അദ്ധ്യായം എഴ്
സംസ്‌കൃതത്തില്‍ ഏഴു വിഭക്തികളുണ്ട്. അവ പ്രഥമാ, ദ്വിതീയാ, തൃതീയാ, ചതുര്‍ത്ഥീ, പഞ്ചമീ, ഷഷ്ഠീ, സപ്തമീ ഇവയാണ്. ഇവയില്‍ പ്രഥമാവിഭക്തിയില്‍ സംബോധനപ്രഥമാ എന്നൊരു ഭേദംകൂടിയുണ്ട്. ഓരോരോ വിഭക്തിയിലും ഏകദ്വിബഹുത്വങ്ങളെ കാട്ടുവാന്‍ പ്രത്യേകം പ്രത്യേകം പ്രത്യയങ്ങളുണ്ട്. ആകയാല്‍ വിഭക്തി പ്രത്യയങ്ങള്‍ 21 ആകുന്നു. തമിഴിലും സംബോധന പ്രഥമയോടുകൂടി എട്ടായിട്ട് വിഭക്തികള്‍ പിരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ സംസ്‌കൃതത്തിലെപോലെ ഓരോരോ വിഭക്തിയിലും ഏകത്വബഹുത്വങ്ങളെ കാട്ടുന്നതിന് പ്രത്യേകം പ്രത്യയങ്ങളില്ല. പ്രഥമൈക വചനശബ്ദത്തോടു ‘ഐ’ മുതലായ പ്രത്യയങ്ങളെ ചേര്‍ത്ത് ഏകവചനത്തിലും പ്രഥമാബഹുവചനശബ്ദത്തോടു ‘ഐ’ മുതലായ പ്രത്യയങ്ങളെ ചേര്‍ത്തു ബഹുവചനത്തിലും ഉപയോഗപ്പെടുത്തുന്നു. ഉദാഹരണം- ചാത്തന്‍ എന്ന ഏകവചനത്തോട് ‘ഐ’ പ്രത്യയം വച്ച് ചാത്തനൈ എന്നും ചാത്തര്‍ എന്ന പ്രഥമാബഹുവചനശബ്ദത്തോടു ‘ഐ’ എന്ന പ്രത്യയം വച്ച് ചാത്തരൈ എന്നും പറയുന്നു. ഇതുപോലെ കണ്ടുകൊള്‍ക. സംസ്‌കൃതത്തില്‍ പ്രഥമയുടെ പ്രത്യയങ്ങളെ തന്നെയാണ് സംബോധനപ്രഥമയ്ക്കും ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ സംബോധനപ്രഥമൈകവചനത്തില്‍ മാത്രം വിഭക്തി വന്നു ലോപിച്ച് വിഭക്തി ഇല്ലാത്തതുപോലെ കാണപ്പെടുന്നു. ഉദാഹരണം- രാമഃ, രാമൗ, രാമാഃ എന്നത് പ്രഥമവിഭക്തി, രാമ, രാമൗ, രാമാഃ എന്നത് സംബോധനപ്രഥമ, ചില അക്ഷരങ്ങള്‍ അന്തമായിട്ടുള്ള ശബ്ദങ്ങളില്‍ വിഭക്തിപ്രത്യയം ലോപിക്കുന്നതോടുകൂടി അന്ത്യങ്ങളില്‍ ചില വികാരങ്ങളുമുണ്ട്. ഉദാഹരണം-
ഹരിഃ, ഹരീ, ഹരയഃ,
ഹരേ, ഹരീ, ഹരയഃ.
പ്രഥമയായത് കര്‍ത്താ, കര്‍മ്മം മുതലായ വിശേഷാര്‍ത്ഥങ്ങളെ എടുത്തുകാണിക്കാതെ പ്രാതിപദികത്തിന്റെ (നാമധാതുവിന്റെ) അര്‍ത്ഥത്തെ മാത്രം കാട്ടുന്നു. സംബോധനപ്രഥമയ്ക്ക് പ്രഥമയുടെ പ്രത്യയങ്ങളല്ലാതെ വേറെ പ്രത്യയങ്ങളില്ലാത്തതിനാല്‍ പ്രഥമയില്‍ ചേര്‍ക്കപ്പെടും. ഈ സംബോധനാവിഭക്തിശബ്ദങ്ങള്‍ ‘ഹേ’ എന്ന അവ്യയത്തെ ആദ്യമായിട്ടു വച്ചും പ്രയോഗിക്കപ്പെടും. ഉദാഹരണം- ഹേ രാമ. തമിഴില്‍ വേറെ പ്രത്യയവികാരങ്ങള്‍ വരികയാല്‍ എട്ടാമതു പ്രത്യേകവിഭക്തിയായിട്ടു സംബോധനാപ്രത്യയം പറയപ്പെട്ടിരിക്കുന്നു. ഉദാഹരണം- ചാത്താ വാ, ഇവിടെ ചാത്തന്‍ വരുന്നുവെന്നുള്ള പ്രഥമാശബ്ദത്തില്‍ നിന്നുമുള്ള വ്യത്യാസത്തെ കണ്ടുകൊള്ളുക. തമിഴില്‍ പ്രഥമാ വിഭക്തിക്ക് (എഴുവായ് വേറ്റുമൈ) പ്രത്യേകം പ്രത്യയങ്ങളില്ല. ഇപ്രകാരം പ്രത്യയാഭാവംതന്നെയാണ് പ്രഥമാവിഭക്തിക്ക് ലക്ഷണമായിരിക്കുന്നത്. (നന്നൂല്‍. സൂ.295).
സംസ്‌കൃതത്തില്‍ പ്രഥമയും മറ്റുള്ള വിഭക്തികളെപ്പോലെ പ്രത്യേകപ്രത്യയത്തോടുകൂടിയതാണ്. അല്ലാതെയും അതാതു വിഭക്തിയിലും പ്രത്യേകം പ്രത്യേകമായി വചനാര്‍ത്ഥങ്ങളോടു കലര്‍ന്ന് വിഭക്ത്യര്‍ത്ഥങ്ങളെ കാട്ടുവാന്‍ പ്രത്യേകപ്രത്യയങ്ങളുണ്ട്. ഉദാഹരണം- രാമ+അം=രാമം. ‘അം’ വിഭക്തിപ്രത്യയം (ഒരു രാമനെ); (രാമൗ) ‘ഔ’ പ്രത്യയം (രണ്ടുരാമന്മാരെ); രാമാന്‍ (ശസ്പ്രത്യയം) (ബഹുരാമന്മാരെ).
തമിഴില്‍ വചനങ്ങളെ കാട്ടുന്ന പ്രത്യയങ്ങള്‍ വിഭക്തി പ്രത്യയങ്ങളായിട്ടു അംഗീകരിക്കപ്പെടുന്നില്ല. വചനപ്രത്യയങ്ങളോടു പ്രഥമയില്‍ യാതൊരു വിഭക്തി പ്രത്യയവും ചേരുന്നില്ല. മറ്റുള്ള വിഭക്തികളില്‍ ‘ഐ’ മുതലായ ഓരോരോ പ്രത്യയം മാത്രമേ ചേര്‍ന്നിട്ടുള്ളൂ. ഉദാഹരണം- (ചാത്തന്‍)-അന്‍ പ്രത്യയം ഏകവചനത്തെ കാട്ടുന്നത്. ചാത്തര്‍- ‘അര്‍’പ്രത്യയം ബഹുവചനത്തെ കാട്ടുന്നത്; ചാത്തനൈ- ഈ രണ്ടു ഭാഗത്തും ‘ഐ’ എന്ന ഒരു പ്രത്യയമത്രേ കര്‍മ്മത്തെ കാട്ടുന്നത്. മറ്റു സ്ഥലങ്ങളിലുള്ളതുപോലെതന്നെ തമിഴില്‍ എട്ടു വിഭക്തികളാണെന്നുള്ളത് സംസ്‌കൃതികളായ വ്യാകരണാചാര്യന്മാര്‍ പിന്‍കാലങ്ങളില്‍ ഏര്‍പ്പെടുത്തിയതാണ്.
സംസ്‌കൃതത്തില്‍ രൂപവ്യത്യാസം മൂലമായിട്ടുതന്നെ ഏഴുവിഭക്തികള്‍ ഏര്‍പ്പെട്ടു. അല്ലാതെ അര്‍ത്ഥവ്യത്യാസം നിമിത്തം ഏര്‍പ്പെട്ടതല്ല- എന്തെന്നാല്‍ പ്രഥമാവിഭക്തിയില്‍ സംബോധനമെന്ന അര്‍ത്ഥം അതിന്റെ അഭാവമാകുന്ന വിശേഷങ്ങള്‍ ഇരിക്കുന്നുണ്ടെങ്കിലും അവയെ വേര്‍തിരിക്കുന്നില്ല. രണ്ടാമതില്‍ ഗാം ദോഗ്ദ്ധിപയഃ, ഹരിഃ ദേവാന്‍ അമൃതം ആശയത്, (പശുവിനെ പാലെ കറക്കുന്നു, ഹരി ദേവന്മാരെക്കൊണ്ട് അമൃതത്തെ ഭക്ഷിപ്പിച്ചു); ഇതുപോലെയുള്ള സ്ഥലത്തു പശുവിനെയെന്നത് പശുവിലിരുന്ന് എന്നതുപോലുള്ള വേറെ വിഭക്തിയുടെ അര്‍ത്ഥത്തെ കാണിക്കുന്നതിനാലും, നികഷാലങ്കാം-(ലങ്കയെ സമീപത്തില്‍) എന്നു മുതലായ സ്ഥലങ്ങളില്‍ ലങ്കയെ എന്നുള്ളത് ലങ്കയുടെ എന്ന സംബന്ധാര്‍ത്ഥത്തെ തരികയാലും മാസം അധീതേ (മാസത്തില്‍ മുഴുവനും പഠിക്കുന്നു), ക്രോശം കുടിലാ നദീ (നദി ഒരു വിളിപ്പാട് മുഴുവനുമുള്ള ദൂരത്തില്‍ വളഞ്ഞൊഴുകുന്നു) മുതലായ സ്ഥലത്തു കാലത്തേയും വഴിയേയും കുറിക്കുന്ന ശബ്ദങ്ങളില്‍നിന്ന് മുഴുവനിലും എന്ന ആധാരാര്‍ത്ഥത്തിലും, ഉപഹരിംസുരാഃ (ദേവന്മാര്‍ ഹരിയെക്കാളും കുറഞ്ഞവര്‍) എന്നു പഞ്ചമീവിഭക്തിയുടെ അര്‍ത്ഥത്തിലും നദീം അന്വവസിതാ സേനാ എന്നതില്‍ (സേന നദിയോടു സംബന്ധിച്ചു) എന്ന തൃതീയാവിഭക്ത്യര്‍ത്ഥത്തിലും വരുന്നു. അദ്ധ്യാസ്‌തേ വൈകുണ്ഠം ഹരിഃ (ഹരി വൈകുണ്ഠത്തില്‍ ഇരിക്കുന്നു) മുതലായ സ്ഥലത്ത് ആധാരാര്‍ത്ഥത്തെ കാട്ടുന്നു. ത്രിതീയാവിഭക്തി കര്‍ത്താ, കരണം (കരുവിനെ – സഹാര്‍ത്ഥയോഗം) (ഉടനികഴ്‌വ്) ഈ അര്‍ത്ഥങ്ങളെ കാട്ടുന്നു. ഉദാഹരണം-രാമേണ ഹതോ രാവണഃ (രാമനാല്‍ രാവണന്‍ കൊല്ലപ്പെട്ടു). കരേണ ആദദാതി അന്നം (കൈകൊണ്ടു ചോറിനെ എടുക്കുന്നു), പുത്രേണ സഹ ആഗച്ഛതി പിതാ (അച്ഛന്‍ മകനോടുകൂടി വരുന്നു). അല്ലാതെയും രണ്ടോ മൂന്നോ ധാതുക്കളുടെ സംബന്ധത്തില്‍ തൃതീയയും ദ്വിതീയയും ഒരേ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുന്നു. ‘അക്ഷാന്‍, അക്ഷൈഃ വാ ദീവ്യതി’ (അക്ഷങ്ങളെ അല്ലെങ്കില്‍ ചൂതുകളെ അഥവാ അക്ഷങ്ങള്‍കൊണ്ടു വിളയാടുന്നു (ചൂതുകളിക്കുന്നു). പിത്രാ പിതരം വാ സഞ്ജാനീതേ, കാരയതി ഭൃത്യേന ഭൃത്യം വാ ഘടം, ഭൃത്യനെക്കൊണ്ടല്ലെങ്കില്‍ ഭൃത്യനെ ഘടത്തെ ചെയ്യിക്കുന്നു. ചതുര്‍ത്ഥീവിഭക്തി സമ്പ്രദാനാര്‍ത്ഥത്തെയും ചിലേടത്തു ദ്വിതീയാവിഭക്തി ഉദ്ദേശാര്‍ത്ഥത്തെയും കാണിക്കുന്നു. ഉദാഹരണം-വിപ്രായ ഗാം ദദാതി – (ബ്രാഹ്മണന്നായി പശുവിനെ കൊടുക്കുന്നു), ഫലായ യതതേ (ഫലത്തിന്നായി യത്‌നിക്കുന്നു), ഹരയേ ക്രുദ്ധ്യതി (ഹരിയെ കോപിക്കുന്നു), പുഷ്പായ സ്പൃഹയതി (പുഷ്പത്തെ ആഗ്രഹിക്കുന്നു). അല്ലാതെയും ചിലയിടത്ത് ദ്വിതീയയും ചതുര്‍ത്ഥിയും ഒരേ അര്‍ത്ഥത്തില്‍ വരുന്നു. ഉദാഹരണം- ത്വാം തൃണം തൃണായ വാ ന മന്യേ (നിന്നെ പുല്ലായിട്ടുംകൂടെ അതായതു പുല്ലോളവുംകൂടെ വിചാരിക്കുന്നില്ല), ഗ്രാമം ഗ്രാമായ വാഗച്ഛതി (ഗ്രാമത്തിനു പോകുന്നു). അല്ലാതെയും ഒരിടത്തു തൃതീയാര്‍ത്ഥത്തിലും ചതുര്‍ത്ഥി വരും. ഉദാഹരണം-ശതേന ശതായ വാ പരിക്രീണതേ ഭൃത്യം (നൂറു നാണയം കൊണ്ടടിമയാക്കി വേലക്കാരനെ വാങ്ങിക്കുന്നു.)
തമിഴില്‍ മരുനിലം, പഴം മുതലായ അ റിണൈച്ചൊല്ലുകളിലും അന്ത്യമായ ‘അം’ എന്നത് സംസ്‌കൃതത്തിലുള്ള വനം, ഫലം മുതലായ നപുംസകലിംഗശബ്ദങ്ങളുടെ അന്ത്യത്തോടൊത്തിരിക്കുന്നു. ഈ യോജിപ്പു തമിഴില്‍നിന്നും സംസ്‌കൃതത്തിലായതാണെന്നു തോന്നുന്നു. എന്തെന്നാല്‍ നിലം, പഴം മുതലായ ശബ്ദങ്ങള്‍ തമിഴില്‍ പകാപ്പദങ്ങളായിരിക്കുന്നു. സംസ്‌കൃതത്തില്‍ പ്രഥമാവിഭക്തി ഏകവചനപ്രത്യയമായി കാണപ്പെടുന്നു. പ്രത്യയത്തോടുകൂടാതെ ഉപയോഗപ്പെടുന്ന ശബ്ദങ്ങള്‍ക്കു യുക്ത്യനുസരണമായി പ്രത്യയം ഏര്‍പ്പെടുത്തി ആ പ്രത്യയത്തെ മറുപടിയും ലോപിപ്പിച്ചിരിക്കുന്നു. ഉദാഹരണം- വാരി (ജലം), മധു (തേന്‍) മുതലായ ശബ്ദങ്ങള്‍ യാതൊരു പ്രത്യയവും ചേരാതെതന്നെ പ്രഥമൈക വചനലക്ഷണമായിത്തന്നെ ഇരിക്കുന്നു. അപ്രകാരം ഫലം, വനം മുതലായ ശബ്ദങ്ങള്‍ പ്രത്യയം ചേരാതിരിക്കെ ‘അമ്’ എന്നതിനെ പ്രത്യയമായി പിരിച്ച് വന, ഫല മുതലായവയെ അടയാളമായി ഏര്‍പ്പെടുത്തി എന്നൂഹിക്കാം.
രമു ക്രീഡായാം, ഇതിലെ രമ് എന്നതു ധാതുവാണ് (പകുതി), ക്രീഡയെന്നത് ഇതിന്റെ അര്‍ത്ഥം. രമു എന്ന ധാതു ക്രീഡായാം (വിളയാട്ട്) എന്ന അര്‍ത്ഥത്തോടുകൂടിയതാകുന്നു. ഈ ധാതുവിനെ വിഭാഗിക്കുമ്പോള്‍ രമ്+ഉ എന്നാകും- ഇതിലെ ഉ എന്നത് ‘ഉപദേശേജനുനാസിക ഇത്'(പാ.സൂ. 1-3-2) ഉപദേശത്തില്‍ (ആഗമം, ആദേശം, ധാതു, പ്രത്യയം മുതലായവ ഉപദേശിക്കപ്പെടുമ്പോള്‍1) അനുനാസികമായിരിക്കുന്ന അച്ച് ഇത്താകും എന്ന സൂത്രത്താല്‍ ഇത്തായി ലോപിച്ചു പോകയാല്‍ രമ് എന്നുമാത്രം ഇരിക്കവേ കരണാധികരണയോശ്ച (3-3-117) എന്ന അധികാരത്തിലുള്ള ഹലശ്ച (പാ സു. 3-3-121) ഹലന്തമായിരിക്കുന്ന ധാതുവിലിരുന്ന് അധികാരാര്‍ത്ഥത്തില്‍ (ഇരിപ്പിടമെന്ന അര്‍ത്ഥത്തില്‍) ഘഞ് പ്രത്യയം വരും എന്ന സൂത്രത്താല്‍ ഘഞ് വന്നു. രമ്+ഘഞ് എന്നായി. പകുത്തുനോക്കുമ്പോള്‍ രമ്+ഘ്+അ+ന്‍ എന്നായി. ഇവയില്‍ ‘ലശക്വതദ്ധിതേ’ (1-3-8) തദ്ധിതപ്രത്യയത്തെ വിട്ടു വേറെവരുന്ന പ്രത്യയങ്ങളുടെ ആദ്യാവയവങ്ങളായിരിക്കുന്ന ലകാരം ശകാരം കവര്‍ഗ്ഗം ഇവ ഇത്തുകളായി ഭവിക്കും എന്ന സൂത്രത്താല്‍ ഘ് എന്നതും ഹലന്ത്യം (പാ. സൂ. 1-3-3) (ഉപദേശത്തില്‍ അന്ത്യമായിരിക്കുന്ന ഹല് ഇത്തായിത്തീരും) എന്ന സൂത്രത്താല്‍ ഞ് എന്നതും ഇത്തുകളായിത്തീര്‍പ്പോള്‍ തസ്യ ലോപഃ (പാ. സൂ. 1-3-9) (ഇത്തെന്നുള്ള സംജ്ഞ ഏതിന്നു വിധിക്കപ്പെടുന്നുവോ അതിനു ലോപം വരും) എന്ന സൂത്രത്താല്‍ ഇത് സംജ്ഞകളായ ഘ്, ഞ് ഇവയ്ക്ക് ലോപം (അദര്‍ശനം) വന്ന് പൊയ്‌പോയി. അകാരം ശേഷിക്കയും ചെയ്തു. രമ്+അ എന്നിരിക്കെ അത ഉപധായാഃ (പാ. സൂ. 1-2-116) ഉപധയെന്നത് അവസാനത്തിന്റെ മുമ്പിലിരിക്കുന്ന അക്ഷരമാണ്. ഇവിടെ അകാരത്തിനു വൃദ്ധിവന്നു. രാമ്+അ=രാമ എന്നായി. ഇതിന് കൃത്തദ്ധിതസമാസാശ്ച (പാ. സൂ. 1-2-46) (കൃത്പ്രത്യയാന്തവും തദ്ധിതാന്തവും സമാസവും പ്രാതിപദികമാവും) എന്ന സൂത്രത്താല്‍ പ്രാതിപദികത്വം സിദ്ധിക്കും. രാമ എന്നത് അവ്യുല്‍പന്നമാണെന്നും ഒരു പക്ഷമുണ്ട്. ആ പക്ഷത്തില്‍ അര്‍ത്ഥവദ്ധാതുരപ്രത്യയഃ പ്രാതിപദികം (പാ. സൂ. 1-2-45) (അര്‍ത്ഥമുള്ളതായും ധാതു അല്ലാത്തതായും പ്രത്യയമല്ലാത്തതായും ഇരിക്കുന്ന ശബ്ദം പ്രാതിപദികമാകും) എന്ന സൂത്രത്താല്‍ പ്രാതിപദികത്വം സിദ്ധിക്കും. സ്വൗജസമൗട്ഛഷ്ടാഭ്യാംഭിസ്‌ങേഭ്യാം ഭൃസ്ങസിഭ്യാംഭ്യസ്ങസോസാംങ്യോസ്സുപ് (4-1-2) പ്രാതിപദികത്തെക്കാള്‍ പരമായിട്ടു സ്വാദികളായിരിക്കുന്ന പ്രത്യയങ്ങള്‍ വരും. സ്വാദികളായ പ്രത്യയങ്ങള്‍ ഏവ എന്നാല്‍.
ഏക ദ്വി ബഹു
പ്രഥമ സു ഔ ജസ്
ദ്വിതീയാ അം ഔട് ശസ്
തൃതീയാ ടാ ഭ്യാം ഭിസ്
ചതുര്‍ത്ഥീ ങേ ഭ്യാം ഭ്യസ്
പഞ്ചമീ ങസി ഭ്യാം ഭ്യസ്
ഷഷ്ഠീ ങസ് ഓസ് ആം
സപ്തമീ ങി ഓസ് സുപ്
സുങസികളുടെ ഉ കാരവും ഇകാരവും ഇ് ശ് ട് ങ് പ് ഇവയും ഇത്തുകളാകയാല്‍ – ഇവയ്ക്കും വിഭക്തികളെന്നു പേര്‍. മുന്‍പറഞ്ഞപ്രകാരം എല്ലാ പ്രാതിപദികങ്ങളിന്മേലും ഇവയെ ചേര്‍ത്തുകൊള്ളണം. എങ്ങനെയെന്നാല്‍ – സു – എന്നതു പ്രഥമൈകവചന പ്രത്യയമാകയാല്‍ രാമ+സു എന്നിരിക്കെ വിഭാഗിക്കുമ്പോള്‍ രാമ+സ്+ഉ എന്നായി. ഉകാരം ഇത്തായി ലോപിച്ചു പോകയാല്‍ രാമ്+സ് എന്നിരിക്കെ സസജുഷോരുഃ (പാ. സൂ. 8-2-66) എന്ന സൂത്രത്താല്‍ സകാരത്തിനു രേഫവും (ര് എന്നും), ഖരവസാനയോഃ വിസര്‍ജ്ജനീയഃ (പാ. സൂ. 8-3-15) എന്ന സൂത്രത്താല്‍ രേഫത്തിനു വിസര്‍ഗ്ഗവും വന്നു രാമ+ഃ=രാമഃ എന്നു പ്രഥമൈകവചനാന്തം സിദ്ധിക്കും. ഔ എന്നത് പ്രഥമാദ്വിവചനപ്രത്യയമാകയാല്‍ രാമ+ഔ=രാമൗ എന്നായിത്തീരും. ഇങ്ങനെ പ്രഥമാദ്വിവചനാന്തപദം സിദ്ധിക്കും. രാമ്+ജ്+അസ് എന്നിരിക്കെ ജ് എന്നതു ലോപിച്ചു പോകുന്നതിനാല്‍ രാമ+അസ് എന്നായതിന്റെ ശേഷം പ്രഥമയോഃ പൂര്‍വ്വ സവര്‍ണ്ണഃ (പാ. സൂ. 6-1-102) എന്ന സൂത്രത്താല്‍ രാമശബ്ദത്തിന്റെ അകാരത്തിനും അസ് എന്നതിന്റെ അകാരത്തിനുംകൂടി ഒരു ദീര്‍ഘാകാരം വന്നു. രുത്വ വിസര്‍ഗ്ഗങ്ങള്‍ വരുമ്പോള്‍ രാമാഃ എന്നു പ്രഥമാ ബഹുവചനാന്തമായ രൂപം സിദ്ധിക്കും.
സംബോധനപ്രഥമൈകവചനപ്രത്യയവും സ് ആകയാല്‍ രാമ+സ് എന്നിരിക്കെ ഏങ് ഹ്രസ്വാത് സംബുദ്ധേഃ (പാ. സൂ. 6-1-69) എന്ന സൂത്രത്താല്‍ സംബോധനപ്രഥമയുടെ ഏകവചനമായി സംബുദ്ധി എന്നു പേരുള്ള സ് എന്നതു ലോപിച്ച് രാമ എന്നാകും. ഇതിന്റെ ദ്വിവചനവും ബഹുവചനവും മുമ്പു പ്രഥമയില്‍ കാണിച്ച ദ്വിബഹുവചനങ്ങള്‍പോലെതന്നെയാണ്. ഔ, ജസ് ഇവ ചേര്‍ന്നു രാമൗ, രാമാഃ എന്നും രൂപങ്ങള്‍ സിദ്ധിക്കും. ഈ മൂന്നുവചനങ്ങളുടെ ആദിയില്‍ സംബോധനത്തിന് അടയാളമായ വേറൊരു ശബ്ദമായ ഹേ എന്നതിനെ ചേര്‍ത്തു ഹേ രാമ, ഹേ രാമൗ, ഹേ രാമാഃ എന്നു സ്വീകരിച്ചുകൊള്ളുന്നു.
അമ് എന്നത് ദ്വിതീയൈകവചന പ്രത്യയമാകയാല്‍ രാമ+അമ് എന്നിരിക്കെ അമി പൂര്‍വഃ (പാ.സൂ. 6-1-10) എന്ന സൂത്രത്താല്‍ രാമ ശബ്ദത്തിന്റെ അകാരത്തിനും അമ് പ്രത്യയത്തിലെ അകാരത്തിനും കൂടി ഒരു അകാരം ആദേശമായി വന്നു രാമ്+അ+മ്=രാമം എന്നു ദ്വിതീയൈകവചനാന്തമായി രൂപം സിദ്ധിക്കും. ഇതിന്റെ ദ്വിവചനപ്രത്യയം ഔട് ആകയാല്‍ രാമ+ ഔട് എന്നിരിക്കെ ട് എന്നതു ലോപിച്ചുപോകുമ്പോള്‍ രാമ+ഔ എന്നായിട്ടു പ്രഥമാദ്വിവചനത്തിലെപ്പോലെ രാമൗ എന്നുള്ള ദ്വിതീയാ ദ്വിവചനാന്തമായ രൂപം സിദ്ധിക്കും.
‘ശസ്’ എന്നത് ദ്വിതീയാബഹുവചനപ്രത്യയമാകയാല്‍ രാമ+ശസ് എന്നിരിക്കെ ശ് എന്നതു ലോപിച്ച് രാമ+അസ് എന്നായി പ്രഥമയോഃ പൂര്‍വ്വസവര്‍ണ്ണഃ എന്ന സൂത്രത്താല്‍ സവര്‍ണ്ണദീര്‍ഘം വന്നു രാമ്+ആ+സ്=രാമാസ് എന്നിരിക്കെ തസ്മാഛസോ നഃ പുംസി (6-1-103) എന്ന സൂത്രത്താല്‍ സ് എന്നതിന് ‘ന്‍’ എന്ന ആദേശം വന്ന്, രാമാന്‍ എന്ന ദ്വിതീയാ ബഹുവചനാന്തമായ രൂപം സിദ്ധിക്കും.
ടാ എന്നത് തൃതീയൈകവചനപ്രത്യയമാകയാല്‍ രാമ+ടാ എന്നിരിക്കേ ട് എന്നതിനു ലോപം വന്നു രാമ+ആ എന്നായപ്പോള്‍ ടാങ്ങസിങസാമിനാത്സ്യാഃ (7-1-12) എന്ന സൂത്രത്താല്‍ ആ എന്നതിന് ഇന എന്ന ആദേശം വന്നു. രാമ+ഇന എന്നിരിക്കെ, ആദ്ഗുണഃ (6-7-87) ഈ സൂത്രത്താല്‍ അ ഇ ഇവ രണ്ടിനും കൂടി ഒരു ഏകാരം വന്നു രാമ്+ഏ+ന=രാമ്+ഏ+ന്+അ എന്നിരിക്കെ, അട്കുപ്‌വാങ്‌നും വ്യവായേപി (8-4-2) എന്ന സൂത്രത്താല്‍ ന്‍ എന്നതു ണ്‍ എന്നായി രാമ്+ഏ+ണ്‍+അ=രാമേണ എന്നു തൃതീയൈക വചനാന്തമായ രൂപം സിദ്ധിക്കും.
ഭ്യാം എന്നതു തൃതീയാദ്വിവചനപ്രത്യയമാകയാല്‍ രാമ+ഭ്യാം=രാമ്+അ+ഭ്യാം സുപി ച (7-3-102) എന്ന സൂത്രത്താല്‍ അകാരത്തിനു ദീര്‍ഘം ആദേശമായിട്ടു വന്നു. രാമ്+ആ+ഭ്യാം=രാമാഭ്യാം എന്നു തൃതീയാദ്വിവചനാന്തരൂപം സിദ്ധിക്കും.
ഭിസ് എന്നതു തൃതീയാബഹുവചനപ്രത്യയമാകയാല്‍ രാമ+ഭിസ് എന്നിരിക്കെ അതോ ഭിസ ഐസ് (7-1-9) എന്ന സൂത്രത്താല്‍ ഭിസ് എന്നതിന് ഐസ് എന്ന ആദേശം വന്നു രാമ+ഐസ്=രാമ്+അ+ഐസ് എന്നായപ്പോള്‍, വൃദ്ധിരേചി എന്ന സൂത്രത്താല്‍ അ ഐ ഇവയ്ക്ക് ഏകാദേശമായിട്ട് ഐകാരം വന്നു; രാമ്+ഐ+സ്=രാമൈസ് എന്നായതിന്റെ ശേഷം രുത്വവിസര്‍ഗ്ഗങ്ങള്‍ വന്ന് രാമൈഃ എന്ന് തൃതീയാ ബഹുവചനാന്തരൂപം സിദ്ധിക്കും. ങേ എന്നത് ചതുര്‍ത്ഥിയുടെ ഏകവചനപ്രത്യയമാകയാല്‍ രാമ+ങേ എന്നിരിക്കുമ്പോള്‍ ങേര്യഃ (7-1-13) എന്ന സൂത്രത്താല്‍ ങേ എന്നതിന് യ എന്ന ആദേശം വന്നു രാമ+യ=രാമ്+അ+യ എന്നായി. സുപിച എന്ന സൂത്രത്താല്‍ അ എന്നതിന് ദീര്‍ഘം ആദേശമായിട്ടു വന്നു, രാമ്+ആ+യ=രാമായ എന്ന് ചതുര്‍ത്ഥ്യെകവചനാന്ത രൂപം സിദ്ധിക്കും.
ചതുര്‍ത്ഥിദ്വിവചനത്തിന്റെ പ്രക്രിയകളെല്ലാം തൃതീയാദ്വിവചനത്തിന്റേതുപോലെ തന്നെയിരിക്കും.
ഭ്യസ് എന്നത് ചതുര്‍ത്ഥീബഹുവചന പ്രത്യയമാകയാല്‍ രാമ+ഭ്യസ്=രാമ്+അ+ഭ്യസ് എന്നിരിക്കെ ബഹുവചനേ ഝല്യേത് (7-3-103) എന്ന സൂത്രത്താല്‍ അ എന്നതിന് ഏ എന്ന ആദേശം വന്നു രാമ്+ഏ+ഭ്യസ് എന്നായ ശേഷം രുത്വവിസര്‍ഗ്ഗങ്ങള്‍ വന്നു രാമേഭ്യഃ എന്ന് ചതുര്‍ത്ഥീ ബഹുവചനാന്തമായ രൂപം സിദ്ധിക്കും.
ങസി എന്നത് പഞ്ചമ്യേകവചനപ്രത്യയമാകയാല്‍ രാമ+ങസി എന്നിരിക്കെ ടാങസിങസാമിനാത്സ്യാഃ എന്ന സൂത്രത്താല്‍ ആല്‍ എന്ന ആദേശം വന്നു. രാമ+ആല്‍=രാമ്+അ+ആല്‍ എന്നായി. അകസ്സവര്‍ണ്ണേദീര്‍ഘഃ (6-1-101) എന്ന സൂത്രത്താല്‍ അ ആ ഇതുകള്‍ക്കു രണ്ടുംകൂടി ആ എന്ന ഒരക്ഷരം ആദേശമായി വന്നു രാമ്+ആ+ല്‍=രാമാല്‍ എന്നും വാവസാനേ (8-4-56) എന്ന സൂത്രത്താല്‍ രാമാല്‍, രാമാദ് എന്നു രണ്ടു രൂപങ്ങളും അനചി ച (8-4-47) എന്ന സൂത്രത്താല്‍ ദിത്വം വന്നു രാമാത്ത്, രാമാദ്ദ് എന്നു രണ്ടു രൂപങ്ങളും രാമാത്, രാമാദ് എന്നിങ്ങനെ നാലു രൂപങ്ങളായിട്ടും വരും. ഇപ്രകാരം പഞ്ചമ്യേകവചനാന്തരൂപം സിദ്ധിക്കും.
പഞ്ചമീദ്വിവചനബഹുവചനങ്ങള്‍ക്കു ചതുര്‍ത്ഥീ ദ്വിവചനബഹുവചനങ്ങളുടേതുപോലെ തന്നെ പ്രക്രിയ എന്നറിഞ്ഞുകൊള്ളണം.
ങസ് എന്നത് ഷഷ്‌ഠ്യേകവചനപ്രത്യയമാകയാല്‍ രാമ+ങസ് എന്നിരിക്കെ ടാങസിങസാമിനാത്സ്യാഃ എന്ന സൂത്രത്താല്‍ ങസ് എന്നതിനു സ്യ എന്നുള്ള ആദേശം വന്ന് രാമ+സ്യ=രാമസ്യ എന്നു ഷഷ്‌ഠ്യേകവചനാന്തമായ രൂപം സിദ്ധിക്കും.
ഓസ് എന്നത് ഷഷ്ഠീദ്വിവചനപ്രത്യയമാകയാല്‍ രാമ+ഓസ്=രാമ്+അ+ഓസ് എന്നിരിക്കെ ഓസിച (7-3-104) എന്ന സൂത്രത്താല്‍ അ എന്നതിന് ഏ എന്ന മാറ്റം സംഭവിച്ചു രാമ്+ഏ+ഓസ് എന്നാകും. ഏചോയവായാവഃ (6-1-78) എന്ന സൂത്രത്താല്‍ ഏ എന്നതിന് അയ് എന്ന ആദേശം വന്നു രാമ്+അയ്+ഓസ്=രാമയോസ് എന്നും രുത്വവിസര്‍ഗ്ഗങ്ങള്‍ വന്നിട്ട് രാമയോഃ എന്നും ഷഷ്ഠീദ്വിവചനാന്തരൂപം സിദ്ധിക്കും.
ആമ് എന്നത് ഷഷ്ഠീബഹുവചനപ്രത്യയമാകയാല്‍ രാമ+ആമ് എന്നിരിക്കെ ഹ്രസ്വനദ്യാപോനുട് (7-1-54) എന്ന സൂത്രത്താല്‍ ആമ് എന്നതിനു മുമ്പുഭാഗത്ത് ന് എന്ന ആഗമം വന്നു രാമ+ന്+ആമ്=രാമ്+അ+ന്+ആമ് എന്നാകും. നാമി (6-4-3) എന്ന സൂത്രത്താല്‍ അ എന്നതിനു ദീര്‍ഘം വന്നു രാമ്+ആ+ന്+ആമ് എന്നും അട്കുപ്വാങ്‌നുമ്‌വ്യവായേപി എന്ന സൂത്രത്താല്‍ ന് എന്നതിന് ണത്വം വന്നു രാമ്+ആ+ണ്‍+ആം എന്നു സന്ധി ചെയ്യുമ്പോള്‍ രാമാണാം എന്നും ഷഷ്ഠീബഹുവചനാന്തമായ രൂപം സിദ്ധിക്കും.
ങി എന്നത് സപ്തമ്യേകവചനപ്രത്യയമാകയാല്‍ രാമ+ങി=രാമ്+അ+ങ്+ഇ എന്നിരിക്കെ ങ് എന്നതു ലോപിച്ചുപോകുകയും രാമ്+അ+ഇ എന്നാകയും ആദ്ഗുണഃ എന്ന സൂത്രത്താല്‍ അകാരത്തിനും ഇകാരത്തിനും കൂടിച്ചേര്‍ന്ന് ഏകാരം ഗുണമായിട്ടു വന്നു രാമ്+ഏ=രാമേ എന്നു സപ്തമ്യേകവചനാന്തരൂപം സിദ്ധിക്കുകയും ചെയ്യും.
ഓസ് എന്ന സപ്തമീദ്വിവചനത്തിനു ഷഷ്ഠീ ദ്വിവചനം പോലെ.
സുപ് എന്നത് സപ്തമീ ബഹുവചനപ്രത്യയമാകയാല്‍ രാമ+സുപ് എന്നിരിക്കെ പ് എന്നതു ലോപിച്ചതിന്റെ ശേഷം രാമ്+അ+സു എന്നായി. അപ്പോള്‍ ബഹുവചനേ ഝല്യേത് എന്ന സൂത്രത്താല്‍ അകാരത്തിന് ഏകാരം ആദേശമായി വന്ന് രാമ്+ഏ+സു=രാമ്+ഏ+സ്+ഉ എന്നിരിക്കും. അപദാന്തസ്യമൂര്‍ദ്ധന്യഃ (8-3-55) എന്നും ഇണ്‍കോഃ (8-3-57) എന്നുമുള്ള സൂത്രങ്ങളാലും സ് എന്നതിന് ഷ് എന്നു മൂര്‍ദ്ധന്യമായ ആദേശം വന്നു രാമ്+ഏ+ഷ്+ഉ=രാമേഷു എന്നു സപ്തമീ ബഹുവചനാന്തമായ രൂപം സിദ്ധിക്കും.
അടിക്കുറിപ്പുകള്‍
1. പാണിനി തുടങ്ങിയ ആദ്യാചാര്യന്മാര്‍ ഉച്ചരിച്ചതിനെയാണ് ഉപദേശം എന്നു പറയുക.