും പദങ്ങളില്‍ ചിലത് ഇടകുറികള്‍ (രൂഢി) ആയിപ്പോയതുപോലെ ഇവയും എന്നു വച്ചുകൊള്ളാം. കാരണം അറിയായ്കകൊണ്ട് പദങ്ങള്‍ സ്വാഭാവികമായുണ്ടായതെന്ന് പറയുന്നതിന് വിദ്വാന്മാര്‍ ഒരുങ്ങുകയില്ല. അതുകൊണ്ട്, ചേതനമല്ലാത്ത വസ്തുക്കളെ കാണിക്കുന്ന പദങ്ങള്‍ക്കു ലിംഗങ്ങള്‍ സ്വാഭാവികങ്ങള്‍ എന്നു ശഠിക്കാന്‍ അവന്‍ തുനിയുകയില്ല. കവികള്‍ ശ്ലേഷ്മം മുതലായ അലങ്കാരങ്ങളെ കൃതികളില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സൗകര്യത്തിനായി ജഡവസ്തുക്കള്‍ക്കു ലിംഗവ്യവസ്ഥ ഏര്‍പ്പെടുത്തിയെന്ന് ഊഹിക്കാം. ഉദാഹരണം-‘അയമൈന്ദ്രീമുഖം പശ്യ രക്തശ്ചുംബതി ചന്ദ്രമാഃ’ (കുവലയാനന്ദം സമാസോക്ത്യലംകാരം). ഇതിന് ഇതാ ചന്ദ്രന്‍ ചുവപ്പുനിറത്തോടുകൂടി പൂര്‍വ്വദിങ്മുഖം ചുംബിക്കുന്നു എന്നര്‍ത്ഥം കൊടുക്കുമ്പോള്‍ ഒരു നായകന്‍ അനുരാഗത്തോടുകൂടി നായികയുടെ മുഖത്തെ ചുംബിക്കുന്നു എന്നു മറ്റൊരു അര്‍ത്ഥവും ലക്ഷ്യമാക്കുന്നു. ഇതു കവിയുടെ ആശയമാകയാല്‍ കിഴക്കെ ദിക്കെന്ന അര്‍ത്ഥത്തെ സ്ഫുരിപ്പിക്കുന്ന ഐന്ദ്രീ എന്ന ശബ്ദം സ്ത്രീലിംഗമായും ചന്ദ്രമാ എന്ന ശബ്ദം പുല്ലിംഗമായും ഇരിക്കുന്നത് ഇവിടെ കവിഹൃദയത്തിനു സഹായമായിരിക്കുന്നു. ഐന്ദ്രീ-കിഴക്കുദിക്ക് സ്ത്രീലിംഗമാകയാല്‍ ഒരു നായികയെന്നും മുഖം-ദിഗ്ഭാവം വദനമെന്നും ചന്ദ്രമാഃ=ചന്ദ്രന്‍ പുല്ലിംഗമാകയാല്‍ നായകനെന്നും രക്തഃ-ചുവപ്പുനിറത്തോടുകൂടിയവന്‍, അനുരാഗസംയുക്തനെന്നും; ചുംബതി-ഉമ്മവയ്ക്കുന്നു, പ്രവേശിക്കുന്നു എന്നും, അയം-ഇവന്‍, ഇത് എന്നും രണ്ടുവിധം അര്‍ത്ഥം അടങ്ങുന്ന സമ്പ്രദായം.

സംസ്‌കൃതത്തിലുള്ള ലിംഗവ്യവസ്ഥകേടിന് കവികളാണ് പ്രധാനഭൂതന്മാരെന്ന് ആ ഭാഷയില്‍ പാണ്ഡിത്യം സിദ്ധിച്ചവര്‍ക്കറിയാവുന്നതാണ്. വ്യാകരണമഹാഭാഷ്യകര്‍ത്താവായ പതഞ്ജലിമഹര്‍ഷി ലോകത്തിലുള്ള സകലവസ്തുക്കളും മൂന്നു ലിംഗങ്ങളോടുകൂടിയവതന്നെ എന്നു പറയുന്നു. എല്ലാ വസ്തുക്കള്‍ക്കും ആവിര്‍ഭാവം, തിരോഭാവം, സ്ഥിതി എന്നു മൂന്നു സ്വഭാവങ്ങള്‍ ഉള്ളവയാണ്. ആവിര്‍ഭാവം പുരുഷഗുണം, തിരോഭാവം സ്ത്രീയുടെ ഗുണം, സ്ഥിതി നപുംസകഗുണം. സത്വരജസ്തമോഗുണങ്ങളുടെ അവസ്ഥാഭേദങ്ങളായ ഈ മൂന്നു പ്രകൃതികള്‍ എല്ലാ വസ്തുക്കളിലും ഇരിക്കയാല്‍ അവയെല്ലാം മൂന്നു ലിംഗങ്ങള്‍ക്കും അധികരണങ്ങളാണ്. ഇങ്ങനെ അദ്ദേഹം തന്റെ പൂര്‍വ്വപ്രതിജ്ഞയെ സമര്‍ത്ഥിക്കുന്നു. ലോകത്ത് ഏതേതു വാക്കുകള്‍ ഏതേതു ലിംഗങ്ങളായി ഏര്‍പ്പെട്ടിരിക്കുന്നോ അതതു വാക്കുകള്‍ അതതു ലിംഗങ്ങളില്‍ പ്രയോഗിച്ചുകൊള്ളണമെന്നും ഭാഷ്യകാരന്‍ വിധിക്കുന്നു. വ്യാകരണസൂത്രകാരനായ പാണിനിമഹര്‍ഷി ഇന്ന ശബ്ദം ഇന്ന ലിംഗമാണെന്നു, ലോകവ്യവഹാരത്തില്‍ നിന്നും മനസ്സിലാക്കിക്കൊള്ളണമെന്നു പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇതരഭാഷകളിലെപ്പോലെയല്ലാതെ ഇതില്‍ ലിംഗങ്ങള്‍ വേറെ പ്രകാരത്തില്‍ ഏര്‍പ്പെടാന്‍ കാരണമെന്താണെന്നു പരിശോധിക്കുമ്പോള്‍ മേല്പറഞ്ഞപ്രകാരം കവികളുടെ സൗകര്യങ്ങളും അതുപോലെയുള്ള മറ്റേതെങ്കിലും, അഥവാ രണ്ടും കാരണങ്ങളായിരിക്കണമെന്നൂഹിക്കാം. വക്താവിന്റെ ഇച്ഛപോലെ ലിംഗവ്യവസ്ഥ ചെയ്തുവെന്നാണെങ്കില്‍ മനുഷ്യര്‍ തിര്യക്കുള്‍ ഈ രണ്ടിലും പുല്ലിംഗത്തെ സൂചിപ്പിക്കുന്ന പദങ്ങളെല്ലാം-മിത്രംപോലെ ഒന്നോ രണ്ടോ വാക്കുകളൊഴികെ-പുല്ലിംഗങ്ങളായും സ്ത്രീയെന്ന് കാണിക്കുന്ന പദങ്ങളെല്ലാം-ദാരാഃ, കളത്രം, ക്ഷേത്രം ഇങ്ങനെ രണ്ടോ മൂന്നോ വാക്കുകളൊഴിച്ച് സ്ത്രീ ലിംഗനാമങ്ങളായും നിയമേന ഇരിക്കാന്‍ കാരണമെന്ത്? പാണിനിസൂത്രം അധ്യായം 4 പാദം 1 സൂ 3 സ്ത്രീയാം എന്ന സൂത്രത്തിന്റെ മഹാഭാഷ്യത്തേയും ശബ്‌ദേന്ദു ശേഖരത്തെയും നോക്കുക. ‘സ്തനകേശവതീ സ്ത്രീ സ്യാത്, ലോമശഃ പുരുഷഃ സ്മൃതഃ, ഉഭയോരന്തരം യച്ച തദഭാവേ നപുംസകം’ സ്തനകേശങ്ങളുള്ളവള്‍ സ്ത്രീ, മുല, കേശം മുതലായ മുഖ്യമായ എല്ലാ അടയാളങ്ങളും എന്നര്‍ത്ഥം. മീശയുള്ളവന്‍ പുരുഷന്‍, ആണ്‍, പെണ്‍ ഈ രണ്ടും സമാനമായിരിക്കുന്നതു നപുംസകം-എന്ന ഭാഷ്യപദ്യത്തേയും അതിന്റെ വിവരണമായ കൈയടത്തേയും ശബ്‌ദേന്ദുശേഖരത്തേയും നോക്കുക.3 ആദ്യം ആണ്, പെണ്ണ്, അതല്ലാത്തത് ഈ പിരിവിനനുസരിച്ച് ത്രിലിംഗശബ്ദങ്ങളും ഏര്‍പ്പെട്ടു, പിന്നീട് കാലക്രമേണ കവികളും മറ്റുള്ളവരും പലകാരണങ്ങള്‍കൊണ്ട് ജഡത്വത്തെ സൂചിപ്പിക്കുന്ന ശബ്ദങ്ങള്‍ക്കും ഇതരലിംഗങ്ങളാരോപിച്ചുവന്നു എന്നല്ലാതെ, സത്വരജസ്തമസ്സുകളുടെ അവസ്ഥാഭേദം നിമിത്തം എല്ലാ വാക്കുകളും ഏതു ലിംഗത്തിനും ഇണങ്ങിയതെന്നു കരുതി ലോകം നിയമം നോക്കാതെ ലിംഗനിര്‍ണ്ണയം ചെയ്തതല്ലെന്നും ലിംഗനിയമം കാണാത്തതെന്തെന്നു ചോദിക്കുന്നവര്‍ക്ക് ഓരോ ഉത്തരം കൊടുത്തൊഴിക്കാന്‍ വേണ്ടി പതഞ്ജലി അങ്ങനെ പറഞ്ഞുവെന്നും സ്പഷ്ടമാകുന്നതാണ്.

തമിഴില്‍ നാമപദങ്ങള്‍ ഉയര്‍തിണച്ചൊല്ലുകള്‍, അ റിണച്ചൊല്ലുകള്‍ എന്നു രണ്ടു വക. ദേവന്മാര്‍, മനുഷ്യര്‍, നരകര്‍ ഇവര്‍ ആദ്യവിഭാഗത്തിലുള്‍പ്പെടും (നന്നൂല്‍ചൊല്‍ 261). പക്ഷിമൃഗാദികളും അചേതനങ്ങളും രണ്ടാം പിരിവില്‍. ആദ്യവകുപ്പില്‍പ്പെട്ട പദങ്ങള്‍, പുല്ലിംഗം, സ്ത്രീലിംഗം, സാമാന്യലിംഗം എന്നു മൂന്ന്. ഉദാഹരണം-ചാത്തന്‍, ചാത്തി, ചാത്തര്‍, ചാത്തികള്‍. അ റിണച്ചൊല്ലുകള്‍ ഒന്റെന്‍പാല്‍, പലവിന്‍പാല്‍ എന്നു രണ്ടുവക. ഉദാഹരണം-മരൈ, മരൈകള്‍, മരം, മരങ്ങള്‍ പ്രത്യയങ്ങളും ഇവിടെ ചേര്‍ക്കണം.

സംസ്‌കൃതത്തില്‍ ആ (ടാപ്, ഡാപ്, ചാപ്) ഈ (ങീപ്, ങീഷ്, ങീന്‍), തി ഇത്യാദി സ്ത്രീലിംഗപ്രത്യയങ്ങള്‍, ഉദാഹരണം-രമാ, ബഹുരാജാ, കാരീഷഗന്ധ്യാ (ഉണങ്ങിയ ചാണകത്തിന്റെ ഗന്ധത്തോടുകൂടിയവന്റെ പുത്രി) രാജ്ഞി-ങീപ്, ഗൗരി-ങീഷ്, ശാര്‍ങ്ഗരവീ-ങീന്‍, യുവതീ-തിപ്രത്യയം, മതിഃ, ഗതിഃ-ക്തിന്‍ പ്രത്യയം പുല്ലിംഗനപുംസകലിംഗങ്ങള്‍ക്കു സ്ത്രീലിംഗത്തിനെന്നപോലെ പ്രത്യേകം പ്രത്യയങ്ങളില്ല. വിഭക്തിപ്രത്യയങ്ങള്‍ക്കു ചില വ്യത്യാസങ്ങള്‍ വന്ന് അവ അറിയപ്പെടുന്നു. ഉദാഹരണം-വൃക്ഷഃ (ഏകവചനം), വൃക്ഷൗ (ദ്വിവചനം), വൃക്ഷാഃ (ബഹുവചനം), ഫലം (ഏകവചനം), ഫലേ (ദ്വിവചനം), ഫലാനി (ബഹുവചനം).

ഇവിടെ ‘ഃ’ എന്ന വിസര്‍ഗ്ഗം സ്ത്രീലിംഗനപുംസകങ്ങളില്‍ ഇല്ലാത്തതായിട്ടും (അം) മുതലായ നപുംസകലിംഗത്തിനുള്ള നപുംസക പ്രത്യയങ്ങള്‍ സ്ത്രീലിംഗ പുല്ലിംഗങ്ങളിലില്ലാത്തതായുമിരിക്കുന്നു. അനേക ശബ്ദങ്ങള്‍ ഇന്ന ലിംഗമെന്നു പ്രത്യയ വ്യത്യാസങ്ങള്‍ കൊണ്ട് അറിയുന്നതിനിടയില്ലാതെ ഇരിക്കുന്നു. ഉദാഹരണം-‘ശാസ്ത്രകൃത്’ ഇത് ശാസ്ത്രനിര്‍മ്മാതാവായ പുരുഷനെയും സ്ത്രീയെയും കാണിക്കത്തക്കത്. രൂപത്തിനും വിഭക്തിപ്രത്യയങ്ങള്‍ക്കും വ്യത്യാസമില്ല. ഈവിധ ശബ്ദങ്ങളെല്ലാം അടുത്തുള്ള ശബ്ദങ്ങളുടെ ലിംഗവിഭക്തികളാലും പ്രകരണ(അര്‍ഥനിര്‍ണ്ണയ)ത്താലും ഇന്ന ലിംഗത്തോടുകൂടിയവയെന്ന് അറിയാവുന്നതാണ്. പാണിനിമഹര്‍ഷിയുടെ ലിംഗാനുശാസനത്തില്‍ ഇന്നിന്ന പ്രത്യയങ്ങളുള്ളവ ഇന്നിന്ന ലിംഗങ്ങളെന്ന സാമാന്യവിധിയുംഇന്നിന്ന ശബ്ദങ്ങള്‍ ഇന്നിന്ന ലിംഗമുള്ളവയെന്ന വിശേഷവിധിയും കൊടുത്തിരിക്കുന്നു. വിശേഷണപദങ്ങള്‍ വിശേഷ്യത്തിന്റെ സമാനലിംഗങ്ങളായിരിക്കണം.

അടിക്കുറിപ്പുകള്‍

1. അറിയപ്പെടുന്നത് എന്തുകൊണ്ടെന്നാല്‍ അത് ലിംഗമെന്നര്‍ത്ഥം

2. ബലംകുറഞ്ഞവളായിരിക്കുന്ന അവസ്ഥ.

3. പാണിനീയസൂത്രത്തിലും ഭാഷ്യത്തിലും കൈയടന്റെ പ്രദീപത്തിലും ശബ്‌ദേന്ദുശേഖരത്തിലും എല്ലാം ലിംഗഭേദത്തിനു നിയമമുണ്ടെന്നു സ്ഥാപിക്കുകയാണു ചെയ്യുന്നത്.