അദ്ധ്യായം പത്ത്
ഹിന്ദുസ്ഥാനി തുടങ്ങിയ മേല്‍വിവരിച്ച ഭാഷകളിലെ അക്ഷരമാലകള്‍ അധികവും ഉത്ഭവമുറയെ ആദരിക്കുന്നവയായും വര്‍ണ്ണസംഖ്യകൊണ്ട് ദീര്‍ഘിക്കാത്തവയായും ലിപികളുടെ ഉച്ചാരണരീതികൊണ്ടും മറ്റും അപരിഷ്‌കൃതഭാവത്തെ സൂചിപ്പിക്കുന്നവയായും ഇരിക്കുന്നു. തമിഴങ്ങനെയല്ല. തമിഴിന്റെ പൂര്‍വ്വരൂപം ആ വിധമിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അക്ഷരങ്ങളുടെ ഉച്ചാരണം അവയുടെ ഉപയോഗകാര്യത്തെ അതിക്രമിച്ച് അധികമായി സ്വീകരിക്കുന്ന ഭാഷ ഏതോ അതു മിക്കവാറും അപരിഷ്‌കൃതമെന്നൂഹിക്കാം. ഈ പ്രകൃതത്തില്‍ പരീക്ഷണത്തിന് ഉപലക്ഷണരൂപമായി അകാരത്തിനെ തന്നെ എടുക്കാം. അകാരം, അഥവാ അതിന്റെ സ്ഥാനി, എല്ലാഭാഷകളുടെയും ആദ്യ ലിപിയായിരിക്കുന്നു. ഇതിന്റെ ഉപയോഗം സാധാരണയായി ‘അ’ എന്ന ശബ്ദത്തെ ആവശ്യമുള്ളിടത്ത് വെളിവാക്കുന്നതാകുന്നു. ഇത്രമാത്രം കൊണ്ട് ഈ അക്ഷരത്തിന്റെ പ്രയോജനം ഏകദേശം അവസാനിക്കുന്നുവെന്ന് പറയാം. ഈ പ്രയോജനപരിധിയെക്കടന്ന് ‘അലീഫ്’ ‘അല്‍ഫ്’ എന്നിങ്ങനെ അറബു മുതലായ ഭാഷകളില്‍ ഉച്ചാരണം നീണ്ടുപോകുന്നു. ഇതുപോലെ തന്നെ ‘കേഫ്’, ‘ളാഫ്’, ‘സീന്’, ‘എഫ്’, ‘ഇസഡ്’ മുതലായ അക്ഷരങ്ങളും സ്വസ്വരൂപത്തെക്കവിഞ്ഞ് ശബ്ദങ്ങളെക്കൂടി സ്വാംശത്തില്‍ ഏച്ചുവച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള വര്‍ണ്ണങ്ങളെ സംഗ്രഹിക്കുന്ന അപരിഷ്‌കൃതഭാഷയാണ് പ്രാചീനമായിരിക്കാന്‍ എളുപ്പം. ഈ ജാതി അക്ഷരങ്ങളില്‍ ഉപയോജ്യങ്ങളായ അംശങ്ങളെ മാത്രം പിരിച്ചെടുത്ത്, ബാക്കിയുള്ളവയെ തള്ളി, പരിഷ്‌കരിച്ചതായിരിക്കണം തമിഴ് തുടങ്ങിയ ഭാഷകളിലെ അക്ഷരമാലകള്‍-അതുകൊണ്ട് ആദിഭാഷയെന്നു വ്യവസ്ഥാപിക്കാമെന്നു തോന്നുന്നില്ല. ഇപ്രകാരം കാര്യകാരണ പ്രസ്താവപൂര്‍വ്വം ചില ഭാഷാഭിജ്ഞന്മാര്‍ ചെയ്‌തേക്കാവുന്ന പൂര്‍വപക്ഷങ്ങളെക്കുറിച്ചു കൂടി ഇവിടെ ചിന്തിക്കേണ്ടതായുണ്ട്.
തമിഴ്, ഹിന്ദുസ്ഥാനി മുതലായ ഭാഷകളില്‍ ഒന്നിന്റെ പരിഷ്‌കൃതരൂപമെന്ന് അനുമിക്കുന്നത് തീരെ സാഹസമാണ്. തമിഴിന്റെ മാതൃഭാഷയായ മൂലദ്രാവിഡത്തിലും അക്ഷരങ്ങള്‍ ഉപയോഗത്തെക്കവിഞ്ഞുള്ള ഉച്ചാരണത്തോടുകൂടിയും മറ്റും ഇരുന്നുവെന്നും ഇരിക്കുന്നുവെന്നും തെളിയിക്കാന്‍ വിഷമമില്ല. അ മുതലായ അക്ഷരങ്ങളെ തമിഴുദേശങ്ങളില്‍ ചിലയിടത്ത്.
‘അ-ആന’, ‘ആവന്ന’;
‘ഇ-ഈന’, ‘ഈയന്ന;’
‘ക-ആന’ ‘കാവന്ന’ എന്നും ചിലയിടത്തു
‘ആന’, ‘ആന-ആന’
‘ഈയന’, ‘ഈയന’, ‘ഈയന’;
‘കാന’, ‘കാന’, ‘കാന’;
‘കീന, കീയന കീയന’; ഇങ്ങനെയും ചിലയിടത്ത്
‘കാന’, ‘കാവന്ന’;
‘കീന’, ‘കീയന്ന’ ഇങ്ങനെയും ആകുന്നു ഉച്ചരിക്കാറുള്ളത്.1 ഇനി പ്രഥമവും പ്രധാനവുമെന്ന് പൂര്‍വ്വവാദി സമ്മതിക്കുന്ന അകാരത്തിന്റെ കാരണം, ഉല്പത്തി, ഉച്ചാരണസമ്പ്രദായം മുതലായ എല്ലാ വിവരവും മൂലദ്രാവിഡത്തില്‍ മുന്‍പ് എങ്ങനെയായിരുന്നുവെന്ന് വ്യക്തമാകുമ്പോള്‍ ആശങ്ക തീരെ ശമിക്കും. അതായത് ഓഷ്ഠാധരങ്ങളെ ഒരുമിച്ചു ചേര്‍ത്തു വാ മൂടിയും ശബ്ദിക്കാതെയും ഉള്ള ഇരുപ്പിന് മൗനമെന്നു നാമവും ‘മ്’ എന്നുള്ളത് അതിന്റെ രൂപവും എന്നു മുമ്പില്‍ പറഞ്ഞുവല്ലോ. ഈ ഒരുമിച്ചു ചേര്‍ത്തിരിക്കുന്ന ഓഷ്ഠാധരങ്ങളെ വേര്‍പ്പെടുത്തി വായ് തുറന്നു ‘മ്’ എന്നതിന് ഒഴിക്കുന്നതായ പ്രയത്‌നത്തിന് മ്+ഒഴി=മൊഴി എന്നു മുമ്പ് പറഞ്ഞുവല്ലോ. മൗനത്തെ (മ്+എന്നതിനെ) ഒഴിച്ചുവിട്ടാല്‍ അടുത്തപോലെ ജന്തുക്കളുടെ യോനിസ്ഥാനങ്ങളായ ലിംഗഭഗങ്ങളുടെ സംയോഗരൂപത്തെ നേരിട്ടു കാണിക്കുന്നതും, നാദരൂപംകൊണ്ടു ശബ്ദിക്കുന്നതും, ആദ്യക്ഷരവുമായ അകാരം (അ എന്ന അക്ഷരം) ആവിര്‍ഭവിക്കും. ഇത് തമിഴക്ഷരങ്ങളില്‍ ആദ്യക്ഷരമായ അകാരമാകുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ അകാരമാകട്ടെ ഇപ്രകാരം മേലും കീഴും രണ്ടു പങ്കുകളോടുകൂടിയതായിരിക്കും. ഈ രണ്ടു പങ്കുകളും ഒന്നായിച്ചേര്‍ന്ന് ഇങ്ങനെ അകാരമായിരിക്കുമ്പോള്‍ മേല്‍ പങ്കു പുല്ലിംഗമെന്നും കീഴ്പങ്ക് സ്ത്രീലിംഗമെന്നും പറയപ്പെടും. ഈ രണ്ടു പങ്കുകളേയും വെവ്വേറായിപ്പിരിച്ചു നോക്കിയാല്‍ അവ രണ്ടും തനിത്തനിയെ അകാരമാവുകയില്ല. അതുകൊണ്ട് അകാരമേ ഇല്ലാതായിട്ട്, മേല്‍പങ്കിന് ലിംഗത്വം സിദ്ധിക്കാതെയും വ്യവഹാര ശക്തിയില്ലാതെയും മൗനദ്വാരേണ അതീതപ്പെട്ടിരിക്കുമെന്നു വരികിലും അതിന് ചപൂരം, ചപൂതം, അനാദി, ബിന്ദു, മൗനം, വട്ടം എന്നു പല നാമങ്ങളുണ്ട്. അപ്രകാരം തന്നെ കീഴ്പങ്കിന് സ്ത്രീലിംഗത്വമില്ലാതെയാകുമെങ്കിലും അതിന് അലിപ്പാലെന്ന് ഒരു നാമമുണ്ട്. എങ്ങനെയെന്നാല്‍ ചപൂരം, അലിപ്പാല്‍ എന്നുള്ള രണ്ടു പങ്കും ചേര്‍ന്ന് അകാരമായി അക്ഷരപ്രപഞ്ചത്തിന്റെ ജനകജനനീഭാവത്തോടു കൂടിയിരിക്കുമ്പോള്‍ മാത്രമേ പുല്ലിംഗത്വവും സ്ത്രീലിംഗത്വവും അതുകള്‍ക്ക് ഉണ്ടായിരിക്കയുള്ളൂ. അല്ലാതെ ഇല്ല, എന്നതിനാല്‍ വിട്ടുപിരിഞ്ഞ കീഴ്പങ്കിന് പുരുഷന്‍, സ്ത്രീ ഇവ രണ്ടുമല്ലാത്തതെന്നുള്ള (നപുംസകമെന്ന) അര്‍ത്ഥം സിദ്ധിക്കുന്നതായ അ-ഇലി എന്ന ശബ്ദം തന്നെ വരെവരെ2 ലോപിച്ച് അലി എന്നും അതിനോട് പാല്‍-ച്ചൊല്ല് (ലിംഗശബ്ദം) അലിപ്പാലെന്നും അഭിധാനമുള്ളതായി വിവരിച്ചുകാണുന്നു.
മുതലെഴുത്താമകരമിരുപങ്കെയാകും
മൂലമാന മേര്‍പങ്കെ ആണ്‍പാലാകും
കതിവിലക്കുകീഴ്പങ്കു പെണ്‍പാലാകും
കലര്‍ത്തല്‍ വിട്ട് മേര്‍പങ്കേ ചപൂരമാകും
ആകുമെടാ ചൊല്‍വതേത്താന്‍ ഉറ്റുകേളേ
അകാരമെന്നുമെഴുത്തിലാം അരുഞ്ചീര്‍ത്തന്മൈ
ആരായ്ന്ത് കലര്‍ത്തല്‍ വിട്ടകീഴ്പങ്കൈപ്പാര്
അലിപ്പാലെന്റാതിനാതരമെയ്ത്തിട്ടാരെ
മോനത്തെയൊഴിത്തുവൈത്തപടിയിനാലെ
മൊഴിയെനവും വൈത്തപടിയിനാലെ(അകത്തിയര്‍ ശിവയോകം)3
ഇവിടെ അക്ഷരം, ഉച്ചാരണം, ഭാഷ ഇവയെക്കുറിച്ച് വിവരിക്കുന്നതിനിടയ്ക്ക് ലിംഗഭഗസംയോഗരൂപ വിഷയത്തെക്കൂടികൊണ്ട് ചേര്‍ത്തതെന്തിന്? എന്നാണെങ്കില്‍, പരബ്രഹ്മം മൂലപ്രകൃതിയോടു ചേര്‍ന്ന് പ്രപഞ്ചമുണ്ടായതുകൊണ്ട്, അതായത് പ്രപഞ്ചത്തിന്റെ ജനകജനനീഭാവത്തോടുകൂടിയിരുന്നതുകൊണ്ട് മാത്രമാണ് ബ്രഹ്മത്തിനും പ്രകൃതിക്കും പുല്ലിംഗത്വവും സ്ത്രീലിംഗത്വവും സര്‍വ്വസൃഷ്ടിവല്ലഭത്വവും സിദ്ധിച്ചത്. അല്ലെങ്കില്‍ അങ്ങനെയൊരു കാര്യമേ ഇല്ല. അപ്രകാരം തന്നെ, പുരുഷന്‍ സ്ത്രീയോടുകൂടി ലിംഗഭഗസംയോഗരൂപത്തില്‍ രമിച്ച് സന്തതിപ്രപഞ്ചത്തിന്റെ ജനകജനനീഭാവത്തോടുകൂടി ഇരിക്കുന്നതായ ഏകകാരണത്താല്‍ മാത്രമാണ് അവര്‍ക്കും പുല്ലിംഗത്വം, സ്ത്രീലിംഗത്വം, ഉല്‍പ്പാദനവല്ലഭത്വം ഇവ സിദ്ധിച്ചത്. അല്ലെങ്കില്‍ സിദ്ധിക്കുകയില്ല.
ഇതിനു പ്രമാണം.
(1)
ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
നചേദേവം ദേവോനഖലുകുശലഃ സ്പന്ദിതുമപി4
അര്‍ഥം-അല്ലയോ ഭഗവതി, മംഗലസ്വരൂപനായ (പരബ്രഹ്മസ്വരൂപനായ) സൃഷ്ട്യാദികളാല്‍ വിഹരിക്കുന്ന പരമേശ്വരന്‍ നിര്‍മ്മാണാദിശക്തി സ്വരൂപിണിയായ ഭവതിയോടു ചേര്‍ന്നവനായിട്ടു ഭവിക്കുന്നുവെങ്കില്‍ പ്രപഞ്ചത്തെ സൃഷ്ടിക്കുവാനും മറ്റും സമര്‍ത്ഥനാകുന്നു. ഇപ്രകാരമല്ലെങ്കില്‍ (ശക്തിസ്വരൂപിണിയായ ഭവതിയോടു കൂടാത്തവനാണെങ്കില്‍, പരബ്രഹ്മസ്വരൂപനാകുന്ന പക്ഷം) അല്പംപോലും ഇളകാന്‍കൂടി സമര്‍ത്ഥനായിട്ടു ഭവിക്കുന്നില്ല തന്നെ. (പരബ്രഹ്മത്തിനു ക്രിയയോ വികാരമോ ഇല്ലെന്നു സാരം).
മാതൃകാദിമന്ത്രോദ്ധാരക്രമരഹസ്യാര്‍ത്ഥഃ
ശിവഃ- കകാരാദിക്ഷകാരാന്തോവര്‍ണ്ണസമൂഹഃ പഞ്ചവിംശദ്വര്‍ണ്ണാത്മകഃ, സമസ്തവ്യസ്തരൂപേണ ഷട്ത്രിംശത്തത്ത്വാത്മകഃ
ശക്തിഃ-അകാരാദിഷോഡശസ്വരസമൂഹഃ
ഷട്ത്രിംശത്തത്ത്വാത്മകോ വ്യഞ്ജനസമൂഹഃ ശിവഃ ഷോഡശസ്വരരൂപയാ ശക്ത്യാ യുക്തോ യദി ഭവതി തദാ പ്രഭവിതും വേദാദിവിദ്യാരൂപേണ ശബ്ദാര്‍ത്ഥസൃഷ്ടിം സ്പഷ്ടീകര്‍ത്തും ശക്തോ ഭവതി.
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി ന പടുഃതാല്വോഷ്ഠവ്യാപാരശൂന്യഃ അകിഞ്ചിത്കരഃ
2. ബിന്ദുത്രികോണവസുകോണദശാരയുഗ്മം എന്ന് ആരംഭിച്ച ശീചക്രവിധിശ്ലോകത്തിലെ ബിന്ദുത്രികോണം എന്നുള്ളതും ഇതിനെത്തന്നെ കാണിക്കുന്നു.5
ദൃഷ്ടാന്തം
മാതൃകാഹൃദയേ
കകാരാദിക്ഷകാരാന്തവര്‍ണ്ണാസ്‌തേശിവരൂപിണഃ
സമസ്തവ്യസ്തരൂപേണ ഷട്ത്രിംശത്തത്ത്വവിഗ്രഹാഃ
അകാരാദിവിസര്‍ഗ്ഗാന്താഃ സ്വരാഃ ഷോഡശശക്തയഃ
നിത്യാ ഷോഡശമാത്മാനഃ പരസ്പരമമീയുതാഃ
ശിവശക്തിമയാ വര്‍ണ്ണാഃ ശബ്ദാര്‍ത്ഥപ്രതിപാദകാഃ
ശിവഃ സ്വരപരാധീനോ നസ്വതന്ത്രഃ കദാപ്യസൗ
സ്വരാഃ സ്വതന്ത്രാ ജായന്തേ ന ശിവസ്തു കദാചന
‘സ്ഫുടശിവശക്തിസമാഗമബീജാങ്കുരരൂപിണീ പരാശക്തിഃ
അണുതരരൂപാനുതത്തരവിമര്‍ശലിപിലക്ഷ്യവിഗ്രഹാ ഭാതി’
(അനുത്തരലിപി=അ, വിമര്‍ശലിപി=ഹ)
‘സീതശോണ ബിന്ദുയുഗളം വിവിക്ത
ശിവശക്തിസങ്കുചത് പ്രസരം
വാഗര്‍ത്ഥസൃഷ്ടിഹേതുഃ പരസ്പരാ
നുപ്രവിഷ്ടവിസ്പഷ്ടം
സ്ഫുടിതാദരുണാദ് ബിന്ദോര്‍
ന്നാദബ്രഹ്മാങ്കുരോ രവോവ്യക്തഃ
തസ്മാദ് ഗഗനസമീരണ
ദഹനോദകഭൂമിവര്‍ണസംഭൂതിഃ’
‘അകാര സര്‍വ്വവര്‍ണ്ണാഗ്ര്യഃ
പ്രകാശഃ പരമഃ ശിവഃ
ഹകാരോന്ത്യകലാരൂപോ
വിമര്‍ശാഖ്യഃ പ്രകീര്‍ത്തിതഃ
ഉഭയോ സാമരസ്യംയത്
പരസ്മിന്നഹമി സ്ഫുടം’
മുകളില്‍ ഇടത്തും വലത്തുമായിട്ട് എഴുതിയിട്ടുള്ള ചിത്രങ്ങള്‍ ശിവലിംഗത്തിനേയും ബിന്ദുത്രികോണത്തിനേയും മുകളില്‍നിന്ന് ഒത്തനടുക്കുകൂടി കീഴ്‌പോട്ടു നോക്കുമ്പോള്‍ മുറയ്ക്കു കാണുന്ന പ്രകാരവും, അടിയില്‍ ഇടത്തും വലത്തുമായിട്ട് എഴുതിയിട്ടുള്ള ചിത്രങ്ങള്‍ അവയുടെ കൂര്‍ത്തഭാഗം വലത്തുവശമായിരിക്കേ അവയുടെ വലത്തുവശത്തുനിന്നു നോക്കുമ്പോള്‍ മുറയ്ക്കു കാണുന്ന പ്രകാരവും കാണിക്കുന്നു.
ആദിഭാഷയായ തമിഴിലെ ആദ്യക്ഷരത്തിന്റെ സ്വരൂപവും ഈ അര്‍ഥത്തില്‍ ഇപ്രകാരം തന്നെയാണെന്നും ഭൂലോകത്തുള്ള എല്ലാ ഭാഷകളുടേയും ആദ്യാക്ഷരങ്ങളുടെ സ്വരൂപങ്ങളും ഇതിനെ അനുസരിച്ച് പിന്‍തുടര്‍ന്നിരിക്കാനേ അവകാശമുള്ളൂ; ഇരിക്കുന്നുമുള്ളൂ എന്നും അറിയിക്കുന്നതിനത്രേ ഈ തത്ത്വത്തെ ഇവിടെ വെളിപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ഈ അകാരത്തിനെ ചൂണ്ടിപ്പറഞ്ഞിട്ടുള്ളതെല്ലാം നിശ്ചയമായിട്ടും ശരിയായിട്ടുള്ളതാകുന്നു എന്ന് ശരിയായി വിചാരിച്ചു നോക്കുന്ന ഏവര്‍ക്കും സമ്മതിക്കാതിരിപ്പാന്‍ പാടുള്ളതല്ല. എങ്കിലും കാലക്രമേണ ദേശങ്ങള്‍തോറും എഴുതിയെഴുതിവരവേ സംഭവിച്ചു പോയിട്ടുള്ള, പെട്ടെന്നു പ്രഥമദൃഷ്ടിയില്‍ തോന്നിയേക്കാവുന്ന ഭേദങ്ങള്‍ക്കു തല്‍ക്ഷണം സമാധാനത്തിനുവേണ്ടി, ഏതാനും ചില ഭാഷകളുടെയെങ്കിലും ആദ്യങ്ങളെക്കൂടി കാണിക്കുന്നതിനാല്‍, അവ പൊടുന്നനവേ ഓര്‍മ്മയില്‍ വരുന്നതിനായിട്ടു, അകാരങ്ങളുടെ, ഇനി പറയേണ്ടതായിരിക്കുന്ന ലിംഗഭഗസംയോഗസ്വരൂപത്തെക്കൂടി കാണിക്കുന്നതിനു പ്രധാനമായിട്ടു ആദിഭാഷയെന്നു ഇതുവരെ പറഞ്ഞുകൊണ്ടുവന്ന തമിഴിലെ അകാരത്തെത്തന്നെ ഒന്നുകൂടി ഇവിടെ ഉപയോഗപ്പെടുത്താം. അതായതു അകാരത്തിനു ഇങ്ങനെ മേലും കീഴുമായിട്ടു പുല്ലിംഗമെന്നും, സ്ത്രീലിംഗമെന്നും രണ്ടു വിഭാഗമുണ്ടെന്നു മുമ്പില്‍ പറഞ്ഞുവല്ലോ. അവയില്‍ മേല്‍വിഭാഗമായ പുല്ലിംഗത്തെ ലിംഗമെന്നും കീഴ്‌വിഭാഗമായ സ്ത്രീലിംഗത്തെ ഭഗമെന്നും അവ രണ്ടും ഒന്നിച്ചു ചേര്‍ന്ന് ഇങ്ങനെ ഏകമായിട്ടുള്ള ഇരിപ്പിനെ ലിംഗഭഗസംയോഗരൂപമെന്നും അറിയേണ്ടതാണ്.
എന്നാല്‍ അകാരം മുന്‍പറയപ്പെട്ട ആകൃതിയില്‍ അതിന്റെ പങ്കുകളായ ലിംഗഭഗങ്ങളോടുകൂടി ഇരിക്കുന്നുവെങ്കില്‍ അത് എല്ലാ ഭാഷകളിലും അപ്രകാരം ഒരേ ആകൃതിയില്‍ ഇരിക്കുന്നതിനുപകരം പലവിധം വ്യത്യാസങ്ങളുള്ളതായി പ്രഥമദൃഷ്ടിക്കു തോന്നത്തക്കവണ്ണം ഇരിക്കുന്നതെന്തുകൊണ്ട്? എന്നാണെങ്കില്‍, അക്ഷരങ്ങള്‍ ഒരേ പ്രകാരം അച്ചടിച്ചിട്ടുള്ള കോപ്പിപ്പുസ്തകം നോക്കി കുട്ടികള്‍ എഴുതിപ്പഠിക്കുന്നല്ലോ. ഇവര്‍ എഴുതുന്നതിനു ശീലിച്ചു കഴിയുമ്പോള്‍ ഇവരുടെ ഓരോരുത്തരുടേയും കയ്യക്ഷരം നമുക്ക് തിരിച്ചറിയത്തക്കവണ്ണം വ്യത്യാസത്തോടുകൂടിയിരിക്കുന്നു. ഇവര്‍ കണ്ടെഴുതിപ്പഠിച്ച കോപ്പി പുസ്തകങ്ങളിലാകട്ടെ യാതൊരു വ്യത്യാസവും കാണുന്നുമില്ല. ഇനിയും, അച്ചടിവിദ്യ നടപ്പില്ലാതിരുന്ന കാലങ്ങളിലുള്ള പലരുടെയും കയ്യെഴുത്തുഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ അവര്‍ ഓരോരുത്തരുടെയും അക്ഷരങ്ങള്‍ക്കു തമ്മില്‍ എത്രയെത്ര വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെടും. എന്നാല്‍ അകാരത്തിന്റെ മേല്പറയപ്പെട്ട വിവരം മനസ്സില്‍ വച്ചുകൊണ്ടു നോക്കുമ്പോള്‍ ഇന്ന പ്രകാരമെല്ലാം കൂടുതല്‍കുറവുവന്നുപോയിട്ട് ഇപ്രകാരം പലേവിധത്തില്‍ വ്യത്യാസമായി വന്നിട്ടുള്ളതാണെന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് അറിയാവുന്നതാണ്.
ഇന്ത്യയിലെന്നല്ല, വിശേഷിച്ചു ഈ ഭാഷയുണ്ടായ തിമിഴുനാട്ടില്‍ ഒരുസ്ഥലത്തുപോലും അകാരത്തിന്റെ ഈ രണ്ടവയവങ്ങളെ വ്യക്തമാക്കാതെ ഏകാകാരതയാ ‘അ’ എന്നുമാത്രം അക്ഷരരൂപകല്പനം ചെയ്തിരിക്കുന്നതെന്ത്? എന്നു ചോദിച്ചാല്‍ ഉത്തരോത്തരം വലിയ വിചിന്തനങ്ങള്‍ നടത്തി അതില്‍ നിഗൂഢമായിക്കിടന്ന മോക്ഷോപയോഗിത്വത്തേയും മറ്റും ദ്രാവിഡന്മാര്‍ കാലാന്തത്തില്‍ സാക്ഷാത്കരിച്ചതുകൊണ്ട് ലോകകാര്യത്തിനുപയുക്തമായവിധത്തെ മാത്രം വെളിയില്‍ക്കാട്ടി ഇതരത്തെ ഗോപനം ചെയ്തതാണെന്നു മറുപടി പറയാനേയുള്ളൂ. എങ്ങനെയെന്നാല്‍ കുട്ടികള്‍ ശൈശവാവസ്ഥയില്‍ അവരുടെ ഗൂഢപ്രദേശങ്ങളെ നിര്‍ലജ്ജം നഗ്നമാക്കി നടക്കുന്നതും എന്നാല്‍ അവയവങ്ങള്‍ പൂര്‍ണാവസ്ഥയെ പ്രാപിക്കുകയും അവയുടെ ഉപയോഗങ്ങള്‍ അറിയാറാവുകയും ചെയ്തുതുടങ്ങുമ്പോള്‍ അവര്‍ നിഷ്‌കര്‍ഷയാ വസ്ത്രധാരണത്താല്‍ നഗ്നതയെ മറയ്ക്കുന്നതും സ്വാഭാവികവും സര്‍വസാധാരണവുമാണല്ലോ.
മൂലദ്രാവിഡത്തിലെ അകാരം ഇങ്ങനെ രണ്ടംശങ്ങളോടുകൂടിയതായിരിക്കുന്നു. ഈ രണ്ടു ഭാഗങ്ങളും തമ്മില്‍ ചേരാതെ ഇരിക്കുമ്പോള്‍ മുകള്‍ ഭാഗത്തിനു ചപൂരമെന്നും കീഴ്പങ്കിനു അലിപ്പാല്‍ എന്നും അഭിധാനമുള്ളതായി വിവരിച്ചു കാണുന്നു. ഈ അലിപ്പാല്‍ എന്ന ശബ്ദത്തിന്റെ തദ്ഭവരൂപങ്ങളാണ് ‘അലീഫ്’ ‘ക്ലീബം’ ‘അല്‍ഫ’ ‘ഓലാഫ്’ മുതലായവ. ചപൂരത്തിനു ‘സഫ(ബ)ര്‍’ ‘ബിന്ദു’ ‘ഫ്‌തോ(പ്‌തോ)’ എന്നെല്ലാം ഹിന്ദുസ്ഥാനി മുതലായ ഭാഷകളില്‍ പേര്‍ പറയാറുണ്ട്. നോക്കുക-
അലീഫ് – സബ്ര്‍ അ ഹിന്ദുസ്ഥാനി അറബ്
ക്ലീബം – ബിന്ദു അ സംസ്‌കൃതം
അല്‍ഫ അ ലാറ്റിന്‍ ഗ്രീക്ക്
ഓലാഫ് (പ്‌തോ) അ ഹീബ്രു
മൂലദ്രാവിഡത്തിലെ മുറയനുസരിച്ച് ചപൂരം അലിപ്പാല്‍ – അലീഫ്, സഫ്ര്‍; ക്ലീബം, ബിന്ദു ഈ രണ്ടംശങ്ങള്‍ ചേര്‍ന്നിട്ടാണ് അകാരമുണ്ടാകുന്നതെന്ന് ഹിന്ദുസ്ഥാനി സംസ്‌കൃതം മുതലായ ഈ ഭാഷകളും സമ്മതിക്കുന്നു. എന്നാല്‍ മൂലദ്രാവിഡത്തിലെപ്പോലെ ചപൂരാദിസംജ്ഞകളുടെ വിവരണങ്ങളും മറ്റും ഇവയില്‍ കാണ്‍മാനില്ല. അതുകൊണ്ട് അറബു തുടങ്ങിയ ഭാഷകള്‍ അര്‍ത്ഥചിന്തനം കൂടാതെ ഈ സമ്പ്രദായത്തെ മൂലദ്രാവിഡത്തില്‍നിന്നും പകര്‍ത്തിയതാണെന്നേ അനുമിച്ചുകൂടൂ. മ്+ഒഴി=മൊഴി ഇങ്ങനെ അന്വര്‍ത്ഥമായ വാക്കുകളും ഇതരഭാഷകളില്‍ അപൂര്‍വമാണ്.
‘മോനത്തെ ഒഴിത്തലെന്റെപടിയിനാലെ മൊഴിയെനവും’ എന്ന പ്രമാണംകൊണ്ട് മൊഴിയെന്ന വാക്കിന്റെ സാര്‍ത്ഥക്യത്തെ ദ്രാവിഡഭാഷ വെളിവാക്കുന്നു. ഇതും പ്രകൃത്യനുഗുണമായ ഭാഷ മൂലദ്രാവിഡമാണെന്നുള്ള വാദത്തിന് ഉപോദ്ബലകമായിത്തന്നെ ഇരിക്കുന്നു.
ഹിന്ദുസ്ഥാനിയിലും മറ്റും ദ്രാവിഡത്തോടു സാദൃശ്യമില്ലാത്ത വിധം അക്ഷരങ്ങള്‍ കുറവായും ഉച്ചാരണഭേദത്തോടും പ്രഭവസ്ഥാനമുറതെറ്റിയും കാണുന്നു എങ്കില്‍ അതു കാലദേശകൃതമെന്നോ പരിഷ്‌കൃതിയുടെ ഫലമെന്നോ ഊഹിക്കാവുന്നതാണ്.
ഇത്രയുംകൊണ്ട് അനേകകാലം പലപല പരിഷ്‌കാരങ്ങള്‍ ചെന്ന് പരിപുഷ്ടമായി ശോഭിക്കുന്ന തമിഴിന്റെ പൂര്‍വ്വരൂപമായ മൂലദ്രാവിഡംതന്നെ ഇതരഭാഷകളുടെ ആദിമാതാവെന്നു വ്യക്തമായല്ലോ. പോരെങ്കില്‍ ഇവിടെ ജന്തൂല്‍പത്തിശാസ്ത്രത്തെ അനുസന്ധാനം ചെയ്യുമ്പോള്‍ ഈ അഭിപ്രായത്തിനു കുറേക്കൂടി സാംഗത്യമുണ്ടെന്നു കാണാം.
പ്രാണികളുടെ ഉദ്ഭവം അഥവാ വ്യക്തീഭാവം എപ്പോഴും ഒരു മാത്രാനിയമത്തെ അനുസരിക്കുന്ന ശീതോഷ്ണസംക്രമണത്തില്‍ നിന്നാണെന്നു നാം ഇന്നും അനേകം ഉദാഹരണങ്ങള്‍കൊണ്ട് അറിയുന്നുണ്ടല്ലോ- ഒരു ലോഷ്ടഖണ്ഡം ചൂടുപിടിപ്പിച്ച് നനവുള്ള ശീല കൊണ്ടു ചുറ്റിമൂടി അല്പനേരം വച്ചിരുന്നാല്‍ അതില്‍നിന്നു ഒരുമാതിരി അണുജീവികള്‍ ഉണ്ടാകുന്നത് ഈ പ്രകൃതത്തില്‍ ആരും അനുസ്മരിക്കാതിരിക്കയില്ല. ചിതല്‍, മൂട്ട മുതലായ ജന്തുക്കള്‍ ജനിക്കുന്നതിന് ഇപ്രകാരം ശീതോഷ്ണ സമ്മേളനജന്യമായ സ്വേദം തന്നെ കാരണമായി ഭവിക്കുന്നു. കൃത്രിമങ്ങളായ പ്രഭവസ്ഥാനങ്ങള്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പ് ശീതോഷ്ണങ്ങളെ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനു ഗര്‍ഭാശയമോ മറ്റു സാമഗ്രികളോ ഇല്ലാതിരുന്ന ആദിമ കാലത്ത് എല്ലാ ജീവാണുക്കളും വികസിക്കാന്‍ തുടങ്ങിയത് കേവലം ഭൂപ്രകൃതിയുടെ ഈമാതിരി ഉപചാരത്താലായിരിക്കണമെന്നു നമുക്കൂഹിക്കാം. എന്നാല്‍ ഭൂമിയുടെ എല്ലാഭാഗങ്ങളില്‍നിന്നും ഇത്തരം അനുകൂലോപചാരങ്ങള്‍ ലഭിച്ചുവെന്നു വരുന്നതല്ല. സൂര്യകിരണങ്ങളുടെ മിതമായ ആഭിമുഖ്യം സിദ്ധിക്കുന്ന ഭൂഭാഗം മാത്രമേ ഇതിലേക്കുപയുക്തമാകയുള്ളൂ. ഏതാദൃശയോഗ്യതയോടുകൂടിയ സ്ഥാനം ഭൂമിയില്‍ എവിടമായിരിക്കണമെന്നുള്ള പര്യാലോചനയില്‍ പ്രേക്ഷകന്മാര്‍ അന്യോന്യം വിയോജിച്ചു കാണുന്നു. ചിലര്‍ മദ്ധ്യ ഏഷ്യ എന്നു നിര്‍ദ്ദേശിക്കുന്നു. മറ്റു ചിലര്‍ ബ്രഹ്മാവര്‍ത്തമാണെന്നു പറയുന്നു. വേറൊരു കൂട്ടര്‍ ഉത്തരധ്രുവപ്രദേശമാണെന്നു വ്യവസ്ഥാപിക്കുന്നു. ഈ സ്ഥാനങ്ങള്‍ മനുഷ്യോത്പത്തിക്കു അനുയോജ്യങ്ങളാണോ എന്നു പരിശോധിക്കുമ്പോള്‍ ഉത്തരധ്രുവദേശങ്ങള്‍ അതിതണുപ്പുകൊണ്ടും മദ്ധ്യഏഷ്യ, ബ്രഹ്മാവര്‍ത്തം, മുതലായ ഭൂഭാഗങ്ങള്‍ വേണ്ടിടത്തേളമുള്ള ചൂടിന്റെ അഭാവംകൊണ്ടും അപര്യാപ്തങ്ങളെന്നു വന്നു പോകുന്നു.
പല്ലുയിരൈ മുന്നീന്റ മാതാവപ്പാ
പരിതിമുകംപെടുമിന്തപാര്‍താനപ്പാ
ചൊലുമിതിന്‍കിഴക്കിലങ്കൈ എഴുനൂറപ്പാ
ചൊരിന്തൊള്‍കുമകുടയനിതുതാനപ്പാ
അപ്പനെകിഴവരുകെഅനൈവരുക്കും
അരുമയാനപൊന്‍വളയുമളന്താനങ്കെ
ഇമുവിയിന്‍കീഴ്ചിത്തര്പതലം താനെ
ഇരവി ഇങ്കെ വിളങ്കുമാനാലിരവങ്കാകും
കിട്ടമുട്ട ഒന്റാകെക്കിടന്തഞാലം
കെടുവാനപലചമൈകള്‍കെട്ടപിമ്പ്
പട്ടവലൈകടലാലെപലതായ് പോച്ചു.
(അകത്തിയര്‍ഞാലനൂര്‍)
ഇങ്ങനെ ഈ അര്‍ദ്ധഗോളം മുഴുക്കെ പരീക്ഷണം നടത്തി ചെല്ലുമ്പോള്‍ ശീതോഷ്ണങ്ങളുടെ മാത്രാനുഗുണ്യം മുതലായ ലക്ഷണങ്ങള്‍ തികഞ്ഞ സ്ഥലം സിംഹളദ്വീപിനു ഏതാണ്ടു പശ്ചിമഭാഗത്തു കിടന്നിരുന്ന ഒരു ഭൂവിഭാഗമെന്നു ബോധപ്പെടും.
കിട്ടമുട്ട ഒന്റാകക്കിടന്തഞാലം പട്ട അലൈകടലാലെ പലതായ് പോച്ച് (അ. ഞാ. നൂ.) എന്ന പ്രമാണപ്രകാരം ഈ സ്ഥലം ഇപ്പോള്‍ കടല്‍കേറി മറഞ്ഞുപോയിരിക്കുന്നു. ഭൂകമ്പം അഗ്നിപര്‍വതസ്ഫുടനം മുതലായ കാരണങ്ങള്‍ മൂലം സ്ഥലം ജലവും ജലം സ്ഥലവുമായിപ്പോകാറുണ്ടെന്നു അഭിനവശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്നു. അതുകൊണ്ട് അഗസ്ത്യമഹര്‍ഷിയുടെ അഭിപ്രായം സംഭാവ്യം തന്നെ എന്നു നമുക്ക് നിശ്ചയിക്കാം. സിംഹളദ്വീപിനരികിലുള്ള ഏതോ ഒരു സ്ഥലത്താണ് ജന്തുക്കള്‍ ആദ്യം ഉണ്ടായിത്തുടങ്ങിയതെന്നുള്ളതിനു ഇതുപോലെ വല്ല രേഖകളും ലഭിക്കുന്നുണ്ടോ എന്നു പര്യടനം ചെയ്യുമ്പോള്‍ അവിടെയും അഗസ്ത്യരുടെ വാക്യം പ്രത്യക്ഷപ്പെടുന്നു.
‘പല്ലുയിരൈ മുന്നീന്റെ മാതാവപ്പാ’
ഇതില്‍നിന്നു ഇന്നു പുത്തനായി കണ്ടുപിടിച്ചു എന്ന് ചിലര്‍ ഘോഷിക്കുന്നതോ അഭിമാനിക്കുന്നതോ ആയ ‘ചിത്തര്‍പതലാ’-സിദ്ധപുരി-നവ്യഭാഷയില്‍ പറഞ്ഞാല്‍ അമേരിക്ക തുടങ്ങിയ മറുഭാഗത്തുള്ള ഭാഗങ്ങള്‍ അഗസ്ത്യരുടെ ഭൂമിശാസ്ത്രജ്ഞാനപ്രകാശത്തില്‍ പണ്ടേക്കു പണ്ടേ തിളങ്ങിക്കൊണ്ടിരുന്നെന്ന് നാം കണ്ടുകഴിഞ്ഞു. ദിവ്യദൃഷ്ടി, അപ്രതിമമായ പ്രതിഭാശക്തി മുതലായ അനര്‍ഘസമ്പത്തുകളുടെ വിളനിലങ്ങളായി പ്രശോഭിച്ചിരുന്ന മഹാത്മാക്കളുടെ പരിശുദ്ധബുദ്ധിക്കു വിദൂരഗോചരമായിട്ട് ഏതൊരു വിഷയമാണ് അവശേഷിക്കുന്നത്! ഒന്നുംതന്നെ ഉണ്ടായിരിക്കയില്ല. ഈ തത്ത്വത്തെ വിസ്മരിക്കാതെ വിചാരിക്കുന്ന അവസരങ്ങളില്‍ മഹര്‍ഷിയുടെ അഭിപ്രായം ഒരിക്കലും നിരസിക്കാന്‍ സാധിക്കാത്തതും ഭദ്രമായി സ്വീകരിക്കത്തക്കതുമാണെന്നും വരുന്നു.
ആദ്യം പ്രാണിവര്‍ഗ്ഗത്തെ പ്രസവിച്ച മാതാവ് മേല്പറഞ്ഞ ഭൂമ്യംശംതന്നെ എന്നിരുന്നാലും അവിടെ ഒന്നാമതു മനുഷ്യരുണ്ടായതായി വിചാരിക്കാന്‍ പാടില്ല. ഇതരജീവികളോടു താരതമ്യപ്പെടുത്തുമ്പോള്‍ മനുഷ്യന്‍ ഉയര്‍ന്നതരം സംസ്‌കാരങ്ങള്‍ സിദ്ധിച്ചിട്ടുള്ള ഒരുത്തമ ജീവിയാണെന്നു വ്യക്തമാകും. ഒരു വിഷയത്തെ സംബന്ധിച്ച സംസ്‌കാരം അഥവാ വാസന ആ വിഷയത്തിന്റെ ആവര്‍ത്തനയുടെ ഫലമാണല്ലോ. അങ്ങനെയാകുമ്പോള്‍ അനന്തസംസ്‌കാരവിശേഷം കൊണ്ട് സിദ്ധിക്കുന്ന വിശിഷ്ടമായ മനുഷ്യത്വം അനേകം പരിണാമങ്ങളുടെ അവസാനത്തില്‍ ലഭിച്ചതായിരിക്കണം, അതെങ്ങിനെയായാലും ജന്തുസൃഷ്ടിക്കു സാധകമായ സ്ഥലത്തു മാത്രമേ മനുഷ്യരും ആദ്യം ഉണ്ടാകാനിടയുള്ളൂ എന്നു തീര്‍ച്ചയാണ്. ആദ്യം മനുഷ്യനുണ്ടാകുന്നിടത്തായിരിക്കും ആദ്യം ഭാഷ ഉണ്ടാകുന്നതും. അങ്ങനെ ഒന്നാമതായി ഉണ്ടാകുന്ന ഭാഷ ശേഷിച്ചവയുടെ മാതൃഭാഷയും ആയിരിക്കും. അപ്പോള്‍ സിംഹളം തുടങ്ങിയ ദക്ഷിണദേശങ്ങളില്‍ ഇന്നു പ്രചരിക്കുന്ന ഭാഷയുടെ പൂര്‍വ്വരൂപമായ പ്രാചീനദ്രാവിഡഭാഷയായിരുന്നു ലോകത്തിലെ ആദിഭാഷ എന്നും അതുതന്നെയാണ് മറ്റെല്ലാ ഭാഷകളുടെയും ജനയിത്രി എന്നും നമുക്ക് അനുമാനിക്കാം.
ഇങ്ങനെ ഈ വഴിയ്ക്കും പഴയ ദ്രാവിഡഭാഷതന്നെ സംസ്‌കൃതം മുതലായ പരിഷ്‌കൃതഭാഷകളുടെ മൂലഭാഷയെന്നു സിദ്ധിക്കുന്നു.
അടിക്കുറിപ്പുകള്‍
1. അ, ആ; ഇ, ഈ; ക, കാ; കി, കീ എന്നിങ്ങനെ അക്ഷരങ്ങള്‍ മാത്രമായി പറയുന്നതിനു പകരം തുടക്കക്കാര്‍ക്കു വേണ്ടി അ-ആന; ആ-ആവന്ന; ഇ-ഈയന്ന; ക-കാന; കാ-കാവന്ന; കി-കീന; കീ-കീയന്ന എന്നിങ്ങനെ പറഞ്ഞു പഠിപ്പിക്കാറുണ്ട് തമിഴില്‍.
2. പിന്നെ പിന്നെ എന്നര്‍ത്ഥം
3. ഇപ്പറഞ്ഞ അകത്തിയര്‍ശിവയോകം ഇനി പറയാന്‍ പോകുന്ന അകത്തിയര്‍ഞാലനൂല്‍ തുടങ്ങിയ പലകൃതികളും ഇപ്പോള്‍ കിട്ടാനുള്ളവയല്ല. തമിഴിലെ ഏറ്റവും പഴയ വ്യാകരണഗ്രന്ഥമായ അകത്തിയം ഇനിയും കണ്ടുകിട്ടിയിട്ടുള്ള കൃതിയല്ലല്ലോ. അകത്തിയത്തിന്റെ ഭാഗമോ അഗസ്ത്യമുനിയുടെ തന്നെ കിട്ടിയിട്ടില്ലാത്ത കൃതികളോ ആവാം ഇവ.
4. ശങ്കരാചാര്യര്‍, സൗന്ദര്യലഹരി, ശ്ലോകം-1
5.
യാമളതന്ത്രത്തില്‍ വിധിച്ചിട്ടുള്ളത്-
ബിന്ദുത്രികോണവസുകോണദശാരയുഗ്മ-
മന്വസ്രനാഗദളസംഗതഷോഡശാരം
വൃത്തത്രയം ച ധരണീസദനത്രയഞ്ച
ശ്രീചക്രരാജമുദിതം പരദേവതായാഃ
ചട്ടമ്പിസ്വാമികള്‍ ശ്രീചക്രപൂജാകല്പം എന്ന കൃതിയില്‍ ഇതു ഉദ്ധരിച്ച് വിശദീകരിച്ചിട്ടുണ്ട്. ‘ചട്ടമ്പിസ്വാമികള്‍: ജീവിതവും കൃതികളും’ എന്ന പുസ്തകത്തില്‍ പുറം 786 കാണുക.